നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്ലോബ്..


ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നവോദയ കാലഘട്ടത്തിൽ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വല്യ വേദനകളും അനുഭവിച്ചിരുന്നത്..
അന്ന് അനുഭവിച്ച നൊമ്പരങ്ങൾ ഇന്ന് മനസ്സിൽ മന്ദഹാസം വിടർത്തുന്ന വെറും ഓർമപ്പൂക്കൾ മാത്രമാണ്..
നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്നും വന്ന എനിക്ക് അന്നും ഇന്നും ഏറ്റവും വിലപ്പെട്ടത് എന്റെ നാടും , ഞാൻ അനുഭവിച്ചും ആസ്വദിച്ചും കഴിഞ്ഞിരുന്ന ഗ്രാമ്യ ജീവിതവും ആണ്.
അമ്പലക്കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി കുളിച്ചു ആഘോഷത്തോടെ ആരംഭിചിരുന്ന ദിനങ്ങൾ , വഴക്കു കൂടിയും പരസ്പരം കളിയാക്കിയും ആഹ്ലാദത്തോടെ ചെയ്തിരുന്ന സ്‌കൂൾ യാത്രകൾ......
ഒടുവിൽ സ്‌കൂൾ വിട്ടു ഓടിവന്നു അമ്മയുടെ കണ്ണുവെട്ടിച്ചു കളിക്കാനായി പായുന്നതും സന്ധ്യാ നേർത്തു കൂടപ്പിറപ്പുകളോടൊന്നിച്ചു നാമം ചൊല്ലുന്നതും, അറുപതു വാട്‍സ് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ നടത്തിയിരുന്ന ഗൃഹപാഠം ചെയ്യലും ഒക്കെയായി തികച്ചും നാട്ടിൻപുറത്തിന്റെ ഹൃദയ സരണികളൂടെ യാത്രചെയ്തിരുന്ന എനിക്ക് പൊടുന്നനെ ഉള്ള നവോദയ ജീവിതം താങ്ങാൻ പ്രയാസമായിരുന്നു.
അടച്ചിട്ട മതിൽ കെട്ടിനുള്ളിലെ ഹോസ്റ്റൽ മുറികളുടെ തുറന്നിട്ട ജാലകത്തിലൂടെ നഷ്ടപ്പെട്ട ഗതകാലസ്മരണകളിൽ നെടുവീർപ്പിട്ടും ആരും കാണാതെ കണ്ണീർപൊഴിച്ചും ഒരുപാട് ദിനങ്ങൾ കടന്നു പോയി.......
6 ക്ലാസ്സിലെ ഓണക്കാലം....
സ്‌കൂളിലേക്ക് പ്രവേശനം കിട്ടിയിട്ട് രണ്ടാഴ്ച തികയുന്നേയുള്ളു.
വീടും നാടും കളിക്കൂട്ടുകാരെയും ഒക്കെ പിരിഞ്ഞതിന്റെ വിഷമം ഉള്ളിൽ തിങ്ങി നിൽക്കുകയാണ്.
അതുകൊണ്ടു തന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ വല്ലാതെ വീർപ്പുമുട്ടി....
ഇവിടുത്തെ ആദ്യ ഓണമാണ്.....
സ്‌കൂളിലെ ഓണാഘോഷങ്ങൾ കഴിഞ്ഞു മൂന്നു ദിവസത്തെ അവധിക്കായി വീട്ടിൽ പോകാൻ കുട്ടികൾ തയ്യാറെടുക്കുന്നു .........
പുത്തനുടുപ്പിട്ടു യാത്രക്കുള്ള ബാഗും ഒരുക്കി വീട്ടുകാരെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് സമയമേറെയായി.
അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് പലരും സന്തോഷത്തോടെ യാത്ര പറഞ്ഞു പോകുന്നുണ്ട്......
വീട്ടിൽ പോകുന്നതിന്റെ ആവേശത്തിൽ കുരുന്നുകളെല്ലാം ആഹ്ലാദത്തിമിർപ്പിലാണ്....
കാത്തിരിപ്പിനൊടുവിൽ കണ്ണുകളെ പുളകം കൊള്ളിച്ചുകൊണ്ടു പടികടന്നു വരുകയാണ് എന്റെ അമ്മയും വല്യമ്മയും....
ഓടിച്ചെന്നു കെട്ടിപ്പിടിച്ചു അമ്മയോട് ചേർന്ന് നിന്ന് ആഴ്ചകളോളം കിട്ടാതിരുന്ന മാതൃവാത്സല്യം ഞാൻ പിടിച്ചെടുക്കുകയായിരുന്നു.
എന്റെ നെറ്റിയിൽ തലോടി 'അമ്മ കുശലാന്വേഷണം തുടങ്ങീ..
"എന്ത് കഴിച്ചു " എന്നെ എന്നും ആദ്യം ചോദിക്കുള്ളു...
ലോകത്തു എല്ലാ അമ്മമാരും അങ്ങനെ തന്നെ ആവും അല്ലെ??
വല്യമ്മയാണ് ബാഗ് എടുത്തത്..
വല്യമ്മയുടെ മകനായ എന്റെ ജ്യേഷ്ഠ സഹോദരനും മുതിർന്ന ക്ലാസ്സിൽ അവിടെ പഠിക്കുന്നുണ്ട്....
ഞങ്ങൾ ഒരുമിച്ചു സ്‌കൂളിൽ നിന്നും തിരിച്ചു....
എന്തെന്നില്ലാത്ത ആഹ്ലാദ തിരതല്ലൽ....
ഉത്രാട ദിനമായതിനാൽ വഴികളിലാകെ തിക്കും തിരക്കുമാണ്.
ഓണത്തപ്പനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിൽ പരക്കം പായുകയാണ് ആളുകൾ.
കടകളൊക്കെ കമനീയമായി അലങ്കരിച്ചിരിക്കുന്നു.
ക്ലബ്ബ്കളുടെയും വായനശാലകളുടെയും ഓണാഘഷത്തിന്റെ കൊടിതോരണങ്ങൾ റോഡുകൾക്കൊക്കെ രാജവീഥിയുടെ പ്രൗഢി സമ്മാനിച്ചിരുന്നു.
ട്രന്സ്പോര്ട് ബസ്സിന്റെ ജാലകത്തിലൂടെ മിഴി ചിമ്മാതെ ഞാൻ ആസ്വദിക്കുകയാണീ കാഴ്ചകളൊക്കെയും.
വീട്ടിലെത്തിയതും ഞാനോടി ചെന്ന് ആദ്യം നോക്കിയത് സ്നേഹിച്ചു വളർത്തിയ കുട മുല്ലയും , മന്ദാരവും പിച്ചിയുമൊക്കെ അവിടെയുണ്ടോയെന്നാണ്.
ഞാൻ നട്ട കുരുന്നുകളൊക്കെ വളർന്നു വല്യ മിടുക്കന്മാരായി എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു..
പിരിഞ്ഞിട്ടു ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു എങ്കിലും അവരിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി....!!
എത്ര വേഗമാണ് ചെടികൾ വളരുന്നത്!!!!!
ഞാനില്ലാത്തതിന്റെ കുറവുകൊണ്ടാകാം എനിക്ക് കരുതിയ സ്നേഹമൊക്കെ 'അമ്മ ചെടികൾക്ക് പകുത്തു നൽകി അവരെയൊക്കെ താലോലിച്ചു നിർത്തിയത്.....
ഉമ്മറത്തിരുന്ന അമ്മൂമ്മയേയും കുഞ്ഞിപ്പെങ്ങളെയും പിന്നീടാണ് നോക്കിയത്..
ഞാൻ ശോഷിച്ചുപോയീന്നു അമ്മുമ്മ പരിതപിച്ചപ്പോൾ ഏട്ടനിട്ടിരിക്കുന്ന കുപ്പായത്തിന്റെ ഭംഗി നോക്കുവാരുന്നു ആ നാലാം ക്ലാസുകാരി...
അച്ഛൻ രണ്ടാൾക്കും വാങ്ങിയ കുപ്പായത്തിന്റെ വിശേഷങ്ങളാണ് പിന്നെ അവൾ പങ്കുവെച്ചത്....
പ്രായ ഭേദമന്യേ സാലകമാന സ്ത്രീജനങ്ങൾക്കും വസ്ത്രങ്ങളോട് ജൈവികമായ ഒരു അഭിനിവേശം ഉണ്ട്.....!!
അമ്മയുണ്ടാക്കിയ വിഭവങ്ങൾ വാരി വലിച്ചു കഴിക്കുമ്പോളും കരളിന്റെ കരളായ എന്റെ കളിക്കൂട്ടുകാരോടൊപ്പം എത്താനാരുന്നു മനസ്സ് വെമ്പൽകൊണ്ടിരുന്നത്...
അത് നന്നായറിയുന്ന അമ്മ കഴിക്കൽ നിർത്തി പാതിവഴിക്ക് ഓടിയ എന്നെ ആദ്യമായി ശകാരിക്കാതിരുന്നു...
പാടത്തു പട്ടം പറത്തൽ മത്സരം നടക്കുകയാണ്.
കൂവിയും കാറിയും എന്നെ വരവേറ്റ ഉറ്റതോഴർക്കിടയിൽ ഞാനൊരു മുന്തിരി വള്ളിപോലെ പടർന്നിറങ്ങി......
ആടിയും പാടിയും ആർത്തുവിളിച്ചും ഞങ്ങളവിടൊരു സ്വർഗം തീർത്തു.
വെയിൽ മങ്ങിത്തുടങ്ങി...
വെള്ളിമേഘങ്ങൾക്കിടയിൽ മഞ്ഞക്കതിരുകൾ പൊങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ നിന്നും ഒരു "കുടു..കുടു" ശബ്ദം എന്റെ ചെവിയിൽ
മുഴങ്ങി...ഒരു നിമിഷം ഞാൻ കാതുകൾ കൂർപ്പിച്ചു .....
നിത്യ പരിചിതമായ ആ ശബ്ദം എന്റെ ഹൃദത്തിൽ ഒരു സംഗീതമായി ലയിച്ചപ്പോൾ വിടർന്ന കണ്ണുകളുമായി ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പാഞ്ഞു......
വീതി കുറഞ്ഞ ആ നാട്ടുവഴിയിലൂടെ മന്ദം മന്ദം വരുകയാണൊരു സ്‌കൂട്ടർ...
അതിൽ കാരണവരായി പ്രൗഢിയിലിരിക്കുന്നു എന്റെ അച്ഛൻ..!!!
ഓടി ചെന്ന് വണ്ടിയുടെ മുന്ഭാഗത്തു അച്ഛനും ഹാൻഡിലിനും ഇടയിലായി കയറി നിന്നു.
കാലങ്ങളായി ഞാൻ മാത്രം അടക്കിവെച്ച എന്റെ മാത്രം സ്ഥലം.
ഇക്കണ്ട കാലമൊക്കെയും ഞാൻ യാത്ര ചെയ്തിരുന്നതും ലോകം കണ്ടാസ്വദിച്ചിരുന്നതും, അച്ഛന്റെ കഥകൾ കേട്ടതുമൊക്കെ സ്‌കൂട്ടറിന്റെ ഈ മുൻ ഭാഗത്തു നിന്നായിരുന്നു.
സ്‌കൂട്ടർ വീട്ടിലോട്ടു പോകുകയാണ്...
എന്റെ ദേഹത്തെ പൊടിയും മണ്ണും തട്ടിക്കളയുന്നതിനിടയിലും അച്ഛൻ എല്ലാ വിഷയങ്ങളും ചോദിച്ചുകൊണ്ടിരുന്നു....
അച്ഛന്റെ മുമ്പിൽ എന്നും അനുസരണയോടെ മാത്രമിരുന്നിട്ടുള്ള ഞാൻ ചോദിച്ചതിനൊക്കെ മറുപടി കൊടുത്തുകൊണ്ടുമിരുന്നു.
രണ്ടു ദിവസം വീട്ടിലാകെ ഉത്സവ പ്രതീതിയാരുന്നു.
ഞാനും പെങ്ങളും വല്യച്ഛന്റെ മക്കളും ഒരുമിച്ചു പൂക്കളമിട്ടു,ഊഞ്ഞാലാടി , തൂശനിലയിൽ സദ്യ കഴിച്ചു....
നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ അനുഭവ ചൂളയിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ കൊണ്ടാവാം കൂട്ടത്തിൽ ഏറ്റവും കൂടുതൽ മതിമറന്നാഘോഷിച്ചത് ഞാൻ തന്നെയായിരുന്നു .
മൂന്നാം ദിവസത്തെ സായാഹ്‌നം....
സ്വർഗ്ഗവാതിലിന്റെ പടിപ്പുരയിലാണ് ഞാൻ ..
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ എന്നെ പുറത്താക്കി ആ വാതിലുകൾ അടക്കപ്പെടുമെന്ന വിചാരം നെഞ്ചിൽ കനത്തുവരുന്നു.....
വീണ്ടും മതിൽക്കെട്ടിലെ പട്ടാളച്ചിട്ടയുടെയും വിഷാദത്തിന്റെയും നാളുകൾ....
പോക്കുവെയിലിൽ തലകുമ്പിട്ടു നിൽക്കുന്ന എന്റെ ചെടികളെ ഞാൻ ഒരിക്കൽ കൂടി താലോലിച്ചു.
എന്റെ വിരഹത്തിൽ വിഷാദിച്ചിരിക്കുകയാണവയൊക്കെ എന്ന തോന്നലിൽ ഹൃദയം നുറുങ്ങി..
പതിയെ പിന്തിരിഞ്ഞു ഞാനെന്റെ ഭവനത്തെ നോക്കി.....
ഞാനോടികളിച്ചിരുന്ന, അനിയത്തിയോടൊപ്പം തുമ്പിയെ പിടിച്ചു നടന്ന, കളിച്ചും കലഹിച്ചും ഞാൻ വിഹാരിച്ചിരുന്ന ഈ പൂങ്കാവനത്തിൽ ഞാൻ വെറുമൊരു വിരുന്നുകാരനായി മാറുകയാണോ ? ......
വെളുപ്പിനെ എഴുന്നേൽക്കണ്ടതിനാൽ നേരത്തെ കിടന്നു.
കൊണ്ടുപോകാനുള്ളതെല്ലാം 'അമ്മ തയ്യാറാക്കി വെച്ചുകഴിഞ്ഞു..
മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ ഞാൻ അതിലേക്കൊന്നും നോക്കിയില്ല....
ഉറക്കം വരാത്തതിനാൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ "ഉറങ്ങു ഉറങ്ങു "എന്ന് 'അമ്മ പലവട്ടം ഓര്മപ്പെടുത്തുന്നുണ്ടായിരുന്നു.
പാവം അമ്മയും എന്നെ പോലെ ഉറക്കം കിട്ടാതെ വിഷമിക്കുകയാവാം.......
കുളികഴിഞ്ഞു ഉടുപ്പിട്ടു യാത്രക്ക് തയ്യാറായിരിക്കുന്നു.
അച്ഛനാണ് കൂടെ വരുന്നത്.
അമ്മയും അമ്മൂമ്മയും ഉമ്മറത്ത് നിൽക്കുന്നു ,ഒപ്പം ഉറക്കച്ചവിടിൽ ഏട്ടനെയാത്രയാക്കാൻ നിൽക്കുന്ന കുഞ്ഞിപ്പെങ്ങളും..........
ആരോടും ഒന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറി.
ഒരുപക്ഷെ ഞാനെന്തെങ്കിലും പറയാൻ ശ്രമിച്ചാൽ വിങ്ങിപൊട്ടിനിൽക്കുന്ന എന്റെ മനസ്സിന്റെ പിടിവിട്ടുപോകുമെന്നറിയാമെന്നു മനസ്സിലായിട്ടാവാം ആരും എന്നോടൊന്നും ചോദിച്ചുമില്ല.
ഹോസ്റ്റലിലെ കട്ടിലിൽ ബാഗ് എടുത്തു വെച്ചിട്ടു അച്ഛൻ പുറത്തിറങ്ങി...
അതുവരെ താങ്ങായും തണലായും നിന്ന അച്ഛനും വിടപറയുകയാണെന്നു അറിഞ്ഞപ്പോൾ ആ ആറാംക്ലാസുകാരന്റെ സർവ ശക്തിയും നശിച്ചിരുന്നു ...
അച്ഛന്റെ അരയിൽ മുറുകെപ്പിടിച്ചു വയറിൽ മുഖം അമർത്തി കരഞ്ഞപ്പോൾ അച്ഛനും വിതുമ്പി പോയി.....
പിന്നിൽ നിന്നും ആരോ എന്നെ ചേർത്ത് പിടിക്കുന്നു...
തണുപ്പാർന്ന ആ കൈകൾ എന്റെ കണ്ണീരൊപ്പുകയാണ്‌....
ഹൗസ് മാസ്റ്റർ സുരേന്ദ്രൻ സാർ...!!!
അച്ഛനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചിട്ട് സാറെന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ട് പോയി....
സ്റ്റൂളിൽ ഇരുത്തി എന്റെ കണ്ണീർ വീണ്ടും തുടച്ചിട്ട് മേശപ്പുറത്തിരുന്ന ഒരു ചെറിയ ഗോളം എന്റെ കയ്യിൽ തന്നു.
കരയരുതെന്നും ഇവിടുള്ളവർ ഒക്കെ സജീവിന്റെ വീട്ടുകാരെ പോലെ തന്നെയാണെന്നും അച്ഛനോട് പറയാൻ ആഗ്രഹിക്കുന്നതൊക്കെ സാറിനോട് പറഞ്ഞോളണം എന്നും പറഞ്ഞെന്നെ ക്ലാസ്സിലേക്ക് എത്തിച്ചപ്പോൾ മനസ്സിലെ ഭാരം തെല്ലൊന്നു ശമിച്ചിരുന്നു.......
ചെറിയ പന്തുപോലിരുന്ന കട്ടികുറഞ്ഞ ആ സാധനം അച്ചുതണ്ടില്ലാത്ത ഒരു ഗ്ലോബായിരുന്നെന്നു എനിക്ക് പിന്നീട് മനസ്സിലായി....
അതെനിക്ക് തരുമ്പോൾ ഈ ലോകം ചെറുതാണെന്നും അകലെയെന്നു നമ്മൾ കരുതുന്നതൊക്കെ അടുത്താണെന്നും ഞാൻ മനസ്സിലാക്കണം എന്ന് സാറ് ചിന്തിച്ചിരുന്നോ എന്നിനിക്കറിയില്ല..
ഒരുപക്ഷെ എന്റെ കരച്ചിലടക്കാൻ സാർ താത്കാലികമായി കണ്ട ഉപാധി മാത്രമാവാം.......
പക്ഷെ പിന്നീട് ജീവിതം പഠിപ്പിച്ച ഏറ്റവും വല്യ തിരിച്ചറിവാരുന്നു ആ ഗ്ലോബ്...

By: 
Sajeev Surendran

1 comment:

  1. നന്നായിരിയ്ക്കുന്നീ ഓർമ്മച്ചെപ്പ് !

    (ഞാനൊരു മുന്തിരി വള്ളിപോലെ പടർന്നിറങ്ങി......)
    അല്ല; മുന്തിരിവള്ളിപോൽ അവർക്കിടയിലേയ്ക്കു പടർന്നു കയറുകയല്ലേ ചെയ്യുക?
    വേരുകൾ ഇറങ്ങിപോകുമ്പോൾ, വല്ലികൾ പടർന്നു കയറുകയാണെന്നോർക്കുമല്ലോ.

    ഇതുപോലുള്ള ഇത്തിരി കാര്യങ്ങൾ മാത്രമേ ഇവിടെ ശ്രദ്ധിയ്ക്കാനുള്ളു.
    മറ്റൊന്ന് (പ്രായ ഭേദമന്യേ “”“”സാലകമാന“”“”“ സ്ത്രീജനങ്ങൾക്കും വസ്ത്രങ്ങളോട് ജൈവികമായ ഒരു അഭിനിവേശം ഉണ്ട്.....!!)

    നന്ദിയുണ്ട്, വീണ്ടും കാണണം-ട്ടോ!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot