നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യമായി പ്രണയിച്ചവൾക്ക് അവസാനമായി



സേതുനാ...., 
പതിവിൽ വിപരീതമായി ഇന്നലെ നീയെന്റെ  സ്വപ്നങ്ങളിൽ കടന്നു വന്നില്ല. നിന്നെ കണ്ട ദിവസം മുതൽ ഇന്നലെക്ക് മുമ്പ് വരെയുള്ള എല്ലാ സ്വപ്നങ്ങളിലും നീയുണ്ടായിരുന്നല്ലോ. ഇന്നലെ എന്റെ സ്വപ്നങ്ങളിൽ നിറയെ അവളായിരുന്നു. ജസീല, ഭാര്യയാക്കാൻ ഞാൻ പോയി കണ്ട നാൽപതാമത്തെ പെണ്ണ്. നീയുമായിട്ട് ചില സാദൃശ്യങ്ങളുണ്ട് അവൾക്ക്. അത് കൊണ്ടാണല്ലോ എനിക്ക് ഇഷ്ടപ്പെട്ടതും.
കവിത എഴുത്ത്, വായന, മിതമായ പതിഞ്ഞ സംസാരം, മനോഹരമായ കവിളിൽ നുണക്കുഴി വിരിയുന്ന ആ ചിരി..... അങ്ങിനെ നിന്നെ ഓർമ്മിപ്പിക്കുന്ന ചില സാദൃശ്യങ്ങൾ.
നമ്മൾ കോളേജിൽ നിന്നും പിരിഞ്ഞ ഉടനെയാണ് ഉപ്പ വിദേശത്ത് നിന്നും ലീവിന് വന്നപ്പോൾ മരിച്ചത്.ഒരസുഖവുമില്ലായിരുന്നു. ഒരു ദിവസം പെട്ടെന്ന്.... ദീർഘകാലത്തെ പ്രവാസ ജീവിതം കൊണ്ട് ഉപ്പാക്ക് സമ്പാദ്യമായ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.
വിവാഹ പ്രായമടുത്തു വരുന്ന അനിയത്തി, വരുമാനമൊന്നുമില്ലാത്ത, ചെറുതെങ്കിലും കുടുംബത്തിന്റെ ചുമതല. ഉപ്പ മരിച്ച് ഒരു വർഷത്തിനുള്ളിൽ മാമൻ അയച്ചു തന്ന വിസയിൽ, ഉപ്പയുടെ അനുഭവം മുന്നിലുണ്ടായിരുന്നിട്ടും മറ്റ് വഴികളൊന്നും കാണാത്ത് ഞാനും വിദേശത്തേക്ക് പറന്നു.
എന്നാൽ ഉപ്പയുടെ അനുഭവത്തിൽ നിന്നും വിപരീതമായിരുന്നു എന്റേത്.അഞ്ച് വർഷം കൊണ്ട് പഴയ ചെറിയ ഒടിട്ട വീട് മാറ്റി നല്ല, അത്യാവശ്യം വലുത് തെന്നെയായ ഒരു കോൺക്രീറ്റ് വീട് പണിയാനും അനിയത്തിയെനല്ല നിലയിൽ വിവാഹം കഴിപ്പിച്ചയക്കാനും കുറച്ച് തെങ്ങിൻ തോപ്പ് വാങ്ങിക്കാനും ഒരു മാരുതി കാർ സ്വന്തമാക്കാനും ഒരു ചെറിയ ബാങ്ക് ബാലൻസ് ഒപ്പിച്ചെടുക്കാനും എനിക്ക് കഴിഞ്ഞു. ഗൾഫ് ജീവിതം അവസാനിപ്പിച്ചാണ് ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്.ഗൾഫിലേക്ക് പോകുന്നതിന് മുമ്പ് തന്നെ നിന്റെ വിവാഹം കഴിഞ്ഞ വിവരം ഒരു കൂട്ടുകാരനിൽ നിന്നും അറിഞ്ഞിരുന്നു. ഗൾഫിലേക്ക് പോകാൻ മടി തോന്നാതിരിക്കാൻ അതും ഒരു കാരണമായിരുന്നു.
ഗൾഫ് ജീവിതം എന്നിൽ പല മാറ്റങ്ങൾ വരുത്തിയെങ്കിലും നീ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹം തന്നെ വേണ്ടെന്ന് വെച്ചതായിരുന്നു. പക്ഷേ, ഉമ്മുടെ നിർബന്ധം, ഉ മ്മയുടെ അസുഖങ്ങൾ.... എല്ലാ ജീവിത സാഹചര്യങ്ങളും എന്നെ അതിന് പാകപ്പെടുത്തുകയായിരുന്നു.
ഓരോ പെണ്ണിനെയും കണ്ട് "എനിക്കിഷ്ടപ്പെട്ടില്ല..." എന്ന് ഉമ്മയോട് വന്നു പറയുമ്പോഴും ഉമ്മ എത്രമാത്രം വിഷമിക്കാറുണ്ടായിരുന്നു. ഇന്നലെ ജസീലയെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ എത്രയായിരുന്നു ഉമ്മയുടെ സന്തോഷം..
സേതൂനാ....., സത്യത്തിൽ നമ്മുടെ പേരുകൾ പോലും എത്രയോജിച്ചതായിരുന്നു. സേതൂനാ എന്നാൽ സ്വയം പ്രകാശിക്കുന്ന, സിറാജ് എന്നാൽ വിളക്ക്.സേതൂനാ സിറാജ് = സ്വയം പ്രകാശിക്കുന്ന വിളക്ക്. എന്നിട്ടും സേതൂനാ... നമ്മൾ...
എന്ത് കൊണ്ടായിരുന്നു എന്റെ പ്രണയം നിന്നോടു തുറന്നു പറയാൻ എനിക്കു കഴിയാതെ പോയത്? എന്തോ എനിക്കിന്നും ഉത്തരമില്ല. കൂടെ പഠിച്ച കാലത്ത് ഓരോ ദിവസവും കരുതുമായിരുന്നു ഇന്ന് പറയണം ഇന്ന് പറയണം എന്ന്. പക്ഷേ, നിന്നെ കാണുമ്പോൾ എന്റെ എല്ലാ ധൈര്യവും ചോർന്ന് പോകുമായിരുന്നു.
സേതൂനാ ...... നിനക്ക് വല്ലപ്പോഴും എന്നോടെന്തെങ്കിലും...... സേതൂനാ, നീ എന്നെ പ്രണയിച്ചിരുന്നുവോ...?
നമ്മളെഴുതിയ കവിതകളെ കുറിച്ച് പരസ്പരം കോളേജിന്റെ മുറ്റത്തെ വലിയ ആൽമരത്തറയിലിരുന്ന് നമ്മളെത്ര സംസാരിച്ചിട്ടുണ്ട്.ഞാൻ ഒരു കവിത എഴുതിയാൽ ആദ്യം നിന്നെയായിരുന്നല്ലോ കാണിക്കാറ്. തിരിച്ച് നീയും.
ജീവിത പ്രാരാബ്ദ്ധങ്ങളുമായി കുതിക്കേണ്ടി വന്നപ്പോൾ എനിക്കെന്റെ കവിതയെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. നീ ഇപ്പോഴും കവിതകൾ എഴുതാറുണ്ടോ...?അതോ, "ഭാരം ഇറക്കിപ്പോവുക " എന്ന് ബോർഡെഴുതി വെച്ച ജീവിതത്തിന്റെ പാലം കടക്കാൻ നീയും കവിതയെ ഉപേക്ഷിച്ചോ....?
സേതൂനാ... ഇപ്പോൾ എനിക്ക് തോന്നുന്നു ഞാൻ വീണ്ടും ആ പഴയ ഞാൻ ആവുകയാണോ എന്ന്, നഷ്ടപ്പെട്ടു പോയിരുന്ന എന്റെ വായന ഇന്നലെ തിരികെ വന്നു. ജസീലയെ കണ്ട് തിരികെ പോരുമ്പോൾ ഒരു ബുക്സ്റ്റാളിൽ കയറി കറച്ച് പുസ്തകങ്ങൾ വാങ്ങി, കവിതകളും കഥകളും
സേതൂനാ.... ഇപ്പോൾ എനിക്ക് ഒരു കവിത എഴുതുവാൻ തോനുന്നു...
സേതൂനാ...ഇത് ഞാൻ ആദ്യമായി പ്രണയിച്ചവൾക്കുള്ള ആദ്യത്തേയും അവസാനത്തേയും കുറിപ്പാണ്.ഈ കുറിപ്പ് ഒരിക്കലും നിന്റെ കൈയ്യിലെത്തില്ല. ഇത് നിനക്കു വേണ്ടി എഴുതിത്തീർത്ത് ഒരു മെഴുകുതിരി നാളത്തിൽ ഞാൻ കത്തിച്ചുകളയും..
സേതൂനാ..., തീർച്ച ഇനി ഞാൻ നിന്നെ സ്വപ്നം കാണില്ല. അന്വേഷിക്കില്ല. ഏതാൾ കൂട്ടത്തിലായാലും നിന്നെ കണ്ടാൽ ഞാൻ തിരിച്ചറിയും, പക്ഷേ.. കണ്ടില്ലെന്നു നടിച്ച് ഞാൻ നടന്നു മറയും.
പ്രിയപ്പെട്ട സേതൂനാ.....
എന്നോട് മാപ്പ്....
ഞാൻ ജസീലയെ സ്നേഹിച്ചു തുടങ്ങുകയാണ്...
""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot