Showing posts with label Shefeer. Show all posts
Showing posts with label Shefeer. Show all posts

കറുത്ത സൂചികൾ I Short Story I Shefeer Parappath

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലോഷ്യസ് ഈ നഗരത്തിലുണ്ട്. താൽക്കാലിക താമസസ്ഥലമായ ലോഡ്ജിനും തിരക്കൊഴിഞ്ഞ ആ ചെറിയ റെസ്റ്റോറന്റിനും ഇടയിലെ അയാളുടെ യാത്രകളിൽ ഇടത്താവളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ചായക്ക് മാത്രം അവിടെ എത്തിയിരുന്നതുകൊണ്ട് റെസ്റ്റോറന്റിനു പോലും അലോഷ്യസിനോടൊരു മുഷിപ്പു തോന്നാൻ തുടങ്ങിയിരുന്നു.. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ക്ലോക്ക് ടവർ, അക്കങ്ങൾക്ക് പകരം പുള്ളിക്കുത്തുകൾ നിറഞ്ഞ അതിലെ ഡയൽ, വലിയ വെളുത്ത ഡയലിൽ കറങ്ങുന്ന കറുത്ത സൂചികൾ, ടവറിന് മുകളിൽ തമ്പടിച്ചിരുന്ന പ്രാവിൻ കൂട്ടങ്ങൾ, വഴിയരികിലെ മഹാഗണി മരത്തിലെ എണ്ണം പറഞ്ഞ കാക്കകൾ, എന്നിങ്ങനെ അയാളുടെ റെസ്‌റ്റോറന്റ് സന്ദർശനത്തിന് സ്ഥിരം കാഴ്ചക്കാരുണ്ടായിരുന്നു.
പതിവ് പോലെ വൈകുന്നേരം അലോഷ്യസ് മുറിയിൽ നിന്നും റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. പക്ഷേ ഇത്തവണ ഇരയുടെ മരണക്കുറിപ്പുമായാണ് അയാൾ മുറി വിട്ടിറങ്ങിയത്. പടിഞ്ഞാറ് തല താഴ്ത്താൻ തുടങ്ങിയ സൂര്യൻ ആ വൈകുന്നേരത്തിന് ചുവന്ന ചായം തേച്ചുകൊണ്ടിരുന്നു. നീളൻ ജുബ്ബയുടെ വീർത്തു തൂങ്ങിയ പോക്കറ്റിൽ ഇടക്കിടക്ക് കൈയ്യമർത്തിക്കൊണ്ടയാൾ മുന്നോട്ട് നടന്നു. ചുവന്ന തൊപ്പിയിട്ട ഒരു വൈറ്റ് ബോർഡ് മാർക്കർ പേന, അയാളുടെ പോക്കറ്റിൽ നിന്നും തല ഉയർത്തി നോക്കി. എണ്ണമയം തൊട്ടു തീണ്ടാത്ത ഉള്ളു കുറഞ്ഞ മുടിയിഴകൾ സായന്തനക്കാറ്റിന്റെ ദിശ അറിയിച്ചുകൊണ്ടിരുന്നു.
റെസ്റ്റോറന്റ് എത്തിയതും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അലോഷ്യസ് അതിനകത്തേക്ക് കയറി. തല കുനിച്ചു കൊണ്ട് തന്റെ സ്ഥിരം ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. റെസ്റ്റോറന്റിനകത്തെ പലഹാരത്തട്ടിൽ കുടുങ്ങിയ ഈച്ചകൾ പുറത്തു കടക്കാൻ വെപ്രാളപ്പെടുന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ സന്തോഷിച്ചു.
ഇരിപ്പിടത്തിൽ ഇരുന്നതും അലോഷ്യസിന്റെ കണ്ണുകൾ ഇരയെ തിരഞ്ഞു.
" പതിവ് തെറ്റാതെ റെസ്റ്റോറൻ്റിൽ അവനെത്തിയെന്ന് അയാൾ ഉറപ്പു വരുത്തി. മണിക്കൂറുകൾ മാത്രം ദൈർഘമുള്ള അവൻ്റെ ആയുസ്സിനെയോർത്ത് അയാൾ ഊറിച്ചിരിച്ചു. എന്തു വിധേനയും തന്റെ ജോലിയിന്ന് കൃത്യമായിത്തന്നെ നിറവേറ്റണമെന്ന് അലോഷ്യസ് മനസ്സിൽ ഉറപ്പിച്ചു.
അയാൾ ജുബ്ബയുടെ പോക്കറ്റിൽ നിന്നും ന്യൂസ് പേപ്പർ കൊണ്ട് ചുറ്റിയ പൊതി പുറത്തെടുത്തു. അതിലെ മൂർച്ചയുള്ള കത്തി തിരിച്ചും മറിച്ചും നോക്കിയിട്ട് വീണ്ടുമതിനെ പൊതിഞ്ഞുവച്ചു.
കുറച്ചു സമയം കഴിഞ്ഞതും വെയ്റ്റർ ചായയുമായി എത്തി. മേശപ്പുറത്തെ തൊപ്പിയില്ലാത്ത മാർക്കർ പേനയെ നോക്കി വെയ്റ്റർ ചായ വച്ചു. ഇരയെ കിട്ടിയ സന്തോഷത്തിൽ മൂന്നാലീച്ചകൾ ആ ചായ ഗ്ലാസ്സിനു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി.
പക്ഷേ അലോഷ്യസ് അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനുവേണ്ടി എഴുതിയ മരണക്കുറിപ്പിനെയോർത്തപ്പോൾ അയാൾക്ക് സന്തോഷമടക്കാനായില്ല. ചിരിക്കിടയിൽ ചുണ്ടുകൾക്കിടയിൽ നിന്നും ചായ പുറത്തേക്ക് തെറിച്ചു.
"അല്ലെങ്കിലും ഈ ഭൂമിയിൽ ജീവിക്കാൻ അവനെന്തവകാശമുണ്ട്? നീളൻ കണ്ണുകളുള്ള ഭാര്യയെ ഉപേക്ഷിച്ച് വേറൊരുത്തിയുടെ കൂടെ പോയവനല്ലേ അവൻ. കെട്ടുകഴിഞ്ഞ് പെൺകുഞ്ഞിനെ ഉണ്ടാക്കാൻ കാട്ടിയ തിടുക്കവും മനസ്സും അവളെ പോറ്റാൻ കാണിക്കാതിരുന്നവൻ. ഭാര്യയേക്കാൾ തൊലി വെളുപ്പും ശരീരവടിവും കൂടുതലുള്ള വേറൊരുത്തിയെ കണ്ടപ്പോൾ സ്വന്തം ചോരയെ മറന്ന നാറി. ഒടുവിൽ കൂടെ പൊറുപ്പിച്ച മൊതല് തനിനിറം കാണിച്ച് പോയപ്പോൾ കാലം അവനെ നോക്കി കൊഞ്ഞനം കുത്തിയെന്നത് ശരി. ഒടുവിൽ തിരിച്ചറിവിന്റെ പാഠങ്ങൾ പഠിച്ചു എന്നതും മറ്റൊരു സത്യം.. പക്ഷേ ഒത്തിരി വൈകിയില്ലേ.?മിന്നുകെട്ടിയവളെ അവൻ്റെ മുന്നിലെ കുമ്പസാരക്കൂട്ടിലിരുത്താൻ വിടാതെ കർത്താവ് നേരത്തെ വിളിച്ചു. വളർച്ചയുടെ വഴികളിൽ ഒരിക്കൽ പോലും ഒരച്ഛന്റെ സ്നേഹം നൽകിയില്ലെങ്കിലും ഇന്നാ മകളാണ് അവൻ്റെ തുണ.അവന്റെ ചികിൽസക്കായി എത്രയോ പണമവൾ ചെലവിടുന്നു.. പക്ഷേ എന്തിന്..? തീരണം. അല്ല.. തീർക്കണം. അത് കൊണ്ടാണ് തീർക്കാൻ സന്തോഷത്തോടെ ആയുധമെടുത്തത്. ഇങ്ങനെയുള്ളവർ ഭൂമിക്ക് ഭാരമായി ഇവിടെ ഉണ്ടാവാത്തത് തന്നെയാണ് നല്ലത്."
അലോഷ്യസ് അയാളെ നോക്കിക്കൊണ്ട് പിറുപിറുത്തു.
ആയുധപ്പൊതി വീണ്ടും പോക്കറ്റിലാക്കി ഗ്ലാസിലെ ചൂടാറിത്തുടങ്ങിയ ചായ അലോഷ്യസ് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ദൗത്യം നിറവേറ്റാനുള്ള തിടുക്കത്തിൽ അയാളാ കസേരയിൽ നിന്നെഴുന്നേറ്റു. ആ കണ്ണുകൾ പതിവിലും ചുവന്നിരുന്നു. തന്റെ നീക്കങ്ങൾക്കൊപ്പം ഇരയും നീങ്ങുന്നതയാൾ ശ്രദ്ധിച്ചു.
കുറച്ചു കാലമായി സമയം നോക്കാൻ താൽപര്യം കാണിക്കാതിരുന്ന അയാൾ,പക്ഷേ റെസ്റ്റോറന്റിൽ നിന്നും മടങ്ങുമ്പോഴെല്ലാം ഇരയുടെ മുഖത്തിനൊപ്പം ക്ലോക്ക് ടവറിലെ സമയവും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അയാളതാവർത്തിക്കുകയും സമയം ഉറപ്പ് വരുത്തുകയും ചെയ്തു.
"സമയം 0630. കൃത്യം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച സമയം."
എന്നത്തേയും മടക്കത്തിന്റെ സമയം ഇന്നവന്റെ ഒടുക്കത്തെ സമയമാക്കണമെന്നുറപ്പിച്ച് അലോഷ്യസ് ക്ലോക്ക് ടവറിനു നേരേ നടന്നു.
--------------------------------------------------------------------
രണ്ടുനാൾക്കു ശേഷം ക്ലോക്ക് ടവറിന്റെ മുറ്റത്ത് കൂടിയിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഇൻസ്പെക്ടർ ബെന്നിയും സംഘവുമെത്തി. ആളുകളോട് പുറത്തേക്ക് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടെയുള്ള പോലീസുകാർ പ്രവേശന കവാടത്തിന് കുറുകെയായി ചുവപ്പ് റിബണുകൾ വലിച്ചുകെട്ടി. പൊതുവെ ആരും കടന്നു ചെല്ലാത്ത രണ്ടാം നിലയിലേക്കവർ തെളിവെടുപ്പിനായി നീങ്ങി. ദുർഗന്ധം വമിക്കാൻ തുടങ്ങിയ ശവശരീരത്തിന് മുൻപിലെത്തിയ ബെന്നിയും സംഘവും മൂക്കുപൊത്തിക്കൊണ്ട് തങ്ങളുടെ തൊപ്പിയൂരി.
"ഇയാളെ അവസാനമായി കണ്ടവരുണ്ടോ. എന്തെങ്കിലും വിവരം ലഭിച്ചോ?"
"ഉവ്വ് സർ..രണ്ട് ദിവസം മുൻപ് വൈകുന്നേരം, റോഡിനപ്പുറത്തെ റെസ്റ്റോറന്റിലെ ജീവനക്കാർ ഇയാളെ കണ്ടിരുന്നു. "
ബെന്നിയുടെ ചോദ്യത്തിന് എ.എസ്.ഐ മറുപടി നൽകി.
കുത്തേറ്റ് കിടന്ന ശവശരീരത്തിൽ നിന്നും വാർന്ന ചോര, അൽപം ദൂരെവരെ ചാലിട്ടിരുന്നു. ഉണങ്ങിപ്പിടിച്ച ചോരപ്പാടിൽ അൽപനേരമിരുന്നിട്ട് ഈച്ചകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു .
കൈയ്യുറ ധരിച്ച പോലീസുകാർ ശവശരീരത്തിലെ കത്തിയൂരിയിട്ട് ചെരിഞ്ഞു കിടന്ന ശവത്തെ നിവർത്തിക്കിടത്തി. ഓക്കാനം വരുത്തുന്ന അസഹ്യമായ ഗന്ധമപ്പോൾ ടവറിന്റെ ആ നിലയാകെ പരന്നു. മനുഷ്യമാംസം കൊത്തിപ്പറിക്കുന്ന കഴുകൻമാരെ ഓർമ്മിപ്പിച്ച, ഈച്ചകൾ പാതി തുറന്ന വായ് ഭാഗത്തും കണ്ണിൻ്റെ മുകളിലും അരിച്ചുകൊണ്ടിരുന്നു.
ഡെഡ്ബോഡിയുടെ പോക്കറ്റിൽ നിന്നും പാതി പുറത്ത് ചാടിയിരുന്ന പേഴ്സ് എ.എസ്.ഐ പുറത്തെടുത്തു. തുറന്നു പരിശോധിക്കുമ്പോൾ ഒരു വെളുത്ത പേപ്പർ അവരുടെ ശ്രദ്ധയിൽ പെട്ടു .
"സർ.. ഈ പേപ്പറൊന്നു നോക്കൂ. ഇതിലൊരു മൊബൈൽ ഫോൺ നമ്പർ കുറിച്ചിട്ടുണ്ട്. ഒരു പക്ഷേ ഈ നമ്പർ...?"
എ.എസ്.ഐ. കൈമാറിയ പേപ്പറിൽ നോക്കിക്കൊണ്ട് ബെന്നി തന്റെ മൊബൈൽ ഡയൽ ചെയ്തു.
" നമ്പർ സ്വിച്ച്ട് ഓഫ് ആണ്! തിരിച്ചറിയൽ രേഖകൾ എന്തെങ്കിലും? "
"ഉവ്വ് സർ. പേഴ്സിൽ നിന്നും പുതുക്കാത്തൊരു ലൈസൻസ് കിട്ടിയിട്ടുണ്ട്. "
"ഓക്കേ. അതിലെ അഡ്രസ്സ് ട്രാക്ക് ചെയ്യണം. പിന്നെ ഈ നമ്പർ ട്രൈ ചെയ്തു കൊണ്ടിരിക്കണം. നമ്പറിനെ കുറിച്ചുള്ള ഡീറ്റൈൽ എടുപ്പിക്കണം. ഫോറൻസിക് പരിശോനകൾക്ക് ശേഷം ബോഡി പോസ്റ്റ്മാർട്ടത്തിനയക്ക്. കത്തിയും ഫോറൻസിക് ലാബിൽ അയക്കണം. പിന്നെ അവസാനം അയാളെ കണ്ടെന്ന് പറയുന്ന റെസ്റ്റോറന്റിലെ ജീവനക്കാരോട് സ്റ്റേഷൻ വരെ വരാൻ പറയണം. റെസ്റ്റോറന്റിൽ പ്രാഥമിക തെളിവെടുപ്പ് നടത്തിയേക്ക്."
"ഓക്കേ സർ."
ബെന്നിയുടെ ഓർഡറുകൾക്ക് എ.എസ്.ഐ. മറുപടി നൽകി.
------------------- ------------------------------------------- - - - - -
അടുത്ത ദിവസം വൈകുന്നേരം,സ്റ്റേഷനിൽ വിളിച്ച് വരുത്തിയ യുവതിക്കും ഡോക്ടർക്കുമൊപ്പം ബെന്നിയും സംഘവും റെസ്റ്റോറന്റിലെത്തി.
"എത്ര നാളായി അയാൾ ഇവിടെ വരാൻ തുടങ്ങിയിട്ട്?''
"ഒരാഴ്ച്ചയായി സർ."
ബെന്നിയുടെ ചോദ്യത്തിന് റെസ്റ്റോറന്റ് ജീവനക്കാരൻ മറുപടി നൽകി.
"സർ.. ദേ ആ കാണുന്ന സീറ്റിലാണ് പുള്ളി സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നെതെന്നാണ് ഇവർ പറയുന്നത്."
എ.എസ്.ഐ. ഇടക്കു കയറി പറഞ്ഞു.
"ഓക്കേ. "
"പിന്നെ. എല്ലാ ദിവസവും 0530 നു തന്നെ ഇവിടെ നിന്നും മടങ്ങിയിരുന്നെന്നും പറയുന്നു."
എ. എസ്. ഐ. പറഞ്ഞു തീർന്നതും ബെന്നി ജീവനക്കാരനോട് ചോദിച്ചു.
"അതെങ്ങനെ തനിക്കിത്ര കൃത്യമായി സമയം മനസ്സിലായി?"
" അത് സർ..ഇവിടെ കാഷ് കൗണ്ടറിലിരുന്നാൽ, ദേ ആ പാതി കെട്ടിയ ചുമരിനിടയിൽ കൂടി ക്ലോക്ക് ടവറിലെ സമയം വ്യക്തമായിക്കാണാം. ഒന്നു രണ്ടു ദിവസമായി അയാൾ ഏകദേശം ഒരേ സമയത്ത് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ സമയം ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ സർ; എല്ലാ ദിവസവും അയാൾ അഞ്ചര മണിക്കു തന്നെയാണ് മടങ്ങിയിരുന്നത്."
ചെറിയ ഭയം കൊണ്ട്, ജീവനക്കാരന്റെ ശബ്ദം അൽപം ഇടറിയിരുന്നു.
ബെന്നി അയാൾ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേരക്കടുത്തേക്ക് നടന്നു.
റെസ്റ്റോറന്റിന്റെ വടക്കുഭാഗത്തെ പാതി തുറന്ന ചുമരിന്റെ നടുഭാഗം അൽപം പുറകിലോട്ട് തള്ളിക്കെട്ടിയിരുന്നു. അതിന് മുൻപിലെ വീതി കൂടിയ തൂണിന് പുറകിലായി ഇട്ടിരുന്ന ആ ഒറ്റ കസേര ലക്ഷ്യമാക്കിയാണ് ബെന്നി നീങ്ങിയത്. എന്തോ രസഹ്യം സൂക്ഷിച്ചിരുന്ന കസേരയിൽ ഇരുന്നിട്ട് ബെന്നി റെസ്റ്റോറന്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ കസേരയിൽ ഇരുന്നാൽ റെസ്റ്റോറന്റിലെ മറ്റാരേയും കാണാൻ സാധിക്കില്ല. എന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിൽ നിന്ന് ആ കസേരയിലേക്ക് നോട്ടവുമെത്തില്ല. തൂണിന്റെ മുകളറ്റം വരെ കണ്ണാടിച്ചില്ല് പൊതിഞ്ഞിരുന്നു. കസേരക്ക് പുറകിലെ ഒരാൾ പൊക്കമുള്ള ചുമരിനിടയിലെ വിടവിൽക്കൂടി ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയുടെ മുകളിൽ വ്യക്തമായിക്കാണുകയും ചെയ്യാം.
ഏകാന്തത ആസ്വദിച്ച് ആ കസേരയിലിരുന്ന് ചൂടു ചായ കുടിച്ചിരുന്ന അയാളുടെ മുഖം ബെന്നി മനസ്സിൽ കണ്ടു.
അപ്പോഴാണ് കസേരക്ക് മുൻപിലെ കണ്ണാടിയുടെ താഴ്ഭാഗത്തായി ചുവന്ന മാർക്കർ പേന കൊണ്ടുള്ള എഴുത്തയാൾ ശ്രദ്ധിച്ചത്. "വിധി സമയം 0630." എന്നെഴുതിയ ചെറിയ അക്ഷരങ്ങൾ.
ബെന്നി കസേരയിൽ നിന്നെഴുന്നേറ്റ് കാഷ് കൗണ്ടറിനടുത്തു നിന്ന യുവതിയെ വിളിച്ചു. മനോരോഗ വിദഗ്ധൻ ഡോ:റെജിയുടെ അരികിൽ നിന്ന ആ യുവതി ബെന്നിക്കരികിലേക്ക് വന്നു.
" നോക്കൂ മേഡം. ഞങ്ങൾക്ക് കിട്ടിയ ഫോൺ നമ്പറിൽ നിന്നും നിങ്ങളെ വിളിച്ചുവരുത്തിയപ്പോൾ തന്നെ ഏകദേശ ചിത്രം ലഭിച്ചിരുന്നു. ബട്ട്, ഈ കൈയ്യക്ഷരങ്ങൾ നിങ്ങളുടെ പപ്പയുടേത് തന്നെയാണോ എന്നു നോക്ക്."
കണ്ണാടിയിലെ എഴുത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബെന്നി പറഞ്ഞു.
"അതെ സർ.. ഇത് പപ്പ എഴുതിയത് തന്നെയാണ്. "
ഇതു പറഞ്ഞു തീരുമ്പോൾ അവരുടെ ശബ്ദം വല്ലാതെ ഇടറുകയും, കൺമഷിയിട്ട ആ നീളൻ കണ്ണുകളിൽ നിന്നും കണ്ണീർ ചാലിടാനും തുടങ്ങിയിരുന്നു.
ബെന്നി, ഡോക്ടർ റെജിയേയും തന്റെയടുക്കലേക്ക് വിളിച്ചു.
" നോക്കൂ ഡോ: റെജി. നിങ്ങളുടെ പേഷ്യന്റ് അലോഷ്യസിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണസമയം 0530 നും 0545 നും ഇടയിൽ ആണ്. കത്തിയിലെ വിരലടയാള പരിശോധനാ ഫലം മറിച്ചൊരു സംശയത്തിനും ഇട നൽകുന്നില്ല. നിങ്ങൾ ആ മനുഷ്യന്റെ പേഴ്സിൽ മടക്കിവച്ചിരുന്ന മകളുടെ ഫോൺ നമ്പറിനും അയാളെ രക്ഷിക്കാനായില്ല. ബട്ട് .അത് ഞങ്ങളെ നിങ്ങളിലേക്കെത്താൻ സഹായിച്ചു. പഴയ ലൈസൻസ് അഡ്രസ്സിന് പുറകേ പോയിരുന്നെങ്കിൽ കേസ് കോംപ്ലിക്കേറ്റഡ് ആയേനേ. മേഡം. ഐ ആം റിയലി സോറി. ഐ തിങ്ക്, നൗ എവരി തിംഗ് ഈസ് ക്ലിയർ."
ഡോക്ടറേയും യുവതിയേയും മാറി മാറി നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്ണാടിയിലെ ക്ലോക്കിൻ്റെ പ്രതിബിംബത്തിൽ ബെന്നിയുടെ കണ്ണുകളുടക്കി. പ്രതിബിംബത്തിലപ്പോൾ സമയം ആറ് മണി ആയിരുന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് പുറകിലെ പാതി തുറന്ന ചുമരിനിടയിൽക്കൂടി അയാൾ ക്ലോക്ക് ടവറിലെ സമയവും നോക്കി. പ്രതിബിംബത്തിലേയും ക്ലോക്ക് ഡയലിലേയും " 6 മണി സമയം " മാറി മാറി നോക്കിയിട്ട് അയാളൊന്ന് പുഞ്ചിരിച്ചു.
യുവതിയെ ആശ്വസിപ്പിച്ച് റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ പലഹാരത്തിന്റെ ചില്ലുകൂട്ടിൽ ഒരു ഈച്ച ചത്തു കിടക്കുന്നത് ബെന്നി ശ്രദ്ധിച്ചു. അതേ സമയം ഡോ:റെജി, യുവതിയുടെ കാതിൽ എന്തോ സംസാരിക്കുന്നതയാൾ കണ്ടു. ജീപ്പ് നഗരവീഥിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, റിയർവ്യൂ മിറർ തന്റെ നേരെ തിരിച്ചുവച്ചു കൊണ്ട് കാഴ്ച മറയും വരെ ബെന്നി അവരെ സാകൂതം വീക്ഷിച്ചു. യുവതിയുടെ മനോഹരമായ നീളൻ കണ്ണുകളിലെ ആർദ്രതയും, ഡോക്ടറുടെ കറുത്ത ചുണ്ടുകളിൽ വിരിഞ്ഞ മന്ദസ്മിതവും തമ്മിൽ ചേരുംപടി ചേർക്കാനാകാത്തത് അയാളുടെ നോട്ടത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
(അവസാനിച്ചു..)
###ഷെഫീർ പരപ്പത്ത്.###

നിഗൂഢതകളൊളിപ്പിച്ച താന്തോന്നിമലയും പഞ്ഞിമരത്തിലെ നരിച്ചീറുകളും (ചെറുകഥ)


Image may contain: one or more people, plant, tree and outdoor

======~=======~=========~=========
"ഇതേതാടോ ഇവൻ"?
"സർ.. ഇന്നലെ നൈറ്റ് പട്രോളിംഗിനിടക്ക് മലമുകളിൽ നിന്ന് പൊക്കിയതാണ്. ആകെ ഒരു ലക്ഷണക്കേട്. സംസാരത്തിൽ പൊരുത്തക്കേടും.പിന്നെ ജീപ്പിൽ ഇട്ടോണ്ട് പോന്നു. കൂടെ ഒരു വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്."
ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞ ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള അവനെ സി.ഐയുടെ മുൻപിലേക്ക് നീക്കി നിർത്തി.
"ഹും.. വല്ല കഞ്ചാവോ മരുന്നോ ആണോന്ന് നോക്കിയേര്. ആ പിന്നെ.. വണ്ടീം ചെക്ക് ചെയ്തിട്ട് വിട്ടാൽ മതി. പിന്നെ എസ്.പി ഓഫീസിൽ നിന്നും കിട്ടിയ ആ അലേർട്ട്; അതൊന്ന് പരിശോധിക്കണം. വെള്ളത്തോട് സ്റ്റേഷനുമായും ഒന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യണം. നൈറ്റ് പട്രോളിംഗ് ശക്തമാക്കണം. ആരേയും കണ്ണടച്ച് വിശ്വസിക്കണ്ട."
കസേരയിൽ ഇരിപ്പുറപ്പിച്ച് മേശപ്പുറത്തെ ഫയലുകളിൽ കൈവച്ചു കൊണ്ടയാൾ പറഞ്ഞു.
"യെസ് സർ.
അവന്റെ ഒരു താടീം ജഡപിടിച്ച മുടീം ആകെ ഒരു കള്ള ലക്ഷണം. അതാണ് പൊക്കിയത്. പിന്നെ താന്തോന്നിമലയിൽ അസമയത്താരും അങ്ങനെ നിൽക്കാറില്ലല്ലോ."
" എടോ കുട്ടൻപിള്ളേ..ചാർജ്ജ് എടുത്തിട്ട് അധികമായിട്ടില്ല എങ്കിലും താന്തോന്നിയെ പറ്റി കുറേ കേട്ടിട്ടുണ്ട്. പക്ഷേ ഈ താന്തോന്നിയെ നമുക്ക് ഒന്ന് നേരെയാക്കണമല്ലോടോ."
"യെസ് സർ..
സാറിനെ പോലെ തന്നെ ഞങ്ങളും ഇവിടെ വന്നിട്ട് അധികമായിട്ടില്ല. ഒരു വർഷത്തിൽ കൂടുതൽ മൂപ്പ് ഇവിടെ ആർക്കുമില്ല. അല്ലേലും ഇവിടെ ഈ മലമൂട്ടിൽ ആരാ സാറേ സ്ഥിരമായി കിടക്കുന്നേ.?"
താൻ ജോലി ചെയ്യുന്ന സറ്റേഷൻ പരിധിക്കുള്ളിൽ നിഗൂഢതകൾ തങ്ങി നിൽക്കാൻ അനുവദിക്കാത്തത് അയാളുടെ രക്തത്തിൽ അലിഞ്ഞതാണ്.
എണ്ണം പറഞ്ഞ തോളിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ കസേരയിൽ നിന്നും അകലാൻ തുടങ്ങുമ്പോൾ ബൂട്ടുകൾ ശബ്ദിക്കുകയും സല്യൂട്ടുകൾക്കായി കൈകൾ വായുവിൽ ഉയർന്നു താഴുകയും ചെയ്തു. സല്യൂട്ടുകൾ മടക്കിക്കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് നീങ്ങി.
--------------------------------------------------------
സ്റ്റേഷനിൽ നിന്നും കുറച്ചകലെ താന്തോന്നിമലയുടെ താഴ്ഭാഗത്തെ താമസ സ്ഥലത്തു നിന്നും സന്ധ്യയ്ക്കയാൾ പുറത്തിറങ്ങി. ചെറിയ ഒരു ചായക്കടയും പെട്ടിക്കടയും വിരലിലെണ്ണാവുന്ന ചെറിയ കടകളും താന്തോന്നിത്താഴം എന്ന ആ മലയടിവാരത്തിന് കൂടുതൽ അലങ്കാരം നൽകുന്നതായി അയാൾക്ക് തോന്നി. താന്തോന്നിമലയെ ചുറ്റിക്കയറുന്ന ഇടുങ്ങിയ റോഡിലൂടെ മണിക്കൂറുകൾ യാത്ര ചെയ്താൽ 'വെള്ളത്തോട് ' എന്ന മലയോര ഗ്രാമമെത്തും. ഇരുട്ട് വീണാൽ താന്തോന്നിമല കടന്ന് അങ്ങോട്ടേക്കോ, തിരിച്ചോ ആരും വരാത്തതിനാലാകണം മുൻപിൽ കാണുന്ന വഴി വാഹന സഞ്ചാരമില്ലാതെ വിജനമായിക്കിടന്നു.
സന്ധ്യക്ക് ഇരുട്ടിനൊപ്പം അരിച്ചിറങ്ങിയ കോടമഞ്ഞ് സൃഷ്ടിച്ച മറയ്ക്കിടയിലൂടെ, നായരുടെ മരപ്പലകകളാൽ തീർത്ത പെട്ടിക്കടയിൽ നിന്നുള്ള ബൾബിന്റെ പ്രകാശത്തെ ലാക്കാക്കി അയാൾ നടന്നു. പോക്കറ്റിൽ കരുതിയ ലൈറ്റർ കൊണ്ട് ചുണ്ടിൽ വച്ച സിഗരറ്റിൽ തീ പകർന്നു. ഉയർന്നു പൊങ്ങിയ പുകച്ചുരുളുകൾക്കിടയിലൂടെ മലമ്പാത തുടങ്ങുന്നിടത്തുള്ള പൂട്ടിക്കിടന്ന ആളൊഴിഞ്ഞ ഒറ്റമുറിയിൽ ആ കണ്ണുകൾ ഉടക്കി..
" അതേതാടോ നായരേ ആ മുറി ?"
"അത് സാറേ..നമ്മുടെ വാച്ചറ് സ്റ്റീഫൻ ഇരുന്ന പുരയാ. പണ്ട് തേയിലക്കമ്പനിക്കാര് പണിത സെക്യൂരിറ്റി കൂരയാണ്. കമ്പനി പൂട്ടിയപ്പോൾ കൂരയിൽ ആളില്ലാതായി. കള്ളോ ചാരായോ മൂത്തിട്ട് പെണ്ണുമ്പുള്ളയായി വഴക്കിടുമ്പോൾ അവൻ ഈ കൂരേല് വരും. ആള് ഉപകാരിയാ സാറേ. രാത്രി മലങ്കാടുകളിൽ നിന്നും റോഡിൽ കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങണത് പതിവാ. വലിയ വീട്ടിലെ പിള്ളേര് കമ്പനി കൂടാൻ കൂട്ടമായും ചിലര് ഒറ്റതിരിഞ്ഞും പുറത്ത് നിന്ന് വരും. അവർക്ക് പരിചയമില്ലാത്ത സ്ഥലമല്ലേ. കുറേപേരെ സ്റ്റീഫൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചുവിടും. കുറേ പേര് വാശി കാണിച്ച് മലകയറും. ചില അത്യാവശ്യക്കാരുടെ കൂടെ സ്റ്റീഫനും കേറാറുണ്ട്. ഒറ്റക്കൊമ്പന്റെ ചൂര് അറിയുന്ന, വണ്ടിപ്പണി അറിയുന്ന, അവൻ കൂടെയുള്ളത് മല കയറുന്നവർക്കൊരു ധൈര്യാണ്."
നായരിങ്ങനെ സ്റ്റീഫനെക്കുറിച്ച് വാതോരാതെ പറയുന്നത് കേട്ടപ്പോൾ, അങ്ങിനെയാണെങ്കിൽ സ്റ്റീഫനെ ഒന്ന് കാണണമല്ലോ എന്നയാൾ പറഞ്ഞു.
" പക്ഷേ സാറേ..
രണ്ടു വർഷം മുന്നേയുള്ള കർക്കിടക മാസം മുതൽ അവനെ കാണണില്ല. കള്ള് മൂത്ത ആരേലും അവനെ തീർത്തു കാണും."
നായരു പറഞ്ഞ മറുപടി, ഒരുപാട് ചോദ്യങ്ങൾ വീണ്ടുമയാളുടെ മനസ്സിലുയർത്തി.
കള്ള് മൂത്ത് ഒരു മനുഷ്യനെ തീർക്കാനോ?. അതും യാത്രക്കാർക്ക് ഉപകാരിയായ മനുഷ്യനെ?. കടക്കാരന് നിയമത്തിന്റെ പുസ്തകത്തിൽ സ്വന്തമായ നിർവ്വചനങ്ങൾ മെനയാൻ മാത്രം ധൈര്യം നൽകിയത് താന്തോന്നിമലയുടെ സ്വഭാവദൂഷ്യം കൊണ്ടാകുമോ?. അതോ..കേട്ടറിവുകളുടെ ഭാണ്ഡം തനിക്ക് മുമ്പിൽ അഴിച്ചപ്പോൾ സ്ഥലം സി.ഐയോടാണ് താൻ സംസാരിക്കുന്നതെന്ന കാര്യം നായര് മനപ്പൂർവ്വം മറന്നതാണോ?.
മനസ്സിൽ ഉയർന്ന ഇത്തരം ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുക എന്നത് എളുപ്പമല്ല എന്നയാൾക്ക് തോന്നി.
"തീർത്തെന്ന് താനങ്ങു തീരുമാനിച്ചോ നായരേ?."
ഇത്തവണ ചോദ്യത്തിന് അൽപം ഗാംഭീര്യം കൂടിയിരുന്നു.
"അല്ല സാറേ.കർക്കിടകത്തിലെ രാത്രിക്ക് ചുരം കയറുന്നവർക്ക് അപകടം സ്ഥിരമാണ്. സ്റ്റീഫൻ കാവലിരുന്ന രാത്രികളിൽ തന്നെ നാലു പേരെ കാണാതായിട്ടുണ്ട്. മലഞ്ചെരിവിൽ നിന്നും താഴേക്ക് വീണാൽ ബാക്കി കിട്ടാറില്ല. മലവെള്ളം കുത്തിയൊലിക്കണ കൊക്കയുടെ താഴെ വീഴുന്നവരെ തിരയാൻ പോലും പറ്റാറില്ല. പിന്നെ;കള്ള് മൂത്താൽ സ്റ്റീഫന്റെ നാവിന് എല്ലില്ല. ഇപ്പോഴത്തെ പിള്ളേര് സെറ്റിന് വർത്താനം പിടിച്ചില്ലേല്.. മുകളിൽ നിന്നും ഒരു തള്ള് പോരെ സാറേ..
കെട്ട്യോള് കുറച്ച് നാള് കേസു കൊടുക്കലും കൂട്ടായി സ്റ്റേഷൻ കയറിയിറങ്ങണത് കണ്ടു. ഒടുവിൽ അവൾക്കും മടുത്തു കാണും. കുറേ കേസുകൾക്കൊപ്പം ഇതും അങ്ങനെ തെളിയാതെ..."
അവസാന വാചകം പറയണോ വേണ്ടേ എന്ന രീതിയിൽ തന്റെ മുഖത്തു നോക്കാതെ കടക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നത് അയാൾ പ്രത്യേകം ശ്രദ്ധിച്ചു.
എരിഞ്ഞു തീരാറായ സിഗരറ്റ് താഴെ മണ്ണിലിട്ട് ചവിട്ടിക്കൊണ്ടയാൾ താമസസ്ഥലത്തേക്ക് നടന്നു .അൽപം മുന്നോട്ട് നീങ്ങിക്കൊണ്ട് നായരുടെ കടയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നായരാരോടോ മൊബൈലിൽ സംസാരിക്കുന്നത് കണ്ടു..
കോടമഞ്ഞ് കൂടുതൽ ശക്തമായിരിക്കുന്നു.. പെട്ടെന്ന് കുറച്ചാളുകളുമായി ഫോഗ് ലാംബ് തെളിച്ചു കൊണ്ട് ഒരു ചുവന്ന ഒക്ടേവിയ കാറ് കടന്നു പോയി. തന്റെ മൊബൈൽ നമ്പർ അവസാനിക്കുന്ന നാലക്കവും കാറിന്റെ നമ്പറും ഒന്നായത് കൊണ്ട് അയാൾ വണ്ടി നമ്പർ കൗതുകത്തോടെ നോക്കി. കാറിന്റെ അടച്ചിട്ടിരുന്ന ചില്ലുകൾക്ക് വെളിയിലേക്ക് ജാക്സന്റെ 'സ്മൂത്ത് കില്ലറിലെ ' മാന്ത്രിക ശബ്ദം ഉയർന്നു കേൾക്കാം..
" ആനി ആർ യു ഓക്കേ, യു ഓക്കേ, യു ഓക്കേ............."
നടത്തത്തിനിടയിൽ കേട്ട സംഗീതത്തിന് താളം പിടിക്കുമ്പോൾ, കോടമഞ്ഞ് മറ തീർത്തിരുന്ന വാച്ചർ സ്റ്റീഫന്റെ കൂര ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു മിന്നായം പോലെ അയാൾ കണ്ടു.
സ്റ്റീഫനില്ലാത്ത അവരുടെ ഈ മലകയറ്റം..!!
നായരുമായുള്ള സംഭാഷണങ്ങൾ പെട്ടെന്നയാളുടെ മനസ്സിലേക്ക് ഓടിയെത്തി.
----------------------------------------------------
രാത്രിയിൽ ഭക്ഷണത്തിന് മുൻപ് പതിവുള്ള രണ്ട് പെഗ്ഗിനായി കിടപ്പുമുറിയിലെ ടീപ്പോയിയിൽ ഗ്ലാസും ഐസ് ക്യൂബുകൾ നിറച്ച ടംബ്ലറും നിരത്തി. ഷെൽഫിൽ നിന്നും ആരോ സമ്മാനമായി നൽകിയ ബ്ലാക്ക് ലേബലിന്റെ സീലു പൊട്ടിച്ചു കൊണ്ട് ഗ്ലാസിലേക്ക് പകർത്തി. ആഷ് ട്രേയിൽ സിഗരറ്റിന്റെ ചാരം ഇടതടവില്ലാതെ വീണു കൊണ്ടിരുന്നപ്പോൾ അയാളുടെ ചിന്തകൾ വാച്ചർ സ്റ്റീഫനെക്കുറിച്ചായിരുന്നു.
ആ ചാരുകസേരയിൽ ഇരുന്നു കൊണ്ടയാൾ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. പുറത്തെന്തോ ശബ്ദം കേട്ടുകൊണ്ട് ഉണർന്നു നോക്കുമ്പോൾ വായിക്കാൻ എടുത്ത പുസ്തകം മടിയിൽ തന്നെ കിടക്കുകയാണ്. അടയാളച്ചീട്ടിരിക്കുന്ന പേജിൽ നിന്നും മുന്നോട്ടൊന്നു പോലും നീങ്ങാതെ. പടിഞ്ഞാറുവശത്തെ തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശുന്ന തണുത്ത കാറ്റു കൈവെള്ളയിൽ തീർത്ത മരവിപ്പിനെ അകറ്റാൻ, കൈകൾ കൂട്ടിതിരുമ്മിക്കൊണ്ടയാൾ ഭക്ഷണമുറിയിലേക്ക് നീങ്ങി.
ദൂരെയെങ്ങോ ഓലിയിടുന്ന പട്ടികൾ ഇന്നത്തെ ദിവസം വെള്ളിയാഴ്ചയാണെന്നത് തന്നെ ഓർമ്മപ്പടുത്തുന്നതായി അയാൾക്ക് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ചയിലെ അനുഭവം ഓർത്തുകൊണ്ട് കട്ടിലിൽ കിടന്നപ്പോൾ ഉറക്കമെപ്പോഴോ കൺപോളകളെ തഴുകിയിരുന്നു.
രാത്രി ഏറെ വൈകിയിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശിക്കൊണ്ടിരുന്ന ഇളം കാറ്റ് വീണ്ടുമാ രൂക്ഷഗന്ധം കൊണ്ടുവന്നു. ഉറക്കിൽ നിന്നും ഞെട്ടിയുണർന്നിട്ട് കട്ടിലിനരികിൽ വച്ചിരുന്ന ടോർച്ചുമായി അയാൾ ജനാലക്കരികിലേക്ക് നീങ്ങി. ജനാലയിലൂടെ മുറ്റത്തെ കശുമാവിലേക്ക് ടോർച്ചിന്റെ വെള്ളിവെളിച്ചം തെളിച്ചു. കശുമാവിൽ തൂങ്ങിക്കിടന്നിരുന്ന നാലു വലിയ നരിച്ചീറുകളുടെ കണ്ണുകൾ ആ വെളിച്ചത്തിൽ തിളങ്ങി.
"ഓഹ്.. നാശങ്ങൾ .ആഴ്ചകൾ തോറും മനുഷ്യന്റെ ഉറക്കം കളയാൻ ഇറങ്ങിയ നശൂലങ്ങൾ..ശ്വാസമെടുക്കുന്ന ആത്മാവുകൾ!!. "
അയാൾ ആത്മഗതം പറഞ്ഞു.
"ശ്വാസമെടുക്കുന്ന ആത്മാവുകൾ.?"
എത്ര യോജിക്കുന്ന വാക്കുകൾ..
പക്ഷേ..താനിതെങ്ങിനെ പറഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു.
മനംപിരട്ടുന്ന ഗന്ധം അയാളെ വാഷ്ബേസിനടുത്തേക്ക് ഓടിച്ചു. ശർദ്ധിയുടെ അസഹ്യമായ ദുർഗന്ധം, കാറ്റ് കൊണ്ടുവന്ന ഗന്ധത്തിന്റെയും കഴിച്ച ബ്ലാക്ക് ലേബലിന്റെ വാസനയും കൂടിക്കലർന്ന ഗന്ധമാണെന്നത് വീണ്ടുമയാളെ ഞെട്ടിച്ചു.
വായും മുഖവും കഴുകിക്കൊണ്ട് വീണ്ടും ജനാലക്കരികിലേക്ക് നീങ്ങി. ഗന്ധത്തിന്റെ ഭാരമിറക്കിയിരുന്നെങ്കിലും ഇളം കാറ്റ് അപ്പോഴും വീശിക്കൊണ്ടിരുന്നു. ടോർച്ച് വീണ്ടും തെളിച്ചപ്പോൾ കശുമാവിലെ നരിച്ചീറുകളെ അവിടെ കാണാത്തത് അയാളെ ചിന്താപരവശനാക്കി.
കുറച്ച് നേരത്തിന് ശേഷം ശക്തി കൂടിയ കാറ്റ് ജനൽ കൊളുത്തുകളെ കിലുക്കാൻ തുടങ്ങി. ഉറക്കത്തെ അലോസരപ്പെടുത്തുമെന്നായപ്പോൾ ജനൽ പാളികൾ അടച്ചു കുറ്റിയിട്ടുകൊണ്ട് വീണ്ടും ഉറങ്ങാനായി നീങ്ങി.
-----------------------------------------------------------
തുടർച്ചയായ ഫോണിന്റെ ബെല്ലുകൾ ഉറത്തിൽ നിന്നുമയാളെ മുണർത്തി.
"ഗുഡ് മോർണിംഗ് സർ"
"ഗുഡ് മോർണിംഗ് ."
"എന്താടോ രാവിലെ തന്നെ"
"സർ താന്തോന്നിമലയിൽ ഒരാക്സിഡന്റ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞത് വച്ച് നോക്കുമ്പോൾ.. "
"ഓക്കേ..വിൽ ഡിസ്കസ് വിത് യു ലേറ്റർ"
അയാളെ കാത്ത് കൊണ്ട് ജീപ്പ് പുറത്ത് നിൽക്കുമ്പോൾ തുറന്നിട്ട ജനലിൽ കൂടെ കടന്നു വന്ന പൂച്ച, തലേ ദിവസം രാത്രി മദ്യം പകർത്തിയ ഗ്ലാസ് മണത്തുന്നുണ്ടായിരുന്നു. ബ്ലാക്ക് ലേബലിന്റെ കുപ്പി ടീപ്പോയിൽ ഇല്ലായിരുന്നുവെങ്കിലും യൂണിഫോം ധരിച്ചു കൊണ്ടിരുന്ന അയാളെ ആ പൂച്ച എന്തോ ഒരാലോചനയിൽ നോക്കി. വീണ്ടും മണം കിട്ടിയ ഭാവത്തിൽ അവനൊന്ന് ചിണുങ്ങിക്കൊണ്ട് ജനൽ വഴി തിരിച്ച് പുറത്തിറങ്ങി. അപ്പോഴേക്കും അയാളുടെ മനസ്സിൽ വാച്ചർ സ്റ്റീഫന്റെയൊപ്പം ആക്സിഡന്റ് കേസും തലേ ദിവസം സന്ധ്യയ്ക്ക് മല കയറിയിരുന്ന കാറും കടന്നു കൂടിയിരുന്നു.
ജീപ്പ് സ്റ്റാർട്ട് ചെയ്യുമ്പോൾ സിറ്റൌട്ടിലെ ഇളവെയിൽ ആ പൂച്ച മൂരി നിവർത്തുന്നുണ്ടായിരുന്നു. ജീപ്പ് മതിൽകെട്ട് വിടും വരെ അവന്റെ നീലക്കണ്ണുകളിൽ
അതിന്റെ പ്രതിബിംബം വ്യക്തമായി കാണാമായിരുന്നു.
ആളുകളെ കുത്തിനിറച്ച ഒരു ജീപ്പും ഒരു തടി ലോറിയും വെള്ളത്തോട്ടിലേക്ക് പോകുന്നത് കാണാം. പോലീസ് ജീപ്പ് വാച്ചർപുര കടന്ന് നീങ്ങുമ്പോൾ കൈ നെറ്റിയിൽ മെല്ലെ തടവിക്കൊണ്ട് സംഭവം ആരാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്നയാൾ ചോദിച്ചു.
"വെളുപ്പിന് മീനുമായി പോയ വണ്ടിക്കാരിലാരോ വിളിച്ചതാണ് സർ. കൂടുതൽ ഡീറ്റൈൽ അറിയില്ലായെങ്കിലും പറഞ്ഞ രൂപത്തിൽ നിന്നും ഇന്നലെ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത വാൻ ആണെന്ന് തോന്നുന്നു.''
" ഓഹ്.. ഏത് ആ കഞ്ചനോ.?"
"യെസ് സർ.. പറയുന്ന രൂപം വച്ച്.."
"എനി വേ ലെറ്റ് അസ് സീ."
കൈ കൊണ്ട് കുറ്റിത്താടി മേൽപോട്ട് തടവി എന്തോ ചിന്തിച്ചു കൊണ്ടയാൾ പറഞ്ഞു.
കിതച്ചു കൊണ്ട് ജീപ്പ് മലകയറുകയാണ്. ഒരു വശത്ത് നിബിഡമായ വനവും, മറുവശത്ത് അഗാധമായ കൊക്കയും, വളവുകൾ നിറഞ്ഞ ഇടുങ്ങിയ പാതയും, ജീപ്പിന്റെ ടോപ് ഗിയറുകൾക്ക് വിശ്രമം നൽകി. പന്തലിച്ചു നിൽക്കുന്ന വലിയ വൃക്ഷങ്ങളുടെ താഴെ സൂര്യനുദിച്ചതറിയാത്ത കാട്ടുചെടികൾ മഞ്ഞിന്റെ പുതപ്പണിഞ്ഞുറങ്ങുകയാണ്. ഒരു ഭാഗത്ത് കൂട്ടമായി നിൽക്കുന്ന കാട്ടുചെടികളുടെ പൂക്കൾ തന്നോട് പുഞ്ചിരിക്കുന്നതായയാൾക്ക് തോന്നി.
ശരിക്കും താന്തോന്നിയാണ് ഈ മല. അത് കൊണ്ടാണല്ലോ പല മിസ്സിംഗ് കേസുകളും ക്ലോസ് ചെയ്യാത്ത ഫയലുകളായി സ്റ്റേഷനിൽ പൊടിപിടിച്ച് കിടക്കുമ്പോഴും ഇവൾക്കിങ്ങനെ ചിരിക്കാൻ സാധിക്കുന്നത്. സ്റ്റീഫനോട് പോലും ദയ കാണിക്കാതെ... അയാൾ മീശ പിരിച്ചുകൊണ്ട് ചിന്തിച്ചു..
ആക്സിഡന്റ് സ്പോട്ട് എത്തിയപ്പോൾ ജീപ്പ് മൈൽ കുറ്റിയുടെ അരികിലേക്ക് ചേർത്തു നിർത്തി.
"യെസ് സർ.. വണ്ടി അത് തന്നെ."
റോഡരികിൽ നിന്നും അൽപം ഉള്ളിലേക്ക് നീങ്ങി കരിയിലകൾക്കും ചെറിയ ചെടികൾക്കും നടുവിൽ തല ഉയർത്തി നിൽക്കുന്ന കരിവേലകത്തിന്റെ തടിയിൽ ഇടിച്ചു നിൽക്കുന്ന വാനിന്റെ മുൻഭാഗമാകെ തകർന്നിരുന്നു. പവിഴമുത്തുകൾ കരിയിലകളിൽ വിളമ്പിയതു പോലെ മുൻഭാഗത്തെ ചില്ല് ചിന്നിച്ചിതറിക്കിടക്കുന്നു. നീളൻ മുടിയും തിങ്ങിയ താടിയുമുള്ള സ്റ്റിയറിംഗിൽ മുഖമമർത്തി, ചോരയിൽ കുളിച്ചുകിടക്കുന്ന മനുഷ്യമുഖത്തിനു ചുറ്റും ഈച്ചകൾ വട്ടമിട്ട് പറക്കുന്നുണ്ട്. രക്തക്കറ പുരണ്ട കഞ്ചാവു ബീഡികൾ സീറ്റിൽ ചിതറിക്കിടക്കുന്നു. അടുത്തു നിന്നും മുഖം സൂക്ഷിച്ചു പരിശോധിച്ചപ്പോൾ മുഖത്തും കഴുത്തിലും അങ്ങിങ്ങായി കാണുന്ന കടിയേറ്റ പാടുകളിൽ നിന്നുമാണ് കൂടുതൽ രക്തം വാർന്നിരിക്കുന്നതെന്ന് മനസിലായി.
"ഇന്നലെ സ്റ്റേഷനിൽ നിന്നും വിടുമ്പോൾ മുഴുവൻ പരിശോധനകളും നടത്തിയിരുന്നില്ലേ പിള്ളേ."
സംശയരൂപേണയുള്ള ചോദ്യം കുട്ടൻപിള്ളയോടായിരുന്നു.
"ഉവ്വ് സർ.. സംശയം തോന്നുന്ന ഒന്നും തന്നെ കിട്ടിയിരുന്നില്ല"
മറുപടി കേട്ടുകൊണ്ട് വാഹനത്തിന്റെ മുൻഭാഗത്തേക്ക് വീണ്ടും നടന്നപ്പോഴാണയാളത് ശ്രദ്ധിച്ചത്.
കരിവേലകത്തിനും വാനിന്റെ ബോണറ്റിനിടയിലും സമീപത്തുമായി കുരുങ്ങിക്കിടക്കുന്ന അസാമാന്യ വലിപ്പമുള്ള നാലു നരിച്ചീറുകൾ. ചിറകൊടിഞ്ഞ് ഉറുമ്പരിക്കാൻ തുടങ്ങിയ അവറ്റകളുടെ മുഖത്ത് നല്ലതു പോലെ രക്തം പുരണ്ടിരുന്നു.
" ഇതിലെ രണ്ടു നരിച്ചീറുകളുടെ ചിറകുകൾ മാത്രം മതിയല്ലോ ഒരു ഡ്രൈവറുടെ കാഴ്ച മറയ്ക്കാൻ..."
തന്റെ കൈവശമുണ്ടായിരുന്ന വെളുത്ത തൂവാല കൊണ്ട് നരിച്ചീറുകളുടെ ചിറകുകൾ വിടർത്തി, നെറ്റി ചുളിച്ചു കൊണ്ടയാൾ പറഞ്ഞു.
"കുട്ടൻപിള്ളേ ബോഡിയുടെ മുഖത്തേയും നരിച്ചീറുകളുടെ മുഖത്തേയും രക്തസാമ്പിളുകൾ ശേഖരിക്കണം. കൂടെ ഡെഡ്ബോഡിയുടെ വിരലടയാളവും."
മറുവശത്തെ ഡോറ് തുറന്ന് കൂടുതൽ പരിശോധനകൾ നടത്തുന്നതിനിടയിൽ വീണ്ടുമയാൾ പറഞ്ഞു.
അപ്പോൾ ഡാഷ്ബോർഡിലെ ചെറിയ ഒരു അറയിൽ നിന്നും പാതി പുറത്തുചാടിയ പഴയ ഒരു ന്യൂസ് പേപ്പർ ശ്രദ്ധയിൽപെട്ടു. രണ്ടു വർഷം പഴക്കമുള്ള നാലായി മടക്കിയ പേപ്പറിൽ, ഒരു ഭാഗം ചുവന്ന മഷിയാൽ വട്ടം വരച്ചു കൊണ്ട് മാർക്ക് ചെയ്തിരുന്നു.
'വാച്ചർ സ്റ്റീഫന്റെ ചിത്രവും, കാൺമാനില്ല എന്ന വാർത്തയുമായിരുന്നു അതിൽ.'
സ്റ്റീഫന്റെ ചിത്രത്തിലേക്കും സ്റ്റിയറിംഗിലെ ഡെഡ്ബോഡിയുടെ താടി നിറഞ്ഞ മുഖത്തേക്കും സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു ഞെട്ടലോടെ അയാൾ പറഞ്ഞു.
"ഓഹ് മൈ ഗോഡ് !!!
കുട്ടൻപിള്ളേ, വണ്ടി എത്രയും വേഗം പരിശോധനയ്ക്കയക്കണം."
പെട്ടെന്ന് കാടിനുള്ളിൽ നിന്നും വീശിയ കാറ്റിനൊപ്പം അയാളുടെ മൂക്കിലേക്ക് ആ പഴയ ഗന്ധമെത്തി.
"പി.സി.. നിങ്ങൾക്ക് എന്തെങ്കിലും സ്മെൽ അനുഭവപ്പെടുന്നുണ്ടോ.?"
"ഇല്ല സർ."
" ബട്ട് ഐ ഫീൽ സംതിംഗ് റോംഗ്."
എന്ന് പറഞ്ഞു കൊണ്ടയാൾ ഗന്ധം വരുന്ന ദിശയിൽ ഉൾക്കാട്ടിലേക്ക് നീങ്ങി. ബാക്കിയുള്ളവർ പിന്തുടർന്നു. കുറേ ദൂരം അവർ ഉൾക്കാട്ടിലേക്ക് നടന്നു.. നടത്തത്തിൽ ഗന്ധത്തിന്റെ രൂക്ഷത കൂടി വരുന്നതായയാൾക്ക് തോന്നി.
ഒടുവിൽ അവർ കൊടും കാടിനുള്ളിൽ അൽപം തെളിച്ചിട്ട ഒരു ഭാഗത്ത് എത്തി. അവിടെ വലിയ ഒരു പഞ്ഞിമരത്തിൽ നിരവധി ചെറിയ നരിച്ചീറുകൾ തൂങ്ങിക്കിടന്നിരുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ അവറ്റകൾ മരത്തിൽ നിന്നും പിടി വിട്ട് അവർക്ക് മുന്നിലൂടെ കൂട്ടമായി പറന്നു പോയി. താഴെ രണ്ടു കാട്ടുമുയലുകൾ ചത്തു കിടക്കുന്നത് അഴുകാൻ തുടങ്ങിയിരുന്നു. അതിന്റെ ശരീരത്തിലും കൊത്തിവലിച്ച പാടുകൾ കണ്ടു. പഞ്ഞിമരത്തിലെ നാലു കൊമ്പുകളിൽ കോർത്തു കെട്ടിയ നാലു കയറുകൾ തൂങ്ങിക്കിടന്നിരുന്നു. കയറിന്റെ അറ്റം ഇഴകൾ ക്രമമില്ലാതെ മുറിഞ്ഞ രീതിയിൽ കാണപ്പെട്ടു.
മരച്ചുവട്ടിൽ മുളകൾ കൊണ്ടു കെട്ടിയുണ്ടാക്കി കാട്ടുപനയുടെ ഓലകൾ മേഞ്ഞ ഒരു കുടിൽ അവർ കണ്ടു. കുടിലിനടുത്തായി അധികം ഉയരത്തിലല്ലാതെ പുല്ലുപിടിച്ച ഒരു ഭാഗം ശ്രദ്ധയിൽപെട്ടു. കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അധികം വിസ്തൃതിയില്ലാത്ത, ആറടിയോളം പൊക്കമുള്ള കഞ്ചാവിന്റെ ചെറിയ തോട്ടവും കണ്ടു.
അയാൾ തിരികെ കുടിലിൽ എത്തി പരിശോധന തുടർന്നു. ടാർപായ കൊണ്ട് മൂടിയ ചാക്കുകളിൽ ഉണക്കിയ കഞ്ചാവുകളും മൂലയിലെ അടുപ്പിനു മുകളിലായി പാത്രത്തിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ കുതിർന്ന കഞ്ചാവും, ആവി പിടിക്കാനുള്ള പപ്പായ ഇലയുടെ ഉണക്ക് വീഴാത്ത തണ്ടുകളും കണ്ടെടുത്തു. ഒരു ഭാഗത്തുകണ്ട സ്പാനറുകളും ടൂളുകളും കുറച്ച് സ്പെയർ പാർട്ട്സുകളും ഒരു കൊച്ചു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനെ ഓർമ്മപ്പെടുത്തി. അവിടെ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കിടപ്പു സൗകര്യത്തിന് താഴെയായി മറിച്ചിട്ട പിക്ആക്സും മമ്മട്ടിയും വാക്കത്തിയും അടങ്ങിയ ആയുധങ്ങളും കണ്ടു. വായ്ത്തല വൃത്തിയാക്കാതെ വച്ചിരുന്ന മമ്മട്ടിയിലും പിക്ആക്സിലും പിടിച്ചിരുന്ന ചെമ്മണ്ണിന്, പുറത്തുപറയാൻ വെമ്പുന്ന ഒത്തിരി രഹസ്യങ്ങൾ ഉള്ളത് പോലെ അയാൾക്ക് തോന്നി.
അവിടെ നിന്നുമെടുത്ത ആയുധങ്ങളുമായി പുല്ലുപിടിച്ച ഭാഗം കുഴിക്കാൻ കൈയ്യുറ ധരിച്ച പോലീസുകാരോടയാൾ ആവശ്യപ്പെട്ടു. അൽപം ആഴത്തിലേക്ക് എത്തിയപ്പോൾ എല്ലിൻ കഷ്ണങ്ങൾ കിട്ടാൻ തുടങ്ങി. എല്ലിൻ കഷ്ണങ്ങളും ആയുധങ്ങളിലെ വിരലടയാളങ്ങളും വിദഗ്ധ പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു. കുടിലിനു പുറകിലായി അവിടേക്ക് എത്താനുള്ള ചെറിയ ഒരു വഴിച്ചാലും അവർ കണ്ടെത്തി.
എന്തോ തീരുമാനിച്ചുറച്ചതു പോലെ അയാൾ അവിടെ നിന്നും ശേഖരിച്ച തെളിവുകളുമായി സഹപ്രവർത്തകരോടൊപ്പം മലയിറങ്ങി.
------------------------------------------------------------------
രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ
---------------- * ------------- * ------------- * ---------
"സർ... വണ്ടി പരിശോധിച്ച റിപ്പോർട്ട് വന്നു.
ബോഡി പാർട്സും എഞ്ചിനുമെല്ലാം പറയുന്ന മോഡൽ വാനുമായി മിസ്മാച്ചാണ്. വാനിന്റെ ഡോക്യുമെൻറ്സ് വ്യാജവുമാണ്.
ആഹ്..സർ, ബ്ലഡിന്റെയും ഫിംഗർപ്രിന്റിന്റെയും റിപ്പോർട്ടു കൂടി വന്നിട്ടുണ്ട്. നരിച്ചീറുകളുടെ മുഖത്ത് പറ്റിയതും ഡെഡ്ബോഡിയുടെ അതേ രക്തമാണ്. കൂടാതെ പണിയായുധങ്ങളിലെ വിരലടയാളങ്ങൾ ഡെഡ്ബോഡിയുടെ വിരലടയാളങ്ങളുമായി മാച്ച് ചെയ്യുന്നുണ്ട്."
കുട്ടൻപിള്ള ഇടക്ക് ഒന്നു നിർത്തി.
"യെസ്.. ദാറ്റ്സ് വാട്ട് ഐ സസ്പെക്റ്റഡ്. പക്ഷേ വാമ്പിയർ നരിച്ചീറുകൾ ഇവിടെ.?"
അയാൾ അർദ്ധാത്മഗതം പറഞ്ഞു.
" പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം പറയുന്നത് ?"
"സർ.. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസതടസമാണ്.. അമിതമായി ചോര വാർന്നതും മരണത്തിന് കാരണമായിരിക്കാം എന്ന് പറയുന്നു. ബ്ലഡിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവാണ്. ഹെറോയിനും മദ്യവും കലർന്ന കോക്ടൈൽ രക്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റിയറിംഗിന്റെ ഞെരുക്കത്തിൽ ശ്വാസകോശത്തിൽ സമ്മർദ്ദവുമുണ്ടായിട്ടുണ്ട്.''
കുട്ടൻപിള്ള പറഞ്ഞു നിർത്തിയപ്പോൾ അയാൾ കണ്ണുകൾ അടച്ചു കൊണ്ട് പുരികങ്ങളെ കൂട്ടിത്തിരുമ്മാൻ തുടങ്ങി.
" അപ്പോൾ നാലു അസ്ഥികൂടങ്ങളുടെ പരിശോധനാ ഫലം?" വീണ്ടും കുട്ടൻപിള്ളയിലേക്ക് നോട്ടമെയ്തു കൊണ്ടുള്ള ചോദ്യം..
"ഇല്ല സർ, അത് വന്നിട്ടില്ല.''
" ദാറ്റ്സ് ഓക്കേ..
പക്ഷേ സ്റ്റീഫനു മുൻപ് റിപ്പോർട്ട് ചെയ്ത നാല് മിസ്സിംഗ് കേസുകളിലും നഷ്ടമായ വാഹനങ്ങളുടെ ഡീറ്റൈൽസ്, വിത്ത് സ്പെയർപാർട്സ് നമ്പർ എടുക്കണം. അതിൽ ഏതെങ്കിലും വണ്ടിയുടെ ചേസ്നമ്പറും എഞ്ചിൻ നമ്പറുമായി ഡെഡ്ബോഡിയുടെ വാനിന്റെ പാർട്സ് മാച്ച് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം..
ബട്ട് ഐ ആം ഡാം ഷുവർ ഇറ്റ് വിൽ മാച്ച്."
ഇതു പറഞ്ഞു കൊണ്ടയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു. കുട്ടൻപിള്ള ഫോൺ അറ്റൻറ് ചെയ്തു കൊണ്ട് അയാളെ വിളിച്ചു.
"സർ.. എസ്.പി. ആണ്. അന്തർ സംസ്ഥാന ലഹരിമാഫിയയെ കുറിച്ചുള്ള അലേർട്ടിന് എന്തേലും തുമ്പ് കിട്ടിയോ എന്ന് ചോദിക്കുന്നു.?"
" സർക്കിൾ ഇൻസ്പെക്ടർ സേതു ഹിയർ സർ. യെസ് സർ.. വി ആർ കമിംഗ് ടു എ കൺക്ലൂഷൻ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രതികളുടെ ഇടയിലെ പ്രധാനിയായ പ്രാദേശിക ലിങ്കിൽ എത്തിനിൽക്കുന്നു സർ.
വിൽ കൺഫേം ലേറ്റർ വിത്ത് പ്രോപ്പർ എവിടെൻസ്..
യെസ് സർ, ദിസ് കേസ് ഈസ് എ കൊയ്റ്റ് ഇന്ററസ്റ്റിംഗ് വൺ.. യെസ് സർ എക്സാക്ട്ലി, നാലു പേരും ഒറ്റതിരിഞ്ഞുള്ളതായതിനാൽ സന്ദർശകരാകാൻ വഴിയില്ല. മെ ബി ഹിസ് കസ്റ്റമേഴ്സ്.. അതേ സർ, ഒരു പക്ഷേ...ഷുവർ സർ.. വിത്ത് നോ ടൈം സർ.."
ഫോണിന്റെ റിസീവർ തഴെവക്കുമ്പോൾ അയാൾ കുട്ടൻപിള്ളയോടായി ചിരിച്ചു.
എന്നിട്ട് മുൻപിൽ വച്ചിരുന്ന അഞ്ച് ഫയലുകളിൽ നിന്നും മുകളിലത്തെ ഫയലിൽ "ക്ലോസ്ഡ്" എന്നെഴുതിയ ചീട്ടുവച്ചുകൊണ്ട് 'റൈറ്റർ' കോൺസ്റ്റബിൾ നാസറിനെ ഏൽപിക്കാനായി കുട്ടൻപിള്ളയുടെ കൈയ്യിൽ നൽകി. അതിന്റെ മുകളിൽ ചുവന്ന നാടയിൽ എഴുതിയത് കുട്ടൻപിള്ള വായിച്ചു.
" സ്റ്റീഫൻ സാമുവൽ,
മാൻ മിസ്സിംഗ് കേസ് "
അന്ന് രാത്രിയും പതിവ് പോലെ ഭക്ഷണത്തിനു മുൻപുള്ള പെഗ്ഗുകൾക്കായി അയാൾ ടീപോയിയെ ഒരുക്കി. ജനാലയ്ക്കരികിലെ ചാരുകസേരയിലിരുന്നിട്ട് ഗ്ലാസിലെ സിഗ്നേച്ചറിനെ, പൊങ്ങിക്കിടക്കുന്ന ഐസ് ക്യൂബുകൾക്കിടയിലൂടെ വലിച്ചുകൊണ്ടയാൾ ചിന്തിച്ചത് വാമ്പിയർ നരിച്ചീറുകളെക്കുറിച്ചും, ആ ചുവന്ന ഒക്ടേവിയ കാറിനെ കുറിച്ചുമായിരുന്നു. KL42- CC 7788 എന്ന കാറിനേയും അതിലെ യാത്രക്കാരേയും കുറിച്ച്..
( അവസാനിച്ചു.)

കാലം നൽകുന്ന കാലുകൾ (കവിത)

Image may contain: one or more people, plant, tree and outdoor

=============================
രണ്ടു കാൽവച്ചന്നു
നെഞ്ചു വിരിച്ചപ്പോൾ,
ചുറ്റും നടന്നതോ
കണ്ണോടിച്ചില്ല ഞാൻ.
എത്രയോ ജന്മങ്ങളൊ-
രുചാൺ വയറിനായ്,
കണ്മുന്നിൽ വന്നതും
കേണു പറഞ്ഞതും.
ഒന്നുമേ കേൾക്കാത്ത
കാണാത്ത മട്ടില-
ന്നാട്ടിയകറ്റി ഞാ-
നാക്ഷേപ വാക്കുമായ്.
ആരോഗ്യ ദൃഢഗാത്ര
കണ്ണാടി ഛായയെ,
എത്രയോ നാളുകൾ
ഗർവ്വോടെ നോക്കി ഞാൻ.
ദേഹത്തെ താങ്ങുവാ-
നാകാതെ കാലുകളി-
ന്നൂന്നുവടി യെന്നൊരാ
മുക്കാലിനായ് പരതി.
കാലം കടന്നുപോയ്
കാലുകൾ വേച്ചുപോയ്,
നാലുകാൽ കട്ടിലിൽ
നാഴികകളെണ്ണി ഞാൻ.
ജീവിതപ്പാച്ചിലിൽ
വാരിയ സ്വത്തുക്കൾ,
പങ്കിടാൻ വെമ്പുന്നൊ-
രവകാശക്കാലുകൾ..
അരുതേയെന്നോതുവാൻ
നാവു കൊതിച്ചിട്ടും,
മൊഴിയുവാനാകാതെ
മലർന്നു കിടന്നു ഞാൻ...
മുന്നിൽ തെളിയുന്നൊ
രാസന്ന മരണവും,
എട്ടുകാൽ താങ്ങുമെൻ
ശവമഞ്ച യാത്രയും...
ജനിമൃതികൾക്കിടയിലി-
ത്തുച്ഛമാം നേരത്തെ-
യറിയുന്നു ഞാനിന്നീ
വൈകിയ വേളയിൽ...

വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും (ചെറുകഥ) - കഥോദയം- (2)

Image may contain: one or more people, plant, tree and outdoor

മോസ്കോ നദിയുടെ ചുംബനമേറ്റുവാങ്ങുന്ന ആ നഗരത്തെ, നദിയിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ടകൾ വല്ലാതെ മരവിപ്പിക്കുന്നുണ്ടായിരുന്നു.തൊപ്പിയും കൈയ്യുറകളും ധരിച്ച കറുത്ത കോട്ടുധാരികളായ നഗരവാസികൾ, ചുണ്ടുകളിലെ സിഗാറുകളിൽ നിന്നും ഉയർത്തിവിടുന്ന പുക ആ തണുത്ത അന്തരീക്ഷത്തിൽ വ്യക്തമായി കാണാമായിരുന്നു. മഞ്ഞിൽ തെന്നി നീങ്ങുന്ന ഷൂസുകളെ നിയന്ത്രിക്കാൻ പാടുപെടുമ്പോഴും മിഖായേലിന്റെ കണ്ണുകൾ അയാളെ തിരയുകയാണ്.തലേ ദിവസം രാത്രിമുഴുവൻ മേൽപാലങ്ങളാൽ സമ്പുഷ്ടമായ ആ തിരക്കേറിയ പട്ടണത്തിലൂടെ ഉറക്കം നഷ്ടപ്പെട്ട പഥികനായി അലഞ്ഞതിന് സാക്ഷിയായിരുന്ന റെസ്റ്റോറന്റിലെ വളർത്തുനായ വീണ്ടും ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. കെട്ടിയ ചങ്ങലയെ കുരുക്കിയിരുന്ന കുറ്റിയെ വലിച്ചുകൊണ്ട് അവൻ കുരക്കുന്നത് കണ്ടപ്പോൾ റെസ്റ്റോറന്റിനകത്ത് ഹാമും ചീസും വായിലേക്ക് വയ്ക്കുന്നവർ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
സോഫിസ്ക്യാ മാർക്കറ്റിലെ ആൾക്കൂട്ടത്തിനിടക്ക് മിഖായേൽ അയാളെ കണ്ടുവെങ്കിലും വീണ്ടും കാഴ്ചയിൽ നിന്നും മറഞ്ഞു. പ്രണയ സാക്ഷാത്കാരത്തിനായി ഏതോ ധനികൻ കെട്ടി ഉയർത്തിയ കത്തീഡ്രലിന്റ സമീപത്ത് വച്ച് വീണ്ടും അയാളെക്കണ്ടു.അടുത്തു ചെല്ലുന്തോറും കൂടുതൽ വേഗത്തിൽ അയാൾ അകന്നു പോകുന്നത് മിഖായേലിനെ ആശ്ചര്യപ്പെടുത്തി.
'സ്പാരോഹിൽ' കുന്നിൻ മുകളിൽ വച്ച് തലേ ദിവസം അയാളെ കണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ മിഖായേലിന്റെ ശ്രദ്ധയാകർഷിക്കാൻ വെമ്പിയിരുന്ന അയാൾ ഒടുവിൽ വിജയം കാണുകയായിരുന്നു. മിഖായേലിനോട് അയാൾ അയാളുടെ വിചിത്രമായ വ്യാപാരത്തെക്കുറിച്ച് വാചാലമായി സംസാരിച്ചിരുന്നു. കൂടുതൽ ചോദിക്കാൻ ആവേശം കാണിച്ച മിഖായേലിനോട് ,നാളെ മാർക്കറ്റിനടുത്തേക്ക് വന്നാൽ കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ട് പിരിഞ്ഞിരുന്നു.
മിഖായേൽ അയാളെ പിന്നിൽ നിന്നും വിളിച്ചു.
" ഇവാൻ.. ഒരു നിമിഷം നിൽക്കൂ. ഇത് ഞാനാണ് മിഖായേൽ. ഇന്നലെ നമ്മൾ തമ്മിൽ..."
സംസാരം മുഴുമിപ്പിക്കുന്നതിന് മുൻപ് ഇവാൻ കുന്നിന്റെ മുകളിലേക്ക് വരാനുള്ള ആഗ്യം കാണിച്ചു. മിഖായേൽ അയാളെ പിന്തുടർന്നു.
ശൈത്യകാലം തുടങ്ങിയതേ ഉള്ളുവെങ്കിലും മഞ്ഞുവീഴ്ചയ്ക്ക് കുറവുണ്ടായിരുന്നില്ല. കുന്നിൻ മുകളിലേക്ക് ആളുകൾ കയറിപ്പോകുന്നത് കാണാമായിരുന്നു. തളളക്കോഴിയുടെ പുറകിൽ കൂട്ടം കൂടി നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ ഗൈഡിനു പുറകിൽ നടക്കുന്ന സഞ്ചാരികളായിരുന്നു അതിൽ കൂടുതലും. കുന്നിന്റെ മുകളിൽ നിന്നാൽ പട്ടണം വ്യക്തമായിക്കാണാം. ദീപങ്ങളാൽ അലങ്കരിക്കപ്പെട്ട പട്ടണത്തിലെ രാത്രി കാഴ്ചകൾ, താരകങ്ങൾ നിറഞ്ഞ തെളിമാനം പ്രതിഫലിപ്പിക്കുന്ന കണ്ണാടിബിംബം പോലെ തോന്നിപ്പിച്ചു. മഞ്ഞുവീഴ്ച തുടങ്ങിയതിനാൽ വഴിയരികിലെ ഉന്തുവണ്ടികളിൽ തൊപ്പികളും കൈയ്യുറകളും വിൽക്കുന്ന വഴിയോരക്കച്ചവടക്കാരെ കാണാമായിരുന്നു. അവിടെ അത്താഴപ്പട്ടിണിക്കാരുടെ മുൻപിൽ ചെലവാക്കാൻ മനസ്സുവരാത്ത റൂബിളുകൾക്കായി ആളുകൾ വിലപേശുന്നതും കാണാമായിരുന്നു.
ഇവാന്റ പുറകെ മലമുകളിൽ എത്തിയ മിഖായേൽ അയാളോട് ചോദിച്ചു.
"ഇന്നലെ നിങ്ങൾ എന്നോട് പറഞ്ഞത് സത്യമാണെങ്കിൽ അതെനിക്കൊന്ന് കാണിച്ചു തരാമോ.? ഇതിനെപ്പറ്റി ചിന്തിച്ചിരുന്ന എനിക്ക് ഇന്നലെ രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ടിരുന്നു. മോസ്കോ നദി വിരിച്ചിട്ട മണൽതിട്ടയിൽ കിടന്നിട്ട്, ആകാശത്തിലെ നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലുമ്പോൾ, അവർക്കു താങ്കളെ അറിയാമെങ്കിലും പറയുവാൻ അനുവാദമില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. കലങ്ങിയ കണ്ണുകളുമായി മുങ്ങിത്താഴ്ന്ന സൂര്യൻ വീണ്ടും ചിരിതൂകിയെത്തും വരെ ഞാൻ ആ ഇരിപ്പ് തുടർന്നു. ചിന്തകളിൽ മുഴുവൻ നിങ്ങളെന്ന സ്വപ്ന വ്യാപാരിയായിരുന്നു.
ഞാൻ ഇതുവരെ കാണാത്ത ചെമ്പൻ രോമങ്ങൾ നിറഞ്ഞ നിങ്ങളുടെ കൈകൾ എനിക്കെന്തോ വല്ലാതെ പരിചയമുള്ളതുപോലെ തോന്നി.
ഒരു പക്ഷേ ആ പരിചയമാകാം ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയതും, ഇന്ന് കൃത്യമായി നിങ്ങളെ തേടിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചതും."
" മിഖായേൽ.. എനിക്ക് നിങ്ങളെ നന്നായി അറിയാം. കുറേ വർഷങ്ങൾക്ക് മുൻപേ തന്നെ. വിശദമായി പരിചയപ്പെടാൻ എന്റെ വ്യാപാരത്തിന്റെ സ്വഭാവം അനുവദിക്കാത്തതു കൊണ്ട് നിങ്ങൾക്ക് വ്യക്തമായ ഓർമ്മ കാണാൻ വഴിയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു."
ഇതു പറയുമ്പോൾ ഇവാന്റെ ശബ്ദത്തിൽ ഗാംഭീര്യം നിറഞ്ഞിരുന്നതായും നീല നിറമുള്ള കണ്ണുകൾ ഇന്ദ്രനീലക്കല്ലുകൾ പോലെ തിളങ്ങുന്നതായും അയാൾക്ക് തോന്നി. കഴുത്തിലൂടെ ചുറ്റിയിരുന്ന കറുത്ത കമ്പിളി പുതപ്പ് അയാളുടെ നീളമുള്ള ചെമ്പൻ താടിയെ അമർത്തുന്നുണ്ടായിരുന്നു. ഇടയ്ക്കിടക്ക് പെയ്തുകൊണ്ടിരുന്ന ചെറുമഞ്ഞിലും അയാളുടെ ചുണ്ടിലെ സിഗാർ പുകഞ്ഞുകൊണ്ടേയിരുന്നു..
"ഒന്ന് ചോദിക്കട്ടെ..നിങ്ങളുടെ സ്വപ്ന വ്യാപാരത്തിൽ നിങ്ങൾക്കുള്ള ലാഭം എത്രയാണ് ഇവാൻ?"
അവർക്കിടയിലെ നിശബ്ദതയുടെ ചെറിയ ഇടവേളയ്ക്ക് ഭംഗം വരുത്തിയിട്ട് മിഖായേൽ ചോദിച്ചു.
"എല്ലാം ലാഭനഷ്ടങ്ങളുടെ തുലാസിൽ തൂക്കാനൊക്കുമോ മിഖായേൽ.? നിങ്ങൾ ഓരോ റൂബിളും കൂട്ടി വച്ചപ്പോൾ, റൂബിളിനേക്കാൾ വിലപിടിപ്പുള്ളതെല്ലാം നിങ്ങൾക്ക് നഷ്ടമായില്ലേ.? ഒടുവിൽ നിങ്ങൾക്കത് വെറും കടലാസു കഷണങ്ങളായപ്പോൾ, അത് റൂബിളുകൾ തന്നെയായി അവശേഷിച്ചവന്റെ കൈകൾക്ക് കാരുണ്യവും നഷ്ടപ്പെട്ടില്ലേ.?. നാളെ നിങ്ങളുടെ നാടിനടുത്തേക്കാണ് എന്റെ യാത്ര. നാളത്തെ വ്യാപാരം അവിടെയാണ്."
"ഓഹ്.. എനിക്ക് വ്യക്തമാകുന്നില്ല ഇവാൻ. നിങ്ങൾ വിൽക്കുന്ന സ്വപ്നങ്ങളിൽ ഒരു ജീവിതം മുഴുവൻ വരച്ചിട്ടിട്ടുണ്ട് എന്ന് നിങ്ങളിന്നലെ പറഞ്ഞിരുന്നല്ലോ. അപ്പോൾ നിങ്ങൾ അതിനായി നല്ലൊരു തുക ഈടാക്കുമായിരിക്കുമല്ലേ?."
"ഒരിക്കലുമില്ല.. ഞാൻ എന്റെ വ്യാപാരം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ടവരിലാണ്. വ്യാപാരശേഷം അവർക്ക് തിരുത്താനോ തിരുത്തപ്പെടാനോ സമയം കൊടുക്കാറില്ല. അത് കൊണ്ട് തന്നെ അവരുടെ പണപ്പെട്ടികളിലെ റൂബിളുകൾ അവിടെത്തന്നെ സുരക്ഷിതവുമായിരിക്കും."
"നമുക്ക് ഇവിടെ നിന്നും അൽപമങ്ങോട്ട് മാറി നിൽക്കാം മിഖായേൽ.. ഇവിടേക്ക് ആളുകൾ വന്നു കൊണ്ടിരിക്കുന്നു. താഴെയുള്ള പട്ടണത്തിന്റെ ദീർഘദൂരക്കാഴ്ചകൾ കണാനെത്തുന്നവർക്ക് നാം എന്തിന് തടസ്സമാകണം?"
ഇവാൻ പറഞ്ഞു.
" അതിന് നമ്മുടെ വർത്തമാനം അവർക്കാർക്കും ഒരു തടസ്സവും സൃഷ്ടിക്കുന്നില്ലല്ലോ ഇവാൻ.?ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്കറിയില്ലല്ലോ, ഏഴ് തട്ടുകളുള്ള ആകാശത്തിലെ എത്ര തട്ടുകൾ അതിനോടകം അവർ കീറിമുറിച്ചു കഴിഞ്ഞെന്ന്."
"ഓഹ്.. അത് ശരിയാണ്.. ഈ മണ്ണിലൂടെ നടക്കുമ്പോൾ, സ്വപ്നങ്ങൾ ബാക്കിവച്ച മനസുകളുമായി സംസാരിക്കുമ്പോൾ, ഞാൻ പലപ്പോഴും എന്നെ തന്നെ മറക്കാറുണ്ട്.. കേൾവിക്കാരന്റെ അവസ്ഥയേയും. ക്രെംലിനിൽ താവളമാക്കിയതിൽ പിന്നെയാണോ ഞാനിങ്ങനെ... അറിയില്ല."
"അതൊക്കെ ഞാൻ സമ്മതിച്ചു. സമയം കളയാതെ ഇന്നലെ സൂചിപ്പിച്ച വിൽക്കാൻ വച്ചിരിയ്ക്കുന്ന ആ സ്വപ്നം എനിക്കൊന്ന് കാണിച്ചു തരാമോ ഇവാൻ...?"
മിഖായേലിന്റെ ഉള്ളിലെ ആകാംഷ ആ വാക്കുകളിലും കണ്ണുകളിലും പ്രകടമായിരുന്നു..
"വിശദമായ ചോദ്യം ചെയ്യലുകൾ ഉണ്ടാവില്ല എന്ന് നിങ്ങൾ ഉറപ്പ് നൽകുകയാണെങ്കിൽ ആ സ്വപ്നം പൂർണ്ണമായും നിങ്ങൾക്ക് കാണുച്ചു തരാം..എന്താ സമ്മതമാണോ മിഖായേൽ.?"
ഇവാൻ പറഞ്ഞതിനോട് മിഖായേൽ തലയാട്ടിക്കൊണ്ട് സമ്മതം മൂളി.
അപ്പോൾ അവിടെ രണ്ടുമൂന്നടി ഉയരത്തിൽ വീണു കിടന്നിരുന്ന മഞ്ഞുകട്ടകളെ വകഞ്ഞു മാറ്റിക്കൊണ്ട് കുന്നിലേക്കുള്ള പാതകളെ തെളിച്ചിടുവാൻ ജീവനക്കാർ പണിയെടുക്കുന്നത് കാണാമായിരുന്നു. മികച്ചതല്ലെങ്കിലും തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിയായ ഒരു റഷ്യൻ ഗൈഡ് തന്റെ കൈകൾ ചൂണ്ടിക്കൊണ്ട് ,പൊടിപ്പും തൊങ്ങലും വച്ച അത്യോക്തികൾ സഞ്ചാരികളോട് വിളമ്പുന്നുണ്ടായിരുന്നു. ചില കമിതാക്കൾ ആളൊഴിഞ്ഞ മൂലകളിലേക്ക് മാറി നിന്നുകൊണ്ട് അവരുടെ ചുണ്ടുകളിൽ നാവുകളാലും പല്ലുകളാലും പരസ്പരം കോറിയിടുന്ന പ്രണയ ചിത്രങ്ങളെ കണ്ടുമടുത്ത മഞ്ഞു തുള്ളികൾ, അതൊന്നും വകവയ്ക്കാതെ താഴേക്ക് പതിച്ചു കൊണ്ടേയിരുന്നു.
ഇവാൻ സ്വപ്നം നിറച്ച കാർഡുകൾ തന്റെ തോളിലെ തുകൽ സഞ്ചിയിൽ നിന്നും പുറത്തെടുത്തു. ഇമവെട്ടാതെ മിഖായേൽ ഇവാന്റെ കൈകളിലേക്ക് നോക്കി. ഇവാൻ ആ കാർഡുകൾ ഓരോന്നായി അയാളുടെ മുൻപിൽ കാണിക്കാൻ തുടങ്ങി. കാണാൻ കാത്തിരുന്ന ആ സ്വപ്നം തിരശ്ശീലയിലെ ചിത്രങ്ങൾ പോലെ മിഖായേലിന്റെ കൺമുന്നിലൂടെ സഞ്ചരിക്കാൻ തുടങ്ങി..
---------------------------------------------------------------------
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വരണ്ട ഒരു താഴ്വര കാണാം. അവിടെ പുല്ലുകളും ചെറിയ കുറ്റിച്ചെടികളും ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. വറ്റിത്തുടങ്ങിയ തടാകങ്ങളിലെ വെള്ളം നടുഭാഗത്തേക്ക് മാറി പിണങ്ങി നിൽക്കുന്നു. അവിടേക്ക് എണ്ണിയാൽ ഒടുങ്ങാത്ത ആടുകളേയും മേയ്ച്ചു കൊണ്ട് ഒരു ആട്ടിടയൻ വരുന്നു. ചെറുകൂട്ടങ്ങളായി അയാൾ ആടുകളെ പിരിച്ചുവിടുകയും ഓരോ കൂട്ടങ്ങൾക്കും ഓരോ മേച്ചിൽ പുറങ്ങൾ നിശ്ചയിക്കുകയും ചെയ്തിട്ട് ആട്ടിടയൻ എങ്ങോട്ടോ പോയിമറഞ്ഞു. ഓരോ ആടുകളേയും കാണാമറയത്തിരുന്ന് ആട്ടിടയൻ കാണുന്നുണ്ടായിരുന്നെങ്കിലും ആടുകൾക്കത് മനസ്സിലാക്കുന്നുണ്ടായിരുന്നില്ല.
കുറച്ച് ആടുകളുടെ കൂട്ടത്തിലേക്ക് വീണ്ടും ശ്രദ്ധ പോകുന്നു. ആ ആടുകൾ അന്യോന്യം പേരുകൾ വിളിക്കുന്നത് കേൾക്കാമായിരുന്നു. നിക്കലേവും സൈറസും വെറോനിക്കയും കാതറിനും, അങ്ങനെയങ്ങനെ ഓരോരോ പേരുകൾ...
ഇണയായ സൈറസിന്റെ വാക്കുകൾ കേട്ടിട്ട് നിക്കലേവ് മകൾ കാതറിനേയും കൂട്ടിക്കൊണ്ട് കുറേ ദൂരത്തേക്ക് പച്ചപ്പുള്ള താഴ്വര തേടിപ്പോകുകയാണ്. അവരുടെ പ്രായമായ അമ്മയാട് വെറോനിക്കയെ, അവർ കൂടെ കൂട്ടാതെയാണ് പോകുന്നത്. ഒറ്റയ്ക്കായിപ്പോയ വെറോനിക്ക സ്വന്തമായി മേയാൻ സാധിക്കാതെ ചുറ്റുപാടും നോക്കി കരയുന്നുണ്ടായിരുന്നു. ആടുകൾ അറിയുന്നില്ല എങ്കിലും, കയ്യിലെ വടി കൊണ്ട് ഒന്ന് അടിക്കുക പോലും ചെയ്യാതെ ആട്ടിടയൻ ഇതെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു.
കുറച്ച് ദൂരം മുൻപോട്ട് പോയപ്പോൾ കാതറിൻ എന്ന ആട്ടിൻകുട്ടി അവളുടെ തള്ളയാടായ സൈറസിനോട് മുത്തശ്ശി വെറോനിക്കയെ കൂടെ കൂട്ടാൻ വാശി പിടിക്കുന്നു. ആട്ടിൻകുട്ടിയെ പിന്തിരിപ്പിക്കാൻ അവർ ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒടുവിൽ മകളുടെ വാശിക്ക് കീഴടങ്ങുന്നു. ആ ആട്ടിൻപറ്റം തിരിച്ചു താഴ്വരയിലേക്ക് എത്തുകയും ആ മുത്തശ്ശിയാടിനെ കൂടെ കൂട്ടുകയും ചെയ്യുന്നു..
മുത്തശ്ശിയാടിന്റെ മുഖത്ത് സന്തോഷം നിറഞ്ഞൊഴുകി.നടത്തത്തിൽ മുഴുവൻ വെറോനിക്ക കൊച്ചുമകൾ കാതറിനെ തലകൊണ്ട് ദേഹത്തുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
നടത്തത്തിനിടയിൽ കാതറിൻ സൈറസിന്റെ മുലകുടിക്കുകയും ദാഹം തീർക്കുകയും ചെയ്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പനയോലകൾ കൊണ്ട് മേഞ്ഞ ഒരു കുടിലിന് മുൻപിൽ അവർ ചെന്നെത്തി. അവിടെ ശേഖരിച്ചു വച്ചിരുന്ന പച്ചപ്പുല്ലുകളും വെള്ളവും കൊണ്ട് അവർ വിശപ്പടക്കി.ഒത്തിരി പ്രായമായ ആടുകൾക്കിടയിൽ വെറോനിക്കയെ വിട്ടിട്ട് അവർ യാത്ര തുടർന്നു. വെറോനിക്കയെന്ന മുത്തശ്ശിയാടിന്റെ കണ്ണുകൾ നിറയുകയും ഉച്ചത്തിലുള്ള കരച്ചിൽ ആ വരണ്ട താഴ്വരയിൽ മുഴങ്ങുകയും ചെയ്തു. കാതറിനെന്ന ആട്ടിൻകുട്ടി കരഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വകവക്കാതെ നിക്കലേവും സൈറസും യാത്ര തുടർന്നു. വെറോനിക്കയുടെ പാൽ ചുരത്താത്ത ഉണങ്ങിയ മുലകൾ പാലൂട്ടിയ നിക്കലേവിനെ ശപിക്കുന്നത് കുടിലിലെ വയസ്സായ മറ്റ് ആടുകൾ കേൾക്കുന്നുണ്ടായിരുന്നു.
ഒത്തിരി ദൂരം താണ്ടിയ നിക്കലേവും സൈറസും മകൾ കാതറിനുമൊത്ത് പച്ചപ്പുള്ള ഒരു താഴ്വരയിൽ എത്തുന്നു. അവിടെ അവർ ഇതുവരെ കാണാത്ത ആട്ടിൻപറ്റങ്ങൾ മേയുന്നുണ്ടായിരുന്നു. പക്ഷേ അവരുടേയും യജമാനൻ നേരത്തെ കണ്ട ആട്ടിടയൻ തന്നെയായിരുന്നു. അവിടെ കനം കൂടിയ പുല്ലുകളും വെള്ളം നിറഞ്ഞ ചെറിയ തടാകങ്ങളും ഉണ്ടായിരുന്നു.
കാലം മുന്നോട്ട് നീങ്ങി.. സൈറസിന് മറ്റുള്ള ആട്ടിൻ പറ്റങ്ങളോടുള്ള സൗഹൃദം വളർന്നപ്പോൾ, നിക്കലേവ് എന്ന നാൽക്കാലിയുടെ ലോകം മകൾ കാതറിൻ മാത്രമായി ഒതുങ്ങി. വളർന്നു വലുതാകുകയും, വെള്ള നിറവും രോമങ്ങൾ നിറഞ്ഞ ശരീരവുമുണ്ടായിരുന്ന കാതറിൻ, അവളുടെ ഇണയാടിനെ സ്വയം കണ്ടെത്തി മറ്റൊരു താഴ്വര തേടിപ്പോകുമ്പോൾ, നിക്കലേവ് എന്ന മുട്ടനാട് ഏകാന്തവാസത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.
കാലം മനസ്സിൽ നിറച്ച കുറ്റബോധം നിക്കലേവിനെക്കൊണ്ട് അമ്മയാടിനെ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നു. ഒരു ദിവസം നിക്കലേവ് ആ വരണ്ട താഴ്വരയിലെ കുടിലിലേക്ക് യാത്ര തിരിച്ചു. ഒടുവിൽ താഴ്വരയിൽ എത്തിയ നിക്കലേവ് അത്ഭുതം പൂണ്ടു. വരണ്ട താഴ്വര പച്ച പിടിച്ചിരിക്കുന്നതും തടാകങ്ങളിൽ ശുദ്ധജലം നിറഞ്ഞിരിക്കുന്നതും അവൻ കണ്ടു.
കുടിലിൽ അമ്മ വെറോനിക്കയെ അന്വേഷിച്ചെങ്കിലും അവിടുത്തെ മുതിർന്ന ഒരാട് നിക്കലേവിനെ വേറൊരിടത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഏകാന്തമായ താഴ്വരയിൽ നിശബ്ദമായ ഒലീവ് മരത്തണലിൽ അമ്മയാടിനെ മറമാടിയിരിക്കുന്നത് അവൻ കണ്ടു. ഹൃദയം തകരുന്ന വേദനയോടെ അവൻ ഒലീവ് മരങ്ങളിൽ തന്റെ വളഞ്ഞ കൊമ്പുകൾ ഇടിക്കുകയും അൽപം ചോര പൊടിയുകയും ചെയ്തു. മനസ്സിൽ ഉരുവിട്ട മാപ്പപേക്ഷകളുമായി നിക്കലേവ് തിരികെ വീട്ടിലേക്ക് തിരിക്കുന്നു.
കുറ്റബോധം പ്രായത്തെ കവച്ചുവച്ചപ്പോൾ അവന്റെ കൈകാലുകൾക്കും മനസ്സിനും ബലം നഷ്ടപ്പെട്ടു. ഭാര്യയുടെ വാക്കു കേട്ട് അമ്മയെ ഉപേക്ഷിച്ച തനിക്ക് ഒടുവിൽ സ്നേഹം നൽകാൻ ഭാര്യയും, വാൽസല്യം നൽകാൻ മകളും ഇല്ലാതായത് ഓർത്ത് രോഗശയ്യയിൽ കിടക്കുന്ന നിക്കലേവ് എന്ന ആടിന്റെ നിറകണ്ണുകളുടെ ചിത്രം കാണിച്ചു കൊണ്ട്, സ്വപ്നത്തിന്റെ അവസാനത്തെ കാർഡ് ഇവാൻ തിരികെ എടുത്തു വെയ്ക്കുമ്പോൾ മിഖായേലിന്റെ കൺതടങ്ങൾ ചാലിടാൻ തുടങ്ങിയിരുന്നു.
------------------------------------------------------------------
കൂടുതൽ ചോദ്യം പാടില്ല എന്ന മുൻവ്യവസ്ഥ അംഗീകരിച്ചതു കൊണ്ട് ചോദ്യങ്ങൾക്കു നിൽക്കാതെ മിഖായേൽ ഒന്നു മാത്രം ഇവാനോട് ആവശ്യപ്പെട്ടു.
" നാളെ നിങ്ങളോടൊപ്പം വ്യാപാരത്തിന് ഞാനും വന്നുകൊള്ളട്ടെ.? "
ആദ്യം വിസമ്മതിച്ച ഇവാൻ പിന്നീട് മിഖായേലിന്റെ നിർബന്ധത്തിനു വഴങ്ങി.
പതിയെ കുന്നിറങ്ങി അവർ നദീതീരത്തേക്ക് നടന്നു നീങ്ങുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. വഴിയിൽ സ്ട്രിപ്പ് ക്ലബുകളുടെ മുൻപിൽ നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. അവിടെ മുഴങ്ങിയിരുന്ന ഡി.ജെ സംഗീതവും അകത്ത് വിളമ്പിയിരുന്ന വോഡ്കയുടെ ഗന്ധവും ഇടക്കിടക്കായി അടച്ചുതുറന്നിരുന്ന വാതിൽ കടന്ന് പുറത്തേക്ക് ഒഴുകുകയാണ്.
നദിക്കരയിൽ മരപ്പലകകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കോട്ടേജിൽ രാത്രി കഴിച്ചുകൂട്ടാൻ അവരെത്തി. സിമന്റു കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക തറയിൽ തീ കായാനായി 'ബിർച്ച്' മരത്തിന്റെ ചില്ലകൾ കൂട്ടിയിട്ട് കത്തിച്ചു. പല പാത്രങ്ങളിൽ അത്താഴത്തിനുള്ള വിഭവങ്ങൾ നിറച്ചിരിക്കുന്നു. ഉരുളക്കിഴങ്ങും ഓട്സും ബേക്കണും ഉപ്പിലിട്ട വെള്ളരിക്കയും ഒക്കെയായി വച്ചിരിക്കുന്ന മുൽഗിപുതറും, കുഴച്ച മാവിന്റെയുള്ളിൽ ചെറുതായി നുറുക്കിയ മാംസം നിറച്ചിട്ട് പുഴുങ്ങിയ 'പെൽമെനിയും' അവർ വയറു നിറയെ കഴിച്ചു. മൺ കൂജകളിൽ നിറച്ചിരുന്ന 'ലാഗർ' ബിയർ തലയ്ക്ക് മത്തുപിടിപ്പിച്ചപ്പോൾ, പുറത്ത് ശക്തമായി പെയ്യുന്ന മഞ്ഞിന്റെ അരിച്ചിറങ്ങിയ തണുപ്പിനെ അകറ്റാനായി കട്ടിയുള്ള കമ്പളം തലവഴി മൂടിക്കൊണ്ട് അവർ ആ കോട്ടേജിൽ ചുരുണ്ടുകൂടി.
രാത്രിയിലെപ്പോഴോ ആ വിറക് കൊള്ളികൾ കത്തിത്തീർന്നുവെങ്കിലും കനലുകൾ പുലരുവോളം തിളങ്ങുന്നുണ്ടായിരുന്നു. ഇടക്ക് വാതിലിനടിയിലെ വിടവിൽ നിന്നും അകത്ത് കടന്നിരുന്ന തണുത്ത കാറ്റ് കനലുകളെ വീണ്ടും വീണ്ടും ഊതിച്ചുമപ്പിച്ചു കൊണ്ടിരുന്നു.മിഖായേലിന്റെ ഉള്ളിൽ കത്തുന്ന കനലുപോലെ .
നേരം പുലർന്നപ്പോൾ തന്നെ ഇവാൻ മിഖായേലിനെ വിളിച്ചുണർത്തി. സ്വപ്നങ്ങളുടെ കാർഡുകൾ നിറച്ച തുകൽ സഞ്ചിയുമായി ഇവാൻ മുന്നിൽ നടന്നു. ചുണ്ടിലെ സിഗാറിന്റെ പുക നടത്തത്തിൽ പിന്നോട്ട് പറക്കുന്ന കാഴ്ച കണ്ടപ്പോൾ, മീറ്റർഗേജ് പാതയിലൂടെ പായുന്ന കൽക്കരി എഞ്ചിനുകൾ പോലെ തോന്നിയിരുന്നു.
മൂന്ന്-നാല് മണിക്കൂറുകൾക്കിപ്പുറം, പ്രഭാത ഭക്ഷണം കഴിഞ്ഞ് ആളുകൾ ജോലികളിൽ മുഴുകുന്ന നേരത്താണ് ഇവാനും മിഖായേലും ശാന്തമായ ആ നഗരത്തിലെത്തിയത്. ആ നഗരത്തെ തലോടിയിരുന്ന 'നെവാ' നദി അപ്പോഴും മഞ്ഞിന്റ പുതപ്പണിഞ്ഞുകൊണ്ട് മയങ്ങുകയായിരുന്നു. വീടെത്തിയപ്പോൾ വേലിക്കപ്പുറം വരെ മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന മിഖായേലിനെ അവിടെ നിർത്തിക്കൊണ്ട് ഇവാൻ അകത്തേക്കു നീങ്ങി. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇവാൻ തിരിച്ചെത്തി. മിഖായേലുമായി സംസാരിച്ചു നിൽക്കുമ്പോൾ ആ വേലി കടന്ന് ആളുകൾ വീടിന്നകത്തേക്ക് പോകുന്നുണ്ടായിരുന്നു.
ഇവാൻ മിഖായിലിനേയും കൂട്ടി മറ്റൊരിടത്തേക്ക് പോയി. കായ്ച്ചു നിൽക്കുന്ന ഒലീവ് മരങ്ങൾ തണലിട്ട ആ മുറ്റത്ത് കാറ്റിൽ അങ്ങിങ്ങായി പറന്നുകിടന്ന ലില്ലിപ്പൂക്കളേയും കാർണേഷൻ പൂക്കളേയും അവർ കണ്ടു.
"ഉവ്വ്.. എനിക്കറിയാം ഈ സ്ഥലം.. എനിക്കറിയാം. നിയന്ത്രണങ്ങളില്ലാതിരുന്നെങ്കിൽ ഇതിനു മുൻപേ ഞാൻ കയറാൻ ആഗ്രഹിച്ച സ്ഥലങ്ങളിലൊന്ന്.."
ഇതു പറഞ്ഞ മിഖായേലിനെ നോക്കി ഇവാൻ പുഞ്ചിരിച്ചു.ഇവാന്റെ തോളിൽ കിടന്ന സഞ്ചി കാറ്റിലാടുന്നത് കണ്ടപ്പോൾ സ്വപ്നത്തിന്റെ കാർഡുകളെ പറ്റി മിഖായേൽ ചോദിച്ചു.
"ഓഹ്.. ആ സ്വപ്നങ്ങളോ.. അത് വിലയില്ലാത്ത റൂബിളുകൾക്ക് ഞാൻ നേരത്തെ കാണാൻ പോയ വീട്ടിലെ മനുഷ്യന് വിറ്റു. മൂന്ന് നാളുകൾക്ക് ശേഷം വേറൊരു സ്വപ്നം വിൽക്കാനുണ്ട്. അതിനായി ഇങ്ങോട്ട് വീണ്ടും വരേണ്ടതുമുണ്ട്. അതിനും ഇന്നുണ്ടായിരുന്ന സ്വപ്നത്തോട് സാമ്യമില്ലാതില്ല."
ഇതും പറഞ്ഞു കൊണ്ട് ആ സ്വപ്ന വ്യാപാരി മിഖായേലിനോട് യാത്ര പറഞ്ഞു.
കുറച്ചകലെ വൃദ്ധസദനത്തിലെ ഒരു പുരോഹിതൻ കുറച്ചാളുകൾക്ക് മുൻപിൽ കൈകൾ ചൂണ്ടിക്കൊണ്ട് എന്തോ വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഒരേ പേരിലുള്ള നിരവധി അന്തേവാസികൾക്കിടയിൽ നിന്നും അവർക്ക് കാണേണ്ടുന്ന സ്ഥലം ആധികാരികമായി പറയാൻ, ജീവിച്ചിരിക്കുന്നവരിൽ ആ പുരോഹിതനേ സാധിക്കൂ എന്ന ഉറപ്പുള്ളതുകൊണ്ടാകാം അവർ അദ്ദേഹത്തെ വിളിച്ചത്.
തങ്ങൾ ചെയ്യേണ്ട ജോലിയുടെ സ്ഥലം കണ്ടെത്തിയ അവർ, കുറച്ചു നേരത്തെ സംഭാഷണത്തിനു ശേഷം പണിയായുധങ്ങൾ എടുക്കാനായി അവിടെ നിന്നും പോയി. അപ്പോൾ മിഖായേൽ പുരോഹിതൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നടന്നു. അവിടെ ഒരു മാർബിൾ ഫലകത്തിനു മുകളിൽ അയാൾ തല ചായ്ച്ചിരുന്നു. പെട്ടെന്ന് ഒരാഴ്ച പഴക്കം തോന്നിക്കുന്ന വാടിയ ഇളം ചുവപ്പുനിറത്തിലുള്ള കാർണേഷൻ പൂക്കൾ ആ മാർബിളിനു മുകളിൽ വച്ചിരിക്കുന്നത് അയാൾ കണ്ടു. തൊട്ടടുത്ത് നിൽക്കുന്ന ഒലീവ് മരത്തിന്റെ തടിയിൽ കുറച്ച് രക്തക്കറ പുരണ്ടിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു.
മാർബിളിൽ റഷ്യൻ ഭാഷയിൽ കൊത്തിയ വരികളിലേക്ക് മിഖായേലിന്റെ നിറകണ്ണുകൾ പാഞ്ഞു.അതിൽ എഴുതിയിരിക്കുന്നത് അയാൾ മനസ്സിൽ വായിച്ചു.
"ഒലീവ് മരങ്ങളുടെ താഴ്വരയിൽ നിന്നും ലില്ലിപൂക്കൾ കോർത്ത ഹാരവുമായി നിന്റെ സന്നിധിയിലേക്കവൾ പുറപ്പെടുകയായ്..
വെറോനിക്ക മിഖായേൽ,
ജനനം : ........
മരണം: ..........."
അപ്പോഴേക്കും തൊട്ടരികിൽ തന്നെ പണിയായുധങ്ങളുമായി തിരിച്ചെത്തിയവർ തങ്ങളുടെ കുഴിയെടുക്കുന്ന ജോലി തുടങ്ങിയിരുന്നു. ഒന്ന് രണ്ടാളുകൾ ഒരു ഗ്രാനൈറ്റും ഒരു കുരിശും താങ്ങിയെടുത്ത് കൊണ്ടുവന്ന്, തൊട്ടടുത്ത് നിന്ന ഒലീവ് മരത്തിലേക്ക് ചാരി വയ്ക്കുന്നത് കണ്ടു.
മിഖായേൽ അവിടെ നിന്നും തിരിച്ചു നടന്നു. അവിടേക്ക് ആളുകൾ കൂട്ടമായി എത്തുന്നത് നടത്തത്തിനിടയിൽ അയാൾ ശ്രദ്ധിച്ചു. വർണ്ണാഭമായ കത്തീഡ്രലിന്റെ സമീപത്തുകൂടി അയാൾ മുന്നോട്ട് നീങ്ങി. പെട്ടെന്ന് കയ്യിൽ കടും ചുവപ്പു നിറത്തിലുള്ള കാർണേഷൻ പൂക്കളുടെ ബൊക്കെയുമേന്തിക്കൊണ്ട് ഒരു സ്ത്രീ എതിരെ നടന്നു വരുന്നത് കണ്ടു. അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.
തൊട്ടടുത്തെത്തിയപ്പോൾ അയാൾ അവരുടെ വിറയ്ക്കുന്ന കൈകളിൽ കരുതിയ പൂക്കളുടെ ബൊക്കയിലേക്ക് സസൂക്ഷ്മം നോക്കി. അതിൽ എഴുതിയ വാക്കുകൾ അയാളെ വീണ്ടും സങ്കടത്തിലാഴ്ത്തി. നടത്തത്തിനിടയിൽ ബൊക്കെയിൽ എഴുതിയിരുന്ന വാക്കുകൾ അയാൾ ഇപ്രകാരം ഉരുവിട്ടു കൊണ്ടിരുന്നു.
" നിറഞ്ഞ സ്നേഹത്തോടെ കാത്തിരുന്ന പ്രിയ 'നിക്കലേവ് മിഖായേൽ', ഒടുവിൽ ഒറ്റപ്പെട്ടുപോയ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കില്ലാത്ത വിധം ഞാൻ താങ്കളെ തേടിയെത്തുമ്പോൾ ഒരു പാട് വൈകിയല്ലോ പ്രിയനേ..?
നിനക്കായ് ഇതാ ഈ ഹൃദയപുഷ്പങ്ങൾ....
സൈറസ് നിക്കലേവ് .. "
പെട്ടെന്ന്, ഇവാൻ യാത്ര പറയുമ്പോൾ പറഞ്ഞ വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു.
" മൂന്ന് നാളുകൾക്ക് ശേഷം വേറൊരു സ്വപ്നം വിൽക്കാനുണ്ട്. അതിനായി ഇങ്ങോട്ട് വീണ്ടും വരേണ്ടതുണ്ട്.".
എന്ന വാക്കുകൾ..
പെട്ടെന്ന് ചിന്തകളുടെ പടികൾ കയറിയ മിഖായേൽ, എന്തോ നിശ്ചയിച്ചുറപ്പിച്ചതു പോലെ വേഗത്തിൽ നടക്കാൻ തുടങ്ങി. മഹാരഥൻമാർ മറവു ചെയ്യപ്പെട്ട ക്രെംലിൻ മതിലിനടുത്തായാണ് തന്റെ സ്ഥിരം താവളമെന്ന് ഇവാൻ വാക്കുകളാൽ പരിചയപ്പെടുത്തിയ സ്ഥലം ലക്ഷ്യമാക്കിക്കൊണ്ട്. മൂന്ന് ദിവസം കഴിയുമ്പോൾ വാടുന്ന ചുവന്ന കാർണേഷൻ പൂക്കൾ വിളിച്ചു വരുത്തുന്ന സ്വപ്ന വ്യാപാരിയുടെ പുതിയ സ്വപ്നം, ഒരൊറ്റ റൂബിൾ പോലും നൽകാതെ കാണുവാനായി....
### ഷെഫീർ ###

ചെകുത്താന്റെ ഏകാന്തവാസവും വെള്ളംനിറച്ച കുപ്പികളും - കഥോദയം - (1)

Image may contain: 1 person, standing and suit

നീണ്ട വരാന്തയിൽ നിന്നും 122- ാം നമ്പർ മുറിയിലേക്ക് കടന്നു വരുന്ന പോക്കുവെയിൽ പോലും ക്രിസ്റ്റഫറിന് വല്ലാതെ അരോചകമായി തോന്നി.. മുറിയുടെ ഒരു ഭാഗത്ത് തൂക്കിയിരിക്കുന്ന ബൾബ്, പ്രകാശം നൽകാൻ പിശുക്ക് കാണിക്കുന്നുവെങ്കിലും അയാളത് നന്നായി ആസ്വദിച്ചിരുന്നു. വളർന്നു തൂങ്ങിയ താടിയിൽ ഇടക്കിടെ തിളങ്ങുന്ന വെള്ളി രോമങ്ങൾ ആനന്ദത്തിലാണ്. നാളെ അർദ്ധരാത്രിയോടെ അധികാരം പിടിച്ചടക്കിയിരിക്കുന്ന കറുത്ത രോമങ്ങളിൽ നിന്നും സ്വതന്ത്രമാകുന്നത് ആലോചിച്ചതു കൊണ്ടാകാം അവറ്റകൾക്ക് ഇത്രമാത്രം സന്തോഷം തോന്നുന്നത്.. ചെളി തിങ്ങിയ നഖങ്ങളാൽ ജടപിടിച്ച മുടിയിഴകളിൽ ചൊറിഞ്ഞ് കൊണ്ട് , അയാൾ തറയിൽ അസ്വസ്ഥനായി ഇരിക്കുകയാണ്. ഉടുത്തിരിക്കുന്ന ഒറ്റമുണ്ടിൽ നിന്നും പുറത്ത് ചാടിയിരിക്കുന്ന കാൽപാദങ്ങളിൽ സിമന്റ് തറയുടെ അസഹ്യമായ തണുപ്പ് അരിച്ചിറങ്ങുന്നതു കൊണ്ടാകാം ഇടക്കിടക്ക് ഉള്ളം കാലുകളിൽ കൈകൾ കൊണ്ട് തടവുന്നുമുണ്ട്.
ദൂരെ നിന്നും അടുത്തേക്കെത്തുന്ന ഷൂസുകളുടെ ശബ്ദം കേട്ടപ്പോൾ ക്രിസ്റ്റഫർ പുറത്തേക്ക് ചെവി കൂർപ്പിച്ച് ഇരുന്നു. അയാളിഷ്ടപ്പെടുന്ന ആ ചവിട്ടടികൾ ആ മുഖത്തെ അൽപം പ്രസന്നമാക്കിയതുപോലെ.
"മിസ്റ്റർ ക്രിസ്റ്റഫർ..നാളെ രാത്രിയിലേക്കുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞോ?"
ആഗതൻ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
"ആഹ്.."
ക്രിസ്റ്റഫർ മെല്ലെയൊന്ന് മുരളുക മാത്രം ചെയ്തു.
"ഇന്ന് ലീവായിരുന്നു. യാത്രയും ഉണ്ടായിരുന്നു. നാളെ രാത്രിയിലാണ് ഡ്യൂട്ടി.. ഓരോ അസ്തമയത്തിലും വരാനിരിയ്ക്കുന്ന പുലരിയുടെ പുതിയ പ്രതീക്ഷകൾ ഒളിപ്പിച്ചിട്ടുണ്ട്. പ്രഭാതത്തിനും പ്രദോഷത്തിനും ഇടയിൽ അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. ഓർമ്മപ്പെടുത്തലുകൾ ആവശ്യമില്ലാതെ, കാലം കരുതിവച്ചിരിക്കുന്ന നീതിയാണത്."
അയാൾ പറഞ്ഞു നിർത്തി.
"ഹും.."
ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ക്രിസ്റ്റഫർ വീണ്ടും ആ സിമന്റ് തറയിലേക്ക് നോക്കി കുനിഞ്ഞിരുന്നു.
അരികിൽ കിടന്നിരുന്ന സ്റ്റീൽ പാത്രത്തിന്റെയും അതിന് മുകളിൽ കമിഴ്ത്തിയിരിക്കുന്ന ഗ്ലാസിന്റെയും അടുത്ത് മുഷിഞ്ഞ പുറംചട്ടയുള്ള "ചെകുത്താന്റെ ഏകാന്തവാസം" എന്നെഴുതിയ, പുസ്തകത്തിന്റെ വായിച്ചു തീരാറായ അടയാളച്ചീട്ട് അയാളുടെ ശ്രദ്ധയിൽപ്പെട്ടു .പുസ്തകത്തിന്റെ പേരിനും ക്രിസ്റ്റഫറിന്റെ ജീവിതത്തിനും വല്ലാത്ത സാമ്യമുള്ളത് പോലെ അയാൾക്ക് തോന്നി. അൽപ നേരത്തിന് ശേഷം തിരികെ നടന്നകന്ന ഷൂസുകളുടെ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായിരിക്കുന്നു.
ക്രിസ്റ്റഫർ ഫെർണാണ്ടസ്..പേരിലെ വാലു കൊണ്ട് അനാഥന്റെ നേർക്കുള്ള സമൂഹത്തിന്റെ സഹതാപനോട്ടത്തിന് പിടിനൽകാത്തവൻ. അനാഥമന്ദിരത്തിന്റെ നിശബ്ദ ചുമരുകൾക്കുള്ളിൽ ബാല്യ-കൗമാരങ്ങൾ ഹോമിക്കപ്പെട്ടപ്പോൾ, യൗവ്വനം വരച്ച പ്രണയ ചിത്രങ്ങൾക്ക് നിറം പകരാൻ ആൻമേരിയെത്തി. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി നാടുകൾ ചുറ്റി സഞ്ചരിക്കാൻ സമയം തികയാതിരുന്ന അക്കാലത്ത്, ആൻമേരിയ്ക്കും കരോലിനുമൊപ്പം പുസ്തകങ്ങളോടും പ്രകൃതിയോടും പ്രണയം പങ്കുവച്ച ആകർഷണീയമായ വ്യക്തിത്വം. ഇന്നിപ്പോൾ ആരോടും സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, ഇരുട്ടിനെ വല്ലാതെ സ്നേഹിക്കുന്നവൻ. ആരുടെ മുൻപിലും ചലിക്കാത്ത ക്രിസ്റ്റഫറിന്റെ നാവ് ഒരാൾക്ക് മുൻപിൽ മാത്രമാണ് വ്രതം മുറിച്ചിരുന്നത്. ആ മനുഷ്യനാണ് അൽപം മുൻപ് വന്ന് പോയത്.
ഇടക്കിടക്ക് അയാൾ ക്രിസ്റ്റഫറിനോട് ചോദിക്കാറുണ്ട്.
"ക്രിസ്റ്റഫർ... താങ്കളെ കാത്തിരിക്കുന്നത് അനന്ത വിശാലമായ ഒരു ലോകമല്ലേ .അവിടെ മഞ്ഞ് വീഴുന്ന മലകളും താഴ്ഭാഗത്തു കൂടി ഒഴുകുന്ന പാലരുവികളുമുണ്ടല്ലോ. തേനിനേക്കാൾ മാധുര്യവും മദ്യത്തേക്കാൾ ലഹരിയുള്ളതുമായ പാനീയങ്ങൾ വെള്ളിക്കോപ്പകളിൽ നിറച്ചിരിക്കുന്നത് എത്ര വേണമെങ്കിലും പാനം ചെയ്യാം. ഫലഭൂയിഷ്ടമായ താഴ്വരകളെ അലങ്കരിക്കുന്ന നിത്യഹരിതങ്ങളായ ഒലീവ് മരങ്ങളേയും, ലെബനോനിലെ ആകാശംമുട്ടെ വളരുന്ന ദേവദാരുക്കളെ പോലുള്ള ഒറ്റത്തടിയുള്ള വൃക്ഷങ്ങളേയും കാണാം. പഴുത്ത അത്തിക്കായ്കൾ നിറച്ച ശിഖരങ്ങളാൽ മണ്ണിൽ തൊടാൻ കൊതിക്കുന്ന അത്തിമരങ്ങളേയും, കണ്ണിന് കുളിർമയേകുന്ന ബദാം പൂക്കളേയും കാണാം. കസ്തൂരിയുടെ സുഗന്ധമുള്ള കാറ്റ്, വസന്തം പിൻവാങ്ങാത്ത താഴ്വരകളിലെ പൂത്തുലഞ്ഞ ലില്ലി പൂക്കളിൽ തിരമാലകൾ തീർക്കുന്നത് കാണാം. കുഞ്ചിയിൽ തൂവെള്ള രോമങ്ങൾ നിറഞ്ഞ, ചിറകുകൾ വിരിച്ച രണ്ട് കുതിരകളുടെ പുറത്തായി പ്രിയതമ ആൻമേരിയും മകൾ കരോലിനും കൈകൾ വീശിക്കൊണ്ട് വന്നെത്തും. ഏറ്റവും ഉന്നതമായ പട്ടു വസ്ത്രങ്ങൾ ധരിച്ച അവരുടെ കണങ്കാലുകളിലെ എല്ലുകളുടെ ചുവപ്പ് ,ഒരു ചില്ലു ഗ്ലാസിൽ മുന്തിരിച്ചാറൊഴിച്ചത് പോലെ നിനക്ക് കാണാനാകും. നൂറ് കുതിരകൾ നിരയായി സഞ്ചരിച്ചാലും തീരാത്ത, മൈലുകളോളം തണൽ വിരിച്ചു നിൽക്കുന്ന പഞ്ഞിമരച്ചുവട്ടിലെ കവാടത്തിനടുത്ത്, നിന്നെ കൈപിടിച്ചു കയറ്റാൻ അവർ സന്തോഷത്തോടെ കാത്ത് നിൽക്കുന്നുണ്ടാകും.
എണ്ണിത്തീർക്കാൻ ബാക്കിയുള്ള ദിനരാത്രങ്ങൾ മാത്രമല്ലേ ഇതിനെല്ലാം നിന്റെ മുൻപിൽ തടസ്സമായുള്ളൂ.? അത് കൊണ്ട് നീ സങ്കടപ്പെടുന്നതെന്തിനാണ് ക്രിസ്റ്റഫർ.? നിന്നോട് ഞാൻ സന്തോഷിക്കാൻ പറഞ്ഞാൽ അത് അധികമാകില്ലല്ലോ?
അപ്പോൾ ക്രിസ്റ്റഫർ അയാളോട് മറുപടി പറയും.
"ചെകുത്താൻ സങ്കടപ്പെടാറില്ല. അവൻ എപ്പോഴും സന്തോഷിക്കുന്നു .ദുഃഖം ദൈവത്തിനാണ്. ദൈവത്തിന് ദുഃഖമുള്ളവരെ സമാധാനിപ്പിക്കാനും സന്തോഷമുള്ളവരെ കൂടുതൽ സന്തോഷിപ്പിക്കാനും സമയം തികയാതെ വരുന്നു. അപ്പോൾ ഞാൻ എന്തിന് സങ്കടപ്പെടണം? ഞാൻ ചെകുത്താനെപ്പോലെ എപ്പോഴും സന്തോഷിക്കുന്നു."
അതെ.. ഇതാണ് ക്രിസ്റ്റഫർ..ഏകാന്തതയിൽ പോലും ദൈവത്തെ വെല്ലുവിളിക്കുന്നവൻ.
അയാൾ പതിയെ എഴുന്നേറ്റ് മുറിയുടെ ഒരു മൂലയിലേക്ക് നടന്നു .അവിടെ നിറയാറായിരിക്കുന്ന വെള്ളക്കുപ്പിയിൽ അൽപം കൂടി വെള്ളമൊഴിച്ചു. തൊട്ടടുത്തിരിക്കുന്ന നിറഞ്ഞ കുപ്പിയിൽ അടപ്പ് ഇട്ടിരിക്കുന്നു. അതിന്റെയരികിൽ തറയിലായി കരിക്കട്ട കൊണ്ട് എന്തോ എഴുതിയിരിക്കുന്നു..
------------------_------------------_--------------------------
തൊട്ടടുത്ത ദിവസം രാവിലെ....
--------------------------------------------------
കിലോമീറ്ററുകൾക്കിപ്പുറം നഗരം സജീവമായിരിക്കുന്നു. ഇടയ്ക്കിടക്കുള്ള നാൽക്കവലകളിലെ വാഹനങ്ങളിൽ പച്ച നിറം കണ്ടവർ സന്തോഷത്തിലും ചുവപ്പ് കണ്ടവർ അക്ഷമരായും കാണപ്പെട്ടു. വാഹനങ്ങൾ പുറന്തള്ളുന്ന പുകകൊണ്ട് ശ്വാസംമുട്ടിയ 'നേതാജി റോഡിന്റെ' വലത്തുഭാഗത്തേക്ക് നിവർന്നു കിടക്കുന്ന 'ലേക്ക് വ്യൂ ലൈൻ' എന്ന പോക്കറ്റ് റോഡിലൂടെ ഒരു സൈക്കിൾ പാഞ്ഞ് പോകുകയാണ്.അത് ചെന്നുനിന്നത് കമാനാകൃതിയിലുള്ള തൂണിൽ 'ജാൻസി ഗാർഡൻ അപ്പാർട്ട്മെന്റ്സ് 'എന്ന് എഴുതിയതിനു തൊട്ടു താഴെയുള്ള സെക്ക്യൂരിറ്റി ക്യാബിനിനടുത്താണ്.സെക്ക്യൂരിറ്റിക്കാരൻ അയാൾക്കായി ചെറിയ ഒരു ഗേറ്റ് തുറന്നു കൊടുത്തു.
അയാൾ സൈക്കിളുമായി ഒമ്പതാം നമ്പർ അപ്പാർട്ട്മെന്റിലെ കാർപോർച്ചിലെത്തി. സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അയാൾ ലിഫ്റ്റിൽ നാലാം നിലയിലേക്ക് നീങ്ങി. അവിടെ 22-ാം നമ്പർ ഫ്ലാറ്റിന്റെ കോളിംഗ് ബെല്ലിൽ വിരലമർത്തുമ്പോൾ തൊട്ടപ്പുറത്തെ പൂട്ടിക്കിടക്കുന്ന 21-ാം നമ്പർ ഫ്ലാറ്റിലേക്ക് അയാൾ നോക്കുന്നുണ്ടായിരുന്നു. റൂമിലെ നിറഞ്ഞ പൊട്ടിച്ചിരികൾ നിലയ്ക്കുകയും മുന്നിലെ വാതിൽ ' അഡ്വ:ഗോമസ് ഡിസൂസ ' എന്ന വീട്ടുടമസ്ഥൻ അയാൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
"ഓഹ്.. നാരായണനോ.. താൻ എന്തേ വരാൻ വൈകിയത്.. ഞാൻ കരുതി ഇന്നിനി വരില്ലാന്ന്. വിളിക്കാനൊക്കോ? ഇക്കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത മനുഷ്യൻ നിങ്ങള് മാത്രമേ കാണൂ. ഒന്ന് വാങ്ങിത്തരട്ടേ എന്ന് പറഞ്ഞാൽ സമ്മതിക്കേം ഇല്ല. ആഹ്.. പിന്നെ.. ഉച്ചയൂണിന് ഇന്ന് ഒന്നുരണ്ട് പേരുണ്ട്."
ഗോമസ് പറഞ്ഞത് മുഴുവൻ തലകുനിച്ച് കേട്ടിട്ടും ഒന്നും പറയാതെ മുഖത്ത് സ്ഥായിയായ ഗൗരവം നിറച്ചുകൊണ്ട് അയാൾ അകത്തേക്ക് നീങ്ങി.
സ്വീകരണമുറിയിൽ സിഗരറ്റിന്റെ പുകച്ചുരുളുകൾക്കൊപ്പം പൊട്ടിച്ചിരികളും നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ഇടയ്ക്കിടക്ക് കൂട്ടത്തിൽ നിന്നും ഉയരുന്ന പാട്ടുകൾക്കൊപ്പം മദ്യക്കുപ്പികളിൽ താളം പിടിക്കുന്നതിന്റെ ശബ്ദങ്ങളും ആക്രോശങ്ങളും വീരവാദങ്ങളും മുഴങ്ങുന്നതയാൾ ശ്രദ്ധിച്ചു.
ഗോമസ് സുഹൃത്തുക്കളോടായി പറയുകയാണ്.
" തൊട്ടടുത്ത ഫ്ലാറ്റിൽ സുന്ദരിയായ പെണ്ണ് താമസിക്കുമ്പോൾ, കുരിശു വരച്ച് വേദപുസ്തകം വായിക്കാൻ മാത്രം അപ്പോസ്തലനാണോടോ താനെന്ന് ലൂയിസെന്നോട് ചോദിച്ചു. ഞാനും ലൂയിസും കൂടി ഇതുപോലൊരു കമ്പനി കൂടിയിരുന്ന ദിവസമായിരുന്നു അന്ന്. ലൂയിസാണേൽ അന്ന് ആ പാവം കുഞ്ഞിനെ അവളുമായുള്ള പിടിവലിക്കിടയിൽ ,കാലേല് വന്ന് അരിച്ചപ്പോ തള്ളിയിട്ടതാ. ചുമരിൽ തലയടിച്ച് തീരുമെന്ന് ഞങ്ങള് കരുതീല്ലാ. മദ്യം തലക്ക് പിടിച്ചപ്പോ ഞാനും സ്വയം മറന്നു എങ്കിലും എല്ലാം കഴിഞ്ഞപ്പോ ഞാൻ ലൂയിസിനോട് പറഞ്ഞതാണ് പെണ്ണിനേ വെറുതെ വിട്ടേക്കാൻ.. അവനാണേൽ പറഞ്ഞാൽ കേൾക്കണ്ടേ!! ഒടുവിൽ തെളിവില്ലാതാക്കാൻ എന്തൊക്കെ പെടാപ്പാടാണ് പെട്ടത്. നിയമവും കോടതിയും വീട്ടുകാര്യംപോലെ ആയതിനാൽ കേസീന്നും കോടതീന്നും തലയൂരി.
പക്ഷേ...
കത്തിക്കരിച്ച ലൂയീടേം പെണ്ണുമ്പുള്ളേടേം മുഖം അങ്ങട് കണ്ണീന്ന് മായണില്ല. ഇന്നത്തെ ഒരു ദിവസം കൂടിക്കഴിഞ്ഞാൽ പിന്നെ എനിക്ക് സമാധാനമായി."
സംഭാഷണങ്ങൾ മുറിയാതെ കേൾക്കുവാൻ, നാരായണൻ ഒരു കുപ്പി തണുത്ത വെള്ളവും, എരിവുള്ള മിക്സ്ചറും, ഓംലെറ്റുകളുമായി അവരുടെ ടീപ്പോയിക്കരികിൽ വന്നു നിന്നു.
"എടോ, മട്ടനും പച്ചക്കറിയും വാങ്ങാൻ കാശ് മേശവലിപ്പിൽ വച്ചിട്ടുണ്ട്.. നെയ്മീൻ കിട്ടുവാണേൽ കുറച്ച് വാങ്ങിയേര്..നീയിങ്ങനെ ഒടിഞ്ഞു തൂങ്ങി നിൽക്കാതെ വേഗമാവട്ടെടോ നാരായണാ."
ഗോമസിന്റെ വാക്കുകൾ കേട്ടിട്ട് ,കാശ് എടുക്കാനായി അയാൾ ഒന്നും പറയാതെ മേശക്കടുത്തേക്ക് പോയി.
കൈയ്യുള്ള ഒരു പഴകിയ ബനിയനും കള്ളിമുണ്ടും ധരിച്ച ആ കറുത്ത മനുഷ്യന്റെ മുഖത്ത് എപ്പോഴും ഗൗരവമാണ്.അവധി ദിവസങ്ങളിൽ വീട്ടുജോലികൾക്കായി അയാൾ ഗോമസിന്റെ വീട്ടിലെത്തും.അധികം സംസാരിക്കാറില്ല.മുടി പറ്റെ വെട്ടിയിരിക്കുന്നു.മൂക്കിന് കുറുകെയായുള്ള വെട്ടിന്റെ ഒരു പാട് ,അയാളുടെ മുഖത്തു വരച്ചിട്ട ഗൗരവത്തെ കൂടുതൽ ഇരട്ടിപ്പിച്ചിരുന്നു. പരുപരുത്ത കൈകൾ കൊണ്ട് അയാൾ വച്ചുവിളമ്പുന്ന ഭക്ഷണത്തിന്, ഭാര്യ ഗ്ലോറിയുണ്ടാക്കുന്നതിനേക്കാൾ രുചിയുള്ളത് കൊണ്ടാകാം ഗോമസിന് അയാളോട് ഒരു പ്രത്യേക താൽപര്യവുമുണ്ട്.
"ഇവനെന്താ പൊട്ടനാണോ ?വേലക്കാരനാണേലും ഇവന്റെയൊക്കെ ഭാവം കണ്ടാൽ...."
കൂട്ടുകാരിൽ ഒരുത്തൻ ഗോമസിനോട് പറഞ്ഞു.
" നാരായണൻ അങ്ങനാ.. തെക്കെങ്ങാണ്ടുള്ളോനാ. ഇവിടെ വന്നിട്ട് അധികായിട്ടില്ല.ഗ്ലോറിക്കൊരു സഹായമാകും എന്ന് കരുതി നിർത്തി. ഇന്ന് നമ്മുടെ കമ്പനി കൂടുന്നതിന് തടസ്സമാകാതിരിക്കാൻ അവളേം മക്കളേം ഞാനാ വീട്ടിൽ പറഞ്ഞു വിട്ടത്..ഇന്നലെ അവന് എവിടെയോ പോകണമെന്ന് പറഞ്ഞ് നേരത്തെ പോയി. ഇന്ന് നേരത്തെ വരാമെന്ന് അവനിങ്ങോട്ട് പറഞ്ഞു. ആത്മാർത്ഥത ഉള്ളോനാ.. മാസാവസാനം എന്തേലും നക്കാപിച്ച കൊടുത്താ മതി."
" ആഹ്..പിഴച്ച് പോട്ടെടോ ഇവറ്റകൾ. എന്നാലും താൻ കണ്ണടച്ച് വിശ്വസിക്കണ്ട. കാലം മോശാണ്.."
വേറൊരു കൂട്ടുകാരന്റെ ഉപദേശത്തിന് ഗോമസ് ചെറുതായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ആഘോഷങ്ങൾ ഉച്ചതിരിഞ്ഞും നീണ്ടു. മദ്യത്തിന്റയും സിഗരറ്റിന്റെയും രൂക്ഷഗന്ധം മുറിയിലെ മണിപ്ലാന്റുകളെ വരെ മത്തുപിടിപ്പിച്ചിരുന്നു. കാലുകൾക്ക് ബലം നഷ്ടപ്പെട്ട സ്നേഹിതർ ഓരോരുത്തരായി സ്വീകരണമുറിയിൽ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞു.വെയിലാറാൻ തുടങ്ങുമ്പോൾ ആകാശമേഘങ്ങൾ തിരക്കിട്ട യാത്രയിലായിരുന്നു. പടിഞ്ഞാറു നിന്നും വീശിയിരുന്ന കാറ്റിന് ഓടകളിലെ ചീജലത്തിന്റെ ഗന്ധം പേറുന്നതിൽ തെല്ലും നാണം തോന്നിയിരുന്നില്ല. ഇടക്കെപ്പോഴോ രക്തത്തിന്റെ ഗന്ധം കൂടിക്കലർന്ന ഇളം കാറ്റ് മുറിക്കുള്ളിലെ മത്തുപിടിച്ച ചെടികളെ തൊട്ടുണർത്തുന്നുണ്ടായിരുന്നു.
മടക്കയാത്രക്കിടയിൽ ചക്രവാളത്തിൽ തല താഴ്ത്തുന്ന സൂര്യനെ കണ്ടപ്പോൾ പതിവിലും അരുണിമ കൂടിയതുപോലെ അയാൾക്ക് തോന്നി. വഴിയരികിലെ വയസ്സൻ ഞാവൽ മരത്തിൽ, ഞാവൽ പഴം കൊത്തിക്കൊണ്ടിരുന്ന അങ്ങാടിക്കുരുവികൾ, സന്ധ്യയുടെ ചുവപ്പ് വീണതും കൂട് ലക്ഷ്യമാക്കി പറന്നകലുന്നത് അയാൾ കൗതുകത്തോടെ നോക്കിക്കണ്ടു.
----------------- ------------------ --------------- ------------------
അന്നേ ദിവസം രാത്രിയിൽ...
----------------------------------------------
അത്താഴ ശേഷം ക്രിസ്റ്റഫർ തറയിൽ ഇരിക്കുകയാണ്. അരികിൽ കിടന്ന 'ചെകുത്താന്റെ ഏകാന്തവാസത്തിലെ' അടയാളച്ചീട്ട് അവസാന പേജിൽ നിന്നും തള്ളി നിൽക്കുന്നുണ്ട്.
122-ാം നമ്പർ മുറിക്കടുത്തേക്ക് വീണ്ടും ആ ഷൂസുകളുടെ ശബ്ദം മുഴങ്ങിക്കേട്ടു.ക്രിസ്റ്റഫർ പ്രതീക്ഷയോടെ പുറത്തേക്ക് മുഖം തിരിച്ചു. വാതിൽക്കൽ എത്തിയ അയാൾ ക്രിസ്റ്റഫറിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് തന്റെ കയ്യിൽ നിന്നും നാലായി മടക്കിയ വെളുത്ത കടലാസ് ക്രിസ്റ്റഫറിനു നേരെ നീട്ടി.
ചെറുമുരൾച്ചയോടെ ക്രിസ്റ്റഫർ അത് തുറന്നു.അതിൽ തീരെ ഭംഗികുറഞ്ഞ അക്ഷരങ്ങളാൽ ഇപ്രകാരം എഴുതിയിരുന്നു.
" യഹോവയ്ക്കു ഒരു പുതിയ പാട്ടു പാടുവിൻ, അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു.."
ഉടനെ ക്രിസ്റ്റഫർ തറയിൽ നിന്നും എഴുന്നേറ്റ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടാമത്തെ കുപ്പിയിൽ വെള്ളവും നിറച്ച് അതിന് അടപ്പിട്ടു.അരികിൽ കിടന്ന കരിക്കട്ട കൊണ്ട് അതിന്റെ താഴെ തറയിൽ അയാൾ എന്തോ എഴുതുന്നുണ്ടായിരുന്നു.പിന്നെയും കുറച്ച് നേരം അവർ എന്തൊക്കെയോ സംസാരിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടറും സൂപ്രണ്ടും അങ്ങോട്ട് കടന്ന് വന്നു കൊണ്ട് പറഞ്ഞു.
"ക്രിസ്റ്റഫർ ..മെഡിക്കൽ പരിശോധനയുണ്ട്.. നമുക്കീ താടിയെല്ലാം ഒന്ന് വെട്ടിയൊതുക്കാം. ഇനി അധികം സമയമില്ല.. "
"ഉം.. "
എന്ന് പതിവ് പോലെ മൂളിക്കൊണ്ട് ,വായിച്ചു തീർത്ത ആ പുസ്തകം അയാളെ ഏൽപിക്കുവാൻ ക്രിസ്റ്റഫർ സൂപ്രണ്ടിനോട് ആഗ്യം കാട്ടി. സൂപ്രണ്ട് അയാളെ മുറിയിലേക്ക് വിളിച്ചുകൊണ്ട് പുസ്തകം കൈമാറി.
ക്രിസ്റ്റഫറിനേയും കൂട്ടി അവർ ആ വരാന്തയിലേക്ക് നടന്ന് പോകുന്നതയാൾ കണ്ടുനിന്നു. അപ്പോൾ തന്നെ ഏൽപ്പിച്ച പുസ്തകം അയാളൊന്ന് മറിച്ചു നോക്കി. അതിലെ അടയാളച്ചീട്ടിനടിയിൽ ആൻമേരിയുടേയും മകൾ കരോലിന്റെയും കൂടെ നിൽക്കുന്ന ക്രിസ്റ്റഫർ ഫെർണാണ്ടസ് എന്ന സുമുഖനായ മനുഷ്യന്റെ ചിത്രം കണ്ടു. ചിത്രത്തിന്റെ മറുപുറത്ത് കണ്ട ക്രിസ്റ്റഫറിന്റെ കുറിപ്പിലേക്കപ്പോൾ ശ്രദ്ധ പതിഞ്ഞു.
"ജനിമൃതികൾക്കിടയിൽ ഓരോ മനുഷ്യ ജൻമങ്ങൾക്കും കൈവരുന്ന അപൂർവ്വ സൗഭാഗ്യങ്ങളുണ്ട്. എന്റെ ഈ നശിച്ച ജൻമത്തിൽ അത്തരത്തിലുള്ള ഒരു സൗഭാഗ്യമാണോ ഈ കണ്ടുമുട്ടൽ എന്നറിയില്ല. തിരിച്ചു നൽകാൻ ഹൃദയരക്തം കൊണ്ട് എഴുതിയ നന്ദിയെന്ന രണ്ടക്ഷരം മാത്രമേ ഉള്ളൂ.. നന്ദി."
വായിച്ചു തീർന്നപ്പോൾ തന്റെ കണ്ണുകൾ ആർദ്രമാകുന്നതയാൾ തിരിച്ചറിഞ്ഞു.
അപ്പോൾ അയാൾ മുറിയുടെ മൂലയിൽ വച്ചിരുന്ന വെള്ളം നിറച്ച കുപ്പികൾക്കടുത്തേക്ക് നടന്നു. രണ്ടു കുപ്പികളുടെയും താഴെ കരിക്കട്ട കൊണ്ട് എഴുതിയതിലേക്ക് അയാൾ ശ്രദ്ധിച്ചു..ഒന്നാമത്തേതിനു താഴെ നിറം മങ്ങിയ കരിയാൽ 'ലൂയിസ് ഫിലിപ്പെന്നും' രണ്ടാമത്തേതിനു താഴെ 'ഗോമസ് ഡിസൂസ' എന്നു വ്യക്തമായും എഴുതിയിരുന്നു.
വെളുപ്പിന് കിഴക്കേ കവാടത്തിനരികിൽ വച്ച് ക്രിസ്റ്റഫറിനെ വീണ്ടും കണ്ടു. വെളുത്ത വസ്ത്രം മാറ്റി ക്രിസ്റ്റഫറിന്റെ രക്തയോട്ടം നിലച്ച മുഖത്തേക്ക് നോക്കുമ്പോൾ, ശരീരത്തിലെടുത്തു കാണിച്ച കഴുത്തിലെ കയറിന്റെ തിണർപ്പിൽ അയാളുടെ കണ്ണുകൾ ഉടക്കി.തലയിലെ തൊപ്പി അഴിച്ചു കൊണ്ട് ക്രിസ്റ്റഫറിന്റെ മുൻപിൽ നിന്നപ്പോൾ, ക്രിസ്റ്റഫർ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുകയും തോളിൽ നക്ഷത്രമില്ലാത്ത തന്നെ സല്യൂട്ട് ചെയ്യുന്നതായും അയാൾക്ക് തോന്നി. അപ്പോളവിടെ വട്ടമിട്ട് പറന്നിരുന്ന ഈച്ചകളിൽ നിന്നും ഒരീച്ച അയാളുടെ മൂക്കിൽ വന്നിരുന്നു.
നിറഞ്ഞ കണ്ണുകളെ നോക്കിക്കൊണ്ട്..കൃത്യം മൂക്കിന് കുറുകെയുള്ള ആ വെട്ടിന്റെ പാടിൽ...
### ഷെഫീർ ###

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo