''മിഥിലാ, നീയെൻെറ ക്ഷമയെ പരീക്ഷിക്കരുത്...., കഴിഞ്ഞ മൂന്നു ദിവസമായി..., എനിക്കു ......''
ആത്മസംഘർഷത്തിൻെറ വേലിയേറ്റത്തിൽ വാക്കുകൾ ശബ്ദമില്ലാതെ അവനിൽ നിന്നും ചിതറിതെറിച്ചു.
'' ഈ കൂടി കാഴ്ചയിൽ നിനക്കു തന്ന വാക്ക് ; ഈ നിമിഷം വരെ ഞാൻ പാലിച്ചിരിക്കുന്നു.''
ദൂരെ വെളളച്ചാട്ടത്തിൻെറ അലയൊലികൾ അവർക്കിടയിലെ മൗനത്തെ വാചാലമാക്കി.
കസേരയിൽ നിന്ന് എഴുന്നേറ്റ്... മൂന്നു ചാൽ നടന്ന ജീവൻ പതിയെ തിരിഞ്ഞു നോക്കി;
വിയർപ്പുപ്പൊടിഞ്ഞ മുന്തിരി ജ്യൂസ്സിനു പിറകിൽ -തലകുനിച്ചിരിക്കുന്ന;ഒരു വെയിൽ നാളമേറ്റാൽ ഉരുകിയൊലിക്കുന്ന നേർത്ത 'ഹിമശില ' പ്പോലവൾ.
മുടിയിഴകളിൽ കെെ കൊരുത്ത് 'ഡെസേർട്ട് ഹാർട്ട് ' ഹോട്ടലിൻെറ മൂന്നാം നിലയിലെ റസ്റ്റോറൻറ്റിനോട് ചേർന്ന ബാൽക്കണിയിൽ നിൽക്കവേ, തണുപ്പിൻെറ സൂചിമുനകൾ കണ്ണിലേക്ക് തറച്ചു കയറി.
നീലവിരിപ്പിട്ട ജാലകത്തിൻെറ മുന്നിലും, പിന്നിലും കാഴ്ച ഒരുപ്പോലെ...തണുത്തുറഞ്ഞ ഹിമശിലകൾ...!
വഴിത്തെറ്റിവന്ന കൗതുകം പ്പോലെ, 'ഡെസേർട്ട് ഹാർട്ട് ' അവൻെറ ചിന്തകളെ ചോദ്യം ചെയ്തു ? അഞ്ചു ദിവസം മുൻപ് - ''ഡെസേർട്ട് ഹാർട്ട് ഹോട്ടൽ, 3rd ഫ്ളോർ, 104-ാം നന്പർ റൂമെന്ന് '' - അവൾ വിളിച്ചു പറഞ്ഞപ്പോഴേ മനസ്സിൽ കയറി കൂടിയതാണീ ; കൗതുകം.!
പോക്കറ്റിൽ നിന്നും മീര ഭജൻ ഒഴുകിയെതിയപ്പോൾ - അവൻ , അവളെ നോക്കി,
അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്. അല്ലാ... അവൾക്ക് പ്രിയപ്പെട്ട ഒരേഒരു പാട്ട് ! കഴിഞ്ഞ ആറു വർഷമായി, എനിക്കും..!
ആവർത്തനം ഭ്രാന്തിൻെറ ചിതൽപ്പുറ്റുകൾ തീർക്കുന്നു.
''സർ, ഇനിയെന്തെങ്കിലും ?
'' ആഹാ.... ഒരു ബിയർ.''
മൂന്നു തവണ ലെെറ്ററിൽ വിരലുകൾ പരാജയപ്പെട്ടപ്പോൾ - ചുണ്ടിലെ സിഗരറ്റിൻെറ കഴുതൊടിച്ച് നിലത്തിട്ട് ചവിട്ടിയരച്ചു.
ചുറ്റിലും മലനിരകൾ, അവയെ കെട്ടിപ്പിടിച്ച് ഉരുകിയൊലിക്കുന്ന കാട്ടാറുകൾ.വന്യതയുടെ പച്ചപ്പ് ഇരുൾ മറതീർത്ത കൂടാരം... 'ഡെസേർട്ട് ഹാർട്ട്.'
മുടിയഴകളിൽ കെെ കൊരുത്ത് ഒരു പിൻപ്പറ്റൽ.
അവളിലേക്കുളള ദൂരം - കാലങ്ങൾക്കപ്പുറത്തേക്ക് ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുന്നവൻെറ നിസ്സംഗതയെ ശിഥിലമാക്കുന്ന പ്രാണൻെറ പിടയലാവുന്നു.
ഒഴിഞ്ഞ മൂന്നു ബിയർ കുപ്പികളും, വിയർപ്പുപ്പൊടിച്ച ഒരു മുന്തിരിജ്യൂസ്സും - അവർക്കിടയിലെ പരിഭവങ്ങൾക്ക് മൂക സാക്ഷികളായി.
''മിഥിലാ, ഒരു നിമിഷം, ഒരേ..... ഒരു നിമിഷം ''
'' നീയെൻെറ കണ്ണുകളിലേക്ക് നോക്ക് ''
'' നിൻെറ രതിമൂർച്ചയെ കവർന്നെടുത്ത - ഈ നീല കണ്ണുകളിൽ, നിനക്കു നഷ്ടമായ..... അല്ലാ, നമ്മുക്ക് നഷ്ടമായ ലഹരിയുടെ രാവുകൾ തിളങ്ങി നിൽക്കുന്നതു കാണാം.''
ഡിസംബറിൻെറ മരവിപ്പ് മാറ്റാൻ വീശിയടിച്ച കാറ്റിൽ; തണുത്തുറഞ്ഞ വെയിൽനാളങ്ങൾ -ആലിലകളെ വാരിപ്പുണരാനാവാതെ വിറച്ചു നിന്നു.
''സാർ, മൂന്നു മണിക്കാണ് ഫ്ളെെറ്റ് - രണ്ട് മണിയക്ക് ഇവിടുന്ന് പുറപ്പെടേണ്ടി വരും.''
'' ഉം ''
''ലഞ്ച് ''
'' പറയാം ''
സമയം പതിനൊന്നു മണിയാവുന്നു... അവശേഷിക്കുന്ന കുറഞ്ഞ സമയം - അവൻെറ ഹൃദയതാളം, ബലിക്കല്ലിൽ പിടയുന്ന അവസാന ശ്വാസത്തെ തൻെറ ഉയിരിനോട് ചേർത്തു പിടിക്കാൻ......വെന്പൽ കൊണ്ടു.
വീണ്ടുമൊരു പാഴ്ശ്രമം !
കഴുത്തൊടിഞ്ഞ് ചവിട്ടിയരക്കപ്പെട്ടു...!
''നിൻെറ, ചുണ്ടിനു മുകളിലെ കാക്കാപ്പുളളിയെ നുളളിനോവിക്കാെത....''
ഒരു നേർത്ത തേങ്ങലായ് മീരാ ഭജൻ ഒഴുകിയെത്തി.
''ജീവേട്ടാ, എന്താ ഫോണെടുക്കാതെ ?''
''അച്ഛനും, അമ്മയും എല്ലാം നാളെ വരുന്നുണ്ട്... അവരെല്ലാം ഒത്തിരി ഹാപ്പിയാ... മൂന്നു വർഷായില്ല്യേ , ഈ കാത്തിരിപ്പ്..!''
''ഇന്ന് വെെകീട്ട് എത്തില്ലേ, ജീവേട്ടാ? അയ്യോ.... വെക്കല്ലേ ! അച്ഛനെന്തോ പറയാനുണ്ടെന്ന്....!''
വീശിയടിച്ച കാറ്റിൽ, ആലിലകളെ പുണരാനാവാതെ - മഞ്ഞവെയിൽ വിറകൊണ്ടു.
''അവളുടെ ചുണ്ടിലും ഞാൻ കണ്ടത് , നിൻെറ കാക്കപ്പുളളികളായിരുന്നില്ലേ....മിഥിലാ ? ''
''മൂന്നു വർഷങ്ങൾ...കാലം... എനിക്കും, നിനക്കു മിടയിൽ..... നിനക്കൊരിക്കലും-എൻെറ വേദന തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലാ, മിഥിലാ; അന്നു നീ ഭ്രാന്തിൻെറ ചങ്ങല കിലുക്കമായിരുന്നു !''
വെളളച്ചാട്ടത്തിൻെറ നേർത്ത അലയൊലികൾ മൗനത്തിൻെറ ചുണ്ടുകളെ മുറിപ്പെടുത്തി.
'' സർ, കുടിക്കാനെന്തെങ്കിലും ?''
'' ഒരു ബിയർ കൂടി ''
ഒരു വിരല്തുന്പിനകലത്തിലും, ലഹരിയുടെ മഴമേഘ പെയ്ത്തിലും, ഒടുങ്ങാത്ത ദാഹത്തിൻെറ അലമാലകൾക്കിടയിൽ നിന്നും, വാക്കുകളെ പെറുക്കിയെടുക്കാൻ - അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.!
നിത്യ ചെെതന്യത്തിൻെറ ആത്മാവിൽ അഭയം തേടി അലയുന്നവൻെറ പ്രാർത്ഥനപ്പോലെ - അവൻ പറഞ്ഞു!
'' മിഥിലാ , ഞാൻ.... അറിഞ്ഞുകൊണ്ടല്ല, നിനക്കൊന്നും നഷ്ടമാവില്ല ; ഒന്നും....ഒന്നും.''
'' ഞാൻ വന്നില്ലേ ? ഇനിയും വരും.... നമ്മൾ കാണും..... സംസാരിക്കും.''
''ഞാൻ , നിൻേറതു മാത്രമാണെന്നു പറയുന്നില്ല, മിഥിലാ ..... പക്ഷേ ! നീ എന്നും എൻേറതു മാത്രമായിരിക്കണം.''
'' നിൻെറ വേദനയുടെ ആഴം, നിന്നിൽ എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ....! നീ എനിക്കു ചാർത്തിതന്ന 'സ്വാർത്ഥനും,ക്രൂരനുമെന്ന ' വിശേഷണങ്ങൾക്ക് തിളക്കം കൂട്ടുന്നു.''
''എനിക്കൊരിക്കലും ഒരു വേറിട്ട മനുഷ്യനാവാൻ കഴിയില്ലെന്നു നമ്മൾ തിരിച്ചറിഞ്ഞതാണ് !''
''എന്നിരുന്നാലും ''
''ഞാൻ പറിച്ചു നട്ട നിന്നെ പിഴുതെറിയാൻ എനിക്കാവില്ലെന്നു, നീ; അനുഭവിച്ചറിയുന്നതുമാണ്.''
''ഈ തണുത്തുറഞ്ഞ മൗനം - നോവിൻെറ കണ്ണാടിചില്ലുകൾ ആത്മാവിലേക്ക് കുത്തിയിറക്കുന്നു.''
''മിഥിലാ, നിന്നിലെ ഭ്രാന്തിൻെറ ചങ്ങല കിലുക്കത്തെയാണ്, ഞാൻ പ്രണയിച്ചത് !''
'' ആ 'കുഞ്ഞു മുകുളം ' വിരിഞ്ഞോട്ടെ....മിഥിലാ ''
'' നമ്മൾ കല്പാന്ത കാലത്തോളം കൃഷ്ണശിലയിൽ തീർത്ത 'രാധാമാധവം.'! മറിച്ചായിരുന്നുവെങ്കിൽ നമ്മുടെ 'പ്രണയം ' എന്നേ പുഴു വരിച്ചേനെ....!''
''നീ കാണുന്നില്ലേ ? നിൻെറ പ്രണയം കവർന്നെടുക്കാൻ, എൻെറ നീല കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന-കാക്കാപ്പുളളിയെ.....മിഥിലാ, ആവർത്തനത്തിൻെറ ലഹരി - തീ ജ്വാലകളായ് എന്നിൽ ആളിപടരുന്നു...!''
ഹിമശിലകൾക്കിടയിൽ മറഞ്ഞിരുന്ന മഞ്ഞവെയിൽ വീശിയടിച്ച കാറ്റിനോടൊപ്പം - ആലിലകളെ വാരിപ്പുണർന്നു.
പിണങ്ങി പിരിഞ്ഞ ഒരു കാട്ടരുവി അകലെ എന്തിനെന്നറിയാതെ തലത്തല്ലി കരയുന്നുണ്ടായിരുന്നു.....!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക