Slider

സവാരി

0
Image may contain: 2 people, including Sreelal Sreelayam, beard and closeup
..............
ജങ്ഷനിൽ ആളെ ഇറക്കി ഓട്ടോ തിരിക്കാൻ തുടങ്ങുമ്പോൾ ആണ് ആ അമ്മ അയാളെ വിളിച്ചത്. അയാൾ വണ്ടി നിർത്തി. അവർ പതിയെ വണ്ടിയിലേക്ക് കയറി.
ഈ സവാരി സവാരി പോകുമോ ??ചിരിച്ചുകൊണ്ട് അവർ ചോദിച്ചു...
അതിനെന്താ ഈ സവാരി സവാരിയെ പോകു. അമ്മയ്ക്ക് എവിടെയാ പോകണ്ടേ ???. അയാളും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. എന്നെ ആ കൃഷ്ണന്റെ അമ്പലത്തിന്റെ അവിടെ വിട്ടാൽ മതി രവിയെ. അവരും മറുപടി പറഞ്ഞു. അയാൾ വണ്ടി മുന്നോട്ട് എടുത്തു.
ഓട്ടോയുടെ പേരാണ് ""സവാരി""..എന്തോ ആ പേരിനോട് ഒരു ഇഷ്ടം തോന്നി ഇട്ടതാ. ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും. വണ്ടികൾ പലതും മാറി വന്നെങ്കിലും ""സവാരി""എന്ന ഈ പേര് മാത്രം മാറിയില്ല.
കാറുകൊണ്ട് നിന്ന ആകാശത്തെ സാക്ഷിയാക്കി ഓട്ടോ മുന്നോട്ട് പോയിക്കൊണ്ടിരുന്നു... അമ്പലത്തിനടുത്തു എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു...
കുടയുണ്ടോ കയ്യിൽ ??.
മറുപടി വൈകിയതിനാൽ അയാൾ തിരിഞ്ഞു നോക്കി. അവർ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരിക്കുന്നു.. അയാൾ പുറകിലേക്ക് വന്നു തട്ടിവിളിച്ചു. ഇല്ല അനക്കം ഇല്ല....
ഓട്ടോ മെഡിക്കൽകോളേജിന്റെ ഗേറ്റ് കടന്നപ്പോഴേക്കും മഴ കടുത്തിരുന്നു. അത്യാഹിതത്തിലെ ബെഡിലേക്ക് കിടത്തിയപ്പോൾ അവർ ഒന്ന് ഞെരങ്ങി.അയാളോട് എന്തോ പറയാൻ ശ്രെമിച്ചു. അപ്പോഴേക്കും ഡോക്ടർ വന്നു അയാളോട് പുറത്തേക്കു നിൽക്കാൻ പറഞ്ഞു. പോകാൻ തുടങ്ങിയ അയാളുടെ കയ്യിൽ അവർ പിടിച്ചു.. രവി എനിക്കല്പം വെള്ളം വേണം... വയ്യ എങ്കിലും ഒരുവിധം അവർ പറഞ്ഞൊപ്പിച്ചു. അയാൾ വെള്ളം വാങ്ങാൻ ആയി പുറത്തേക്ക് പോയി.
വീടിന്റെ അടുത്ത കവലയിൽ ഉള്ള പോലീസുകാരന്റെ അമ്മയാണ്. ഇടക്കിടക്ക് ഓട്ടോയിൽ കയറും. അങ്ങനെ തുടങ്ങിയ പരിചയം ആണ്..
വെള്ളം കൊടുത്തശേഷം അയാൾ വീണ്ടും പുറത്തേക്കു ഇറങ്ങി.. ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന പോലീസ്കാരനോട് അവരുടെ മകനെ ഒന്ന് വിവരം അറിയിക്കാൻ പറഞ്ഞേല്പിച്ചു.
കസേരയിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ ഇറങ്ങി വന്നു. അയാൾ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
പേടിക്കാൻ ഒന്നും ഇല്ല. ഒരു ചെറിയ നെഞ്ച് വേദന. കുറച്ചു റസ്റ്റ്‌ എടുക്കട്ടെ അഡ്മിറ്റ്‌ ചെയ്യണം. കയറി കണ്ടോളു... അയാൾ അകത്തേക്ക് കയറി...
രവി ഇതുവരെ പോയില്ലേ??
തളർന്ന ശബ്ദത്തിൽ അവർ ചോദിച്ചു...
ഇല്ല. വീട്ടിൽ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും വന്നിട്ട് ഞാൻ പൊക്കോളാം. വയ്യഞ്ഞത് കൊണ്ടാകാം അതിനു മറുപടി ഒന്നും പറയാതെ അവർ കണ്ണടച്ച് കിടന്നു. കട്ടിലിന്റെ അടുത്ത് കിടന്ന സ്റ്റൂൾ വലിച്ചിട്ടു അയാൾ അതിലേക്കു ഇരുന്നു...
ആശുപത്രിയുടെ അന്തരീക്ഷവും, മരുന്നിന്റെ മണവും എല്ലാം അയാളെ വല്ലാതെ അസ്വസ്ഥനാക്കി...
ക്യാൻസർ കാർന്നു തിന്ന തന്റെ മകളുടെ ശോഷിച്ച മുഖവും കുറെ മരുന്ന് ഡപ്പികളും ആണ് അപ്പോൾ അയാളുടെ മനസിലേക്ക് വന്നത്...
നിറയെ മുടി ഉണ്ടായിരുന്നു അവൾക്ക്. കീമോയുടെ ചൂടിൽ അവ വേരോടെ പിഴുതുപോയപ്പോൾ അവൾക്കു വല്ലാത്ത സങ്കടം ആയിരുന്നു. ഒടുവിൽ ഇതുപോലെ മഴ പെയ്ത ഒരു സന്ധ്യയിൽ തിരിച്ചു വരാത്ത ദൂരത്തേക്ക് അവൾ പോയി.....
അപ്പോഴേക്കും അവരുടെ വീട്ടിൽ നിന്നും ആൾ എത്തിയിരുന്നു. അവരെ വീട്ടുകാരെ ഏല്പിച്ചശേഷം അയാൾ ആശുപത്രിക്ക് വെളിയിലേക്ക് ഇറങ്ങി വന്നു...
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.തോരാൻ കാത്തുനിൽക്കാതെ നനഞ്ഞു തന്നെ അയാൾ വണ്ടിക്കുള്ളിലേക്ക് കയറി.. ഫോൺ ബെല്ലടിക്കുന്നു.. ഭാര്യ ആണ്. നല്ല മഴ നിങ്ങൾ എവിടെയാ ??ഇപ്പോൾ വരുമോ ??...ഇല്ല അല്പം കൂടി കഴിയും. അയാൾ ഫോൺ കട്ട്‌ ചെയ്തു വണ്ടി മുന്നോട്ട് എടുത്തു...
മകളെ കാർന്നു തിന്ന ക്യാൻസർ കോശങ്ങൾ ഇപ്പോൾ ഭാര്യയേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.. എല്ലാത്തിനോടും അവൾക്കു ഇപ്പോൾ ഭയം ആണ്.. ഇടക്കിടക്ക് ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും..
അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു. മഴ ഒന്ന് കുറഞ്ഞു. ചെറിയ ചാറ്റൽ മാത്രം.
മഴത്തുള്ളികൾ വീണ ഗ്ലാസ്സിലൂടെ അയാൾ സൂക്ഷിച്ചു നോക്കി വണ്ടി ഓടിച്ചുകൊണ്ടിരുന്നു... റോഡ് സൈഡിൽ നിന്നും ഒരു അമ്മയും, മോളും കൈകാണിച്ചു. അയാൾ വണ്ടി അവരുടെ അടുത്തേക്ക് നിർത്തി.
എങ്ങോട്ടാ ??
കൃഷ്ണന്റെ അമ്പലം വരെ...
കയറിക്കോ..... അവർകയറി...
വണ്ടിക്കുള്ളിലെ മൂകതയിലും പുറത്തു പെയ്യുന്ന ചാറ്റൽമഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട് അസ്തമിക്കാത്ത
പ്രതീക്ഷകളും ആയി അയാൾ ""സവാരി"" തുടർന്നു...
By
ശ്രീലാൽ ശ്രീലയം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo