Slider

ഇന്നലെക്കണ്ട ഗ്രാമം

0


ശേഷാദ്രിപുരത്തെ
ഓല മേഞ്ഞ
കുടിലുകൾക്കെല്ലാം
ഒരേ മുഖമായിരുന്നു
ചാണകവും ചെളിയും
കൂട്ടിക്കുഴച്ച്
മെഴുകിയ തിണ്ണകളിൽ
ഉത്തരക്കൂട്ട് നോക്കി
കിടന്നുറങ്ങുമ്പോൾ,
ശീതീകരിച്ച കോൺക്രീറ്റ്
കാടുകളെയോർത്ത്
പരിഹാസത്തിന്റെ ചിരി.
പാതി പോലും നിറയാത്ത
വയറുകളെങ്കിലും,
നിഷ്കളങ്കത നിറഞ്ഞ
മനസ്സുകൾ..!
ഇളകിയ ഓടാമ്പലിനെ
കളിയാക്കാനെത്തുന്നത്
എണ്ണ വിളക്കിന്റെ
കരിമ്പുകയിൽ കണ്ണെഴുതി
കടന്നു പോകുന്ന
കാറ്റ് മാത്രം..
മഞ്ഞിൻ മറവിലേക്ക്
പാതി മയങ്ങിയാടിയകലുന്ന
റാന്തലുകൾക്കെന്നും
കാളവണ്ടിക്കരച്ചിലിന്റെ
താരാട്ടുകൾ..!
ദ്രവിച്ച വാതിൽപ്പാളിയുടെ
തേങ്ങലുമായെത്തുന്ന
പുലരിയിൽ,
കൽപ്പടവെണ്ണിയിറങ്ങിയ
പാദസരത്തിന്റെ
കുളിരേറ്റ-
പൊട്ടിച്ചിരികൾ !!
തോർത്തുമുണ്ടുടുത്ത
രൂപങ്ങൾ
വയലടുക്കുമ്പോൾ
തോളിലെ കലപ്പകൾ
ചെവിയിൽ പിറുപിറുക്കുന്നതോ,
മണ്ണിനെ
പ്രണയിച്ച കഥകൾ !
പത്തു മണിക്കഞ്ഞിക്ക്
ചമ്മന്തിയരച്ച്,
ഈരേഴൻ തോർത്തിനെ
മാറിലൊരു കൂട്ടായ്
പുതച്ച് -
പാടവരമ്പിലൂടെത്തുന്ന
ചോറ്റുപാത്രത്തിളക്കങ്ങൾ!
അന്തിക്കള്ളിന്റെ രുചിയിൽ
മറക്കാത്ത -
പലഹാരപ്പൊതിയ്ക്കായ്
ചാണകത്തിണ്ണയിൽ
അമ്മയ്ക്ക് കൂട്ടായ്
കുറുമ്പിന്റെ
കാത്തിരുപ്പുകൾ....!!!
ഗോപകുമാർ കൈമൾ
മുതുകുളം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo