Slider

വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും (ചെറുകഥ) - കഥോദയം- (2)

0
Image may contain: one or more people, plant, tree and outdoor

മോസ്കോ നദിയുടെ ചുംബനമേറ്റുവാങ്ങുന്ന ആ നഗരത്തെ, നദിയിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ടകൾ വല്ലാതെ മരവിപ്പിക്കുന്നുണ്ടായിരുന്നു.തൊപ്പിയും കൈയ്യുറകളും ധരിച്ച കറുത്ത കോട്ടുധാരികളായ നഗരവാസികൾ, ചുണ്ടുകളിലെ സിഗാറുകളിൽ നിന്നും ഉയർത്തിവിടുന്ന പുക ആ തണുത്ത അന്തരീക്ഷത്തിൽ വ്യക്തമായി കാണാമായിരുന്നു. മഞ്ഞിൽ തെന്നി നീങ്ങുന്ന ഷൂസുകളെ നിയന്ത്രിക്കാൻ പാടുപെടുമ്പോഴും മിഖായേലിന്റെ കണ്ണുകൾ അയാളെ തിരയുകയാണ്.തലേ ദിവസം രാത്രിമുഴുവൻ മേൽപാലങ്ങളാൽ സമ്പുഷ്ടമായ ആ തിരക്കേറിയ പട്ടണത്തിലൂടെ ഉറക്കം നഷ്ടപ്പെട്ട പഥികനായി അലഞ്ഞതിന് സാക്ഷിയായിരുന്ന റെസ്റ്റോറന്റിലെ വളർത്തുനായ വീണ്ടും ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. കെട്ടിയ ചങ്ങലയെ കുരുക്കിയിരുന്ന കുറ്റിയെ വലിച്ചുകൊണ്ട് അവൻ കുരക്കുന്നത് കണ്ടപ്പോൾ റെസ്റ്റോറന്റിനകത്ത് ഹാമും ചീസും വായിലേക്ക് വയ്ക്കുന്നവർ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
സോഫിസ്ക്യാ മാർക്കറ്റിലെ ആൾക്കൂട്ടത്തിനിടക്ക് മിഖായേൽ അയാളെ കണ്ടുവെങ്കിലും വീണ്ടും കാഴ്ചയിൽ നിന്നും മറഞ്ഞു. പ്രണയ സാക്ഷാത്കാരത്തിനായി ഏതോ ധനികൻ കെട്ടി ഉയർത്തിയ കത്തീഡ്രലിന്റ സമീപത്ത് വച്ച് വീണ്ടും അയാളെക്കണ്ടു.അടുത്തു ചെല്ലുന്തോറും കൂടുതൽ വേഗത്തിൽ അയാൾ അകന്നു പോകുന്നത് മിഖായേലിനെ ആശ്ചര്യപ്പെടുത്തി.
'സ്പാരോഹിൽ' കുന്നിൻ മുകളിൽ വച്ച് തലേ ദിവസം അയാളെ കണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ മിഖായേലിന്റെ ശ്രദ്ധയാകർഷിക്കാൻ വെമ്പിയിരുന്ന അയാൾ ഒടുവിൽ വിജയം കാണുകയായിരുന്നു. മിഖായേലിനോട് അയാൾ അയാളുടെ വിചിത്രമായ വ്യാപാരത്തെക്കുറിച്ച് വാചാലമായി സംസാരിച്ചിരുന്നു. കൂടുതൽ ചോദിക്കാൻ ആവേശം കാണിച്ച മിഖായേലിനോട് ,നാളെ മാർക്കറ്റിനടുത്തേക്ക് വന്നാൽ കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ട് പിരിഞ്ഞിരുന്നു.
മിഖായേൽ അയാളെ പിന്നിൽ നിന്നും വിളിച്ചു.
" ഇവാൻ.. ഒരു നിമിഷം നിൽക്കൂ. ഇത് ഞാനാണ് മിഖായേൽ. ഇന്നലെ നമ്മൾ തമ്മിൽ..."
സംസാരം മുഴുമിപ്പിക്കുന്നതിന് മുൻപ് ഇവാൻ കുന്നിന്റെ മുകളിലേക്ക് വരാനുള്ള ആഗ്യം കാണിച്ചു. മിഖായേൽ അയാളെ പിന്തുടർന്നു.
ശൈത്യകാലം തുടങ്ങിയതേ ഉള്ളുവെങ്കിലും മഞ്ഞുവീഴ്ചയ്ക്ക് കുറവുണ്ടായിരുന്നില്ല. കുന്നിൻ മുകളിലേക്ക് ആളുകൾ കയറിപ്പോകുന്നത് കാണാമായിരുന്നു. തളളക്കോഴിയുടെ പുറകിൽ കൂട്ടം കൂടി നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ ഗൈഡിനു പുറകിൽ നടക്കുന്ന സഞ്ചാരികളായിരുന്നു അതിൽ കൂടുതലും. കുന്നിന്റെ മുകളിൽ നിന്നാൽ പട്ടണം വ്യക്തമായിക്കാണാം. ദീപങ്ങളാൽ അലങ്കരിക്കപ്പെട്ട പട്ടണത്തിലെ രാത്രി കാഴ്ചകൾ, താരകങ്ങൾ നിറഞ്ഞ തെളിമാനം പ്രതിഫലിപ്പിക്കുന്ന കണ്ണാടിബിംബം പോലെ തോന്നിപ്പിച്ചു. മഞ്ഞുവീഴ്ച തുടങ്ങിയതിനാൽ വഴിയരികിലെ ഉന്തുവണ്ടികളിൽ തൊപ്പികളും കൈയ്യുറകളും വിൽക്കുന്ന വഴിയോരക്കച്ചവടക്കാരെ കാണാമായിരുന്നു. അവിടെ അത്താഴപ്പട്ടിണിക്കാരുടെ മുൻപിൽ ചെലവാക്കാൻ മനസ്സുവരാത്ത റൂബിളുകൾക്കായി ആളുകൾ വിലപേശുന്നതും കാണാമായിരുന്നു.
ഇവാന്റ പുറകെ മലമുകളിൽ എത്തിയ മിഖായേൽ അയാളോട് ചോദിച്ചു.
"ഇന്നലെ നിങ്ങൾ എന്നോട് പറഞ്ഞത് സത്യമാണെങ്കിൽ അതെനിക്കൊന്ന് കാണിച്ചു തരാമോ.? ഇതിനെപ്പറ്റി ചിന്തിച്ചിരുന്ന എനിക്ക് ഇന്നലെ രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ടിരുന്നു. മോസ്കോ നദി വിരിച്ചിട്ട മണൽതിട്ടയിൽ കിടന്നിട്ട്, ആകാശത്തിലെ നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലുമ്പോൾ, അവർക്കു താങ്കളെ അറിയാമെങ്കിലും പറയുവാൻ അനുവാദമില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. കലങ്ങിയ കണ്ണുകളുമായി മുങ്ങിത്താഴ്ന്ന സൂര്യൻ വീണ്ടും ചിരിതൂകിയെത്തും വരെ ഞാൻ ആ ഇരിപ്പ് തുടർന്നു. ചിന്തകളിൽ മുഴുവൻ നിങ്ങളെന്ന സ്വപ്ന വ്യാപാരിയായിരുന്നു.
ഞാൻ ഇതുവരെ കാണാത്ത ചെമ്പൻ രോമങ്ങൾ നിറഞ്ഞ നിങ്ങളുടെ കൈകൾ എനിക്കെന്തോ വല്ലാതെ പരിചയമുള്ളതുപോലെ തോന്നി.
ഒരു പക്ഷേ ആ പരിചയമാകാം ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയതും, ഇന്ന് കൃത്യമായി നിങ്ങളെ തേടിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചതും."
" മിഖായേൽ.. എനിക്ക് നിങ്ങളെ നന്നായി അറിയാം. കുറേ വർഷങ്ങൾക്ക് മുൻപേ തന്നെ. വിശദമായി പരിചയപ്പെടാൻ എന്റെ വ്യാപാരത്തിന്റെ സ്വഭാവം അനുവദിക്കാത്തതു കൊണ്ട് നിങ്ങൾക്ക് വ്യക്തമായ ഓർമ്മ കാണാൻ വഴിയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു."
ഇതു പറയുമ്പോൾ ഇവാന്റെ ശബ്ദത്തിൽ ഗാംഭീര്യം നിറഞ്ഞിരുന്നതായും നീല നിറമുള്ള കണ്ണുകൾ ഇന്ദ്രനീലക്കല്ലുകൾ പോലെ തിളങ്ങുന്നതായും അയാൾക്ക് തോന്നി. കഴുത്തിലൂടെ ചുറ്റിയിരുന്ന കറുത്ത കമ്പിളി പുതപ്പ് അയാളുടെ നീളമുള്ള ചെമ്പൻ താടിയെ അമർത്തുന്നുണ്ടായിരുന്നു. ഇടയ്ക്കിടക്ക് പെയ്തുകൊണ്ടിരുന്ന ചെറുമഞ്ഞിലും അയാളുടെ ചുണ്ടിലെ സിഗാർ പുകഞ്ഞുകൊണ്ടേയിരുന്നു..
"ഒന്ന് ചോദിക്കട്ടെ..നിങ്ങളുടെ സ്വപ്ന വ്യാപാരത്തിൽ നിങ്ങൾക്കുള്ള ലാഭം എത്രയാണ് ഇവാൻ?"
അവർക്കിടയിലെ നിശബ്ദതയുടെ ചെറിയ ഇടവേളയ്ക്ക് ഭംഗം വരുത്തിയിട്ട് മിഖായേൽ ചോദിച്ചു.
"എല്ലാം ലാഭനഷ്ടങ്ങളുടെ തുലാസിൽ തൂക്കാനൊക്കുമോ മിഖായേൽ.? നിങ്ങൾ ഓരോ റൂബിളും കൂട്ടി വച്ചപ്പോൾ, റൂബിളിനേക്കാൾ വിലപിടിപ്പുള്ളതെല്ലാം നിങ്ങൾക്ക് നഷ്ടമായില്ലേ.? ഒടുവിൽ നിങ്ങൾക്കത് വെറും കടലാസു കഷണങ്ങളായപ്പോൾ, അത് റൂബിളുകൾ തന്നെയായി അവശേഷിച്ചവന്റെ കൈകൾക്ക് കാരുണ്യവും നഷ്ടപ്പെട്ടില്ലേ.?. നാളെ നിങ്ങളുടെ നാടിനടുത്തേക്കാണ് എന്റെ യാത്ര. നാളത്തെ വ്യാപാരം അവിടെയാണ്."
"ഓഹ്.. എനിക്ക് വ്യക്തമാകുന്നില്ല ഇവാൻ. നിങ്ങൾ വിൽക്കുന്ന സ്വപ്നങ്ങളിൽ ഒരു ജീവിതം മുഴുവൻ വരച്ചിട്ടിട്ടുണ്ട് എന്ന് നിങ്ങളിന്നലെ പറഞ്ഞിരുന്നല്ലോ. അപ്പോൾ നിങ്ങൾ അതിനായി നല്ലൊരു തുക ഈടാക്കുമായിരിക്കുമല്ലേ?."
"ഒരിക്കലുമില്ല.. ഞാൻ എന്റെ വ്യാപാരം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ടവരിലാണ്. വ്യാപാരശേഷം അവർക്ക് തിരുത്താനോ തിരുത്തപ്പെടാനോ സമയം കൊടുക്കാറില്ല. അത് കൊണ്ട് തന്നെ അവരുടെ പണപ്പെട്ടികളിലെ റൂബിളുകൾ അവിടെത്തന്നെ സുരക്ഷിതവുമായിരിക്കും."
"നമുക്ക് ഇവിടെ നിന്നും അൽപമങ്ങോട്ട് മാറി നിൽക്കാം മിഖായേൽ.. ഇവിടേക്ക് ആളുകൾ വന്നു കൊണ്ടിരിക്കുന്നു. താഴെയുള്ള പട്ടണത്തിന്റെ ദീർഘദൂരക്കാഴ്ചകൾ കണാനെത്തുന്നവർക്ക് നാം എന്തിന് തടസ്സമാകണം?"
ഇവാൻ പറഞ്ഞു.
" അതിന് നമ്മുടെ വർത്തമാനം അവർക്കാർക്കും ഒരു തടസ്സവും സൃഷ്ടിക്കുന്നില്ലല്ലോ ഇവാൻ.?ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്കറിയില്ലല്ലോ, ഏഴ് തട്ടുകളുള്ള ആകാശത്തിലെ എത്ര തട്ടുകൾ അതിനോടകം അവർ കീറിമുറിച്ചു കഴിഞ്ഞെന്ന്."
"ഓഹ്.. അത് ശരിയാണ്.. ഈ മണ്ണിലൂടെ നടക്കുമ്പോൾ, സ്വപ്നങ്ങൾ ബാക്കിവച്ച മനസുകളുമായി സംസാരിക്കുമ്പോൾ, ഞാൻ പലപ്പോഴും എന്നെ തന്നെ മറക്കാറുണ്ട്.. കേൾവിക്കാരന്റെ അവസ്ഥയേയും. ക്രെംലിനിൽ താവളമാക്കിയതിൽ പിന്നെയാണോ ഞാനിങ്ങനെ... അറിയില്ല."
"അതൊക്കെ ഞാൻ സമ്മതിച്ചു. സമയം കളയാതെ ഇന്നലെ സൂചിപ്പിച്ച വിൽക്കാൻ വച്ചിരിയ്ക്കുന്ന ആ സ്വപ്നം എനിക്കൊന്ന് കാണിച്ചു തരാമോ ഇവാൻ...?"
മിഖായേലിന്റെ ഉള്ളിലെ ആകാംഷ ആ വാക്കുകളിലും കണ്ണുകളിലും പ്രകടമായിരുന്നു..
"വിശദമായ ചോദ്യം ചെയ്യലുകൾ ഉണ്ടാവില്ല എന്ന് നിങ്ങൾ ഉറപ്പ് നൽകുകയാണെങ്കിൽ ആ സ്വപ്നം പൂർണ്ണമായും നിങ്ങൾക്ക് കാണുച്ചു തരാം..എന്താ സമ്മതമാണോ മിഖായേൽ.?"
ഇവാൻ പറഞ്ഞതിനോട് മിഖായേൽ തലയാട്ടിക്കൊണ്ട് സമ്മതം മൂളി.
അപ്പോൾ അവിടെ രണ്ടുമൂന്നടി ഉയരത്തിൽ വീണു കിടന്നിരുന്ന മഞ്ഞുകട്ടകളെ വകഞ്ഞു മാറ്റിക്കൊണ്ട് കുന്നിലേക്കുള്ള പാതകളെ തെളിച്ചിടുവാൻ ജീവനക്കാർ പണിയെടുക്കുന്നത് കാണാമായിരുന്നു. മികച്ചതല്ലെങ്കിലും തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിയായ ഒരു റഷ്യൻ ഗൈഡ് തന്റെ കൈകൾ ചൂണ്ടിക്കൊണ്ട് ,പൊടിപ്പും തൊങ്ങലും വച്ച അത്യോക്തികൾ സഞ്ചാരികളോട് വിളമ്പുന്നുണ്ടായിരുന്നു. ചില കമിതാക്കൾ ആളൊഴിഞ്ഞ മൂലകളിലേക്ക് മാറി നിന്നുകൊണ്ട് അവരുടെ ചുണ്ടുകളിൽ നാവുകളാലും പല്ലുകളാലും പരസ്പരം കോറിയിടുന്ന പ്രണയ ചിത്രങ്ങളെ കണ്ടുമടുത്ത മഞ്ഞു തുള്ളികൾ, അതൊന്നും വകവയ്ക്കാതെ താഴേക്ക് പതിച്ചു കൊണ്ടേയിരുന്നു.
ഇവാൻ സ്വപ്നം നിറച്ച കാർഡുകൾ തന്റെ തോളിലെ തുകൽ സഞ്ചിയിൽ നിന്നും പുറത്തെടുത്തു. ഇമവെട്ടാതെ മിഖായേൽ ഇവാന്റെ കൈകളിലേക്ക് നോക്കി. ഇവാൻ ആ കാർഡുകൾ ഓരോന്നായി അയാളുടെ മുൻപിൽ കാണിക്കാൻ തുടങ്ങി. കാണാൻ കാത്തിരുന്ന ആ സ്വപ്നം തിരശ്ശീലയിലെ ചിത്രങ്ങൾ പോലെ മിഖായേലിന്റെ കൺമുന്നിലൂടെ സഞ്ചരിക്കാൻ തുടങ്ങി..
---------------------------------------------------------------------
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വരണ്ട ഒരു താഴ്വര കാണാം. അവിടെ പുല്ലുകളും ചെറിയ കുറ്റിച്ചെടികളും ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. വറ്റിത്തുടങ്ങിയ തടാകങ്ങളിലെ വെള്ളം നടുഭാഗത്തേക്ക് മാറി പിണങ്ങി നിൽക്കുന്നു. അവിടേക്ക് എണ്ണിയാൽ ഒടുങ്ങാത്ത ആടുകളേയും മേയ്ച്ചു കൊണ്ട് ഒരു ആട്ടിടയൻ വരുന്നു. ചെറുകൂട്ടങ്ങളായി അയാൾ ആടുകളെ പിരിച്ചുവിടുകയും ഓരോ കൂട്ടങ്ങൾക്കും ഓരോ മേച്ചിൽ പുറങ്ങൾ നിശ്ചയിക്കുകയും ചെയ്തിട്ട് ആട്ടിടയൻ എങ്ങോട്ടോ പോയിമറഞ്ഞു. ഓരോ ആടുകളേയും കാണാമറയത്തിരുന്ന് ആട്ടിടയൻ കാണുന്നുണ്ടായിരുന്നെങ്കിലും ആടുകൾക്കത് മനസ്സിലാക്കുന്നുണ്ടായിരുന്നില്ല.
കുറച്ച് ആടുകളുടെ കൂട്ടത്തിലേക്ക് വീണ്ടും ശ്രദ്ധ പോകുന്നു. ആ ആടുകൾ അന്യോന്യം പേരുകൾ വിളിക്കുന്നത് കേൾക്കാമായിരുന്നു. നിക്കലേവും സൈറസും വെറോനിക്കയും കാതറിനും, അങ്ങനെയങ്ങനെ ഓരോരോ പേരുകൾ...
ഇണയായ സൈറസിന്റെ വാക്കുകൾ കേട്ടിട്ട് നിക്കലേവ് മകൾ കാതറിനേയും കൂട്ടിക്കൊണ്ട് കുറേ ദൂരത്തേക്ക് പച്ചപ്പുള്ള താഴ്വര തേടിപ്പോകുകയാണ്. അവരുടെ പ്രായമായ അമ്മയാട് വെറോനിക്കയെ, അവർ കൂടെ കൂട്ടാതെയാണ് പോകുന്നത്. ഒറ്റയ്ക്കായിപ്പോയ വെറോനിക്ക സ്വന്തമായി മേയാൻ സാധിക്കാതെ ചുറ്റുപാടും നോക്കി കരയുന്നുണ്ടായിരുന്നു. ആടുകൾ അറിയുന്നില്ല എങ്കിലും, കയ്യിലെ വടി കൊണ്ട് ഒന്ന് അടിക്കുക പോലും ചെയ്യാതെ ആട്ടിടയൻ ഇതെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു.
കുറച്ച് ദൂരം മുൻപോട്ട് പോയപ്പോൾ കാതറിൻ എന്ന ആട്ടിൻകുട്ടി അവളുടെ തള്ളയാടായ സൈറസിനോട് മുത്തശ്ശി വെറോനിക്കയെ കൂടെ കൂട്ടാൻ വാശി പിടിക്കുന്നു. ആട്ടിൻകുട്ടിയെ പിന്തിരിപ്പിക്കാൻ അവർ ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒടുവിൽ മകളുടെ വാശിക്ക് കീഴടങ്ങുന്നു. ആ ആട്ടിൻപറ്റം തിരിച്ചു താഴ്വരയിലേക്ക് എത്തുകയും ആ മുത്തശ്ശിയാടിനെ കൂടെ കൂട്ടുകയും ചെയ്യുന്നു..
മുത്തശ്ശിയാടിന്റെ മുഖത്ത് സന്തോഷം നിറഞ്ഞൊഴുകി.നടത്തത്തിൽ മുഴുവൻ വെറോനിക്ക കൊച്ചുമകൾ കാതറിനെ തലകൊണ്ട് ദേഹത്തുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
നടത്തത്തിനിടയിൽ കാതറിൻ സൈറസിന്റെ മുലകുടിക്കുകയും ദാഹം തീർക്കുകയും ചെയ്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പനയോലകൾ കൊണ്ട് മേഞ്ഞ ഒരു കുടിലിന് മുൻപിൽ അവർ ചെന്നെത്തി. അവിടെ ശേഖരിച്ചു വച്ചിരുന്ന പച്ചപ്പുല്ലുകളും വെള്ളവും കൊണ്ട് അവർ വിശപ്പടക്കി.ഒത്തിരി പ്രായമായ ആടുകൾക്കിടയിൽ വെറോനിക്കയെ വിട്ടിട്ട് അവർ യാത്ര തുടർന്നു. വെറോനിക്കയെന്ന മുത്തശ്ശിയാടിന്റെ കണ്ണുകൾ നിറയുകയും ഉച്ചത്തിലുള്ള കരച്ചിൽ ആ വരണ്ട താഴ്വരയിൽ മുഴങ്ങുകയും ചെയ്തു. കാതറിനെന്ന ആട്ടിൻകുട്ടി കരഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വകവക്കാതെ നിക്കലേവും സൈറസും യാത്ര തുടർന്നു. വെറോനിക്കയുടെ പാൽ ചുരത്താത്ത ഉണങ്ങിയ മുലകൾ പാലൂട്ടിയ നിക്കലേവിനെ ശപിക്കുന്നത് കുടിലിലെ വയസ്സായ മറ്റ് ആടുകൾ കേൾക്കുന്നുണ്ടായിരുന്നു.
ഒത്തിരി ദൂരം താണ്ടിയ നിക്കലേവും സൈറസും മകൾ കാതറിനുമൊത്ത് പച്ചപ്പുള്ള ഒരു താഴ്വരയിൽ എത്തുന്നു. അവിടെ അവർ ഇതുവരെ കാണാത്ത ആട്ടിൻപറ്റങ്ങൾ മേയുന്നുണ്ടായിരുന്നു. പക്ഷേ അവരുടേയും യജമാനൻ നേരത്തെ കണ്ട ആട്ടിടയൻ തന്നെയായിരുന്നു. അവിടെ കനം കൂടിയ പുല്ലുകളും വെള്ളം നിറഞ്ഞ ചെറിയ തടാകങ്ങളും ഉണ്ടായിരുന്നു.
കാലം മുന്നോട്ട് നീങ്ങി.. സൈറസിന് മറ്റുള്ള ആട്ടിൻ പറ്റങ്ങളോടുള്ള സൗഹൃദം വളർന്നപ്പോൾ, നിക്കലേവ് എന്ന നാൽക്കാലിയുടെ ലോകം മകൾ കാതറിൻ മാത്രമായി ഒതുങ്ങി. വളർന്നു വലുതാകുകയും, വെള്ള നിറവും രോമങ്ങൾ നിറഞ്ഞ ശരീരവുമുണ്ടായിരുന്ന കാതറിൻ, അവളുടെ ഇണയാടിനെ സ്വയം കണ്ടെത്തി മറ്റൊരു താഴ്വര തേടിപ്പോകുമ്പോൾ, നിക്കലേവ് എന്ന മുട്ടനാട് ഏകാന്തവാസത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.
കാലം മനസ്സിൽ നിറച്ച കുറ്റബോധം നിക്കലേവിനെക്കൊണ്ട് അമ്മയാടിനെ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നു. ഒരു ദിവസം നിക്കലേവ് ആ വരണ്ട താഴ്വരയിലെ കുടിലിലേക്ക് യാത്ര തിരിച്ചു. ഒടുവിൽ താഴ്വരയിൽ എത്തിയ നിക്കലേവ് അത്ഭുതം പൂണ്ടു. വരണ്ട താഴ്വര പച്ച പിടിച്ചിരിക്കുന്നതും തടാകങ്ങളിൽ ശുദ്ധജലം നിറഞ്ഞിരിക്കുന്നതും അവൻ കണ്ടു.
കുടിലിൽ അമ്മ വെറോനിക്കയെ അന്വേഷിച്ചെങ്കിലും അവിടുത്തെ മുതിർന്ന ഒരാട് നിക്കലേവിനെ വേറൊരിടത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഏകാന്തമായ താഴ്വരയിൽ നിശബ്ദമായ ഒലീവ് മരത്തണലിൽ അമ്മയാടിനെ മറമാടിയിരിക്കുന്നത് അവൻ കണ്ടു. ഹൃദയം തകരുന്ന വേദനയോടെ അവൻ ഒലീവ് മരങ്ങളിൽ തന്റെ വളഞ്ഞ കൊമ്പുകൾ ഇടിക്കുകയും അൽപം ചോര പൊടിയുകയും ചെയ്തു. മനസ്സിൽ ഉരുവിട്ട മാപ്പപേക്ഷകളുമായി നിക്കലേവ് തിരികെ വീട്ടിലേക്ക് തിരിക്കുന്നു.
കുറ്റബോധം പ്രായത്തെ കവച്ചുവച്ചപ്പോൾ അവന്റെ കൈകാലുകൾക്കും മനസ്സിനും ബലം നഷ്ടപ്പെട്ടു. ഭാര്യയുടെ വാക്കു കേട്ട് അമ്മയെ ഉപേക്ഷിച്ച തനിക്ക് ഒടുവിൽ സ്നേഹം നൽകാൻ ഭാര്യയും, വാൽസല്യം നൽകാൻ മകളും ഇല്ലാതായത് ഓർത്ത് രോഗശയ്യയിൽ കിടക്കുന്ന നിക്കലേവ് എന്ന ആടിന്റെ നിറകണ്ണുകളുടെ ചിത്രം കാണിച്ചു കൊണ്ട്, സ്വപ്നത്തിന്റെ അവസാനത്തെ കാർഡ് ഇവാൻ തിരികെ എടുത്തു വെയ്ക്കുമ്പോൾ മിഖായേലിന്റെ കൺതടങ്ങൾ ചാലിടാൻ തുടങ്ങിയിരുന്നു.
------------------------------------------------------------------
കൂടുതൽ ചോദ്യം പാടില്ല എന്ന മുൻവ്യവസ്ഥ അംഗീകരിച്ചതു കൊണ്ട് ചോദ്യങ്ങൾക്കു നിൽക്കാതെ മിഖായേൽ ഒന്നു മാത്രം ഇവാനോട് ആവശ്യപ്പെട്ടു.
" നാളെ നിങ്ങളോടൊപ്പം വ്യാപാരത്തിന് ഞാനും വന്നുകൊള്ളട്ടെ.? "
ആദ്യം വിസമ്മതിച്ച ഇവാൻ പിന്നീട് മിഖായേലിന്റെ നിർബന്ധത്തിനു വഴങ്ങി.
പതിയെ കുന്നിറങ്ങി അവർ നദീതീരത്തേക്ക് നടന്നു നീങ്ങുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. വഴിയിൽ സ്ട്രിപ്പ് ക്ലബുകളുടെ മുൻപിൽ നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. അവിടെ മുഴങ്ങിയിരുന്ന ഡി.ജെ സംഗീതവും അകത്ത് വിളമ്പിയിരുന്ന വോഡ്കയുടെ ഗന്ധവും ഇടക്കിടക്കായി അടച്ചുതുറന്നിരുന്ന വാതിൽ കടന്ന് പുറത്തേക്ക് ഒഴുകുകയാണ്.
നദിക്കരയിൽ മരപ്പലകകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കോട്ടേജിൽ രാത്രി കഴിച്ചുകൂട്ടാൻ അവരെത്തി. സിമന്റു കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക തറയിൽ തീ കായാനായി 'ബിർച്ച്' മരത്തിന്റെ ചില്ലകൾ കൂട്ടിയിട്ട് കത്തിച്ചു. പല പാത്രങ്ങളിൽ അത്താഴത്തിനുള്ള വിഭവങ്ങൾ നിറച്ചിരിക്കുന്നു. ഉരുളക്കിഴങ്ങും ഓട്സും ബേക്കണും ഉപ്പിലിട്ട വെള്ളരിക്കയും ഒക്കെയായി വച്ചിരിക്കുന്ന മുൽഗിപുതറും, കുഴച്ച മാവിന്റെയുള്ളിൽ ചെറുതായി നുറുക്കിയ മാംസം നിറച്ചിട്ട് പുഴുങ്ങിയ 'പെൽമെനിയും' അവർ വയറു നിറയെ കഴിച്ചു. മൺ കൂജകളിൽ നിറച്ചിരുന്ന 'ലാഗർ' ബിയർ തലയ്ക്ക് മത്തുപിടിപ്പിച്ചപ്പോൾ, പുറത്ത് ശക്തമായി പെയ്യുന്ന മഞ്ഞിന്റെ അരിച്ചിറങ്ങിയ തണുപ്പിനെ അകറ്റാനായി കട്ടിയുള്ള കമ്പളം തലവഴി മൂടിക്കൊണ്ട് അവർ ആ കോട്ടേജിൽ ചുരുണ്ടുകൂടി.
രാത്രിയിലെപ്പോഴോ ആ വിറക് കൊള്ളികൾ കത്തിത്തീർന്നുവെങ്കിലും കനലുകൾ പുലരുവോളം തിളങ്ങുന്നുണ്ടായിരുന്നു. ഇടക്ക് വാതിലിനടിയിലെ വിടവിൽ നിന്നും അകത്ത് കടന്നിരുന്ന തണുത്ത കാറ്റ് കനലുകളെ വീണ്ടും വീണ്ടും ഊതിച്ചുമപ്പിച്ചു കൊണ്ടിരുന്നു.മിഖായേലിന്റെ ഉള്ളിൽ കത്തുന്ന കനലുപോലെ .
നേരം പുലർന്നപ്പോൾ തന്നെ ഇവാൻ മിഖായേലിനെ വിളിച്ചുണർത്തി. സ്വപ്നങ്ങളുടെ കാർഡുകൾ നിറച്ച തുകൽ സഞ്ചിയുമായി ഇവാൻ മുന്നിൽ നടന്നു. ചുണ്ടിലെ സിഗാറിന്റെ പുക നടത്തത്തിൽ പിന്നോട്ട് പറക്കുന്ന കാഴ്ച കണ്ടപ്പോൾ, മീറ്റർഗേജ് പാതയിലൂടെ പായുന്ന കൽക്കരി എഞ്ചിനുകൾ പോലെ തോന്നിയിരുന്നു.
മൂന്ന്-നാല് മണിക്കൂറുകൾക്കിപ്പുറം, പ്രഭാത ഭക്ഷണം കഴിഞ്ഞ് ആളുകൾ ജോലികളിൽ മുഴുകുന്ന നേരത്താണ് ഇവാനും മിഖായേലും ശാന്തമായ ആ നഗരത്തിലെത്തിയത്. ആ നഗരത്തെ തലോടിയിരുന്ന 'നെവാ' നദി അപ്പോഴും മഞ്ഞിന്റ പുതപ്പണിഞ്ഞുകൊണ്ട് മയങ്ങുകയായിരുന്നു. വീടെത്തിയപ്പോൾ വേലിക്കപ്പുറം വരെ മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന മിഖായേലിനെ അവിടെ നിർത്തിക്കൊണ്ട് ഇവാൻ അകത്തേക്കു നീങ്ങി. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇവാൻ തിരിച്ചെത്തി. മിഖായേലുമായി സംസാരിച്ചു നിൽക്കുമ്പോൾ ആ വേലി കടന്ന് ആളുകൾ വീടിന്നകത്തേക്ക് പോകുന്നുണ്ടായിരുന്നു.
ഇവാൻ മിഖായിലിനേയും കൂട്ടി മറ്റൊരിടത്തേക്ക് പോയി. കായ്ച്ചു നിൽക്കുന്ന ഒലീവ് മരങ്ങൾ തണലിട്ട ആ മുറ്റത്ത് കാറ്റിൽ അങ്ങിങ്ങായി പറന്നുകിടന്ന ലില്ലിപ്പൂക്കളേയും കാർണേഷൻ പൂക്കളേയും അവർ കണ്ടു.
"ഉവ്വ്.. എനിക്കറിയാം ഈ സ്ഥലം.. എനിക്കറിയാം. നിയന്ത്രണങ്ങളില്ലാതിരുന്നെങ്കിൽ ഇതിനു മുൻപേ ഞാൻ കയറാൻ ആഗ്രഹിച്ച സ്ഥലങ്ങളിലൊന്ന്.."
ഇതു പറഞ്ഞ മിഖായേലിനെ നോക്കി ഇവാൻ പുഞ്ചിരിച്ചു.ഇവാന്റെ തോളിൽ കിടന്ന സഞ്ചി കാറ്റിലാടുന്നത് കണ്ടപ്പോൾ സ്വപ്നത്തിന്റെ കാർഡുകളെ പറ്റി മിഖായേൽ ചോദിച്ചു.
"ഓഹ്.. ആ സ്വപ്നങ്ങളോ.. അത് വിലയില്ലാത്ത റൂബിളുകൾക്ക് ഞാൻ നേരത്തെ കാണാൻ പോയ വീട്ടിലെ മനുഷ്യന് വിറ്റു. മൂന്ന് നാളുകൾക്ക് ശേഷം വേറൊരു സ്വപ്നം വിൽക്കാനുണ്ട്. അതിനായി ഇങ്ങോട്ട് വീണ്ടും വരേണ്ടതുമുണ്ട്. അതിനും ഇന്നുണ്ടായിരുന്ന സ്വപ്നത്തോട് സാമ്യമില്ലാതില്ല."
ഇതും പറഞ്ഞു കൊണ്ട് ആ സ്വപ്ന വ്യാപാരി മിഖായേലിനോട് യാത്ര പറഞ്ഞു.
കുറച്ചകലെ വൃദ്ധസദനത്തിലെ ഒരു പുരോഹിതൻ കുറച്ചാളുകൾക്ക് മുൻപിൽ കൈകൾ ചൂണ്ടിക്കൊണ്ട് എന്തോ വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഒരേ പേരിലുള്ള നിരവധി അന്തേവാസികൾക്കിടയിൽ നിന്നും അവർക്ക് കാണേണ്ടുന്ന സ്ഥലം ആധികാരികമായി പറയാൻ, ജീവിച്ചിരിക്കുന്നവരിൽ ആ പുരോഹിതനേ സാധിക്കൂ എന്ന ഉറപ്പുള്ളതുകൊണ്ടാകാം അവർ അദ്ദേഹത്തെ വിളിച്ചത്.
തങ്ങൾ ചെയ്യേണ്ട ജോലിയുടെ സ്ഥലം കണ്ടെത്തിയ അവർ, കുറച്ചു നേരത്തെ സംഭാഷണത്തിനു ശേഷം പണിയായുധങ്ങൾ എടുക്കാനായി അവിടെ നിന്നും പോയി. അപ്പോൾ മിഖായേൽ പുരോഹിതൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നടന്നു. അവിടെ ഒരു മാർബിൾ ഫലകത്തിനു മുകളിൽ അയാൾ തല ചായ്ച്ചിരുന്നു. പെട്ടെന്ന് ഒരാഴ്ച പഴക്കം തോന്നിക്കുന്ന വാടിയ ഇളം ചുവപ്പുനിറത്തിലുള്ള കാർണേഷൻ പൂക്കൾ ആ മാർബിളിനു മുകളിൽ വച്ചിരിക്കുന്നത് അയാൾ കണ്ടു. തൊട്ടടുത്ത് നിൽക്കുന്ന ഒലീവ് മരത്തിന്റെ തടിയിൽ കുറച്ച് രക്തക്കറ പുരണ്ടിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു.
മാർബിളിൽ റഷ്യൻ ഭാഷയിൽ കൊത്തിയ വരികളിലേക്ക് മിഖായേലിന്റെ നിറകണ്ണുകൾ പാഞ്ഞു.അതിൽ എഴുതിയിരിക്കുന്നത് അയാൾ മനസ്സിൽ വായിച്ചു.
"ഒലീവ് മരങ്ങളുടെ താഴ്വരയിൽ നിന്നും ലില്ലിപൂക്കൾ കോർത്ത ഹാരവുമായി നിന്റെ സന്നിധിയിലേക്കവൾ പുറപ്പെടുകയായ്..
വെറോനിക്ക മിഖായേൽ,
ജനനം : ........
മരണം: ..........."
അപ്പോഴേക്കും തൊട്ടരികിൽ തന്നെ പണിയായുധങ്ങളുമായി തിരിച്ചെത്തിയവർ തങ്ങളുടെ കുഴിയെടുക്കുന്ന ജോലി തുടങ്ങിയിരുന്നു. ഒന്ന് രണ്ടാളുകൾ ഒരു ഗ്രാനൈറ്റും ഒരു കുരിശും താങ്ങിയെടുത്ത് കൊണ്ടുവന്ന്, തൊട്ടടുത്ത് നിന്ന ഒലീവ് മരത്തിലേക്ക് ചാരി വയ്ക്കുന്നത് കണ്ടു.
മിഖായേൽ അവിടെ നിന്നും തിരിച്ചു നടന്നു. അവിടേക്ക് ആളുകൾ കൂട്ടമായി എത്തുന്നത് നടത്തത്തിനിടയിൽ അയാൾ ശ്രദ്ധിച്ചു. വർണ്ണാഭമായ കത്തീഡ്രലിന്റെ സമീപത്തുകൂടി അയാൾ മുന്നോട്ട് നീങ്ങി. പെട്ടെന്ന് കയ്യിൽ കടും ചുവപ്പു നിറത്തിലുള്ള കാർണേഷൻ പൂക്കളുടെ ബൊക്കെയുമേന്തിക്കൊണ്ട് ഒരു സ്ത്രീ എതിരെ നടന്നു വരുന്നത് കണ്ടു. അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.
തൊട്ടടുത്തെത്തിയപ്പോൾ അയാൾ അവരുടെ വിറയ്ക്കുന്ന കൈകളിൽ കരുതിയ പൂക്കളുടെ ബൊക്കയിലേക്ക് സസൂക്ഷ്മം നോക്കി. അതിൽ എഴുതിയ വാക്കുകൾ അയാളെ വീണ്ടും സങ്കടത്തിലാഴ്ത്തി. നടത്തത്തിനിടയിൽ ബൊക്കെയിൽ എഴുതിയിരുന്ന വാക്കുകൾ അയാൾ ഇപ്രകാരം ഉരുവിട്ടു കൊണ്ടിരുന്നു.
" നിറഞ്ഞ സ്നേഹത്തോടെ കാത്തിരുന്ന പ്രിയ 'നിക്കലേവ് മിഖായേൽ', ഒടുവിൽ ഒറ്റപ്പെട്ടുപോയ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കില്ലാത്ത വിധം ഞാൻ താങ്കളെ തേടിയെത്തുമ്പോൾ ഒരു പാട് വൈകിയല്ലോ പ്രിയനേ..?
നിനക്കായ് ഇതാ ഈ ഹൃദയപുഷ്പങ്ങൾ....
സൈറസ് നിക്കലേവ് .. "
പെട്ടെന്ന്, ഇവാൻ യാത്ര പറയുമ്പോൾ പറഞ്ഞ വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു.
" മൂന്ന് നാളുകൾക്ക് ശേഷം വേറൊരു സ്വപ്നം വിൽക്കാനുണ്ട്. അതിനായി ഇങ്ങോട്ട് വീണ്ടും വരേണ്ടതുണ്ട്.".
എന്ന വാക്കുകൾ..
പെട്ടെന്ന് ചിന്തകളുടെ പടികൾ കയറിയ മിഖായേൽ, എന്തോ നിശ്ചയിച്ചുറപ്പിച്ചതു പോലെ വേഗത്തിൽ നടക്കാൻ തുടങ്ങി. മഹാരഥൻമാർ മറവു ചെയ്യപ്പെട്ട ക്രെംലിൻ മതിലിനടുത്തായാണ് തന്റെ സ്ഥിരം താവളമെന്ന് ഇവാൻ വാക്കുകളാൽ പരിചയപ്പെടുത്തിയ സ്ഥലം ലക്ഷ്യമാക്കിക്കൊണ്ട്. മൂന്ന് ദിവസം കഴിയുമ്പോൾ വാടുന്ന ചുവന്ന കാർണേഷൻ പൂക്കൾ വിളിച്ചു വരുത്തുന്ന സ്വപ്ന വ്യാപാരിയുടെ പുതിയ സ്വപ്നം, ഒരൊറ്റ റൂബിൾ പോലും നൽകാതെ കാണുവാനായി....
### ഷെഫീർ ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo