Slider

എന്റെയൊരു നിരീക്ഷണമാണ്...പ്രതികരിക്കാം

0



ഭാഷയും ഭാഷയുടെ ചരിത്രവും അതിന്റെ പാരമ്പര്യവും ഓരോ എഴുത്തുകാരന്റെയും 
ചവിട്ടിനിൽക്കുന്ന മണ്ണാണ് .മണ്ണില്ലെങ്കിൽ ഒന്നും നട്ടുനനക്കാൻ സാധ്യമല്ല .ഒന്നും സുന്ദരമാവുകയുമില്ല .പാരമ്പര്യത്തിന്റെ പ്രസാദാത്മകത ഭാഷയുടെ മുഖത്തു തെളിഞ്ഞുകാണുന്ന ആത്മവിശ്വാസമാണ്.
അതുകൊണ്ടു ആശാസ്യമായ,പുരോഗമനാത്മകമായ ,മാനവീകമായ സത്തകളെ പാരമ്പര്യത്തിൽ നിന്ന് ഉൾക്കൊള്ളാവുന്നതാണ് .അക്ഷരവും അതിലൂടെ വിരചിതമാകുന്ന സാഹിത്യരൂപങ്ങളും ഭാവുകമനസ്സുകളെ സ്വാധീനിക്കുന്നതാവണം .അതിന്റെ അളവ് എത്ര കൂടുന്നോ അത്രയും അതഭികാമ്യമാണ് .എന്തെങ്കിലും ഇക്കിളിയോ,അച്ഛനെ മക്കൾ ഭാവിയിൽ എങ്ങനെ ഓർക്കണമെന്നതോ,യുദ്ധഭൂമിയിൽ നിൽക്കുന്ന ഒരു സൈനികൻ തന്റെ കുടുംബത്തെ ഓർക്കുന്നതോ എന്തും 
സാഹിത്യത്തിന് വിഷയമാകാം .എന്നാൽ ഔചിത്യ ദീക്ഷ നിസ്സംശയം പാലിക്കുന്നയാൾ സാഹിത്യത്തെ 
യുക്തികൊണ്ട് ഭദ്രമാക്കുകയായിരിക്കും ചെയ്യുക.
ചിലർക്ക് പാരമ്പര്യമെന്നു കേൾക്കുംപോൾ അവരുടെമേൽ എന്തോ ദുർവിധി വന്നു ഭവിച്ചതുപോലെ ആണ്.അജ്ഞതയാണ് അതിനു കാരണം .
പതിറ്റാണ്ടുകളുടെ വായനാനുഭവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സംസ്കാരം എഴുത്തുകാരന്റെ 
ശക്തിയുടെ സ്രോതസ്സാണ് .ഒരു ദിവസം നേരംപുലർന്നു എഴുന്നേറ്റ് കയ്യിൽകിട്ടിയ രണ്ടു പത്രവും വായിച്ചിട്ടു കവിത എഴുതാനിറങ്ങുകയും അടുത്തുള്ള ഖാദിക്കടയിൽനിന്നു കോളറില്ലാത്ത 
ഒരു ജുബ്ബായും ഒരു ഖദർ സഞ്ചിയും തോളിൽതൂക്കി വടക്കുമുതൽ തെക്കുവരെയുള്ള 
എല്ലാ കവിയരങ്ങുകളിലും ഞാൻ വൈലോപ്പിള്ളിയുടെ കൂടെ ഇരിക്കുന്ന ചിത്രമാണിത് എന്നു നാഴികക്ക് നാല്പതുവട്ടംവിളിച്ചുപറയുന്ന , ഫേസ്ബുക്കിൽ ഒരു മിനിമം പരിപാടിയുടെ കുഴലൂതുത്തുകാരായി പ്രത്യക്ഷപ്പെടുന്ന ആത്മപ്രശംസകരായ കപട എഴുത്തുകാരുടെ രക്തമയമില്ലാത്ത,അറക്കപ്പൊടിപോലെ ചിതറിക്കിടക്കുന്ന രചനകൾ അവരുടെ മാത്രം അവകാശവും ആ ഗ്രഹവുമായി ഇരുന്നു കൊള്ളട്ടെ .തൊണ്ടക്ക് വഴക്കമുള്ളവർ എന്തെഴുതിയാലും മതി ചൊല്ലാൻ വിദഗ്ധരായിരിക്കണം എന്ന് നിഷ്കർഷയുള്ള വിദ്വൽ സംഘങ്ങളാണ് നമ്മുടെ നാട്ടിലെ സാഹിത്യ,കവിതാ സദസ്സുകളിലെ കങ്കാണിമാർ .ഇവർക്ക് ഒരു കൈമടക്കുകൊടുത്താൽ വളരെ വേഗം ജനപ്രീതി നേടുകയും ചെയ്യാം .പക്ഷേ ഇതൊന്നും ഭാഷക്കും സാഹിത്യത്തിനും ചേർന്നതല്ലെന്നേ പറയാനുള്ളു .എന്റെയൊരു നിരീക്ഷണമാണ് ഇത് ,പ്രതികരിക്കാം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo