നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓഫീസ് രചനകള്‍ - സെറ്റില്‍മെന്‍റെ , നമോസ്തുതേ.



ഒപ്പുവച്ചുവെന്നാദ്യനാള്‍
വച്ചതില്ലെന്നടുത്തനാള്‍
സ്റ്റേ കുടുക്കിയതെന്നൊരാള്‍
സ്റ്റേയോഴിഞ്ഞതായ് മറ്റൊരാള്‍
ഇത്ഥമവ്യക്തമായെഴും
സെറ്റില്‍മെന്‍റെ , നമോസ്തുതേ.....
.
.
ജോറിതെന്നൊരു യൂണിയന്‍
ബോറിതെന്നെതിര്‍ യൂണിയന്‍
ഏറെ നേട്ടങ്ങളെന്നതും
ഏറെയും കൊട്ടമെന്നതും
ഒക്കെ നിന്നെക്കുറിച്ചഹോ
സെറ്റില്‍മെന്‍റെ , നമോസ്തുതേ....
.
.
കണ്ടമാനമരിയറും
കൊണ്ടുപോയിടാമെന്നൊരാള്‍
തുണ്ടമായതുകിട്ടുകില്‍
എന്തുകാര്യം ? മറിച്ചൊരാള്‍!
സത്യമാരുണ്ട് കണ്ടവര്‍
സെറ്റില്‍മെന്‍റെ , നമോസ്തുതേ...
.
.
എന്നു ഞങ്ങളസ്വസ്ഥരായ്
മുഞ്ഞി വീര്‍പ്പിച്ചു നില്‍ക്കിലും
സ്ഥാപനത്തെയസ്വസ്ഥതാ--
മേഘപാളികള്‍ മൂടിലും
ഒക്കെ നീക്കിത്തുണയ്ക്കണേ
സെറ്റില്‍മെന്‍റെ, നമോസ്തുതേ....
.
.
അങ്ങനക്കും ചരടുകള്‍
ഞങ്ങള്‍ കേവലം പാവകള്‍
ആദ്യമാത്രയില്‍ ഹര്‍ഷവും
പിന്നെ വേദനാ വര്‍ഷവും
രക്ഷയായ് വന്നണയണേ
സെറ്റില്‍മെന്‍റെ, നമോസ്തുതേ.....
.
.[1984 ]
.
.
......ശമ്പളപരിഷ്കരണ ചര്‍ച്ച തുടങ്ങിയെന്നറിഞ്ഞാല്‍ ഞങ്ങള്‍ക്ക് പിന്നെ ഇരിക്കപ്പൊറുതിയില്ലാതാവും. പിന്നെ കിംവദന്തികളുടെയും നുറുങ്ങു വാര്‍ത്തകളുടെയും കുത്തൊഴുക്കായിരിയ്ക്കും. ഇതാ ശമ്പളക്കരാര്‍ ഒപ്പുവച്ചു എന്ന് അംഗീകൃത യൂണിയന്‍ അറിയിച്ചാല്‍ ഉടന്‍ മറുയൂണിയന്‍റെ നിഷേധം വരും, നുണയാണെന്ന്. സ്റ്റേ വാങ്ങിയെന്നും അതൊഴിപ്പിച്ചുവെന്നും അടുത്തടുത്ത ദിവസങ്ങളില്‍ ഓരോരുത്തരും അവകാശവാദമുന്നയിക്കും. അരിയേഴ്സ് [ കുടിശ്ശിഖ ] കുറെ ലഭിക്കും എന്ന് ഒരു യൂണിയന്‍ അഭിമാനിക്കുമ്പോള്‍, തവണകളായി അത് കിട്ടിയിട്ടെന്തുകാര്യം എന്ന് എതിര്‍യൂണിയന്‍ വിമര്‍ശിക്കും. ..കുറേക്കാലത്തേക്ക് ആകെയൊരു കൊഴമറി..!
.
ആ കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ ഈ വരികള്‍ക്ക് പ്രചോദനമായി. ഐ.ഒ.ബിയുടെ ആലപ്പുഴ ബ്രാഞ്ചില്‍ ജോലിചെയ്ത കാലത്ത് എഴുതിയയതാണിത്....അന്ന്, വി. ചന്ദ്രന്‍, രഘുനാഥ്, ചാക്കോ, രണ്ടു ഗോപകുമാരന്മാര്‍,സുദര്‍ശനന്‍,രാജശേഖരന്‍,ഹരി,മങ്കൊമ്പ് രാധാകൃഷ്ണന്‍ തുടങ്ങി എത്രയോ സഹപ്രവര്‍ത്തകര്‍...
.
ഇത് പിന്നീട് ''ബാങ്ക് വര്‍ക്കേഴ്സ് ഫോറ''ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1 comment:

  1. നമോസ്തുതേ!
    (ഇതിനു മുൻപൊരു ഓഫീസ് രചന വായിച്ചിട്ടുള്ളതു കൊണ്ട് പെട്ടെന്ന് മനസ്സിലായി) വളരെ മുൻപെ രചന നടത്തിയിട്ടുള്ളതാണെങ്കിലും ഞങ്ങൾക്കിപ്പഴാണു ഭാഗ്യമുണ്ടായത്. വൈകിയാണെങ്കിലും സന്തോഷവും നന്ദിയും അറിയിയ്ക്കാതിരിയ്ക്ക വയ്യ..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot