Slider

പ്രിയരേ...ഞാനിപ്പോള്‍ നടക്കുകയാണ്

0


പ്രിയരേ...ഞാനിപ്പോള്‍ നടക്കുകയാണ്....എന്തിനാണെന്നു അറിയണ്ടേ....എവിടേക്കാന്നു അറിയണ്ടേ...വേറെങ്ങോട്ടുമല്ല....റേഷന്‍ കട വരെ ......കടക്കാരനേയോ.....സൊറപറഞ്ഞിരിക്കുന്ന പെണ്ണുങ്ങളേയോ എനിക്ക് കാണണ്ട.......അല്ലേലും പെണ്‍ വര്‍ഗ്ഗത്തെ ഞാന്‍ വെറുക്കുന്നു...ലക്ഷ്യം മണ്ണെണ്ണ ആണു....
ഇന്നത് കൂടിയേ തീരൂ .......അമര്‍ഷം ചുണ്ടുകളില്‍ കടിച്ചൊതുക്കി...കത്തിക്കണം...ചാമ്പലാക്കണം.....
പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി .....
ആദ്യമേ പറയട്ടെ ഞാനൊരു ശുദ്ധ ഈശ്വര വിശ്വാസി ആണ്.....ഈശ്വരനു വേണ്ടി ദേഹവും ദേഹിയും ഉപേക്ഷിക്കാന്‍ തയ്യാറാണു...ഈ സമസ്ത പ്രപഞ്ചവും അതിലെ എല്ലാ തന്‍മാത്രകളേയും എന്തിനോവേണ്ടി ദൈവം സൃഷ്ടിച്ചിരിക്കുന്നു. അതിപ്പോള്‍ പരന്നു കിടന്നാലോ ഉരുണ്ടിരുന്നാലോ പ്രശ്നമില്ല. സൃഷ്ടിച്ചത് ഈശ്വരന്‍ തന്നെ.... മരിച്ചാല്‍ ഞാന്‍ നേരേ സ്വര്‍ഗ്ഗത്തിലേയ്ക്കാണു....നരകത്തീയില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ....കൈവിടാതെ തലമുടിപ്പാലം പിടിക്കാന്‍....ദിനവും ഞാന്‍ കുറിഞ്ഞിക്കും മക്കള്‍ക്കൂം പാലുവാങ്ങിക്കൊടുക്കുന്നുണ്ട്.... ഉണ്ട ചോറിന്റെ നന്ദി അവള്‍ക്കില്ലാതിരിക്കോ....
ജനിച്ചിട്ടിന്നേ വരെ ഒരു ദിവസം കൂടി ഭഗവാനെ ദര്‍ശിക്കാതിരുന്നിട്ടില്ല . ദിനവും വഴിപാടുകളും പൂജകളും കഴിപ്പിക്കുന്നു...ഭഗവാനാണ് എനിക്കെല്ലാം..മരണാനന്തരം ഞാന്‍ ആ സ്വര്‍ഗ്ഗലോകത്തിലേക്ക് ആനയിക്കപ്പെടും....
ഭക്തിസാന്ദ്രമായി ജീവിതം മുന്നോട്ട് പോയ്ക്കോണ്ടിരുന്നപ്പോള്‍..........
..... ഹോ.....എന്തിനു പറയുന്നു....ഞാനവളെ കണ്ടുമുട്ടി. പരാക്രമികളായ അസുരന്‍മാരേയും മഹാദേവനേയും എന്തിനു റിഷിശൃംഗനെ വരെ വഴി തെറ്റിച്ച (....അപ്പൊപ്പിന്നെ ഈയുള്ളവന്റെ കാര്യം പറയണ്ടല്ലോ) തരുണീകുടുംബത്തിലെ ഒരു മോഹിനി. എങ്ങനെ.? എവിടെവച്ച്? എന്നൊന്നും പറയുന്നില്ല. എന്തായാലും കണ്ടമാത്രയില്‍ മനസ്സു പറഞ്ഞു.. .....
''ഇതാണു നിന്റെ സതി... ഇതാണു നിന്റെ ലക്ഷ്മി...''
ഭഗവാനു തീറെഴുതിയിരുന്ന എന്റെ പാവന ഹൃദയത്തിന്റെ ഒരു മൂല ഞാനവള്‍ക്കായി അന്നു മാറ്റിവച്ചു. അമ്പലം കഴിഞ്ഞുള്ള വിലപ്പെട്ട സമയമെല്ലാം സദാ അവളെ അനുഗമിച്ചു.
പിന്നാലേ നടന്നിരുന്ന ഞാന്‍......പിന്നീട് അവളുടെ ഒപ്പം നടന്നു.....സ്നേഹിച്ചു നടന്നു.....പ്രണയിച്ചു നടന്നു...... മരണാനന്തരം....സ്വര്‍ഗ്ഗത്തില്‍ എന്റെ ഇടതുവശത്ത് അവളിരിക്കുന്നതുവരെ സ്വപ്നം കണ്ടു ഞാന്‍... അങ്ങനേ ഞാന്‍ ജീവിച്ചു പൊയ്കോണ്ടിരുന്നപ്പോള്‍.....
കഴിഞ്ഞ ഞായറാഴ്ച രാവിലെ...കൈയ്യില്‍ ചൂടുചായയുമായി ഞാന്‍ പത്രം നിവര്‍ത്തി. ആദ്യത്തെ രണ്ടു പേജുകള്‍ കഴിഞ്ഞു, മൂന്നാം പേജിലേക്കൊന്നു പാളി നോക്കിയതേയുള്ളൂ .....പരിചിത മുഖം...എന്റെ പ്രിയതമ ചിരിച്ചു നില്‍ക്കുന്നു...ആ വദനാംബുജത്തെ നോക്കി ഞാനും ചിരിച്ചു.....തലക്കെട്ട് വായിച്ചു......
''ജില്ലാ യുക്തിവാദി സംഘത്തിന്റെ പുതിയ സാരഥി കുമാരി.................''
ഭൂമി കുലുങ്ങി....പത്രം കിടന്ന ടേബിള്‍ ഉള്‍പ്പെടെ വീട് രണ്ടായി പിളര്‍ന്നു. താഴെ പാതാളം...നരകാഗ്നി എന്നെ വിഴുങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു...കസേരയില്‍ അളളിപ്പിടിച്ചു ഞാനങ്ങനെ ഇരുന്നു.
കൊടും പാതകമാണു ഞാന്‍ ചെയ്തത്... .
ഈശ്വരാ....
എടി ഭയങ്കരീ...
സ്വര്‍ഗ്ഗ വാതില്‍ അടയുന്നു.....
അവള്‍ക്കിപ്പോള്‍ പൂതനാ രൂപമാണ്...
എന്റെ മരണാനന്തര സ്വപ്നങ്ങളെ തകര്‍ക്കാന്‍ വന്നവള്‍.
ഈശ്വരന്‍ എന്നോടു ക്ഷമിക്കട്ടെ... ഒരു നിരീശ്വര രാക്ഷസിയാണതെന്നു ഞാനറിഞ്ഞിരുന്നില്ല. അന്നു പകല്‍ മുഴുവന്‍ പശ്ചാത്തപിച്ചും കണ്ണീരൊഴുക്കിയും പൂജാമുറിയില്‍ ചടഞ്ഞിരുന്നു..
പുതിയൊരു മനുഷ്യനായാണ് തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയത്...
യുക്തിവാദി രാക്ഷസിയെ മനസ്സില്‍ പലവട്ടമായി കശാപ്പ് ചെയ്തു കഴിഞ്ഞു....
തലമുടിപ്പാലത്തിന്റെ ഉറപ്പിനായി കുറിഞ്ഞിക്കും പിള്ളേര്‍ക്കും ഇന്നു മുതല്‍ ഓരോ ഗ്ലാസ് പാല്‍ അധികം കൊടുക്കണം. അങ്ങനെ പലതും ഓര്‍ത്തോര്‍ത്തു നടന്നു....
നടന്നു നടന്നു....ചെന്നു നിന്നു.....
അമ്പലമായോ....
ചുറ്റും നോക്കി......
ഭഗവതീീീീ.....
അതവളുടെ വീടിന്റെ മുന്‍വശമായിരുന്നു.....
ഞാനിതെന്താണ് കാണിക്കുന്നത്?.?....
ഭഗവാനേ ഇതെന്തൊരു പരീക്ഷണമാണ്.....
സ്വയം ശപിച്ചുകൊണ്ട് തിരിഞ്ഞു നടന്നതാണ്.....
അല്ല..നടക്കാന്‍ ശ്രമിച്ചപ്പോളാണ്.............
കാലുകള്‍ അനങ്ങുന്നില്ല.....ആരോ മുന്നോട്ടു വലിക്കുന്നു....മനസ്സും ശരീരവും പിന്തിരിഞ്ഞു നടക്കാന്‍ റെഡിയാണ്...
ഇതെന്തു പറ്റി കാലിന്......ശ്രമം തുടര്‍ന്ന ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി.....
പ്രശ്നം കാലുകള്‍ക്കല്ല......
.""""ചെരുപ്പിനാണ്""""""
പരിസരത്തെങ്ങും ആരുമില്ല....അവളുടെ വീടിന്റെ മുന്‍വശവും വിജനം.
അല്ലാാ...
ഈ ചെരുപ്പിതെന്തുദ്ദേശിച്ചാണ് ഭഗവാനേ...
എന്തായാലും അറിയണമല്ലോ... നടപ്പ് ചെരുപ്പിന്റെ ഇംഗിതത്തിനു വിട്ടു കൊടുത്തുകൊണ്ട് ഞാന്‍ പരിസരം നിരീക്ഷിച്ചു.
അത്ഭുതം....വീടിന്റെ പടിവാതില്‍ എത്തിയപ്പോള്‍ ചെരുപ്പ് ബലം വിട്ടു. ചെരുപ്പഴിച്ച് ഞാന്‍ വരാന്തയിലേയ്ക് കടന്നു നിന്നു.
ദൈവങ്ങളേ....
നിങ്ങളാരേലും വിശ്വസിക്കുമോ....
പറയുന്നത് സത്യമാണ്.....
അമ്പലങ്ങളിലേക്ക് എന്നെ കൊണ്ടു പോയിരുന്ന...
പ്രണയ സഞ്ചാരങ്ങള്‍ക്ക് തുണവന്ന....
സഹചാരിയായി കൂടെയുണ്ടായ എന്റെ ചെരുപ്പ് പ്രണയിക്കുന്നു....
തൊട്ടുരുമ്മുന്നു....
ഉമ്മ വയ്കുന്നു......
ആരെ.....???
ആ പൂതനയുടെ, തിളങ്ങുന്ന കല്ലുവച്ച യുക്തിവാദിച്ചെരുപ്പിനെ....
എങ്ങനെ സഹിക്കും ഞാനിത്.......
ആരെങ്കിലും കാണുന്നതിനു മുന്‍പ് അരിശത്തോടെ ചെരുപ്പിട്ട്.....തറയില്‍ ആഞ്ഞുചവിട്ടി ഞാന്‍ വീട്ടിലേക്കു പോന്നു
. ദൈവങ്ങള്‍ എന്നോടു പൊറുക്കും...
ഞാനിക്കാര്യത്തില്‍ നിരപരാധി ആണല്ലോ.....
അഹങ്കാരി....
യുക്തിവാദിയെ പ്രണയിക്കുന്നു....
കാണിച്ചു തരാം..
അന്നു ഞാന്‍ പുറത്തെങ്ങും പോയില്ല...
അനുഭവിക്കട്ടെ....
നിരീശ്വരവാദിയാണെന്ന് അറിഞ്ഞ നിമിഷം കളഞ്ഞില്ലേ ഞാന്‍...
എന്നെ കണ്ടു പഠിക്കണം.
എല്ലാമൊന്നു മറക്കാന്‍....രണ്ടു ദിവസം ഞാന്‍ വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. കാലുകളെ കണികാണിച്ചില്ല.
സ്വന്തം ചെരുപ്പിനോട് ഇത്രയും സ്നേഹം വേറാരാണു കാണിക്കുക
മൂന്നാം നാള്‍...ഞാനുയിര്‍ത്തെഴുന്നേറ്റു. പുതിയ മനസ്സോടെ ഭഗവാനെ കാണാന്‍ പോകുന്നു...ഞങ്ങള്‍.
...നാശം പിടിക്കാന്‍...
മുറ്റത്തേക്കിറങ്ങിയതേ ഓര്‍മ്മയുള്ളൂ ...
നടക്കുകയല്ല...
ഓടുകയായിരുന്നു ഞാന്‍.....
അല്ല ഓടിക്കുകയായിരുന്നു
അവളുടെ വീട്ടുപടിക്കല്‍ ഇളിഭ്യനായി തളര്‍ന്നിരുന്ന ഞാന്‍.,
പ്രണയാര്‍ദ്രനായി..
ദുഃഖാര്‍ത്തനായി
പെണ്‍ചെരുപ്പിനെ ഉറ്റുനോക്കുന്ന എന്റെ ചെരുപ്പിനെ അവജ്ഞയോടെ നോക്കി....
ചുരുക്കത്തില്‍ എന്റെ ചെരുപ്പും നിരീശ്വരവാദി ചെരുപ്പും അഗാധ പ്രണയത്തില്‍ ആണ്....
വിവാഹം വരെ നടന്നേക്കാം..
അങ്ങനെയായാല്‍ എന്റെ പരാജയം പൂര്‍ണമാകും. അടഞ്ഞ സ്വര്‍ഗ്ഗവാതില്‍ തുറക്കാന്‍ കുറിഞ്ഞിക്കും മക്കള്‍ക്കും ആയെന്നു വരില്ല...
എരിയുന്ന മനസ്സുമായി ഞാനങ്ങനെ വീട്ടിലിരിക്കുകയായിരുന്നു....
പുറത്തിറങ്ങാന്‍ പറ്റില്ല...
വിരഹം മുറ്റിനില്‍ക്കുന്ന ആണ്‍ചെരുപ്പുകള്‍ എന്റെ കാലുകളേയും വലിച്ചുകൊണ്ട് ആ പൂതനയുടെ വീട്ടിലേയ്ക്ക് ഓടി പൊയ്ക്കളയും.......
ഇന്നാണൊരു തീരുമാനത്തിലെത്തിയത്....
ദൈവത്തിനെതിരായ ഒന്നിനേയും വേണ്ട...
മരണാനന്തരം വിശാലമായ സ്വര്‍ഗ്ഗരാജ്ജ്യം എനിക്കായി കാത്തിരിക്കുന്നു...
നശിപ്പിക്കുക....
മണ്ണെണ്ണ ഒഴിച്ച് നിശബ്ദമായി..
ഞാനെന്റെ ചെരുപ്പിനേയും അവന്റെ പ്രണയത്തേയും കത്തിച്ച് ചാമ്പലാക്കുന്നു....
ഹാാ....മണ്ണെണ്ണ കിട്ടി........ചെരുപ്പില്ലാത്ത എന്നെ ആരും ശ്രദ്ധിച്ചില്ല....
വര്‍ദ്ധിച്ച വീര്യത്തോടെ വീടണഞ്ഞു. തീപ്പെട്ടി പോക്കറ്റിലുണ്ട്......നാശത്തിന്റെ അന്ത്യം കണ്ട് ....കുളിച്ചിടേ ഇനി വീട്ടില്‍ കയറുന്നുള്ളൂ .......
ഇടവഴി തിരിഞ്ഞ് മുറ്റത്തേക്ക് കയറി. ചെരുപ്പ് നോക്കി
'''''''' ദൈവംതമ്പുരാനേേേേ... .......
അത്...അത്....അതവിടെ ഇല്ല..!!! .'''''
നാശം...എവിടെ പോയത്??...
നെഞ്ചിനകത്ത് കതിനകള്‍ തെരുതെരെ പൊട്ടി...
സ്വര്‍ഗ്ഗ കവാടം ആഞ്ഞടയുന്നു....
.വീടിനു ചുറ്റും പരക്കം പാഞ്ഞു
....ഇല്ല....
ഇവിടെങ്ങും തന്നെയില്ല.
കാലുകള്‍ വലിച്ചുവച്ച് ഞാനോടി....
അവളുടെ വീട്ടിലേക്ക്. ആഞ്ഞു ചെന്നു ആകാംഷയോടെ എത്തി നോക്കി...
കണ്ടു...ആ ദ്രോഹിയെ....
യുക്തിവാദിയുടെ അടുത്ത്....
കെട്ടിപ്പിടിച്ചിരിക്കുന്നു....
പ്രണയമയം.
അന്തിച്ചു കുന്തം വിഴുങ്ങി നിന്ന എന്റെ മുന്നിലൂടെ..
അടുക്കള വശം ചുറ്റിവന്ന പാല്‍ക്കാരന്‍ പയ്യന്‍ ചിരിച്ചുകൊണ്ട് കടന്നു പോയി...
എന്റെ വീട്ടിലെ പാല്‍ക്കാരന്‍....അവളുടെ വീട്ടിലേയും.
പ്രതീക്ഷിച്ച പോലെ.....നടന്നു പോകുന്ന അവന്റെ കാലില്‍ ചെരുപ്പുണ്ടായിരുന്നില്ല.........

Dhanya Dathan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo