Showing posts with label DeepuNarayanan. Show all posts
Showing posts with label DeepuNarayanan. Show all posts

മഴക്കാലം

Image may contain: 1 person

മഴക്കാലം തുടങ്ങി.സദാസമയം വിതുമ്പി നിൽക്കുന്ന മാനം ആ൪ത്തലച്ച് മഴയായ് കണ്ണീരൊഴുക്കി.ഇടവ മാസത്തെ നനഞ്ഞ കുളിരിൽ നഷ്ടപ്രതാപത്തെ ഓ൪മിപ്പിക്കുന്ന വിധത്തിൽ മേപ്രത്ത് തറവാട് ശേഷിപ്പുമായി ഉയ൪ന്നു നിന്നു.
മങ്ങാട്ടുകര കവലയിൽ നിന്നു ഏകദേശം അര കിലോമീറ്റ൪ ഉള്ളൂ മേപ്രത്ത് തറവാട്ടിലേക്ക്. അവിടെ എെശ്വര്യത്തിൻറെ രൂപമായ ഭാനുമതിയമ്മ.എല്ലാവരോടും കരുണയും സ്നേഹവുമുള്ള അമ്മ. മുൺ്ടും നേര്യതും ചുറ്റി നെറ്റിയിൽ വട്ടപ്പൊട്ടും ചന്ദനക്കുറിയും ഉള്ള ഒരു തറവാട്ടമ്മ. ഭ൪ത്താവ് പിഷാരടി മാഷ് മങ്ങാട്ടുകര സ്കൂളിലെ ഹെഡ്മാഷായിരുന്നു.ഏഴ് വ൪ഷം മുമ്പ് മരിച്ചു.മകൾ ജയശ്രി വിവാഹം കഴിഞ്ഞ് വിദേശത്താണ്.പിന്നെയൊരു മകനുണ്ട്. ആ ഗ്രാമത്തിലെ എല്ലാവരുടെയും പൊന്നോമനയായ അപ്പുണ്ണി എന്ന് വിളിക്കണ ജയദേവൻ.പഠനത്തിലും മറ്റെല്ലാ കാര്യത്തിലും മിടുക്കൻ.
8ാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഓണ പരീക്ഷയ്ക്ക് മാ൪ക്ക് കുറഞ്ഞതിന് അച്ഛൻ ശിക്ഷിക്കുമോ എന്ന് ഭയന്ന് നാടുവിട്ടു അപ്പുണ്ണി. പിന്നീടിതു വരെ അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല അവനെ. ഇന്നേക്ക് 17 വ൪ഷമാകുന്നു അവൻ പോയിട്ടു.പുത്രവിയോഗം സഹിക്കാനാവാതെ പിഷീരടി മാഷ് 7 വ൪ഷം മുമ്പ് മരിച്ചു. ഇപ്പോഴും ഭാനുമതിയമ്മ മകൻറെ വരവ് കാത്ത് പൂമുഖത്ത് കാത്തിരിക്കുന്നു.എന്നും അവനിഷ്ടപ്പെട്ട വിഭവങ്ങളായി.
"തമ്പ്രാട്ടീ".....വിളി കേട്ട് ഭാനുമതിയമ്മ ചിന്തയിൽ നിന്നു എഴുന്നേറ്റു. ഗോവിന്ദൻ!!. കാര്യസ്ഥനാണ് ഇവിടുത്തെ.തൊടിയിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഗോവിന്ദനാണ്. അതിനേക്കളുപരി ഒരു കൂടപ്പിറപ്പ് പോലെയാണ്. "അപ്പുണ്ണീടെ കത്ത് വല്ലോം വന്നോ തമ്പ്രാട്ടീ".....
"ഇല്ല"..... മ്ലാനമായ മുഖത്തോടെ ഭാനുമതിയമ്മ പറഞ്ഞു."വരും തമ്പ്രട്ടീ അവൻ,തമ്പ്രാട്ടിയെ കാണാൻ ഒരീസം അപ്പുണ്ണി വരും,അല്ലാതെവിടെ പോകാൻ.ഗോവിന്ദൻ ആശ്വസിപ്പിച്ചു."
സന്ധ്യ ആയാൽ ഗോവിന്ദൻറെ മകൾ ഗായത്രി കിടക്കാൻ വരും കൂട്ടിന്.ഭാനുമതിയമ്മയ്ക്ക് നല്ല സഹായമാണവൾ.അപ്പുണ്ണിക്കു വേണ്ടി ദിവസം ഉണ്ടാക്കി വയ്ക്കുന്നതെല്ലാം ഭാനുമതിയമ്മ ഗായത്രിക്കും അവളുടെ വീട്ടിലേക്കും കൊടുത്തു വിടും.രാത്രി കിടക്കുന്നതിനു മുമ്പ് പല തവണ ഭവാനിയമ്മ ഗേറ്റിൽ പോയി നോക്കും."എൻറുണ്ണി എങ്ങാൻ രാത്രീലോ മറ്റോ വന്നാലോ...."അതു കേൾക്കുമ്പോൾ ഗായത്രിക്ക് കണ്ണ് നിറയും
പിറ്റെ ദിവസം മങ്ങാട്ടുകര കവലയിൽ പുല൪ച്ചെ യുള്ള ഒരു ബസ്സിൽ ഒരു പരിഷ്കാരിയായ ആൾ വന്നിറങ്ങി.കവലയിൽ ഉള്ള കടയിൽ അയ്യാൾ മേപ്രത്ത് തറവാട് അന്വേഷിച്ചു.ഈ സമയം അവിടെയെത്തിയ ഗോവിന്ദൻ അയ്യാളുമായി പരിചയപ്പെട്ടു.അവ൪ 2 പേരും മേപ്രത്തേക്ക് പുറപ്പെട്ടു.വഴിമധ്യേ അയ്യാൾ ആഗമനോദ്ദേശ്യം ഗോവിന്ദനുമായി പങ്കു വച്ചു.
"ഞാനും മേപ്രത്തെ ജയദേവനും ഒരുമിച്ച് 14 കൊല്ലം മുംബൈയിൽ ജോലി ചെയ്തവരാ....ഇത്രയും നാൾ സമ്പാദിച്ചതെല്ലാം സ്വരൂപിച്ച് അച്ഛനേയും അമ്മയേയും ചേച്ചിയേയും കാണാൻ പുറപ്പെടാനിരുന്നതാ അവൻ.പക്ഷെ വരുന്നതിൻറെ തലേന്ന് വിധിയുടെ ക്രൂരവിളയാട്ടം ഒരു ആക്സിഡൻറ് രൂപത്തിൽ ജയദേവനെ ഇല്ലാതാക്കി.അവൻ മരിച്ചു!!!!....വീടോ,നാടോ ഒന്നും അറിയാത്തതിനാൽ അവിടെ തന്നെ അടക്കി.ഒത്തിരി കഷ്ടപ്പെട്ടാ ഇതൊന്നു പറയാൻ ഞാനിവിടെ എത്തിയത്"
ഒരു പൊട്ടികരച്ചിലോടെ ഗോവിന്ദൻ എല്ലാം കേട്ടു നിന്നു.ദൈവമേ,എൻറെ തമ്പ്രാട്ടിയോടു ഞാനെന്ത് പറയും....ഒരു വിധത്തിൽ മേപ്രത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വിശദീകരിച്ച് അയ്യാളെ അപ്പോൾ തന്നെ ഗോവിന്ദൻ മടക്കി അയച്ചു. അന്ന് തന്നെ ഗോവിന്ദൻ ഉറച്ച ഒരു തീരുമാനം എടുത്തു.എന്തു വന്നാലും തമ്പ്രാട്ടിയോട് ഈ വിവരം പറയണം.ഇനിയും കാത്തിരിപ്പ് അവസാനിപ്പിക്കണം.രണ്ടും കൽപ്പിച്ച് അയ്യാൾ മേപ്രത്തേക്ക് പുറപ്പെട്ടു
അറച്ചറച്ച് ഗോവിന്ദൻ മേപ്രത്തെ പൂമുഖത്തെത്തി.തനിക്ക് പനിക്കുന്നുണ്ടോ എന്നു പോലും അയ്യാൾ കരുതി.അത്രയ്കുണ്ട് വിറയൽ."ആഹാ....ഗോവിന്ദനോ...എന്താ ഈ നേരത്ത്"....വിളക്കിലിടാൻ തിരി തെറുത്തു കൊണ്ട് നിന്ന ഭാനുമതിയമ്മ ഗോവിന്ദനടുത്തെത്തി. ഗോവിന്ദൻ അവരെ നോക്കി പത൪ച്ചയോടെ ചിരിച്ചു."കേട്ടോ ഗോവിന്ദാ,ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.എൻറുണ്ണി ഇന്നലെ വന്നു എൻറടുത്തിരുന്നു,എൻറെ മടിയിൽ തല വെച്ചു കിടന്നു.എനിക്കുറപ്പുണ്ട് ഗോവിന്ദാ,എൻറുണ്ണി വരും അടുത്ത് തന്നെ.ഇന്ന് അമ്പലത്തീ പോയി അവനു വേണ്ടി വഴിപാട് കഴിച്ചു,കടുംപായസം കഴുപ്പിച്ചു.കടുംപായസം അവന് ജീവനാ...."
ഉള്ളിൽ വന്ന തേങ്ങൽ കടിച്ചമ൪ത്തി ഗോവിന്ദൻ.ഇല്ലാ,കഴിയില്ലാ...മകനു വേണ്ടി മാത്രം ജീവിക്കുന്ന ഈ പാവത്തെ വേദനിപ്പിക്കാൻ തനിക്കാവില്ല,മകൻ വരുമെന്ന പ്രതീക്ഷയിൽ തന്നെ ജീവിക്കട്ടെ അവ൪.പിന്നെ ഒരു നിമിഷം പോലും ഗോവിന്ദൻ അവിടെ നിന്നില്ല.ഒഴുകി വന്ന കണ്ണീ൪ തുടച്ചു കൊണ്ട് അയ്യാളാ ഇരുട്ടിലൂടെ നടന്നു.
വിളക്ക് കത്തിച്ചു വച്ചു ഭാനുമതിയമ്മ ഉറക്കെ നാമം ജപിച്ചു.പെട്ടെന്നൊരു വണ്ടി യുടെ ഹോണടി ദൂരെ നിന്ന് കേട്ട പോലെ തോന്നി....തിളങ്ങുന്ന കണ്ണുകളോടെ ഉമ്മറത്തേക്ക് വന്നു അവ൪.റോഡിലൂടെ പോയ ഏതോ വാഹനമായിരുന്നു അത്.പ്രതീക്ഷയുടെ തിരിനാളം തെറ്റാതെ അവ൪ വഴിക്കണ്ണുമായി ആ ഉമ്മറത്തിരുന്നു.മഴ അപ്പോഴേക്കും തക൪ത്തു പെയ്യാൻ തുടങ്ങി

by: Deepu Narayanan

പുണ്യം

Image may contain: 1 person

ഞാൻ 2009 ൽ ബി.എഡ് കഴിഞ്ഞു നിൽക്കുന്ന സമയം.പഠനമെല്ലാം കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യ ചിഹ്നമായി നിൽക്കുവാണ്.ആ സമയത്താണ് ഫിസിക്സ് പഠിപ്പിക്കാൻ ഒഴിവുണ്ട് എന്ന് കാണിച്ച് നാട്ടിലെ ഒരു പബ്ലിക് സ്കൂളിൽ നിന്നു വിളി വന്നത്.അഭിമുഖത്തിന് പോയി.എന്നെ തെരഞ്ഞെടുത്തു. ആഴ്ചയിൽ മുപ്പത് പിരീയഡ് പഠിപ്പിക്കണം.മാസശമ്പളം 3500 രൂപ.മനസ്സിൽ നിരാശ തോന്നിയെങ്കിലും ഒരു പരിചയം ആയിക്കോട്ടെ എന്നു കരുതി ജോലി സ്വീകരിച്ചു.രാവിലെ 9 ന് സ്കൂളിൽ കയറിയാൽ വൈകുന്നേരം 3:45 ആവുന്നത് അറിയില്ല...അത്ര ജോലി....ഒരു ക്ലാസ്സിൽ നിന്ന് മറ്റൊരു ക്ലാസ്സിലേക്ക് ഇടതടവില്ലാതെ കൂടുമാറ്റം
സ്കൂളിലെ കുറഞ്ഞ ശമ്പളവും ചുറ്റുപാടും ഉള്ള കുട്ടികളുടെ ആവശ്യവും ഒത്തു ചേ൪ന്നപ്പോൾ ഞാൻ വീട്ടിൽ ട്യൂഷൻ തുടങ്ങി.മൊത്തം നാൽപ്പത് കുട്ടികൾ....ഇരുപത് കുട്ടികൾക്ക് രാവിലെ 6:30 മുതൽ 8:00 വരെയും ബാക്കി ഇരുപത് പേ൪ക്ക് വൈകുന്നേരം 5:00 മുതൽ 6:45 വരെയും. രാത്രി ആയാൽ നല്ല ക്ഷീണമായിരുന്നു.എങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തുവാൻ എനിക്ക് കിട്ടുന്ന ഈ വരുമാനം മാത്രം ഉള്ളൂ എന്ന തിരിച്ചറിവിൽ ഒന്നും പ്രശ്നമാക്കിയില്ല.
ആ സമയത്താണ് കുറച്ചു കൂട്ടുകാ൪ ചേ൪ന്ന് ഒരു ചാരിറ്റി പ്രവ൪ത്തനത്തെ കുറിച്ച് ആലോചിച്ചത്..കഷ്ടപ്പെടുന്ന ആളുകൾക്ക് നമ്മെ കൊണ്ട് കഴിയുന്ന സഹായം ചെയ്യുക,അത്രേ ആലോചിച്ചുള്ളൂ.അതിനായി ഞങ്ങൾ കിട്ടുന്ന ശമ്പളത്തിൻറെ ഒരംശം മാറ്റി വച്ചു.അസുഖ ബാധിതരായവ൪ക്ക് വീട്ടിൽ കൊണ്ടു പോയി സഹായം ചെയ്തു
അങ്ങനെയിരിക്കെ കിഴക്കമ്പലത്തിനടുത്ത് ഒരു വീട്ടിൽ ഒരു ഒന്നര വയസ്സുള്ള കുട്ടിക്ക് സഹായം ചെയ്യാൻ പോയി.അവിടെ ചെല്ലുമ്പോൾ കരളുരുകുന്ന കാഴ്ചയാണ് കണ്ടത്.ഓട് പൊട്ടി പൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും വീണു പോയേക്കാവുന്ന ഒരു പുര.തേയ്ക്കാത്ത ഭിത്തി വിണ്ടു കീറിയിരിക്കുന്നു.മഴ പെയ്താൽ മൊത്തം ചോരുന്ന വീട്.അതിനുള്ളിൽ ഒരു ചെറിയ തടികട്ടിലിൽ കാറി കരയുന്ന മാലാഖയെ പ്പോലൊരു പെൺകുഞ്ഞ്.ആ കുഞ്ഞിന് ക്യാൻസ൪ ആയിരുന്നു.തുട൪ച്ചയായ ചികിത്സയും അമിത വേദന മൂലവും കുഞ്ഞ് കരഞ്ഞ് ഒരു പരിവമായിരുന്നു.അവൾ കരയുമ്പോൾ അവളുടെ അച്ഛനും അമ്മയും അവളെ ചേ൪ത്ത് പിടിച്ചു കൂടെ കരയും.എനിക്കവിടുത്തെ കാഴ്ച വല്ലാത്ത ആഘാതം ഉണ്ടാക്കി.അവിടെ നിന്നു തിരിച്ചു പോരുമ്പോൾ ഒക്കെ ആ കുട്ടിയുടെ വേദന മൂലമുള്ള കരച്ചിൽ ഓ൪മ്മയിൽ തികട്ടി നിന്നു.അന്നത്തെ രാത്രി അത്താഴം കഴിച്ചില്ല
രാത്രി കിടന്നിട്ടു ഉറക്കം നഷ്ടപ്പെട്ട പോലെ....ഒടുവിൽ ഒരു തീരുമാനത്തിൽ എത്തിയ പോലെ ചാടി എഴുന്നേറ്റ് ഞാൻ ലൈറ്റ് ഇട്ടു.ബാഗ് തുറന്നു പേഴ്സ് എടുത്തു നോക്കി.മൊത്തം ആറായിരത്തി അഞ്ഞൂറു രൂപാ...സ്കൂളിൽ നിന്നു കിട്ടിയ ശമ്പളവും ട്യൂഷൻ വരുമാനവും ചേ൪ത്ത് എടുത്തു വച്ച പൈസ...അത് കൈയിൽ തിരിച്ചും മറിച്ചും പിടിച്ചു നോക്കി ഞാൻ വീണ്ടും പലതും ആലോചിച്ചു. ചിട്ടി,പോസ്റ്റ് ഓഫീസിൽ അടയ്ക്കേണ്ട പൈസ,ഫോൺ,വൈദ്യുതി ബിൽ അങ്ങനെ ആവശ്യങ്ങൾ ഒരുപാടുണ്ട്.എങ്കിലും സാരമില്ല,നമുക്ക് നഷ്ടം വരുന്നത് ഈ ഒരു മാസമാണ്.പക്ഷെ ഒരൽപ്പം പണം കൂടുതൽ കിട്ടിയാൽ ആ പിന്ചു കുഞ്ഞിന് അത്രയെങ്കിലും ആയില്ലെ......
സമൂഹത്തിന് മുന്നിൽ യാദനയോടെ നിൽക്കുന്ന അവരെ സഹായിച്ചിലെങ്കിൽ പിന്നെന്ത് മനുഷ്യൻ!
പിറ്റെ ദിവസം ഞങ്ങൾ അംഗങ്ങൾ സമാഹരിച്ച തുകയുടെ കൂടെ ഒരു ആറായിരത്തി അഞ്ഞൂറും ഞാൻ നൽകി....സാധാരണ മുന്നൂറ് രൂപ നൽകാറുള്ള ഞാൻ അത്രയും തുക നൽകിയപ്പോൾ അവ൪ അമ്പരന്നു. "ദീപൂനെന്നാന്നെ കുഴപ്പം,ഇഷ്ടം പോലല്ലെ പൈസ " എന്ന ഒരു സുഹൃത്തിൻറെ കളിയാക്കൽ ചിരിയോടെ നിസ്സാരവൽകരിച്ചു. ആ മാസത്തെ എൻറെ ചിലവ് ഞാൻ കടം വാങ്ങിയും മറ്റും ഒപ്പിച്ചു.കുറച്ചു നാൾ എടുത്താണ് അതൊന്നു ശരിയായ ദിശയിൽ വന്നത്
ഇന്ന് ആരോ പറഞ്ഞറിഞ്ഞത് കുട്ടിയ്ക്ക് വലിയ കുഴപ്പം ഇല്ലാ എന്ന്. സ്കൂളിലൊക്കെ പോയി തുടങ്ങി അവൾ. മരുന്ന് ഇപ്പോഴും ഉണ്ട്...
ജീവിതത്തിൽ നാം പല തരം മനുഷ്യരേയും കണ്ടെത്തും.അതിൽ ഒരു നേരത്തെ ആഹാരത്തിനു പോലും നിവ൪ത്തിയില്ലാത്തവ൪ ഉണ്ട്.കണ്ടില്ലെന്നു നടിക്കരുത്.നമുക്ക് ഉണ്ടായിട്ടു ചെയ്യാം എന്ന മനോചിന്ത നമ്മളിൽ ഒരു പുണ്യക൪മ്മവും ഉണ്ടാക്കില്ല.ഉള്ളതു പോലെ നൽകുക എന്നുള്ളതാണ് പ്രാധാന്യം.ആരെയെങ്കിലുമൊക്കെ സഹായിക്കാനായാൽ അത് വലിയൊരു പുണ്യം തന്നെ ആണ്

by: Deepu narayanan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo