നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്റർവ്യൂ

Image may contain: 1 person, beard and closeup
••••••••••••••••••••••••••••••••••••
“ഒന്ന് വേഗം കഴിച്ചൊന്നെണീക്കാൻ നോക്കെന്റെ സുമേഷേ… ഈ അലാക്കിന്റെ മൊബൈലിൽ കുത്തി കളിച്ചിട്ട്‌ തന്ന്യാ നീ ഒന്നും ഒരു ഗതിയും പിടിക്കാത്തെ.”
അമ്മയുടെ ശബ്ദം ഉയർന്നപ്പോളാണു തല ഉയർത്തി നോക്കിയത്‌.
ഒരു കൈയ്യിൽ എന്റെ ജീൻസ്‌ പാന്റും മറുകൈയ്യിൽ രണ്ട്‌ ഷേർട്ടുകളുമായി അമ്മ മുന്നിൽ നിൽക്കുന്നു.
“എത്ര നേരായി ഞാൻ ചോദിക്കണൂ. ഇതിലേത്‌ ഷേർട്ടാ നാളേക്ക്‌ ഇസ്ത്തിരി ഇട്ട്‌ വെക്കണ്ടേന്ന്”
ശ്രദ്ധിക്കാതെ ടി വി യിലേക്ക്‌ നോക്കിയത്‌ കണ്ട അമ്മക്ക്‌ ദേഷ്യം ഇരട്ടിച്ചു.
“ഒന്നുകിൽ മൊബൈൽ അല്ലെങ്കിൽ ടി.വി. എന്നാലും ഇങ്ങനൊന്നിനെ ആണല്ലോ ഈശ്വരാ…
മുഴുമിപ്പിക്കുന്നതിനു മുന്നെ ഞാൻ പറഞ്ഞു.
“ഏതേലും ഇസ്തിരി ഇട്ടൊ അമ്മേ, അതിലൊന്നും വലിയ കാര്യമില്ല. എത്ര തെണ്ടി നടന്നു,ഇനി ഇതിലാ കിട്ടാൻ പോണെ.”?
“ഈ ചിന്ത കൊണ്ടന്ന്യാ ഒന്നും ശരിയാകാത്തെ. ആദ്യം ആ ചിന്ത നീ കളയ്‌”
അതും പറഞ്ഞ്‌ അമ്മ അകത്തേക്ക്‌ കയറി പോയി.
നിരാശയാണു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. ആയുധമില്ലാതെ യുദ്ധക്കളത്തിൽ നിൽക്കുന്ന യോദ്ധാവാക്കുന്നു നിരാശ ചിലപ്പോൾ മനുഷ്യനെ..
എത്ര വാതിലുകൾക്ക്‌ മുന്നിൽ കാത്തു നിന്നു. എത്ര ചെരുപ്പിന്റെ വാറുകൾ മുറിഞ്ഞു. എത്ര കാശ്‌ വണ്ടിക്ക്‌ മുടക്കി. എത്ര വട്ടം കൂട്ടുകാർക്ക്‌ ചായ വാങ്ങി കൊടുത്തു. ഒക്കെയും നഷ്ടങ്ങളുടെ എഴുതപ്പെടാത്ത കണക്കുകളിൽ അവശേഷിക്കുന്നു.
ആലോചന മൂർച്ചിച്ചപ്പോൾ ചോറും കറിയും കൈക്കുള്ളിൽ പിടഞ്ഞു.പിടച്ചൽ മാറിയതിനെ കുടഞ്ഞെറിഞ്ഞ്‌ പോയി കൈ കഴുകി വന്ന് വാർത്ത കാണാം എന്നുള്ള ചിന്തയിൽ ടി വിക്ക്‌ മുന്നിൽ ഇരുന്നതേ ഉള്ളൂ. പാത്രവും അകത്ത്‌ വച്ച അമ്മ വന്ന് ടി.വി ഓഫാക്കി ഒരുഗ്രശാസന.
“ പോയുറങ്ങാൻ നോക്ക്‌ കാലത്ത്‌ എണീക്കേണ്ടതാ” വയസ്സ്‌ മുപ്പത്‌ കഴിഞ്ഞു . ഇപ്പൊളും ഇള്ളകൊച്ചാന്നാ വിചാരം”
ഇനിയും എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ അമ്മയുടെ ചെവിക്ക്‌ പിടുത്തമൊ അല്ലെങ്കിൽ അടുക്കളയിലെ മൂലയിലെ ഓലമടലോ എടുക്കും ന്ന് കണ്ടപ്പോ മെല്ലെ അകത്ത് കയറി കിടന്നു.
ഫോൺ ബെല്ലടിക്കുമ്പോ തന്നെ മനസ്സിലായി അച്ഛനാവും.
“എങ്ങനേലും അവനൊന്ന് കര കേറി കണ്ടിട്ട്‌ ഇതൊക്കെ നിർത്തി നാട്ടിൽ വന്ന് നിൽക്കാരുന്നു” എന്നത്‌ തന്നെയാവാം ഇന്നും അച്ഛന്റെ ആത്മഗതം എന്നത്‌ “നിങ്ങളും പ്രാർത്ഥിക്ക്‌ നാളെ ശരിയാവട്ടെ” കൈയ്യിൽ രാത്രി കുടിക്കാനുള്ള വെള്ളം ജഗ്ഗിൽ കൊണ്ട്‌ വന്ന് മേശമേൽ വെക്കുമ്പോ കേട്ട അമ്മയുടെ മറുപടിയിൽ നിന്നും ഊഹിക്കാമായിരുന്നു. ഒരു വിളി കേൾക്കാതെ കണ്ണടച്ച്‌ കിടന്നപ്പൊ അമ്മ പറഞ്ഞു. “അവനുറങ്ങി നാളെ വിളിച്ചാൽ സംസാരിക്കാം”.
പലരുടെയും ഒരു പാട്‌ ആഗ്രഹങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ആൺമക്കൾ…
ചിന്തകളെവിടെ ഒക്കെയോ കടിഞ്ഞാണില്ലാതെ അലഞ്ഞു. എപ്പൊഴോ ഉറങ്ങി…
കാലത്ത്‌ ശക്തമായ തട്ട്‌ കൈയിൽ കിട്ടിയപ്പോളാണുണർന്നത്‌. കുളിച്ച്‌ നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്‌ കൈയ്യിൽ ചായ കപ്പുമായി അമ്മ. കണ്ടാലേ അറിയാം കാലത്തെ അമ്പലദർശ്ശനമൊക്കെ കഴിഞ്ഞുള്ള നിൽപാണെന്ന്. ഒന്നും പറയാൻ പോയില്ല. ചായയും വാങ്ങി കുടിച്ച്‌ നേരെ കുളിമുറിയിൽ പോയി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്‌ വരുമ്പോളേക്കും ആവി പറക്കുന്ന പുട്ടും കറിയും ഊൺ മേശമേൽ നിരന്നിരുന്നു.
ഡ്രസ്സും മാറി മുടിയും ചീകി വന്ന് ഊൺമേശക്കരികിലെ കസേരമേൽ ഇരിക്കുമ്പോളേക്കും നെറ്റിയിൽ ചന്ദനം തൊട്ട്‌ തന്ന് അമ്മ പറഞ്ഞു. “നീയും കൂടി പ്രാർത്ഥിക്കണം ഇതെങ്കിലും ശരിയായി കിട്ടാൻ”. അത്തരം ചിന്തകളൊന്നും അയലത്ത്‌ കൂടെ പോയിട്ടില്ലാന്നറിയുന്നത്‌ കൊണ്ടാണു അമ്മ നിർബന്ധിക്കുന്നേന്നറിയാവുന്നത്‌ കൊണ്ട്‌ വെറുതെ തലയാട്ടി.
മുറ്റത്ത്‌ നിന്ന് ഓട്ടോയുടെ ഹോണടി ശബ്ദം കേട്ടതും വേഗം രണ്ട് പേരും ഇറങ്ങി വാതിലടച്ചിറങ്ങി. ഓട്ടോയിൽ കയറുമ്പോൾ അമ്മ ഒന്ന് കൂടി ഓർമ്മിപ്പിച്ചു. “ബയോഡാറ്റയും പേപ്പറുകളും ഒക്കെ എടുത്തില്ലേ”? കൈയ്യിലെ ഫയൽ കാട്ടി ഉണ്ടെന്ന് തലയാട്ടി കാണിച്ചു.
ഓട്ടോ ബസ്സ്സ്റ്റാന്റിൽ എത്തിയ ഉടനെ ആദ്യം കണ്ട പയ്യന്നൂർ ബസ്സിൽ കയറി. രണ്ട്‌ പേരും ഒരു സീറ്റിൽ തന്നെ ഇരുന്നു. പോകുന്ന വഴികളിലെ അമ്പലങ്ങളിലും കാവുകളിലും ഒക്കെ അമ്മ കൈ നെറ്റിയിൽ തൊട്ട്‌ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒരു വേള ഞാനും ഓർത്തു പോയി ഇതെങ്കിലും ശരിയായെങ്കിൽ എന്ന്.
ബസ്സിറങ്ങി അവിടുന്ന് മറ്റൊരു ഓട്ടോയിൽ കയറി ഇറങ്ങാനുള്ള സ്ഥലം പറഞ്ഞപ്പൊളേ ഡ്രൈവർക്ക്‌ മനസ്സിലായി. “ഇന്റർവ്യൂവിനാണല്ലേ?” എന്നിട്ടെന്നെ ഒരു പുച്ഛത്തിലുള്ള നോട്ടവും. അമ്മ കാണാത്തത്‌ ഭാഗ്യം ഇല്ലെങ്കിൽ അയാൾക്ക്‌ വയർ നിറഞ്ഞേനെ എന്ന് കരുതി വേഗം തലയാട്ടി വണ്ടിയിൽ കയറി ഇരുന്നു.
ഒരു പത്ത്‌ മിനുട്ട്‌ ദൂരം. ഗേറ്റിനുള്ളിലേക്ക്‌ വണ്ടി കടത്തി വിട്ടില്ല. വണ്ടിയിൽ നിന്നിറങ്ങുമ്പൊളേ കണ്ടു ഗ്രൗണ്ട്‌ നിറയെ ആളുകൾ. ഒരു ഭാഗത്ത്‌ വലിയ ഒരു ലൈൻ, അതിന്റെ ഇപ്പുറത്ത്‌ കൂടെ വന്നവർ കൂട്ടം കൂട്ടമായി നിൽക്കുന്നു. നൂറു കണക്കിനാളുകൾക്ക്‌ പിന്നിൽ എന്നെയും നിർത്തി അമ്മ അപ്പുറത്തേക്ക്‌ മാറി നിന്നു. പരിചയമുള്ള ആരെങ്കിലും ഉണ്ടോന്ന് നോക്കുമ്പോൾ ഒരു നൂറു മീറ്റർ അപ്പുറത്ത്‌ ഒരു പരിചിത മുഖം കണ്ടു. ഡിഗ്രിക്ക്‌ ഒന്നിച്ച്‌ പഠിച്ച മീനാക്ഷിയുടെ ചേട്ടൻ സുശീലൻ. ഒന്നേ നോക്കിയുള്ളൂ വെറുപ്പോടെ മുഖം തിരിച്ചു.
എന്റെ മീനുവിനെ എന്നിൽ നിന്നകറ്റിയ കാലമാടൻ. നാലു വർഷത്തെ നിഷ്കളങ്ക പ്രണയം. ഒന്ന് തൊട്ട്‌ പോലും പോറലേൽപിക്കാതെ ഞാൻ ആറ്റു നോറ്റ്‌ നോക്കി വളർത്തിയ തന്റെ പ്രണയവും പ്രണയിനിയും. പണിയില്ലാത്ത ഒറ്റ കാരണം കൊണ്ട്‌ നാറുന്ന അരി വിൽക്കുന്ന റേഷൻ കടക്കാരൻ ദാമോദരനെ കൊണ്ട്‌ പെങ്ങളെ കെട്ടിച്ച നാറി “നീ സുശീലനല്ലെടാ ദുശീലനാ ദുശീലൻ…
“എന്താടോ താൻ നിന്ന് പിറുപിറുക്കുന്നേ? തന്റെ കണ്ണു കണ്ടൂടേടൊ മുന്നോട്ട്‌ കേറി നിക്കെടൊ, പകൽ നിന്ന് കിനാവു കാണുകാ, അതിനു മാത്രം ഒന്നും ശരിയായില്ലാലൊ”
ഒരു കൂട്ടചിരിക്കിട ഇട നൽകിയ കഴുത്തിൽ വളണ്ടിയർ ബാഡ്ജ്‌
അണിഞ്ഞ ചേട്ടനെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചപ്പോൾ അയാൾ അടുത്ത്‌ വന്ന് ഒരു പ്രായശ്ചിത്തം പോലെ ചോദിച്ചു
“പേപ്പറൊക്കെ കൊണ്ടു വന്നില്ലേ?
“ഉവ്വ്‌ കൊണ്ട് വന്നിട്ടുണ്ട്‌.”
“എക്സിപ്പീരിയൻസ്‌ സർട്ടിഫിക്കറ്റൊ?”
ഇതിനെന്ത്‌ എക്സ്പീരിയൻസ്‌ സർട്ടിഫിക്കറ്റാ ചേട്ടാ”
"അല്ലെടോ ഇപ്പോൾ ചെയ്യുന്ന ജോലിയുടെ വല്ല ഡീറ്റയിൽസും ഉണ്ടോന്നാ.. ഹും എവിടുന്ന് വരുന്നെടാ" എന്ന ഭാവത്തിൽ ചേട്ടൻ മുന്നോട്ടേക്ക്‌ നീങ്ങിയപ്പൊ ഞാൻ വീണ്ടും മുന്നിലേക്കും പിന്നിലേക്കും നോക്കി. ആയിരങ്ങൾ കണ്ണിൽ പ്രതീക്ഷയുടെ പ്രകാശവും പേറി കാത്തിരിക്കുന്നു. ഒരു വിളിക്ക്‌ വേണ്ടി, ഒരു സമ്മതത്തിനു വേണ്ടി.
പിന്നിൽ നിരക്ക്‌ നീളം കൂടാൻ തുടങ്ങി. സൂര്യൻ തലക്ക്‌ മുകളിലേക്ക്‌ സർവ്വശക്തിയും ഉപയോഗിച്ച്‌ ആക്രമണം തുടങ്ങി. പലരെയും പോലെ തോൽക്കില്ലെന്ന് ഉള്ളിൽ പറഞ്ഞ്‌ ഞാനും പിന്തിരിയാതെ മുന്നിലേക്ക്‌ മന്ദം മന്ദം നീങ്ങാൻ തുടങ്ങി. ഇടക്ക്‌ അമ്മ വെള്ളവുമായി വന്ന്
“ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും”
എന്ന് ആശ്വസിപ്പിച്ച്‌ കൊണ്ടിരുന്നു. പലരും ചെറുചിരിയോടെയും ചിലർ നിരാശയോടെയും ചിലർ വിധിയെ പഴിച്ചും ചിലർ ഉത്തരം ഇഷ്ടമാകാത്ത ചോദ്യങ്ങളെ പഴിച്ചും തിരിച്ച്‌ പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണു ഞങ്ങൾ പത്തമ്പത്‌ പേർക്ക്‌ മുന്നിൽ ആ വലിയ ഗേറ്റ്‌ നിർദ്ദാക്ഷിണ്യം അടഞ്ഞത്‌. ആകെ ബഹളമായി. ഉന്തും തള്ളുമായി. ഞാൻ സുശീലനെ നോക്കി അവൻ ഗേറ്റിനുള്ളിൽ കടന്നിട്ടുണ്ട്‌ എന്നത്‌ എന്റെ ദേഷ്യവും ഇരട്ടിച്ചു. ആളുകൾ കൈയ്യിൽ കിട്ടിയത്‌ വലിച്ച്‌ ഉള്ളിലേക്ക്‌ എറിയാൻ തുടങ്ങി. ഞാനും മൂന്ന് നാലു കല്ലുകൾ സുശീലനെ ലക്ഷ്യമാക്കി എറിഞ്ഞു. അവൻ മാറിയത്‌ കൊണ്ട്‌ മറ്റാരാൾക്ക്‌ കൊണ്ട്‌ നെറ്റി പൊട്ടി ചോര വന്നു. അൽപസമയം കൊണ്ട്‌ തന്നെ സ്ഥലം സംഘർഷാവസ്ഥയിലായി. പെട്ടെന്ന് രണ്ട്‌ മൂന്ന് വാഹനങ്ങളിൽ വന്ന പോലീസ്‌ സംഭവസ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു. പോലീസും ആളുകളും വാക്കേറ്റമായി. പോലീസ്‌ അവരെ അനുനയിപ്പിച്ചു. ശാന്തരായിരിക്കാനും ഇതിന്റെ ഉത്തരവാദപ്പെട്ടവർ കാര്യങ്ങൾ വിശദീകരിക്കും എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ശാന്തരായി.
കുറച്ച്‌ കഴിഞ്ഞ്‌ ഒരാൾ മൈക്കുമായി ഗേറ്റിനു മുന്നിൽ വന്ന് അവിടെ കൂടി നിന്നവരോട്‌ സംസാരിച്ചു.
പ്രിയമുള്ളവരെ ഈ കൂടിക്കാഴ്ച ഞങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ പുരുഷ അപേക്ഷകർ വന്നതിനാലും അതിനു മാത്രം സ്ത്രീ അപേക്ഷകർ പങ്കെടുക്കാത്തതിനാലും ഈ കൂടിക്കാഴ്ച അടുത്ത ദിവസവും തുടരുന്നതായിരിക്കും. ആരും നിരാശരാകരുത്‌ ഈ ചുടുവെയിലിൽ നിന്ന നിങ്ങളെ തന്നെ ആദ്യം പരിഗണിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്‌. ആ കൂടികാഴ്ചയുടെ ദിവസം നിങ്ങളെ ആദ്യം അറിയിക്കുന്നതാണു. ദയവ്‌ ചെയ്ത്‌ എല്ലാവരും പിരിഞ്ഞ്‌ പോകണം."
അയാൾ മതിയാക്കി മൈക്കുമായി പോയിട്ടും ശബ്ദമുയർത്തി ബഹളം വെച്ചവരെ പോലീസിന്റെ ലാത്തി തുരത്തിയോടിച്ചു. അമ്മയുടെ കൈയ്യിൽ പിടിച്ചതിനാൽ ആ ലാത്തി എന്നെ തൊട്ടില്ല.
ആളും ബഹളവും പൊടിയും അടങ്ങി പോകാനൊരുങ്ങുന്ന ഞങ്ങൾക്ക്‌ മുന്നിലൂടെ രണ്ട്‌ നവമിഥുനങ്ങൾ കൈയ്യും കോർത്ത് പിടിച്ച്‌ നടന്നു വന്നു.
വരന്റെ മുഖം കണ്ട്‌ കണ്ണിലേക്ക്‌ ഇരച്ചു കയറിയ രക്തം അവന്റെ കൈയ്യിൽ കോർത്ത്‌ പിടിച്ച വധുവിനെ കണ്ടതോട്‌ കൂടി നീരാവിയായി..
അവളുടെ മുഖത്തേക്ക്‌ നോക്കിയ അമ്മ പറഞ്ഞു.
"ഇതിലും നല്ലത്‌ നീ ഇങ്ങനെ തന്നെ നിൽക്കുന്നതാ.. നിന്റെ അച്ഛൻ ഗൾഫിൽ കിടന്ന് മരിച്ചാലും വേണ്ടില്ല ഇമ്മാതിരി ഒന്നിനെ ഞാൻ എന്റെ വീട്ടിൽ കേറ്റില്ല".
അതും പറഞ്ഞ്‌ എന്റെ വലത്‌ കൈയ്യും പിടിച്ച്‌ വലിച്ച്‌ ദൂരെ നിന്ന് വരുന്ന ഓട്ടോക്ക്‌ കൈ നീട്ടി അങ്ങോട്ടേക്ക്‌ ഓടി തുടങ്ങിയിരുന്നു എന്റെ അമ്മ...
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot