ഏതോ ഒരു സ്കൂള്‍ വേനലവധിക്കാലത്താണ് നീന്തല്‍ പഠിയ്ക്കണം എന്ന മോഹമുദിയ്ക്കുന്നത്.
നീന്തലിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന് അതിനുള്ള "ടൂള്‍" - (നെഞ്ചിനു കുറുകെ ഇടാന്‍, രണ്ടുണക്കത്തേങ്ങകള്‍ connected with കയര്‍) ഉണ്ടാക്കിത്തന്ന്‍ ചേട്ടന്‍മാരോടൊപ്പം വീടിനു പുറകിലായുള്ള അയല്‍പക്കത്തെ കുളത്തില്‍ പറഞ്ഞുവിടുന്നതെല്ലാം സ്വന്തം അമ്മായി തന്നാര്‍ന്നു.
അമ്മായീടെ മകനും കൂട്ടുകാരും ആണ് സഹനീന്തലുകാര്‍.
അവരെല്ലാം തന്നെ നല്ല എണ്ണം പറഞ്ഞ നീന്തലുകാര്‍ ആയതിനാലും പ്രായത്തില്‍ മുതിര്‍ന്നവരായതിനാലും, അങ്ങനെ ചെയ്യടാ, ഇങ്ങനെ ചെയ്യടാ എന്നൊക്കെ അവര്‍ പറയുന്നുണ്ടാര്‍ന്നു. ജന്മനാ ഉള്ള തല്ലുകൊള്ളിത്തരവും, പറഞ്ഞാ കേള്‍ക്കായ്കയും, ഇവരുടെ വാക്ക് കേട്ടെങ്ങാനും നന്നായിപ്പോയാലോ എന്നുള്ള പേടിയും കാരണം അവരോട് തര്‍ക്കുത്തരം പറഞ്ഞോണ്ട് സ്വയം നീന്തല്‍ പഠിയ്ക്കാന്‍ തുനിഞ്ഞു. ഒന്നു രണ്ടു ദിവസമൊക്കെ അവര് ക്ഷമിച്ചു. കാര്യമായ improvements ഒന്നും കാണാഞ്ഞ് ബലമായിത്തന്നെ പഠിപ്പിയ്ക്കാന്‍ അവരില്‍ ഒരാള്‍ പദ്ധതിയിട്ടു.
ഇതൊന്നും അറിയാതെ എന്നത്തെയും പോലെ പുച്ഛരസം വാരിവിതറിയ മുഖത്തോടെ, താന്‍ ചെയ്യുന്നത് മാത്രമാണ് യഥാര്‍ത്ഥനീന്തല്‍ എന്ന ഭാവത്തോടെ, അന്നും കുളത്തില്‍ "ടൂളു"മായിറങ്ങി. വ്യക്തമായ പ്ലാനോടെ നിന്നിരുന്ന ആ ചേട്ടന്‍ സ്നേഹത്തില്‍ വന്ന് തേങ്ങകളോടു കൂടിത്തന്നെ കുളത്തിനു നടുക്കിലേക്കാനയിച്ചുകൊണ്ട് "ജീവനില്‍ കൊതിയുണ്ടേല്‍ നീ തിരിച്ചു നീന്തിക്കോ, നിന്‍റെ തേങ്ങാക്കൊല ഞാന്‍ ഊരിമാറ്റാന്‍ പോവാ".... എന്നും പറഞ്ഞ് ടൂള്‍ അടര്‍ത്തിമാറ്റി. കവചം നഷ്ടപ്പെട്ടപ്പോള്‍ കരയാതിരിക്കാന്‍ കര്‍ണ്ണനൊന്നുമല്ലല്ലോ, ഒരാര്‍ത്തനാദത്തോടെ നീന്തിക്കയറുകയായിരുന്നു. എങ്ങനെയൊക്കെയോ കരയ്ക്കടിഞ്ഞ്, ഒന്ന്‍ തെറി വിളിച്ചേ ഉള്ളൂ, അതിനങ്ങേര് "നിന്നെ ഇന്നു ഞാന്‍ മുക്കിക്കൊല്ലും" എന്നും പറഞ്ഞോണ്ട് പാഞ്ഞടുത്തു. എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ "അയ്യോ കൊല്ലാന്‍ വരുന്നേ, കാലന്‍" എന്ന് കരഞ്ഞുവിളിച്ചോണ്ട് ഓടുകയായിരുന്നു. ഓട്ടം പ്രാണഭീതിയാല്‍ ആയിരുന്നതിനാല്‍ പാദം ശരിയ്ക്ക് പതിയാഞ്ഞത് കൊണ്ടാണോയെന്തോ, ഓടിയ വഴിയേ പിന്നെയും പുല്ലുകള്‍ മുളച്ചിരുന്നു.
നീന്തലോം കീ സിന്തഗി, ജോ കഭീ നഹീ ഖതം ഹോ ജാതീ ഹൈ !!! എന്ന്‍ വച്ചാല്‍ ഇപ്പോഴും നീന്തല്‍ അറിയില്ലാ ന്ന് തന്നെ....
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക