Slider

കാത്തിരിപ്പ്

0

By: 
Thottiyil Mangalam

സംഹാരതാണ്ഡവമാടി ഒഴുകിയെത്തിയ നിള. ഉദരം ജല സമൃദ്ധം. കവിഞ്ഞൊഴുകുന്നത് ഏറ്റുവാങ്ങിക്കൊണ്ട് പൊന്നാനിപ്പുഴയും ചാരെ. കാമുക സംഗമ വേദി. പതിവ് പോലെ ശൃംഗാരിയല്ല നിള, രൗദ്ര രൂപിണിയാണ് അവളിപ്പോൾ. ഇടവപ്പാതിയിലെ ഒരു അപരാഹ്ണം. ചാറ്റൽ മഴ. ഓളങ്ങളിൽ ആടിയുലഞ്ഞ് ഒരു കടത്തുതോണി നിളയിലൂടെ നീങ്ങി. അതിൽ നിറയെ കോളേജ് വിദ്യാർത്ഥികളും വേറെ ചിലരും. കുട ചൂടി നിൽപ്പാണ് തോണിയിലുള്ളവർ.
തെക്കു പടിഞ്ഞാറൻ കാലാവർഷക്കാറ്റു വീശി. പെട്ടെന്നൊരു മിന്നൽപ്പിണർ. മേഘ ഘർഷണത്താൽ പെരുമ്പറ മുഴങ്ങി. തുള്ളിക്കൊരു കുടം പേമാരി പെയ്തു. അലയാഴിയിൽ നിന്നൊരു കൂറ്റൻ തിരമാല വീശി വന്ന് ആ കടത്തു തോണിയിൽ പതിച്ചു. ദിഗന്തങ്ങൾ മുഴങ്ങുമാറ്‌ ഒരു കൂട്ടക്കരച്ചിലുയർന്നു. ആടിയാടി തോണി മറിഞ്ഞു.
പ്രാണരക്ഷാർത്ഥം കൈകാലിട്ടടിക്കുന്നവർ. മറിഞ്ഞു കിടക്കുന്ന തോണിയിൽ അള്ളിപ്പിടിച്ചു കിടന്നു പലരും. വെള്ളത്തിൽ ഒഴുകി നീങ്ങുന്ന തുറന്ന കുടകളും ചോറ്റുപാത്രങ്ങളും. മുങ്ങിത്താഴുന്നതിനിടയിൽ ഒരു പെൺകുട്ടിയുടെ രണ്ടു കൈകൾ ജലപ്പരപ്പിൽ നിന്ന് മുകളിലേക്കുയർന്നു വന്നു. അത് മെഹറുന്നിസയുടേതായിരുന്നു (മെഹറുന്നിസ - പൊന്നാനി MES കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി). ഒരു കൈ കൊണ്ട് തോണിയിൽ മുറുകെ പിടിച്ച് അവളുടെ കൂട്ടുകാരി സഫിയ മറുകൈ മെഹറുന്നിസക്ക് നേരെ നീട്ടി. അവളുടെ കയ്യിൽ പിടി കിട്ടാറായ നേരം. മരണ വെപ്രാളത്താൽ ഒരു വൃദ്ധ മെഹറുന്നിസയുടെ കാലിൽ പിടികൂടി. അതോടെ അവർ ഇരുവരും നിളയുടെ അഗാധതയിലേക്കു ആണ്ടുപോയി.
ഇരു കരകളിൽ നിന്നും തോണിക്കാരെത്തി ആളുകളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആറ്‌ പേരെ കാണാനില്ല. തിരച്ചിലിനൊടുവിൽ സന്ധ്യയോടെ നാല്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. മെഹറുന്നിസയെയും ആ വൃദ്ധയെയും മാത്രം കിട്ടിയില്ല. നിളയിലെ അടിയൊഴുക്കിൽ ആഴിയുടെ അടിത്തട്ടിലേക്ക് അവർ ഒഴുകിപ്പോയിരിക്കാം.
ഹൃദയം നുറുങ്ങും വേദനയോടെ അവളുടെ പിതാവ് നിത്യേന അഴിമുഖത്തെത്തി. കടൽ തീരത്ത് അങ്ങോളമിങ്ങോളം അയാൾ ഏറെ നേരം നടന്നു. മൂന്നാംപക്കം തിരമാലകൾ തിരികെ തരും എന്നാണല്ലോ ചൊല്ല്. ആ ചൊല്ലും പുലരപ്പെട്ടില്ല. ഓളപ്പരപ്പിൽ തത്തിക്കളിക്കുന്ന ഓരോ പൊങ്ങുതടികൾ കാണുമ്പോഴും "എന്റെ മോൾ, എന്റെ മോൾ " എന്ന് കണ്ഠമിടറിക്കൊണ്ട് ആ പിതാവ് പിറുപിറുത്തു.
വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ വഴിക്കണ്ണുമായി അവളുടെ ഉമ്മ കാത്തിരുന്നു. മോൾ മരിച്ചു പോയെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല. എവിടെയോ ജീവിച്ചിരിപ്പുണ്ട്, എന്നെങ്കിലും അവൾ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആ കുടുംബം കാത്തിരുന്നു.
അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ദാമ്പത്യ ജീവിതം സ്വപ്നം കണ്ടുതുടങ്ങിയ നാളുകളിലാണ് വിധിയുടെ കരാള ഹസ്തങ്ങൾ തിരമാലയുടെ രൂപത്തിൽ അവളെ അപഹരിച്ചത്‌.
അധ്യാപികയായ അവളുടെ ഉമ്മ പോകുന്നിടത്തെല്ലാം മോളെ തിരഞ്ഞു. അവളുടെ സമപ്രായക്കാരായ പെൺകുട്ടികളെ കാണുമ്പോൾ അവർ അടുത്തു ചെല്ലും. തന്റെ മോളല്ല എന്നറിയുമ്പോൾ അവരുടെ കണ്ണുകൾ നിറയും. അവരുടെ മുഖത്തെ ദൈന്യത ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും. മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആ കുടുംബം ആശിച്ചു.
നിള വറ്റി വരണ്ടു. നിളയുടെ രോദനം നീർച്ചാലുകളായി ഒഴുകി. അവളുടെ മാറിലെ മണൽ തരികൾ കദനച്ചൂടിൽ വെന്തുരുകി.
പിന്നെയും കൂലം കുത്തിയൊഴുകി നിള.
തേങ്ങും മനസ്സും ഈറൻ മിഴികളുമായി ആ ഉമ്മ കാത്തിരുന്നു – നീണ്ട 30 സംവത്സരങ്ങൾ. ആ മാതാവ് ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു. മരണ വേദനയേക്കാൾ പുത്രീവിയോഗം ആ മാതൃമനസ്സിനെ മഥിച്ചിരിക്കാം. അവസാനമായി അവരുടെ വരണ്ട ചുണ്ടുകൾ മൊഴിഞ്ഞിരിക്കാം "വന്നില്ലേ എന്റെ പൊന്നുമോൾ”എന്ന്. അടയാൻ നേരം അവരുടെ ആർദ്ര നയനങ്ങൾ പരതിയിരിക്കാം തന്റെ മോൾ അരികിലുണ്ടോയെന്ന്.
തീരാനൊമ്പരം പേറി മോളെ തേടിയലഞ്ഞ അവളുടെ പിതാവ് മൂന്ന് വർഷം മുമ്പേ അന്ത്യയാത്ര ചൊല്ലിയിരുന്നു.
അവളുടെ സഹോദരങ്ങളുടെ മനസ്സ് ഇന്നും മന്ത്രിക്കുന്നു “പൊന്നു പെങ്ങൾ മരിച്ചിട്ടില്ല, എവിടെയോ ജീവിച്ചിരിപ്പുണ്ട്, എന്നെങ്കിലും അവൾ തിരിച്ചു വരും" എന്ന്. 

……………….തൊട്ടിയിൽ…………
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo