Showing posts with label JaisonGeorge. Show all posts
Showing posts with label JaisonGeorge. Show all posts

എന്റെ കാഴ്ചപ്പാടിലെ സ്വർഗ്ഗം

അന്ന് വൈകീട്ട് സ്വർഗ്ഗത്തിലെ വിഷ്ണു ഭഗവാന്റെ ഫോണ്‍
(ഭൂമിയിലെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിൽ ഫോണ്‍ കോളുകൾ ആയിട്ടാണ് എത്തുന്നത് ) 
ബെല്ലടിച്ചു കൊണ്ടിരുന്ന സമയത്താണ് കർത്താവ് അത് വഴി വന്നത് .......
വിഷ്ണു ശിവഭഗവാൻ ധ്യാനത്തിലായത് കൊണ്ട് ശിവനു വന്ന കോൾ അറ്റൻഡ് ചെയ്യുകയായിരുന്നു
അത് കൊണ്ട് തന്നെ കർത്താവിനോട് കാൾ എടുക്കാന്‍ ആംഗ്യം കാട്ടി കർത്താവ് ആ ഫോണ്‍ കാൾ എടുത്തു ....
ഭൂമിയിലെ ഒരു കേശവന്‍ ( പേര് സാങ്കൽപ്പികം) വിളിച്ച പ്രാർത്ഥന കോളായിരുന്നു അത് ....
കുറച്ച് പ്രാരാബ്ധവും ഒരു ശത്രു നിഗ്രഹവും അതാണ് ആവശ്യം .....
ഫോണ്‍ വെച്ച് കഴിഞ്ഞ് കർത്താവ് വിഷ്ണുവിനോടു പ്രാർത്ഥന അറിയിച്ചു....
അപ്പോളാണു അന്നത്തെ പ്രാർത്ഥന വന്നതിന്റെ ലിസ്റ്റുമായി അള്ളാഹു അങ്ങോട്ട് വന്നത് .....
തുടര്‍ന്ന് എല്ലാ ദൈവങ്ങളും അവരവരുടെ അന്നത്തെ പ്രാർത്ഥനകളുടെ ലിസ്റ്റുമായി വൈകിട്ടത്തെ മീറ്റിംഗിന് ഒത്തു കൂടി .....
മീറ്റിംഗിൽ ഒാരോരുത്തരും അവരവർക്ക് കിട്ടിയ പ്രാർത്ഥനകൾ ഉറക്കെ വായിച്ചു ....
തുടർന്ന് ചർച്ചയായിരുന്നു.....
കരൾമാറ്റ ശസ്ത്രക്രിയക്കു കാശില്ലാതെ വിഷമിക്കുന്ന മുഹമ്മദിനു കാശു കൊടുക്കാന്‍ പണക്കാരനായ ജോസഫേട്ടനു തോന്നിക്കാനും .....
വീടില്ലാത്ത രമേഷിനു വീട് വെച്ച് കൊടുക്കാനായി ഹൈദർ മുതലാളിക്കു തോന്നിക്കാനും .......
കടം കൊണ്ടു പൊറുതിമുട്ടുന്ന മത്തായിയുടെ കടം വേണ്ടായെന്നു വെക്കാന്‍ നാരായണനു തോന്നിക്കാനും ....
തുടങ്ങിയ ചെറുതും വലുതുമായ പ്രാർത്ഥനകൾക്കു തീർപ്പു കല്പ്പിച്ചു
മറ്റുള്ളവരോട് ക്ഷമിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി പ്രാർത്ഥിച്ചവരുടെ അപേക്ഷകൾ ഒരിക്കല്‍ കൂടി തള്ളി....
നാളെ തീരേണ്ട ജീവനുകളുടെ കണക്ക് എടുത്ത് അന്നത്തെ മീറ്റിംഗ് പിരിഞ്ഞു .....
ഇതാണ് എന്റെ കാഴ്ചപ്പാടിലെ സ്വർഗ്ഗം ....
എന്റെ മതം എന്റെ മതം എന്ന് ചിന്തിക്കുന്നവർക്കായി സമർപ്പിക്കുന്നു .... ചുറ്റുമൊന്നു കണ്ണോടിക്കുക ഇതല്ലേ ഈ ലോകത്തു സംഭവിക്കുന്നത് ....
സ്വാർത്ഥ ലാഭത്തിനായ് മതം വളർത്തുന്നവരെ തിരിച്ചറിയുക
ഇതിനെ വിമർശിക്കുന്നവരുണ്ടാകാം വിമർശിച്ചോളൂ വിമർശനങ്ങൾക്കു സ്വാഗതം .....
പക്ഷേ ഒരു കാര്യം ഒരു മതത്തിൽ പെട്ട ഒരാള്‍ക്ക് പ്രസ്തുത മതവിഭാഗത്തിൽ പെട്ടവരുടെ കയ്യില്‍ നിന്ന് മാത്രമാണ് സഹായങ്ങള്‍ കിട്ടുന്നുള്ളൂ എന്നുറപ്പുള്ളവർ മാത്രം വിമർശിക്കുക.....
ഒരു ഭ്രാന്തൻ ചിന്താഗതിയുമായി 
നിങ്ങളുടെ സ്വന്തം ജയ്സൺ..

ഒറ്റവരിയിൽ മാറുന്ന ജീവിതങ്ങൾ


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
തിരക്കേറിയ ദുബായ് എയർപോർട്ടിന്റെ മുമ്പിൽ റിതേഷ് കാത്ത് നിന്നു. കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാനം അരമണിക്കൂർ വൈകുമെന്നുള്ള അറിയിപ്പ് ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നു. അവൻ അസ്വസ്ഥനാണെന്നു അവന്റെ മുഖം കണ്ടാൽ അറിയാമായിരുന്നു. എന്തോ ഒരു വലിയ ചിന്താക്കുഴപ്പം അവനെ ബാധിച്ചിരിക്കുന്നു. റിതേഷ് അക്ഷമയോടെ കയ്യിലെ വാച്ചിൽ നോക്കി. ആ വിമാനത്തിൽ അവൾ വരുന്നുണ്ട്. അവൾ !? അതെ, അവൾ നിഷിയ ! കാത്തുനിൽപ്പിന്റെ വിരസതയകറ്റാനെന്നോണം അവന്റെ മനസ്സ് അവളെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് യാന്ത്രികമായി ചേക്കേറി.
ആറുമാസങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം. ജോലി കഴിഞ്ഞു റൂമിലെത്തി മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അതിലൊരു നോട്ടിഫിക്കേഷൻ കാണുന്നത്. ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ്...
' കാനനസുന്ദരി ' !!! വിചിത്രമായ പേരോട് കൂടിയ ഒരു റിക്വസ്റ്റ്. ആ പേരിലടങ്ങിയ കൗതുകം ഒന്നുകൊണ്ടു മാത്രമാണ് ആ അപേക്ഷ സ്വീകരിച്ചതും. പക്ഷേ ഉള്ളിൽ ചെറിയ സംശയമുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കൾ ആരോ തന്നെ കബളിപ്പിക്കുവാനായി അയച്ചത് എന്നാണെന്ന സംശയം. അതാണ് ആദ്യം തന്നെ ' നീയാര് ' എന്ന മെസ്സേജ് അയച്ചത്.
' ഒരു മനുഷ്യസ്ത്രീ '
രാത്രിയുടെ വൈകിയ വേളയിൽ ആയിരുന്നിട്ടും അപ്പോൾത്തന്നെ മറുപടി വന്നു. ചൊടിപ്പിക്കുന്ന മറുപടി...! പിന്നീട് പരസ്പരം വാഗ്വാദങ്ങൾ... ഒടുവിൽ അവൾ തന്നെ മെസ്സഞ്ചറിൽ വിളിച്ചു. എല്ലാ സംശയവും ദുരീകരിച്ചു. അതൊരു തുടക്കമായിരുന്നു. മധുരം നിറഞ്ഞ ലഹരി നുകരുന്നതിന്റെ തുടക്കം.
പിന്നീട് കാത്തിരിപ്പുകൾ രാത്രികൾക്ക് വേണ്ടിയുള്ളത് മാത്രമായി മാറി. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത് പെട്ടെന്നായിരുന്നു. പുലരുന്നത് അറിയാതെ കടന്നുപോകുന്ന രാത്രികൾ കൊണ്ടെത്തിച്ചത് രണ്ട് ഹൃദയങ്ങളുടെ പാതി, ഇഴകളില്ലാതെ, ഒന്നായി തുന്നിച്ചേർത്തെടുത്ത അവസ്ഥയിലേക്കായിരുന്നു. ഒടുവിൽ അവളാണ് ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനും എത്രയോ മുമ്പേ റിതേഷ് അതിനുവേണ്ടി കൊതിച്ചു തുടങ്ങിയിരുന്നു. വീട്ടുകാർ അറിഞ്ഞാൽ സമ്മതിക്കില്ല, ഞാൻ അങ്ങോട്ട് വരാം എന്നിട്ട് അവിടെ വെച്ചു നമുക്ക് വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാം എന്ന തീരുമാനം മുന്നോട്ട് വെച്ചതും അവൾ തന്നെയായിരുന്നു. അവൾ വരുന്നു എന്നത് അറിഞ്ഞത് മുതൽ ആകാശത്തുമല്ല ഭൂമിയിലുമല്ല എന്ന സ്ഥിതിയിലായിരുന്നു. മനസ്സും ശരീരവും അതിനുവേണ്ടി തുടിച്ചു കൊണ്ടിരുന്ന ദിനങ്ങൾ. ഒടുവിൽ ആ മുഹൂർത്തമെത്തി.
" മുത്തേ ഞാനിതാ നിന്റെയടുത്തേക്ക് പറന്നു പറന്നു വരുന്നു... ഉയിരും ഉടലും ഒന്നിച്ചുചേർത്തു പറക്കുവാൻ ഇനി നമുക്കിടയിൽ ഏതാനും മണിക്കൂറുകൾ മാത്രം " ഫ്ലൈറ്റ് ടിക്കറ്റിന്റെ ചിത്രത്തോടൊപ്പം വന്ന ആ സന്ദേശം. അവളെത്തുന്നതിലും നേരത്തെ തന്നെയെത്തി. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ടു അവളുടെ വരവിന് വേണ്ടി കാത്തുനിൽക്കുന്നത് വരെ റിതേഷായിരുന്നു ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ. പക്ഷേ !!?
പക്ഷേ അപ്രതീക്ഷിതമായി വന്ന ആ ഫോൺ കാൾ...
അതെ. നിഷിയയുടെ ഭർത്താവെന്നു സ്വയം പരിചയപ്പെടുത്തിയ ആളുടെ വിളി. ഹൃദയത്തിലൊരു വെള്ളിടി വീഴ്ത്തിക്കൊണ്ടുള്ള അയാളുടെ വിളി ! അത് നൽകിയത് ആദ്യനടുക്കം മാത്രമല്ല. നടുക്കങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയെന്നും കുട്ടികൾ ഇല്ലെന്നുമുള്ള അറിയിപ്പ് അവിശ്വസനീയതയോടെയാണ് കേട്ടു നിന്നത്. വിവാഹ ഫോട്ടോ തെളിവായി കാണിച്ചതിന് ശേഷമാണ് വിശ്വാസം വന്നത് തന്നെ. ലൈംഗിക പരമായുള്ള ഒരു ചെറുസ്പർശനം പോലും ഹൃദയമിടിപ്പ് വല്ലാതെ കൂട്ടി മരണം സംഭവിക്കാവുന്ന ഒരു വിചിത്രമായ അസുഖം ആണത്രേ അവൾക്ക് !! അതാണത്രേ അവർ തമ്മിൽ വേർപിരിയാനുള്ള കാരണം. തനിക്കിങ്ങിനെയൊരു അസുഖമുള്ളതായി നിഷിയക്ക് അറിയില്ല പോലും. അറിഞ്ഞാൽ ആ നിമിഷം തന്നെ തനിച്ചാക്കി അവൾ പോകും എന്ന ഭയം കൊണ്ടാണ് ഇത്രനാളും അറിയിക്കാതെ കൊണ്ട് നടന്നതെന്ന്. പക്ഷേ അങ്ങിനെ മറച്ചുവെച്ചു അത്തരം സാഹചര്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി നിന്നത് അവളോടുള്ള ഇഷ്ടക്കുറവ് അല്ലെങ്കിൽ കഴിവുകേട് ആയി കണക്കാക്കി അവൾ അയാളെ ഒഴിവാക്കുകയാണ് പോലും. യാദൃശ്ചികമായി കണ്ട അവളുടെ ചാറ്റിൽ നിന്നാണ് തന്നെ കുറിച്ചു അറിഞ്ഞതത്രേ. ഇപ്പോൾ വിളിച്ചത് അവൾ പാവമാണ് നല്ലത് പോലെ നോക്കണം ആവേശം കാണിച്ചു അവളുടെ ജീവൻ ഇല്ലാതാക്കരുത് എന്നത് അറിയിക്കാനാണത്രേ ! കരഞ്ഞു കൊണ്ടാണ് അയാൾ ഫോൺ വെച്ചത്. പാവം ! അത്രമേൽ അവളെ സ്നേഹിക്കുന്നുണ്ടാകും. പക്ഷേ താൻ...!?
തനിക്കും ഒഴിവാക്കുവാൻ പറ്റാത്ത അത്രയും ആഴത്തിൽ അവൾ മനസ്സിൽ ആഴ്ന്നിരിക്കുന്നുവല്ലോ. പക്ഷേ അങ്ങിനെ ഒരസുഖം....!!?? ഒരുമിച്ചു ജീവിക്കുമ്പോൾ നിയന്ത്രണത്തിന്റെ ചരട് പൊട്ടിപ്പോയാൽ ??
ചിന്തകൾ അത്രയുമെത്തിയപ്പോഴേക്കും യാത്രക്കാർ പുറത്തേക്ക് വരുന്നത് കാണാനായി. റിതേഷ് ചിന്തയിൽ നിന്നുണർന്നു പുറത്തേക്ക് വരുന്ന യാത്രക്കാരെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒടുവിൽ വെളുത്ത ബനിയനും ഇളംനീല ജീൻസും മുഖത്ത് കൂളിംഗ് ഗ്ലാസ്സും വെച്ചു ഒരു യുവതി പുറത്തേക്ക് വരുന്നത് കണ്ടു. പുറത്തു കൂടി നിന്നവരുടെ നേരെ നോക്കിക്കൊണ്ട് കയ്യിലെ ട്രോളി ബാഗും വലിച്ചു കൊണ്ട് നടന്നു വരുന്ന അവളുടെ മുഖം തന്റെ നേരെ തിരിഞ്ഞതും അവൻ കയ്യുയർത്തി കാണിച്ചു. അവൾ ചിരിയോടെ കയ്യുയർത്തി വീശിക്കൊണ്ട് അവന്റെ നേരെ നടന്നു വന്നു. അതെ, മാറ്റങ്ങളുടെ തുടക്കം ! ആഗ്രഹങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യത്തിന്റെ കാറ്റിൽ പാറിപ്പോകുന്നത് അപ്രതീക്ഷിതമായാണ്.
ആരോ എഴുതിവെയ്ക്കപ്പെട്ട ഒറ്റവരി മാറ്റങ്ങൾ ആരംഭിക്കുന്ന ആ മുഹൂർത്തതിലേക്ക് അവൾ നടന്നടുത്ത് കൊണ്ടിരുന്നു.
നിഷിയ അടുത്തെത്തി കെട്ടിപ്പിടിച്ചപ്പോഴും റിതേഷ് ഒരു മരത്തടി പോലെ നിന്നതേയുള്ളൂ. അതാണ് അവൾക്ക് അമ്പരപ്പ് തോന്നിയതും. ആലിംഗനത്തിൽ നിന്നും പിന്മാറി അവൾ അവന്റെ മുഖത്തേക്ക് നോക്കി. തീർത്തും നിർവ്വികാരമായ മുഖം.
" റിതൻ... എന്തുപറ്റി !? ഞാൻ വന്നത് ഒട്ടും ഇഷ്ടപ്പെടാത്തത് പോലെയാണല്ലോ നിന്റെ മുഖം ? ഇന്നലെ വിളിക്കുമ്പോഴും നല്ല ത്രില്ലിൽ ആയിരുന്നല്ലോ നീ ? "
" നിന്റെ കല്യാണം കഴിഞ്ഞതാണോ ? "
കല്ലിച്ച ഭാവത്തിലും കനത്ത സ്വരത്തിലും ആയിരുന്നു അവന്റെ ചോദ്യം. നിറുകുംതലയിൽ കൂടം കൊണ്ട് അടികിട്ടിയത് പോലെ അവൾ ഞെട്ടിത്തരിച്ചു പോയി. എന്ത് മറുപടി പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി. അവന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.
" നിന്നോടാ ചോദിച്ചത് ? നീ മാരീഡ് ആണോ ? "
" അത്... നീയെങ്ങിനെ.... ഞാൻ.... അത്പിന്നെ.... "
" നിന്റെ ഭർത്താവ് വിളിച്ചിരുന്നു " അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടാണ് അവനത് പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ ശക്തമായി ഒന്ന് ഞെട്ടി. താൻ അറിഞ്ഞത് സത്യമാണെന്നു അവന് മനസ്സിലായി. മുഖമുയർത്തിയ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അമ്പരപ്പും നടുക്കവുമായിരുന്നു.
" അയാൾ... അയാളെങ്ങിനെ !? " ചോദ്യം മുഴുമിപ്പിക്കാൻ അവൻ സമ്മതിച്ചില്ല. അതിനുമുമ്പേ അവൻ കയ്യുയർത്തി അവളെ തടഞ്ഞു.
" എന്റെ ചോദ്യത്തിന് നീയിനിയും മറുപടി തന്നില്ല. നിന്നെ ഇത്രയും ആത്മാർഥമായി സ്നേഹിച്ചിട്ടും എന്തിനാണ് എന്നോട് കള്ളം പറഞ്ഞത് ? "
" അത്... അത്.... നിന്നെ നഷ്ടപ്പെടാതിരിക്കാൻ... "
" മതി... നിർത്ത് നിന്റെ നാടകം. ഇപ്പോൾ ഈ നിമിഷം മുതൽ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. നിനക്ക് നിന്റെ വഴി, എനിക്കെന്റെ വഴി. "
ക്രൂദ്ധഭാവത്തിൽ അതും പറഞ്ഞു അവൻ വെട്ടിത്തിരിഞ്ഞു നടന്നു. നിഷിയ ആകെ പകച്ചുപോയി. ഇങ്ങിനെയൊരു സന്ദർഭമുണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു അവൾ. തികഞ്ഞ മദ്യപാനിയും സംശയരോഗിയും അലസനുമായ ഭർത്താവിനെ ലഭിച്ചതിൽ മനസ്സ് തകർന്നിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റിതേഷിന്റെ ചങ്ങാത്തം ലഭിക്കുന്നത്. അവന്റെ സ്നേഹവും കരുതലും കണ്ടപ്പോൾ താൻ സ്വപ്നം കണ്ടിട്ടും തനിക്ക് ലഭിക്കാതെ പോയ ജീവിതം തിരികെ ലഭിക്കുന്നത്പോലെയാണ് തോന്നിയത്. അവൻ നഷ്ടപ്പെടാതിരിക്കാനാണ് വിവാഹിതയാണ് എന്ന കാര്യം മറച്ചു വെച്ചതും. അവനെ തേടി ഇങ്ങോട്ട് വരുന്നതുകൊണ്ട് ഒരിക്കലും അവനത് അറിയാൻ പോകുന്നില്ല എന്നുതന്നെയായിരുന്നു കണക്കുകൂട്ടലും. പക്ഷേ ഇങ്ങിനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല. അവൾ റിതേഷിനെ തിരികെ വിളിക്കുവാൻ ശ്രമിച്ചു. അവന്റെ പുറകെ ബാഗും വലിച്ചുകൊണ്ട് ഓടിയെങ്കിലും അവൻ അവളെ തിരിഞ്ഞുപോലും നോക്കാതെ പോകുകയാണുണ്ടായത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇതികർത്തവ്യാമൂഡയായി അവൾ അവിടെയുള്ള കസേരയിൽ ഇരുന്നു.
അകത്തേക്കും പുറത്തേക്കുമുള്ള ആൾത്തിരമാലകളുടെ അലയടിക്കൽ അവളറിയുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ തികച്ചും അപരിചിതമായ നാട്ടിൽ കയ്യിൽ വേണ്ടത്ര പണമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ ആയിരിക്കണം അവളെ ചുറ്റുമുള്ള കാഴ്‌ചകളിൽ നിന്നും ബഹളങ്ങളിൽ നിന്നും വേറിട്ട് നിർത്തിയത്.
" നിഷിയ.... താനെന്താ ഇവിടെ !? " സംശയരൂപേണയുള്ള ആ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. മുമ്പിൽ ഡെനിൻ...!? കോളേജിൽ അവളുടെ പുറകെ ശല്യമായി നടന്നിട്ടുള്ളവനാണ്. അവന്റെ ഉദ്ദേശ്യം പ്രണയമല്ല വെറും കാമപൂരണം മാത്രമാണ് എന്നറിഞ്ഞത് കൊണ്ടും അവൻ മൂലം ബാധിക്കപ്പെട്ട പെൺകുട്ടികളുടെ അവസ്‌ഥ അറിയുന്നത് കൊണ്ടും നിഷിയ അവനെ ഒരിക്കലും അടുപ്പിച്ചിരുന്നില്ല. അവനാണിപ്പോൾ മുമ്പിൽ നിൽക്കുന്നത്. എന്തോ പെട്ടെന്ന് പൊട്ടിക്കരയാനാണ് നിഷിയയ്ക്ക് തോന്നിയത്. എയർപോർട്ടിലേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോഴാണ് കിട്ടിയ അവസരം വിട്ടുകളയാതെ അവൻ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചത്. സ്ഥലകാലബോധം വീണ്ടെടുത്ത അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നും അകന്നുമാറി. പക്ഷേ അവന്റെ കണ്ണുകൾ അവളെ കൊത്തിക്കുടിക്കുകയായിരുന്നു. അവൾക്കും അത് മനസ്സിലായി. പക്ഷേ...!?
ഡെനിനോട് അവൾ പറഞ്ഞത് പക്ഷേ വേറൊരു കഥയായിരുന്നു. വിവാഹം കഴിഞ്ഞു അസുഖബാധിതനായ ഭർത്താവ് മരണമടഞ്ഞെന്നും ഒരു കൂട്ടുകാരി മുഖേന ഇവിടെ ജോലി ശരിയായെന്നും അങ്ങിനെയാണ് ഇവിടെയെത്തിയത് എന്നും ഇവിടെത്തി വിളിക്കാൻ നോക്കിയപ്പോൾ ആ നമ്പർ കാണുന്നില്ലെന്നും എന്തുചെയ്യണം എന്നറിയാതെ നിസ്സഹായവസ്ഥയിൽ ആണ് താനെന്നുമുള്ള കഥ കണ്ണീര് ചേർത്തു അവതരിപ്പിച്ചു. അത് കേട്ട ഡെനിന്റെ കണ്ണുകൾ പക്ഷേ തിളങ്ങുകയാണുണ്ടായത്.
" നീയൊന്നുകൊണ്ടും വിഷമിക്കണ്ട. ഞാനെന്റെ സുഹൃത്തിനെ യാത്രയയക്കുവാൻ വന്നതാണ്. നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകാം. റെസ്റ്റ് എടുത്തിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം " അവളോട് അങ്ങിനെ പറഞ്ഞുകൊണ്ട് അവളുടെ ബാഗിനായി അവൻ കൈ നീട്ടി. യാന്ത്രികമായെന്നോണം അവൾ ബാഗ് അവന് നേരെ നീട്ടി. അവൻ മുമ്പേയും അവൾ പുറകിലുമായി നടന്നു. വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ട ആട്ടിൻകുട്ടി കെണിയാണെന്നു അറിഞ്ഞുകൊണ്ട് തന്നെ ചെന്നായയുടെ ഗുഹയിലേക്ക് ചെന്നായയെ അനുഗമിക്കുന്നത് പോലെയുണ്ടായിരുന്നു ആ കാഴ്‌ച. മറ്റൊരവസരത്തിലായിരുന്നെങ്കിൽ അവൾ അതിന് തയ്യാറാകുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അവളുടെ മുമ്പിൽ വേറൊരു വഴിയുമുണ്ടായിരുന്നില്ല.
കാറിന്റെ പുറകിലെ സീറ്റിൽ അവളോട് ചേർന്ന് മുട്ടിയുരുമ്മിയിരിക്കുമ്പോൾ ഡെനിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഏറെനാൾ കൊതിപ്പിച്ചതും കൈവിട്ടു പോയെന്ന് ഉറപ്പിച്ചതുമായ മുതലാണ് അപ്രതീക്ഷിതമായി, അതും എന്തിനും തയ്യാറായി കയ്യിൽ വന്നിരിക്കുന്നത്. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് മെസ്സേജ് ടൈപ്പ് ചെയ്തു.
" പുതിയൊരു വിഭവം വന്നു ചാടിയുട്ടുണ്ട് മക്കളേ, ഇച്ചായൻ രുചി നോക്കിയിട്ട് മക്കൾക്കും വിളമ്പി തരാട്ടോ... കയ്യും മുഖവും കഴുകി കാത്തിരുന്നോ..." അഞ്ചുപേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അതയച്ചു കഴിഞ്ഞു അവൻ അവളെ നോക്കി. പുറത്ത് ഓടി മറയുന്ന കെട്ടിടസമുച്ചയങ്ങളിലേക്ക് അവൾ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. അവൻ അവളുടെ കഴുത്തിന് പുറകിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു പിടിച്ചു. ഓരോന്ന് ചൂണ്ടിക്കാണിച്ചു വിശദീകരിക്കുവാൻ തുടങ്ങി. അവൾ കുതറിയില്ല. പകരം ഇണക്കമുള്ള ഒരു പൂച്ചക്കുട്ടിയെ പോലെ അവനോട് ചേർന്നിരുന്നു. തന്റെ വിധി എന്താണെന്ന് അവൾ ഉറപ്പിച്ചിരുന്നു.
ഡൗൺ ടൗണിലെ ഒരു സിഗ്നൽ ബ്ലോക്കിൽ കിടക്കുമ്പോഴാണ് ഇടയ്‌ക്കിടെ കയ്യിലെ ഫോണിലേക്ക് അവൾ വെറുതെ നോക്കുന്നത് അവൻ കണ്ടത്.
" താൻ വൈഫൈ ഓൺ ചെയ്യ് ഞാൻ ഹോട്ട്സ്പോട്ട് കണക്ട് ചെയ്തു തരാം. സുഖമായി ഇവിടെ എത്തിച്ചേർന്നെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും വീട്ടിലേക്ക് മെസ്സേജ് അയച്ചോളൂ. "
അവൾ ആവശ്യപ്പെടുന്നതിനും മുമ്പേ അവളോട് പറഞ്ഞു അവൻ ഒന്നുകൂടി നല്ലവനായി. മനസ്സിൽ റിതേഷ് എന്ന പ്രതീക്ഷ അപ്പോഴുമുണ്ടായിരുന്നത് കൊണ്ട് അവൾ തലകുലുക്കി സമ്മതിച്ചു. അവൻ എന്തെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടാകുമോ എന്നൊരു ആകാംക്ഷ. വൈഫൈ കണക്ട് ആയതും വന്ന മെസ്സേജ് അവൾ അത്രയും തിടുക്കത്തിൽ ഓപ്പൺ ചെയ്തു നോക്കാനും കാരണം അതുതന്നെയായിരുന്നു.
" ഹായ് നിഷിയാ,
താങ്കൾ പങ്കെടുത്ത ഓൺലൈൻ ഇന്റർവ്യൂവിൽ നിന്ന് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഈ അറിയിപ്പ് ലഭിച്ചു ഒരാഴ്ച്ചയ്ക്കകം ദുബായ് ഡൗൺടൗണിലുള്ള പാലസ് ഹോട്ടലിൽ എത്തിച്ചേരുക. അവിടെ നിങ്ങൾക്ക് ആറു മാസത്തെ ട്രെയിനിംഗ്‌ നൽകുന്നതായിരിക്കും. ട്രെയിനിംഗ് സമയത്തെ നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഏത് രാജ്യത്താണ് താങ്കളുടെ നിയമനം എന്നത് തീരുമാനിക്കുക. നിങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ഫ്രീയായിരിക്കും. വിശദവിവരങ്ങൾ അറിയുന്നതിന് മിസ്. നോർമിനയുമായി ബന്ധപ്പെടുക.
Ph. no. 0971524612603. "
മെസ്സേജ് വായിച്ച നിഷിയയ്ക്ക് സന്തോഷംകൊണ്ടു തുള്ളിച്ചാടാനാണ് തോന്നിയത്. റിതേഷിന്റെ അടുത്തേക്ക് വരുവാൻ വേണ്ടി മാനസികമായി തയ്യാറായിരുന്ന സമയത്ത് വെറുതെയെന്നോണം അറ്റൻഡ് ചെയ്തതാണ് ഈ വീഡിയോ ഇന്റർവ്യൂ. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
പുറത്തേക്ക് കണ്ണോടിച്ച അവളുടെ കണ്ണിൽ പെട്ടെന്നാണ് ആ കാഴ്‌ച പെട്ടത്. ' പാലസ് ഹോട്ടൽ !!! '
" ഡെനിൻ..., ഈ സ്ഥലത്തിന്റെ പേരെന്താണ് ? "
" ഡൗൺ ടൌൺ "
" ഡ്രൈവർ പ്ലീസ് സ്റ്റോപ്പ് ദി കാർ ആൻഡ് ഓപ്പൺ ദി ഡിക്കി. " അവന്റെ മറുപടി കേട്ടതും അലറിയെന്നോണം അവൾ പറഞ്ഞു. പെട്ടെന്നുള്ള ആ ആജ്ഞയിൽ പകച്ചുപോയ ഡ്രൈവർ സൈഡ് ചേർത്തു കാർ നിർത്തി.
" നിഷിയാ, വാട്ട് ഹാപ്പെൻഡ് !? വാട്ട് ആർ യു ഡുയിങ്ങ് !? അമ്പരന്നുപോയ ഡെനിന്റെ ചോദ്യം കേൾക്കാത്തത് പോലെ അവൾ ഡോർ തുറന്ന് പുറത്തിറങ്ങി ഡിക്കിയിൽ നിന്ന് ബാഗ് പുറത്തെടുത്തപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഡെനിൻ പകച്ചു നിൽക്കുകയായിരുന്നു. അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.
ഡീ എന്നലറിവിളിച്ചുകൊണ്ടു അവളെ പിന്തുടരാനൊരുങ്ങിയ ഡെനിൻ പെട്ടെന്ന് തന്നെ കാറിൽ കയറി. നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയ കാർ കണ്ട് ദുബായ് പോലീസിന്റെ വണ്ടി ഹോൺ അടിച്ചുകൊണ്ടു അവിടേയ്ക്ക് വരുന്നുണ്ടായിരുന്നു. മുന്നോട്ടെടുത്ത കാറിലിരുന്നുകൊണ്ട് അവൻ തിരിഞ്ഞുനോക്കി. വേഗതയിൽ നടന്നുപോകുന്ന അവളുടെ പിൻഭാഗം നോക്കി അവനൊന്ന് നെടുവീർപ്പിട്ടു.
അതേസമയം നിഷിയയുടെ ഭർത്താവ് കയ്യിൽ നിറച്ചുപിടിച്ച മദ്യഗ്ലാസ്സുമായി പൊട്ടിച്ചിരിക്കുകയായിരുന്നു. തന്നെ വേണ്ടെന്ന് മുഖത്തുനോക്കി പറഞ്ഞിറങ്ങിപോയവൾ താൻ പറഞ്ഞ നുണ മൂലം തിരസ്കരിക്കപ്പെട്ടു തോറ്റു തന്റെയടുത്തേക്ക് തന്നെ തിരിച്ചുവരും എന്ന പ്രതീക്ഷ കൊണ്ടായിരുന്നു ആ പൊട്ടിച്ചിരി.
അതേസമയം തന്നെ മറ്റൊരു സിഗ്നലിൽ പച്ചവെളിച്ചം തെളിയുന്നത് കാത്ത് കിടക്കുമ്പോഴും റിതേഷിന്റെ ഉള്ള് പുകയുകയായിരുന്നു. നിരാശയും ദേഷ്യവും എണ്ണയും അഗ്നിയുമായപ്പോൾ മനസ്സ് നിന്ന് കത്തി. ശരിതെറ്റുകളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ അവന്റെ മനസ്സ് അന്തിമവിധിയായി എഴുതിയത് രണ്ടു വർഷം ഒരുമിച്ചു ജീവിച്ച ഒരാളെ നിഷ്കരുണം ഉപേക്ഷിച്ചു തന്റെ അടുത്തേക്ക് വന്നവൾ നാളെ തന്നിലും മികച്ച ഒരുവനെ കണ്ടാൽ തന്നെയും ഉപേക്ഷിക്കുമെന്നായിരുന്നു. ആ ചിന്ത വന്നപ്പോഴാണ് അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമ്മയെ വിളിച്ചത്. ഇത്രയുംനാൾ വിവാഹം വേണ്ടെന്ന് വാശിപിടിച്ചിരുന്ന അവൻ, താൻ നാട്ടിലേക്ക് വരുന്നുവെന്നും നിങ്ങൾ പറയുന്ന ഏത് പെൺകുട്ടിയെയും വിവാഹം കഴിക്കാൻ തയ്യാറാണെന്നുമാണ് അമ്മയോട് പറഞ്ഞത്. കാൾ കട്ട് ചെയ്തതും മുമ്പിൽ പച്ചവെളിച്ചം തെളിഞ്ഞു. അവൻ വണ്ടി മുന്നോട്ടെടുത്തു.
ഒറ്റവരികളിലൂടെ ഇനിയും എത്ര വേണമെങ്കിലും മാറാവുന്ന ജീവിതങ്ങൾ....
അതേസമയം ആരോ കുറിച്ചിട്ട ഒറ്റവരിയിൽ എപ്പോൾ വേണമെങ്കിലും മാറാനുള്ളതാണ് സ്വന്തം ജീവിതവും എന്നതോർക്കാതെ ഇന്നലെകളെയും ഇന്നിനെയും നാളെകളെയും കുറിച്ചോർത്തു വേവലാതിപ്പെടുന്നവരാണ് നമ്മളെന്നത് കൂടി വെറുതെ ഒന്നോർക്കാം.
✍ ,:- ജയ്സൺ ജോർജ്ജ്.

മരണവീട്ടിലെ പൊട്ടിച്ചിരികൾ


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" എങ്ങോട്ടാ പാപ്പുട്ടിയേട്ടാ രാവിലെ തന്നെ തിരക്കിട്ട് !? "
രാവിലെ ജ്യോതിഷ് പല്ലുതേപ്പ് കഴിഞ്ഞു കുലുക്കുഴിഞ്ഞു തുപ്പുമ്പോഴാണ് ഇടവഴിയിലൂടെ പപ്പുക്കുട്ടൻ എന്ന പാപ്പുട്ടി തിരക്കിട്ട് പോകുന്നത് കണ്ടത്. ആ തിടുക്കം കണ്ടാണ് ജ്യോതിഷ് വിളിച്ചു ചോദിച്ചതും.
" ആ... നീയറിഞ്ഞില്ലേ ജോക്കുട്ടാ... നമ്മുടെ തൊപ്ലിക്കാട്ടിലെ അവറാൻ ചേട്ടൻ മരിച്ചൂന്ന്. "
" ഏത്... നമ്മുടെ കിഴക്കേ പള്ളിയുടെ അടുത്ത് പുതുതായി വന്ന കൂട്ടരുടെ അവിടുത്തെയോ ? അതിന് നിങ്ങൾക്ക് ഇത്ര തിടുക്കം എന്തിനാ ? അവർക്ക് ഈ നാടുമായി അത്ര അടുപ്പമൊന്നുമില്ലല്ലോ ? നിങ്ങള് തമ്മിലും അത്ര അടുപ്പമില്ല ? അടക്കിന്റെ നേരമാകുമ്പോഴേക്കും അങ്ങെത്തിയാൽ പോരേ ? "
" ഏയ്... അതൊന്നും ശരിയാവില്ല. നേരത്തെ തന്നെ അങ്ങെത്തണം. " പറഞ്ഞതും പാപ്പുട്ടി മുന്നോട്ട് നടന്നതും ഒരുമിച്ചായിരുന്നു.
" ഹാ... നിക്കെന്ന്... എന്നാ ഞാനും വരുന്നു. ഒറ്റമിനിറ്റ് ഷർട്ട് ഒന്നിട്ടോട്ടെ "
ജ്യോതിഷ് ഒറ്റ ചാട്ടത്തിന് വരാന്തയിലെ അയയിൽ കിടന്നിരുന്ന ഷർട്ട് എടുത്ത് കുടഞ്ഞു ധരിച്ചു. മുറ്റത്തെ അയയിൽ കിടന്ന തോർത്തെടുത്ത് അരയിലും ചുറ്റിക്കെട്ടി. വരുന്ന വഴിക്ക് പുഴയിറങ്ങി കുളിച്ചിട്ടു വരാം എന്ന ചിന്ത കൊണ്ടായിരുന്നു അത്. എല്ലാംകൂടി ഒരഞ്ചുമിനിറ്റ് ആണെടുത്തതെങ്കിലും വേലി കടന്ന് വഴിയിലേക്കിറങ്ങിയപ്പോഴേക്കും പാപ്പുട്ടി മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.
" ഓയ്... പാപ്പുട്ടിച്ചേട്ടോ.... നിക്കെന്നെ..." എന്നിട്ടും ഓടി അയാളുടെ അടുത്തെത്തിയപ്പോഴേക്കും അവൻ ചെറുതായി ഒന്ന് കിതച്ചിരുന്നു.
" ശ്ശെടാ... ഇങ്ങടെ തിടുക്കം കണ്ടാൽ മരിച്ചത് ഇങ്ങളാണ്. അവിടെത്തിയിട്ടു വേണം മൂക്കിൽ പഞ്ഞി വെച്ചു കിടക്കാൻ എന്ന് തോന്നുമല്ലോ !? ഈ വയസ്സാം കാലത്ത് ഇത്രേം വേഗത്തിൽ നടന്നാൽ ചിലപ്പോ അവറാൻ ചേട്ടന്റെ കൂടെ മിണ്ടിയും പറഞ്ഞും മുകളിലേക്ക് പോകേണ്ടി വരും പറഞ്ഞേക്കാം " പാപ്പുട്ടിയെ കളിയാക്കി സംസാരിച്ചു ജ്യോതിഷ് ചിരിച്ചെങ്കിലും പാപ്പുട്ടി ചിരിച്ചില്ല. ചെറുതായി ഒന്ന് ചമ്മിയ ജ്യോതിഷ് കണ്ടത് ഗൗരവം നിറഞ്ഞ പാപ്പുട്ടിയുടെ മുഖമാണ്.
" അല്ല പാപ്പുട്ടിയേട്ടാ... ഇതെന്നാ പറ്റി ? ഈ തിടുക്കവും ഗൗരവവും... എന്തോ എവിടെയോ കുഴപ്പമുണ്ടല്ലോ ? ഇനി നിങ്ങൾ തമ്മിൽ അത്രയും അടുപ്പമുണ്ടോ ? "
" അതൊന്നുമല്ലെടാ.... ഇപ്പോതന്നെ നേരം വൈകി... നീ വേഗം നടന്നേ... സംസാരമൊക്കെ പിന്നെ. "
അതുകേട്ട് ജ്യോതിഷ് ശരിക്കും അമ്പരന്നുപോയി. അവൻ സംശയത്തോടെ ഒന്ന് നിന്നു. വയസ്സായവർക്ക് ബുദ്ധിക്ക് ചെറിയ തകരാർ സംഭവിക്കുമെന്ന് അവൻ കേട്ടിട്ടുണ്ട്. ഇനി അങ്ങിനെ വല്ലതും ...!?
" നേരം വൈകിയെന്നോ !? എന്താ ചേട്ടൻ ഉദ്ദേശിക്കുന്നത് !? എനിക്കൊന്നും മനസ്സിലാവുന്നില്ല. ചേട്ടൻ അവിടെ നിന്നേ ? കാര്യം പറഞ്ഞിട്ട് പോയാൽ മതി. " അവൻ പാപ്പുട്ടിയുടെ മുമ്പിൽ കയറി നിന്ന് വഴിതടഞ്ഞു കൊണ്ട് പറഞ്ഞു. പാപ്പുട്ടി ഒന്ന് പരുങ്ങി. ഒരു ഇളിഭ്യത ആ മുഖത്ത് കാണാമായിരുന്നു.
" ഞാൻ പറയാം... പക്ഷേ... നീയെന്നെ കളിയാക്കരുത് "
" ഇല്ല...ഇല്ല... പറഞ്ഞോ "
" അത്... എനിക്കീ മരണ വീട്ടിലെ കരച്ചിൽ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. "
" ങ്ങേ....!!!??? " ജ്യോതിഷ് അറിയാതെ വാപൊളിച്ചുപോയി. സംശയത്തോടെ അവൻ രണ്ടുചുവട് പുറകോട്ട് വെച്ചു.
" സത്യത്തിൽ നിങ്ങൾക്ക് വട്ടാണോ !?? " അവൻ അയാളെ അടിമുടി നോക്കിക്കൊണ്ടാണ് ചോദിച്ചത്.
" നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല. ആരെങ്കിലും മരിച്ചു കിടക്കുമ്പോൾ എണ്ണിപ്പെറുക്കി ചിലർ കരയില്ലേ...? ആ സംസാരകരച്ചിൽ ആണ് ഇഷ്ടമാണെന്ന് പറഞ്ഞത്. "
" അതിലെന്താണിത്ര രസം !? "
" അത് നീ ശ്രദ്ധിയ്ക്കാത്തത് കൊണ്ടാണ്. ചിലർ കരയുന്നത് പാട്ട് പാടുന്നത് പോലെയാണ്. ദേ ഇങ്ങനെ...
' ഇന്നലെ രാത്രീ....ത്രീ...ത്രീ....
അങ്ങോട്ട് പോവുമ്പോ....മ്പോ...മ്പോ...
ഇങ്ങോട്ട് വരാൻ....ൻ....ൻ....
വെള്ളം തരാൻ വിളിച്ചതല്ലേ....ല്ലേ...ല്ലേ...
ഞാനല്ലേ വെള്ളം തന്നത്....ത്...ത്...'
വേറെ ചിലർ ആവട്ടെ ട്യൂൺ ഒന്ന് മാറ്റിപ്പിടിക്കും. ദേ ഇങ്ങനെ
' അയ്യോ....അയ്യോ....
ഇന്നലെ
രാത്രീം കൂടീ കാലു വേദനിക്കൂന്നു പറഞ്ഞപ്പോ ഞാനല്ലേ......
ഞാനല്ലേ തിരുമ്മിതന്നത്....തന്നത്....തന്നത്..... അയ്യോ....അയ്യോ....
എന്നിട്ടുമെന്നെയിട്ടേച്ചുപോയല്ലോ.... അയ്യോ...അമ്മോ....അയ്യോ....
എനിക്കിനിയാരുണ്ട്‌....
എനിക്കിനിയാരുണ്ട്...
കൊണ്ടോ.....കൊണ്ടോ....
എന്നേം കൂടി കൊണ്ടോ.....
അയ്യോ....അയ്യോ.....'
പോരാത്തതിന് നെഞ്ചത്തടിയും പട്ടി മോങ്ങുന്നത് പോലുള്ള നിലവിളിയും. നീ ശ്രദ്ധിച്ചിട്ടുണ്ടോ ഇതൊക്കെ ? "
പാപ്പുട്ടിച്ചേട്ടന്റെ വിവരണം കേട്ട് ജ്യോതിഷ് ഒന്ന് ചിന്തിച്ചു നോക്കി. ശരിയാണ് അവനും അതൊക്കെ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതിൽ ഇത്ര രസം പിടിക്കാനും മാത്രം എന്താണെന്ന് അവന് മനസ്സിലായില്ല. അവന് പാപ്പുട്ടിച്ചേട്ടനിൽ ചെറിയ സംശയം തോന്നി. അയാൾക്ക് മാനസികമായി എന്തോ കുഴപ്പമുണ്ടെന്നു തന്നെ അവനു തോന്നി. ഒപ്പം പോരേണ്ടിയിരുന്നില്ല എന്നുകൂടി തോന്നിപ്പോയി.
" അത് അവരുടെ സങ്കടം കൊണ്ട് കരയുന്നതല്ലേ ? അതിലെന്താണ് ഇത്രമാത്രം രസം പിടിക്കാൻ ? മറ്റുള്ളവരുടെ സങ്കടം കണ്ട് രസിക്കാനും മാത്രം ഇത്ര ക്രൂരനാണോ നിങ്ങൾ !? അതോ ശരിക്കും നിങ്ങൾക്ക് വട്ടാണോ ? "
" ഹ ഹ ഹ ഹ ഹ " തിരക്കിട്ട് നടന്നുകൊണ്ടിരുന്ന പാപ്പുട്ടി പെട്ടെന്നാണ് നിന്ന് പൊട്ടിച്ചിരിച്ചത്. അപ്രതീക്ഷിതമായ ആ പ്രതികരണം കണ്ട് ജ്യോതിഷ് പിന്നിലേക്ക് മാറി. തിരിഞ്ഞോടിയാലോ എന്നുവരെ അവൻ ചിന്തിച്ചുപോയി.
" സങ്കടം..... ഹ ഹ ഹ, ഡാ പൊട്ടാ... ആളുകൾക്ക് പ്രായമാവുമ്പോൾ തൊട്ട് ഇവരൊക്കെ മരിക്കുന്നത് വരെ ഞാൻ നിരീക്ഷിക്കാറുണ്ട്. അത്ര വലിയ പരിഗണന ഒന്നും കിട്ടുന്നൊന്നുമില്ല. പലയിടത്തും വയ്യാതായ പട്ടിയോട് പെരുമാറുന്നത് പോലെയാണ് ഇവരോടുള്ള പെരുമാറ്റം. ചീത്തവിളിയും പ്രാകലും വേറെ. പിന്നെ മരിക്കുമ്പോ കാണിക്കുന്ന ഈ നിലവിളിയും നാടകവും... അത് നാട്ടുകാരെ കാണിക്കാൻ വേണ്ടിയുള്ളതാണ്. നീ ശ്രദ്ധിച്ചിട്ടുണ്ടോ ആരെങ്കിലും മരിച്ചയാളുടെ ശരീരം കാണാൻ വരുമ്പോഴും തിരക്ക് കൂടുമ്പോഴുമാണ് ഈ നിലവിളികൾ ഉയരുക. അല്ലാത്തപ്പോൾ വെറുതെ നോക്കിയിരിക്കുന്നത് കാണാം. ഇപ്പൊ തന്നെ നമ്മൾ ഈ കാണാൻ പോകുന്ന പുള്ളി കിടപ്പിലായിട്ടു കുറെയായി. അവിടുള്ളവർ അയാളെ ശപിക്കുന്നതും ചീത്തവിളിക്കുന്നതും ഞാൻ കേട്ടിട്ടുള്ളതാണ്. ഇപ്പൊ അവിടെ ചെല്ലുമ്പോൾ നീ നോക്കിക്കോ അഭിനയം. "
" ശരിയായിരിക്കും പക്ഷേ അത് കാണുമ്പോൾ എന്താണ് രസം എന്നാണ് എനിക്ക്......" ജ്യോതിഷിന് സംശയം മാറിയില്ല.
" അത് വേറൊന്നുമല്ലെടാ.... ഓരോ മരണവീട്ടിൽ ചെല്ലുമ്പോഴും ആ മരിച്ചു കിടക്കുന്നത് ഞാനാണെന്നാണ് ഞാൻ സങ്കല്പിക്കുന്നത്. ചുറ്റും കൂടിയിരുന്നു കരയുന്നത് എന്റെ മക്കളും മരുമക്കളും... ഇപ്പോതന്നെ വീട്ടിൽ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതുപോലൊക്കെ തന്നെയായിരിക്കും അവരും അഭിനയിക്കുക. അതൊന്നും കാണാൻ എനിക്കാവില്ലല്ലോ. അതുകൊണ്ട് ഈ അഭിനയങ്ങൾ കണ്ട് സംതൃപ്തിയടയുന്നു. അത്രയേ ഉള്ളൂ. പിന്നെ ചെറുപ്പക്കാർ മരിക്കുന്നിടത്ത് ഞാൻ പോവാറില്ലാട്ടോ... അവിടെ ഈ അഭിനയം ഉണ്ടാവാറില്ല. "
പാപ്പുട്ടി പറഞ്ഞു തീർന്നതും ആ മരണവീടിന്റെ മുമ്പിലെത്തിയിരുന്നു. അകത്തുനിന്ന് ' അയ്യോ ഞങ്ങളെ ഇട്ടേച്ചുപോയോ ഞങ്ങൾക്കിനിയാരുണ്ട്...' എന്ന നിലവിളിയും നെഞ്ചത്തടിയും കേൾക്കുന്നുണ്ടായിരുന്നു. പാപ്പുട്ടി തിരിഞ്ഞു ജ്യോതിഷിനെ നോക്കി ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
" നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ വേഗം നടക്ക് നേരം വൈകുമെന്ന്.... ദേ കേട്ടില്ലേ... തുടങ്ങി. തുടങ്ങിയിട്ട് ഒത്തിരി നേരമായോ ആവോ ? "
അതുംപറഞ്ഞു വേഗത്തിൽ അകത്തേക്ക് നടക്കുന്ന ആ മനുഷ്യനെ നോക്കി ജ്യോതിഷ് തറഞ്ഞുനിന്നു. അവന്റെയുള്ളിൽ അപ്പോൾ തോന്നിയത് ഒരുതരം നൊമ്പരമായിരുന്നു.

ഒറ്റമൂലി


°°°°°°°°°
ജാക്കും റോസും...!
തിരക്കേറിയ ആ തെരുവിലെ നായ്ക്കളായിരുന്നു അവർ. നാടൻ ഭാഷയിൽ വിളിക്കുകയാണെങ്കിൽ ' ജാക്കിപ്പട്ടിയും ' ' റോസിപ്പട്ടിയും '.
ആരാണ് തങ്ങൾക്ക് പേരിടുന്നതെന്ന് ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അറിയില്ല എന്നത്പോലെ അവർക്കും അറിയില്ലായിരുന്നു. ആരെങ്കിലുമൊക്കെ പേര് വിളിക്കുമ്പോൾ വിളി കേൾക്കുന്നത് പോലെ വാൽ ആട്ടിക്കാണിക്കുക, അത് മറ്റെല്ലാവരും ചെയ്യുന്നത് പോലെ അവരും ചെയ്തുപോന്നു. ഒരേ തെരുവിലാണ് താമസമെങ്കിലും തമ്മിൽ കണ്ടുമുട്ടുവാൻ വേണ്ടിയുള്ള സമയം ആഗതമാകുന്നത് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. ഒരുപക്ഷേ ഒരുപാട് നായ്ക്കൾ വസിക്കുന്ന തെരുവുകളിൽ പല നായ്ക്കൾക്കും പരസ്പരം അറിയില്ല എന്നത് തന്നെയാണ് കാരണം. സ്വന്തം വയർ നിറയ്ക്കുവാനുള്ള ഓട്ടത്തിനിടയിൽ ചുറ്റുമുള്ളവരെ നോക്കാൻ ആർക്കാണ് നേരം ?
ജാക്കിന്റെ ഏതോ ഒരു രാത്രി യാത്രയിലാണ് അവൻ റോസിനെ കണ്ടുമുട്ടുന്നത്. അലസമായ ഒരു അലഞ്ഞു തിരിയലിനിടയിൽ തന്നെ. വളവ് തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മുന്നിൽ വന്നു ചാടിയ റോസിനെ കണ്ടപ്പോൾ ഞെട്ടിയ അവൻ ആദ്യം കുരയ്ക്കുകയാണ് ചെയ്തത്. കുര കേട്ട് ഞെട്ടിയ അവളും തിരിച്ചു കുരച്ചു. രാത്രിയുടെ വിജനതയിൽ, പരസ്പരം അറിയാതെ നിന്നിടത്ത് നിന്ന് തുടങ്ങിയ ആ കുരയുടെ ഒടുവിൽ ജാക്കിന്റെ ഘനഗംഭീരമായ ശബ്ദത്തിന് മുമ്പിൽ അവൾ കീഴടങ്ങുകയാണ് ചെയ്തത്. നിലാവിന്റെ തെളിഞ്ഞ വെളിച്ചത്തിൽ പിൻകാലുകൾക്കിടയിൽ വാലും തിരുകി ഓടിപ്പോകുന്ന അവളെ കണ്ടപ്പോൾ ജാക്കിന്റെ മനസ്സിൽ അവൻ പോലുമറിയാതെ എന്തോ ഒരു പുതിയ മാറ്റം സംഭവിക്കുകയായിരുന്നു.
അതാണ് പിറ്റേദിവസവും കൃത്യം ആ സമയത്ത് അവൻ അതേ സ്ഥലത്ത് കൃത്യമായി എത്തിച്ചേർന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ചു സമയത്തിനുള്ളിൽ അവൾ എത്തിച്ചേർന്നു. ഇപ്രാവശ്യം പക്ഷേ പരസ്പരം മുഖാമുഖം നോക്കിയുള്ള ആ കുരയുണ്ടായില്ല. പകരം തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയാണുണ്ടായത്. ആ കാഴ്ചയിൽ അവൻ ശ്രദ്ധിച്ചത് കണ്ണീർ ചാലുകളുണങ്ങിയ അവളുടെ മുഖമായിരുന്നു. ഹൃദയത്തിൽ മുള്ളു കുത്തിക്കയറുന്നത് പോലെ ഒരു വേദനയാണ് അവന് തോന്നിയത്. കുറച്ചുസമയത്തെ നോട്ടത്തിന് ശേഷം അവൾ നടന്നു പോയി. അവിടുന്ന് തിരികെ വന്നെങ്കിലും ജാക്കിന്റെ ഉള്ളിൽ ഒരിക്കലും ഇറങ്ങിപ്പോകാത്ത വിധം അവൾ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.
വീണ്ടും പല രാത്രികളിൽ സംഭവിച്ച കൂടിക്കാഴ്ചകൾ. അതിനിടയിൽ തന്നെ അവരുടെ അപരിചിതത്വം അകന്നു പോയി അവർ പരസ്പരം പരിചയപ്പെട്ടു സംസാരിച്ചു തുടങ്ങിയിരുന്നു. പക്ഷേ അവൾ എപ്പോഴും കൃത്യമായ ഒരു അകൽച്ച പാലിച്ചിരുന്നത് അവൻ ശ്രദ്ധിച്ചു. അവളുടെ വിഷാദം നിറഞ്ഞ മുഖമായിരുന്നു അവന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നത്. അതെന്താണെന്ന് അറിയുവാൻ വേണ്ടി അവന് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. വിഷാദത്തിന്റെ ചെളിക്കുണ്ടിൽ വിരിഞ്ഞ ഒരു താമരയായിരുന്നു അവൾ. വണ്ടുകളുടെ ആക്രമണം നേരിടേണ്ടി വന്ന താമര ! അതിലൊരു വണ്ട് അവളുടെ തണ്ട് തന്നെ തുരന്നിരുന്നു. നിർത്താതെയുള്ള പൊട്ടിക്കരച്ചിലോടെ അവളെല്ലാം പറയുന്നത് കേട്ട അവന് പക്ഷേ അവളോട് സഹതാപമല്ലായിരുന്നു തോന്നിയത്. മറിച്ച് വല്ലാത്തൊരു ഇഷ്ടമാണ് അവന് അവളോട് തോന്നിയത്. ഒരുപക്ഷേ തേനൂറ്റിയെടുത്ത് കടന്നുകളയുന്ന വെറുമൊരു വണ്ടാകാൻ അവനൊരുക്കമല്ലായിരുന്നത് കൊണ്ടാകാം അങ്ങിനെ തോന്നിയത്. തെരുവിൽ ഏകനായി ചുറ്റിത്തിരിയുന്ന തനിക്ക് ലഭിച്ച നല്ലൊരു കൂട്ടിനെ അവൻ അവളിൽ കണ്ടു. പിന്നീട് അവൾ പോലുമറിയാതെ അവളുടെ തണ്ടിനേറ്റ മുറിവുണക്കാനായിരുന്നു അവന്റെ ശ്രമം. അവനതിൽ വിജയിക്കുകയും ചെയ്തു. തന്റെ കേടുപാടുകൾ മറികടന്ന് തലയുയർത്തി, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ അവളെന്ന താമരപ്പൂവ് നിൽക്കുമ്പോൾ അതിനു കാരണക്കാരനായി മറ്റാരുടെയും കണ്ണിൽ പെടാതെ അവളുടെ പുറകിൽ നിന്ന് അവനൊരുപാട് സന്തോഷിച്ചു. കാരണം അപ്പോഴൊക്കെയും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുമായിരുന്നു. ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ വിരിയുന്ന പുഞ്ചിരി. അത് കാണാനായിരുന്നു അവന് എന്നും കൊതി.
" ജാക്ക്, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് "
നിലാവുള്ള ഒരു തണുത്ത രാത്രിയിൽ കടൽക്കരയിൽ അവനോട് ചേർന്ന് ഇരിക്കുമ്പോഴാണ് അവൾ ആദ്യമായി അത് പറഞ്ഞത്. ഒരുപക്ഷേ പലവുരു അവളോട് പറയുവാൻ അവനാഗ്രഹിച്ചത് അവളുടെ വായിൽ നിന്നുതന്നെ കേട്ടപ്പോൾ അവന്റെ മനസ്സ് ആ നിലാവോളം ഉയരത്തിൽ തന്നെ ഉയർന്നു ചെന്നിരുന്നു. മറുപടിയൊന്നും പറയാതെ ചേർത്തുനിർത്തിയുള്ള ഒരു ചുംബനം കൊണ്ടാണ് അവനും തന്റെയിഷ്ടം അവളെ അറിയിച്ചത്. പിന്നീട് ദൈവങ്ങൾ പോലും അസൂയപ്പെടുന്ന രീതിയിലുള്ള പ്രണയം. അവൾക്ക് എത്രമാത്രം അവനെ വേണമായിരുന്നോ അതിന്റെ പതിന്മടങ്ങ് അവന് അവൾ വേണമായിരുന്നു. നല്ലൊരു താങ്ങും തണലും സുരക്ഷിതത്വവും അവളിൽ നിന്ന് അവന് ലഭിച്ചു. അവളെ സന്തോഷവതിയാക്കുമ്പോൾ അതിന്റെയിരട്ടി സന്തോഷം അവനനുഭവിക്കുന്നുണ്ടായിരുന്നു. ഒരിക്കലും അത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഉഴിഞ്ഞു വെച്ച ജീവിതമല്ലായിരുന്നു എന്നുതന്നെ പറയാം.
" എന്റെ എല്ലാ വേദനകളും ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് നീയെനിക്ക് "
റോസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഈ ലോകം ഒറ്റയ്ക്ക് വെട്ടിപ്പിടിച്ച ഒരുവന്റെ സന്തോഷമാണ് അവനനുഭവിച്ചത്. അവളൊരു വിളക്കായി തെളിഞ്ഞു നിന്നപ്പോൾ അതിന്റെ എണ്ണയാകാനാണ് അവനാഗ്രഹിച്ചത്.
അവരുടെ ജീവിതത്തിലെ ഇരുളിൽ തെളിഞ്ഞ വെളിച്ചമായിരുന്നു ഈ ബന്ധം. പതിയെ പതിയെ ഇരുളിനെ കീഴടക്കി ആ വെളിച്ചം മുന്നേറിക്കൊണ്ടിരുന്നു. ആരാണോ ആദ്യം പൂർണ്ണമായും വെളിച്ചത്തിലേക്കെത്തുന്നത് അവരാണ് തീർച്ചയായും വിടവാങ്ങലിനെ കുറിച്ചു ചിന്തിക്കുക. ഇരുൾ വിടവാങ്ങുമ്പോൾ പിൻ വെളിച്ചം ആവശ്യം വരുന്നില്ലല്ലോ !? പകൽ...! അതെ അതിനെ പകൽ എന്നുതന്നെ വിളിക്കാം. ആ പകൽ ആദ്യമെത്തിയത് റോസിന്റെ മുമ്പിലേക്ക് തന്നെയാകണം കാരണം ജാക്ക് അതറിഞ്ഞില്ല. പകലെന്ന സത്യത്തെ ചൂണ്ടിക്കാണിച്ചു റോസ് പോകുമ്പോൾ അന്നാദ്യമായി ജാക്ക് തകർന്നുപോയി. കാരണം റോസില്ലാതെയുള്ള ഒരു ജീവിതം അവന് ചിന്തിക്കുവാൻ കൂടിയാകുമായിരുന്നില്ല. ഒരു ഭ്രാന്തനെപ്പോലെ അവൻ ആ കടൽക്കരയിൽ കിടന്നുരുണ്ടു. മരത്തിൽ ചുറ്റിപ്പിടിച്ചിരുന്ന വള്ളിച്ചെടിയെ വേർപ്പെടുത്തുമ്പോൾ അതെങ്ങിനെയാണോ മണ്ണിലേക്ക് വീഴുന്നത് അതിലും വേഗതയിലായിരുന്നു അവന്റെ വീഴ്ച്ച. അത്രയും ആഴത്തിൽ അവൾ അവന്റെ മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു. അവന്റെ കണ്ണീര് കണ്ടില്ലെന്ന് നടിച്ചു പോകുമ്പോഴും തീർച്ചയായും അവളും ഉള്ളിൽ കരഞ്ഞിട്ടുണ്ടാകും എന്നതായിരുന്നു അവന്റെ ചിന്ത.
തെരുവിലൂടെ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന മറ്റു നായ്ക്കളെ കാണുമ്പോൾ അവന് അനുഭവപ്പെട്ടത് നിസ്സംഗതയായിരുന്നു. ഒന്നും ചെയ്യാനില്ലാത്തവന്റെ നിസ്സംഗത. കാലുകൾ നീട്ടിവെച്ചു താടി മണ്ണിൽ മുട്ടിച്ചു കിടക്കുമ്പോൾ അവന്റെയുള്ളിലും തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു. തിരമാലകൾ മനസ്സിന്റെ തീരത്തേക്ക് പതിവിലധികം കയറുമ്പോൾ തന്നെയാണല്ലോ കണ്ണിലൂടെ ജലം പുറത്തേക്ക് വരിക. അതെ അവന്റെ കണ്ണിലൂടെയും നീരൊഴുകുന്നുണ്ടായിരുന്നു. സ്വയം മുറിവുണ്ടാക്കി മനസ്സിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും അവന്റെ തല ആ മണ്ണിൽ നിന്ന് ഉയർന്നതേയില്ല. തന്നെ കാണാതെ റോസ് ഇപ്പോൾ വിഷമിക്കുകയാകും എന്ന ചിന്ത വരുമ്പോഴൊക്കെ അവൻ വല്ലാതെ അസ്വസ്ഥനാകും. താനില്ലാതെ, തന്റെ സ്നേഹവും കരുതലുമില്ലാതെ അവൾക്ക് ജീവിക്കാനാവില്ല എന്ന് തന്നെയായിരുന്നു അവന്റെ വിശ്വാസം. അതാണ് അവളെ തിരഞ്ഞു പോകാൻ അവൻ തീരുമാനിച്ചത്.
ആ തെരുവിന്റെ അങ്ങേ അറ്റത്തെവിടെയോയുള്ള അവളുടെ സ്ഥലത്തേക്ക് അവളെ തിരഞ്ഞു പോകുമ്പോൾ, തന്നെ കാണുമ്പോൾ തന്നെ " ജാക്ക് എനിക്ക് നീയില്ലാതെ പറ്റില്ല. നിന്നെ കാണാതെ ഞാൻ എത്രമാത്രം സങ്കടപ്പെട്ടു എന്നറിയുമോ ? " എന്ന് ചോദിച്ചുകൊണ്ട് തന്റടുത്തേക്ക് ഓടിവരുന്ന റോസ് തന്നെയായിരുന്നു അവന്റെ മനസ്സിൽ. കുതിച്ചുപായുന്ന കാലുകൾ ലക്ഷ്യം കണ്ടെത്തിയപ്പോൾ മാത്രമാണ് അവൻ നിന്ന് കിതച്ചത്. നിലാക്കീറിന്റെ ഇത്തിരി വെട്ടത്തിൽ അവൻ കണ്ടു. ഒരുകൂട്ടം നായ്ക്കളാൽ ചുറ്റപ്പെട്ട അവന്റെ റോസിനെ... ! അവനിൽ ഏറെ അമ്പരപ്പുണ്ടാക്കിയത് അവളുടെ മുഖത്ത് സന്തോഷം തന്നെയാണ് എന്നുള്ളതാണ്.
അവളുടെ കണ്ണിൽ പെടാതെ അവൻ തിരിഞ്ഞു നടന്നു. തലയും കുമ്പിട്ടുള്ള ആ മടക്കയാത്രയിൽ ഭൂമിയെ കടൽ വിഴുങ്ങുന്നതായി അവൻ മനസ്സിലാക്കി. പക്ഷേ അവന്റെ കാലുകൾക്ക് ഒട്ടും വേഗതയുണ്ടായില്ല. അതാണ് വീണ്ടും തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നത്. അക്കൂട്ടത്തിൽ നിന്ന് തെല്ല് മാറി ഒറ്റയ്ക്ക് നിൽക്കുന്ന മറ്റൊരു നായയുടെ നേരെ അവളുടെ നോട്ടം പാറി വീഴുന്നത് കണ്ട അവൻ തകർന്നുപോയി. എന്താണ് തന്നിലും മികച്ചതായി ആ നായയിലുള്ളതെന്ന് അവന് മനസ്സിലായില്ല. അല്ലെങ്കിലും സ്വന്തം പോരായ്മകൾ സ്വയമറിയുവാൻ സാധിക്കുമായിരുന്നെങ്കിൽ ഈ ഭൂമിയിൽ എല്ലാവരും എല്ലാം തികഞ്ഞവരാകുമായിരുന്നു.
അലസമായ അവളുടെ നോട്ടത്തിനിടയിലെവിടെയോ അവൾ ജാക്കിനെ കണ്ടു. അവരുടെ മിഴികൾ പരസ്പരം കൂട്ടിമുട്ടി. കുറച്ചുനേരത്തിന് ശേഷം അവൾ അവന്റെ അടുത്തേക്ക് നടന്നുവന്നു.
" എന്തിനാ എന്നോട്....??? എന്റെ തെറ്റ് പറയ്... ഞാൻ തിരുത്താം... എന്നെയിട്ടിട്ടു പോകല്ലേ..."
അവന്റെ ആ വാക്കുകൾ പലതും കണ്ണീരിനും ഏങ്ങലടിയ്ക്കും ഇടയിൽ ചിലമ്പി. നിർവ്വികാരയായി നിന്ന അവളുടെ മറുപടി
" എന്നോടൊന്നും ചോദിക്കരുത്, എനിക്ക് മറുപടിയില്ല, നിന്നോട് ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ എന്നെ മനസ്സിലാക്കുവാൻ ആർക്കും കഴിയില്ല " എന്നതായിരുന്നു. അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കിനിന്നു. തന്നെ ആർക്കും മനസ്സിലാവില്ല എന്നൊരാൾ പറയുന്നത് തന്നെ സ്വയം ന്യായീകരിക്കലാണ് എന്നത് അവനറിയാമായിരുന്നു. ഒടുവിൽ അവൾ വേറൊന്ന് കൂടി പറഞ്ഞു.
" നീയാ നായയെ കണ്ടോ ? ഇപ്പൊ എന്റെ മനസ്സിൽ മുഴുവൻ ആ നായയാണ്. പാവമാണ്. എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ് അതിനോട് "
തന്നെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുന്ന ഒരു ഹൃദയത്തിനെ ആ വാക്കുകൾ എത്രത്തോളം വേദനിപ്പിക്കുമെന്നു അറിഞ്ഞോ അറിയാതെയോ അവൾ പറഞ്ഞത് കേട്ട് അവൻ പൂർണ്ണമായും തകർന്നുപോയി. സ്വന്തം ഇഷ്ടത്തിന് മാത്രമാണ് പ്രാധാന്യം എന്നത് ആ രാത്രിയിൽ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയായിരുന്നു. കറിയിൽ ചേർത്ത കറിവേപ്പില പുറം തള്ളപ്പെടുന്ന പോലെ അവൻ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവൾക്ക് മറുപടിയൊന്നും കൊടുക്കാതെ തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സിൽ അവളുമൊത്ത് ഒരുമിച്ചു നടന്ന കാര്യങ്ങൾ മാത്രമായിരുന്നു. അവളുടെ ഒരു വാചകം ഒരുവട്ടം കൂടി അവനോർത്തു.
" എന്റെ എല്ലാ വേദനകളും ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് നീയെനിക്ക് " അത് ഓർത്തപ്പോൾ അവന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. പക്ഷേ അവന് അറിയില്ലല്ലോ...
' ഒറ്റമൂലി എന്നത് വേദനകൾ ഉള്ളപ്പോൾ മാത്രം ആവശ്യമുള്ളതാണ്. വേദന മാറിയാൽ പിന്നെ ഒറ്റമൂലി ആവശ്യം വരുന്നില്ല ' എന്നത്.
തലയും താഴ്ത്തിയുള്ള അവന്റെ യാത്ര കടലിനെ ലക്ഷ്യമാക്കിയായിരുന്നു. എല്ലാ ദുഃഖങ്ങളെയും ഏറ്റുവാങ്ങുകയും ദുഃഖവും സന്തോഷവും നൽകുകയും ചെയ്യുന്ന ആ കടലിനെ തന്നെ...
ചില ചെടികൾ തഴച്ചു വളർന്നിരിക്കുന്നത് മാത്രമേ നാം കാണുന്നുള്ളൂ. പക്ഷേ അതിന് വളമായി അതിന്റെ ചുവട്ടിൽ മരിച്ചുവീണ ചെടികളുടെ സ്നേഹം ആ ചെടി തന്നെ മറന്നുപോകുന്നു.
അകാലത്തിൽ പൊലിഞ്ഞ ജാക്കിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്...

യക്ഷി'യാൻ


°°°°°°°°°°°°°°
ഇന്നലെ രാത്രിയാണ് എന്നെ നടുക്കിയ ആ സംഭവമുണ്ടായത് !!!
കുറച്ചുനാളുകളായി എനിക്കെന്തോ വല്ലാത്ത ക്ഷീണമാണ്. എന്തെങ്കിലും വായിക്കാനോ എഴുതാനോ ചിന്തിക്കുമ്പോഴോ ശ്രമിക്കുമ്പോൾ സ്വയമറിയാതെ ഉറങ്ങി പോകുന്നത് പോലെയുള്ള ക്ഷീണം. എന്തായിരിക്കും അതിന് കാരണമെന്ന് ആലോചിച്ചു നോക്കിയിട്ടും ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് എന്നിൽ സംഭവിച്ചിട്ടുണ്ടെന്നു എനിക്ക് ബോധ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നലെ രാത്രി തന്നെ മഹാമാന്ത്രികർ പോലും പരീക്ഷിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആ വലിയ കാര്യം എന്നിൽ പരീക്ഷിച്ചു നോക്കാൻ തീരുമാനമെടുത്തത്.
വൈകുന്നേരം മുതൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സന്ധ്യമയങ്ങിയപ്പോൾ തന്നെ കുളിച്ചു ദേഹശുദ്ധി വരുത്തി രാത്രിയുടെ അർദ്ധയാമത്തിന് വേണ്ടി കാത്തിരുന്നു. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ മിഴികൾ പൂട്ടി ധ്യാനം ആരംഭിച്ചു. ഒടുവിൽ അമാവാസിയുടെ അർദ്ധരാത്രിയിൽ മാത്രം കേൾക്കുന്ന ആ മൂങ്ങയുടെ ശബ്ദം സമീപത്തുള്ള പാലമരത്തിൽ നിന്നും മുഴങ്ങി. മൂന്നുപ്രാവശ്യം ! മൂന്നാമത്തെ മൂങ്ങമൂളലിൽ ഞാൻ മെല്ലെ മിഴികൾ തുറന്നു.
കനത്ത അന്ധകാരവും നിശ്ശബ്ദതയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ മുറിക്കുള്ളിലെ കാഴ്ചയുമായി പൊരുത്തപ്പെടാൻ എനിക്ക് കണ്ണുകൾ ഒരുപാട് തവണ അടച്ചു തുറക്കേണ്ടി വന്നു. കുറച്ചുനേരം ചെവി വട്ടം പിടിച്ചു പരിസരത്തെങ്ങും ആ നിശ്ശബ്ദതയെ ഭേദിക്കുന്ന യാതൊന്നുമില്ലെന്നു ഉറപ്പുവരുത്തി. ഏകാഗ്രതയ്ക്ക് ചെറിയൊരു തടസ്സം സംഭവിച്ചാൽ ഒരുപക്ഷേ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന കർമ്മമാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ആരും ഈ കർമ്മത്തിനു തയ്യാറാകാത്തതും.
എനിക്ക് പാഴാക്കുവാൻ അധികസമയമില്ല. ബ്രാഹ്മമുഹൂർത്തത്തിന് മുമ്പേ എനിക്ക് കർമ്മങ്ങൾ ചെയ്തുതീർത്തു പൂർവസ്ഥിതിയിലാവേണ്ടതുണ്ട്. അതുകൊണ്ട്തന്നെ പിന്നീടുള്ള എന്റെ പ്രവൃത്തികൾ ചടുലവേഗത്തിലായിരുന്നു. മുറിയുടെ ഒത്ത നടുക്ക് തന്നെ ഒരു പായ കിഴക്കുപടിഞ്ഞാറായി വിരിച്ചു. പായയുടെ കിഴക്കുവശത്തുള്ള തലയ്ക്കൽ ഏഴുതിരിയിട്ട നിലവിളക്കും പടിഞ്ഞാറുവശത്തെ തലയ്ക്കൽ അഞ്ചുതിരിയിട്ട വിളക്കും കത്തിച്ചുവെച്ചു. കൃത്യം അതിന് രണ്ടിനും മധ്യത്തിൽ ഞാൻ ചമ്രം പടിഞ്ഞിരുന്നു. ചുറ്റിനും ചെറിയ മൺചട്ടികൾ വൃത്താകൃതിയിൽ വെച്ചു അതിൽ സുഗന്ധദ്രവ്യങ്ങൾ പുകച്ചു. മുറിക്കുള്ളിലെ അന്തരീക്ഷം സുഗന്ധം കൊണ്ട് നിറഞ്ഞു. അതെ, ഞാൻ ആ കർമ്മത്തിനു മാനസികമായും ശാരീരികമായും ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ഇടതുകയ്യുടെ ചൂണ്ടുവിരലും തള്ളവിരലും അർദ്ധവൃത്താകൃതിയിലാക്കി തള്ളവിരൽ നാസികയുടെ മധ്യത്തിലും ചൂണ്ടുവിരൽ നെറ്റിയുടെ മധ്യത്തിലുമായി ഞാൻ ഉറപ്പിച്ചു നിർത്തി. എന്നിട്ട് വലതുകൈ നെഞ്ചിന്റെ ഉയരത്തിൽ മുന്നിലേക്ക് നീട്ടിപ്പിടിച്ചു. ശേഷം പാതിയടച്ച കൺപോളകളുടെ ഉള്ളിലേക്ക് കൃഷ്ണമണികളെ പൂർണ്ണമായും കയറ്റി ഞാൻ ഉള്ളിൽ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. മന്ത്രോച്ചാരണം അതിന്റെ പൂർണ്ണസ്ഥിതി പ്രാപിക്കാറായതും എന്റെ നീട്ടിപ്പിടിച്ച വലതുകൈ അതിവേഗത്തിൽ മെലിയുന്നത് ഞാനറിഞ്ഞു. ഒരു ചീരതണ്ടിന്റെ അത്രയും ചെറുതാവുന്നത് വരെ ഞാൻ മന്ത്രോച്ചാരണം തുടർന്നു. എന്റെ വലതുകൈ തീരെ മെലിഞ്ഞു ഒരു ചീരയുടെ തണ്ടിനോളം ആയി. ഞാൻ കണ്ണുകൾ പൂർണ്ണമായും അടച്ചു. എന്നിട്ട് നോട്ടം മച്ചിൽ തറയ്ക്കുന്ന അളവുവരെ കഴുത്ത് മെല്ലെയുയർത്തി ശേഷം വാ തുറന്ന് എന്റെ വലതു കൈ മെല്ലെ വായുടെ ഉള്ളിലേക്ക് കടത്തി. അപ്പോഴും എന്റെയുള്ളിൽ മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. ഈ പ്രകൃതിയിലെ യാതൊന്നും എന്റെ ഏകാഗ്രതയെ തടസ്സപ്പെടുത്തില്ല എന്ന് പൂർണ്ണമായും ബോധ്യം വന്നപ്പോൾ ഞാൻ ഉദ്ദേശിച്ച വസ്തുവിൽ കൈ തടഞ്ഞു. അത് കൈക്കുള്ളിൽ പൂർണ്ണമായും ഒതുങ്ങി എന്ന് ബോധ്യമായപ്പോൾ ഞാൻ മെല്ലെ ശ്വാസഗതി നിയന്ത്രിച്ചു അതിനെ പുറത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. അപ്പോൾ മാത്രം എന്റെ ശരീരത്തിൽ വിയർപ്പുതുള്ളികൾ പൊടിയുവാൻ തുടങ്ങി. എന്റെ ശരീരം ക്രമാതീതമായി ചൂട് പിടിക്കുന്നത് ഞാൻ അറിയാൻ തുടങ്ങി. പരീക്ഷണങ്ങൾ ഉണ്ടായേക്കാം പക്ഷേ ശ്രദ്ധ ഒരിക്കലും പതറുവാൻ പാടില്ല. ഒരുപക്ഷേ ഈ ഭൂമിയിൽ ആരും ഇന്നേവരെ ചെയ്തിട്ടില്ലാത്ത അഥവാ ചെയ്തിട്ടുണ്ടെങ്കിൽ വിജയം കൈവരിച്ചിട്ടില്ലാത്ത മാരക കർമ്മമാണ് ഞാൻ ചെയ്യുന്നത്. പ്രകൃതി പോലും വിറങ്ങലിച്ച നിമിഷങ്ങൾ !!! ഒരു ചെറിയ പിഴവ് മതി ചെയ്തുകൊണ്ടിരിക്കുന്ന കർമ്മം പൂർത്തിയാവാതെ ഞാൻ പിടഞ്ഞു മരിക്കാൻ !!! ആ ചിന്ത വന്നതും ഉള്ളിൽ ചെറിയൊരു നടുക്കമുണ്ടായി. പക്ഷേ ഞാൻ പതറിയില്ല. എന്റെ കൈ ആ വസ്തുവുമായി മെല്ലെ മെല്ലെ പുറത്തേക്ക് വന്നു. ഒരില പോലുമനക്കാതെ കാറ്റും ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി വീർപ്പടക്കിപ്പിടിച്ചു നിന്നു.
കൃത്യം എന്റെ കൈ വായിൽ നിന്നും പുറത്തുവന്ന അതേ നിമിഷത്തിൽ മുറിക്കുള്ളിലെ നിശ്ശബ്ദതയെ ഭേദിച്ചു ഘടികാരം ഒരുതവണ മുഴങ്ങി. പുറത്തു നിന്ന് ആ സമയത്ത് തന്നെ എന്തോ കണ്ട് ഭയന്നത് പോലെ നായകളുടെ ഓരിയിടൽ ഉയർന്നു. മൂങ്ങയുടെ മൂളലും ഭയാനകമായ രീതിയിൽ ഉയർന്നു. എവിടെ നിന്നോ പൂച്ചകളുടെ നിലവിളിയും മുഴങ്ങി. അതുവരെ നിശ്ശബ്ദമായിരുന്ന കാറ്റും വീടിന് പുറത്ത് വീശിയടിക്കുവാൻ തുടങ്ങി. കാറ്റിൽ അണയാതിരിക്കാനായി ആടിയുലയുന്ന വിളക്കിൻ നാളങ്ങളെ സാക്ഷി നിർത്തി ഞാനെന്റെ ഉള്ളം കൈ മെല്ലെ തുറന്നു. അതാ എന്റെ ഉള്ളംകയ്യിൽ സ്ഫടികസമാനമായ, കൃത്യമായ ആകൃതിയില്ലാത്ത ആ വസ്തു. അതെ, അതാണ് എന്റെ മനസ്സ് !!!
മനസ്സിനെ പുറത്തെടുത്ത് ഉള്ളിലെ സംഭവങ്ങൾ ഒക്കെ താഴെ ഒരു പുതപ്പ് വിരിച്ചു അതിലേക്ക് കുടഞ്ഞിട്ടു. കണ്ടകടാദി സാധനങ്ങൾ ഒക്കെ ഒരു സൈഡിലേക്ക് മാറ്റിവെച്ചപ്പോൾ ദാണ്ടേ ഒരു വലിയ കറുത്തിരുണ്ട സാധനം. കുറെ ചാഞ്ഞും ചെരിഞ്ഞും നോക്കിയിട്ടും എന്താണെന്ന് മനസ്സിലാക്കാൻ കഴിയാഞ്ഞപ്പോഴാണ് ഞാനൊരു കോലു കൊണ്ട് അതിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി നോക്കിയത്. കുറച്ചു നേരത്തെ തട്ടലും ഉരുട്ടലും കഴിഞ്ഞപ്പോൾ ആണ്ടെടാ അതിനുള്ളിൽ നിന്ന് കിളി ശബ്ദത്തിൽ ഒരു കരച്ചിൽ... !!! ഞാനൊന്ന് നല്ലോണം പകച്ചു. കാരണം അടച്ചിട്ട മുറിയിൽ നിന്ന് കരച്ചിൽ കേട്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും !! വാ പൊത്തിപ്പിടിക്കാം എന്ന് കരുതിയാൽ ഈ പണ്ടാരത്തിന്റെ ഏതിൽ കൂടിയ ഒച്ച പുറത്തേക്ക് വരുന്നത് എന്ന് മനസ്സിലാവണ്ടേ ! ഹോ 'വിജിച്ചേച്ചിഭ്രമിച്ച ' നിമിഷങ്ങൾ !!! രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ആ കരച്ചിൽ വ്യക്തമായി കേട്ടു.
" അയ്യോ തല്ലല്ലേ... എന്റെ പൊന്ന് ചേട്ടാ... എന്നെ വെറുതെ വിടൂ... ഞാനൊന്ന് ഉറങ്ങിക്കോട്ടെ "
കേട്ട ഉടനെ ഞാൻ കോൽ താഴെയിട്ടു. പറഞ്ഞിട്ട് കാര്യമില്ല കോലും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോ വല്ല സ്കൂൾ മാഷും ചൂരൽ പിടിച്ചു നിൽക്കുന്നത് ഓർമ്മ വന്നുകാണും. ഞാനായിട്ട് ആരെയും കരയിക്കണ്ട, എഴുന്നേറ്റ് പോയേക്കാം എന്നോർത്തതാണ്. അപ്പോഴാണ് ഓർത്തത് അല്ല ഞാനെന്തിനാ പോകുന്നത് !? ഇതാരാണെന്നു അറിയണ്ടേ !? അതുകൊണ്ട് അവിടിരുന്നുകൊണ്ടു പരുഷമായി തന്നെ ആ പഴയ സിനിമകളിലെ ഡയലോഗ് അങ്ങട് പൂശി..
" ചേട്ടനോ !? ഏത് വകയിലാണ് ഞാൻ നിന്റെ ചേട്ടനാകുന്നത് ? ഡീ കൊച്ചേ നിനക്ക് ആൾ മാറിയതാണ്. മര്യാദയ്ക്ക് ഇറങ്ങിപ്പൊക്കോ... ഇല്ലേൽ വൈകിട്ട് കഞ്ഞി വെയ്ക്കുമ്പോ അടുപ്പിലിട്ടു കത്തിക്കും ഞാൻ "
ഒരുനിമിഷം കൊണ്ട് പിടിച്ചു നിർത്തിയത് പോലെ കരച്ചിൽ നിന്നു. ' ശാന്തയുടെ കുറച്ചു നിമിഷങ്ങൾ...' പിന്നെ മറുപടി തന്നു.
" ചേട്ടാ, ഞാൻ എടി അല്ല എടായാ... എടാ... "
ഹോ ആ പ്രതീക്ഷയും പോയി. സുന്ദരിയായ ഒരു യക്ഷിയെ പ്രതീക്ഷിച്ച ഞാൻ നല്ല അസ്സലായി ഒന്ന് ചമ്മിയെങ്കിലും ഒന്നെനിക്കുറപ്പായി ഈ സാധനം മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ട്. അല്ലേലും ഈ ശബ്ദം കൊണ്ട് ആണിനേയും പെണ്ണിനേയും തിരിച്ചറിയാം എന്ന് പറഞ്ഞവനെ ആദ്യം തല്ലണം. അല്ലേൽ വേണ്ട... അവനൊക്കെ ഇപ്പൊ എവിടെയാണെന്ന് ഓർത്തിട്ടാ തല്ലാൻ പോകുന്നത്. ഒടുവിൽ സഹികെട്ട് ഞാൻ ചോദിച്ചു.
" ആരാ നീ !? എന്താ നിനക്ക് എന്റെ മനസ്സിൽ കാര്യം !? "
" ഞാൻ കുംഭകർണ്ണൻ !!! " പിന്നീടുള്ള വിവരണത്തിലാണ് എനിക്ക് ആ വലിയ കദനകഥ മനസ്സിലായത്. എന്നിൽ കുംഭകർണ്ണന്റെ ബാധ കേറിയതാണ് !! അതിനുവഴി വെച്ച സാഹചര്യങ്ങൾ കേൾക്കുന്നതിനിടയിൽ പലതവണ എന്റെ മിഴികൾ ഈറനണിയുകയും ചിലപ്പോഴൊക്കെ ഞാൻ എന്നെത്തന്നെ മറന്ന് പൊട്ടിക്കരയുകയും ചെയ്തു.
യുദ്ധമൊക്കെ കഴിഞ്ഞു ഗംഭീരമായി തോറ്റു രാവണൻ ടീംമിക്‌സ് നരകത്തിൽ ചെന്നപ്പോൾ മുതൽ രാവണൻ സകലരോടും കലിപ്പാണ്. അതിൽ ഏറ്റവും വലിയ ദേഷ്യം കുംഭകർണ്ണനോട് ആണ്. ബാക്കിയുള്ളവരൊക്കെ തുടക്കം മുതൽ പൊരുതിയാണ് മരിച്ചത് എന്നും ഇവന്റെ ഒടുക്കത്തെ ഉറക്കവും മടിയും കാരണം യുദ്ധം ചെയ്യാൻ വൈകി പോലും. പോരാത്തതിന് ചെറുപ്പം മുതൽ തിന്നു മുടിച്ചതിന്റെ വലിയൊരു കണക്ക് കൂടി പറഞ്ഞു മൂപ്പര്. പാവം കുംഭകർണ്ണൻ ! ഇനിയിപ്പോ മേലനങ്ങണ്ട കാര്യമില്ലല്ലോ സ്വസ്‌ഥമായി ഉറങ്ങാമല്ലോ എന്നൊക്കെ കരുതി സന്തോഷിച്ചു നരകത്തിലേക്ക് ചെന്നതാണ്. അപ്പോഴാണ് ചേട്ടന്റെ വക വാളും പരിചയുമൊന്നുമില്ലാത്ത ഈ അങ്കംവെട്ട്. പാവം 'വിഷി മച്ചു' ആയിപ്പോയി! മൂപ്പരുടെ കണ്ണിന്റെ മുമ്പിൽ പെട്ടാൽ അപ്പൊ തുടങ്ങും ചീത്തവിളിയും തല്ലും ! അവന്റെ ഒടുക്കത്തെ ഉറക്കം കാരണമാണത്രേ യുദ്ധം തോറ്റത് ! പാവം അതുകാരണം നരകത്തിലെ ഉത്സവത്തിന്റെ തലേദിവസം രാത്രി അതായത് അമാവാസിയുടെ അന്ന് അവിടുന്ന് ഒളിച്ചോടി വന്നതാണ്. ഇവിടെ വന്നിട്ടും ചിന്ത സ്വസ്‌ഥമായി ഉറങ്ങണം എന്നതായിരുന്നു. പക്ഷേ കുറച്ചുനാൾ ഉറങ്ങാതെ ഇരുന്നത് കാരണം ബുദ്ധിയൊക്കെ ഇത്തിരി വികസിച്ചു. ഒരാളുടെ ദേഹത്ത് ഒറ്റയ്ക്ക് കയറിയാൽ പിടിക്കപ്പെടും എന്നത് മനസ്സിലായി. അത്കൊണ്ട് തന്റെ ആത്മാവിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി പലരുടെയും ദേഹത്തായി ഒരുമിച്ചു കയറിയിരിക്കുവാണ്. അതിൽ ഒന്നാണ് ദേ എന്റെ മുമ്പിൽ കിടക്കുന്ന ഈ സാധനം !! അതാണ് എന്റെ ഈ ഉറക്കത്തിന്റെ സംഭവം.
കഥയൊക്കെ പറഞ്ഞു വലിയ ശരീരവും കുഞ്ഞു മനസ്സുമുള്ള മൂപ്പര് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങിയപ്പോൾ എന്റെ ലോലിപ്പപ്പ് മനസ്സ് അങ്ങ് അലിഞ്ഞുപോയി. ഞാൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
" കുംഭമോനേ... മോൻ വിഷമിക്കണ്ട... എത്രകാലം വേണമെങ്കിലും എന്റെയുള്ളിൽ താമസിച്ചോ... ഉണ്ണുവോ ഉറങ്ങുവോ എന്ത് വേണേലും ചെയ്തോ..." പറഞ്ഞു കഴിഞ്ഞപ്പോഴാണ് അമളി മനസ്സിലായത്. വേഗം തന്നെ തിരുത്തി.
" അതേ ഉണ്ണണ്ട... എന്തോരും വേണേലും ഉറങ്ങിക്കോ "
അല്ല പിന്നെ ഇതിനെങ്ങാനും ഉണ്ണാൻ തോന്നിയാൽ ഞാൻ തന്നെ തിന്നണ്ടേ... ? കഴിച്ചു കഴിച്ചു ഞാൻ വയ്യാണ്ടാവും. അത് പോട്ടെ, അതിന് വയർ നിറയുന്നത് വരെ കഴിക്കാൻ എത്രയാ ചിലവ്. അതിനുമാത്രം ചെലവാക്കാൻ എന്റെ കയ്യിൽ എവിടുന്നു ക്യാഷ് ? അതുകൊണ്ട് ഉണ്ണൽ ഞാൻ നൈസ് ആയിട്ടങ്ങ് കട്ട് ചെയ്തു. പിന്നെ ചോദ്യോം പറച്ചിലിനും ഒന്നും നിന്നില്ല. മനസ്സെടുത്തു കയ്യിൽ പിടിച്ചു കുറെ വേസ്റ്റ് സാധനങ്ങൾ ഒക്കെ ഒഴിവാക്കി ബാക്കിയൊക്കെ വാരി അതിനുള്ളിലിട്ടു കൂട്ടത്തിൽ ഇവനെയും. എന്നിട്ട് പഴയത് പോലെ ശരീരത്തിന്റെ ഉള്ളിൽ കൊണ്ടുവെച്ചു.
നിങ്ങൾക്കൊരു സത്യമറിയുമോ ? ഈ മനസ്സിലെ വേസ്റ്റ് ചിന്തകൾ ഒഴിവാക്കുന്നത് മൊബൈൽ സ്റ്റോറേജിലെ ക്യാച്ചെ ഒഴിവാക്കുന്നത് പോലെയാണ്. എത്ര ഒഴിവാക്കിയാലും പിന്നെയും പിന്നെയും പെട്ടെന്ന് നിറയും. അതുകൊണ്ട് ഒഴിവാക്കിയിട്ടും വലിയ കാര്യമൊന്നുമില്ല.
എന്നിൽ കുംഭകർണ്ണന്റെ ആത്മാവ് കേറിയതാണ്. അതാണ് ഞാൻ ഇത്രകാലം മടി മടി എന്ന് ചിന്തിച്ചോണ്ട് നടന്നത്. ഒരു കഷ്ണം എന്റെ ഉള്ളിലുണ്ട്. ബാക്കിയൊക്കെ ആരുടെയൊക്കെ ഉള്ളിലാണാവോ ?

അബോർഷൻ


°°°°°°°°°°°°°°°°°
" സുജൻ... ഇന്ന് ഒരു രാത്രിയേ നിന്റെ മുമ്പിലുള്ളൂ. നിനക്ക് കഴിവുണ്ടോ എന്നത് നീ തെളിയിക്കണം "
ആ ഒരു വാചകത്തോടെ മറുതലയ്ക്കൽ ഫോൺ വെച്ചിട്ടും കുറച്ചുനേരം കൂടി സുജൻ റിസീവർ ചെവിയോട് ചേർത്തു തന്നെ പിടിച്ചു. പിന്നെ മെല്ലെ അത് ഫോണിലേക്ക് വെച്ചു സീറ്റിലേക്ക് ചാഞ്ഞു.
" എന്താടോ... എന്ത് പറ്റി ? ആരായിരുന്നു ഫോണിൽ ? " തൊട്ടടുത്തെ സീറ്റിലിരുന്ന ലിസി സുജന്റെ ഭാവമാറ്റം കണ്ട് ഉത്കണ്ഠയോടെ ചോദിച്ചു.
" ഏയ്... ഒന്നുമില്ല. " അത് പറഞ്ഞു മുമ്പിലെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുകൾ ഉറപ്പിക്കുമ്പോഴും അവന്റെ മനസ്സിൽ മുഴങ്ങിയത് നേരത്തെ കേട്ട ആ സ്ത്രീശബ്ദം ആയിരുന്നു.
" അബോർഷൻ എങ്ങിനെയാണ് തെറ്റാവുന്നത് സുജൻ !? സമൂഹത്തിന്റെ കണ്ണുകളിലാണ് നമ്മുടെ ജീവിതം തന്നെ. ആ കണ്ണുകളെ തൃപ്തിപ്പെടുത്തുവാൻ എങ്കിലും അത് ചെയ്തേ മതിയാവൂ. ചിലപ്പോൾ ആദ്യത്തെ അനുഭവം ആയതുകൊണ്ടാവണം തനിക്കിത് ബുദ്ധിമുട്ട് ആയി തോന്നുന്നത്. എനിക്കിത് ആദ്യത്തെ അനുഭവം ഒന്നുമല്ല. അതുകൊണ്ട് തന്നെ എനിക്കൊരു പുതുമയും തോന്നുന്നില്ല. തന്റെ വാദം തന്നെ വിചിത്രമായാണ് എനിക്ക് തോന്നുന്നത്. കുറച്ചൊക്കെ തന്റേടത്തോടെ പെരുമാറു സുജൻ. ഇത്രയ്ക്ക് മനക്കട്ടി ഇല്ലാതെ എങ്ങിനെയാണ് ഇന്നത്തെ കാലത്ത് ജീവിക്കുവാൻ സാധിക്കുക. ഒന്നുമില്ലെങ്കിലും താങ്കൾ ഒരാണല്ലേ ?"
അവസാനവാചകം ഓർമ്മയിൽ വന്നതും അയാൾ കടുത്ത അസഹ്യതയിൽ ഷിറ്റ് എന്ന വാചകത്തോടെ മുഖം ഇരുവശത്തേക്കും വെട്ടിക്കുകയും കൈ ചുരുട്ടി മേശയിൽ ഇടിക്കുകയും ചെയ്തു. അടുത്തിരുന്ന ലിസിയിലേക്ക് മിഴി പാറിയപ്പോൾ അവൾ തന്നെ അമ്പരപ്പോടെ നോക്കുന്നത് അയാൾ കണ്ടു.
" സോറി... സോറി. ഞാൻ വേറേതോ ചിന്തയിൽ... സോറി " ലിസിയോട് അങ്ങിനെ പറഞ്ഞപ്പോൾ അവൾ തലയാട്ടി എങ്കിലും അവളുടെ കണ്ണിലെ അമ്പരപ്പ് മാറിയില്ല എന്നത് അയാൾ മനസ്സിലാക്കി. സുജന് നേരിയ ജാള്യം തോന്നി. വീണ്ടും കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ചെന്നെങ്കിലും അവിടെ അക്ഷരങ്ങൾ പിടി തരാതെ ഓടിക്കളിക്കുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. ഒടുവിൽ ആ അക്ഷരങ്ങൾ എല്ലാം ഒരുമിച്ചു ചേർന്നു സ്ക്രീനിൽ ഒരു മുഖമായി തെളിയുന്നത് അയാൾ കണ്ടു. അവളുടെ പുഞ്ചിരിക്കുന്ന മുഖം !
അവൾ...!? ഇത്തിരി മുമ്പ് ഫോണിൽ സംസാരിച്ചവൾ... ' നിഷിത '... ഇവിടുത്തെ തന്റെ മേലുദ്യോഗസ്ഥ... കോളേജിൽ സീനിയർ ആയിരുന്നവൾ. അവൾ സ്ക്രീനിൽ ഇരുന്ന് തന്നെ കളിയാക്കുന്നതായി അയാൾക്ക് തോന്നി. താനൊരു ആണാണോ എന്ന് വരെ ചോദിച്ചിരിക്കുന്നു. അതിനുംവേണ്ടി എന്ത് തെറ്റാണ് താൻ ചെയ്തത് !?
പഠനകാലത്തെ സൗഹൃദം പിന്നീട് പരിധികൾ ലംഘിച്ചു പ്രണയത്തിലേക്ക് മാറിയതും. അവൾ തന്നേക്കാൾ മുതിർന്നത് ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ഇരുവീട്ടുകാരും സമ്മതിക്കില്ല എന്നത് മനസ്സിലായപ്പോൾ രണ്ടുവഴി പിരിഞ്ഞതുമായിരുന്നു. പിന്നീട് യാദൃശ്‌ചികമായാണ് ഈ കണ്ടുമുട്ടൽ.
വിവാഹം എന്നത് വേണ്ട എന്നുറപ്പിച്ചു ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. വീണ്ടും കണ്ടുമുട്ടിയപ്പോൾ അവളും തന്റെ അതേ പാതയിൽ തന്നെയാണ് എന്നറിഞ്ഞപ്പോൾ മനസ്സ് ഒന്ന് കുതികുത്തി. ഉള്ളിൽ ആ പഴയ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നു എന്ന തിരിച്ചറിവ് ! അതാണ് ചെയ്തുകൊണ്ടിരുന്ന ജോലി രാജിവെച്ചു അവളുടെ ഓഫീസിൽ അവൾ ഓഫർ ചെയ്ത ജോലി സ്വീകരിച്ച് അവളുടെ കീഴുദ്യോഗസ്ഥനായത്. ഒരുമിച്ചു ഒരേ ഫ്ലാറ്റിൽ താമസവും തുടങ്ങി. പക്ഷേ !?
പക്ഷേ, ' ജനനം എന്നതുണ്ടായാലെ വളർച്ച എന്നതുണ്ടാവൂ ' എന്ന തന്റെ വാദത്തെയാണ് ' വളർന്നതിന്റെ കാര്യം മാത്രം നോക്കിയാൽ മതി ' എന്ന എതിർവാദത്തോടെ അവൾ ഖണ്ഡിച്ചു താഴെയിട്ടത്. ഇക്കാര്യത്തിൽ താൻ പുതിയതാണ് പോലും. അവൾക്ക് ഒരുപാട് മുൻപരിചയം ഉണ്ടത്രേ. ഇതിൽ പുതിയത്, പഴയത് എന്നത് എന്തിരിക്കുന്നു. എത്ര മുൻപരിചയം ഉണ്ടെങ്കിലും ചെയ്യുന്നത് പൊറുക്കുവാൻ കഴിയാത്ത തെറ്റല്ലേ എന്നതായിരുന്നു തന്റെ വാദം. അതിനുള്ള മറുപടിയാണ് കുറച്ചുമുമ്പേ ഫോണിലൂടെ വിളിച്ചു പറഞ്ഞത്. സമൂഹത്തിന്റെ കണ്ണിനെക്കുറിച്ച് ചിന്തിക്കണം പോലും ! അതുകൊണ്ട് മാത്രം ജന്മം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ !
ഓഫീസ് കാര്യം സാധാരണ വീട്ടിലേക്ക് കയറ്റാറില്ല. പക്ഷേ ഇന്നലെ രാത്രി മുഴുവൻ ഒരുമിച്ചു കെട്ടിപ്പിടിച്ചാണ് കിടന്നതെങ്കിലും നാക്കുകൾ പരസ്പരം തർക്കിക്കുകയായിരുന്നു. ഓഫീസിൽ അവൾ ഉയർന്ന ഉദ്യോഗസ്ഥയാണ്. അവളുടെ നിർദ്ദേശം എതിർത്തൊന്നും പറയാതെ അനുസരിക്കേണ്ടതുമാണ്. ഒരുപക്ഷേ അവളുടെ നിർദ്ദേശത്തെ എതിർത്തു സംസാരിച്ചിട്ടും ഇപ്പോഴും ജോലിയിൽ തുടരാൻ സാധിക്കുന്നത് താൻ അവളുടെ പ്രിയപ്പെട്ടവൻ ആയത്കൊണ്ട് മാത്രമാവണം. ഇന്നലെയാണ് പുതിയ ജോലി അവൾ ഏൽപ്പിച്ചത്. ഈ വർഷത്തെ വാർഷികപ്പതിപ്പിലേക്കുള്ള കഥകളും കവിതകളും തിരഞ്ഞെടുക്കുക. ഉള്ളിലിത്തിരി സാഹിത്യവാസന ഉണ്ടായത് കൊണ്ടും ജോലിക്ക് കയറിയിട്ട് ആദ്യം കിട്ടുന്ന പ്രധാന ജോലി ആയതുകൊണ്ടും മെയിലിൽ വന്ന എല്ലാ കഥകളും കവിതകളും കുത്തിയിരുന്ന് വായിച്ചു നല്ലതെന്ന് തോന്നിയത് സെലക്ട് ചെയ്ത് കൊടുത്തപ്പോഴാണ് അവൾ അതെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞത്. കാരണം പറഞ്ഞത് അതൊന്നും പ്രശസ്തരുടെ രചനകൾ അല്ല എന്നതാണ്. അപ്പോഴാണ് താൻ ചോദിച്ചത് ' നമ്മൾ അവസരം കൊടുത്താൽ മാത്രമല്ലേ ജനം വായിക്കൂ എന്നാലല്ലേ പ്രശസ്തർ ആവാനുള്ള അവസരം അവർക്ക് കിട്ടൂ ' എന്ന്. എന്തോ കേൾക്കാൻ പാടില്ലാത്തത് പോലെ അവൾ തന്നെയൊന്ന് നോക്കി. പിന്നീട് പറഞ്ഞ ന്യായീകരണമാണ് ' പ്രശസ്തരുടെ എഴുത്ത് മാത്രമേ ജനങ്ങൾ വായിക്കൂ, എന്നാലേ വാരിക വാങ്ങൂ ' എന്ന്. അവൾ സീനിയർ എഡിറ്ററും താൻ വെറും എഡിറ്ററും. എങ്കിലും എതിർത്തു വാദിച്ചു. ജനനവും അബോർഷനും എന്ന വിഷയത്തിൽ ഒരുപാട് ചർച്ചകൾ നടത്തി നോക്കി. ഒടുവിൽ ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നു. അവളെയും പറഞ്ഞിട്ട് കാര്യമില്ല ഒരുപക്ഷേ മുകളിൽ നിന്ന് അത്ര സമ്മർദ്ദം അവൾക്കും കിട്ടുന്നുണ്ടാകും.
ചിന്ത അത്രയുമായപ്പോഴാണ് ഫോൺ വീണ്ടും ബെല്ലടിച്ചത്.
" ഞാൻ നിന്റെ വാദം മാനേജ്മെന്റ് ലെവലിൽ അറിയിച്ചു. പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ അവർ സമ്മതിക്കുന്നില്ല. നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല സുജൻ. കാരണം ഞാനും നീയും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്. ധീരമായ നിലപാട് എടുത്ത് വേണമെങ്കിൽ പുറത്ത് പോകാം. പക്ഷേ വീട്ടുചിലവ്, വാടക, മറ്റാവശ്യങ്ങൾ...!? "
മറുപടി ഒന്നും പറഞ്ഞില്ല. പകരം കഴ്‌സർ എന്ന കത്തിയെടുത്ത് നിഷ്കരുണം അബോർഷൻ നടത്തി. പ്രശസ്തരല്ലാത്ത ഒരുപാട് പ്രതിഭകളുടെ കുഞ്ഞുങ്ങൾ നിഷ്കരുണം കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ജനനം കഴിഞ്ഞാൽ മാത്രം പേര് വിളിക്കുവാൻ അറിയുന്ന ജനം ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല. കത്തിയും കത്രികയുമില്ലാതെ നടക്കുന്ന അബോർഷൻ !
സ്വന്തം കുഞ്ഞ് ജനനത്തിന് മുമ്പേ അബോർഷൻ ചെയ്യപ്പെടുന്നത് അറിയാതെ, തന്റെ കുഞ്ഞ് ജനിക്കുന്നതും കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന അച്ഛന്മാരുടെയും അമ്മമാരുടെയും കണ്ണുകളിൽ അപ്പോഴും പ്രതീക്ഷയുടെ മിന്നലാട്ടം ഉണ്ടായിരുന്നു.
പ്രശസ്തരുടെ കുഞ്ഞ് അല്ല എന്ന കാരണം കൊണ്ട് അബോർഷൻ നേരിടേണ്ടി വന്ന കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർക്ക് സമർപ്പിക്കുന്നു.
✍ :- ജയ്സൻ ജോർജ്ജ്.

ജന്മം.


°°°°°°
മൂത്തു എന്ന കാരണം കൊണ്ടത്രേ
തെങ്ങിൽ നിന്നും ആ തേങ്ങയെ കുത്തി താഴെയിട്ടത്. അതുകണ്ട് പേടിച്ചിട്ടാണ് മൂക്കുന്നതിന് മുമ്പേ രണ്ടു മച്ചിങ്ങകൾ താഴേക്ക് ചാടി ആത്മഹത്യ ചെയ്തതും. കുത്തിന്റെ വേദന മാറും മുമ്പേ വെട്ടു കിട്ടിയ തേങ്ങ ചിന്തിച്ചത് എന്തിനു വേണ്ടിയാണ് വലുതായത് എന്നത് മാത്രമായിരുന്നു. തോലുരിച്ചു തല നടുവെ വെട്ടിപ്പൊളിച്ചു ഉള്ളിലൊളിപ്പിച്ച കണ്ണുനീർ വരെ ഊറ്റിയെടുത്തത് കൊണ്ട് കരയുവാൻ പോലും ആ തേങ്ങയ്ക്ക് അവസരം കിട്ടിയില്ല. എങ്കിലും ചിരവയുടെ മൂർച്ചയുള്ള നാക്ക് തലച്ചോറിനെ ആക്രമിച്ചപ്പോൾ ആദ്യമായി ആ തേങ്ങ കരഞ്ഞു. ഉടലില്ലാത്തത് കൊണ്ട് ആ കരച്ചിൽ കിർ കിർ എന്ന് വികൃതമായിരുന്നു. പൊട്ടിപ്പിളർന്ന തലയോട് തീയിലേക്കിട്ടപ്പോൾ അസഹ്യമായ ചൂട് സഹിക്കുവാൻ പറ്റാതെയോ എന്തോ അതൊന്നൂടെ കരഞ്ഞു. പക്ഷേ അത് അവസാനശ്വാസമായിരുന്നു. അതൊരു ചീറ്റൽ പോലെയാണ് പുറത്തു വന്നത്... അവസാന ചീറ്റൽ... കഴിഞ്ഞു... അങ്ങിനെ ഒരു ജന്മം അവസാനിച്ചു.
ജയ്സൻ ജോർജ്ജ്

പ്ലീസ്... ഒന്ന് ഷെയറോ... പ്ലീസ്

( നർമ്മ ഭാവന )
------
പ്രചോദനം :- Ramji Ram ന്റെ അനുഗ്രഹങ്ങൾ എന്ന ഹാസ്യ രചനയും കൃഷ്ണ കൃപയുടെ കമന്റും.
°°°°°°°°°°°°°°°
പ്ലീസ്... ഒന്ന് ഷെയറോ... പ്ലീസ്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചെരിഞ്ഞകുന്നേൽ മാമ്മിനിയമ്മ എന്ന അറുപത്തിയഞ്ചു വയസ്സുള്ള ചേടത്തിയെ രാവിലെ പള്ളിയിൽ പോകുന്ന സമയത്ത് ഏതോ അജ്ഞാത വാഹനം ഇടിച്ചു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം നടന്നത്. സൂര്യൻ വരെ ജോലിക്ക് വരണോ വേണ്ടയോ എന്ന് തീരുമാനം എടുത്തിട്ടില്ലാത്ത ആ നേരം ഇന്നുവരെ ക്ലോക്കിൽ നഗ്‌നനേത്രങ്ങൾ കൊണ്ട് കണ്ടിട്ടില്ലാത്തത് കൊണ്ട് ഞാൻ അതൊന്നും അറിഞ്ഞില്ല. പക്ഷേ വെറുതെയിരുന്നു തിന്നുണ്ടാക്കിയ ശരീരം കുറയ്ക്കുവാൻ വേണ്ടി ആ നേരത്ത് റോഡിലൂടെ തേരാപ്പാര നടന്നോണ്ടിരുന്ന ആരൊക്കെയോ പുള്ളിക്കാരിയെ വാരിക്കൂട്ടി ആശുപത്രിയിൽ കൊണ്ടുപോയി. എന്റെ ഒരു ചങ്ക് സുഹൃത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വീടിന്റെ പരിസരപ്രദേശത്തെ മുഴുവൻ കിളികളും പൂവൻ കോഴികളും ഒച്ചപ്പാടുണ്ടാക്കുന്ന അസ്വസ്ഥതയിൽ എഴുന്നേറ്റ് പോകാൻ നോക്കുന്ന ലേ ലവളെ പിന്നേം വലിച്ചു പുതപ്പിന്റെ അടിയിലേക്കിട്ടു ഞാൻ പിന്നേം കിടക്കുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്. ശ്രദ്ധ ഒന്ന് തെറ്റിയതും അവൾ എഴുന്നേറ്റ് ഇറങ്ങി ഓടിക്കളഞ്ഞു. സൂർത്തുക്കളേ ലേ ലവൾ എന്ന് പറഞ്ഞത് നിദ്രാദേവിയെ ആണ് ട്ടോ. വെറുതെ മനക്കോട്ട ഒന്നും കെട്ടണ്ട. കലിയുടെ തീ കണ്ണിൽ തെളിയിച്ചാണ് ഞാൻ ഫോൺ എടുത്തു നോക്കിയത്. ഇവനെന്താ ഈ നേരത്ത് വിളിക്കുന്നത് എന്നൊന്നും ചിന്തിച്ചില്ല. എടുത്തതെ തെറി വിളിച്ചുകൊണ്ടാണ്. പക്ഷേ...
" ഡാ... മാമ്മിനി ചേടത്തിക്ക് ആക്‌സിഡന്റ്... വേറെ കുഴപ്പം ഒന്നുമില്ല. പക്ഷേ ഓപ്പറേഷൻ വേണം എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഓ നെഗറ്റിവ് ബ്ലഡ്ഡ് വേണം. നീ വേഗം ' പരുന്തിനെയും ' കൊണ്ട് ആശുപത്രിയിലേക്ക് വായോ "
പറയലും അവൻ ഫോൺ വെച്ചതും ഒപ്പമായിരുന്നു. പാതി ഉറക്കത്തിൽ ആയതിനാൽ എനിക്ക് അത് കത്താൻ കുറച്ചു സമയം എടുത്തു. പുള്ളിക്കാരിക്ക് ഓപ്പറേഷൻ വേണം എന്നതിന് ഞാനെന്തിനാ ' പരുന്തിനെയും ' കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നത് !? ഇനിയീ വെളുപ്പാൻ കാലത്ത് ഞാൻ ' പരുന്തിനെ' എവിടുന്ന് ഒപ്പിക്കാനാണ് !? എന്നാലും എന്തിനായിരിക്കും പരുന്ത് !? എനിക്കൊന്നും മനസ്സിലായില്ല. ഇത്തരം കൺഫ്യൂഷൻ സമയത്ത് സാധാരണ ചെയ്യുന്ന പോലെ തന്നെ ഞാൻ തലയിൽ മാന്തി. പിന്നെ അവനെ തന്നെ തിരിച്ചു വിളിച്ചു.
" എന്താടാ ? " അവൻ ഫുൾ കലിപ്പ് മോഡ് ആണ്.
ഞാൻ വേഗം ശാന്തൻ മോഡ് എടുത്ത് അണിഞ്ഞു. എന്നിട്ട് നിഷ്കളങ്കനായി ചോദിച്ചു.
" അല്ലെടാ എന്തിനാ ഇപ്പൊ ' പരുന്ത് ' !? അതും ചേട്ടത്തിയുടെ ഓപ്പറേഷനും തമ്മിൽ എന്താ ബന്ധം !? "
" ഹോ...... എടാ മറ്റവനേ..... ഇമ്മടെ പരുന്തിരിക്കും പാറയിൽ പാപ്പച്ചൻ ചേട്ടനില്ലേ ? പുള്ളിയുടെ ബ്ലഡ്ഡ് ഓ നെഗറ്റീവ് ആണ്. പുള്ളിയെ കൊണ്ട് വരാനാണ് പറഞ്ഞത്. നിന്നെയൊക്കെ......."
ബാക്കി ഞാൻ കേൾക്കാൻ നിന്നില്ല. വല്ല നാമജപവും കേൾക്കേണ്ട സമയത്ത് എന്തിനാ വെറുതെ ബ്ലാക്ക്‌ മൂസിക്ക് കേട്ട് മൂഡ് കളയുന്നത്. ശരിയാണ് പാപ്പച്ചൻ ചേട്ടന്റെ വീട്ടുപേര് ചുരുക്കി ചിലർ പുള്ളി കേൾക്കാതെ പുള്ളിയെ ' പരുന്ത് ' എന്ന് വിളിക്കാറുണ്ട്. ഞാൻ അത്രയ്ക്ക് കടന്ന് ചിന്തിച്ചില്ല.
ആരെയെങ്കിലും സഹായിക്കണം എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് കുറിച്ചായിരുന്നു. ഇതാ അതിനുള്ള അവസരം വന്നിരിക്കുന്നു. ഞാൻ വേഗം ക്ലോക്കിലേക്ക് നോക്കി സമയം ആറര ആകുന്നു. ഞാൻ ഞെട്ടിപ്പോയി. വേഗം പിടഞ്ഞെഴുന്നേറ്റു പുറത്തേക്കോടി. വേറൊന്നുമല്ല ആറേമുക്കാൽ എന്നൊരു സമയമുണ്ടേൽ പുള്ളി നേരെ ചെത്തുകാരന്റെ മുമ്പിൽ കുപ്പിയും പിടിച്ചു നിൽക്കുന്നുണ്ടാകും. അത്രയ്ക്ക് ആത്മാർത്ഥതയുള്ള കുടിയനാണ്. അല്ലെങ്കിൽ തന്നെ മാമ്മിനി ചേടത്തിക്ക് നല്ല വായിലെ നാക്കാണ് ഇനി മദ്യച്ചോര ശരീരത്തിൽ കയറുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഓടിച്ചെന്ന് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴാണ് ട്രൗസർ മാത്രമേ ഇട്ടിട്ടുള്ളൂ ബനിയൻ ഇട്ടിട്ടില്ല എന്ന കാര്യം ഓർത്തത്. നേരെ റൂമിലേക്ക് റിലേ. ഇതിനിടയ്ക്ക് അടുക്കളയിൽ നിന്ന് മമ്മി വന്ന് ക്ലോക്കിലേക്കും എന്റെ പാച്ചിലും മാറി മാറി നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. മമ്മിയുടെ മുഖത്ത് എന്തോ എട്ടാമത്തെ മഹാത്ഭുതം നേരിൽ കാണുന്ന ഭാവം. എന്താടാ എന്ന ചോദ്യം വരുന്നതിന് മുമ്പ് ഞാൻ അതിർത്തി കടന്നിരുന്നു.
ബൈക്ക് 90 - 100 എന്ന ലെവലിൽ കത്തിച്ചു വിടുമ്പോഴാണ് പോക്കറ്റിലെ മൊബൈൽ " മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി. " !!! ഹോ പൊന്നോളങ്ങൾക്ക് ധ്വനി ഉയർത്താൻ കണ്ടൊരു നേരം. ഒരു കൈ കൊണ്ട് ഫോൺ എടുത്ത് നോക്കിയപ്പോ വേറൊരു കൂട്ടുകാരൻ. ഇവനിനി എന്നാ സഹായം ആണാവോ വേണ്ടി വരിക. എന്ന ചിന്തയോടെ കാൾ എടുത്ത് ചെവിയിൽ വെച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ കാമുകിയുടെ പേര് ( ഹലോ ) ഗ്രഹാംബെൽ പറഞ്ഞിട്ടുള്ളത് കാരണം നേരെ വിഷയത്തിലേക്ക് കടന്നു.
" എന്താണ്ടാ "
" മച്ചൂ.... ഞാൻ വാട്സാപ്പിൽ ഒരു കാര്യം അയച്ചിട്ടുണ്ട്. ഒന്ന് നോക്കണേ. അത്യാവശ്യമാണ് "
ഞാൻ വേഗം ബൈക്ക് സൈഡ് ഒതുക്കി നിർത്തി. വാട്സാപ്പ് തുറന്നു നോക്കി. ഹോ എനിക്ക് ഫോൺ ഒറ്റ ഏറു വെച്ചു കൊടുക്കാൻ തോന്നി. ഇന്നാ നിങ്ങൾ തന്നെ വായിച്ചു നോക്ക്.
" ഇത് കൊടചക്രം കോവിലിലെ കത്തിരി പുണ്യാളന്റെ കുന്തമാണ്. ഇത് പത്ത് പേർക്ക് അയച്ചു കൊടുത്താൽ നിങ്ങൾക്ക് പത്ത് കോടി മുണ്ട് കിട്ടും. ഇത് അവഗണിച്ച ഒരാൾ സാമ്പാർ ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ മുരിങ്ങക്കോൽ പൊങ്ങി വന്ന് അടിച്ചു. വേറൊരാൾ കുളിക്കാൻ കയറിയപ്പോൾ സോപ്പ് തീർന്നു പോയി. പുച്ഛിച്ച ഒരാൾ വെള്ളം നിറച്ച കുടത്തിൽ വീണ് മുങ്ങി മരിച്ചു. എത്രയും വേഗം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക."
എന്റെ മനസ്സിന്റെ നടുമുറ്റം പെട്ടെന്ന് കൊടുങ്ങല്ലൂർ ഭരണി പറമ്പ് ആവുന്നതും കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നതും ഞാൻ അറിഞ്ഞു. ഭരണിപ്പാട്ട് അവനെ ഫോൺ വിളിച്ചു ലൈവ് ആയി കേൾപ്പിക്കാൻ തോന്നിയതുമാണ്. പിന്നെ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി നിൽക്കുന്ന പരുന്തിനെ ഓർമ്മ വന്നപ്പോൾ ശ്രമപ്പെട്ട് അതടക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വഴിക്ക് തന്നെ ഞാൻ പരുന്തിനെ പൊക്കി ആശുപത്രിയിൽ എത്തിച്ചു. മാമ്മിനി ചേടത്തി സേഫ് ആയി.
അവന്റെ ആ മെസ്സേജ് വായിച്ചപ്പോഴാണ് എനിക്കുണ്ടായ ഒരനുഭവം ഞാൻ ആരോടും പറയാതെ ഉള്ളിൽ സൂക്ഷിച്ച ആ രഹസ്യം ഓർമ്മ വന്നത്. ഇനിയിപ്പോ എന്തിനാ മറച്ചു വെയ്ക്കുന്നത് നിങ്ങളോട് പറയാം അല്ലേ ? ശ്രദ്ധിച്ചു കേട്ടോ.
ചെറുപ്പത്തിൽ എന്നോ ആണ്. ഒരുദിവസം ഞാൻ എന്തോ തെറ്റ് ചെയ്തു. ഈ തെറ്റ് ചെയ്യൽ ഇപ്പോഴും ഉള്ളതിനാൽ തെറ്റ് എന്താണെന്ന് ഓർമ്മ വരുന്നില്ല. എന്തായാലും സംഭവം എന്തോ ഇച്ചിരി ഗുരുതരമാണ്. അപ്പനോടും അമ്മയോടും പറഞ്ഞില്ല. അവരുടെ ദേഹം അധികം ഇളകുന്നത് നല്ല മോൻ എന്ന നിലയിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തായാലും മനസ്സിൽ കുറ്റബോധം അങ്ങ് കേറി നിറഞ്ഞു. ഉറക്കം വരാതെ കണ്ണും മിഴിച്ചു കിടക്കുമ്പോഴാണ് ജനലിലൂടെ മറ്റേ പുള്ളി കേറി വന്നത്. ആരാ !? ദൈവം !! അല്ലാതാര്. മൂപ്പര് വന്ന പാടെ മുറിയിൽ കിടന്ന കസേര വലിച്ചിട്ട് കാലുമ്മേൽ കാലും കേറ്റി വെച്ചു ഒറ്റ ഇരിപ്പാണ്. എനിക്ക് അപ്പൊ തന്നെ മനസ്സിലായി വിചാരണ ചെയ്യാനുള്ള വരവാണ്. എന്റെ കാര്യം കട്ടപ്പന !! ഞാൻ നോക്കിയപ്പോ പുള്ളിയുടെ കയ്യിൽ വടിയൊന്നുമില്ല. ഹോ എന്തായാലും പൂശ് കിട്ടില്ല എന്ന് സമാധാനമായി. ഇനി ചിലപ്പോ ഉപദേശം ആയിരിക്കും സഹിച്ചേക്കാം എന്നുറപ്പിച്ചപ്പോൾ ദേ മൂപ്പര് പറയുന്നു
"നിനക്ക് ശിക്ഷയുണ്ട്. വേഗം എഴുന്നേറ്റ് ഡ്രെസ്സ് മാറ് വാ പോകാമെന്ന്. "
ഞാനോർത്തു ഞാൻ ചെയ്ത തെറ്റിന് എന്റെ ജീവനെടുക്കാൻ വന്നതാണെന്ന്. ദൈവമല്ലേ മറിച്ച് എന്തേലും പറയാനൊക്കുമോ ? പാവം ഞാൻ ! ഉള്ളതിൽ നല്ല സൗസറും ഷർട്ടുമൊക്കെ ഇട്ട് കണ്ണാടിയിൽ നോക്കി മുടി ചീകി പൗഡറും ഒക്കെയിട്ടു റെഡിയായി.
മൂപ്പര് എന്നേം കൊണ്ട് പോയത് നേരെ സ്വർഗ്ഗത്തിലേക്കാണ്. എന്നിട്ട് അവിടെയുള്ള ഒരു മുറിയുടെ മുമ്പിൽ കൊണ്ടു പോയി നിർത്തി. എന്നിട്ടാണ് പുള്ളി ശിക്ഷ പറഞ്ഞത്.
" ഇത് ഭൂമിയിലുള്ള ആളുകളുടെ പ്രാർത്ഥന വരുന്ന റേഡിയോ റൂം ആണ്. നിനക്കുള്ള ശിക്ഷ ഇത് ഓരോന്നും എന്താണെന്ന് വേർതിരിച്ചു എഴുതി എന്നെ കേൾപ്പിക്കണം എന്നാണ്. "
ഞാൻ ആശ്വസിച്ചു. ഹോ ഇത്രയേ ഉള്ളോ, ചീള് കേസ് ! ശോ സിംപിൾ പരിപാടി. ഉള്ളിൽ ചിരിച്ചോണ്ട് കയ്യിൽ പേനയും പുസ്തകവുമൊക്കെ എടുത്ത് ഞാൻ അകത്തേക്ക് കയറി. പക്ഷേ വാതിൽ തുറന്ന് അകത്ത് കേറിയ ഞാൻ കേട്ടത് എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. മഴ പെയ്യുന്ന ഒച്ചയാണോ, കാറ്റാണോ, അതോ ഇനി തേനീച്ച കൂട്ടത്തിന്റെ ഇരമ്പൽ ആണോ, ഞാനാകെ കേട്ടത് ' പ്...രര.... കർ....കരകര... കിർ.....പരപര.. ' ശബ്ദം മാത്രമായിരുന്നു. ഞാനോർത്തു റേഡിയോ ട്യൂൺ ചെയ്യുന്നേ ഉള്ളൂ എന്നാണ്. പക്ഷേ ഇടയിൽ ഒന്ന് രണ്ട് നെഞ്ചത്തടിയും ദൈവമേ വിളിയും കേട്ടപ്പോൾ മനസ്സിലായി ഇത് പണി പാളിയെന്ന്. എല്ലാ പ്രാർത്ഥനയും കൂടിക്കുഴഞ്ഞു ഒരു മൂളൽ പോലെയെ മുകളിലേക്ക് വരുന്നുള്ളൂ. ഇതിൽ നിന്നും ഞാനെന്ത് വേർതിരിച്ചു എഴുതാനാണ്. ഒരു പിണ്ണാക്കും മനസ്സിലാവുന്നില്ല. ലോകത്തുള്ള സകല ഭാഷയും ഒരുമിച്ച് കേട്ടാൽ മനസ്സിലാകുമോ ? ഇത്രേം വലിയ ശിക്ഷ എനിക്ക് കിട്ടാനില്ല. ഒന്നും നോക്കിയില്ല ഓടിച്ചെന്ന് ദൈവത്തിന്റെ രണ്ടു കാലും കെട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു കരഞ്ഞു നിലവിളിച്ചു ഒറ്റ കിടപ്പ് അങ്ങ് കിടന്നു. പക്ഷേ ആള് അമ്പിനും വില്ലിനും സമ്മതിച്ചില്ല. മൂപ്പർ ആ മുറി തുറക്കാറില്ല ആ പ്രാർത്ഥന ഒന്നും പുള്ളിക്ക് മനസ്സിലാവുന്നില്ല അത്രേ. പ്രാർത്ഥന കേൾക്കാത്ത ദൈവം എന്ന് മൂപ്പരെ എല്ലാവരും കുറ്റപപ്പെടുത്തുകയാണ്. അതുകൊണ്ട് എന്നോട് അത് പഠിച്ചു ആ മുറിയുടെ ചുമതല ഏറ്റെടുത്തോളാൻ. കേൾക്കണോ പുകില്. ഞാൻ രണ്ട് മിനിറ്റ് അതിനകത്ത് നിന്നത് എങ്ങിനെയാണെന്നു എനിക്ക് മാത്രമേ അറിയൂ. അപ്പഴാ അവിടെ സ്ഥിരജോലി ! ഞാൻ സമ്മതിച്ചില്ല. കാലിൽ നിന്ന് പിടി വിടാനും പോയില്ല.
അവസാനം പുള്ളിക്ക് മുള്ളാനോ അപ്പിയിടാനോ എങ്ങാണ്ട് മുട്ടിയപ്പോ ഒറ്റ അലർച്ച ആയിരുന്നു. " ഏച്ചു പോടാ ക....... മോനേ എന്ന് " ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അര കിലോമീറ്റർ കഴിഞ്ഞു മെല്ലെ തിരിഞ്ഞു നോക്കിയപ്പോ പുള്ളി ആ റൂം പൂട്ടി താക്കോൽ എങ്ങോട്ടോ വലിച്ചെറിയുന്നത് കണ്ടു. ഇനി ഭൂമിയിൽ കിടന്ന് പ്രാർത്ഥിക്കുന്നവർ ഒക്കെ തതാഗുവാ. ഇക്കാര്യം അറിയുന്ന എന്നോടാണ് അവന്റെ ഒരു ഷെയർ പ്ലീസ്.
നോർമ്മൽ ഉള്ള പ്രാർത്ഥന തന്നെ കേൾക്കാൻ ദൈവത്തിന് പറ്റുന്നില്ല. അപ്പഴാ ഇനി ഷെയർ വഴിയുള്ള പ്രാർത്ഥന ഒണ്ടാക്കാൻ പോകുന്നത്. ഇവനൊക്കെ എന്ന് നേരം വെളുക്കുമോ എന്തോ അല്ല പിന്നെ. എന്തായാലും എനിക്ക് നേരം വെളുത്തു. നിങ്ങളാരും ഈ വക മണ്ടത്തരം കാണിക്കണ്ട ട്ടൊ. പൊട്ടന്മാർ പലരും ഉണ്ടാകും അവർ എന്തേലും കാണിച്ചോട്ടെ.
ജയ്സൻ ജോർജ്ജ്.

ന്യൂ ജനറേഷൻ യക്ഷി


°°°°°°°°°°°°°°°°°°°°°°°°°°
സമയം രാത്രി ഒരു പതിനൊന്ന് പതിനൊന്നര കഴിഞ്ഞിട്ടുണ്ട്. മഴ ആയത് കാരണം വാച്ചും മൊബൈലും അഴിച്ചു ചെറിയൊരു പ്ലാസ്റ്റിക് കൂടിലാക്കി അരയിലേക്ക് താഴ്ത്തിയത് കാരണം കൃത്യമായി അറിയില്ല. കുറേനേരമായി ഇപ്പൊ തോരും ഇപ്പോ തോരും എന്ന് ചിന്തിച്ചു കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. മഴയാണെങ്കിൽ ഏതോ നേരം വൈകിയോടുന്ന ട്രെയിനിനെയാണ് ഇവൻ കാത്തുനിൽക്കുന്നത് എന്ന ഭാവത്തിൽ മാനത്തുള്ള മേഘങ്ങളെ എണ്ണിക്കൊണ്ടു പെയ്തുകൊണ്ടിരിക്കുകയാണ്.
നിന്ന് നിന്ന് നിന്നിടത്ത് വേരിറങ്ങും എന്ന് തോന്നിയപ്പോൾ നനയാം എന്ന ചിന്ത വന്നു. അവിടുന്നും ഇവിടുന്നും കേൾക്കുന്ന തവളകളുടെ കരച്ചിലിനെക്കാൾ ഉച്ചത്തിൽ സ്വന്തം വയർ ചൂളം വിളിക്കാൻ തുടങ്ങിയതും ആ ചിന്തയ്ക്ക് വളമിട്ടു. ഒട്ടും മടിച്ചില്ല കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിലേക്ക് നനഞ്ഞാൽ കേടുവരുന്ന സാധനങ്ങൾ ഒക്കെ മാറ്റി പൊതിഞ്ഞു കെട്ടി അരയിലേക്ക് താഴ്ത്തി. എന്നിട്ടും മഴയത്തേക്ക് ഇറങ്ങാൻ ഒരു മടി. ചെറിയ കാറ്റിൽ ദേഹത്ത് വന്നു വീഴുന്ന വെള്ളത്തുള്ളികൾ ഉറങ്ങിക്കിടക്കുന്ന രോമങ്ങളെ ടക്ക് ന്ന് എഴുന്നേൽപ്പിച്ചു നിർത്തുന്നു. ഹോ... ! ഇനി ഈ തണുപ്പത്ത് നടന്ന് വീട്ടിൽ ചെന്ന് കേറുമ്പോഴേക്കും കീഴ്ത്താടിയും മേൽത്താടിയും കൂടി വില്ലനും നായകനും പോലെ ഒടുക്കത്തെ ഇടി ആകുമല്ലോ എന്ന ചിന്ത കാലിനെ അനക്കുന്നില്ല.
അങ്ങോട്ടുമിങ്ങോട്ടും നോക്കി കടത്തിണ്ണകളിൽ ചുരുണ്ടുകൂടി കിടക്കുന്ന അഞ്ചാറ് പട്ടികൾ അല്ലാതെ ഒരൊറ്റ മനുഷ്യക്കുഞ്ഞുകൾ ഇല്ല. അവർ ആക്രമിക്കുമോ എന്ന് ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ നോട്ടം കണ്ട ഒരു പട്ടി തലയുയർത്തി എന്നെ തുറുപ്പിച്ചൊന്നു നോക്കി പെട്ടെന്ന് തന്നെ കോട്ടുവായിട്ട് ' ഓ എന്നെക്കൊണ്ടൊന്നും വയ്യ ഈ മഴയത്ത് ആക്ഷൻ സീൻ കളിക്കാൻ ' എന്ന ഭാവത്തിൽ മുൻകാലിന്റെ മുകളിലേക്ക് തല താഴ്ത്തി വീണ്ടും ചുരുണ്ടു കൂടി കിടന്നു.
' എന്റെ പൊന്നു മഴേ, നീയിങ്ങനെ നിർത്താതെ പെയ്താൽ നിനക്ക് വല്ല വയ്യായ്കയും വരില്ലേ ? വേണേൽ ഒരു പത്ത് മിനിറ്റ് റെസ്റ്റെടുത്ത് ഒരു ചായയൊക്കെ കുടിച്ചിട്ട് വേണേൽ പിന്നേം പെയ്തോ ' എന്ന് കെഞ്ചിയിട്ട് വരെ മഴ മൈൻഡ് ചെയ്യുന്നില്ല. കണ്ണിച്ചോരയില്ലാത്ത മഴ. അതിനെങ്ങിനെയാ ഞാനൊരുത്തൻ ഇവിടെ കിടന്ന് കെഞ്ചുമ്പോ വീട്ടിൽ ഒരു പണിയും ഇല്ലാതിരിക്കുന്ന കുറെയെണ്ണം
" ഓ.. രാത്രിമഴേ,
നീയെന്റെ കിനാവിന്റെ
വള്ളിയിൽ തീർത്ത ഊഞ്ഞാലായി,
സുഖത്തിന്റെ നൂൽപ്പാലങ്ങൾക്ക് നടുവിലൂടെയെന്നെ ഊഞ്ഞാലാട്ടി...
തീരല്ലേ മഴേ.... നിർത്തല്ലേ മഴേ...
പോവല്ലേ‌ മഴേ... പെയ്യ്‌ മഴേ...."
എന്നൊക്കെ പറഞ്ഞു ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിർത്താതെ പോസ്റ്റ് ചെയ്തോണ്ടിരിക്കുന്നുണ്ടാകും. അതിന്റെ അഹങ്കാരത്തിൽ നിൽക്കുന്ന മഴയുണ്ടോ എന്റെ കെഞ്ചൽ ഗൗനിക്കുന്നു. ഒരു സലിംകുമാർ ഭാവത്തിൽ ' പോടാ ' എന്ന രീതിയിൽ മഴ അത് കേട്ടപ്പോൾ ഇത്തിരി കൂടി സ്പീഡ് കൂട്ടി.
എവടെ ? ഇതൊരു നടയ്ക്ക് പോകുന്ന ലക്ഷണം കാണാനില്ല. ഒന്നും നോക്കണ്ട നനയുക തന്നെ. ഉടുത്തിരുന്ന മുണ്ടിന്റെ മടക്കികുത്തഴിച്ചു ഒന്ന് കുടഞ്ഞു. ഷർട്ട് പൊക്കിപ്പിടിച്ചു മുണ്ട് നന്നായി മടക്കിക്കുത്തി എന്നിട്ട് അതിന്റെ മീതെ ഷർട്ട് താഴ്ത്തിയിട്ടു. എന്നിട്ട് രണ്ടും കല്പിച്ചു ഇറങ്ങി ഒറ്റ നടത്തം.
മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന്റെ അഞ്ഞൂറ് മീറ്റർ ഇപ്പുറത്തെത്തിയപ്പോഴാണ് പുറകിൽ നിന്ന് നല്ല സ്പീഡിൽ വന്ന ഒരു കാർ ഇക്കണ്ട മഴവെള്ളം കൊണ്ട് നനഞ്ഞൊട്ടിയ എന്നെ, അതൊന്നും പോരാത്തത് പോലെ റോഡിൽ കിടന്ന വെള്ളം കൊണ്ട് കുളിപ്പിച്ചിട്ട് കടന്നു പോയത്. ഒന്നും നോക്കിയില്ല
" നട്ടപ്പാതിരയ്ക്ക് നിന്റപ്പന് വായുഗുളിക വാങ്ങാൻ പോകുവാണോടാ മൈ....." വിറച്ചു തുടങ്ങിയ വായിൽ നിന്ന് പുറത്തേക്ക് വരാവുന്നതിന്റെ പരമാവധി ശബ്ദത്തിൽ ഞാൻ അലറി.
എനിക്കുറപ്പാണ് ഞാനും ആ മഴയും അല്ലാതെ വേറെ ആരും ആ ചോദ്യം കേട്ടിട്ടില്ലെന്ന്. ആര് ഒറ്റിക്കൊടുത്തോ എന്തോ !? പാഞ്ഞു പോയ ആ കറുത്ത കാർ കിർ....ശബ്ദത്തോടെ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ പുറകുഭാഗം മാത്രം തിരിഞ്ഞു മുൻഭാഗം എന്റെ നേരെ നോക്കി നിന്നു.
ഇടിവെട്ട് കിട്ടി മണ്ട പോയ തെങ്ങ് പോലായി പോയി ഞാൻ. തുറന്ന വായിലേക്ക് നെറ്റിയിൽ നിന്നും ഒഴുകി വന്നോണ്ടിരുന്ന വെള്ളം ഇറങ്ങിപ്പോയി. ഞാനും അറിയാതെ നിന്നു പോയി. ഹെഡ്ലൈറ്റിന്റെ മങ്ങിയ മഞ്ഞവെളിച്ചം പോരാഞ്ഞിട്ട് രണ്ട് സൈഡിലെ പാർക്ക് ലൈറ്റിന്റെ മിന്നലും കൂടിയായപ്പോൾ കുത്താൻ വരുന്ന കാള തലയിട്ട് കുലുക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ഹോ പുല്ല് വേണ്ടായിരുന്നു. ഒന്നും മിണ്ടണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ നനഞ്ഞു വിറച്ചു കൂട്ടിയിടിച്ചോണ്ടിരുന്ന മുട്ട് ദേ സ്പീഡ് കൂടുന്ന നെല്ല് കുത്ത് മെഷീൻ പോലെ ഇടിക്കാൻ തുടങ്ങി. എനിക്കാണേൽ സംഭ്രമം എടുക്കാൻ തുടങ്ങി. കാർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ ഞാൻ ചിന്തിച്ചത് ഏതുവഴി രക്ഷപ്പെടും എന്നായിരുന്നു. മഴയാണെങ്കിൽ നീയായി നിന്റെ പാടായി ഞാനൊന്നുനറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ തകർത്തു പെയ്തോണ്ടിരിക്കുന്നു.
ചിന്ത മുഴുവനാക്കാനുള്ള സമയം കിട്ടിയിരുന്നേൽ ഞാൻ വേണേൽ നേരം വെളുക്കുന്നത് വരെ ചിന്തിച്ചോണ്ടിരിക്കാൻ തയ്യാറായിരുന്നു. എവിടുന്ന് !? ദാണ്ടേ ആ കാർ പയ്യെ മുന്നോട്ട് വരുന്നു. ഞാൻ അറിയാതെ പിന്നോട്ട് കാൽ വെച്ചു. തിരിഞ്ഞോടിയാലോ എന്ന് ചിന്തിച്ചെങ്കിലും കാശുള്ളവന്റെ അഹങ്കാരം കാരണം വഴിയുടെ ഇരുവശത്തും നല്ല ഉയരത്തിലുള്ള മതിലായിരുന്നു. പോരാത്തതിന് അതിന്റെ മുകളിൽ കുപ്പിച്ചില്ലും കമ്പിയും കൊടചക്രവും റോഡ് സൈഡിലാണെങ്കിൽ ചാടി വീണ് ഒളിഞ്ഞു കിടക്കാൻ ഒരു ഓട പോലുമില്ല. അതൊക്കെ ആരാണ്ടൊക്കെ നികത്തി. എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്നുറപ്പിച്ച നേരത്ത് പയ്യെ നീങ്ങിക്കൊണ്ടിരുന്ന ആ കാർ ഒടുക്കത്തെ സ്പീഡിൽ എന്റെ നേരെ പാഞ്ഞു വന്നു.
" അയ്യോ എന്റമ്മച്ചിയേ എന്നെ കൊല്ലുന്നേ....." ഞാൻ അലറിക്കരഞ്ഞു
കാര്യമൊന്നുമുണ്ടായില്ല മഴയെ സഹായിക്കാൻ വന്ന കാറ്റ് ആ അലർച്ചയെ തട്ടി തൂവിച്ചു 'അയ്യോ' യെ വടക്കോട്ടും 'എന്റമ്മച്ചിയേ' എന്നതിനെ തെക്കോട്ടും ബാക്കിയുണ്ടായിരുന്നതിനെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ചിതറിച്ചു കളഞ്ഞു.
കണ്ണ് ഇറുക്കിയടച്ചു കാലനെ കാണാൻ കാത്തിരുന്ന എന്നെ അമ്പരപ്പിച്ച് വീണ്ടും ആ കിർ ശബ്ദം കേട്ടു. ഇപ്പോ മുട്ടും ഇപ്പോ മുട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ മുട്ടതായപ്പോൾ മെല്ലെ കണ്ണുതുറന്നു. ഞെട്ടിപ്പോയി ! അറിയാതെ രണ്ടടി പുറകിലേക്ക് ചാടിപ്പോയി. അല്ല പിന്നെ കണ്ണു തുറക്കുമ്പോൾ തൊട്ടു മുമ്പിൽ ആ പണ്ടാരം കാറിനെ കണ്ടാൽ ആരാ പേടിക്കാത്തത് ?
മൊത്തം കറുപ്പായത് കൊണ്ട് അകത്ത് ആരാ ? എന്താ ഉദ്ദേശ്യം ? കൊല്ലാനാണോ വളർത്താനാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. എന്റെ ഹൃദയം ആണെങ്കിൽ എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ലേ എന്ന ഭാവത്തിൽ ഷൂവിട്ട് എങ്ങോട്ടോ ചടപട ചടപട ഓടുന്നു. പണ്ടാരം ഹൃദയം ഇക്കണക്കിന് പോയാൽ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓടിനടക്കുമെന്നു തോന്നുന്നു. ഹോ ഇതിനെക്കൊണ്ടു തോറ്റു ഞാൻ. ഇത്രേം സ്പീഡിൽ ഇതിനിടിക്കാൻ അറിയാമെന്ന് മുമ്പേ അറിഞ്ഞായിരുന്നേൽ ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കാമായിരുന്നു.
പെട്ടെന്ന് തലയിലേക്ക് മറ്റേ ജോസഫ് സിനിമ ഓർമ്മ വന്നു. ആ ...ഇത് അത് തന്നെ കേസ്... ദൈവമേ എന്റെ കിഡ്നി !!! ദൈവമേ എന്റെ ഹൃദയം !!! ദൈവമേ എന്റെ ബാക്കിയുള്ള അവയവങ്ങൾ...!!! നാളെ ഈ നേരത്ത് ഇതൊക്കെ ആരുടെ ശരീരത്തിൽ ആവുമോ ആവോ. ഉള്ള സമയം കൊണ്ട് അവർക്ക് ഞാനൊരു ചെറിയ ഉപദേശം കൊടുത്തു.
" മക്കളേ ഏത് ശരീരം ആയാലും അടങ്ങിയൊതുങ്ങി ജീവിച്ചോളണം. വഴക്കിനും വക്കാണത്തിനും ഒന്നും പോകരുത്. നന്നായിട്ട് പണിയെടുത്തോളണം. എനിക്ക് ചീത്തപ്പെരുണ്ടാക്കരുത്."
അവർ തല കുലുക്കി സമ്മതിച്ചോ ആവോ. ഞാനെന്തായാലും മാനസികവും ശാരീരികവുമായി ഒരുങ്ങി. ഇനി തലയ്ക്ക് പുറകിൽ വന്നു വീഴുന്ന ആ മൂർച്ചയുള്ള ആയുധം വന്നാൽ മാത്രം മതി. എന്നാലും വെറുതെ തല തിരിച്ചു ഒന്ന് നോക്കി. ചിലപ്പോ ആരേലും വന്നാലോ ? എവടെ ? കാലിന്റെ ഇടയിൽ കയ്യും തിരുകി ഉറക്കത്തിന്റെ രണ്ടാം സ്റ്റെപ്പിലേക്ക് എടുത്തു ചാടുന്ന തിരക്കിലായിരിക്കും എല്ലാവരും.
അങ്ങിനെ മരിക്കാൻ റെഡിയായിരിക്കുന്ന എന്റെ ചെവിയിലേക്ക് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ വളരെ ദയനീയമായി തല തിരിച്ചു നോക്കി. അതാ തുറന്ന ഡോറിന്റെ മുകളിലേക്ക് ക്യൂട്ടക്സിട്ട ഒരു കൈ മെല്ലെ വന്നിരിക്കുന്നു. ഒപ്പം വളകളുടെ കിലുകിലു ശബ്ദവും. ങ്ങേ....!!!? ഞാൻ അമ്പരന്നു. ഒരുളുപ്പുമില്ലാതെ പോകാനുള്ള ബാഗ് പായ്ക്ക് ചെയ്തോണ്ടിരുന്ന എന്റെ ഹൃദയവും കിഡ്നിയും മറ്റ് അവയവങ്ങളും അത് നിർത്തി വെച്ചു ആ കാഴ്ചയിലേക്ക് നോക്കി.
അതാ കോരിച്ചൊരിയുന്ന മഴയിലേക്ക് ഒരു സ്ത്രീരൂപം ഇറങ്ങുന്നു. കണ്ണിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം തുടച്ചു മാറ്റാൻ എന്നെക്കാൾ തിടുക്കം കണ്ണിനായിരുന്നു. സ്വന്തമായി കൈയുണ്ടായിരുന്നെങ്കിൽ കണ്ണ് തന്നെ അത് ചെയ്തേനെ എന്നെനിക്ക് തോന്നിപ്പോയി. അല്ല അതിന് ആകെ ചെയ്യാൻ കഴിയുന്ന അടയ്ക്കലും തുറക്കലും അത്രയ്ക്കു വേഗതയിൽ ചെയ്യുന്നുണ്ടായിരുന്നേ.
ഒരുവിധത്തിൽ ഞാൻ അതൊക്കെ നിയന്ത്രിച്ചു നോക്കിയതും വായ് ശ്ശെ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വേറൊന്നുമല്ല അവൾ എനിക്ക് പുറം തിരിഞ്ഞാണ് നിന്നത്. എന്നാലും ചോറ് കിട്ടിയില്ലെങ്കിൽ വേണ്ട കറിയെങ്കിൽ കറി എന്നപോലെ കണ്ണ് പിന്നാമ്പുറ കാഴ്ചകൾ ഒപ്പിയെടുത്തു.
സാരിയോ, ദാവണിയോ ആണ് വേഷം. മഴ നനയുന്നതിനനുസരിച്ചു ദേഹത്തോട് ഒട്ടിയൊട്ടി വരുന്ന അത് അവളുടെ ശരീരത്തിന്റെ ഒതുക്കവും വടിവും പ്രകടിപ്പിക്കുന്നതായിരുന്നു. അവൾ മെല്ലെ കയ്യുയർത്തി തലമുടി കെട്ടിവെച്ചിരുന്ന ക്ലിപ്പ് അഴിച്ചെടുത്ത് കാറിന്റെ മുകളിലേക്ക് മെല്ലെ കൊണ്ടുവന്നു വെച്ചു. കെട്ടഴിഞ്ഞത് അറിയാതെ തലയിൽ അങ്ങിനെ തന്നെ ഇരുന്ന തലമുടിയെ മെല്ലെയുള്ള തലയിളക്കത്തോടെ അവൾ താഴെക്കിറക്കി വിട്ടു. അവളുടെ പുറത്തുകൂടി ടാർപ്പായ കുടഞ്ഞു വിരിക്കും പോലെ ആ തലമുടി അഴിഞ്ഞു വീണു. നിതംബം വരെയെത്തുന്ന കനത്ത കാർക്കൂന്തൽ. വെപ്പുമുടി ആയിരിക്കുമോ എന്നൊന്നും എനിക്ക് തോന്നിയതേയില്ല. കാരണം കുശുമ്പ് തോന്നാൻ ഞാൻ സീരിയൽ നടിയൊന്നുമല്ലല്ലോ.
ഹോ ഞാനായത് അവളുടെ ഭാഗ്യം വല്ല കുടിയനും ആയിരുന്നേൽ അച്ചാറാണെന്നു പറഞ്ഞു അവളെ തൊട്ടു നക്കിയേനെ. വല്ല പഞ്ചാരപ്രേമിയും ആയിരുന്നേൽ കരിമ്പാണെന്നു പറഞ്ഞു അവളെ കടിച്ചു തന്നേനെ. ഞാൻ ചുമ്മാ നിന്നതേയുള്ളൂ. വേറൊന്നുമല്ല എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അതാണ് സത്യാവസ്ഥ.
ഒന്നുറപ്പായിരുന്നു അത്രയും നേരം പക വീട്ടാനെന്ന പോലെ തിമിർത്തു പെയ്തു എന്നെ തണുത്തു വിറപ്പിച്ചുകൊണ്ടിരുന്ന മഴ ചമ്മിപ്പോയ നിമിഷമായിരുന്നു അത്. കാരണം അപ്പോൾ എനിക്ക് തണുക്കുന്നുണ്ടായിരുന്നില്ല. എവിടുന്നോ ചൂടാക്കിയ ഇരുമ്പുദണ്ഡ് മുഖേന എന്റെ ശരീരം മൊത്തം ചൂടുപിടിച്ചു തുടങ്ങിയിരുന്നു.
അവൾ മെല്ലെ ഒന്നിളകി, ഇടത്തെ കയ്യുയർത്തി തലയുടെ പിന്നിലേക്ക് കൊണ്ടുവന്നു മുടിയുടെ വലത്തേ അറ്റത്തു പിടിച്ചു മുഴുവൻ മുടിയേയും തോളിന് മുമ്പിലേക്ക് എടുത്തിട്ടു. നഗ്നമായ കഴുത്ത് എന്റെ ചൂട് പിന്നെയും കൂട്ടി. എന്റെ അധരങ്ങൾ ആ കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം മൊത്തിക്കുടിക്കാൻ ആഗ്രഹിച്ചത് ഒരുപക്ഷേ ദാഹിക്കുന്നു എന്ന തൊണ്ടയുടെ അപേക്ഷ കൊണ്ടായിരിക്കും. മഴത്തുള്ളികൾ കൊണ്ട് നനഞ്ഞ വയറിന്റെ സൈഡ് ഭാഗത്തിൽ നിന്ന് എന്റെ കണ്ണ് അനങ്ങാൻ കൂട്ടക്കാതിരുന്നത് എന്തുകൊണ്ടാണാവോ എന്തോ. ആകെക്കൂടി ഞാൻ ഞാനല്ലതായ നിമിഷങ്ങൾ.
എന്റെ നോട്ടം അവിടേയ്ക്കാണ് എന്നറിഞ്ഞത് കൊണ്ടോ എന്തോ അവൾ ഇടതു കയ്യെടുത്തു വയറിന്റെ ആ ഭാഗത്തു തന്നെയുള്ള എളിക്ക് കുത്തി മറ്റേ കൈ കാറിന്റെ മുകളിൽ കുത്തി ചെരിഞ്ഞു നിന്നു. ഹോ... വല്ലാത്തൊരു നിൽപ്പ് !!! എന്റെ ധമനികളിൽ രക്തം കുതിരയോട്ട മത്സരം നടത്താൻ തുടങ്ങി. എൻറെയുള്ളിലെ പേടി പുറത്തിറങ്ങി ഓട്ടോറിക്ഷ വിളിച്ചു എങ്ങോട്ടോ പോയി. പകരം മൂന്ന് ഫ്‌ളൈറ്റ് ' ധൈര്യം ' വന്നിറങ്ങുകയും ചെയ്തു. ഏതാണ്ടൊക്കെ എവിടെയെങ്ങാണ്ടൊക്കെ പൂത്തു വിരിഞ്ഞു. ഇനിയും പിടിച്ചു നിന്ന് പുണ്യാളൻ എന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ എനിക്ക് താത്പര്യമുണ്ടായില്ല. പക്ഷേ മുന്നോട്ട് കുതിക്കാനാഞ്ഞ എന്നെ പിടിച്ചു നിർത്തിയത് ആ സമയത്ത് ഒരാവശ്യവുമില്ലാതെ മനസ്സ് വലിച്ചോണ്ട് വന്ന അനാവശ്യ ചിന്തയായിരുന്നു. ' ഇനി ഇതായിരിക്കുമോ ന്യൂ ജനറേഷൻ യക്ഷി !!! '
തുള്ളാൻ വെമ്പിയ മനസ്സിന്റെ മുറ്റത്തേക്കിറങ്ങി നിന്ന് ഉൾമനസ്സ് ആകാശത്തോളം ഉയരത്തിൽ പൊങ്ങിയ ചിന്തകളെ ഒക്കെ കൈ കൊട്ടി തിരികെ വിളിച്ചു.
" മക്കളേ ... പോര് പോര് ഇങ്ങോട്ട് പോര്... ഇതേ യക്ഷിയാണ്." അതുംകൂടി ആയപ്പോൾ ഞാൻ പിന്നേം പിന്നോട്ട് വലിഞ്ഞു. പണ്ടാരക്കാലി യക്ഷി പാതിരാത്രിയിൽ കാറും കൊണ്ടിറങ്ങിയെക്കുവാ മനുഷ്യന്റെ ചോര കുടിക്കാൻ. ' ന്യൂ ജനറേഷൻ യക്ഷി '..!!! ചോദ്യോത്തര പരിപാടിയ്ക്ക് അവസരം കൊടുക്കാതെ ഞാൻ അതങ്ങ് ഉറപ്പിച്ചു.
പട്ടാപ്പകൽ യക്ഷി എന്നെഴുതി കാണിച്ചാൽ ഒരു പരാതിയും കൂടാതെ തിരിഞ്ഞു നടന്നോണ്ടിരുന്ന എന്റെ ആ രാത്രിയിലെ അവസ്‌ഥ എന്തായിരിക്കും ?
എന്റെ മനസ്സ് മനസ്സിലാക്കിയ പോലെ അവൾ അങ്ങിനെ തന്നെ നിന്നുകൊണ്ട് കാറിൽ കുത്തിയ കൈ പൊക്കി ചൂണ്ടുവിരൽ എന്റെ നേരെ ചൂണ്ടി ഒരു വിളിയാണ്
" ഹേയ് ഹാൻഡ്സമ്മ്.... കമോണ്... ലെറ്റ്... അസ്... ഡാൻസ്. "
ഒപ്പം നാലു വിരൽ കൊണ്ട് വാ എന്നൊരു ആംഗ്യം കാണിക്കലും. അച്ഛമ്മച്ചീയെ... ഇംഗ്ലീഷ്.... ആ വിളി കേട്ടതും ഞാൻ അയ്യട എന്നായിപ്പോയി. ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ചിന്തിച്ചു അതിന്റെ അർത്ഥം ഊഹിച്ചു. ഹാൻഡ് എന്നാൽ കൈ... ഈ സമ്മ് !?? ചിലപ്പോ സണ്ണ് എന്നാവും ഞാൻ കേട്ടതിന്റെ ആവും. അപ്പോ അർത്ഥം കൈമോൻ അഥവാ കൈക്കുഞ്ഞ് !!! അയ്യേ...!!!! ഞാൻ മനസ്സിൽ മൊത്തം കൂട്ടി വായിച്ചു നോക്കി
" ഏയ്...കൈക്കുഞ്ഞേ, ഡാൻസാൻ വാ "
ആ ലെറ്റും അസും എന്താണെന്ന് മാത്രം എനിക്ക് ദഹിച്ചില്ല. ഞാൻ അതങ്ങ് നൈസായി വിട്ടുകളഞ്ഞു.
എന്തായാലും ആ ' കൈക്കുഞ്ഞേ ' എന്ന വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ അടുത്തേക്ക് ചെല്ലാൻ ഒരു മടി.
മടിച്ചു മടിച്ചു നിന്ന എന്നെ അവളുടെ അടുത്ത പ്രവൃത്തി നിന്നിടത്ത് നിന്ന് ചലിപ്പിച്ചു. കാറിന്റെ റിമോട്ടെടുത്ത് ഏതോ സ്വിച്ചിൽ ഞെക്കിയപ്പോൾ കാർ ടയറിൽ നിന്നുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങാനും താഴാനും തുടങ്ങി ഒപ്പം അകത്ത് നിന്ന് അടിപൊളി റോക്ക് മ്യൂസിക്കും അതിനനുസരിച്ചു മിന്നിമറയുന്ന ലൈറ്റുകളും കൂടിയായപ്പോൾ സ്വതവേ ഡാൻസ് പ്രേമിയായ എന്റെ കയ്യും കാലും അതിനനുസരിച്ചു ഇളകാൻ തുടങ്ങി. അവളും ഇളകിയാടി തുടങ്ങിയിരുന്നു.
ഞാൻ പതുക്കെ ഡാൻസ് കളിച്ചു അവളുടെ അടുത്തേക്ക് നീങ്ങി. അവളുടെ തൊട്ടു പുറകിൽ എത്തി എന്റെ നിശ്വാസം അവളുടെ നഗ്നമായ കഴുത്തിൽ തട്ടുന്ന അത്രയും അടുത്തെത്തിയപ്പോൾ എവിടെ തൊടണം എന്നൊരു ആശയക്കുഴപ്പം എന്നിൽ വന്നെങ്കിലും രണ്ടു കയ്യും രണ്ടു സൈഡിൽ നിന്നുയർത്തി ഇടുപ്പിൽ പിടിക്കാനാഞ്ഞതും കാറിൽ നിന്ന് പാട്ടുയർന്നു.
" തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ...
നിന്നപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിന് നാഥാ.... "
ശ്ശെ.... നശിപ്പിച്ചു...നശിപ്പിച്ചു... കംപ്ലീറ്റ് നശിപ്പിച്ചു.... സിറ്റുവേഷനു ഒട്ടും അനുയോജ്യമല്ലാത്ത പാട്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
" അത് മാറ്റൂ....വേറെ പാട്ടിടൂ..." എന്നുറക്കെ അലറി. പക്ഷേ പാട്ടിന്റെ ശബ്ദം കൂടിക്കൂടി വരുന്നു. സ്വയമറിയാതെ കണ്ണുകൾ തുറന്നു പോയി. ഞാൻ അമ്പരന്നു പോയി. നട്ടപ്പാതിരയ്ക്ക് മഴയും നനഞ്ഞു നടുറോഡിൽ നിന്ന ഞാൻ ആണ്ടെടാ നല്ല പകൽ വെളിച്ചത്തിൽ മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്നു. ശ്ശെടാ ! ഇതെന്തൊരു മറിമായം !?
ഞാൻ വേഗം കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു. കണ്ണ് ആ ഇരുട്ടിൽ അവിടെയും ഇവിടെയും ടോർച്ച് അടിച്ചു നോക്കി. എവടെ അവളുമില്ല, കാറുമില്ല, മഴയുമില്ല. പാട്ട് മാത്രം കേൾക്കുന്നുണ്ട്. നിരാശയോടെ കണ്ണ് തുറന്ന ഞാൻ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു. പാടുന്നത് എന്റെ മൊബൈലിന്റെ റിംഗ് ടോണാണ്. തേട്ടി വന്ന കലിയോടെ ഞാൻ കാൾ എടുത്തു.
" ഹലോ "
" ഹലോ സാർ " അപ്പുറത്ത് നിന്ന് ഒരു കിളിനാദം. എനിക്കെന്തോ ആ മുഖം കാണാതെ പോയ സുന്ദരിയെ ഓർമ്മ വന്നു.
ഞാനൊന്നും മിണ്ടിയില്ല.
" ഹലോ സാർ, തിരക്കിലാണോ ? വിരോധമില്ലെങ്കിൽ ഒരു അഞ്ചുമിനിറ്റ് സമയം തരാമോ "
" എന്താണ് കാര്യം "
" സാർ ഞാൻ വിളിക്കുന്നത് താങ്കളുടെ സിമ്മിന്റെ ഓഫീസിൽ നിന്നാണ്. സാറിന് ഞങ്ങളുടെ സർവീസിനെ പറ്റി എന്താണ് അഭിപ്രായം. ഒന്ന് പറയാമോ സാർ ? "
എനിക്ക് എന്റെ ദേഹത്താകെ നായ്കുരണ പരിപ്പ് വിതറിയത് പോലെ ഒരു വികാരം അനുഭവപ്പെട്ടു. അവളുടെയൊരു സർവീസ്.... ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പകരം കാൾ കട്ട് ചെയ്യാതെ, ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ' ഞാൻ തന്നെ പാടി ' സൂക്ഷിച്ചു വെച്ചിട്ടുള്ള പാട്ട് ഹോം തീയേറ്ററിൽ ഇട്ടിട്ട് ഫോൺ സ്പീക്കറിന്റെ അടുത്തേക്ക് നീക്കി വെച്ചു. അത് പാടാൻ തുടങ്ങി.
" നിന്റമ്മേടെ ജിമുക്കി കമ്മൽ
നിന്റപ്പൻ കട്ടോണ്ട് പോയേ..
നിന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
നിന്റമ്മ കുടിച്ചു തീർത്തേ..."
എന്നിട്ട് ഞാൻ മെല്ലെ തലവഴി പുതപ്പിട്ടു വീണ്ടും കിടന്നുറങ്ങി. എന്റെ കറുകറ ശബ്ദവും വരികളും.. ആഹാ ഇതിലും വലിയൊരു പണി അതിന് കിട്ടിയിട്ടുണ്ടാകില്ല... അല്ലപിന്നെ ഇങ്ങിനെയൊക്കെയുള്ള കാഴ്ചകൾ വല്ല ആണ്ടിനും ചങ്ക്രാന്തിക്കും വന്നാ വന്നെന്ന് പറയാം. അപ്പോഴാണ് കൃത്യം ആ സമയത്ത് തന്നെ വരുന്ന ഈ വക കുശലാന്വേഷണങ്ങൾ... ഇതിനൊക്കെ ഞാൻ പിന്നെ എന്ത് മറുപടി കൊടുക്കാനാണ്. നിങ്ങൾ പറയ്.
ജയ്സൺ ജോർജ്ജ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo