
ഹോസ്പിറ്റലിന്റെ മുന്നിലെ മരച്ചുവട്ടിൽ കാന്റീനിൽ നിന്നും വാങ്ങിയ ചായയും കുടിച്ചു ഇരിക്കുമ്പോഴായിരുന്നു കാഷ്വാലിറ്റിയിൽ നിന്നും വിളി വന്നത്.
ആംബുലൻസിന്റെ ഡ്രൈവർ ആയിട്ട് രണ്ട് മാസം ആകുന്നതെ ഉള്ളൂ. കൊണ്ട് പോയത് മുഴവൻ ഡെഡ് ബോഡികളും. ചിലർ നെഞ്ചു തകരുന്ന നിലവിളിയുടെ അകമ്പടിയോടെ എങ്കിൽ മറ്റ് ചിലർ ഒറ്റയ്ക്കാണ് യാത്ര. ചിലപ്പോൾ കൂടെ ഒരു ബന്ധവുമില്ലാത്ത ഹോസ്പിറ്റലിലെ അറ്റാൻഡര്മാരും ഉണ്ടാകും.
ഓടി ചെന്നു കാഷ്വാലിറ്റിയിൽ ചെല്ലുമ്പോൾ രാവിലെ കൊണ്ടു വന്ന ചെറിയ മോളെ ഓക്സിജൻ മാസ്‌ക് ഒക്കെ ഇട്ട് ഡ്രിപ് കൊടുത്തു കിടത്തിയിരിക്കുന്നു.
"സഞ്ജു ഉടനെ മെഡിക്കൽ കോളേജിലേക്ക്. "
ശ്യാം ഡോക്ടർ അടുത്തെത്തി പറഞ്ഞു.
" കൂടെ ലീന സിസ്റ്റർ ഉണ്ടാകും. വൈകിക്കരുത്. എത്രയും പെട്ടെന്ന്. "
" കൂടെ ലീന സിസ്റ്റർ ഉണ്ടാകും. വൈകിക്കരുത്. എത്രയും പെട്ടെന്ന്. "
ആ മോളുടെ മുഖം ഒന്നു നോക്കിയതെ ഉള്ളൂ, മുന്നിൽ ആവണിമോളുടെ മുഖം തെളിഞ്ഞു. ഒരു മഴവെള്ളപ്പാച്ചിലിൽ തന്റെ കൈയിൽ നിന്നും ഊർന്നു പോയ തന്റെ കിലുക്കാം പെട്ടി. ഓർമ്മകൾ കാട് കയറുമ്പോഴായിരുന്നു കാതിൽ അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടത്.
ഓടിയിറങ്ങി ആംബുലൻസ് തിരിച്ചു കാഷ്വാലിറ്റിക്കരികിൽ നിർത്തി ആ മോളെ കയറ്റുമ്പോൾ കൂടെ കുഞ്ഞിന്റെ അമ്മയും അച്ഛനും കയറി. ലീന സിസ്റ്റർ ഒരു സൈഡിലും അച്ഛനും അമ്മയും മറ്റേ സൈഡിലും ആയി ഇരുന്നു. ആംബുലൻസിന്റെ പിന്നിലെ വാതിൽ അടക്കുമ്പോൾ ആ അമ്മ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിന്റെ അർത്ഥം അറിയാം, ഇനിയുള്ള മണിക്കൂർ ആ ജീവൻ എന്റെ കൈയിൽ ആണ്. എന്റെ വേഗത തീരുമാനിക്കും ആ കുഞ്ഞു ജീവിതത്തിന്റെ ഗതി.
ഡ്രൈവിംഗ് സീറ്റിൽ കയറി ഡോർ അടയ്ക്കുമ്പോൾ ഉള്ളിൽ ആ അമ്മയുടെ ദയനീയമായ നോട്ടം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
"കാവിലമ്മേ തുണയായി കൂടെ നിൽക്കണേ"
വണ്ടി സ്റ്റാർട്ട് ചെയ്തു. സൈറൺ ഇട്ടു കുതിക്കുമ്പോൾ കണ്മുന്നിൽ റോഡ് മാത്രം. കൊടുക്കാവുന്ന മാക്സിമം സ്പീഡ് കൊടുത്തു.
"സഞ്ജു , കഴിയുന്നതും വേഗം നമ്മുക്ക് മെഡിക്കൽ കോളേജിൽ എത്തണം." പിറകിൽ ലീന സിസ്റ്ററുടെ ശബ്ദം
മൂന്ന് മണിക്കൂർ , മൂന്ന് മിനിറ്റ് ആയെങ്കിൽ
പിന്നീടങ്ങോട്ട് കണ്ണടച്ചു ഒരു യാത്ര ആയിരുന്നു. വഴി ഒഴിഞ്ഞു തരുന്നവർ ആണ് കൂടുതൽ എങ്കിലും നാട്ടിലെ റോഡിന്റെ അവസ്ഥ യാത്ര ഇടയ്ക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. ഹൈ വേ ആണെന്ന് പറഞ്ഞിട്ടെന്താ ട്രാഫിക് ജാം എന്നത് നിത്യസംഭവം. ഈശ്വരാ എവിടെയും ബ്ലോക്ക് ആക്കല്ലേ..
സൈറൺ ഇട്ട് വണ്ടി കുതിച്ചു ഓടുമ്പോഴും ഉള്ളിൽ പിടച്ചിൽ ഏറുകയായിരുന്നു. സമയത്തിന് എത്തിയില്ലെങ്കിൽ ആ കുഞ്ഞു... എന്താവും അതിനു പറ്റിയിട്ടുണ്ടാവുക?!! ഇത്ര ചെറുതിലെ എന്തസുഖമാ ആ മോൾക്ക്.
"സഞ്ജു , നമ്മൾ വൈകരുത്. കുഞ്ഞിന് സീരിയസ് ആണ്. "
"ഇല്ല സിസ്റ്റർ നമ്മൾ ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തും.
മനസ്സ് ആശ്വാസത്തിന്റെ തണുപ്പറിയാൻ തുടങ്ങി. ഇനി വേഗം എത്തും.
അപ്പോഴായിരുന്നു മുന്നിൽ ഒരു ലോറി തടസ്സം നിന്നത്. സൈറൺ കേട്ട് ലോറി സൈഡ് തന്നു. അതിനെ സ്പീഡിൽ ഓവർ ടേക് ചെയ്തപ്പോഴായിരുന്നു മുന്നിൽ ആ അപകടം വന്നത്. ഓവർ ടേക്ക് ചെയ്തു കയറി ചെന്നത് ഒരു കണ്ടൈയ്നർ ലോറിക്ക് മുന്നിൽ ആയിരുന്നു. ആംബുലൻസ് സൈറൺ കേട്ടിട്ടും നിൽക്കാതെ ആ ലോറി ഓടിക്കയറുകയായിരുന്നു.
വലിയൊരു ശബ്ദത്തോടെ ലോറിയുടെ മുന്നിൽ വാൻ ചെന്നിടിച്ചു. മോളെ രക്ഷിക്കാൻ നോക്കുമ്പോഴേക്കും ലോറിയുടെ മുന്നിൽ ഡ്രൈവറുടെ ക്യാബിൻ ഇടിച്ചു കയറിയിരുന്നു. ഗ്ലാസ് ചില്ലുകൾ ശരീരത്തിലേക്ക് വന്നു വീണു കൊണ്ടിരുന്നു. രക്തം ഒഴുകി ബോധം മറയുമ്പോഴും ആ മോളെ രക്ഷിക്കണേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സിൽ..
ഒരാഴ്ചയ്ക്ക് ശേഷം ബോധം വരുമ്പോൾ അടുത്തു രാധിക ഉണ്ടായിരുന്നു.
സഞ്ജുഏട്ടാ... നിലവിളിച്ചു അവൾ നെഞ്ചിലേക്ക് വീണു.
"ഒന്നൂല്ലേടി എനിക്ക്" പതിയെ അവളുടെ ചെവിയിൽ പറയുമ്പോൾ മുഖത്താകെ വേദന നിറഞ്ഞു.
"അധികം സംസാരിക്കേണ്ട സഞ്ജു. മുഖത്തൊക്കെ ഗ്ലാസ് ചീളുകൾ തറച്ചു മുറിവുണ്ട്. ഒന്നുണങ്ങട്ടെ."
"സിസ്റ്ററെ, ലീന സിസ്റ്റർക്ക്, ആ മോൾക്ക്, അവരൊക്കെ?? ഉള്ളിൽ വേവലാതി നിറഞ്ഞു ഹൃദയം പൊട്ടും പോലെ തോന്നി
"സിസ്റ്റർക്ക് വലിയ പരിക്കില്ല. വണ്ടി വന്നിടിച്ചപ്പോൾ പുറകിലെ ഡോർ ഭാഗ്യത്തിന് തുറന്നു പോയിരുന്നു. തെറിച്ചു റോഡിൽ വീണു. ആ കുഞ്ഞിനും ചെറിയ പരിക്ക് മാത്രമേ ഉള്ളൂ. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിന്റെ അടുത്തെത്തിയിരുന്നില്ലേ നിങ്ങൾ. അതുകൊണ്ട് എല്ലാരേയും രക്ഷപ്പെടുത്താൻ കഴിഞ്ഞു."
"സിസ്റ്റർ ഇനി വീട്ടിലേക്ക് എപ്പോഴാ പോവാൻ പറ്റുക..."
രാധികയുടെ തളർന്ന ശബ്ദം എന്റെ വേദനയെ കൂട്ടികൊണ്ടിരുന്നു. പാവം പെണ്ണ്. ഈ ചെറിയ വയസ്സിൽ മോളെ നഷ്ടപ്പെട്ടു, ഇപ്പൊ തന്റെ ഈ അപകടവും.
"പെണ്ണേ, നീ വന്നേ.. എന്നെ ഒന്നു ചാരി കിടത്തി താ."
ബെഡ് ഉയർത്തി വെച്ചു അവൾ അടുത്തു വന്നിരുന്നു.
"സഞ്ജുഏട്ടാ ..."
"മ്..??"
"വേദനിക്കുന്നുണ്ടോ?"
"ഇല്ലാലോ...."
"കള്ളം പറയണ്ട എനിക്കറിയാം നല്ല വേദനയുണ്ടാകും."
"എന്റെ കാലെപ്പോഴാ പെണ്ണേ മുറിച്ചത്??"
പുതപ്പിനടിയിൽ എനിക്കനുഭവപ്പെട്ട ശൂന്യതയിലേക്ക് കണ്ണു നട്ട് ചോദിക്കുമ്പോൾ പൊട്ടിക്കരഞ്ഞു അവൾ എന്നെ ചുറ്റി പിടിച്ചു.
"കാലു കുടുങ്ങി കിടപ്പായിരുന്നു പോലും. ക്യാബിന്റെ ഉള്ളിൽ നിന്നും ഏട്ടനെ വലിച്ചെടുത്തപ്പോ വലതുകാൽ പാതിയും മുറിഞ്ഞു തൂങ്ങിയിരിന്നു. ഡോക്ടർമാർ ശ്രമിച്ചു. പക്ഷെ... വലതു കാൽ മുറിക്കണം എന്നു പറഞ്ഞു"
"വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു. " തേങ്ങി കരഞ്ഞു പെണ്ണ് നെഞ്ചിലേക്ക് വീണു.
ഇനി എന്ത് ചെയ്യും...? ഒരെത്തും പിടിയും കിട്ടുന്നില്ല. ജീവിക്കാൻ ഉള്ള വഴി ഇല്ലാതായല്ലോ. ചിന്തകൾ കാട് കയറി.
******
******
"ആഹാ... ചായയും കൊണ്ട് ദിവാസ്വപ്നം കാണുകയാണോ. ?"
അവളുടെ ശബ്ദം ഓർമ്മകളിൽ നിന്നും തിരിച്ചിറക്കി. ഇത്രനേരവും ഇന്നലെകളിലൂടെ മനസ്സ് ഓർമ്മകളെ തിരയുകയായിരുന്നു.
"ഒന്നൂല്ല, നിന്റെ പണിയൊക്കെ കഴിഞ്ഞോ. എനിക്കൊന്നു പുറത്തു പോവാൻ തോന്നുന്നു. നീ ക്രെച്ചസ് എടുക്ക്. ഞാൻ ഒന്ന് ഇറങ്ങിയിട്ടു വരാം"
"വയ്യാണ്ട് ഇപ്പൊ പുറത്തേക്ക് പോവണോ.?
"ഇങ്ങനെ ഇരുന്നാൽ എല്ലാം ശരിയാകുമോ..? "
ഒറ്റയ്ക്കിരുന്നു ചിന്തകളോട് മത്സരിച്ചു പലപ്പോഴും തോറ്റ് പോവുന്നുണ്ട്. അതൊന്നും പറഞ്ഞാൽ ഇവൾക്ക് മനസിലാവില്ല.
ഷർട്ടും ഇട്ടു മുറ്റത്തിറങ്ങാൻ നോക്കുമ്പോഴായിരുന്നു റോഡിൽ നിന്നും ഒരു കാർ മുറ്റത്തേക്ക് കയറിയത്
ഇപ്പൊ ഇവിടേക്ക് ആരെന്നുള്ള ചിന്തയിൽ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കുമ്പോഴായിരുന്നു പിന്നിലെ ഡോർ തുറന്നു ഒരു കുഞ്ഞു പെണ്കുട്ടി ഇറങ്ങിയത്.
ചിരിച്ചുകൊണ്ട് ഓടി അടുത്തെത്തി കെട്ടിപിടിച്ചു അവൾ നിന്നപ്പോൾ ആകെ ഞെട്ടലായിരുന്നു.
ആരെന്നറിയാതെ അന്താളിച്ചു നിൽക്കുന്ന എന്റെ കയ്യിൽ പിടിച്ചു വലിച്ചു കസേരയിൽ കൊണ്ടിരുത്തി അവൾ.
"എന്നെ മനസിലായോ??" കൊഞ്ചിയുള്ള അവളുടെ സംസാരം നല്ല ഭംഗിയുണ്ടായിരുന്നു.
"മോളെ.... മോള് അന്ന് ആ ആംബുലൻസിൽ ഉണ്ടായിരുന്ന..."
"ഞാൻ തന്നെയാ.. നിയമോള്"
അപ്പോഴായിരുന്നു അവർ രണ്ട് പേരും കോലായിലേക്ക് കയറിയത്.
"ഞാൻ നിയമോളുടെ അച്ഛൻ ശരത്. ഇതു എന്റെ ഭാര്യ ദിവ്യ." അവർ കോലായിൽ കസേരയിലേക്ക് ഇരുന്നു.
രാധിക ചായ എടുക്കട്ടേ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി
"ഞങ്ങൾ കുറെ അന്വേഷിച്ചു സഞ്ജുവിനെ. വീട് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. മോൾക്ക് സഞ്ജുവിനെ കാണണമെന്നു ഒരേ വാശി. ഞങ്ങൾക്കും ഉണ്ടായിരുന്നു ."
"ഞങ്ങൾക്ക് വേണ്ടിയല്ലേ സഞ്ജു ഇങ്ങനെയൊക്കെ ആയത്. പകരം എന്താ ഞങ്ങൾ തരേണ്ടത്.അറിയില്ല. എന്ത് വേണമെങ്കിലും ചോദിച്ചോ. എന്നാൽ ആവുന്നത് ഞാൻ ചെയ്യാം.
"എനിക്ക് പ്രതിഫലം ഒന്നു വേണ്ട സർ. എന്റെ ഡ്യൂട്ടി ശരിക്ക് ചെയ്യാൻ കഴിഞ്ഞില്ലലോ എന്ന വിഷമം മാത്രമേ ഉള്ളൂ. പറ്റുമെങ്കിൽ സർ എനിക്കൊരു ജോലി ശരിയാക്കി തരുമോ. "
"എനിക്ക് സന്തോഷമായി സഞ്ജു.ഞാൻ ഈ കാര്യം അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു. നാളെ മുതൽ എന്റെ കമ്പനിയിൽ ജോലിക്ക് കയറിക്കോ. "
ഏറെ നേരം അവർ ഞങ്ങൾക്കൊപ്പം ഇരുന്നു. ഊണൊക്കെ കഴിച്ചു, യാത്ര പറഞ്ഞിറങ്ങവേ ആ കുഞ്ഞു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, രാധികയുടെയും. അവളും കുഞ്ഞും പെട്ടെന്ന് അടുത്തു. ആവണി മോൾ മുന്നിൽ നിൽക്കും പോലെ. കാർ കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നു. രാധികയെയും ചേർത്തു പിടിച്ചു അകത്തേക്ക് കയറുമ്പോൾ മനസ്സിൽ അണഞ്ഞു പോയൊരു തിരിനാളം കാലം വീണ്ടും കൊളുത്തി വെയ്ക്കുന്നുണ്ടായിരുന്നു.
ഇനി പുതിയൊരു ഉദയമാണ് ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ.
**********************
(മറ്റൊരു പ്രാണൻ രക്ഷിക്കാൻ സ്വന്തം ജീവൻ മുറുകെ പിടിച്ചു പോകുന്നവർ. ഓരോ ആംബുലൻസ് ഡ്രൈവർമാരും. )
(മറ്റൊരു പ്രാണൻ രക്ഷിക്കാൻ സ്വന്തം ജീവൻ മുറുകെ പിടിച്ചു പോകുന്നവർ. ഓരോ ആംബുലൻസ് ഡ്രൈവർമാരും. )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക