Slider

പ്രാർത്ഥന

1

പ്രശ്ന പരിഹാരത്തിനായി മനുഷ്യരാൽ കഴിയുന്നതൊക്കെ ചെയ്തിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാലാണ് അവസാന ശ്രമം എന്ന നിലയിൽ ദൈവത്തിൽ അഭയം പ്രാപിക്കാൻ അവർ തീരുമാനിച്ചത്. അങ്ങനെയാണ് ആ ഗ്രാമത്തിൽ നിന്നും അവർ 3 പേർ പ്രശസ്‌തമായ ഈ ക്ഷേത്ര നഗരിയിലേക്ക് എത്തുന്നത്. ഒരു പകൽ മുഴുവൻ നീണ്ട യാത്ര അവരെ ക്ഷീണിതരാക്കിയിരുന്നു. ഭാഗ്യവശാൽ ദേവസ്വം വക ലോഡ്ജിൽ തന്നെ അവർക്ക് റൂം കിട്ടി. കുറഞ്ഞ റേറ്റിൽ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു റൂം. ഇങ്ങനെ ഒരു ലോഡ്ജ് ഇവിടെ ഉള്ളതിനാൽ മറ്റ് ക്ഷേത്ര നഗരികളിൽ ഉള്ളത് പോലെ ലോഡ്ജുകാരുടെ പിടിച്ചുപറി ഇവിടില്ല. ഒന്നു കുളിച്ച ശേഷം ഉറങ്ങി നാളെ പുലർച്ചെ തന്നെ ക്ഷേത്രത്തിലേക്ക് പോകാം എന്നവർ തീരുമാനിച്ചു. കുളിക്കാനായി ഒരാൾ ബാത്റൂമിലേക്ക് കയറിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. പൈപ്പ് ചെറുതായി പൊട്ടിയിരിക്കുന്നതിനാൽ വെള്ളം ലീക്ക് ആയിക്കൊണ്ടിരിക്കുകയാണ്. ഒട്ടും സമയം പാഴാക്കാതെ റിസപ്ഷനിൽ ചെന്ന് വിവരം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അത് ശരിയാക്കാം എന്ന് റിസപ്ഷനിൽ നിന്ന് മറുപടി ലഭിചു. മണിക്കൂറുകൾ കടന്ന് പോയതല്ലാതെ പൈപ്പ് നന്നാക്കുവാൻ ആരും വരാതിരുന്നതിനാൽ അവർ വീണ്ടും റിസപ്‌ഷനിലെത്തി.
.
"ചേട്ടാ.. പൈപ്പ് നന്നാക്കാൻ ആരും വന്നില്ല"
.
"ആഹ്... അതൊക്കെ അവർ വന്നു നന്നാക്കിക്കോളും.. നിങ്ങൾ പൊയ്ക്കോ"
.
"ചേട്ടാ.. അങ്ങനെ പറഞ്ഞാൽ എങ്ങനാ. എത്ര വെള്ളമാ അതിലൂടെ വെറുതെ പോകുന്നത്"
.
"എടോ ഇതിപ്പോ രാത്രി ആയില്ലേ. അയാൾക്ക് ഇന്നിനി വരാൻ പറ്റൂല ന്നാ പറയുന്നേ. നാളെ രാവിലെ വന്നു ശരിയാക്കിക്കോളും."
.
"നാളെ രാവിലെ ആകുമ്പോഴേക്കും ഒരുപാട് വെള്ളം നഷ്ടപ്പെടും. ഇപ്പോൾ തന്നെ ആ ചോർച്ച അടക്കണം."
.
"ശ്ശെടാ.. ഇത് വല്യ പുലിവാലയല്ലോ... ആ വെള്ളം കൊറച്ചങ്ങട് പോകട്ടെ ന്ന്.. നിങ്ങടെ കയ്യീന്ന് വെള്ളത്തിന് പ്രത്യേകം പൈസയൊന്നും വാങ്ങിക്കുന്നില്ലല്ലോ... ഇതൊക്കെ ഇവിടെ സ്ഥിരം സംഭവിക്കുന്നതാ. ഇത്രേം കുറഞ്ഞ വാടകക്ക് റൂം കിട്ടുന്നില്ലേ.. അപ്പൊ പൈപ്പൊക്കെ കുറച് പഴയതായിരിക്കും. അത് അങ്ങിങ്ങായി ചെറുതായി പൊട്ടി എന്നൊക്കെ ഇരിക്കും.അല്ലെങ്കിലും കുറച്ചു വെള്ളം അങ്ങ് ഒഴുകി പോകുന്നതിന് ആർക്ക് എന്ത് നഷ്ടം. ."
.
ഒരു ദീർഘ നിശ്വാസത്തിന് ശേഷം അവരിലൊരാൾ അതിന് മറുപടി പറഞ്ഞു.
"ചേട്ടാ ... ഇവിടെ നിന്നും കുറെ ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞങ്ങളുടെ താമസം. രാവിലെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരികയാണെങ്കിൽ ഒരു കാഴ്ച കാണാം.. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം ജലം തേടി കിലോമീറ്ററുകൾ താണ്ടുന്ന കാഴ്ച. ഒരു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലും ജലം സുലഭമായിരുന്നു. പക്ഷെ ഒന്നുമോർക്കാതെയുള്ള ഉപയോഗം കാരണമാവാം ജലം ഞങ്ങളിൽ നിന്നകന്നു.. വരൾച്ചയായി.... ഞങ്ങളാൽ കഴിയുന്നതൊക്കെ ചെയ്തിട്ടും ജലം ഞങ്ങളിൽ നിന്നു അകന്നു തന്നെ നിന്നു. ഒടുവിൽ അവസാന ശ്രമമായി ദൈവത്തിൽ അഭയം പ്രാപിക്കാം എന്ന് കരുതിയാണ് ഞങ്ങൾ ഇവിടേക്ക് വന്നത്. ഈ രാത്രി മുഴുവൻ ആ പൈപ്പിൽ നിന്നും വെള്ളം പാഴായി പോകുന്നത് കണ്ടു കൊണ്ട് എങ്ങനെയാണ് ഞങ്ങൾ നാളെ ക്ഷേത്രത്തിൽ പോയി വെള്ളത്തിനായി പ്രാർത്ഥിക്കുന്നത്????"
.
ഒരല്പം കുറ്റബോധത്തോടെ റിസപ്‌ഷനിസ്റ് ഫോണിൽ പ്ലംബറുടെ നമ്പർ തിരഞ്ഞു.
ജലത്തിനായ് ഏറ്റവും നല്ലൊരു പ്രാർത്ഥന നടത്തിയ സംതൃപ്തിയോടെ അവർ റൂമിലേക്ക് മടങ്ങിപ്പോയി...
1
( Hide )
  1. ഈ പ്രാർത്ഥന എല്ലാവരുമേറ്റെടുത്തെങ്കിൽ...!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo