നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈയാംപാറ്റകൾ



നിങ്ങൾക്കെന്നെ അറിയാമോ
ഞാൻ വാസന്തി
എന്റെ അമ്മയുടെ ചിന്നൂട്ടി....
ഞാൻ ജനിച്ച തീയതിയോ ദിവസമോ എനിക്കറിയില്ല.. വയസ്സു ചോദിച്ചാലും ഒരു പിടിയും ഇല്ല...
റെയിൽവേ പാളത്തിന്നടിയിലാണ് കുറെക്കാലമായി താമസം
വീടില്ലാ നാടില്ലാ നാടോടി.
എന്നാൽ എനിക്കെല്ലാവരും ഉണ്ടായിരുന്നു... കഴിഞ്ഞ ദിവസം നാടെങ്ങും ശിശുദിനം ആഘോഷിച്ചപ്പോൾ എന്നെപ്പോലുള്ള കുഞ്ഞുങ്ങളേക്കുറിച്ച് ആരെങ്കിലും ആലോചിച്ചോ...? എന്നാൽ അന്നു കുറച്ചാളുകൾ റെയിൽവേസ്റ്റേഷൻ പരിസരത്ത് വന്നു നല്ല ബിരിയാണി തന്നു..
കുറെക്കാലത്തിനു ശേഷം നല്ല ഭക്ഷണം കഴിച്ചു... അമ്മമാരുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങൾ ഐസ്ക്രീം നുണയുന്നു. എനിക്കും കൊതിയായി നാവിൽ വെള്ളമൂറുന്നു... കുറച്ചുനിലത്തു വീണിരുന്നെങ്കിൽ; ഒന്നു നക്കി നോക്കാമായിരുന്നു.. അമ്മയുടെ സ്നേഹപരിലാളനങ്ങളേറ്റു വാങ്ങി ആ കുഞ്ഞെന്നെ നോക്കിചിരിച്ചു.. എന്നിട്ട് ആ ഐസ്ക്രീം എന്റെ നേരെ നീട്ടി... ഞാൻ തലയാട്ടി വേണ്ടയെന്നു പറഞ്ഞു.. ബിരിയാണി തന്ന മാമൻമാർ പിന്നെ ഐസ്ക്രീം ആയി വരുന്നു.....
എനിക്കതിയായ സന്തോഷമായി. അപ്പോൾ ഇവരാണ് എല്ലാ കുട്ടികൾക്കും ഐസ്ക്രീം കൊടുത്തത്. ഞാൻ നന്ദിപൂർവ്വം മാമൻമാരുടെ മുഖത്തെയ്ക്കു നോക്കി...
എന്റെ അമ്മേ അച്ഛാ നിങ്ങൾ ഇപ്പോ എവിടെയാണ്. അമ്മേടെ ചിന്നുട്ടി ഇവിടെ കോഴിക്കൊട്ടുണ്ട്. എന്നാൽ അവരുടെ മുഖം എനിക്കു വ്യക്തമായി ഒാർക്കാൻ കഴിയുന്നില്ല. വർഷങ്ങൾക്കു മുൻപ് നല്ല തണുപ്പുള്ള ഒരു സ്ഥലത്ത് അവരുടെ കൂടെ യാത്ര പോയത് മാത്രം ഒാർമ്മയുണ്ട് ... പിന്നെയെല്ലാം അവ്യക്തമായ ചിത്രങ്ങളാണ്. കുറെ കുട്ടികളുടെ കൂടെ യാത്രകൾ.. പിന്നെ എത്തിപ്പെട്ടത് ഇപ്പോളത്തെ അച്ഛന്റെയും അമ്മയുടെയും അടുത്താണ്. അന്തിയോളം തെണ്ടൽ പിന്നെ രണ്ടുപേരും കുടിച്ചു ലെക്കു കെടും. എന്റെ വരുമാനം കുറഞ്ഞാൽ അത്താഴപ്പട്ടിണിയും തല്ലും ബാക്കി..
നേരം ഇരുട്ടാവാൻ കാത്തുനിൽക്കുന്ന കാമവെറിയൻമാരിൽ നിന്നും രക്ഷനേടാൻ പിന്നെ ഞാൻ ഒളിച്ചുകളി നടത്താറാണു പതിവ് . നന്നായി ഉറങ്ങിയ കാലം മറന്നു... പകൽ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിപ്പോകുന്നതിനാൽ ട്രെയിൻ വരുമ്പോൾ അതിൽ കയറി അടുത്ത സ്റ്റേഷൻ വരെയുള്ള പോക്കും പിച്ച തെണ്ടലും നടക്കുന്നതു ചുരുക്കം മാത്രം.. അതുകൊണ്ടു തന്നെ തല്ലും തെറിയും മിച്ചം... ഇന്നാളൊരു ദിവസം വിശക്കുന്നെന്നു പറഞ്ഞപ്പോൾ അമ്മയെന്നു പറയുന്ന ആ സ്ത്രീ എന്റെമേലേ ചൂടുവെള്ളം കോരി ഒഴിച്ചു... എന്റെ അമ്മ ആരുന്നേൽ എന്നെ മടിയിലിരുത്തി ചോറു വാരിതന്നെനെ.... ഈ കോഴിക്കോടു റെയിൽവേ സ്റ്റേഷൻ ആണെന്റെ വീട് .. ഒരോ ട്രെയിനുകളും കടന്നു പോകുമ്പോൾ ഞാനെന്റെ അമ്മയെ തിരയും... അമ്മയ്ക്കിപ്പോൾ എന്നെ കണ്ടാൽ മനസ്സിലാകുമോ.. ആവോ.. പോലീസു മാമൻമാരുമായി ഞാൻ വലിയ കൂട്ടാണു..
ഈ സ്റ്റേഷൻ പരിസരത്ത് താമസമാക്കിയതിനു ശേഷം ഞാൻ ഒരു പിടിച്ചു പറിയും നടത്തിയിട്ടില്ല. ഒരിക്കൽ കുറേ ദൂരെ ഒരു സ്ഥലത്ത് താമസിക്കുമ്പോൾ ഞാനൊരു പ്രായമായ സ്ത്രീയുടെ പഴ്സ് തട്ടിപ്പറിച്ചെടുത്തു. അവരുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയിൽ കേൾക്കാം. അതോടെ ഞാനാപ്പണി നിർത്തി. അതിനു ശിക്ഷയായി ആ സ്ത്രീ എന്റെ നീളമുള്ള മുടി വെട്ടിക്കളഞ്ഞു. നന്നായൊന്നു കുളിക്കാനും നല്ല വസ്ത്രമിടാനും എനിക്കുമാഗ്രഹമുണ്ട്....
നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലാണെന്റെ കുളി.. എന്നിട്ടെന്താ മുഷിഞ്ഞ വസ്ത്രം തന്നെ പിന്നെയും ഉടുക്കണം. എന്നാലുമെനിക്കു നല്ല നിറമുണ്ട് കേട്ടോ... എനിക്കെത്ര വയസായെന്നു ആരെങ്കിലുമൊന്നു പറഞ്ഞു തരുമോ.. ഞാനാരോടാണു ചോദിക്കുക. എന്റെ അപ്പനും അമ്മയും എന്നു പറയുന്നവർ കാക്കക്കറുപ്പാണ്. ഞാനവരുടെ മകൾ അല്ലായെന്നു ആർക്കും മനസ്സിൽ ആകും.. എന്നിട്ടും എന്നെ രക്ഷിക്കാൻ ആരും തന്നെ വന്നില്ല.. ഞാനിനി എത്രകാലം ഇവരുടെ കൂടെ ജീവിക്കും...
ഇന്നലെ വന്ന കൊമ്പൻ മീശക്കാരൻ ഞങ്ങളുടെ സംഘത്തിലുള്ള ആളുകളുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു... മീശ പിരിച്ച് അയാളെന്നെ നോക്കിയപ്പോൾ സംസാരം എന്നെക്കുറിച്ചാണെന്ന് എനിക്കു മനസ്സിലായി... പലരേയും പോലെ എന്റെ ജീവിതവും അവസാനിക്കുമോ... വിലപേശൽ തകൃതിയായി നടത്തി അയാൾ പോയി... അയാളുടെ അടുത്ത വരവു വരെ ഉള്ളൂ എന്റെ ജീവിതം.. കിങ്ങിണി എന്നുപേരുള്ള ഒരഞ്ചു വയസ്സുകാരിയെ.. ഈ അടുത്ത് ആരോ വന്നു കൊണ്ടു പോയി.. പോകുമ്പോൾ ആ കുഞ്ഞ് എന്നെ നോക്കി കുറെ കരഞ്ഞു . എനിക്കെന്തു ചെയ്യാനാകും. രാത്രികളിൽ പോലീസുകാരുടെ കൺവെട്ടത്ത് ഇരിക്കുന്നതിനാലാണ്... ഞാനിത്രയും കാലം ജീവനോടെ ഇരുന്നത്... പക്ഷേയെത്ര നാൾ ഇങ്ങനെ ഒളിച്ചിരിക്കും... എങ്ങോട്ടു പോയാലാണ് ഒരു രക്ഷ... ഒരു പിടിയും ഇല്ല. കിങ്ങിണിയെ വിറ്റ കാശുമായി അവർ നന്നായി ആഘോഷിച്ചു.. ആണും പെണ്ണും കുടിച്ചു മദിച്ചു. എനിക്കിപ്പോൾ അനിയനോ അനിയത്തിയോ ഒക്കെ കാണും... അവരെല്ലാം എത്ര സന്തോഷത്തൊടെ ആയിരിക്കും കഴിയുന്നത്.... എനിക്കവരെ കാണാൻ സാധിക്കുമോ... അവർക്കറിയുമോ ഇങ്ങനെ ഒരു സഹോദരി ഉണ്ടെന്നു... എന്റെ അച്ഛൻ നല്ല ഉയരം ഉള്ള മനുഷ്യനാണ്. അമ്മയ്ക്കു നല്ല നീളമുള്ള മുടിയും. മുഖം വ്യകതമായി ഒാർക്കാൻ കഴിയുന്നില്ല.. ആരെങ്കിലും എന്നെ രക്ഷിക്കുമോ. ഇവർ എന്നെ വലിയ വില കൊടുത്ത് വിൽക്കാനാണു കൊണ്ടു നടക്കുന്നത്. പല നാടോടി സംഘങ്ങളിലും എന്റെയത്ര വളർച്ചയുള്ള പെൺകുട്ടികളെ കാണാറേയില്ല... നേരം ഇരുട്ടി വെളുക്കുമ്പോളേയ്ക്കും പലരും അപ്രത്യക്ഷരാകുന്നു.. ഈ കുഞ്ഞുങ്ങൾ എവിടെയ്ക്കാണു പോകുന്നത്. എന്നെപ്പോലെ പലയിടത്തു നിന്നും തട്ടിക്കൊണ്ടുവന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന യാതനകൾ ചില്ലറയല്ല. കണ്ണിൽ ചോരയില്ലാത്ത ഇവർ ചെയ്യുന്ന ക്രൂരതകൾ അനുഭവിക്കാൻ ഞങ്ങൾ എന്തു തെറ്റാണു ചെയ്തത് .. ഇതൊക്കെ ഞാൻ എങ്ങെനെ എഴുതിയെന്നു നിങ്ങൾ കരുതുന്നുണ്ടാവും... എനിക്കു എഴുതാൻ അറിയില്ല... കുറച്ചൊക്കെ മലയാളം അക്ഷരങ്ങൾ വായിക്കും.... പറയാനും അറിയാം... ഇന്നൊരു ചേട്ടൻ എന്നെ കാണാൻ വന്നൂ... നാലാം പ്ലാറ്റ്ഫോമിലിരുന്ന് ആ ചേട്ടൻ എന്നോടു കുറേ സംസാരിച്ചു.. ഇതെല്ലാം ഞാൻ പറഞ്ഞ എന്റെ കഥയാണ്. ചേട്ടൻ പത്രത്തീന്നാണെന്നാ പറഞ്ഞത്. അച്ഛനേയും അമ്മയേയും കണ്ടുപിടിക്കാൻ സഹായിക്കാമെന്നു പറഞ്ഞു.. എന്റെ കുറേ പടവും എടുത്തു.... അടുത്ത ശിശുദിനത്തിനു മുമ്പെങ്കിലും എനിക്കു ചിന്നൂട്ടിന്നു വിളി കേൾക്കാൻ പറ്റുമോ... 

കഴിഞ്ഞ നവംബർ മാസത്തിൽ ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത എൻ്റെ കഥ

By: 
July Vogt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot