Slider

പെയ്തൊഴിയാതെ

0

പുറത്തു മഴ പെയ്യുന്ന ശബ്ദം കേൾക്കാം.
തണുപ്പ് , ഒരു കൊരിത്തരിപ്പുണ്ടാക്കി ദേഹം മുഴുവൻ കെട്ടിവരിയുന്നുണ്ട്.
നേരം ഇനിയും വെളുത്തിട്ടില്ലെന്നു തോന്നുന്നു.
ഞാൻ പുതപ്പെടുത്തു തലവഴി ഒന്നുകൂടി മൂടിപ്പുതച്ചു. കാക്കകളുടെയും മറ്റുപക്ഷികളുടെയും ശബ്ദങ്ങൾ അടുത്തുവരികയും അകലുകയും ചെയ്യുന്നു. സുബഹിനിസ്ക്കാരത്തിനു ശേഷം , ഉമ്മ എന്‍റെ അടുത്തിരുന്നു ഖുർആൻ പാരായണംചെയ്യുന്നത് കേൾക്കാം.
ശ്രുതി മധുരമല്ലെങ്കിലും ഉമ്മ, ഖുർആൻ ഓതുന്നത്‌ കേൾക്കാൻ ഒരു സുഖമാണ്.
സ്ഥിരമായി എന്‍റെ പായയുടെ അടുത്തു നിസ്ക്കാരപ്പായ ഇട്ടാണ് ഉമ്മ
നിസ്ക്കരിക്കുക. അതിനു ശേഷം കുറെ നേരം ഖുർആൻ പാരായണം ചെയ്യും.
'' കുട്ട്യേ , കെടന്നത് മതി.. എണീറ്റ്‌ നിസ്ക്കരിച്ചോ...'' ഉമ്മ ഓർമ്മപ്പെടുത്തി.
'' കൊറച്ചു കേയിഞ്ഞിട്ടു എണീക്കാ.. മ്മാ '' ഞാൻ മടിയോടെ ഒന്ന് ചിണുങ്ങി.
''നേരം കൊറേ ആയി മോനെ... സുബഹി 'കളാ' ആക്കണ്ടാ'' - സുബഹി നിസ്ക്കാരംഅതിന്‍റെ സമയത്ത് തന്നെ ചെയ്യാൻ ഉമ്മ ഒന്ന് കൂടി ഓർമ്മപ്പെടുത്തി.
'ഹും..' ഞാൻ മൂളിക്കൊണ്ട് പുതപ്പ് ഒന്ന് കൂടി വലിച്ചിട്ടു.
''ഈ ചെക്കനെ എത്ര പ്രാവശ്യം വിളിക്കണം .. ഇന്ന് മദ്രസ ഉള്ളതല്ലേ ..''
ഉമ്മയുടെ വാക്കുകളിൽ കടുപ്പം ഏറി.
'വേഗം എണീറ്റ്‌ റെഡി ആയിട്ട് വായോ.. ഉമ്മ ചായ ഉണ്ടാക്കിത്തരാം ''
ഉമ്മയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം ഞാൻ
വേർത്തിരിച്ചറിയുന്നുണ്ടായിരുന്നു.
ഇന്ന് ഞാറാഴ്ച്ചയാണ് , സ്കൂൾ ഇല്ലെങ്കിലും മദ്രസ ഉണ്ട്.
അനീഷും പ്രജേഷും പ്രശാന്തും ബാബുവും എല്ലാവരും ഇപ്പോൾ സുഖായികിടന്നുറങ്ങുന്നുണ്ടാകും.
ഞാൻ മാത്രം നേരത്തെ എണീറ്റ്‌ മദ്രസയിൽ പോകണം.
ശ്ശൊ , എന്തൊരു മടിയാ എണീക്കാൻ. ഈ ഉസ്താദിനു വെള്ളിയാഴ്ച്ചയിലെ ലീവ്ഞായറാഴ്ച തന്നാലെന്താ..
ഞാൻ ഒന്ന് തിരഞ്ഞു കിടന്നു.
പടിഞ്ഞാറു ഭാഗത്തെ തൊഴുത്തിൽ നിന്ന് പശു ഒന്ന് കരഞ്ഞു - പാല്കറക്കാൻ സമയമായാൽ അവൾ അങ്ങിനെയാ.
'' ദാ വരുന്നെടീ ... നേരായാൽ പിന്നെ ഈ പയ്യ് ഒരു സമാദാനോം തരൂല... '' ഉമ്മ ഓതുന്നതിനിടയിൽ പശുവിനെ ശാസിച്ചു.
പറഞ്ഞത് മനസ്സിലായിട്ടെന്നവണ്ണം പശു പിന്നെ മിണ്ടിയില്ല.
മുറ്റത്തെ ആട്ടിൻ കൂട്ടിൽ നിന്ന് ആടിന്‍റെയും ചെറിയ ആട്ടിൻ കുട്ടികളുടെയും കരച്ചിൽ കേൾക്കുന്നുണ്ട്. ഉപ്പ ചിലപ്പോൾ ആടിന്‍റെ അടുത്തു ചെന്നിട്ടുണ്ടാകും. ഉപ്പാക്ക് , നാൽക്കാലികൾ എന്ന് വെച്ചാൽ ജീവനാണ്.
ഇടയ്ക്ക് ഞാൻ പുതപ്പു ഉയർത്തി മുകളിലേക്ക് നോക്കി. ഓടുമേഞ്ഞ മേൽക്കൂരയുടെ പട്ടികകൾക്കിടയിലൂടെ വെളിച്ചം പതുക്കെ ഉള്ളിലേക്ക് വരുന്നുണ്ട്.
മഴ, എന്തൊക്കെയോ പിറുപിറുക്കുന്നത് പോലെ തോന്നി.
ചില്ലകളിൽ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികളുടെ ശബ്ദം വളരെ വ്യക്തമായിതന്നെ കേൾക്കാം..
' അലി എണീറ്റില്ലേ ഇതുവരെ ?''- ഉപ്പയുടെ ശബ്ദം ഉയർന്നു കേൾക്കാം.
ഇനി രക്ഷയില്ല , ഞാൻ പായയിൽ നിന്ന് ചാടി എണീറ്റു.
'എന്ത് പറ്റിയെടാ ? '
ഞാൻ കണ്ണ് തുറന്നു നോക്കി, മുന്നിൽ ഫഹദ്.
ഞാൻ ചുറ്റിലും നോക്കി.. ഉമ്മയില്ല, ഉപ്പയില്ല , മഴയുടെ കിന്നാരമില്ല,
പക്ഷികളുടെയും നാൽക്കാലികളുടെയും ശബ്ദങ്ങളില്ല.
വീടല്ലിത് .. സലാലയിലെഎന്‍റെ റൂം,
പഴയ ഏസിയുടെ മുരൾച്ച അൽപ്പം ഉയർന്നു കേൾക്കാം...
കണ്ടത് സ്വപ്നമാണെന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു.
' ഓൻ വല്ല സ്വപ്നോം കണ്ടിട്ടുണ്ടാവും ' -ടൈലെർ അശ്റഫിന്‍റെ വക കമെന്റ്.
കാര്യമറിയാതെ ആദ്യം പകച്ചു നിന്ന അലിമോൻ , പിന്നെ ഉറക്കെ ചിരിക്കാൻ തുടങ്ങി...
ആ ചിരി, ഫഹദിലേക്കും അശ്റഫിലേക്കും പടർന്നു..
അവസാനം അതിൽ ഞാനുമൊരു ശബ്ദമായ് മാറുമ്പോൾ എന്‍റെ മനസ്സിലെ മഴ അപ്പോഴും പെയ്തൊഴിയാതെ നിന്നിരുന്നു .
-അലി പൊന്നാനി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo