അവനും ഞാനും I ShortStory I Ammu Santhosh


ഞാനവളെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൾ എന്റെ ശത്രുവിന്റെ പെങ്ങളാണെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു. അവൾക്കും അത് അറിഞ്ഞു കൂടാ. അറിയുമായിരുന്നെങ്കിൽ എന്നോട് വന്നു ഇഷ്ടമാണെന്നു പറയുമായിരുന്നില്ലന്ന് അവൾ ആയിരം തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ശത്രു എന്നൊക്കെ പറയുമ്പോൾ ഇന്ത്യ പാകിസ്ഥാൻ, ഇസ്രായേൽ പാലസ്തീൻ അവർ തമ്മിലുള്ള ശത്രുതയേക്കാൾ വലുതാ ഇത്. സ്കൂൾ കാലം മുതൽ ഞങ്ങൾ രണ്ടു ചേരികളിലാ. രണ്ടു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ.രണ്ടു ഗാങ് പോലുമുണ്ട് ഞങ്ങൾക്ക്. സ്കൂളിൽ വഴക്കുമടിയുമൊക്കെ പതിവായിരുന്നെങ്കിലും ഒരെ കോളേജിൽ വന്നപ്പോൾ അതിന് വേറെ ഒരു തലം വന്നു. ചിലപ്പോൾ രണ്ടിലൊരാൾ മറ്റെയാളെ കൊന്നേക്കുമെന്ന് തോന്നിപ്പിക്കുന്ന ഒരു വൈരാഗ്യം. അതങ്ങനെ കൂടി വന്നപ്പോൾ എന്റെ അച്ഛൻ എന്നെ നാടുകടത്തി. ഞാൻ ഒറ്റമകനാണ്. വല്ലോരുടെയും കത്തിമുനയിൽ തീരണ്ട എന്ന് അച്ഛൻ കരുതിക്കാണും. അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിൽ ഒരു ജോലിയും വാങ്ങി തന്നു. സത്യത്തിൽ ജോലിയൊക്കെ വെറുതെ.എഴുത്താണ് എന്റെ മേഖല. കഥകളും കവിതകളുമൊക്ക വരികകളിൽ അച്ചടിച്ചു വന്നിട്ടുമുണ്ട്. അങ്ങനെ കുറെ ആരാധകരും. ക്രമേണ ഞാൻ അവനെ,എന്റെ ശത്രുവിനെ മറന്നു തുടങ്ങി. അങ്ങനെയിരിക്കെയാണ്. എനിക്കൊരു കത്ത് വന്നത്. ഈ കാലത്ത് കത്തൊക്കെ ആരാ അയയ്ക്കാൻ എന്നോർത്ത് ഞാൻ ആ നീല ഇൻലൻഡ് പൊട്ടിച്ചു വായിച്ചു. മനോഹരമായ ഒരു പ്രണയലേഖനം ആയിരുന്നു അത്. സംഭവം കൊള്ളാമല്ലോ. ഞാൻ പേര് നോക്കി. "അമൂല്യ "പേരും കൊള്ളാം. പക്ഷെ വാട്സാപ്പ്, ഫേസ്ബുക് ഒക്കെ വഴി ആയിരുന്നു എങ്കിൽ ഫോട്ടോ കാണാമായിരുന്നു. ഇതിപ്പോ കറുത്തതാണോ വെളുത്തതാണോ ഭംഗിയുണ്ടോ കൊന്ത്രപ്പല്ലുണ്ടോ, ഇനി വല്ലോന്റേം കെട്ടിയോൾ ആണോ ആർക്കറിയാം. ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല. അഡ്രെസ് ഏതോ ഒരു ഹോസ്പിറ്റലിന്റേതാണ്. ഇനി ഡോക്ടർ ആവുമോ.. ആ ആർക്കറിയാം. എന്തായാലും ഞാൻ അത് വിട്ടു. പക്ഷെ അവളെന്നെ വിട്ടില്ല എഴുത്തുകൾ തുരുതുരാന്നു വന്നു കൊണ്ടിരുന്നു. അവസാനം ഞാൻ ഒരു റിപ്ലൈ എഴുതി എന്റെ പോന്നു കൊച്ചേ ഞാൻ കഥയിലും കവിതയിലുമൊക്ക പ്രണയം അതിഗംഭീരമായി എഴുതുമെന്നേ ഉള്ളു. ഞാൻ ഒരു മുരടനാണ് എനിക്ക് കത്തുകൾ അയച്ചു വിലയേറിയ സമയം കളയരുത് എന്ന്. ആരു കേൾക്കാൻ പിന്നെ ആഴ്ചയിൽ ഒരു കത്ത് എന്നത് ഡെയിലി ആയി.. ഇത് എന്നേം കൊണ്ടേ പോവുള്ളു. ഞാൻ പിന്നെയും ഒരു കത്തയച്ചു കൊച്ചേ ഞാൻ ആൾറെഡി കമ്മിറ്റഡ് ആണ് ഇനി അയയ്ക്കരുത്.. എവിടുന്ന് പിന്നേം കത്തുകൾക്ക് ക്ഷാമം ഇല്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ആ അവധി ദിവസം ഞാൻ ആ അഡ്രസ്സിലേക്ക് വണ്ടി വിട്ടു.
വലിയ ഒരു ഹോസ്പിറ്റൽ ആയിരുന്നു അത്. സത്യത്തിൽ അത് ഒരു മനസികാരോഗ കേന്ദ്രമായിരുന്നു. അമൂല്യ അവിട പബ്ലിക് റിലേഷൻ ഓഫീസർ ആയിരുന്നു. എന്നെ കണ്ടതും അവൾക്ക് മനസിലായി.
"കത്തെഴുതി കൊല്ലരുത് പെങ്ങളെ "
ഞാൻ തൊഴുകൈയോടെ പറഞ്ഞു
അവൾ പൊട്ടിച്ചിരിച്ചു
"ഒരു കോഫി കുടിക്കുന്നോ മാഷേ?"
ഒന്നിച്ചു കാന്റീനിൽ ഇരുന്നു കാപ്പി കുടിക്കുമ്പോൾ ഞാൻ അവളെയൊന്നു നോക്കി ആ കണ്ണുകളാണ് എന്നെ പിടിച്ചു നിർത്തിയത്. ഒരു കടൽ ഒളിപ്പിച്ച കണ്ണുകൾ.
"ഞാൻ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിട്ടും എഴുതി കൊണ്ടിരുന്നത് എന്താണ്?"
"അത് കള്ളമായത് കൊണ്ട് "അവൾ ചിരിച്ചപ്പോൾ നുണക്കുഴികൾ വിരിഞ്ഞു.
"നിങ്ങളുടെ ഓഫീസിലെ ഹേമ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു താനും. എനിക്ക് എല്ലാ വിവരങ്ങളും അറിയാം.. പിന്നെ എനിക്കിഷ്ടമാണെന്നല്ലേ പറഞ്ഞുള്ളു എന്നെ ഇഷ്ടപ്പെടാൻ പറഞ്ഞോ ഇല്ലല്ലോ?"
"അത് ശര്യാ എന്നാലും പോസ്റ്മാനെന്തു വിചാരിക്കും?"
അവൾ പൊട്ടിച്ചിരിച്ചു
"ഇനി എഴുതില്ല കേട്ടോ. എനിക്ക് സന്തോഷമായി ആളു നേരിട്ട് വന്നല്ലോ. കാണാൻ പറ്റിയല്ലോ.."
"അല്ല നിർത്തണ്ട.. ആഴ്ചയിൽ ഒന്ന് ആയിക്കോട്ടെ.."
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ഇറുക്കിയടയും. മുഖം ചുവന്നു തുടുക്കും. പിന്നെ കണ്ണ് തുറക്കുമ്പോൾ കണ്ണ് നിറഞ്ഞിരിക്കും. അത്ര ഭംഗിയുള്ള കണ്ണുകൾ ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു.
തിരിച്ചു പോരുമ്പോൾ ഞാൻ എന്നെ കുറിച്ച് ആലോചിച്ചു. ശരിക്കും ഞാൻ എന്താണ്? ഒരു തെമ്മാടി. വഴക്കാളി, കുറച്ചു എഴുതുമെന്നല്ലാതെ പ്രത്യേകിച്ച് ക്വാളിറ്റി ഒന്നുമില്ലെനിക്ക്. എന്നെ കാണാനും വലിയ ഭംഗിയൊന്നുമില്ല. ഇരു നിറത്തിൽ മെലിഞ്ഞു നീണ്ട ഒരു രൂപം. ചിലപ്പോൾ എന്റെ കഥകളോട് തോന്നിയ ഒരിഷ്ടമാകും അല്ലാതെ എന്നോട് അല്ല അത് ഞാൻ ഉറപ്പിച്ചു.
പതിവ് പോലെ ഡ്യൂട്ടി കഴിഞ്ഞു ബിവറേജിൽ പോകാൻ തോന്നിയില്ല. വീട്ടിലെത്തി. ആകെ അലങ്കോലമായ മുറികൾ. ചവറുകൾ നിറഞ്ഞ മുറ്റം. ഞാൻ എല്ലായിടവും ഒന്ന് വൃത്തിയാക്കി. കാലിക്കുപ്പികളെല്ലാം ചാക്കിൽ കെട്ടി വെച്ചു. അടുക്കളയിൽ ഒന്ന് കേറി നോക്കി സാധനങ്ങൾ ഒക്കെയുണ്ടെങ്കിലും ഒന്നും ചെയ്തിട്ടില്ല. അമ്മയുടെ കൂടെ കൂടി പാചകം പഠിച്ചതൊക്കെ ഓർത്തു. ചോറും കൂട്ടാനും വെച്ചു. എന്താവും ഇങ്ങനെയൊരു മാറ്റം എന്ന് വ്യക്തമല്ല പക്ഷെ മാറണം എന്ന് ഒരു തോന്നൽ.ഒരു പെണ്ണ് വന്നു കേറണ്ട സമയം ഒക്കെയായി
അമൂല്യയുടെ ഇഷ്ടം സത്യമായിരുന്നു.എന്റെ ഇഷ്ടം വേണമെന്നവളൊരിക്കലും എന്നോട് പറഞ്ഞില്ല അതായിരുന്നു അവളോടുള്ള എന്റെ ഇഷ്ടത്തിനാഴം കൂട്ടിയതും. ഞങ്ങൾ സ്നേഹിച്ചു തുടങ്ങി. വീട്ടിൽ വന്നാലോചിക്കട്ടെ എന്ന് ഞാനാണ് ആദ്യം ചോദിച്ചത്. അവൾക്ക് സന്തോഷമായി. വീട്ടുപേരു പറഞ്ഞപ്പോൾ, സ്ഥലം പറഞ്ഞപ്പോൾ എന്റെ നെഞ്ചിടിച്ചു. അനൂപിന്റെയാരാ ഞാൻ വിറയലോടെ ചോദിച്ചു. ഏട്ടനെയറിയുമോ?. തീർന്നു. ഞാൻ മറുപടി പറയാൻ ഒറ്റ നിമിഷമെ എടുത്തുള്ളൂ
"എന്റെ പൊന്നുമോൾ ഇതിവിടം കൊണ്ടവസാനിപ്പിച്ചോ.. അതാ നല്ലത്"
കാര്യം മനസിലാകാതെ പകച്ചിരുന്ന അവളോട് ഞാൻ ഒരു യുദ്ധത്തിന്റ കഥ പറഞ്ഞു. ഒരു സത്യം ഞാൻ പറയട്ടെ ആരോടും ശത്രുത ഉണ്ടാക്കി വെയ്ക്കരുത് പ്രത്യേകിച്ച് സുന്ദരികളായ പെങ്ങന്മാർ ഉള്ള ആണ്പിള്ളേരോട്. നീ എവിടെയായിരുന്നു ആ കാലമൊക്കെ എന്ന് ഞാൻ അവളോട് ചോദിച്ചു. അവന്റെ അച്ഛനും അമ്മയും കുവൈറ്റിൽ ആയിരുന്നു എന്ന് എനിക്ക് അറിയാം കൂടെ ഈ അനിയത്തി യും അവിടെ ആയിരുന്നു എന്ന് ആരറിയാൻ?
അവളോട് ഗുഡ്ബൈ പറഞ്ഞു വീട്ടിലോട്ട് പോരുമ്പോൾ അവളുടെ നൻമ മാത്രമേ ഞാൻ ഓർത്തുള്ളു. എന്റെയും അവന്റെയും ഇടയിൽ കിടന്ന് അവൾ നീറണ്ട. അല്ലെങ്കിലും രക്തബന്ധത്തോളം വരില്ല ഒന്നും. അവൾക്ക് അവളുടെ ഏട്ടൻ ജീവനാണ്. അത് എനിക്ക് അറിയാം. അവൾ പോട്ടെ സന്തോഷമായിരിക്കട്ടെ.
ആ ഓണവധിക്ക് എന്റെ വീട്ടിലേക്ക് തീരെ പ്രതീക്ഷിക്കാതെ ഒരു അതിഥി എത്തി. അവൻ
എനിക്കെന്തോ അപ്പൊ അവനോടൊന്നും തോന്നിയില്ല എന്നതാണ് സത്യം.
"കയറി ഇരിക്കാമോ?"
ഞാൻ തലയാട്ടി
"എല്ലാം അറിഞ്ഞപ്പോൾ നിന്നേ കൊല്ലാനാ തോന്നിയെ.പക്ഷെ അവളെ നീ വെറുതെ വിട്ടല്ലോ.. എന്റെ അനിയത്തി ആണ് എന്നറിഞ്ഞിട്ടും ചതിച്ചില്ലല്ലോ.. കൊള്ളാം.."
ഞാൻ ഒന്ന് മൂളി
"നമ്മളിന്നും രണ്ടു ചേരിയിലാ.. എല്ലാ അർത്ഥത്തിലും. പക്ഷെ എന്റെ അനിയത്തിയോളം വലുതല്ല എന്റെ ഒരു ശത്രുതയും. എന്റെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ഒക്കെ അവൾക്ക് വേണ്ടി മാത്രമേ ഞാൻ മാറ്റിവെച്ചിട്ടുള്ളു. നിനക്ക് സമ്മതമാണെങ്കിൽ ഒരു വെടിനിർത്തൽ കരാറിൽ ഒപ്പ് വെയ്ക്കാൻ ഞാൻ തയ്യാറാണ് "
എനിക്ക് ചിരി വന്നു
സത്യത്തിൽ എന്താ ല്ലെ?
ഒരിക്കൽ ശത്രു എന്ന് കരുതിയവൻ ഭൂമിയിൽ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ വരിക. ഏറ്റവും അധികം സ്നേഹിക്കുന്ന ചിലർ പിന്നേ ഒരിക്കലും കാണരുതേ എന്ന് ആശിച്ചു പോകുന്നവരുടെ കൂട്ടത്തിൽ പോവുക. അവളുടെ ഏട്ടൻ, എന്റെ ശത്രു എന്റെ ഏട്ടനും കൂടിയായത് മറ്റൊരു തമാശ. സഹോദരങ്ങളില്ലാത്ത എനിക്ക് അത് ഒരു നിറവായിരുന്നു. എന്റെ ജീവിതം പൂർണമായത് പോലെ. അമൂല്യയെക്കാൾ ഞാൻ അവനെ സ്നേഹിച്ചു തുടങ്ങിയതും അങ്ങനെയാണ്. അവൻ തിരിച്ചെന്നെയും.
ജീവിതം ശരിക്കും ഒരു കോമഡിയാ... ദൈവം ഏറ്റവും വലിയ
കൊമേഡിയനും.
കരയിക്കാനും ചിരിപ്പിക്കാനും കഴിയുന്ന, ഒരു മജിഷ്യൻ...അതാണ് ദൈവം
അതേ ദൈവം ഒരു സംഭവമാണെന്നേ...
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മുസ്

പ്രതീക്ഷ I Short Story I Sreekala Mohan
 അമ്മേ അച്ഛൻ എവിടാ? ചാരു വാസന്തിയോട് ചോദിച്ചു.
അച്ഛൻ രാവിലെ പണിക്ക് പോയതാ മോളെ. എന്താ നീ നേരത്തെ വന്നത്
കോളേജ് അവധിയാണോ?
അല്ലമ്മേ കോളേജ് സമരം.
വീണ്ടും തുടങ്ങിയോ സമരവും ബഹളവും.
അല്ല നീയെന്തിനാ ഇപ്പോൾ അച്ഛനെ തിരക്കിയത്?
അതുപിന്നെ ഈ ആഴ്ച പരീക്ഷാ ഫീസ്
കൊടുക്കണം. അത് ഓർമ്മപ്പെടുത്താനാ അമ്മേ.
പാവം അച്ഛൻ എനിക്കുവേണ്ടി കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ സഹിക്കുന്നില്ല. ഞാൻ പഠിത്തം നിർത്താമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ സമ്മതിക്കുന്നില്ലല്ലോ?
ഇത്രേം നന്നായി പഠിക്കുന്ന നിന്നെ വീട്ടിൽ നിർത്താനോ? ഇപ്പോൾ കുറച്ച് കഷ്ട്ടപ്പാട് ഒക്കെ സഹിച്ചാലും നിന്നെ പഠിപ്പിച്ച് വലിയ ഒരു ഡോക്ടർ ആക്കണം എന്നാണ് നിന്റെ അച്ഛന്റെ ആഗ്രഹം മോളെ. അതുകൊണ്ട് നീ പഠിക്കുന്ന കാര്യം മാത്രം നോക്കിയാൽ മതി.
എല്ലാരും എൻട്രൻസ് കോച്ചി്‌ംഗിന് പോകുമ്പോൾ എന്റെ മോൾ വീട്ടിൽ ഇരുന്നല്ലേ പഠിക്കുന്നത്. അതിന് എങ്ങനേം വിടാമെന്ന് അച്ഛൻ പറഞ്ഞതല്ലേ. നീ സമ്മതിക്കാഞ്ഞിട്ടല്ലേ?
അച്ഛനെ ഇതിൽ കൂടുതൽ കഷ്ട്ടപ്പെടുത്താൻ എനിക്കു വയ്യ. ഞാൻ നന്നായി പഠിച്ച് മെരിറ്റിൽ തന്നെ അഡ്മിഷൻ എടുക്കും. ഇതൊരു വാശിയ എനിക്ക്.
" എന്റെ ക്ളാസ്സിലെ ആ പത്രാസു കാരി കൊച്ചമ്മയില്ലേ അപ്രത്തെ ബംഗ്ളാവിലെ അവള് കളിയാക്കുവാ എന്നെ. കഞ്ഞിക്ക് അരിയില്ലാത്ത വീട്ടിലെ ഒരുത്തിക്ക് ഡോക്ടർ ആകണമത്രേ എന്നു പറഞ്ഞ് കോളേജിൽ വച്ച് പലതവണ അവള് എന്നെ അപമാനിച്ചിട്ടുണ്ട്."
അവള് വലിയ കോച്ചിംഗ് സെന്ററിൽ പോകുവല്ലേ. അതിന്റെ നെഗളിപ്പാ.
എന്തു ത്യാഗം സഹിച്ചാലും എനിക്ക് ഈ പരീക്ഷ പാസ്സായേ പറ്റൂ.
വൈകുന്നേരം അച്ഛൻ വരുന്നതും കാത്ത്
ചാരു വരാന്തയിൽ തന്നെയുണ്ടായിരുന്നു.
ആ ഇരിപ്പ് കാണുമ്പോൾ അയാൾക്കറിയാം എന്തോ തന്നോട് പറയാനുണ്ടെന്ന്.
ഇന്നെന്താ മോൾക്ക് അച്ഛനോട് പറയാനുള്ളത്. മൺവെട്ടി ചായ്പ്പിൽ വച്ചിട്ട് തോളിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ടയാൾ ചോദിച്ചു.
അതുപിന്നെ അച്ഛാ ഈ ആഴ്ച... അവളൊന്ന് നിർത്തി.
ഫീസ് അടക്കണം അല്ലേ. പെട്ടന്നയാൾ ചോദിച്ചു. അയാൾ മടികുത്തിൽ നിന്നും
വിയർപ്പു പുരണ്ട കുറേ നോട്ടുകൾ എടുത്ത് അവളുടെ നേരെ നീട്ടി. മോള് എണ്ണി നോക്ക്.
അവൾ അച്ഛനെ ദയനീയമായി നോക്കി. എന്നിട്ട് ആ നോട്ടിലേക്കും. നോട്ട് എണ്ണിനോക്കിയിട്ട് ഇത് കൂടുതലുണ്ട്
അച്ഛാ.
അത് മോളെ കൈയ്യിൽ വച്ചോ പരീക്ഷ എഴുതാൻ പോകുമ്പോൾ എന്തെങ്കിലും ആവശ്യം വന്നാലോ.
അയാൾ കുളിക്കാനായി പുഴയിലേക്ക് പോയി.
അവൾ ഓർത്തു വീട് ഇതുവരെ ഓല മേഞ്ഞിട്ടില്ല. മഴ വന്നാൽ ഒരു തുള്ളി വെള്ളം വെളിയിൽ പോകില്ല. ഓല വാങ്ങാൻ വച്ചിരുന്ന കാശാവും തനിക്ക് ഫീസടക്കാൻ തന്നത്.
ഈ അവസ്ഥ മാറണമെങ്കിൽ തനിക്ക് ഒരു ജോലി ആവശ്യമാണ്. പക്ഷെ അച്ഛന്റെ ആഗ്രഹം എത്ര കഷ്ട്ടപ്പാട് വന്നാലും മോളെ ഒരു ഡോക്ടർ ആക്കണമെന്നതാണ്.
തനിക്കതിനു കഴിയും എന്ന വിശ്വാസവും ഉണ്ട്. എങ്കിലും അഞ്ചാറ് വർഷം ഇനിയും തനിക്കു വേണ്ടി അച്ഛൻ കഷ്ട്ടപ്പെടണമല്ലോ എന്ന് ആലോചിക്കുമ്പോൾ നെഞ്ചിലൊരു നീറ്റൽ.
പേടിയോടെ അവർ കാത്തിരുന്ന ആ തുലാവർഷം എത്തി. പഴയ ചാക്കും
ടാർപാളനും ഒക്കെ എടുത്തിട്ട് അച്ഛൻ ചോരുന്നിടമൊക്കെ ഒരുവിധം അടക്കാൻ ശ്രമിച്ചു. പക്ഷെ നല്ല കാറ്റു വീശിയപ്പോൾ എല്ലാം പറന്നു പോയി. വെള്ളം മുഴുവനും വീട്ടിനുള്ളിൽ. ചാരു ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ തന്റെ ബുക്കുകളൊക്കെ അടുക്കി വച്ചു. കോളേജ് ലൈബ്രറിയിൽ നിന്നും പഠിക്കാൻ എടുത്ത ബുക്കുകളും ഉണ്ട്. അത് വല്ലതും നനഞ്ഞാൽ പിന്നെ പിഴയൊടുക്കണം. അങ്ങനെ ഒരു അധിക ചിലവ് കൂടി താങ്ങാൻ അച്ഛന് കഴിയില്ല.
ഉള്ള പാത്രങ്ങളൊക്കെ എടുത്ത് വച്ച് വെള്ളം നിറയുമ്പോൾ കളഞ്ഞും നേരം വെളുപ്പിക്കും. ചിമ്മിനി വെട്ടത്തിലാണ് പഠിപ്പ്. അങ്ങനെ വളരെ കഷ്ട്ടപ്പാടിനിടയിലും അവൾ പ്രതീക്ഷ കൈവെടിഞ്ഞില്ല.
അങ്ങനെ ആ കഷ്ട്ടപ്പാടും ദുരിതങ്ങളും മറികടന്ന് ചാരു എൻട്രൻസ് എക്സാം
ഒന്നാം റാങ്കോടെ പാസ്സായി.
കോളേജിൽ അവളൊരു ഹീറോ ആയി. അവളെ കളിയാക്കിയവരൊക്കെ തോറ്റു തുന്നം പാടിയപ്പോൾ അവൾ തല ഉയർത്തി തന്നെ നിന്നു. ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഒരിടത്തും തോൽക്കില്ല.
താമസിയാതെ തന്നെ ചാരു മെഡിസിന് ചേർന്നു. വർഷം അഞ്ച് കഴിഞ്ഞു.
എല്ലാവരും കളിയാക്കിയ ആ കൂലിപ്പണിക്കാരന്റെ മകൾ ഒരു ഡോക്ടർ ആയി തിരിച്ചു വന്നിരിക്കുന്നു. എല്ലാവരും ചേർന്ന് അവൾക്കൊരു വൻ സ്വീകരണം തന്നെ കൊടുത്തു. അവളേയും അച്ഛനേയും കളിയാക്കിയവരൊക്കെ
ഇന്ന് അവളെ അഭിനന്ദിക്കാനെത്തി.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിട്ടും ആ പ്രതിസന്ധിയിലൊന്നും തളരാതെ
പിടിച്ചു നിന്ന ആ അച്ഛനും അമ്മക്കും മകൾക്കും എല്ലാവരും
അഭിനന്ദനങ്ങൾ
അറിയിച്ചു.
ചാരു അവളുടെ അച്ഛനു കൊടുത്ത വാക്കു പാലിച്ചു. ഇന്ന് അവളൊരു ഡോക്ടർ ആയി.
ശുഭം
ശ്രീകല മോഹൻ
12/6/21

സ്റ്റെപ്പിനി I Short Story I Siraj Sarangapani

 

കഴുത്തിൽ കത്തി വച്ചുകൊണ്ട് വാടകകൊലയാളി പറഞ്ഞു," ഞാൻ കൊല്ലാൻ വന്നതാണ്. "
ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ പറഞ്ഞു, "ഞാൻ നിനക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ?"
വാടകകൊലയാളി പറഞ്ഞു, "നിന്നെ കൊന്നിട്ടു ചെന്നാൽ എനിക്ക് പണം കിട്ടും."
"ഇതിനു മുൻപ് എത്രപേരെ കൊന്നിട്ടുണ്ട്?"അവനോട് ചോദിച്ചു.
"എണ്ണമോർക്കുന്നില്ല. കുറേപ്പേരെ കൊന്നിട്ടുണ്ട് "വന്നവൻ ശാന്തമായി പറഞ്ഞു.
"ആരാണ് നിനക്ക് പണം തരാമെന്ന് പറഞ്ഞത്?" ഞാൻ ചോദിച്ചു.
"രഹസ്യമാക്കിവെക്കേണ്ടതാണ്. എങ്കിലും പറയാം. പുറത്തു പറയാൻ നീ ബാക്കിയുണ്ടാവില്ലല്ലോ." അവൻ പറഞ്ഞു.
പറഞ്ഞ പേരു കേട്ട് ഒന്നു ഞെട്ടി. വളരെ പ്രിയപ്പെട്ട വ്യക്തി. എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ.
"അറിയാനുള്ള ആഗ്രഹംകൊണ്ടു ചോദിക്കയാണ്. അവളെന്റെ കാമുകിയായിരുന്നു. എനിക്കു വിശ്വാസിക്കാനാവുന്നില്ല. നീ പറഞ്ഞത് സത്യമാണോ?" ചോദ്യം കേട്ട് വന്നവൻ ഒന്നു ചിരിച്ചു
പിന്നെ പറഞ്ഞു,"നിന്നോട് ഞാനെന്തിനു നുണ പറയണം. വിളിച്ചു പറയാൻ നീയിനി ലോകത്തുണ്ടാവില്ലല്ലോ? അവളുടെ ഭാവിവരനും കൂടെയുണ്ടായിരുന്നു. നീ വെറും സ്റ്റെപ്പിനി."
"അതെ, സ്റ്റെപ്പിനി. നിന്നെപ്പോലെതന്നെ. നീയല്ലെങ്കിൽ മറ്റൊരാൾ എന്നെ കൊല്ലാൻ വരുമായിരുന്നു." ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.
അവന്റെ കണ്ണിൽ അത്ഭുതം പടരുന്നത് മനസ്സിൽ കണ്ടു. ആദ്യമായിട്ടാവും ഒരാൾ ചിരിച്ചു കൊണ്ട് അവനിൽ നിന്നുള്ള
മരണത്തിനു കീഴടങ്ങാൻ നിൽക്കുന്നത്.
"മരിക്കുന്നവന്റെ അവസാനത്തെ ആഗ്രഹമാണെന്നു കരുതിയാൽ മതി. കുടിക്കാനെടുത്തുവച്ച പാനിയം ഒന്നു കുടിച്ചോട്ടെ." ഒന്നു പറഞ്ഞു നോക്കി.
അടുത്തടുത്ത കസേരകളിലിരുന്നു. കുടിക്കാനെടുത്ത പാനിയം രണ്ടു ഗ്ലാസുകളിലേക്ക് പകർന്നു.
ഒരു ഗ്ലാസ് വന്നവന്റെ നേരെ നീട്ടി പറഞ്ഞു,"ഒരു കൂട്ട്. ഇത് അവസാനത്തെ പാനിയമല്ലേ? ഒറ്റയ്ക്കല്ലെന്ന് ചിന്തയിൽ മരിക്കാമല്ലോ? അതിനാണ്."
വന്നവന് തീരെ ക്ഷമയില്ലായിരുന്നു. അവൻ കയ്യിൽ കിട്ടിയ പാനിയം ഒറ്റവലിക്കു കുടിച്ചിട്ടു പറഞ്ഞു,"എനിക്കു തീരെ സമയമില്ല. വേഗം കുടിക്കൂ."
"ആസ്വദിച്ചു കുടിക്കണം. അതു ശരീരത്തിന്റെ ഒരു അവയവങ്ങളെയും കീഴടക്കുന്നത് നന്നായി ആസ്വദിക്കണം."ഇനിയും കുടിക്കാൻ തുടങ്ങാത്ത പാനിയത്തിലേക്ക് നോക്കികൊണ്ട് വന്നവനോട് പറഞ്ഞു.
അവനിൽ തളർച്ചയുണ്ടാവുന്നത് നോക്കിയിരുന്നു. അവന്റെ ബോധം മറയാൻ തുടങ്ങിപ്പോൾ അവനോടു പറഞ്ഞു,"എന്റെ മരണം ഞാൻ നിനക്കു നൽകുന്നു. എന്നെ കൊല്ലാൻ ആളെ വിട്ടവരുടെ സ്നേഹം എനിക്കു വേണ്ട. ആ സ്നേഹത്തിനു വേണ്ടി മരിക്കാൻ ഞാനില്ല. നാളെ അവളുടെ വിവാഹമാണ്. ഏറ്റവും വിലയുള്ള വസ്ത്രം തേച്ചു വച്ചിട്ടുണ്ട്. മരിക്കുമ്പോഴും ചമഞ്ഞു കിടക്കണമെന്നാണല്ലോ? ഇനിയത് നാളെ കല്യാണം കൂടനെടുക്കാം.
മരണത്തിലേക്ക് വഴുതി വീഴുന്നവന്റെ പാന്റിന്റെ പോക്കറ്റിലേക്ക് വിഷത്തിന്റെ ചെറിയ കുപ്പി തിരുകിവച്ചു. ഇനി ആരുമറിയാതെ ഈ ജഡം രാത്രിയുടെ മറവിൽ എവിടെയെങ്കിലും ഉപേക്ഷിക്കണം.
നാളത്തെ പത്രത്തിലെ ഒരു വാർത്തയായെന്നു വരാം. ഇല്ലെന്നും വരാം. ഒരു തെരുവുഗുണ്ട മരിച്ച നിലയിൽ.
ശുഭം.
-----------------------------------------------------------------
--- സിരാജ് ശാരംഗപാണി
13.06.2021 04:15pm

പ്രണയകാലങ്ങൾ I SHort Story I Ammu Santhosh


 "അവന് കുറച്ചു ദേഷ്യം കൂടുതൽ ഉണ്ട്.സത്യം പറയാമല്ലോ അമ്മയായത് കൊണ്ടാ എന്നെ തല്ലാത്തത്..മോളു നല്ലോണം ആലോചിച്ചു ഒരു തീരുമാനം എടുത്താ മതി."
ഹരി എന്നെ കാണാൻ വരുന്നതിനു മുന്നേ ഹരിയുടെ അമ്മയാണ് വന്നത് . ആ അമ്മയുടെ സംസാരം എനിക്കിഷ്ട്ടായി. എന്തു നല്ല അമ്മ. കാണാനും നല്ല ഐശ്വര്യം. വീട്ടിൽ പറഞ്ഞപ്പോൾ ഇത് ഉടൻ തന്നെ കട്ട് ചെയ്തേക്കാൻ പറഞ്ഞു അച്ഛൻ.. എന്നാലും ചെക്കൻ ഒന്ന് വന്നു കണ്ടോട്ടെ എന്ന് കല്യാണാലോചന കൊണ്ട് വന്ന ഉണ്ണിയങ്കിൾ. എന്റെ മോളെ തല്ലിക്കൊല്ലാനല്ല വളർത്തുന്നത് എന്ന് അച്ഛൻ. കലിപ്പന്മാരുടെ സീസൺ ഒക്കെ കഴിഞ്ഞില്ലേ എന്ന് അനിയത്തി. ശ്ശെടാ അത്ര വലിയ സംഭവം ആണെങ്കിൽ ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് ഞാനും.
എന്തായാലും ഞായറാഴ്ച കക്ഷി വന്നു. ആൾ കൊള്ളാം. ഒരു ഉണ്ണിമുകുന്ദൻ ലുക്ക്‌ . ലുക്ക്‌ മാത്രേ ഉള്ളല്ലേ സ്വഭാവം ഭയങ്കര മോശമാണല്ലേ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല പോട്ടെ എന്തായാലും അച്ഛൻ ഈ കല്യാണം നടത്തില്ല പിന്നെ ഞാൻ എന്തിനാ ഇങ്ങേരുടെ ദേഷ്യം വാങ്ങി വീട്ടിൽ വെയ്ക്കുന്നെ..
"എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം ഒരു അഞ്ചു മിനിറ്റ് "
കക്ഷി അങ്ങനെ പറഞ്ഞപ്പോൾ അച്ഛന് തീരെ മനസ്സുണ്ടായിട്ടല്ല പിന്നെ അനുവദിച്ചു
"എനിക്ക് തന്നെ ഇഷ്ട്ടായി. അമ്മ പറഞ്ഞു എന്റെ സ്വഭാവം ഏകദേശം അറിഞ്ഞു കാണുമല്ലോ.. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് യോഗ ഒക്കെ ചെയ്തു നോക്കി. രക്ഷ ഇല്ല. ദേഷ്യം വന്നാൽ അറിയാതെ തല്ലിപ്പോകും. പിന്നെ കുറ്റബോധം തോന്നും. പക്ഷെ അപ്പോഴേക്കും വൈകും "
"എന്നെ തല്ലിയ ഞാൻ തിരിച്ചു തല്ലും. അതിനി അച്ഛനും അമ്മയും പഠിപ്പിച്ച ടീച്ചേഴ്സും ഒഴിച്ചു ആരാണെങ്കിലും ഒഴികെ ആരായാലും.. അടി കൊടുത്തിരിക്കും."
ഞാൻ നെഞ്ചിൽ കൈ പിണച്ചു കെട്ടി കൂസലില്ലാതെ ആ മുഖത്തു നോക്കി പറഞ്ഞു
ആൾ ഒന്ന് പതറിയെന്ന് തോന്നുന്നു. പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവർ പോകുകയും ചെയ്തു
അല്ല പിന്നെ പെണ്ണിനെ തല്ലുന്നവൻ വീരൻ ആണോ? ഭീരു ആണെന്നെ..തിരിച്ചു ഒന്ന് കൊടുത്താൽ തീരുമതൊക്കെ എനിക്കാണെങ്കിൽ എന്റെ ദേഹം നൊന്താൽ കണ്ട്രോൾ പോകും
അവർക്ക് കല്യാണത്തിന് ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛൻ തനിക് തീരെ താല്പര്യം ഇല്ല എന്ന് അറിയിച്ചു. അച്ഛന്റെ വാക്ക് ധിക്കരിക്കാൻ അയാളോട് എനിക്ക് കടുത്ത പ്രേമം ഒന്നുമില്ലാത്തത് കൊണ്ട് ഞാനും മിണ്ടിയില്ല
കോളേജ് ഹോസ്റ്റലിലേക്ക് ഞാൻ തിരിച്ചു പോയി
പരീക്ഷ വരുന്നു
വിസിറ്റർ ഉണ്ട് എന്ന് ആരോ വന്നു പറഞ്ഞപ്പോൾ സത്യമായിട്ടും ഇങ്ങേര് ആണെന്ന് ഞാൻ ചിന്തിച്ചില്ല
നല്ല മഴ ആയിരുന്നു പുറത്ത്
മഴ നനഞ്ഞു കുതിർന്ന ആ രൂപം കണ്ടപ്പോൾ ആദ്യം എനിക്ക് ചിരിയ വന്നത്. ഞാൻ ഒരു ടവൽ കൊണ്ട് കൊടുത്തു
"ഇവിടെ അടുത്ത് ഒരിടത്തു വന്നതാണ്. അപ്പൊ അമ്മയാണ് പറഞ്ഞത് ഇയാൾ ഇവിടെ ആണ് എന്ന്. അമ്മ തന്നു വിട്ടതാ "
കയ്യിലൊരു പൊതി.
അത് എനിക്ക് തന്നിട്ട്
പോട്ടെ എന്ന് പറഞ്ഞു ആൾ പോയി
നനഞ്ഞു കുതിർന്ന പൊതിയിൽ ഉണ്ണിയപ്പം, കുഴലപ്പം, അച്ചപ്പം ഒക്കെയുണ്ടായിരുന്നു. അത് ആ അമ്മയുടെ സ്നേഹം ആണെന്ന് എനിക്ക് മനസിലായി.ഞാൻ വെറുതെ ഓരോന്ന് ഓർത്തിരുന്നു. ആൾ ശരിക്കും പാവമാവാനാണ് സാധ്യത. ഒരു ദുഷ്ടൻ ഒന്നുമല്ല. എന്നോട് കുഞ്ഞ് ഇഷ്ടവുമുണ്ട്. പക്ഷെ മൊബൈൽ നമ്പറോ മറ്റൊന്നുമോ ചോദിച്ചില്ല
അമ്മയുടെ സ്നേഹപ്പൊതികളുമായി ആൾ വീണ്ടും പലതവണ വന്നു.
ഒന്നോ രണ്ടോ വാചകം. അതിനപ്പുറം എന്നെ ഡിസ്റ്റർബ് ചെയ്യുന്ന ഒന്നുമില്ല അവിടെ നിന്ന്.
അങ്ങനെ മൂന്ന് വർഷങ്ങൾ കടന്ന് പോയി.
ഇടക്കൊക്കെ ഓരോ പെണ്ണുകാണൽ ചടങ്ങൊക്കെ മുറ പോലെ നടന്നു പോയി.
ഞാൻ അതൊക്കെ കക്ഷിയോട് പറയുമ്പോൾ ആ മുഖം വല്ലാതെയാകും. നടക്കില്ല എന്ന് പറയുമ്പോൾ ചിരി നിറയും. ആളെ കാണാൻ നല്ല സുന്ദരനാട്ടോ. ചിരിക്കുമ്പോൾ ചെറിയൊരു നുണക്കുഴി ഒക്കെയുണ്ട്
"ഹരിയുടെ ചിരി നല്ല ഭംഗിയാണ് "
ഒരു ദിവസം ഞാൻ പറഞ്ഞു
താങ്ക്സ് എന്ന് അങ്ങേര്.
ഇതെന്തൊരു മനുഷ്യൻ!
"കാണാൻ കൊള്ളാവുന്ന ഒരു പെൺകൊച്ചു മുഖത്ത് നോക്കി ഭംഗിയുണ്ടെന്ന് പറയുമ്പോ താങ്ക്സ് ന്നോ?"
അപ്പൊ ഹരി പിന്നെയും ചിരിച്ചു
"ഒരു കാപ്പി കുടിക്കാൻ പോയാലോ?"
ഞാൻ ചോദിച്ചു
ഹരി ഇങ്ങനെ അന്തം വിട്ടു എന്നെ നോക്കി നിൽപ്പാണ്
"ഹോസ്റ്റലിലെ ഫുഡ് കൊള്ളില്ല ഹരി.എനിക്കൊരു മസാലദോശ തിന്നാൻ തോന്നുന്നു. ഒരു കാപ്പിയും "
ഹരി ബൈക്ക് അവിടെ തന്നെ വെച്ച് ഒരു ഓട്ടോക്ക് കൈ കാട്ടി
"ഹലോ എന്നെ ബൈക്കിൽ കയറ്റൂലെ?"ഞാൻ ആ തോളിൽ തട്ടി
"അത് പിന്നെ..പിന്നെ.."
"പിന്നെയല്ല ഇപ്പൊ.. വാ പൂവാ "ഞാൻ ബൈക്കിൽ കയറി
"ലൈസെൻസ് ഒക്കെയുണ്ടല്ലോ അല്ലെ?"
ഹരിയുടെ ബൈക്കിൽ ഹരിക്ക് പിന്നിലിരുന്നു പോകുമ്പോൾ ഞാൻ ചോദിച്ചു
ഹരി ചിരിച്ചതേയുള്ളു
"മസാലദോശ അത്ര ഇഷ്ടാണോ?"
ഞാൻ തലയാട്ടി
"ഒന്നുടെ ഓർഡർ ചെയ്യട്ടെ?"
എന്റെ ആർത്തി കണ്ടാവും
ഞാൻ ആയിക്കോട്ടെ എന്ന് കൈ കാണിച്ചു
എന്നെ ഹരി നോക്കിയിരിക്കുന്നത് എനിക്ക് അറിയാമായിരുന്നു.. ഹരി എന്നെ സ്നേഹിക്കുന്നുണ്ട് എന്നും.
അവധിക്ക് വീട്ടിൽ ചെന്നപ്പോൾ പുതിയ ആലോചന.
ജാതകം ചേരും
എല്ലാർക്കും ഇഷ്ടം ആയി
"ഞാൻ എന്താ പറയേണ്ടത് ഹരി?"
ആ പ്രാവശ്യം ഹരി വന്നപ്പോൾ ഞാൻ ചോദിച്ചു
ഹരിയുടെ മുഖത്ത് ഒരു വിഷാദം വന്നു
"സമ്മതം പറഞ്ഞോളൂ "
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
ഹരി പൊയ്ക്കഴിഞ്ഞപ്പോ ഒരു ശൂന്യത
ഇനി വരില്ലായിരിക്കും
അമ്മയുടെ സ്നേഹം.. അതുമുണ്ടാവില്ല
അല്ലെങ്കിലും ഞങ്ങൾ പരസ്പരം ഒന്നും പറഞ്ഞിട്ടില്ല
എന്നെ അതിശയിപ്പിച്ചു കൊണ്ട് ഹരി പിന്നെയും വന്നു.
ഇത്തവണ കൈയിൽ മസാലദോശ കരുതിയിട്ടുണ്ടായിരുന്നു
"അമ്മ ഉണ്ടാക്കിയതാ. ചിലപ്പോൾ ഇനി പറ്റിയില്ലെങ്കിലോ?"
എന്റെ കണ്ണ് നിറഞ്ഞു
"ഞാൻ വീട്ടിൽ പറയട്ടെ ഹരി?"
ഹരി ഒരു നിമിഷം മിണ്ടാതെ നിന്നു
"റിസ്ക് ആണ്"
ഹരി പറഞ്ഞു
"ജീവിതത്തിൽ ഒരു ത്രില്ല് ഒക്കെ വേണ്ടേ?"
ഞാൻ ചിരിച്ചു
"ത്രില്ല് ചിലപ്പോൾ കിട്ടില്ല കാരണം ഞാൻ ഇപ്പൊ വഴക്കുണ്ടാക്കാറില്ല.. ആവശ്യമില്ലാതെ ദേഷ്യം വരാറുമില്ല. നോർമൽ ആയിന്ന് തോന്നുന്നു. അമ്മ പറയുന്നത് താൻ കാരണമാണെന്നാ.."
എന്റെ കണ്ണ് വീണ്ടും നിറഞ്ഞു
"ഓരോ ദിവസവും ഉണരുമ്പോൾ ഈ മുഖം ഉണ്ട് നെഞ്ചിൽ..മഞ്ഞ് വീഴും പോലെ ഒരു തണുപ്പാ അപ്പൊ. വെറുതെ വഴക്കടിക്കാനും ദേഷ്യപ്പെടാനുമൊന്നും ഇപ്പൊ പറ്റുന്നില്ല.. ഫ്രീസ് ആയ പോലെ "
ഞാൻ എന്താ പറയേണ്ടതെന്നറിയാതെയായി
"വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ?"
"ഇത് പോലെ വർഷങ്ങൾ കടന്ന് പോകും. ഹരി ഇവിടെ എന്നെ കാണാൻ വരും. പലഹാരങ്ങൾ തരും "
ഞാൻ ചിരിച്ചു
"അതെങ്കിലും മതിയെനിക്ക്.. കണ്ടാൽ മതി "
ഹരിയുടെ ശബ്ദം ഒന്നടച്ചു
ആൾ യാത്ര പോലും പറയാതെ ഒറ്റ നടത്ത.
ഞാൻ ഓടിച്ചെന്നു ആ കൈ പിടിച്ചു
"ഇപ്പൊ ദേഷ്യം വന്നോ അതാണോ പോയത്?"
ഹരി എന്റെ നിറുകയിൽ തൊട്ടു
"ഇത് എന്റെ ജീവനാണിപ്പോ .. ഒന്ന് നുള്ളിപ്പോലും നോവിക്കില്ല സത്യം.. ഞാൻ വീട്ടിൽ വന്നു സംസാരിക്കാം "
എനിക്ക് നാണം വന്നു കേട്ടോ
എന്റെ ശക്തിയായ റെക്കമെന്റേഷൻ കൊണ്ടും സ്വന്തം ജാമ്യത്തിലും ഞങ്ങളുടെ വിവാഹം നടന്നു
അമ്മ പറഞ്ഞ ഹരി ഉണ്ടായിരുന്നിരിക്കാം
ഞാൻ കണ്ടിട്ടില്ല
വർഷങ്ങൾ കഴിഞ്ഞു.ഞങ്ങളുടെ പ്രണയകാലങ്ങളിൽ ഒരിക്കൽ പോലും ഹരി എന്നെ വേദനിപ്പിച്ചില്ല.
പ്രണയം വേദനയാവാതിരിക്കട്ട ആർക്കും
ഞാൻ കണ്ട ഹരി, ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്ന ഹരി പാവമാണ്..
അല്ലെങ്കിലും പ്രണയത്തിന് കഴിയാത്തത് എന്താ ല്ലേ?
Written by Ammu Santhosh

അമുദ I Short Story I Sarath Mangalath

 

സ്റ്റീല്‍ പാത്രത്തില്‍ വാഴയില വട്ടത്തില്‍ മുറിച്ച് അതിനു മുകളില്‍ വിളമ്പിയ  ചൂടു പൂരിമസാല ഞാനും , അമുദയും  പതിയെ കഴിച്ചു.
        അതിനു ശേഷം റോഡ് മുറിച്ച് കടന്നു ബസ്സ്റ്റോപ്പില്‍ വന്നയുടനെ തന്നെ നാഗര്‍കോവില്‍ ബസ്സ് വന്നു. ഞാനതില്‍ കയറി ഇടതു വശത്തെ സീറ്റില്‍ ഇരുന്നപ്പോഴും അമുദയെന്നെ  നോക്കുന്നുണ്ടായിരുന്നു, 
 ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയാക്കുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്.  കുറച്ചു മണിക്കൂറുകള്‍ കൊണ്ട്  ഒരാള്‍ അത്രയും പ്രിയപ്പെട്ടതാവുമോ...?
      ''ഒരു മുഴം സന്തോഷം തരാന്‍ ഒരായുസ്സിന്റെ ബന്ധമൊന്നും വേണ്ട, ഏതാനും നിമിഷങ്ങള്‍ മതിയെന്ന് '' 
               അമ്മു ഒരിക്കല്‍ എഴുതിയതോര്‍ത്തു. 
        അമുദയുടെ മുഖം കണ്ടപ്പോള്‍ ആ വാക്കുകള്‍ എത്ര ശരിയെന്ന് എനിക്കും തോന്നി. 
                 കന്യാകുമാരിയുടെ കാഴ്ച്ചകളെ പിന്നിലാക്കി ബസ്സ് മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു. 
                               ഇന്നലെ രാവിലെ പെട്ടന്നൊരു തോന്നലിലാണ്  ഈ യാത്ര പ്ലാന്‍ ചെയ്തത്. വൈകിട്ട് ഏകദേശം ഏഴു മണിയോടു കൂടി ഇവിടെയെത്തി. 
    ഒരുലോഡ്ജില്‍ മുറിയെടുത്തു ഫ്രഷ് ആയ ശേഷം പതിയെ പുറത്തിറങ്ങി, കടല്‍ തീരത്തിന്റെ ഭാഗത്തേക്ക് നടന്നു. 
     രതി സമാഗമത്തിന്റെ ആലസ്യത്തില്‍ മയങ്ങി കിടക്കുന്നൊരു പെണ്ണിനെ പോലെ രാവ്  കടലിനോട് ചേര്‍ന്നു കിടന്നു. തിരമാലകള്‍ കരിങ്കല്‍ കൂട്ടങ്ങളില്‍ മുത്തുകളായി  ചിതറി തെറിക്കുന്നുണ്ടായിരുന്നു. 
                      കടലിനഭിമുഖമായുള്ള കല്‍പ്പടവിലിരുന്ന് വെറുതെ ഫോണ്‍ നോക്കിയപ്പോഴാണ് അമ്മു  അവളുടെ ഫെയ്സ്ബുക്ക് പേജില്‍ എന്റെ യാത്രയെ പറ്റി എഴുതിയിരിക്കുന്നത് കണ്ടത്, 
       പെട്ടന്നൊരു ദിവസം സഞ്ചീം തൂക്കി കന്യാകുമാരിക്ക് പോയ എന്റെ സുഹൃത്ത് എന്നു പറഞ്ഞൊരു കുറിപ്പ് ...വായിച്ചപ്പോ ചിരി വന്നു.
                     യാത്രകളും , കാഴ്ച്ചകളുമെല്ലാം സ്വന്തം വീടിനടുത്തുള്ള ചെറിയ ടൗണിന്റെ സിഗ്നലിനപ്പുറം  പോകാത്തൊരാള്‍ എന്ന് പറഞ്ഞവളത്  അവസാനിപ്പിച്ചിരിക്കുന്നു.  
       യാത്രകളെപ്പോഴും ഒത്തിരി ഇഷ്ടങ്ങള്‍ തന്നെയാണ് , പലപ്പോഴുമത് കൂടതലായി സാധിക്കാറില്ലെങ്കിലും....
             കടലെടുത്തു പോയൊരു നഗരത്തിന്റെ അവശേഷിപ്പുകളെ പേറുന്ന ധനുഷ്ക്കോടിയിലും, വയലറ്റ് പൂക്കളുടെ ഇടയിലൂടെ കുടജാദ്രിയിലെ തണുപ്പിലൂടെയും മനസ്സു കൊണ്ടാല്ലാതെ യാത്രകള്‍ പോവണമെന്നുണ്ട്.
                 കഥയും, നമ്മളും യാത്രകളില്‍ വളരുമെന്നല്ലേ...? 
      എവിടെയോ വായിച്ചൊരു വരികള്‍ വീണ്ടും ഓര്‍മ്മകളിലേക്കണയുന്നു.
     '' രാജീവനും, നന്ദിതയും വന്നിരുന്ന കടല്‍ തീരത്തെ കല്‍പ്പടവില്‍ കാറ്റു കൊള്ളാന്‍ വരുന്നോ നീ ...? 
    ''അവരൊക്കെയാരാ...?''
                       എന്റെ മെസ്സേജിന് സ്വതവേ ട്യൂബ് ലൈറ്റായ അമ്മുവിന്റെ മറുപടി അതായിരുന്നു. 
       '' മേഘമല്‍ഹാറിലെ ബിജുമേനോനും, സംയുക്തയും....''   ഞാന്‍  മറുപടി നല്‍കി.
      '' ആ ഇപ്പോ മനസ്സിലായി ''
ഒരു ചിരിയോടെ അമ്മു മറുപടി അയച്ചു.
     നേരം വൈകിയതിനാലാവണം കടല്‍തീരം ഏറെക്കുറേ വിജനമാണ്. ഞാനിരിക്കുന്ന കല്‍പടവിന് അങ്ങേ അറ്റത്ത് ഒരു സ്ത്രീ രൂപം എന്നേ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നേരിയ വെളിച്ചത്തില്‍ അവളുടെ നിറം മങ്ങിയ സാരി കാണാമായിരുന്നു. കുറച്ച് ചെമ്പിച്ച മുടിയില്‍ മുല്ലപൂ ചൂടിയിട്ടുണ്ട്. 
     എന്റെയുള്ളിലെ മാംസ ദാഹിയുണര്‍ന്നു ഞാനവളെ നോക്കി ചിരിച്ചപ്പോള്‍ അവളും പതിയെ ചിരിച്ചു.. എന്നിട്ട് അരികിലേക്ക്  വന്നു.
  ''മുന്നൂറു രൂപാ കൊടുത്താ പോതും സാര്‍ കൂടെ വാങ്കോ...!!''
                 കാണാന്‍ അത്രയൊന്നും  ഭംഗിയില്ലെങ്കിലും, മെലിഞ്ഞ ശരീരമാണെങ്കിലും  സാരിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടങ്ങളില്‍ എന്റെ കണ്ണുകള്‍ ഇഴഞ്ഞു നടന്നു. 
   ''എന്റെ റൂമിലേക്ക് പോവാം..'' 
    അവള്‍ തലയാട്ടി കൊണ്ട് പുറകെ വന്നു. 
ഒരു തട്ടുകടക്കു മുന്നിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞപ്പോള്‍ മടി പറയാതെ കൂടെ  വന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനവളാട് പേര് ചോദിച്ചു.
     ''അമുദ'' അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. 
         ലോഡ്ജിലേക്ക് കയറി പോകുമ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന പയ്യന്‍ അമുദയെ പാളി നോക്കുന്നുണ്ടായിരുന്നു.
   റൂമിലെത്തി ഞാന്‍ ഫ്രെഷ് ആയി വന്നപ്പോള്‍ അമുദ കട്ടിലില്‍ തല കുനിച്ചിരിക്കുകയായിരുന്നു. അവളുടെ കൈകളില്‍  കറുത്ത കുപ്പി വളകളുണ്ടായിരുന്നു. വില കുറഞ്ഞ ഏതോ സ്പ്രേയുടെ മണമുണ്ടായിരുന്നു.
               ഞാനവളെ അടുത്തേക്ക് ചെന്ന് ചേര്‍ത്തു പിടിച്ചുമ്മ വെച്ചു...മാറില്‍ നിന്ന് സാരി ഊര്‍ത്തിയിട്ടു...എന്റെ ശരീരം ചൂട് പിടിക്കുന്നുണ്ടായിരുന്നു. ബ്ലൗസ് അഴിക്കാന്‍  കൈകള്‍ തുനിഞ്ഞപ്പോള്‍ അവള്‍ തടഞ്ഞു...
      ''അതു വേണ്ടാം സാര്‍...''
              ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി ... അവള്‍ പാവാടചരടില്‍ പതിയെ പിടിച്ച് അഴിക്കാന്‍ ശ്രമിച്ച് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വീണ്ടും അവളുടെ മാറിടത്തില്‍ കൈ വെക്കാന്‍ ശ്രമിച്ചു...അമുദയത് തടഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാന്‍ ബലമായി അവളുടെ ബ്ലൗസ്സിന്റെ ഹുക്കുകള്‍ അഴിച്ചു. കറുത്ത ബ്രായിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാറിടം എന്നെ വീണ്ടും കൊതിപ്പിച്ചു. ഉള്ളില്‍ ചുര മാന്തുന്ന മൃഗ തൃഷ്ണയോടെ ഞാന്‍ ബ്രായും ഉരിയെടുത്തു.
   ഒരു നിമിഷം ....!
               അഴിഞ്ഞു പോയ ബ്രായോടൊപ്പം ചുരുട്ടിയ ഒരു തുണിക്കഷ്ണവും താഴേക്ക് വീണു....അവളുടെ ഇടതു മാറിടത്തിനു സ്ഥാനത്ത് ശൂന്യത മാത്രം.... അതു വരെ 
കാമത്താല്‍ ചൂടു പിടിച്ചു നിന്ന എന്റെ ശരീരം ഉരികിയൊലിച്ച പോലെ ഇല്ലതായി.
ഞാന്‍ കട്ടിലിലേക്ക് പതിയെ ഇരുന്നു...കൂടെ അവളും...
                     കുറച്ചു നിമിഷത്തെ നിശബ്ദത ആ ലോഡ്ജുമുറിയെ വീര്‍പ്പു മുട്ടിച്ചു.
  ''എല്ലാരും സൊല്ല മാതിരി പസി, പട്ടിണി സൊല്ലി ഇന്ത തൊഴിലിക്ക് വരലയേ നാന്‍,  എങ്ക അപ്പാ, അമ്മ നാന്‍ ചിന്ന വയസ്സായിരുക്കുമ്പോതെ എരന്തിടിച്ച് ,അതുക്കപ്പുറം എന്‍ ചിറ്റി കൂടെ താന്‍ എന്‍ വാഴ്ക്കൈ''
           ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതിനാലാവണം അമുദ തുടര്‍ന്നു...
             '' പ്ലസ് ടു പഠിച്ചിരിക്കുമ്പോ താന്‍ ഒരുത്തരെ കാതലിച്ചേ... കടസ്സിയില്‍ അവന്‍ എന്നെ യേമാത്തി ഇന്നൊരു കല്ല്യാണം  പണ്ണീട്ടേന്‍, അവന്‍ മേലേ ഇറക്കണ കോപത്തിലെ താന്‍ നാന്‍ 
ഇന്ത തൊഴിലിക്ക് വന്തേ...എന്‍കിട്ടേ വന്ത വര്‍ക്കിട്ടേയെല്ലാം പോയിട്ടേന്‍.. ഇരണ്ട് വര്‍ഷത്ത്ക്ക് മുന്നാടി താന്‍ ഇന്ത നോയി ഇരിക്ക്റ്തെന്ന് തെരിഞ്ചത്.  പോന വര്‍ഷം ബ്രെസ്റ്റ് എടുക്ക വേണ്ടിയതാ പോച്ച് , ഇപ്പോ  മരുന്ന്, മന്ത്ര എന്ന് നാന്‍ വാഴ്ക്കയെ ഓട്ടിട്ടിറ്ക്കേന്‍ സാര്‍ ....എന്നാലും ഇപ്പോ  പറവാലേ....''
       കുറച്ചു നേരത്തെ പരിചയം കൊണ്ട് അമുദ അവളുടെ ജീവിതം തന്നെ എന്നോട് പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും ആദ്യമായി കാണുന്ന ചിലരോട് ഒരു പ്രത്യേക അടുപ്പം നമുക്ക് തോന്നാറില്ലേ..? 
       അപ്രതീക്ഷിതമായ ആ കാഴ്ച്ചയില്‍ പതറി പോയ എന്റെ മനസ്സിന്റെ സംയമനം ഞാന്‍ വീണ്ടെടുത്തിരുന്നു...ഞാന്‍ പതിയെ അമുദയെ ചേര്‍ത്തു പിടിച്ചു. പക്ഷെ അപ്പോഴെനിക്ക് അവളോട് കാമം തോന്നുന്നുണ്ടായിരുന്നില്ല..
                        ആ രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല.....ഓരോ വിശേഷങ്ങള്‍ പറഞ്ഞു....അമുദ തമിഴ് പാട്ടുകള്‍ പാടി...നേരം വെളുക്കും വരെ ഞങ്ങള്‍ പരസ്പരം വെറുതെ പുണര്‍ന്നു കിടന്നു. 
             ഓര്‍ത്തു വെക്കാന്‍ ചില നേരങ്ങള്‍ അതിഥികളായി നമ്മേ തേടിയെത്തുന്ന നേരങ്ങളുണ്ടാവും ഓരോ ജീവിതങ്ങളിലും....
              ബസ്സ് ഒരു ഗട്ടറില്‍ ചാടിയപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നത് ....
      ''അമുദാ...ഞാനിനിയും വരും ഇവിടേക്ക്....നിന്നെ കാണാന്‍....''
ഞാന്‍ മന്ത്രിച്ചു...!!
    കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളിലും നമുക്കായി കാലം കാത്തു വെച്ചിരിക്കുന്നത് എന്താണെന്നറിയാത്ത കൊണ്ടാവും ജീവിതമെന്നും ഒരു അദ്ഭുതമായി തന്നെ നമുക്കു മുന്നിലിങ്ങനെ നില്‍ക്കുന്നത്....!!
Written by Sarath Mangalath

കറുത്ത സൂചികൾ I Short Story I Shefeer Parappath

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലോഷ്യസ് ഈ നഗരത്തിലുണ്ട്. താൽക്കാലിക താമസസ്ഥലമായ ലോഡ്ജിനും തിരക്കൊഴിഞ്ഞ ആ ചെറിയ റെസ്റ്റോറന്റിനും ഇടയിലെ അയാളുടെ യാത്രകളിൽ ഇടത്താവളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ചായക്ക് മാത്രം അവിടെ എത്തിയിരുന്നതുകൊണ്ട് റെസ്റ്റോറന്റിനു പോലും അലോഷ്യസിനോടൊരു മുഷിപ്പു തോന്നാൻ തുടങ്ങിയിരുന്നു.. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ക്ലോക്ക് ടവർ, അക്കങ്ങൾക്ക് പകരം പുള്ളിക്കുത്തുകൾ നിറഞ്ഞ അതിലെ ഡയൽ, വലിയ വെളുത്ത ഡയലിൽ കറങ്ങുന്ന കറുത്ത സൂചികൾ, ടവറിന് മുകളിൽ തമ്പടിച്ചിരുന്ന പ്രാവിൻ കൂട്ടങ്ങൾ, വഴിയരികിലെ മഹാഗണി മരത്തിലെ എണ്ണം പറഞ്ഞ കാക്കകൾ, എന്നിങ്ങനെ അയാളുടെ റെസ്‌റ്റോറന്റ് സന്ദർശനത്തിന് സ്ഥിരം കാഴ്ചക്കാരുണ്ടായിരുന്നു.
പതിവ് പോലെ വൈകുന്നേരം അലോഷ്യസ് മുറിയിൽ നിന്നും റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. പക്ഷേ ഇത്തവണ ഇരയുടെ മരണക്കുറിപ്പുമായാണ് അയാൾ മുറി വിട്ടിറങ്ങിയത്. പടിഞ്ഞാറ് തല താഴ്ത്താൻ തുടങ്ങിയ സൂര്യൻ ആ വൈകുന്നേരത്തിന് ചുവന്ന ചായം തേച്ചുകൊണ്ടിരുന്നു. നീളൻ ജുബ്ബയുടെ വീർത്തു തൂങ്ങിയ പോക്കറ്റിൽ ഇടക്കിടക്ക് കൈയ്യമർത്തിക്കൊണ്ടയാൾ മുന്നോട്ട് നടന്നു. ചുവന്ന തൊപ്പിയിട്ട ഒരു വൈറ്റ് ബോർഡ് മാർക്കർ പേന, അയാളുടെ പോക്കറ്റിൽ നിന്നും തല ഉയർത്തി നോക്കി. എണ്ണമയം തൊട്ടു തീണ്ടാത്ത ഉള്ളു കുറഞ്ഞ മുടിയിഴകൾ സായന്തനക്കാറ്റിന്റെ ദിശ അറിയിച്ചുകൊണ്ടിരുന്നു.
റെസ്റ്റോറന്റ് എത്തിയതും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അലോഷ്യസ് അതിനകത്തേക്ക് കയറി. തല കുനിച്ചു കൊണ്ട് തന്റെ സ്ഥിരം ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. റെസ്റ്റോറന്റിനകത്തെ പലഹാരത്തട്ടിൽ കുടുങ്ങിയ ഈച്ചകൾ പുറത്തു കടക്കാൻ വെപ്രാളപ്പെടുന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ സന്തോഷിച്ചു.
ഇരിപ്പിടത്തിൽ ഇരുന്നതും അലോഷ്യസിന്റെ കണ്ണുകൾ ഇരയെ തിരഞ്ഞു.
" പതിവ് തെറ്റാതെ റെസ്റ്റോറൻ്റിൽ അവനെത്തിയെന്ന് അയാൾ ഉറപ്പു വരുത്തി. മണിക്കൂറുകൾ മാത്രം ദൈർഘമുള്ള അവൻ്റെ ആയുസ്സിനെയോർത്ത് അയാൾ ഊറിച്ചിരിച്ചു. എന്തു വിധേനയും തന്റെ ജോലിയിന്ന് കൃത്യമായിത്തന്നെ നിറവേറ്റണമെന്ന് അലോഷ്യസ് മനസ്സിൽ ഉറപ്പിച്ചു.
അയാൾ ജുബ്ബയുടെ പോക്കറ്റിൽ നിന്നും ന്യൂസ് പേപ്പർ കൊണ്ട് ചുറ്റിയ പൊതി പുറത്തെടുത്തു. അതിലെ മൂർച്ചയുള്ള കത്തി തിരിച്ചും മറിച്ചും നോക്കിയിട്ട് വീണ്ടുമതിനെ പൊതിഞ്ഞുവച്ചു.
കുറച്ചു സമയം കഴിഞ്ഞതും വെയ്റ്റർ ചായയുമായി എത്തി. മേശപ്പുറത്തെ തൊപ്പിയില്ലാത്ത മാർക്കർ പേനയെ നോക്കി വെയ്റ്റർ ചായ വച്ചു. ഇരയെ കിട്ടിയ സന്തോഷത്തിൽ മൂന്നാലീച്ചകൾ ആ ചായ ഗ്ലാസ്സിനു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി.
പക്ഷേ അലോഷ്യസ് അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനുവേണ്ടി എഴുതിയ മരണക്കുറിപ്പിനെയോർത്തപ്പോൾ അയാൾക്ക് സന്തോഷമടക്കാനായില്ല. ചിരിക്കിടയിൽ ചുണ്ടുകൾക്കിടയിൽ നിന്നും ചായ പുറത്തേക്ക് തെറിച്ചു.
"അല്ലെങ്കിലും ഈ ഭൂമിയിൽ ജീവിക്കാൻ അവനെന്തവകാശമുണ്ട്? നീളൻ കണ്ണുകളുള്ള ഭാര്യയെ ഉപേക്ഷിച്ച് വേറൊരുത്തിയുടെ കൂടെ പോയവനല്ലേ അവൻ. കെട്ടുകഴിഞ്ഞ് പെൺകുഞ്ഞിനെ ഉണ്ടാക്കാൻ കാട്ടിയ തിടുക്കവും മനസ്സും അവളെ പോറ്റാൻ കാണിക്കാതിരുന്നവൻ. ഭാര്യയേക്കാൾ തൊലി വെളുപ്പും ശരീരവടിവും കൂടുതലുള്ള വേറൊരുത്തിയെ കണ്ടപ്പോൾ സ്വന്തം ചോരയെ മറന്ന നാറി. ഒടുവിൽ കൂടെ പൊറുപ്പിച്ച മൊതല് തനിനിറം കാണിച്ച് പോയപ്പോൾ കാലം അവനെ നോക്കി കൊഞ്ഞനം കുത്തിയെന്നത് ശരി. ഒടുവിൽ തിരിച്ചറിവിന്റെ പാഠങ്ങൾ പഠിച്ചു എന്നതും മറ്റൊരു സത്യം.. പക്ഷേ ഒത്തിരി വൈകിയില്ലേ.?മിന്നുകെട്ടിയവളെ അവൻ്റെ മുന്നിലെ കുമ്പസാരക്കൂട്ടിലിരുത്താൻ വിടാതെ കർത്താവ് നേരത്തെ വിളിച്ചു. വളർച്ചയുടെ വഴികളിൽ ഒരിക്കൽ പോലും ഒരച്ഛന്റെ സ്നേഹം നൽകിയില്ലെങ്കിലും ഇന്നാ മകളാണ് അവൻ്റെ തുണ.അവന്റെ ചികിൽസക്കായി എത്രയോ പണമവൾ ചെലവിടുന്നു.. പക്ഷേ എന്തിന്..? തീരണം. അല്ല.. തീർക്കണം. അത് കൊണ്ടാണ് തീർക്കാൻ സന്തോഷത്തോടെ ആയുധമെടുത്തത്. ഇങ്ങനെയുള്ളവർ ഭൂമിക്ക് ഭാരമായി ഇവിടെ ഉണ്ടാവാത്തത് തന്നെയാണ് നല്ലത്."
അലോഷ്യസ് അയാളെ നോക്കിക്കൊണ്ട് പിറുപിറുത്തു.
ആയുധപ്പൊതി വീണ്ടും പോക്കറ്റിലാക്കി ഗ്ലാസിലെ ചൂടാറിത്തുടങ്ങിയ ചായ അലോഷ്യസ് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ദൗത്യം നിറവേറ്റാനുള്ള തിടുക്കത്തിൽ അയാളാ കസേരയിൽ നിന്നെഴുന്നേറ്റു. ആ കണ്ണുകൾ പതിവിലും ചുവന്നിരുന്നു. തന്റെ നീക്കങ്ങൾക്കൊപ്പം ഇരയും നീങ്ങുന്നതയാൾ ശ്രദ്ധിച്ചു.
കുറച്ചു കാലമായി സമയം നോക്കാൻ താൽപര്യം കാണിക്കാതിരുന്ന അയാൾ,പക്ഷേ റെസ്റ്റോറന്റിൽ നിന്നും മടങ്ങുമ്പോഴെല്ലാം ഇരയുടെ മുഖത്തിനൊപ്പം ക്ലോക്ക് ടവറിലെ സമയവും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അയാളതാവർത്തിക്കുകയും സമയം ഉറപ്പ് വരുത്തുകയും ചെയ്തു.
"സമയം 0630. കൃത്യം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച സമയം."
എന്നത്തേയും മടക്കത്തിന്റെ സമയം ഇന്നവന്റെ ഒടുക്കത്തെ സമയമാക്കണമെന്നുറപ്പിച്ച് അലോഷ്യസ് ക്ലോക്ക് ടവറിനു നേരേ നടന്നു.
--------------------------------------------------------------------
രണ്ടുനാൾക്കു ശേഷം ക്ലോക്ക് ടവറിന്റെ മുറ്റത്ത് കൂടിയിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഇൻസ്പെക്ടർ ബെന്നിയും സംഘവുമെത്തി. ആളുകളോട് പുറത്തേക്ക് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടെയുള്ള പോലീസുകാർ പ്രവേശന കവാടത്തിന് കുറുകെയായി ചുവപ്പ് റിബണുകൾ വലിച്ചുകെട്ടി. പൊതുവെ ആരും കടന്നു ചെല്ലാത്ത രണ്ടാം നിലയിലേക്കവർ തെളിവെടുപ്പിനായി നീങ്ങി. ദുർഗന്ധം വമിക്കാൻ തുടങ്ങിയ ശവശരീരത്തിന് മുൻപിലെത്തിയ ബെന്നിയും സംഘവും മൂക്കുപൊത്തിക്കൊണ്ട് തങ്ങളുടെ തൊപ്പിയൂരി.
"ഇയാളെ അവസാനമായി കണ്ടവരുണ്ടോ. എന്തെങ്കിലും വിവരം ലഭിച്ചോ?"
"ഉവ്വ് സർ..രണ്ട് ദിവസം മുൻപ് വൈകുന്നേരം, റോഡിനപ്പുറത്തെ റെസ്റ്റോറന്റിലെ ജീവനക്കാർ ഇയാളെ കണ്ടിരുന്നു. "
ബെന്നിയുടെ ചോദ്യത്തിന് എ.എസ്.ഐ മറുപടി നൽകി.
കുത്തേറ്റ് കിടന്ന ശവശരീരത്തിൽ നിന്നും വാർന്ന ചോര, അൽപം ദൂരെവരെ ചാലിട്ടിരുന്നു. ഉണങ്ങിപ്പിടിച്ച ചോരപ്പാടിൽ അൽപനേരമിരുന്നിട്ട് ഈച്ചകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു .
കൈയ്യുറ ധരിച്ച പോലീസുകാർ ശവശരീരത്തിലെ കത്തിയൂരിയിട്ട് ചെരിഞ്ഞു കിടന്ന ശവത്തെ നിവർത്തിക്കിടത്തി. ഓക്കാനം വരുത്തുന്ന അസഹ്യമായ ഗന്ധമപ്പോൾ ടവറിന്റെ ആ നിലയാകെ പരന്നു. മനുഷ്യമാംസം കൊത്തിപ്പറിക്കുന്ന കഴുകൻമാരെ ഓർമ്മിപ്പിച്ച, ഈച്ചകൾ പാതി തുറന്ന വായ് ഭാഗത്തും കണ്ണിൻ്റെ മുകളിലും അരിച്ചുകൊണ്ടിരുന്നു.
ഡെഡ്ബോഡിയുടെ പോക്കറ്റിൽ നിന്നും പാതി പുറത്ത് ചാടിയിരുന്ന പേഴ്സ് എ.എസ്.ഐ പുറത്തെടുത്തു. തുറന്നു പരിശോധിക്കുമ്പോൾ ഒരു വെളുത്ത പേപ്പർ അവരുടെ ശ്രദ്ധയിൽ പെട്ടു .
"സർ.. ഈ പേപ്പറൊന്നു നോക്കൂ. ഇതിലൊരു മൊബൈൽ ഫോൺ നമ്പർ കുറിച്ചിട്ടുണ്ട്. ഒരു പക്ഷേ ഈ നമ്പർ...?"
എ.എസ്.ഐ. കൈമാറിയ പേപ്പറിൽ നോക്കിക്കൊണ്ട് ബെന്നി തന്റെ മൊബൈൽ ഡയൽ ചെയ്തു.
" നമ്പർ സ്വിച്ച്ട് ഓഫ് ആണ്! തിരിച്ചറിയൽ രേഖകൾ എന്തെങ്കിലും? "
"ഉവ്വ് സർ. പേഴ്സിൽ നിന്നും പുതുക്കാത്തൊരു ലൈസൻസ് കിട്ടിയിട്ടുണ്ട്. "
"ഓക്കേ. അതിലെ അഡ്രസ്സ് ട്രാക്ക് ചെയ്യണം. പിന്നെ ഈ നമ്പർ ട്രൈ ചെയ്തു കൊണ്ടിരിക്കണം. നമ്പറിനെ കുറിച്ചുള്ള ഡീറ്റൈൽ എടുപ്പിക്കണം. ഫോറൻസിക് പരിശോനകൾക്ക് ശേഷം ബോഡി പോസ്റ്റ്മാർട്ടത്തിനയക്ക്. കത്തിയും ഫോറൻസിക് ലാബിൽ അയക്കണം. പിന്നെ അവസാനം അയാളെ കണ്ടെന്ന് പറയുന്ന റെസ്റ്റോറന്റിലെ ജീവനക്കാരോട് സ്റ്റേഷൻ വരെ വരാൻ പറയണം. റെസ്റ്റോറന്റിൽ പ്രാഥമിക തെളിവെടുപ്പ് നടത്തിയേക്ക്."
"ഓക്കേ സർ."
ബെന്നിയുടെ ഓർഡറുകൾക്ക് എ.എസ്.ഐ. മറുപടി നൽകി.
------------------- ------------------------------------------- - - - - -
അടുത്ത ദിവസം വൈകുന്നേരം,സ്റ്റേഷനിൽ വിളിച്ച് വരുത്തിയ യുവതിക്കും ഡോക്ടർക്കുമൊപ്പം ബെന്നിയും സംഘവും റെസ്റ്റോറന്റിലെത്തി.
"എത്ര നാളായി അയാൾ ഇവിടെ വരാൻ തുടങ്ങിയിട്ട്?''
"ഒരാഴ്ച്ചയായി സർ."
ബെന്നിയുടെ ചോദ്യത്തിന് റെസ്റ്റോറന്റ് ജീവനക്കാരൻ മറുപടി നൽകി.
"സർ.. ദേ ആ കാണുന്ന സീറ്റിലാണ് പുള്ളി സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നെതെന്നാണ് ഇവർ പറയുന്നത്."
എ.എസ്.ഐ. ഇടക്കു കയറി പറഞ്ഞു.
"ഓക്കേ. "
"പിന്നെ. എല്ലാ ദിവസവും 0530 നു തന്നെ ഇവിടെ നിന്നും മടങ്ങിയിരുന്നെന്നും പറയുന്നു."
എ. എസ്. ഐ. പറഞ്ഞു തീർന്നതും ബെന്നി ജീവനക്കാരനോട് ചോദിച്ചു.
"അതെങ്ങനെ തനിക്കിത്ര കൃത്യമായി സമയം മനസ്സിലായി?"
" അത് സർ..ഇവിടെ കാഷ് കൗണ്ടറിലിരുന്നാൽ, ദേ ആ പാതി കെട്ടിയ ചുമരിനിടയിൽ കൂടി ക്ലോക്ക് ടവറിലെ സമയം വ്യക്തമായിക്കാണാം. ഒന്നു രണ്ടു ദിവസമായി അയാൾ ഏകദേശം ഒരേ സമയത്ത് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ സമയം ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ സർ; എല്ലാ ദിവസവും അയാൾ അഞ്ചര മണിക്കു തന്നെയാണ് മടങ്ങിയിരുന്നത്."
ചെറിയ ഭയം കൊണ്ട്, ജീവനക്കാരന്റെ ശബ്ദം അൽപം ഇടറിയിരുന്നു.
ബെന്നി അയാൾ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേരക്കടുത്തേക്ക് നടന്നു.
റെസ്റ്റോറന്റിന്റെ വടക്കുഭാഗത്തെ പാതി തുറന്ന ചുമരിന്റെ നടുഭാഗം അൽപം പുറകിലോട്ട് തള്ളിക്കെട്ടിയിരുന്നു. അതിന് മുൻപിലെ വീതി കൂടിയ തൂണിന് പുറകിലായി ഇട്ടിരുന്ന ആ ഒറ്റ കസേര ലക്ഷ്യമാക്കിയാണ് ബെന്നി നീങ്ങിയത്. എന്തോ രസഹ്യം സൂക്ഷിച്ചിരുന്ന കസേരയിൽ ഇരുന്നിട്ട് ബെന്നി റെസ്റ്റോറന്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ കസേരയിൽ ഇരുന്നാൽ റെസ്റ്റോറന്റിലെ മറ്റാരേയും കാണാൻ സാധിക്കില്ല. എന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിൽ നിന്ന് ആ കസേരയിലേക്ക് നോട്ടവുമെത്തില്ല. തൂണിന്റെ മുകളറ്റം വരെ കണ്ണാടിച്ചില്ല് പൊതിഞ്ഞിരുന്നു. കസേരക്ക് പുറകിലെ ഒരാൾ പൊക്കമുള്ള ചുമരിനിടയിലെ വിടവിൽക്കൂടി ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയുടെ മുകളിൽ വ്യക്തമായിക്കാണുകയും ചെയ്യാം.
ഏകാന്തത ആസ്വദിച്ച് ആ കസേരയിലിരുന്ന് ചൂടു ചായ കുടിച്ചിരുന്ന അയാളുടെ മുഖം ബെന്നി മനസ്സിൽ കണ്ടു.
അപ്പോഴാണ് കസേരക്ക് മുൻപിലെ കണ്ണാടിയുടെ താഴ്ഭാഗത്തായി ചുവന്ന മാർക്കർ പേന കൊണ്ടുള്ള എഴുത്തയാൾ ശ്രദ്ധിച്ചത്. "വിധി സമയം 0630." എന്നെഴുതിയ ചെറിയ അക്ഷരങ്ങൾ.
ബെന്നി കസേരയിൽ നിന്നെഴുന്നേറ്റ് കാഷ് കൗണ്ടറിനടുത്തു നിന്ന യുവതിയെ വിളിച്ചു. മനോരോഗ വിദഗ്ധൻ ഡോ:റെജിയുടെ അരികിൽ നിന്ന ആ യുവതി ബെന്നിക്കരികിലേക്ക് വന്നു.
" നോക്കൂ മേഡം. ഞങ്ങൾക്ക് കിട്ടിയ ഫോൺ നമ്പറിൽ നിന്നും നിങ്ങളെ വിളിച്ചുവരുത്തിയപ്പോൾ തന്നെ ഏകദേശ ചിത്രം ലഭിച്ചിരുന്നു. ബട്ട്, ഈ കൈയ്യക്ഷരങ്ങൾ നിങ്ങളുടെ പപ്പയുടേത് തന്നെയാണോ എന്നു നോക്ക്."
കണ്ണാടിയിലെ എഴുത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബെന്നി പറഞ്ഞു.
"അതെ സർ.. ഇത് പപ്പ എഴുതിയത് തന്നെയാണ്. "
ഇതു പറഞ്ഞു തീരുമ്പോൾ അവരുടെ ശബ്ദം വല്ലാതെ ഇടറുകയും, കൺമഷിയിട്ട ആ നീളൻ കണ്ണുകളിൽ നിന്നും കണ്ണീർ ചാലിടാനും തുടങ്ങിയിരുന്നു.
ബെന്നി, ഡോക്ടർ റെജിയേയും തന്റെയടുക്കലേക്ക് വിളിച്ചു.
" നോക്കൂ ഡോ: റെജി. നിങ്ങളുടെ പേഷ്യന്റ് അലോഷ്യസിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണസമയം 0530 നും 0545 നും ഇടയിൽ ആണ്. കത്തിയിലെ വിരലടയാള പരിശോധനാ ഫലം മറിച്ചൊരു സംശയത്തിനും ഇട നൽകുന്നില്ല. നിങ്ങൾ ആ മനുഷ്യന്റെ പേഴ്സിൽ മടക്കിവച്ചിരുന്ന മകളുടെ ഫോൺ നമ്പറിനും അയാളെ രക്ഷിക്കാനായില്ല. ബട്ട് .അത് ഞങ്ങളെ നിങ്ങളിലേക്കെത്താൻ സഹായിച്ചു. പഴയ ലൈസൻസ് അഡ്രസ്സിന് പുറകേ പോയിരുന്നെങ്കിൽ കേസ് കോംപ്ലിക്കേറ്റഡ് ആയേനേ. മേഡം. ഐ ആം റിയലി സോറി. ഐ തിങ്ക്, നൗ എവരി തിംഗ് ഈസ് ക്ലിയർ."
ഡോക്ടറേയും യുവതിയേയും മാറി മാറി നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്ണാടിയിലെ ക്ലോക്കിൻ്റെ പ്രതിബിംബത്തിൽ ബെന്നിയുടെ കണ്ണുകളുടക്കി. പ്രതിബിംബത്തിലപ്പോൾ സമയം ആറ് മണി ആയിരുന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് പുറകിലെ പാതി തുറന്ന ചുമരിനിടയിൽക്കൂടി അയാൾ ക്ലോക്ക് ടവറിലെ സമയവും നോക്കി. പ്രതിബിംബത്തിലേയും ക്ലോക്ക് ഡയലിലേയും " 6 മണി സമയം " മാറി മാറി നോക്കിയിട്ട് അയാളൊന്ന് പുഞ്ചിരിച്ചു.
യുവതിയെ ആശ്വസിപ്പിച്ച് റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ പലഹാരത്തിന്റെ ചില്ലുകൂട്ടിൽ ഒരു ഈച്ച ചത്തു കിടക്കുന്നത് ബെന്നി ശ്രദ്ധിച്ചു. അതേ സമയം ഡോ:റെജി, യുവതിയുടെ കാതിൽ എന്തോ സംസാരിക്കുന്നതയാൾ കണ്ടു. ജീപ്പ് നഗരവീഥിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, റിയർവ്യൂ മിറർ തന്റെ നേരെ തിരിച്ചുവച്ചു കൊണ്ട് കാഴ്ച മറയും വരെ ബെന്നി അവരെ സാകൂതം വീക്ഷിച്ചു. യുവതിയുടെ മനോഹരമായ നീളൻ കണ്ണുകളിലെ ആർദ്രതയും, ഡോക്ടറുടെ കറുത്ത ചുണ്ടുകളിൽ വിരിഞ്ഞ മന്ദസ്മിതവും തമ്മിൽ ചേരുംപടി ചേർക്കാനാകാത്തത് അയാളുടെ നോട്ടത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
(അവസാനിച്ചു..)
###ഷെഫീർ പരപ്പത്ത്.###

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo