നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ല നാട്



ഇമ്പമോടേയെൻ്റെ മുറ്റത്തായി
തുമ്പയൊന്നു ചിരിതൂകി നില്പൂ
ഇന്നലെയന്തിക്കും കണ്ടതില്ലാ
ഇന്നിപ്പോഴെങ്ങുന്നു വന്നുനീയും?
കുഞ്ഞരിപ്പല്ലു വിടർത്തിനില്ക്കും
തുമ്പതന്നന്തികത്തെത്തി ഞാനും
തൊട്ടുതലോടിയിരുന്ന നേരം
ഇത്തിരിക്കണ്ണുനീരൂറി കണ്ണിൽ.
പൊയ്പ്പോയൊരോണദിനങ്ങളുള്ളിൽ
തുമ്പപ്പൂപോലെ ചിരിച്ചുനില്പൂ
തുമ്പ ചിരിക്കാത്ത കാലമോർത്തു,
തുംഗമാം ദു:ഖം കുമിഞ്ഞു ഹൃത്തിൽ
പണ്ടു നീയെൻ്റെ തൊടിയിൽനീളേ
പൂത്തുചിരിച്ചങ്ങു നിന്നിരുന്നു
ഇന്നത്തെയീ ഓണനാളിൽപ്പോലും
നിൻ്റെ പാൽപ്പുഞ്ചിരി കാൺമതില്ലാ.
എങ്ങോട്ടു പോയ് നിങ്ങളീമണ്ണിൽനി-
ന്നെങ്ങോട്ടുപോയിമറഞ്ഞിരിപ്പൂ
മാബലിമന്നൻ്റെ നാട്ടിൽ വീണ്ടും
ഓണമുണ്ണാനായണയുകില്ലേ ?
പൊയ്പ്പോയ നാളുകളോർത്തു ഞാനാ -
ത്തുമ്പച്ചെടിതന്നടുത്തിരിക്കേ ,
തുമ്പമെല്ലാം തീർന്നു ,മാനസത്തിൽ
തുമ്പികൾ പാറിക്കളിച്ചിടുന്നു
ഓണമുണ്ണാനായി വീണ്ടുമിന്നെൻ
മുറ്റത്തണഞ്ഞൊരു കുഞ്ഞുതുമ്പേ!
ഓണപ്പാട്ടൊന്നു ഞാൻ പാടിത്തരാം
ഓണവട്ടങ്ങളൊരുക്കിത്തരാം
ഈ മണ്ണിൽനിന്നു പൊയ്പ്പോയിടല്ലേ,
മാബലിത്തമ്പുരാൻ വാണനാട്
ജാതിഭേദങ്ങൾ മറന്നു ഞങ്ങൾ
ഓണമൊരുക്കിടും നല്ല നാട്.
സുഷമ അമ്മങ്കോട്.
05- O9 -2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot