Showing posts with label AyshaKhaleel. Show all posts
Showing posts with label AyshaKhaleel. Show all posts

പുറമ്പോക്കിലെ കൂടാരങ്ങൾ

ഉറക്കത്തെ അലോസരപ്പെടുത്തിയ ആ കരച്ചിൽ കേട്ടവൻ എഴുന്നേറ്റപ്പോൾ അടുത്ത് കിടന്നിരുന്ന ചേച്ചി എഴുന്നേറ്റു പോയിരുന്നു.
കീറിയ താർപായയുടെ വിടവിൽകൂടി സൂര്യപ്രകാശം കണ്ണിലേക്കടിച്ചതും അവൻ പതിയെ എഴുന്നേറ്റു കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി. ഷെഡ്‌ഡിന്റെ വലതുഭാഗത്തായി കൂട്ടിയിട്ട ഉപയോഗശൂന്യമായ ടാർബിന്നുകളുടെ ഇടയിൽ നിന്നാണ് അവനപരിചിതമായ ശബ്ദം ആദ്യമായി കേട്ടത്.
ചരളിൽ കാൽമുട്ട് കുത്തിനിന്നു അവൻ ടാർബിന്നുകൾക്കുള്ളിലേക്കു ഏന്തി വലിഞ്ഞു നോക്കി. അതിനിടയിൽ നിന്നും ആ കൊച്ചു പൂച്ചക്കുട്ടിയുടെ കണ്ണുകൾ തിളങ്ങി. അത് അവനെ കണ്ടതും ഭയചകിതനായി വീണ്ടും കരയാൻ തുടങ്ങി.
അവൻ തന്റെ കൊച്ചു കൈകൾ ടാർബിന്നുകൾക്കിടയിലേക്കു ഇടാൻ ഒരു വിഫലശ്രമം നടത്തി. എട്ടുവയസ്സുകാരന്റെ കൈകൾക്കെത്താൻ കഴിയുന്നതിലും ദൂരെയായിരുന്നു പൂച്ചകുഞ്ഞിരുന്നത്...
പലതവണ ശ്രമിച്ചപ്പോൾ അവന്റെയുള്ളിലെ ജന്മസിദ്ധമായ വാശി പുറത്തു വന്നു. ക്രമേണെ അത് കടുത്ത ദേഷ്യത്തിൽ പര്യവസാനിച്ചു. ടെന്റിന്റെ സൈഡ് കെട്ടാൻ അച്ഛൻ കൊണ്ടുവച്ച ഒരു നീളൻ കമ്പെടുത്തു അവനതിനുള്ളിലേക്കു കുത്താൻ തുടങ്ങി ദയനീയമായ ശബ്ദത്തോടെ പൂച്ചകുഞ്ഞു കരയാൻ തുടങ്ങി...
' ശിവാ നീയന്നാ പൻറേൻ ...??'
അവന്റെ കഠിനാധ്വാനം കണ്ടു ചേച്ചി ദൂരെനിന്നും ഓടി വന്നു ചോദിച്ചു..
' അക്കാ അങ്കെ പാറു ഒരു സിന്ന പൂണെ, നാൻ നെറയെ വാട്ടി മുഴിർച്ചി പണ്ണേൻ ആണാ കെടക്കലെ ' തന്റെ ശ്രമം പാഴായതിനാൽ അവൻ ചേച്ചിയോട് പരാതിപ്പെട്ടു...
' ഒണക്ക് വേറെ യെതോ വേലയില്ലയാ '
അവളവനെ കളിയാക്കികൊണ്ടു കയ്യിലെ ചെമ്പു കുടവുമെടുത്തു പുഴയോരത്തേക്കു ഓടിപ്പോയി. അവിടെ അമ്മ പുഴയിൽ നിന്നും വെള്ളമെടുക്കുന്നുണ്ടായിരുന്നു...
ഒരു നാടോടി തെരുവ് സർക്കസ്സുകാരന്റെ മകളാണെന്ന്‌ ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല, നുണക്കുഴിയുള്ള ചിരിയായിരുന്നു ആ പന്ത്രണ്ടുകാരിയുടേത്...
അവൻ വീണ്ടും നീളൻ വടിയെടുത്തു ടാർബിന്നുകൾക്കിടയിലേക്കു കുത്തി, ഇത്തവണ പൂച്ചകുഞ്ഞിനതു കൊണ്ട്. അത് നിർത്താതെ കരയാൻ തുടങ്ങി. അവന്റെയുള്ളിൽ കുറ്റബോധം നിറയാൻ തുടങ്ങി കയ്യിലെ വടിയെടുത്തു അവൻ ദൂരേക്ക്‌ കളഞ്ഞു. ജന്മനാശോഷിച്ച കാലുകൾ വച്ച് അവൻ ടാർബിന്നുകൾക്കു മുകളിൽ ഏന്തി വലിഞ്ഞു കയറി ഒന്ന് രണ്ടു ബിന്നുകൾ താഴേക്ക് വലിച്ചിട്ടു.
പൂച്ചകുഞ്ഞിനു ഓടാൻ കഴിയാതെയായപ്പോഴേക്കും അവന്റെ പിടുത്താം അതിന്റെ കഴുത്തിന്റെ പിറകു വശത്ത് വീണിരുന്നു..
അവൻ പതിയെ അതിനെ ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുവന്നു ഒരു മൂലയിൽ വച്ചു. അത് പേടിച്ചു പത്രങ്ങൾക്കിടയിലേക്കു മറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ ഒരു കുഞ്ഞുപാത്രത്തിൽ കുറച്ചു കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്തു, അതിനെ പിടിച്ചു പാത്രത്തിന്റെ അടുത്ത് വച്ചപ്പോഴേക്കും അത് കുതറി പുറത്തേക്കു ഓടിപ്പോയി.
അവനു കടുത്ത നിരാശതോന്നി, പിറകെ ഓടാൻ അവന്റെ ശോഷിച്ച കാലുകൾ അനുവദിക്കില്ലെന്ന് അവനറിയാമായിരുന്നു. തന്റെ വൈകല്യത്തെ ശപിച്ചുകൊണ്ട് അവൻ ചെമ്പിലെ കഞ്ഞിവെള്ളം വലിച്ചു കുടിച്ചു പുഴക്കരയിലോട്ടു വേച്ചു വേച്ചു പോയി...
കവലയ്ക്കടുത്തായിരുന്നു ആ നാടോടി ടെന്റു, അവനും അച്ഛനും അമ്മയും ചേച്ചിയുമായിരുന്നു ആ താത്കാലിക ടെന്റിലെ അന്തേവാസികൾ...
വൈകുന്നേരത്തോടെ കവലയിൽ അച്ഛൻ സർക്കസിനുള്ള കോപ്പുകൂട്ടും, പ്രധാന അഭ്യാസികൾ അച്ഛനും ചേച്ചിയും, അമ്മയായിരുന്നു ഗ്രൂപിലെ വാദ്യോപകരണം കൈകാര്യം ചെയ്യുന്നത്‌..
കാഴ്ചക്കാരേറെയും അമ്മയുടെ നേരെ കണ്ണെറിയുമ്പോൾ അവൻ അമ്മയുടെ ഓരം ചേർന്നിരിക്കും. കാണികൾ എന്തൊക്കെയോ അമ്മയോട് ചോദിക്കുന്നുണ്ട്. അതിനുനേരെ ശൗര്യത്തോടെ കണ്ണെറിഞ്ഞു അമ്മ ബാന്റടിച്ചു കൊണ്ടിരുന്നു. നാണയത്തുട്ടുകളേറെയും അമ്മയുടെ മാറിലേക്കായിരുന്നു എറിയപെട്ടതു. എന്തായാലും പുറത്തേക്കു പോവാത്തതു അവനു ഗുണമായി, അവൻ ആവേശത്തോടെ അതെല്ലാം പെറുക്കിയെടുത്തു...
രാത്രി കഞ്ഞികുടിക്കാനായി ഇരുന്നപ്പോളാണ് അവൻ വീണ്ടും പൂച്ചക്കുഞ്ഞിനെ കാണുന്നത്, ഇരുട്ടിൽ നിന്നും അത് പതിയെ ടെന്റിനടുത്തേക്കു വന്നു അകത്തേക്ക് വരാൻ ഭയന്ന് കൊണ്ട് പുറത്തു നിന്നു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ അതിന്റെ കുഞ്ഞു കണ്ണുകൾ തിളങ്ങി..
ചേച്ചി കുറച്ചു ചോറെടുത്തു ഒരു കടലാസുകീറിൽവച്ചുകൊടുത്തു ആദ്യം ഭയന്നെങ്കിലും അത് പതിയെ വന്നു തിന്നാൻ തുടങ്ങി..
അവൻ പതിയെ അതിന്റെ മൂർദ്ധാവിൽ തലോടി അത് പതിയെ അവസാന വാറ്റും നക്കിയെടുത്തു അവന്റെ ശോഷിച്ച വലതു കാലിനടുത്തേക്ക് ചേർന്നിരുന്നു...
രാത്രിയിലും കുഞ്ഞുപൂച്ചയുടെ കരച്ചിൽ ടാർബിന്നുകൾക്കിടയിൽ നിന്നും കേൾക്കാമായിരുന്നു..
' അക്കാ അത് യേ ഇപ്പടി അഴ്ന്തുക്കിട്ടെ ഇറക്കു..? യേ ന്നും തൂങ്കവേമാട്ടേക്കതു ..? ' - അതിന്റെ കരച്ചിൽ അവനെ ശരിക്കും അലോസരപ്പെടുത്തിയിരുന്നു, ഒരുപക്ഷെ താനിന്നു വടികൊണ്ട് കുത്തിയത് അതിനു തട്ടിക്കാണുമോ..? വേദനിച്ചാവുമോ അതിന്റെ കരച്ചിൽ...?
" ഒരുവേല അന്ത കൊളന്തെ അതൂടെ അമ്മാവേ പാക്കാമേയിരിക്കിത്‌നാലതാ അഴ്ന്തക്കിട്ടെയിരുക്കുതൂന്നു നെനക്കറെൻ " ചിലപ്പോൾ അതിന്റെ അമ്മയെ കാണാഞ്ഞിട്ടാവും പൂച്ചകുഞ്ഞു പറയുന്നതെന്നു പറഞ്ഞു ചേച്ചിയവനെ ആശ്വസിപ്പിച്ചു, അവനെ കെട്ടിപിടിച്ചു അവനോടു ചേർന്നു കിടന്നു....
പിറ്റേന്ന് രാവിലെ ടെന്റിലെ പുതിയ അതിഥിയുടെ കരച്ചിൽ കേട്ടായിരുന്നു അവനെഴുനേറ്റത്. പക്ഷെ ഇത്തവണ അതവന്റെ പുൽപ്പായയുടെ അടുത്തായി വന്നിരിക്കുന്നുണ്ടായിരുന്നു. അവൻ മൃദുവായി അതിന്റെ മൂർദ്ധാവിൽ തലോടി , അത് അവന്റെ പുതപ്പിന്റെ അടുത്തേക്ക് ചേർന്നിരുന്നു...
പകലുകളിൽ അവന്റെ സ്ഥിരം കൂട്ടാവുകയായിരുന്നു ആ കുഞ്ഞുപൂച്ച, വൈകുന്നേരങ്ങളിൽ കവലയിൽ അവൻ നാണയത്തുട്ടുകൾ ശേഖരിക്കുമ്പോഴും കാണികളിലൊരാളായി ആ കുഞ്ഞുപൂച്ചയുമുണ്ടായിരുന്നു.
വലിച്ചുകെട്ടിയ കമ്പയ്ക്കു മുകളിലൂടെ തലയിൽ മൺകുടവുമായി അഭ്യാസം നടത്തുന്ന ചേച്ചിയെ തെല്ലൊരു ഭയത്തോടെ പൂച്ചകുഞ്ഞു നോക്കിനിന്നു. ഓരോ തവണയും കയറിൽ നിന്നും താഴേക്കിറങ്ങുന്ന ചേച്ചിയുടെ അടുത്തേക്ക് പൂച്ചകുഞ്ഞു ഓടിച്ചെല്ലും, ചേച്ചിയവന്റെ പുറത്തു പതിയെ തലോടി വീണ്ടും കയറിൻമുകളിലോട്ടു ഓടിക്കയറും...
പുതിയ കൂട്ടുകിട്ടിയപ്പോൾ അവന്റെ പകലുകൾ തിരക്കേറിക്കൊണ്ടിരുന്നു, മറ്റാരേക്കാളും നേരത്തേയെഴുനേൽക്കാൻ തുടങ്ങി , പകൽ മുഴുവൻ ടാർബിന്നുകളുടേയും പുഴയോരത്തെ പുൽതകിടിലും അവൻ പൂച്ചക്കുഞ്ഞിനെ കൂടെ ഓടിച്ചാടിനടക്കും, അവന്റെ വൈകല്യത്തെ അവൻ മറന്നു തുടങ്ങിയതുപോലെ, കാലിലെ ശേഷിക്കുറവ് അവനറിഞ്ഞതേയില്ല. രാത്രിയിൽ ഏറെ വൈകിയും പെട്രോമാക്സിന്റെ അരണ്ടവെളിച്ചത്തിൽ അവനും ചേച്ചിയും പൂച്ചകുഞ്ഞിനെയും താലോലിച്ചിരിക്കും, പിന്നെ പതിയെ മൂവരും തളർന്നു ഉറക്കിലേക്കു വഴുതിവീഴും...
ടെന്റിനു പുറത്തെ അപരിചിത ശബ്ദം കേട്ടാണ് രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഞെട്ടിയുണർന്നത്, പുറത്തു ടെന്റിനോട് ചേർന്നു അച്ഛന്റെ മുരൾച്ച കേൾക്കാം, ആരൊക്കെയോ അടക്കംപിടിച്ചു സംസാരിക്കുന്നു. ടെന്റിനു വെളിയിലേക്ക് അവർ അമ്മയെ വലിച്ചു കൊണ്ടുപോവുന്നതു പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു. അവ്യക്തമായി അവനാമുഖങ്ങൾ ശ്രദ്ധിച്ചു , വൈകുന്നേരം കാണികളിൽ കണ്ട അതെ മുഖച്ഛായ. ഞെട്ടിയുണർന്ന ചേച്ചിയെ അവരിലൊരാൾ വായപൊത്തിപ്പിടിച്ചുകൊണ്ടു കൊണ്ട് പായയോട് ചേർത്തികിടത്തി, കൈകാലുകളിട്ടടിക്കുന്നതിനിടയിൽ ചേച്ചിയുടെ കാലു തട്ടി പെട്രോമാക്സ്‌ തെറിച്ചു പോയി. ചുറ്റും ഇരുട്ട്, ആരോ അവനെ വലിച്ചു ടെന്റിന്റെ മൂലയിലേക്കിട്ടു. ഭയന്ന് വിറച്ച അവൻ കയ്യിലെ പുതപ്പു നെഞ്ചോടു ചേർത്ത് നിലത്തോട് ചേർന്നു കിടന്നു....
ഉണർന്നപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു.
അമ്മയുടെ നെറ്റിയിലും ചുണ്ടിലും ചോരപൊടിയുന്നുണ്ടായിരുന്നു. സാരി അലസമായി പുതച്ചുകൊണ്ടു അമ്മ ചേച്ചിയുടെ അടുത്തിരുന്നു വിതുമ്പിക്കരയുന്നു.
ചേച്ചിയുടെ മുഖത്തും ചുണ്ടിലും ചോരവാർന്നൊലിക്കുന്നുണ്ടായിരുന്നു, ശരീരമാസകലം മുറിവുകളും, കാലുകൾക്കിടയിൽ കൂടി രക്തം ഒലിച്ച പാടുകൾ.
ചേച്ചിയെന്തേ ഉണരാത്തതു...?
അവൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചേർന്നിരുന്നു. അവനെ കണ്ടതും അമ്മ വിങ്ങിക്കരയാൻ തുടങ്ങി.
നെറ്റിയിലെ മുറിവിൽ ഒരു തുണി കെട്ടിക്കൊണ്ടു അച്ഛൻ ടെന്റിലേക്കു കയറി, കയ്യിലെ മൺവെട്ടി ടെന്റിലെ മൂലയ്ക്ക് വച്ചു. അച്ഛന്റെ കറുത്ത നെറ്റിത്തടങ്ങളിൽ കൂടി വിയർപ്പു ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു....
അച്ഛൻ അമ്മയുടെ വൃത്തിയുള്ള സാരികൊണ്ടു ചേച്ചിയെ പുതച്ചു. തുണി വെള്ളത്തിൽ മുക്കി മുഖവും ശരീരവും തുടച്ചു, പതിയെ ചേച്ചിയെ കോരിയെടുത്തു പുഴയോരത്തേക്കു നടന്നു. അമ്മ തളർന്ന മിഴികളോടെ നിർവികാരമായി നോക്കിയിരുന്നു. അവനും അച്ഛന്റെ കൂടെ പുഴയോരത്തേക്കു നടന്നു, അച്ഛൻ പുഴയോരത്തെ കുഴിയിലേക്ക് ചേച്ചിയെ ഇറക്കി വച്ചു. കാൽമുട്ട് മണ്ണിൽ താഴ്ത്തി വച്ച് അച്ഛൻ ചേച്ചിയെനോക്കി. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നെ മൺവെട്ടികൊണ്ടു പതിയെ കുഴിയിലേക്ക് മണ്ണെടുത്തിട്ടു...
ഉയർന്നു കിടന്ന കുഴിമാടത്തിന്റെ മുകളിൽ അയാള് രണ്ടു വലിയ കല്ലുകൾ എടുത്തുവച്ചു, തലഭാഗത്തായി ഒരു ചെറിയ കാഞ്ഞിരച്ചെടിയുടെ തണ്ടെടുത്തു കുഴിച്ചു വച്ചു.
കാറ്റിൽ കാഞ്ഞിരത്തിന്റെ ഇലകൾ അലക്ഷ്യമായി പാറിക്കൊണ്ടിരുന്നു..
ശേഷം അയാൾ അവന്റെ കൈപിടിച്ച് ടെന്റിലേക്കു നടന്നു കയറി. കുറച്ചു സമയങ്ങൾക്കകം അയാൾ ആ ടെന്റുപൊളിച്ചു സാധനങ്ങളെല്ലാം ഒരു ഭാണ്ഡച്ചുമടാക്കി ഭാര്യയും മകനെയും ചേർത്ത് നടക്കാൻ തുടങ്ങി. നീണ്ട റോഡിന്റെ ഓരം ചേർന്നു മൂവരും നടന്നു നീങ്ങി. പതിയെ പതിയെ നീണ്ട റോഡിന്റെ വിദൂരതയിൽ അവർ മൂവരും മാഞ്ഞുപോയി......
പൂച്ചകുഞ്ഞു കരഞ്ഞുകൊണ്ട് ടാർബിന്നുകൾക്കു അടിയിൽ നിന്നും പുറത്തു വന്നു. ടെന്റുണ്ടായിരുന്ന സ്ഥലത്ത് അതു കുറേനേരം അലഞ്ഞു നടന്നു. പിന്നെ പതിയെ പുൽത്തകിടിൽ മണംപിടിച്ചു പുഴയോരത്തേക്കു നടന്നു, ഒടുവിൽ കുഴിമാടത്തിന്റെ അരികിലായി ഏറെനേരം ആ വെയിലിൽ അത് കരഞ്ഞു കൊണ്ടിരുന്നു.....!

ചിതൽപ്പുറ്റുകൾ

Termitiera, Safari, Tanzania, Karater Ngorongoro

' അപ്പൂന്റെ കൈക്കെന്തു ശക്തിയാ, നിക്ക് ശരിക്കും നൊന്തുട്ടോ, ഞാനോപ്പോളോട് പറഞ്ഞു കൊടുക്കും'
' പോടീ കാന്താരി, നീ പോയി പറഞ്ഞു കൊടുക്ക് എന്നെ ആരും ഒന്നും ചെയ്യില്ല '
മാളുവിന്റെ ചിണുക്കം കാണാൻ വേണ്ടി മാത്രമായിരുന്നില്ല, അവളുടെ കൈത്തണ്ടയ്ക്ക് ഒരു വല്ലാത്ത മിനുസമായിരുന്നു..
' അപ്പു അമ്മയില്ലാത്ത കുട്ടിയായോണ്ടല്ലേ ആരും ഒന്നും പറയാത്തെ , അതിന്റെ പത്രാസ്സു ന്റടുത്തു കാണിക്കണ്ടാ '
അവൾ ചൊടിയോടെയാണ് പറഞ്ഞതെങ്കിലും ഉള്ളിലെവിടെയോ ഒരു നീറ്റൽ തോന്നി , കാച്ചിയ എണ്ണയുടെ ഗന്ധം ഉള്ളിലെവിടെയോ പടർന്നപോലെ , കണ്ണുകൾ അറിയാതെ നിറഞ്ഞുതുളുമ്പി..
മുഖത്തു ചൊടിയുണ്ടെങ്കിലും പെട്ടന്ന് മാളുവിൻറെ മുഖവും വാടി,
' അയ്യോ , അപ്പു കരയ്യ്യാ ഞാനൊരു തമാശ പറഞ്ഞതല്ലേ , അപ്പൂന് ഞാനില്ലേ ...'
ആശ്വസിപ്പിക്കാനാണെങ്കിലും ഉള്ളിൽത്തട്ടിയായിരുന്നു അവളു പറഞ്ഞതെന്നു അവളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു..
കൗമാരത്തിന്റെ തുടിപ്പുകൾ അവളിൽ കാണുമ്പോഴെല്ലാം ആധിയാരുന്നു ഉള്ളിൽ. അവൾ തന്നെക്കാൾ വേഗത്തിൽ വളരുന്നുണ്ട്. നടത്തിലും ചേഷ്ടകളിലും അവളിൽ ഒരു യുവതിയുടെ നിഴൽ വീഴുന്നത് തെല്ലൊരു ഭയത്തോടെ താനും ആസ്വദിച്ചിരുന്നു.
തെക്കേപ്പാട്ടിലെ കാര്യസ്ഥൻ അച്യുതന്റെ മകന് അവിടത്തെ വീട്ടുവേലക്കാരി സാവിത്രിയുടെ മകളെ പ്രണയിക്കുന്നതിൽ പ്രത്യേകിച്ച് സോഷ്യലിസം നോക്കേണ്ട ആവശ്യവുമില്ലായിരുന്നു. താത്വികമായി പറഞ്ഞാൽ ഒരേ തട്ടിലുള്ളവർ..
പടിഞ്ഞാറ്റമ്പലത്തിലെ കുളക്കടവും, അരയാലും ഒരു നിശബ്ദപ്രണയത്തിന്റെ മൂകസാക്ഷികളായിരുന്നു. സന്ധ്യയ്ക്കു പടിഞ്ഞാറേക്കാവിൽ വിളക്ക് കൊളുത്താൻ ഓപ്പോൾ അവളെ ഏൽപ്പിച്ചതും അവളിലെ ലക്ഷ്മീ കടാക്ഷം കൊണ്ടാവാം, അവളുടെ മുഖത്തു അത്രയ്ക്ക് ഐശ്വര്യമുണ്ടായിരുന്നു.
എന്തോ അതു തനിക്കൊരു ഭാഗ്യായിട്ടാണ് തോന്നിയത്. വല്ലപ്പോഴും അവളെ തനിച്ചൊന്നു കാണ് ണച്ചാൽ സന്ധ്യക്ക്‌ സർപ്പക്കാവിലേക്കു പോയാൽ മതിയല്ലോ...
ഒരിക്കൽ തന്റെ അസമയത്തെ കാവിലെ സന്ദർശനം ഓപ്പോൾ കയ്യോടെ പിടിച്ചതാണ്.
' അപ്പൂ , നിക്കറിയാ ന്റെ കുട്ടിയിപ്പോ ഇവിടെ വന്നതെന്തിനാന്നു '
മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. കള്ളം വരാഞ്ഞിട്ടല്ല, ഒപ്പോളോടത്‌ പറഞ്ഞു ശീലല്യ. തെക്കേപ്പാട്ടെ ശ്രീദേവി ആയിരുന്നില്ല അവർ തനിക്കു,
ഓർമയിൽ കാച്ചിയ എണ്ണയുടെ ഗന്ധം മാത്രമുള്ള അമ്മയെന്ന ശൂന്യത വല്ലപോഴെങ്കിലും തോന്നാതിരുന്നതു ഓപ്പോളുടടുത്ത് വരുമ്പോഴാരുന്നു.
ഏതോ വലിയ തറവാട്ടിലേക്കു ഓപ്പോളെ വേളി കഴിച്ചയച്ചപ്പോൾ ശങ്കരപ്പണിക്കാരുടെ കവടിക്കു ആദ്യമായി പിഴചിട്ടുണ്ടാവാം, അല്ലാതെ ദീർഘസുമംഗലീ ഭാഗ്യം ഓപ്പോളുടെ ജാതകത്തിൽ നിന്നും മായ്ക്കാൻ മാത്രം ഈശ്വരൻ അത്ര ക്രൂരനല്ലല്ലോ...
' ഓപ്പോളേ നിക്ക് അവളില്ലാതെ വയ്യ '
' അപ്പൂ, നീയിപ്പോ പഠിക്കല്ലേ , മൂന്നാലു കൊല്ലം കൂടി കഴിഞ്ഞു പഠിത്തമൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ കിട്ടട്ടെ , ഞാൻ തന്നെ അച്യുതൻ നായരോട് കാര്യം പറയുന്നുണ്ട്, ന്റെ കുട്ടീടെ ഇഷ്ടത്തിന് ഓപ്പോള് എതിര് നിക്കോ'
മനസ്സിൽ ഒരായിരം ശലഭങ്ങൾ പറക്കുന്നതു പോലെ,
ഓപ്പോൾ പറഞ്ഞാൽ അച്ഛനും എതിരഭിപ്രായമുണ്ടാവില്ല. മാളുവിനോടിത് പറയാതെ ഇനി ഉറക്കം വരില്ല,
പടിഞ്ഞാറേ കാവും കഴിഞ്ഞു തെക്കേപ്പാട്ടെ കിഴക്കിനിയുടെ പിറകിലെത്തിയതും അച്ഛൻ ഓടികിതച്ചു കൊണ്ട് വരുന്നു.
' അപ്പൂ നീയെവിടെയാരുന്നു, എവിടെയൊക്കെ അന്വേഷിച്ചു ...? പെട്ടന്ന് വീട്ടിലേക്കു വാ '
കാര്യമൊന്നും അന്വേഷിക്കാൻ സമയം തരാതെ അച്ഛൻ കൈപിടിച്ച് ധൃതിയിൽ നടന്നു..
കൈയ്യിലെ ചൂട്ടു കെട്ടുപോയെങ്കിലും അച്ഛന് വഴിയിലെ കല്ലും കുഴികളും നിശ്ചയമായിരുന്നു.
അച്ഛൻ എന്തൊക്കെയോ മനസ്സിൽ കണ്ടു കൊണ്ടാണീ പോവുന്നതെന്ന് ആ നടത്തത്തിന്റെ വേഗത കണ്ടാലറിയാം.
വീട്ടിലെത്തിയതും അച്ഛൻ ധൃതിയിൽ മുറിയിൽ കയറി കയ്യിൽ കിട്ടിയ തന്റെ ഷർട്ടും പാന്റുമെല്ലാം ഒരു ബാഗിൽ കുത്തി നിറച്ചു.
ക്ഷമയ്ക്കുമില്ലേ ഒരതിര് , അവസാനം സഹികെട്ടു ചോദിച്ചു.
' അച്ഛനെന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത് , എന്തിനാ ന്റെ വസ്ത്രങ്ങളെല്ലാം ബാഗിൽ നിറക്കുന്നത് ..? '
' ന്റെ കുട്ടി അച്ഛൻ പറയുന്നത് കേൾക്കണം , നാട്ടുകാര് കൂടുന്നതിന് മുൻപ് എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കോ '
' അച്ഛനെന്തൊക്കെയാ ഈ പറയുന്നത് ..? '
' അപ്പൂ, തെക്കേപ്പാട്ടെ കുളക്കടവിൽ ഒരു ശവം പൊന്തീട്ടുണ്ട് '
ഒരു ഞെട്ടലോടെയാണ് കേട്ടതെങ്കിലും ഉള്ളിൽ വല്ലാത്ത ജിജ്ഞാസയായിരുന്നു ..
' അതിനു ഞാനെന്തിനാ ...' വാക്കുകൾ മുഴുമിക്കാൻ സമ്മതിക്കാതെ അച്ഛൻ പറഞ്ഞു.
' മ്മടെ സാവിത്രീടെ മാളു...'
ഉള്ളിലെവിടെയോ ഒരായിരം ഇടി വെട്ടുന്നത് പോലെ. കണ്ണിൽ ഇരുൾ പടരുന്നുവോ. തൊണ്ട വരളാൻ തുടങ്ങി. വാക്കുകൾ പുറത്തോട്ടു വരാത്തത് പോലെ.
' നിക്കറിയായിരുന്നു നെനക്ക് അവളെ ഇഷ്ടമായിരുന്നു എന്ന്, പക്ഷെ ഇതിപ്പോ എല്ലാരും കൂടി ന്റെ കുട്ടിയെ ..."
' അച്ഛാ മാളൂനെ ഞാൻ..'
'അറിയാം ഒന്നും ഇങ്ങോട്ടു പറയണ്ടാ, അച്ഛൻ എന്നും ആജ്ഞകൾക്കു മുന്നിൽ ഒരു കാവൽ പട്ടിയെ പോലെയാരുന്നു. ഇന്നെന്റെ കുട്ടിയോടും ചെയ്യുമ്പോൾ അച്ഛൻ നിസ്സഹായനാണ് കുട്ടീ.."
' പലതിനും ഈ അച്ഛൻ സാക്ഷിയായിരുന്നു , ഒരിക്കൽ പോലും എതിര് നിൽക്കാത്തതിന് ഈശ്വരൻ തന്ന ശിക്ഷയാ ഇത് . ഇന്നീ ചതുരംഗക്കളിയിൽ ന്റെ കുട്ടിയെ കാലാളാക്കി കളിക്കുമ്പോഴും അച്ഛന് മറുത്തൊന്നും പറയാനാവുന്നില്ലല്ലോ.. ഈശ്വരാ..."
അച്ഛന്റെ ഉള്ളു പിടയുന്ന ശബ്ദം ആദ്യമായി അറിഞ്ഞു. ജന്മിത്വത്തിന്റെ അടിയനായിരുന്നു അച്ഛനെന്നും , തന്റെയുള്ളിലെ കമ്യൂണിസത്തെ വേരോടെ പിഴുതെറിയാൻ തെക്കേപ്പാട്ടിലെ കാരണവന്മാരുടെ ആജ്ഞ വന്നപ്പോഴും രഹസ്യമായി അച്ഛനതിനെ അനുകൂലിച്ചിരുന്നു...
' ഞാനെങ്ങോട്ടും പോവുന്നില്ലച്ഛാ , ആരാണ് ...'
' ന്റെ കുട്ടീടെ കാലിൽ വീഴാം ഈ അച്ഛൻ. എങ്ങോട്ടെങ്കിലും ഓടി പോ , അച്ഛന് വയ്യ ഇതൊന്നും കാണാൻ '
പറഞ്ഞു തീരും മുൻപ് അച്ഛൻ തന്റെ കാൽക്കൽ വീണിരുന്നു..
' എന്തായിത് അച്ഛാ .. എഴുനേൽക്കു ..ഛെഹ് '
അച്ഛന്റെ നിസ്സഹായാവസ്ഥയ്ക്കു മുന്നില് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല..
പ്രത്യേകിച്ചു എടുക്കാനൊന്നുമില്ല. മുറിക്കുളിൽ കയറി, അമ്മയുടെ മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുടെ പാതിയും ചിതലരിച്ചിരുന്നു. മേശവലിപ്പിൽ നിന്നും കൊത്തുപണികളുള്ള ഒരു കൊച്ചു മരപ്പെട്ടിയെടുത്തു , ചെറുപ്പത്തിലെങ്ങോ ഒരു പിറന്നാളിന് മാളു തന്നതായിരുന്നു...
അവള് പ്രാണനെ പോലെ കൊണ്ട് നടന്ന ഒരു കൊച്ചു മരപ്പട്ടി, അതിൽ നിറയെ മഞ്ചാടിക്കുരുകൾ ആയിരുന്നു. ഒത്തിരി വഴക്കിട്ടതായിരുന്നു അതിനു വേണ്ടി അവളോട്, ഒടുവിൽ ആ വർഷത്തെ പിറന്നാളിനു അവളതു സമ്മാനമായി തരുമ്പോൾ അതിലവളുടെ പ്രണയമായിരുന്നോ അതോ പ്രാണൻ തന്നെയായിരുന്നോ...
കടത്തുതോണി കയറി പുഴ കടന്നു ഇരുട്ടിൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കുമ്പോഴും ആ മരപ്പട്ടി നെഞ്ചോടു ചേർത്ത് പിടിച്ചു. മാളുവിന്റെ
കൈത്തടം പോലെ അത് വളരെ മിനുസമുള്ളതായി തോന്നി.....
******
കാലം ബാക്കി വയ്ക്കുന്നത് ഓർമ്മകളുടെ കുറേ നരച്ച ഛായാചിത്രങ്ങൾ മാത്രമാണെന്ന് തോന്നും. ചിലപ്പോൾ, അവ പാടവരമ്പിലെ ചിതൽപുറ്റുകൾ പോലെ ആർക്കും വേണ്ടാതെ ഏതോ കൂടൊഴിഞ്ഞ സ്മാരകം കണക്കെ ജീവിതത്തിന്റെ ഒരേടു മാത്രമായി ഒറ്റപ്പെട്ടുകിടക്കും.
ഗോലാബരി, കൊൽക്കത്തയുടെ ഹൃദയഭാഗത്തു ഹൂഗ്ലിയുടെ തീരത്തോട് ചേർന്നു ,ചുമച്ചു തുപ്പുന്ന വൃദ്ധനെപ്പോലെ വിഴുപ്പിന്റെ ഭാണ്ഡവുമേറി പകലുകൾ കൊഴിയുന്നതറിയാതെ ആരോടും പരിഭവിക്കാതെ ചാഴ്ഞ്ഞുറങ്ങുന്ന പുഴയോരം.
കയ്യിലെ ചുരുട്ട് കുത്തിക്കെടുത്തി ടെറസ്സിൽ നിന്നും അകത്തേക്ക് കയറി. ഈ ബാൽക്കണിയിൽ നിന്നാൽ ഹൂഗ്ലി നദിയുടെ ചുവന്ന സൗന്ദര്യം അതിന്റെ വശ്യമായ നിഗൂഢതയിലേക്കു ക്ഷണിക്കുന്നത് പോലെ തോന്നും, എന്തോ ഈ തീരമൊരു ഗൃഹാതുരത്വമായി തോന്നിയത് കൊണ്ടാവാം പറഞ്ഞ വിലകൊടുത്തു ഈ ബംഗ്ളാവ് വാങ്ങിയത്...
ഈ നഗരം തനിക്കു നൽകിയതെന്താണ് , ഒരഭയാർത്ഥിയായി വന്ന താൻ ഈ നഗരത്തിൽ നേടിയെന്താണ്, നേട്ടങ്ങളെക്കാളേറെ നഷ്ടങ്ങളായിരുന്നു. എന്നോ മറന്ന തന്റെ പേര് , ആരോ ചാർത്തിയ വിളിപ്പേരിൽ താൻ മറന്നത് ആ പേര് മാത്രമായിരുന്നില്ല. എപ്പോഴോ ചിതലരിച്ച തന്റെ ആത്മാവിനെയായിരിക്കാം...
അകത്തു കയറിയപ്പോൾ മുറിയിലെ വലിയകണ്ണാടിക്ക് മുന്നിൽ ഏതോ രൂപം , ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ പ്രതിരൂപം എന്തോ പരിഹാസം കണക്കെ കണ്ണാടിയിൽ നിന്നും തുറിച്ചു നോക്കുന്നു. തന്നെ തന്നെ തിരിച്ചറിയാതിരിക്കാൻ മാത്രം താൻ തളർന്നിരിക്കുന്നു.
മുടിയിഴകളിൽ നരയുടെ വെളുത്ത രേഖകൾ തെളിഞ്ഞു കാണാൻ തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ കറുത്ത പാടുകളിൽ ചുളിവുകൾ വീണത് ഏതൊക്കെയോ ചില ഓർമപ്പെടുത്തലുകളാവാം.
പലപ്പോഴും സ്വപ്നങ്ങളിൽ പാടവരമ്പും കൽവിളക്കും അരയാലുമൊക്കെയായി കോർത്തിണക്കിയ ദുഃസ്വപ്നങ്ങൾ വൈകിയെത്തുന്ന നിദ്രയെ വേട്ടയാടുമ്പോഴൊക്കെ ആലോചിക്കാറുള്ളതാണ് ഒരു തിരിച്ചുപോക്ക്. ഇല്ലെങ്കിൽ ഈ നഗരത്തിൽ ഒരു ഭ്രാന്തനെ പോലെ താനലയും.
ആസാദ് റോഡിലെ തെരുവ് വിളക്കിനു കീഴിൽ ഒരു ഭ്രാന്തൻ ഇരിക്കുന്നത് കണ്ടിരുന്നു. ഇടയ്ക്ക് അയാൾ തമിഴിൽ എന്തൊക്കെയോ ശ്ലോകങ്ങൾ പുലമ്പും . മുഷിഞ്ഞു കീറിയ ഷർട്ടിനുള്ളിൽ കൂടി അയാളുടെ പൂണൂലു കാണാം. ചില രാത്രികളിൽ അയാള് ആ പൂണൂല് വലിച്ചുകൊണ്ട് ഭ്രാന്തമായി അലറിക്കരയും. പെട്ടൊന്നൊരുവേള അയാളുടെ സ്ഥാനത്തു തന്നെയും ആലോചിച്ചുപോയി.
അല്ലെങ്കിലും ഇനിയും എന്തിനു പോകാതിരിക്കണം.
ആരോട് തീർക്കാനാണ് ഈ വിദ്വേഷം,
വയ്ക്കരി വയ്ക്കാനുള്ള യോഗമില്ലാതെ പോയ അച്ചനോടോ അതോ സ്വപ്നങ്ങളെ കുളക്കടവിൽ ചവിട്ടിത്താഴ്ത്തിയ വ്യവസ്ഥിതിയോടോ ...?
******
വയലിനടുത്തുള്ള ടാറിട്ടറോഡിനിരുവശവും പുൽനാമ്പുകൾ മുളച്ചു വരുന്നത് കണ്ടാലറിയാം റോഡിന്റെ പുതുക്കം. വഴികളിൽ പലതും പുതുമയേറിയതായിരുന്നു ഓർമകളിൽ പൊടിതട്ടിയെടുക്കാനുള്ളതൊന്നും തന്നെ അവശേഷിക്കാതെ ഗ്രാമവും വളർന്നിരിക്കുന്നു.
" സാർ ഇനിയങ്ങോട്ട് വണ്ടി പോകുമെന്നു തോനുന്നില്ല "
തെക്കേപ്പാട്ടെ പടിപ്പുരയിൽ എത്തിയതും ഓർമ്മകളിൽ നിന്നുണർന്നു.
" സാരമില്ല ശേഖർ വണ്ടി ഒതുക്കിക്കോളൂ "
ആകെ മാറിയിരിക്കുന്നു ചുറ്റുപാടിൽ പരിചിതമായതൊന്നും തന്നെയില്ല. തെക്കേപ്പാട്ടെ മതിലിൽ ഒരു ബോർഡ് എഴുയിരിക്കുന്നു. ഏതോ റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണെന്നു തോനുന്നു.
'' ആ മന കൊടുത്തു സാറെ, ഏതോ വലിയ റിസോർട്ടുകാരാ എടുത്തത് അവര്ടെ എന്തൊക്കെയോ വലിയ പ്രോജെക്ട് വരുന്നുണ്ടത്രേ "
പിറകിൽ ഒരു ചെറുപ്പക്കാരന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്
" ടൗണിൽ എയർപോർട് വരികയല്ലേ, അതോണ്ട് ഇവിടെയെല്ലാം സ്ഥലത്തിന് നല്ല വിലയാ, സാറിനു താല്പര്യം ഉണ്ടെങ്കിൽ പറ്റിയ സ്ഥലം മ്മടെ കയ്യിലുണ്ട്ട്ടാ "
'' അപ്പോൾ ഇവിടെയുണ്ടായിരുന്നവരൊക്കെ ..?"
ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.
" ഭാഗം വയ്ക്കുന്നതിന് മുൻപേ എല്ലാരും പലേടത്തേക്കു മാറിയതല്ലേ. അമേരിക്കയിലുള്ള ചെറിയ തംമ്പ്രനല്ലേ ഇത് റിയൽ എസ്റ്റേറ്റ്കാർക്കു വിറ്റത് , അവര് ഏതോ ഹോട്ടലുകാർക്കു മറിച്ചു വിറ്റുന്നാ കേട്ടത് "
" ഒഹ് അത് ശരി, അപ്പോ എല്ലാവരും വിദേശത്താണോ ..? "
" കുറച്ചുപേരാരൊക്കെ ബാംഗ്ലൂരും കൊച്ചീലുമൊക്കെയുണ്ട്, പിന്നെയുള്ളത് ശ്രീദേവിയമ്മയാ മക്കളൊന്നുമില്ലാത്തോണ്ട് അവരെ ആരും എങ്ങോട്ടും കൊണ്ടോയില്ല "
" എന്നിട്ട് അവരവിടെ .."
" മന വിൽക്കുന്നത് വരെ അവരൊറ്റയ്ക്കായിരുന്നു ഇവിടെ. ഒഴിയാനുള്ള നോട്ടീസ് കഴിഞ്ഞ ആഴ്ച്ച പടിപ്പുരയിൽ ഒട്ടിച്ചിരുന്നു, എങ്ങോട്ടു പോയോ ആവോ ...?"
ഓപ്പോൾ.......
ഈശ്വരാ.. ആരോരുമില്ലാതെ ആർക്കും വേണ്ടാതെ ഒറ്റയ്ക്ക്.....!
തെക്കേപ്പാട്ടെ മുറ്റത്തേക്ക് കാലെടുത്തു വച്ചതും ഒരു സ്ത്രീ എന്തൊക്കെയോ പുലമ്പികൊണ്ടു വന്നു.
മുടിയിഴകളിൽ നര കയറി വരുന്നതേയുള്ളൂ. സുന്ദരമായ മുഖത്തിനു നടുവിൽ വറ്റിയ നീർത്തടം പോലെ തിളങ്ങുന്ന കണ്ണുകൾ, പച്ചക്കരയുള്ള നേര്യതും വലിയ ഫ്രയിമുള്ള കണ്ണടയും അവരിൽ പണ്ടെങ്ങോ മങ്ങിയ പ്രൗഢിയെ വിളിച്ചോതി.
ഓപ്പോൾ..... മനസ്സറിയാത്ത മന്ത്രിച്ചു.
" ഞാനെങ്ങടും മാറില്ല്യ , ഇനി പോലീസും കോടതിയും വന്നച്ചാൽ പോലും നിക്കു ഒഴിഞ്ഞു തരാൻ പറ്റില്ല്യ "
അതും പറഞ്ഞു അവർ കൊലായിലേക്കു കയറി..
' ഞാനതിനൊന്നും വന്നതല്ല....
നിങ്ങളുടെ പഴയ കാര്യസ്ഥൻ അച്യുതൻ അന്വേഷിച്ചു വന്നതാ '
അവർ തിരിഞ്ഞു നോക്കി, കണ്ണുകൾ പതിയെ വിടർന്നു.
' അച്യുതൻ പോയിട്ട് അഞ്ചട്ടു കൊല്ലായല്ലോ , ബലിയിടാൻ പോലുമാരുമില്ലെന്നു കേട്ടിരുന്നു, ഇവിടുന്നു പോയിട്ട് ഇരുപത്തഞ്ചു കൊല്ലായിക്കാണും, അതെ ഇരുപത്തഞ്ചു തന്നെ, നിക്ക് നല്ല നിശ്ചയണ്ട് '
' ഒരു മകനുണ്ടായിരുന്നല്ലോ കർമ്മങ്ങൾക്കൊന്നും വന്നില്ലേ ..? '
" അപ്പു....., ന്റെ കുട്ടി...." അവരുടെ കണ്ണുകൾ നിറഞ്ഞു..
" എല്ലാരും കൂടി ന്റെ കുട്ടിയെ ഇവിടുന്നു തല്ലിയോടിച്ചതല്ലേ...?
ഒരു തെറ്റും ചെയ്യാത്ത ന്റെ കുട്ടിയെ ല്ലാരും കൂടി കൊലപാതകിയാക്കിയില്ലേ ...?
അവർ വിങ്ങികൊണ്ടു പറഞ്ഞു..
" എവിടെയാണന്നു ആർക്കറിയാം, മരിച്ചു പോയെന്നു ആരോക്കെയോ ഈയിടെ പറയുന്ന കേട്ടു...ഇല്ല...
നിക്കറിയാ ന്റെ കുട്ടി തിരിച്ചു വരും. ഞാൻ ഇവ്ട്ന്ന് പോയാൽ പിന്നെ ന്റെ കുട്ടി വരുമ്പോ ഇവ്ടെ ആരുണ്ടാവില്യ...."
അവർക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
അവരുടെ മുഖത്തേക്ക് നോക്കുംതോറും ഉള്ളിൽ നീറിക്കൊണ്ടിരുന്നു. ഈശ്വരാ ഓപ്പോളിന്നും
തനിക്കു വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നോ ...
വയ്യ അതിന്റെ കണ്ണീരു ഇനിയും കാണാൻ.
" ഓപ്പോളേ ...."
ഉള്ളിലിത്രയും കാലമൊതുക്കി വച്ചതെന്തൊക്കെയോ ഇറങ്ങിപോവുന്നതു പോലെ...
അവരുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടെ തിളങ്ങി. അവർ തന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു...
" അപ്പൂ ....."
" എവിടാരുന്നു ന്റെ കുട്ടിയിത്രയും കാലം,...?
ഈ ഇരുട്ടിൽ ഓപ്പോൾ കാത്തിരുന്നതത്രയും ന്റെ കുട്ടിക്ക് വേണ്ടിയായിരുന്നില്ലേ ...?
ഒരിക്കൽ പോലും ഓർത്തില്ലേ നെന്റെ ഓപ്പോളേ ...??"
ചോദ്യങ്ങൾ ശരങ്ങൾ കണക്കെ ഓപ്പോളിൽ നിന്നുമൊഴുകി....
" എന്നോടൊന്നും ചോദിക്കരുത് ഓപ്പോളേ, എന്റെ കയ്യിൽ ഒന്നിനും മറുപടിയില്ല ..." വിങ്ങിക്കൊണ്ടു പറഞ്ഞു..
" എന്താച്ചാൽ എടുക്ക്വ ഓപ്പോളേ , ഇനിയീ ഇരുട്ടിൽ ഞാനോപ്പോളെ തനിച്ചു വിടില്ല..."
" എടുക്കാനൊന്നുമില്ല കുട്ടീ കാത്തിരുന്നതും ഈയൊരു ദിവസത്തിനായിരുന്നില്ലേ ...!"
ഓപ്പോളെയും ചേർത്തുപിടിച്ചു തെക്കേപ്പാട്ടെ പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഒരു എവിടെയോ ഒരു പാദസ്വരത്തിന്റെ കിലുക്കം,
ഒന്നു തിരിഞ്ഞു നിന്നു കയ്യിലെ മരപ്പെട്ടിയിൽ നിന്നും ഒരു മഞ്ചാടികുരുവെടുത്തു മുറ്റത്തേക്കെറിഞ്ഞു.
പാദസ്വരത്തിന്റെ കിലുക്കം ദൂരെയെങ്ങോ നേർത്തു നേർത്തു അലിഞ്ഞില്ലാതായാവുന്നതറിഞ്ഞു .....!

ചെറുകഥ - വേശ്യയുടെ പകൽ -

ചെറുകഥ
- വേശ്യയുടെ പകൽ -
" ഇവളുമാർക്കിപ്പോ നല്ല ടൈമാ. പഴയ നോട്ടൊക്കെ അവിടേം മാറിക്കിട്ടും "
തിരിഞ്ഞു നോക്കിയില്ല...
പണ്ടൊക്കെ നാവിനു ഒരു തരിപ്പുണ്ടാവാറുണ്ടായിരുന്നു .
എന്തോ , ഒന്നും പറയാൻ തോന്നിയില്ല .
ഇതിപ്പോ രണ്ടാമത്തെ ദിവസമാ ബാങ്കിലെ അതേ ക്യൂ .
കയ്യിലുള്ള ആയിരത്തിലെ ഗാന്ധിയെ നോക്കി , ആ പുഞ്ചിരിയിലെന്തോ ഉള്ളത് പോലെ പരിഹാസമാണോ അതോ സ്വാന്തനമോ .
ഏറെ നേരം നില്ക്കാൻ നടുവേദന ഇന്നും സമ്മതിക്കുമെന്നു തോനുന്നില്ല .
" മോളെ ഞായിപ്പോ ബരാ , മൂത്രക്കടച്ചിലാ കൊറേനേരം പിട്‌ച്ക്കാമ്പറ്റൂലാ ".
ശാരീരികാവശതകൾ മുഴുവൻ ആ വൃദ്ധന്റെ ചെറിയ സംസാരത്തിലുണ്ടായിരുന്നു ..
വാർധക്യം , അതനുഭവിക്കുന്നവർക്കു പലപ്പോഴും ഒരു ബാധ്യത തന്നെയാണ്. യൗവനത്തിൽ തന്നെ വേദനായറിയാതെ മരിക്കാൻ കഴിഞ്ഞെങ്കിൽ അതിനേക്കാൾ വലിയ ഭാഗ്യമൊന്നുമില്ലെന്നു തോന്നും ചിലപ്പോൾ .
ആർക്കുമൊരു ഭാരമാവാതെ , ഓർമകളുടെ ചാരവുമായി ജീവിച്ചു മടുത്തു മണ്ണിലേക്കലിയാൻ...!
ബാങ്കിൽ ആകെ ബഹളമയമാണു . നോട്ടുമാറ്റാനുള്ള ക്യൂ കുറഞ്ഞുവരുന്നു . സാധാരണക്കാരന്റെ കയ്യിലുള്ള പഴയനോട്ടെല്ലാം കഴിഞ്ഞെന്നു തോന്നുന്നു
തുടക്കത്തിലേ ആളും ആരവവും കഴിഞ്ഞു. ഇനിയിപ്പോൾ വിയർത്തുണ്ടാക്കിയത് ചോദിച്ചു വാങ്ങാൻ ഇനിയും വിയർക്കണം . സാധാരണക്കനെപ്പോഴും ഈ വിഴുപ്പു ചുമന്നു കൊണ്ടേയിരിക്കും.
ഇവിടുത്തെ എസ് ബി ടി ക്ക് ഒരു മാറ്റവുമില്ല . ഒരു പക്ഷെ സംസ്ഥാനത്തെ എറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നായിരിക്കും ഇതു . മുപ്പതു വർഷം മുൻപ് അച്ഛന്റെ കയ്യിൽത്തൂങ്ങി ഓരോ പടികളുമെണ്ണി കേറിവന്ന ആറു വയസ്സുകാരിയിൽ നിന്നുഓടുപാട്‌ ദൂരം പിന്നിട്ടിരിക്കുന്നു .
കാലം മനുഷ്യനിൽ തീർക്കുന്ന മാറ്റങ്ങൾ ഒരു കലയാണെന്ന് തോന്നും അത്രയ്ക്ക് കാവ്യാത്മകമാണ് ചില മാറ്റങ്ങൾ .
അമ്മയുടെ കൂടെ പുറത്തേക്കു പോയതിന്റെ ഓർമ്മയൊന്നുമില്ല.
ഒരുപാട് ശ്രമിച്ചിരുന്നു എന്തെങ്കിലും ഓർത്തെടുക്കാൻ പക്ഷെ കഴിഞ്ഞില്ല , ഓർത്തിരിക്കാൻ ഒന്നും തന്നെ അമ്മ തന്നിരുന്നില്ല എന്നതാണ് സത്യം.
അമ്മയെന്ന രൂപം ഏതൊരു വ്യക്തിയുടെയും ഉള്ളിൽ ദൈവസങ്കല്പങ്ങൾക്കുമപ്പുറമായിരിക്കും .
പക്ഷെ തനിക്കതിനു കണ്ണീരിന്റെ ഉപ്പുരുചിയായിരുന്നു.
അച്ഛനെ വിട്ടു മറ്റൊരാളുടെ കൂടെ പോയത് കൊണ്ടു മാത്രമല്ല . എന്നിലെ സ്ത്രീയുടെ തുടക്കങ്ങളിൽ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു അമ്മയുടെ സാമീപ്യം .അപ്പോഴൊക്കെ മരവിച്ച മനസ്സുമായി ചിരിച്ചുകൊണ്ട് എന്റെ മൂർദ്ധാവിൽ തലോടുന്ന അച്ഛന്റെ ചിത്രമാണ് മനസ്സിലെ പൂജാമുറിയിലെന്നും .
പക്ഷെ ആ ചിരി അവസാനമായി എന്റെ മടിയിൽ കിടന്നപ്പോൾ കണ്ടിരുന്നില്ല .
ആ പതിനഞ്ചുകാരിയെ തനിച്ചാക്കി പോകാൻ കൂട്ടാക്കാത്ത പോലെയായായിരുന്നു അവസാന നിശ്വാസം .
ആരോ നിർബന്ധിച്ചു പിടിച്ചു വലിച്ചതുപോലെ, കണ്ണുകൾ നിറച്ചു ദൈന്യമായി നോക്കിയപ്പോൾ ആ കൈകൾ എന്റെ മൂർദ്ധാവിലേക്കു നീളുന്നുണ്ടായിരുന്നു .
എന്നത്തേയും പോലെ തലോടാൻ കഴിഞ്ഞില്ലെന്നു മാത്രം .....!
" അലോ ഞങ്ങൾക്കിതൊക്കെ കഴിഞ്ഞിട്ട് വേണം വീട്ടിലേക്കു പോവാൻ "
കാഷ്യറുടെ ആക്രോശം കേട്ടാണ് മുന്നിലാണെന്ന് അറിഞ്ഞത്
" മുഷിഞ്ഞ നോട്ടൊന്നും എടുക്കാൻ ഇപ്പൊ സമയമില്ല , പതിനാറിലേക്കു ചെല്ല്‌ "
ഒന്ന് രണ്ടു മണിക്കൂറിന്റെ കാത്തിരിപ്പിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവഗണിച്ചപ്പോൾ നിർവികാരതയോടെ അയാളെയൊന്നു നോക്കി .
ജീവിതത്തേക്കാൾ മുഷിഞ്ഞ നോട്ടാണോ ഇത് ..?
പതിനാറിൽ ക്യൂവോന്നും കണ്ടില്ല .ഒരു ചെറുപ്പക്കാരി തിരക്കിട്ടു കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു .
" അയ്യോ സോറി ചേച്ചി മുഷിഞ്ഞ നോട്ടു ഇന്നിനി എടുക്കില്ല . മറ്റന്നാൾ വരൂ "
മറുത്തൊന്നും പറായാണ് കഴിഞ്ഞില്ല ശരീരത്തോടൊപ്പം നാവും തളർന്നിരിക്കുന്നു .
ബാങ്കിൽ പ്യൂരിഫയറിൽ വെള്ളത്തിന്റെ അവശിഷ്ടം പോലുമില്ല .
ടാപ്പിൽ മാറാല പിടിച്ചു കിടക്കുന്നു . ദാഹത്തോടെ വെളിയിലേക്കിറങ്ങി .പുറത്തു ഉച്ചവെയിലിനു ചൂടുകൂടി വരുന്നുണ്ട് .
ഒരു തണുത്തകാറ്റു മുഖതെക്കു വീശി .
കാറ്റിനു ഉണക്കമീനിന്റെ ഗന്ധമുണ്ടായിരുന്നു . റോഡിന്റെ ഇടതു വശത്ത് മൽത്സ്യമാർക്കറ്റാണ് .
മാർക്കറ്റിൽ പതിവുപോലെ തിരക്കൊന്നും കാണുന്നില്ല .
നോട്ടു നിരോധനം സമൂഹത്തിലെ ഓരോ കോണിലും കൃത്യമായി സ്പർശിചിട്ടുണ്ട്.
ഇത് പോലുള്ള സാധാരണമാർക്കറ്റുകളിലെ തിരക്കുകൾ കാർഡും ഡിജിറ്റൽ പേയ്‌മെന്റും നടത്തുന്ന സൂപ്പർമാർക്കറ്റുകളിലേക്കു ചെക്കെറിയിരിക്കുന്നു .
സാധാരണക്കാർ ആരുടെയോ ചരടുവലികളിൽ ആടുന്ന കളിപ്പാവകളായിരിക്കുന്നു ....!
മുന്നോട്ടു നടന്നു അരികിലെ സർബത്ക്കട കണ്ടപ്പോഴാണ് ദാഹം ഇരട്ടിയായതു .
പേഴ്സിൽ ഒരിരുപത്തിന്റെ നോട്ടു കണ്ടു .
സാരിത്തലപ്പ് പുതച്ചുകൊണ്ടു കടയിലേക്ക് കയറി .
പരിചിതമുഖങ്ങളുണ്ട് . മുഖത്തോടു നോക്കിയപ്പോൾ അവയെല്ലാം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി .
ചുറ്റും മുഖംമൂടി അണിഞ്ഞവരാണ് , ലോകം മുഖമൂടിക്കാരാൽ നിറഞ്ഞുകൊണ്ടിരിക്കുന്നു .
" എടിയേ നന്റെ കയ്യിൽ ചില്ലറ കാണ്അല്ലോ , ഒണ്ടേൽ രണ്ടായിരത്തിനു ചില്ലറ താടീ "
പിറകില ഒരു കൂട്ടച്ചിരിയും .
തിരിഞ്ഞു നോക്കിയപ്പോൾ മീന്കാരി ശ്യാമള ചവയ്ക്കാൻ തുപ്പികൊണ്ട് ഇളിക്കുന്നു .
മറുത്തൊന്നും പറയാത്തതുകൊണ്ടാണ് എവിടെ കണ്ടാലും അവളുടെ പരിഹാസച്ചുവ്വയുള്ള സംസാരം .
അവളുടെ വായടപ്പിക്കാൻ പറ്റാഞ്ഞത് കൊണ്ടായിരിക്കും സുകു നേരത്തെ പോയത് ....
പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല .
ഈശ്വരാ സമയം 3 കഴിഞ്ഞു , ഒത്തിരി വൈകിയിരിക്കുന്നു ..!
ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞതുപോലെ ..
നിരത്തിലേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കൈ കാണിച്ചു
' പാത്തുട്ടി ' കൗതുകം തോന്നുന്ന ഒരു പേരായിരുന്നു ഓട്ടോയ്ക്ക് .
അടുത്തേക്ക് വന്നപ്പോഴാണ് മനസിലായതു പേരിലെ കൗതുകം മാത്രമായിരുന്നില്ല ആ ഓട്ടോയ്ക്ക് .....
ആളെ മനസ്സിലായെങ്കിലും മുഖം താഴോട്ടാക്കി അബൂക്ക വണ്ടി നിർത്തി .
ബീച്ചിലെ കാറ്റിനെ അബൂക്കയെ പോലെ തന്നെ തന്റേടത്തോടെ നേരിട്ട് ഓട്ടോ മുന്നോട്ടു നീങ്ങി
കുറച്ചു നേരം നീണ്ടു നിന്ന മൗനം അബൂക്ക തന്നെ വെടിഞ്ഞു ..
" മെഡിക്ക കോളേയിലേക്കാ ...? "
എങ്ങനെ മനസ്സിലായെന്ന ചോദ്യം ഓട്ടോയുടെ സെൻട്രൽ മിററിലൂടെ കണ്ണിൽ നോക്കി അബൂക്ക വഴിച്ചെടുത്തു ..
" മെനിയാന്ന് റെഷാപ്പു ഗോപാൽന്റെ മോളെയും കൊണ്ട് ബന്നപ്പോൾ കണ്ടീനും...
ഇപ്പൊങ്ങനുണ്ട് മോക്ക് ...? "
" മാറ്റൊന്നുല്ല്യ , മോശമായി വര്ആ ..! "
ഒന്ന് വിങ്ങിപ്പോയി അത് പറഞ്ഞപ്പോൾ ,
ആ വിങ്ങൽ മനസ്സ്സിലാക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് അബൂക്ക.
പണ്ട് അച്ഛന്റെ കൂടെ വലെയെറിയാനും കക്ക വാരാനും വന്നിരുന്ന അബൂക്കയുടെ മുഖം പിന്നീടു വർഷങ്ങൾക്കു ശേഷം പാതിരാത്രിക്ക് പദ്മലോഡ്ജിൽ നിന്നും ഇറങ്ങി വന്നപ്പോളാണ് കണ്ടത് .
അന്ന് അബൂക്കയായിട്ടു ഒന്നും ചോദിച്ചില്ല .
ഒരു പൊട്ടിക്കരച്ചിൽ ആ മധ്യവയസ്കന് മസ്സിലാകുന്നതിനുമപ്പുറം ഉണ്ടായിരുന്നു . കോരിച്ചൊരിയുന്ന മഴയുടെ ശീൽക്കാരത്തിൽ ആ കണ്ണീരും പെയ്തുതീർത്തു .
" റെയിലേ സേഷന്റെ അടുത്ത്ന്നു പൊര മാറിയേത് എന്തായാലും നന്നായി. ആരും നന്നായിക്കാണ്ന്നേ ഇന്നാട്ടുകാർക്കു പറ്റൂല. പായിരാത്രിക്ക് മുട്ടുന്ന ഹമുക്കീങ്ങളാ പകല് ബെള്ളേം ബെള്ളേം ഈട്ട് നടക്കുന്നെ " - അബൂക്ക മുന്നോട്ടു നോക്കി തന്നെ പറഞ്ഞു .
ഓട്ടോ കോർപറേഷൻ ഓഫീസും കഴിഞ്ഞു മുന്നോട്ടു നീങ്ങി.
ഓഫീസിന്റെ ഗേറ്റിന്റെ അടുത്തായി പെട്ടികടയിൽ ക്ലർക്ക് സുഗുണൻ സിഗരറ്റു പുകയ്ക്കുന്നു .
" ഇവിടെ സ്വീപ്പറു പണി താല്കാലികാല്ലേ ...?
അല്ലേലും ഞമ്മടെ കലക്ടര് പടച്ചോന്തന്യാ. അർഹിക്കുന്നോരെ കണ്ടീല്ലാന്നു ബെക്കില്ല മൂപ്പര് " -
അബൂക്ക എല്ലാം അറിയുന്നുണ്ടായിന്നു . പഴയ ചങ്ങായിന്റെ മോളുടെ അഴുക്കുചാലിലെ ജീവിതം വൈകിയാണെങ്കിലും അറിഞ്ഞപ്പോൾ നെഞ്ച് നീറിക്കാനും .
അച്ഛനോളം പ്രായമില്ലെങ്കിലും അച്ഛന്റെ കൂടെ വീട്ടില് വന്നിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അബൂക്ക. ആരോഗ്യദൃഢഗാത്രനായ ചെറുപ്പക്കാരൻ.
ഇന്ന് ഒരുപാട് മാറിയിരിക്കുന്നു അബൂക്ക. ക്ഷീണിച്ചു കവിളൊട്ടി നെറ്റിയിൽ പ്രാരാബ്ധത്തിന്റെ നീർകെട്ടും നരച്ച മുടിയുമായി ഭൂതകാലത്തിന്റെ ശേഷിപ്പൊട്ടുമില്ലാതെ പ്രതീക്ഷയറ്റ ആൾരൂപം മാത്രമായിരിക്കുന്നു ...!
അബൂക്കയോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു ..
ഉമ്മായെ കുറിച്ച് ,
പെങ്ങള് ജമീലയെ കുറിച്ച് ,
ജമീല പറഞ്ഞത് കേട്ടറിഞ്ഞ അബൂക്കയുടെ മൊഞ്ചത്തി സൈനബയെ കുറിച്ച് ....
അങ്ങനെ ഒത്തിരി ..പക്ഷെ വാക്കുകൾ പുറത്തേക്കു വരുന്നില്ല .
 കുറ്റബോധം ഒരു വീർപ്പുമുട്ടലായതു ആദ്യമായാണ് ...
അബൂക്കയെ കണ്ട ആ ദിവസത്തെയോർത്തു ഒരുപാട് കണ്ണീരു പൊഴിച്ചിട്ടുണ്ട് ....!
ഓർമകൾ മനസ്സിനെ ചിതല് പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു .
മിഴികളിൽ ചാലുകൾ തീർക്കാനിന്നു കണ്ണീരും വറ്റിയിരിക്കുന്നു ..
അശാന്തമായ തീരം പോലെ ഓർമകൾ മനസ്സിൽ തിരയടിച്ചു കൊണ്ടിരിന്നു ..
ജീവിതം ഒരു ജല്പനം മാത്രമാണിന്നു.
മകളുടെ കൊച്ചു സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം തള്ളിനീക്കുന്ന വെറുമൊരു റിക്ഷ ...!
അവളുടെ നാളെകൾ ഒരുപാട് ചോദ്യങ്ങളുടേതായിരിക്കും ....!
ഓട്ടോറിക്ഷ മെഡിക്കൽ കോളേജിൽ എത്താറായി.
ആംബുലൻസിന്റെ സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു .
ഹെഡ് ലൈറ്റിട്ടു ഉറക്കെ ഹോണടിച്ചു വരുന്ന ജീപ്പുകളും വാഹനങ്ങളുമായി കാശ്വാലിറ്റിക്കു മുന്നില് പതിവ് പോലെ തിരക്കു തന്നെ .
കയ്യിലാകെയുള്ള ഇരുപതു വച്ചു നീട്ടി .
"യിപ്പോത് വേണ്ടാ , മോളെ ഡിസ്ചാർജ് ചെയ്യാദ്യം "
-അബൂക്ക ഓട്ടോ തിരിച്ചു .
മാന്ദ്യവും ഹർത്താലുകളും നോക്കാതെ ദിവസവും എപ്പോഴും തിരക്കുണ്ടാകുന്ന വിരലിലെണ്ണാവുന്ന ചിലയിടങ്ങളിലൊന്നാണിവിടവും.
പലപ്പോഴും ഓർത്തിട്ടുള്ളതാണ് കൊലയും കുതികാൽ വെട്ടലും ശീലമാക്കിയവർ , ജീവിതത്തിൽ എല്ലാം നേടിയെന്നു കരുതുന്നവർ , ഇനിയും വെട്ടിപ്പിടിക്കാൻ പരക്കം പായുന്നവരും ഒരു മണിക്കൂറെങ്കിലും ഈ വരാന്തയിൽ ചിലവഴിച്ചെങ്കിൽ .
കനലുകൾ എരിഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്നവരുണ്ടിവരുടെ ,
പ്രതീക്ഷകളകലുമ്പോൾ ദൈവത്തെ പഴിക്കുന്നവരുമുണ്ട്...
ഒരുപക്ഷെ എറ്റവും കരച്ചിലുകൾ കേട്ട ചുമരുകൾ ഈ വരാന്തയുടെതായിരിക്കും
ആർത്തലയ്ക്കുന്നവർ സ്ഥിരം കാഴ്ചയാകുമ്പോൾ കൽചുമരുകൾ വീണ്ടും പരുക്കാനായികൊണ്ടിരിക്കുന്നു ...
മറ്റൊരു കൂട്ടർ വൃദ്ധരാണ് ,
മരണത്തെ പുല്കാൻ കേഴുന്നവരെ കാണണോ ...?
ഭൂമിയിലെ ദൈവത്തിന്റെ ശിക്ഷയാണ് ഒരു തരത്തിൽ വേദനസഹജമായ വാർദ്ധക്യം ...
ഓരോ മനുഷ്യരും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി. അനിവാര്യമായ ആശ്രമം ...!
പന്ത്രണ്ടാം വാർഡിലേക്ക് നടന്നടുത്തപ്പോൾ പിറകിന്നു ഒരു അടക്കം പറച്ചിൽ കേട്ടു .
" ഇതല്ലേ ആ കൊച്ചിന്റെ അമ്മ. അവരോടു കാര്യം പറഞ്ഞേക്കു " -
ഒരു നാല്പതുകാരൻ അടുത്ത് വന്നു . കാക്കി നിറത്തിൽ പാന്റും ഷർട്ടുമാണ് വേഷം . കഴുത്തിൽ ഒരു ബാഡ്ജ് തൂക്കിയിട്ടുണ്ട്‌ അതിൽ ' മോർചെറി ' എന്നെഴുതിയിരുന്നു .
" ഈലൊന്ന് ഒപ്ടണം , കൂടെ ആരൂല്ലേങ്കിൽ സ്വാന്തനക്കാരുടെ ആംബുലൻസുണ്ട് . ഓപിയിൽ പറഞ്ഞാൽ ഓര് വേണ്ടിയെ ചെയ്തേരും "
- അയാള് അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു . വ്യക്തതയില്ലാത്തതു എന്താണെന്നു മനസ്സിലാകും മുന്പ് കാലിനു എന്തോ ഒരു തളർച്ച തോന്നിതുടങ്ങിയിക്കുന്നു . ദാഹം മൂർദ്ധന്യതയിലെത്തി, തൊണ്ട വരളാൻ തുടങ്ങിയിരിക്കുന്നു ...
" രാവിൽത്തന്നെ കഴിഞ്ഞീനും , ഇങ്ങളെ കുറെ നോക്കി , കാണാത്തോണ്ട് ഡോക്ടറാ മോർച്ചറീലേക്കു മാറ്റാമ്പറഞ്ഞേ " -
ഇന്നലെ മോൾക്ക് കഞ്ഞി തന്ന ചേച്ചിയായിരുന്നു . അവര് മെല്ലെ കയ്യിൽപിടിച്ചപ്പോഴേക്കും കാലുകൾ തളർന്നിരുന്നു. വീണുപോയി ...
ചുറ്റും ആർത്തലയ്ക്കുന്ന തേനീച്ചക്കൂടിന്റെ ശബ്ദം ...
ആരെക്കെയോ ചേർന്നു കൈകളിൽ പിടിക്കുന്നു . ബലിഷ്ഠമായ കൈകൾ , തണുത്ത വിരലുകൾ . ചുറ്റിലും ശുഭവസ്‌ത്രക്കാർ ..
പുറത്തു പരുത്ത മെത്തയുടെ നനുത്ത തണുപ്പടിച്ചു .എവിടെയോ കിടത്തിയെന്നു തോനുന്നു .
ചാരനിരത്തിൽ കുറെ കുമിളകൾ ചുറ്റും പറന്നു കൊണ്ടിരിക്കുന്നു .
മുലകൾക്കിടയിൽ ഒരു തരം വീർപ്പുമുട്ടൽ . മുലപ്പാലിന്റെ രൂക്ഷഗന്ധം ....
മുകളിൽ മാറാല ചുറ്റിയ , പൊടിപടിച്ച ഫാൻ ആര്ക്കും വേണ്ടാത്ത പോലെ കറങ്ങി കൊണ്ടിരുന്നു ....!
.......................

നിറങ്ങളുടെ_ലോകം

. നിറങ്ങളുടെ ലോകത്തിൽ
' നോക്കൂ ആദിത്യാ ബാന്ദ്രയിലെ വില്ല കൂടി മാത്രമേ ഇനി വിൽകാനുള്ളൂ അതാണെങ്കിൽ അമ്മയുടെ പേരിലും , ജ്യേഷ്ഠനും കൂടി അവകാശപെട്ടതായതു കൊണ്ട് അത് വിൽക്കാൻ പറ്റുമെന്നു തോനുന്നില്ല '
ബാനർജിയുടെ സംസാരത്തിൽ ഒരുപാട് സഹതാപം നിഴലിച്ചിരുന്നു. വർഷങ്ങളായി ഫിനാൻഷ്യൽ അഡ്വൈസർ എന്നതിലുപരി ദാദയുടെ നല്ലൊരു സുഹൃത്ത്‌ കൂടിയായിരുന്നു ബാനർജി.
" ആദിത്യ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ബിസിനെസ്സിൽ നിന്റെ ദാദയ്‍ക്കു ഉണ്ടായിട്ടുണ്ട്, അദ്ദേഹത്തെയും നിന്നെയും താരതമ്യം ചെയ്യുകയല്ല , എന്നാലും നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു കുട്ടീ "
" അങ്കിൾ എന്നെ കൂടെയുള്ളവർ ചതിച്ചതിൽ അല്ല, സ്വന്തം അമ്മയും കൂടപ്പിറപ്പും തള്ളി പറഞ്ഞതിലാണ് എന്റെ ദുഃഖം... "
" നിന്റെ ദാദ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിന്നെ മനസ്സിലാക്കിയേനെ , അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു എല്ലാവരും അദ്ധേഹത്തെ പോലെയാവണമെന്നില്ലല്ലോ "
" മടുത്തു അങ്കിൾ എല്ലാം നഷ്ടപ്പെട്ടു , ഗോരാനാഥിന്റെ ചെക്കും മടങ്ങിയതാണ് അയാളും കൂടി കേസ് കൊടുത്താൽ എന്തായാലും ഞാൻ അകത്താകും "
" ഹേയ് വിഷമിക്കാതെ ദാദയുടെ പഴയ സുഹൃത്താണ് അയാൾ , അതു കൊണ്ടാണ് അയാള് ഇതുവരെ ഒന്നും പറയാഞ്ഞത്.
താൻ വിഷമിക്കാതെ, നേഹയുടെ വീട്ടുകാർ എന്തെങ്കിലും അറിഞ്ഞോ ..?"
ആശ്വസിപ്പിച്ചു കൊണ്ട് ബാനർജി വിഷയം മാറ്റാൻ ശ്രമിച്ചു.
" അവർക്ക് ഏറെ കുറെ കാര്യങ്ങൾ മനസ്സിലായി , വിവാഹത്തിന് ഇനി അവർ തയ്യാറാവുമെന്നു തോനുന്നില്ല "
ഉള്ളിൽ നീറ്റലുണ്ടിങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
" അത് പോവുകയാണെങ്കിൽ പോട്ടെ ആദിത്യ , അല്ലെങ്കിലും നമ്മുടെ പാരമ്പര്യത്തിന് യോജിച്ച കുടുംബമായിരുന്നില്ല , അന്നേ ഞാൻ അമ്മയോട് സൂചിപ്പിച്ചിരുന്നു " ബാനർജി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
' ഞാനിറങ്ങട്ടെ അങ്കിൾ ഒരാളെ കാണാനുണ്ട് ' കൃത്രിമമായി മന്ദഹസിച്ചു കൊണ്ടു ബാനർജിയുടെ ഓഫീസിനു പുറത്തേക്കിറങ്ങി.
നിരത്തിലെ തിരക്കുകളൊന്നും കണ്ണിൽ പെടുന്നില്ല. ഒരിക്കൽ ഈ അന്ധേരിയിലെ നിരത്തുകളിൽ കൂടി വെറുമൊരു സാധാരണക്കാരൻ തുണിവ്യാപാരിയുടെ മകനായി നടന്നിരുന്ന കാലമുണ്ടായിരുന്നു. പിന്നീടുള്ള വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ദാദയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാക്കിയത് അദ്ധേഹത്തിന്റെ കഠിന പ്രയത്നമായിരിക്കാം. സമ്പത്തിന്റെ മടിയിൽ ഇരിക്കുമ്പോഴും ഈ നിരത്തിൽ കൂടി വരുമ്പോഴെല്ലാം ദാദ പറയുമായിരുന്നു,
' ആദിത്യ നമ്മൾ ഓരോ ചുവടും വയ്ക്കുമ്പോഴും വല്ലപ്പോഴും പിറകിലേക്കൊന്നു നോക്കണം ചുവടുകൾ പിഴച്ചിട്ടു നോക്കുന്നതിനേക്കാൾ നല്ലതതായിരിക്കും'
 അന്വര്ഥമായ വാക്കുകൾ. ഇന്ന് വീണ്ടും താൻ ഈ നിരത്തിൽ കാല്നടയാത്രക്കാരനായിരിക്കുന്നു.
മാർവാടികൾ ഇന്നലെ കാറ് കൊണ്ട് പോകുന്നത് വരെയില്ലാത്ത എന്തോ ഒരു ശൂന്യത ഇന്നനുഭവിച്ചു. ആഢ്യത്വം കാണിക്കാൻ കഴിയാത്തതിലല്ല പലരും ദയനീയമായി നോക്കുന്നു. രാംമോഹൻ ചോപ്ടയെ അറിയാത്ത ആൾക്കാർ ആ നിരത്തിൽ കുറവായിരുന്നു.
എവിടെയാണ് പിഴച്ചത് ഒന്നും ഓർക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ ഓർമകളും മരവിച്ചോ ..?
രാംമോഹൻ എന്ന വലിയ മനുഷ്യന്റെ മകന്റെ പതനം പലരും ആഗ്രഹിച്ചിരിക്കാം..
' ആദിത്യ രണ്ടാമതൊന്നു അലോചിക്കാതെ ആരുടേയും ഒരു ഗ്ലാസ് വെള്ളം പോലും സ്വീകരിക്കരുത് ' - സൗകര്യപൂവ്വം മറന്നതായിരുന്നു ദാദയുടെ ഓരോ വാക്കുകളും. അതിനു താൻ കൊടുകേണ്ടി വന്ന വിലയാണ് ഇന്നീ അനുഭവിക്കുന്നതെല്ലാം.
നേഹയുടെ മെസ്സേജ് ഒരിക്കൽ കൂടി വായിച്ചു.
" ആദിത്യ നമ്മൾ തമ്മിൽ പെരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് , കുടുംബത്തിന്റെ പൊരുത്തത്തെക്കാൾ നമ്മുടെ മനസ്സ് തമ്മിലല്ലേ പൊരുത്തപ്പെടേണ്ടത്.
 ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ ആലോചനയ്ക്കു സമ്മതം മൂളിയത് തന്നെ. നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ, പ്രാർത്ഥിക്കാം ..."
അവളുടെ അച്ഛനെ പോലെ ബുദ്ധിമതിയാണ് അവളും. തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞത് മുതലാണ് അവളിലെ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി തനിക്കുണ്ടെന്ന് അവൾക്കറിയില്ലായിരിക്കാം..
സ്വന്തമെന്നു പറയാനുള്ളതെല്ലാം ഓരോന്നായി നഷ്ടപെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതെല്ലാം നഷ്ടപ്പെട്ടപ്പോൾ ആരുമില്ലെന്ന സത്യം സ്വയം ചെറുതാക്കുന്നതായി തോന്നുന്നു. ഇപ്പോൾ താനുമൊരു പാഴ്വസ്തുവായിരിക്കുന്നു.
നഷ്ടപ്പെടാൻ ഇനിയുള്ളത് കുറെ സ്വപ്‌നങ്ങൾ മാത്രമാണ് , പ്രതീക്ഷയറ്റവന് എന്തു സ്വപ്നം.
ബാധ്യതകൾ ഒരു കൂമ്പാരംപോലെ മുന്നില് ഒരു കിടങ്ങായിരിക്കുന്നു. അതികം വൈകാതെ ഇനി താമസം ഇരുമ്പഴികൾക്കുള്ളിൽ സുരക്ഷിതമാവും.
റാംമോഹൻ ചോപ്ടയുടെ മകൻ എല്ലാം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുന്നിൽ ഒരു വിഡ്ഡിയായിരിക്കുന്നു...
ആശകളറ്റിയിരിക്കുന്നു ഇനിയാർക്കു വേണ്ടി..?
മടുത്തു ഇനിയും ഒരു പരിഹാസ കഥാപാത്രമാവാൻ..
ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല.
ഇനിയും ഒരു പരാജിതനായി ആർക്കും മുന്നിൽ നില്ക്കാൻ വയ്യ...
നടത്തത്തിനു ഒരു വല്ലാത്ത വേഗത വന്നത് പോലെ. എങ്ങോട്ടു പോവണമെന്നത് ഒരു നിശ്ചയവും ഇല്ലായിരുന്നു. വെയിൽ മങ്ങിത്തുടങ്ങി നെറ്റിയിൽ വിയർപ്പിന്റെ കണങ്ങൾ പൊടിയാൻ തുടങ്ങി...
ഗോവിന്ദ്നഗറിൽ നിന്നും ഗാർഡൻഡയിലേക്കുള്ള ചെറുറോഡിലേക്കു കയറി. ദൂരെ തിരയടിക്കുന്ന ശബ്ദം കേൾക്കാം , ആകാശത്തു കടൽക്കാക്കകൾ വട്ടമിട്ടു പറക്കാൻ തുടങ്ങിയിരിക്കുന്നു...
ഒരുപാട് വർഷങ്ങൾക്കു മുൻപ് ദാദയുടെ കൂടെ വന്നതായിരുന്നു പാട്ടീൽപാടയിലുള്ള ഈ കടൽ തീരത്തു. ഈ കോട്ടയും പ്രദേശവും എപ്പോഴും വിജനമാണ്. സഞ്ചാരികൾക്കു പ്രിയം ജൂഹുവായത് കൊണ്ടവാം ഇവിടം ശ്രദ്ധിക്കപ്പെടാതെ പോവുന്നത്..
അന്ന് പഴയ കോട്ടയ്ക്കടുത്തു വേലികെട്ടു ഇല്ലായിരുന്നു. വളരെ ഉയരത്തിലുള്ള കോട്ടയുടെ കടലിനോടു ചേർന്നുള്ള പ്രദേശം മണ്ണിടിഞ്ഞു കിടന്നിരുന്നതായാണ് ഓർമ , ഇന്നവിടം കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയിരിക്കുന്നു.
ഒരുപാട് താഴ്ചയിൽ കടൽ ഘോരമായ ശബ്ദത്തിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു..
തിരമാലകൾ മാടിവിളിക്കുന്നതു പോലെ ഒരു വല്ലാത്ത അഭിവേശത്തോടെ കടലിനോടു പുല്കാൻ ഒരുങ്ങി......
അവസാനമായി അമ്മയുടെ ശബ്ദം കേൾക്കാൻ തോന്നുന്നു. ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. മൂത്തമകൻ എല്ലാം നേടുമ്പോഴും ഇളയമകനു സമ്മാനിക്കാനായത് പരാജിതൻ എന്ന പേരുദോഷം മാത്രമായിരുന്നു.
' നോക്കൂ വിരോധമാവില്ലെങ്കിൽ ഒന്നു ഫോണ്‍ തരാമോ..? ഇവിടെ ഒരു ടാക്സി പോലും കാണുന്നില്ല, സുഹൃത്തുക്കളെ ആരെയെങ്കിലും വിളിക്കാനാണ് "
ഞെട്ടിത്തിരിഞ്ഞു കൊണ്ട് പിറകിലേക്ക് നോക്കി വെളുത്ത ഗൗണിൽ ചെറിയ നീല പൂക്കൾ പിന്നിയിട്ടുള്ള നീളൻ ഗൗൺ അണിഞ്ഞു കൊണ്ട് ഒരു പെണ്കുട്ടി. ശരിക്കും അവൾ ഭയപ്പെടുത്തിക്കളഞ്ഞു . ഈ വിജനമായ സ്ഥലത്ത് അവളെ കണ്ടപ്പോൾ എവിടെയോ ഒരു ഭയം ഉയർന്നു വന്നു. അല്ലെങ്കിലും താനെന്തിനു ഭയക്കണം ഏതാനും നിമിഷങ്ങൾക്കകം മരണത്തെ വേൾക്കാൻ പോവുന്നവന് എന്തിനു അമാനുഷികങ്ങളെ ഭയക്കണം. ഒരുവേള ഒരായിരം ചിന്തകൾ കടന്നു പോയി.
' നിങ്ങളുടെ ഫോണിൽ റേഞ്ചു ഉണ്ടാവും അല്ലേ '
ചെറിയ ഭയത്തോടെ ഫോണ്‍ അവൾക്കു കൊടുത്തു.
അവളതു വാങ്ങി നമ്പർ ഡയൽ ചെയ്യൻ തുടങ്ങി.
' ചെഹ് ഇതിനും റേഞ്ചു ഇല്ല നാശം '
അവൾ സ്വയം ശപിച്ചു കൊണ്ട് ഫോണ്‍ തിരികെത്തന്നു.
' താനെന്താ ഈ വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് ' ധൈര്യം അവലംബിച്ചു അവളോട് ചോദിച്ചു.
' ഒന്നുമില്ല വീട്ടിൽ വെറുതെ ഇരുന്നപ്പോൾ കടൽ കാണാൻ ഒരാഗ്രഹം , കുറച്ചു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി ഇങ്ങോട്ടു പോന്നു. അല്ല നിങ്ങളും ഒറ്റയ്ക്കാണല്ലോ, എന്താ ആത്യമഹത്യ ആണോ ഉദ്ദേശം ഹ ഹ ..? '
വായാടിപെണ്ണ് സ്വയം ചിരിക്കാൻ തുടങ്ങി
' അതേ ' യാന്ത്രികമായി മറുപടി പറഞ്ഞുപോയി.
അവൾ സ്വല്പ്പം ഭയത്തോടെയും അതിലേറെ ജിജ്ഞാസയോടും കൂടെ നോക്കി
' ആർ യു സീരിയസ്...? നിങ്ങളെന്താ ഈ പറയുന്നത് ..? '
' അതേ ഞാൻ മരിക്കാൻ വേണ്ടി വന്നതാണ്. ഇപ്പോൾ നീയാണതിനു തടസ്സം ഒന്ന് പോകാമോ .?
താഴേക്കിറങ്ങിയാൽ മൈൻറോഡിൽ ടാക്സി കിട്ടും നിങ്ങൾക്ക് '
തെല്ലൊരാരിശത്തോടെ പറഞ്ഞു..
'ശരി ശരി നിങ്ങളു ദേഷ്യപ്പെടേണ്ട ഞാൻ പോയേക്കാം, പക്ഷേ എന്തിനാണ് മരിക്കുന്നതെങ്കിലും പറഞ്ഞൂടെ ..? '
' മനസമാധാനം കളയാതെ ഒന്ന് പോയിതരാമോ ..?
' മരിക്കാൻ പോവുന്ന നിങ്ങൾക്കെന്തിനാ മനസ്സമാധാനം ..? ' അവൾ വിടാനുള്ള ഭാവമില്ലായിരുന്നു.
' എന്തായാലും മരിക്കാൻ തീരുമാനിച്ചു എങ്കിൽ ഇതെങ്കിലും പറഞ്ഞിട്ട് മരിക്കൂ '
' അറിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ഗുണമില്ല , എനിക്ക് പറയാനുള്ളത് പരാജങ്ങളുടെ തുടർകഥകളാണ് , തന്റെ സമയം കളയണ്ടാ '
' ആ കഥകൾ കേൾക്കാൻ ഞാൻ തയ്യാറാണെങ്കിലോ ..?'
അറിയാതെ പുഞ്ചിരിച്ചുപോയി. ഇവളാലൊരു മിടുക്കി തന്നെ. വളരെ പെട്ടന്നു മറ്റുള്ളവരുമായി അടുക്കാൻ പ്രത്യേക കഴിവുണ്ടിവൾക്കു.
' ശരി വിരോധമാവില്ലെങ്കിൽ നമുക്കൊന്ന് നടക്കാം, അത് കഴിഞ്ഞു വന്നു നിങ്ങൾ മരിച്ചോളൂ , കടലിവിടെ തന്നെ കാണും ' അവൾ ലാഘവത്തോടെ പറഞ്ഞു കൊണ്ട് ചിരിച്ചു.
ഇവൾ പെട്ടന്നൊന്നും ഒഴിഞ്ഞുപോകുന്ന മട്ടില്ല. എന്തായാലും തൽക്കാലം അനുസരിക്കാം.
കടൽ ശാന്തമായി ചെറുതിരകളോടെ അടിച്ചു കൊണ്ടിരുന്നു. പകലിന്റെ വെളിച്ചം നേരിയചുവപ്പോടെ മങ്ങി തുടങ്ങിയിരിക്കുന്നു. ദൂരെ കടൽക്കാക്കകൾ തീരത്തേക്ക് പറന്നടുത്തു.
അവളുടെ കൂടെ കോട്ടയുടെ നടപ്പാതയിൽകൂടി നടക്കാൻ തുടങ്ങി. വശ്യമായ ഒരു സുഗന്ധം അവളിൽ നിറഞ്ഞുനിന്നിരുന്നു...
' ആരാണ് നിങ്ങൾ , എന്തിനാണ് ഇത്ര മനോഹരമായ ജീവിതം നശിപ്പിക്കുന്നത് ..?'
ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ ആകാംഷയോടെ തിളങ്ങുന്നുണ്ടായിരുന്നു.
' ആദിത്യ ചോപ്ട എന്നാണ് എന്റെ പേര് റാംമോഹൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ എംഡി '
അവൾ നിസംഗതയോടെ മുഖത്തേക്ക് നോക്കി. ഇത്ര വലിയെ ഗ്രൂപ്പിനെ കുറിച്ച് ഇവൾ കേട്ടിട്ടില്ലേ ..?
' ഹ ഹ അത്ഭുതപ്പെടേണ്ട എനിക്ക് വലിയ ലോകപരിചയവും ഒന്നുമില്ല, ഞാനൊരു വിദ്യാർത്ഥിയാണ് '
പ്രായം ഇരുപതോളം തോനിക്കുമെങ്കിലും അവളിൽ അസാമാന്യ പക്വതയുണ്ടായിരുന്നു. താനറിയാതെ ഒരു പ്രത്യേക ബഹുമാനം തോന്നിപ്പോയി അവളോട്.
' അച്ഛന്റെ മരണശേഷം സ്വത്തുക്കൾ ഞങ്ങൾ രണ്ടാണ്മക്കൾക്കു വീതിച്ചു തന്നു , എന്റെ വീതമെല്ലാം നഷ്ടപ്പെട്ടു. കൂടെ നിന്നവർ വഞ്ചിച്ചു... ഇപ്പോൾ വലിയൊരു കടക്കാരൻ ആണു ഞാൻ '
' ഇത്രേയുള്ളോ പ്രശ്നം ...? '
' നിനക്കതു നിസ്സാരമായിരിക്കാം , പക്ഷെ നിനക്ക് സ്വപ്നം കാണാൻ കഴിയാത്ത തുകയുടെ കടക്കാരനാണ് ഞാനിന്നു '
' ശരി നിങ്ങൾ പറയുന്നത് എനിക്ക് മസസ്സിലാകും , ഇഷ്ടമുള്ള പോലെ ചെയ്തോളൂ , നിങ്ങളുടെ തീരുമാനം അതാണെങ്കിൽ ഞാൻ തടയുന്നില്ല... '
' അതാണ്‌ ഞാൻ ആദ്യമേ പറഞ്ഞത് പൊയ്ക്കൊള്ളാൻ , ഇപ്പോൾ മനസ്സിലായോ ..?'
' ശരി എന്തായാലും മരിക്കുന്നതിനു മുൻപ് എനിക്കൊരു സഹായം ചെയ്യാമോ. എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ ..?
ശല്യമാണല്ലോ, എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് കൂടെ പോവാം. ഇനി എന്തൊക്കെയായാലും എടുത്ത തീരുമാനം മാറ്റുന്ന പ്രശ്നമില്ല, അത്രയ്ക്ക് വലിയ ചതികുഴിയിൽ ആണു വീണിരിക്കുന്നത്.
പതുക്കെ കോട്ടയുടെ ഇറക്കം ഇറങ്ങി അവളുടെ കൂടെ നടന്നു. ഗർസാ പാർക്കും കഴിഞ്ഞു കടൽത്തീരത്തുള്ള റോഡരികിൽ കൂടി അവളുടെ കൂടെ നടന്നു. ഇരുട്ട് പടർന്നിരിക്കുന്നു, സ്ട്രീറ്റ് ബൾബുകൾ പ്രകാശിച്ചു തുടങ്ങി. അതിന്റെ വെളിച്ചത്തിൽ അവളുടെ വെള്ള ഗൗൺ സ്വർണനിറമായി തോന്നി. ഇവളൊരു കൊച്ചുസുന്ദരി തന്നെ. അവൾ ചിരിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി.
' ഇതെങ്ങോട്ടാ ഈ പോകുന്നത് ..?'
' ഇവിടെയടുത്തു ഒരു ഗലി ഉണ്ട്. അവിടെ എനിക്ക് വേണ്ടപ്പെട്ട ചിലരുണ്ട്. ഇന്നവരെ വൈകീട്ട് കാണാനിരുന്നതാ, അപ്പോഴാ നിങ്ങളെ പരിചയപ്പെട്ടത് '
നടത്തം തീരത്തെ റോഡും കഴിഞ്ഞു ഹർബറിന്റെ അടുത്തുള്ള ചെറുറോഡിലേക്കു കയറി. അവിടെ ഇടതു വശത്തായി ഒരു ചെറിയ ഫുട്പാത്തു, അതിലൂടെ പതുക്കെ നടന്നു കയറി. ഏതോ കോളനിയാണെന്നു തോന്നുന്നു. ഓടയിൽ നിന്നും വല്ലാത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. കൊതുകുകൾ രൂക്ഷമായി ആക്രമിച്ചു കൊണ്ടിരുന്നു.
നടത്തം കോളനിയിലെ ഒരു കൊച്ചു കുടിലിനു മുന്നിൽ അവസാനിച്ചു. ഒരു റാന്തൽ വിളക്കിന്റെ പ്രകാശം വീടിന്റെ പാതി തുറന്ന വാതിലിൽ കൂടി തെളിഞ്ഞു. ഒരാൾക്ക് കഷ്ടിച്ചു കയറാൻ പാകത്തിലുള്ള വാതിൽ, നിവർന്നു നിന്നാൽ തല മുട്ടുന്നത് കൊണ്ട് വെളിയിൽ നിന്നു.
അവൾ വളരെ പരിചിതമായി അകത്തോട്ടു കയറി. അവളെ കണ്ടതും ഇരുണ്ടവെളിച്ചത്തിൽ എന്തോ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് കളിക്കുകയായിരുന്ന രണ്ടു പിള്ളേർ ഓടിവന്നു അവളുടെ കൈകളിൽ പിടിച്ചു. അവൾ അവരുടെ തലയിൽ തലോടി അമ്മയെ അന്വേഷിച്ചു. പിറകു വാതിലിൽ കൂടി കയ്യിൽ ഒരു കുടം വെള്ളവുമായി ഒരു സ്ത്രീ കയറി വന്നു. അവളെ കണ്ടതും ആ സ്ത്രീ പരിചിത ഭാവത്തിൽ ചിരിച്ചുകൊണ്ട് അവൾക്കു ഇരിക്കാൻ പായ വിരിച്ചു കൊടുത്തു.
' ഇരിക്കാൻ സമയമില്ല ദീദി എന്റെ കൂടെ വേറൊരാളുണ്ട് '
പറഞ്ഞു കൊണ്ട് അവൾ കയ്യിലെ വാലെറ്റിൽ നിന്നും കുറച്ചു പണം എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
അല്പസമയം അവരോടു സംസാരിച്ചു അവൾ പുറത്തേക്കിറങ്ങി.
ഒന്നും പറയാതെ അവളുടെ കൂടെ നടന്നു.
' ക്ഷമിക്കണം ചോദിക്കാൻ മറന്നു. എന്താ തന്റെ പേര് ..?'
' അൽപ നേരത്തേക്ക് വേണ്ടി എന്റെ പേരറിയുന്നതെന്തിനാ , മരിച്ചു കഴിഞ്ഞു ദൈവത്തോട് എന്നെ കുറിച്ച് പരാതി പറയാനാണോ ..? '
അവൾ പതിവ് കുസൃതിച്ചിരിയോടെ ചോദിച്ചു..
' എന്റെ പേര് അയ്ഷ , അയ്ഷ ഖലീൽ അച്ഛൻ പൂനയിൽ തുണിവ്യാപാരിയാണ്. ഇവിടെ വാശിയിലാണ് അമ്മയുടെ വീട് ഒരു കോഴ്സ് ചെയ്യാനുള്ളത് കൊണ്ട് അമ്മയുടെ വീട്ടിൽ നില്ക്കുന്നു ' അവൾ ഒറ്റശ്വാസത്തിൽ ഏകദേശരൂപം തന്നു.
'ആരാണാ സ്ത്രീ..?'
' കഴിഞ്ഞ ആഴ്ചവരെ എനിക്കപരിചിതയായിരുന്നു അവർ പക്ഷേ ഇന്നവരെന്റെ ദീദിയാണ്.'
'എന്തിനാണവർക്കു പണം കൊടുത്ത് എന്താണ് അവരുടെ പ്രശ്നം '
' അവർ ഒരു ലൈംഗീക തൊഴിലാളി ആയിരുന്നു. കൊൽക്കത്തയിൽ നിന്നും വർഷങ്ങൾക്കു
മുൻപ് കാമുകന്റെ കൂടെ ഒളിച്ചോടി ഈ നഗരത്തിൽ വന്നതാണ്. അയാളിവരെ ചതിച്ചു ഒരു മാർവാടിക്കിവരെ വിറ്റു. ഇന്ന് ആരേതെന്നറിയാത്ത രണ്ടു കുഞ്ഞുങ്ങളുണ്ട്. ഈയടുത്തു അവരുടെ ബ്ലഡ് എച് ഐ വി പോസിറ്റീവാണെന്നു അറിഞ്ഞു, കുഞ്ഞുങ്ങളുടെയും. താൻ കാരണം ഇനിയീരോഗം ആർക്കും പടരരുതെന്നു കരുതി ആ തൊഴിൽ ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച ഞാൻ കാണുന്നത് വരെ ഭിക്ഷയെടുത്തും മറ്റുമായി ജീവിക്കുകയാരുന്നു. എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഇവിടെ അടുത്തൊരു ക്ലിനിക്കിൽ സ്വീപ്പറുടെ ജോലി തരപ്പെടുത്തി കൊടുത്തു. പണം കൊടുത്തതു ആ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. '
' താൻ പഠിക്കുകയല്ലേ ..? അപ്പോപ്പിന്നെ ...'
' ഹ ഹ പഠിക്കുന്നവർക്കെന്താ പണം ഉണ്ടാക്കിക്കൂടെ , ഞാനൊരു ഓണ്‍ലൈൻ മാഗസിനുവേണ്ടി എഴുതാറുണ്ട് , ചിലവിനുള്ള കാശിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ '
അവളിലെ നിശ്ചയാദാർഢ്യമായിരിക്കാം സംസാരത്തിലെ ഈ ലാഘവം..
' ഇനി ഞാൻ പൊയ്ക്കോട്ടേ ...? '
' നിൽക്കൂ ഓരീടം വരെ പോകാനുണ്ട് , ഈ രാത്രിയിൽ ഞാൻ തനിച്ചു പോവേണ്ടേ ..?'
അതും ശരിയാണ് ഇരുട്ട് പടർന്നിരിക്കുന്നു. ഇവളെ നഗരത്തിൽ ഈ സമയത്തു തനിച്ചു വിടുന്നത് അപകടമാണ്.
' ശരി , പെട്ടന്നാവണം '
'ഹ ഹ പെട്ടന്നങ്ങോട്ടു പോവാൻ ദൈവത്തിന്റെ മെസ്സേജെങ്ങാനും വന്നോ ...? '
ശരിയാണ് എന്തിനാണിത്ര ധൃതി, എന്തെങ്കിലുമാവട്ടെ അവളുടെ കൂടെ പിന്നെയും നടക്കാൻ തുടങ്ങി.
വീണ്ടും നടന്നു എത്തിയത് അന്ധേരി ഈസ്റ്റിലെ തിരക്കുള്ള ഒരു മാർക്കെറ്റിലേക്കാണ്.
വല്ലാത്ത ബഹളം , ജനനിബിഡമായ ഒരു സ്ഥലം. ആളുകൾ തിരക്കിട്ടു ഓടിനടക്കുന്നു.
റോഡിനിടത്തു വശത്തു സാംബ്രാണി വിൽക്കുന്ന കടകളുടെ അടുത്തുള്ള ഇടവഴിയിൽ കൂടി അവൾ കയറി. ഇടുങ്ങിയ വഴികളിൽ കൂടി മുന്നോട്ടു നടന്നു വലതു വശത്തായി ഒരു ചെറിയ ഗോവണി. അതുകയറി മുകളിൽ ലോഡ്‌ജുപോലെ തോന്നിക്കുന്ന ചെറുമുറികൾ. കുറച്ചു സ്ത്രീകൾ അവിടവിടെയായി നിൽക്കുന്നു. മധ്യവസ്കകളും ചെറുപ്പക്കാരികളും ഉണ്ട്. ചുമരിൽ ദേവദാസികളുടെ നൃത്തചിത്രങ്ങൾ. സ്ഥലത്തിനെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിത്തുടങ്ങി ,
എന്നാലും ഇവൾക്കിവിടെ എന്താണ് കാര്യം ...?
അതിലൊരു മുറിയിലേക്ക് അവൾ കയറി, കൂടെ താനും. ഇരുണ്ട മുറിയിൽ ഒരു അറുപതു വോൾട്ടിന്റെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അവിടെ ചാരുകട്ടിലിൽ ഒന്നുരണ്ടു പ്രായമായ സ്ത്രീകള് കിടക്കുന്നുണ്ടായിരുന്നു. അവൾ ബാഗില്നിന്നും ഒരു മരുന്നു പൊതിയെടുത്തു അവർക്ക് കൊടുത്തു. അവരുടെ കൈകൾ പിടിച്ചു അൽപനേരം കുശലം പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി.
താഴെയിറങ്ങി നടന്നു മാർക്കറ്റിനു വെളിയിലെത്തി. നടന്നു ജെ ബി നഗർ റെസിഡൻഷ്യൽ കോളനി റോഡിലെത്തി. നിരത്തിൽ പതിവുപോലെ ആരുമില്ല.
' എന്തിനാണ് ആ സ്ഥലത്ത് പോയത് , ആരാണവരൊക്കെ..?'
' ആദിത്യ നിങ്ങൾ എന്നെക്കാളും ലോകപരിചയവും ഉള്ള വ്യക്തിയാണ് , പക്ഷെ നിങ്ങൾ കാണാത്ത ഒരു മുഖം ഈ നഗരത്തിനുണ്ട്. ഒരുകാലത്തു സ്ട്രീറ്റ് ബൾബുകളുടെ ചുവന്ന വെളിച്ചത്തിനു കീഴിൽ മാംസ്സം വിറ്റു ജീവിച്ചിരുന്ന ചിലരാണവർ. ഇന്നവർ ആർക്കും വേണ്ടാത്ത പാഴ്വസ്തുതാക്കളായിരിക്കുന്നു,
മറ്റുള്ളവർ അവരുടെ പിൻഗാമികളും...'
' അവരുമായി തനിക്കെന്താ ബന്ധം ..? '
' ഞാൻ മാത്രമല്ല അവരുമായി ബന്ധപ്പെട്ടാണ് ഈ നഗരം തന്നെ നീങ്ങുന്നത് , ഇവിടുത്തെ പണം അവരുടെ കൈകളിൽ മാറിമറിഞ്ഞാണ് നിങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ അക്കൗണ്ട്കളിൽ എത്തുന്നത് , അവരെന്നത്തെയും പോലെ കാഴ്ചക്കാർ മാത്രം ആയിക്കൊണ്ടിരിക്കുന്നു'
' അതൊക്കെ ഓരോരുത്തരുടെ മിടുക്കല്ലേ..? നന്നായി അധ്വാനിച്ചു തന്നെയാണ് ഈ നഗരത്തിലെ പലരും ഈ നിലയിൽ എത്തിയത്.'
' അതെ പലരും , പക്ഷെ അപ്പോഴും നിങ്ങൾ മുഴുവൻപേരും എന്നു പറയുന്നില്ലല്ലോ. അതാണ്‌ വ്യത്യാസം. ഈ പലരും എന്നത് ന്യൂനപക്ഷമാണ്
ഭൂരിപക്ഷവും ഇവരെപോലെയുള്ളവരെയും , താഴെക്കിടയിലുള്ള തൊഴിലാളികളെയും ചൂഷണം ചെയ്തു വളർന്നു വന്നവരെന്നു മാത്രം ..'
അവൾ തെല്ലൊരാരിശത്തോടെ പറഞ്ഞു.
' മ്ഹ്.. ശരിയായിരിക്കാം '
നടത്തത്തിനു വേഗത കുറഞ്ഞു. സ്ട്രീറ്റ്ലൈറ്റുകളുടെ വെളിച്ചത്തിൽ അവൾ തന്റെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു.
' ആദിത്യ നിങ്ങൾ ലോണാർ സരോവരത്തിലെ തടാകം കണ്ടിട്ടുണ്ടോ ...? '
' ഇല്ല കേട്ടിട്ടുണ്ട്...'
' നിങ്ങൾ പഞ്ചഗണി ഹിൽസ്റ്റേഷനിൽ പാരാഗ്ലൈഡിങ് ചെയ്തിട്ടുണ്ടോ ..? '
' ഇല്ല കുട്ടിക്കാലത്തു ഞങ്ങൾക്ക് വിനോദങ്ങളിലെല്ലാം ദാദയുടെ വിലക്കായിരുന്നു. മുതിർന്നപ്പോൾ ബിസിനസ്സിന്റെ തിരക്കും '
' നിങ്ങൾ ആലിബാഗിലെ കടലിനു നടുക്കുള്ള കോട്ടയിൽ പോയിട്ടുണ്ടോ ...? '
' ഇല്ല പോവണം എന്നാഗ്രഹമുണ്ട് '
' എന്നിട്ടാണോ ഇത്രപെട്ടെന്ന് ജീവിതം അവസാനിപ്പിച്ച് ഒളിച്ചോടുന്നത് ..?
ഇതെല്ലം മഹാരാഷ്ട്രയിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ്, കശ്മീർ മുതൽ കേരളം വരെ ഒരു മനുഷ്യായുസ്സു കൊണ്ട് കണ്ടു തീർക്കാവുന്നതിലും അധികം സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ മാത്രം...'
' എന്റെ പ്രശ്നങ്ങൾക്ക് ഇതൊന്നുമൊരു പരിഹാരമാവില്ല..'
' അറിയാം , ഒരു കാര്യം ചോദിച്ചോട്ടെ ,
നിങ്ങൾ പാപ്പരായി എന്ന് കോടതിയിൽ തെളിയിച്ചൂടെ ..?
ഇത്രയും ബാധ്യതകൾ ഉള്ള നിങ്ങളെ ചിലപ്പോൾ ജയിലിലാക്കിയേക്കാം..
നിങ്ങൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..? അതുകൊണ്ട് കൂടി വന്നാൽ ഒരു മൂന്നോ നാലോ കൊല്ലം അകത്തു കിടക്കണ്ടി വരും.
നിങ്ങളുടെ കുടുംബത്തിന് അഭിമാനം നഷ്ടമായേക്കാം , അത്രയല്ലേയുള്ളൂ.
ഈ സമൂഹത്തിൽ പണം കൊടുത്തു വാങ്ങുന്ന പ്രധാന ഉല്പന്നമാണ് അഭിമാനം.
നിങ്ങൾ പണം കൊടുത്തു വാങ്ങുന്ന ആ അഭിമാനം അരവയറു നിറയ്ക്കാൻ വിൽക്കുന്നവരാണ് നേരത്തെ കണ്ട സ്ത്രീകൾ. അവരെന്നിട്ടും ജീവിക്കുന്നു. നിങ്ങളോ പ്രശ്ങ്ങളിൽ നിന്നും ഭീരുവിനെ പോലെ ഒളിച്ചോടാൻ .. കഷ്ടം '
ഒന്നും പറയാനില്ലായിരുന്നു. അവളുടെ വാക്കുകൾ കൂരമ്പുപോലെ തറച്ചുകൊണ്ടിരുന്നു. ശരിയാണ് ഇവരുടെയൊക്കെ പ്രശ്നങ്ങൾക്ക് മുന്നിൽ തന്റേതു പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേയുള്ളൂ.
ചെഹ് ഒരു കൊച്ചുപെണ്ണിന്റെ മുന്നില് ഒരുപാട് ചെറുതായതു പോലെ...
കണ്ണുകൾ അറിയാതെ നിറഞ്ഞു....
' അയ്ഷാ , എനിക്കെന്റെ അമ്മയെ കാണണം. ഒരു നേരത്തെ വിഡ്ഢിത്തത്തിൽ ഞാൻ നഷ്ടപ്പെടുത്താൻ നോക്കിയത്..ഛെഹ്.. '
ലജ്ജയോടെ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് നോക്കി.
' ആദിത്യ നേരം വൈകുന്നു, എനിക്ക് പോകാൻ സമയമായി...
എനിക്കുറപ്പുണ്ട് എല്ലാ പ്രശ്നങ്ങളും തീർത്തു നിങ്ങൾ എന്നെ കാണാൻ വരും ,
ഇതാണെന്റെ അഡ്രെസ്സ്. ഡിസംബറിൽ എന്റെ കോഴ്സ് തീരും ജനുവരി ആദ്യത്തിൽ നിങ്ങളെന്നെ കാണാൻ വരണം... പോകട്ടെ ...'
അവൾ പുഞ്ചിരിച്ചു കൊണ്ട് നടന്നു പോകുന്നതും നോക്കിയിരുന്നു പോയി. പെട്ടന്ന് അവൾ തിരഞ്ഞു നോക്കി.
 നന്നായി ഒന്ന് പുഞ്ചിരിച്ചു. എന്തോ പറയാൻ ആലോചിച്ചത് പോലെ ,
പിന്നീടു പെട്ടന്ന് മുഖം തിരിച്ചു വേഗത്തിൽ നടന്നു പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ ...?
ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരുന്നു. തോറ്റവന്റെ ഉയർത്തെഴുന്നേൽപ്പാണോ, അതോ അവൾ തന്ന ഊർജ്ജമാണോ എന്നറിയില്ല പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഏറെ സമയമെടുത്തില്ല.
പാസ്സാകാത്ത ചിലബില്ലുകൾ പെട്ടന്ന് പാസ്സായതും. ജ്യേഷ്ഠനുമായുള്ള സ്വത്തുകേസ് ഒത്തുതീർപ്പായതും കാര്യങ്ങൾ എളുപ്പമാക്കി. എല്ലാത്തിനും അമ്മയും കൂടെ നിന്നപ്പോൾ മുൻപെങ്ങുമില്ലാത്ത ഒരു ധൈര്യം കൈവന്ന പോലെ. വീണ്ടു നഷ്ടമായതെല്ലാം നേടിത്തുടങ്ങിയിരിക്കുന്നു..
ഡിസംബർ കഴിയാറായിരിക്കുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ. തന്റെ തിരിച്ചുവരവിൽ ഏറെ സന്തോക്കുന്നതു അവളാകും.
എന്തായിരിക്കും അന്നവൾ പറയാൻ നോക്കിയത് ...?
എന്തിനായിരിക്കും അവളതു പറയാതെ പെട്ടന്ന് നടന്നകന്നതു...?
' മാൻഷൻ വില്ല , സാഗർ വിഹാർ , സെക്ടർ 7 അഡ്രെസ്സ് ഇതു തന്നെ ...'
കാർ സൈഡാക്കി വീടിന്റെ ഗെയിറ്റ് തുറന്നു അകത്തേക്ക് കടന്നു. സാമാന്യം വലിയ വീടായിരുന്നു.
കാളിംഗ് ബെൽ അടിച്ചു ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തേക്കു വന്നു. നല്ല ഐശ്വര്യമുള്ള മുഖം, അയ്ഷയുടെ അമ്മയാവണം.
' ഞാൻ അയ്ഷയുടെ സുഹൃത്താണ്, പേര് ആദിത്യ '
' ഒഹ്...ഞാൻ അവളുടെ അമ്മയാണ്. അകത്തേക്ക് വരൂ ..'
അവർ അകത്തെ ലിവിങ് റൂമിലേക്ക് സ്വീകരിച്ചു.
' അയ്ഷടെ കോഴ്സോക്കെ കഴിഞ്ഞോ ...? നമ്പർ ഇല്ലാത്തതു കൊണ്ട് വിളിക്കാൻ പറ്റിയില്ല '
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
' എന്തിനാണ് നിങ്ങൾ കരയുന്നത് ..? എന്താ പ്രശ്നം..? '
അവർ കണ്ണു തുടച്ചുകൊണ്ട് ടീപോയിയുടെ മുകളിലുള്ള ലാമിനേറ്റഡ് ഫോട്ടോയിലേക്കു നോക്കി..
' അവൾ പോയിട്ട് രണ്ടാഴ്ചയാകുന്നു. ട്രീട്മെന്റിന്റെ കോഴ്സ് കഴിയാൻ കാത്തു നിന്നില്ല..'
അവർ വിതുമ്പിപ്പോയി....
' അസുഖത്തെ പറ്റി നിങ്ങളെങ്ങനെ അറിഞ്ഞു..?
അവൾ പൊതുവെ ആരോടും പറയാറില്ല , ബ്ലഡ്കാൻസർ ആണെന്നു പറയാൻ കുറവായിട്ടൊന്നുമല്ല, ആരും സഹതാപത്തോടെ നോക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു...'
ഷോക്കേസിലെ അവളുടെ ചിത്രം തന്നെ നോക്കി അതെ കുസൃതിയോടെ ചിരിക്കുന്നത് പോലെ തോന്നി....
പ്രിയ കൂട്ടുകാരീ ഇതിനായിരുന്നോ അന്ന് നീ തിരിഞ്ഞു നോക്കിയത്.......
പറയാതെ പോവുമ്പോൾ നിന്റെ മനസ്സ് വിങ്ങിയതും നീയെന്നെ കാണിച്ചില്ലല്ലോ... ഇത്രയും നാൾ കാത്തിരുന്നു പറയാൻ കൊതിച്ച എന്തോ ഉള്ളിൽ ഒരു നീറ്റലായി എരിയുന്നത് പോലെ .....

- ജൂതപ്പെണ്ണ് -

 - ജൂതപ്പെണ്ണ് -
' ഏതു സമയവും ഇതും തൂക്കിയിരുന്നാൽ അടുപ്പു പുകയില്ല, എന്തെങ്കിലും ജോലിക്കു പോവാൻ പറഞ്ഞാൽ ദുരഭിമാനമല്ലേ '
അബ്ബ വരാന്തയിൽ മൗത്ത് ഓർഗണും പിടിച്ചിരിക്കയാരുന്നു.
' ഇമായൊന്നു മിണ്ടാണ്ടിരിക്കാവോ അബ്ബയെ ഇങ്ങനെ കുറ്റപെടുത്തിയാൽ വീട്ടിലേക്കുള്ള അരിയെത്തുമോ..? '
' എന്നാൽ നീ പോയി വാങ്ങി വാ അരിയും പലചരക്കും , കാശില്ലാതെ സാധനം തരാൻ എന്റെ ബന്ധുക്കളുടെ കടയൊന്നുമില്ല അവിടെ '
ഇമ (മമ്മ) ശരിക്കും ഉള്ളിൽ തട്ടിയാണ് പറഞ്ഞത് ,
ശരിയാണ് മമ്മയെവിടെയെങ്കിലും വീട്ടുജോലിക്കു പോയി കിട്ടുന്നത് കൊണ്ടാണ് കുറച്ചു കാലമായി ചെലവ് നടന്നോണ്ടിരുന്നത്.
മമ്മയ്ക്കും വയ്യാണ്ടായിരിക്കുന്നു. ആരായാലും പറഞ്ഞു പോകും പണ്ടെങ്ങോ വലിയ പ്രമാണിയായിരുന്നതിന്റെ ദുരഭിമാനമാണ് അബ്ബയ്ക്കിന്നും ആരോടും തന്റെ ബുദ്ധിമുട്ടു പറയാറില്ല ആരുടേം കീഴിൽ ജോലി ചെയ്യാനും ലജ്ജയാണ് പാവത്തിന്,
ഒരു കാലത്ത് ഈ നഗരത്തിലെ പല പ്രമാണിമാരും അബ്ബയെ ആശ്രയിച്ചിരുന്നവരായിരുന്നു.
പുതിയ തലമുറയിലെ കച്ചവടത്തിലെ ചതികൾ വശമില്ലാത്തതിനാൽ അബ്ബയൊരു പരാജയമായി, കച്ചവടത്തിലും ജീവിതത്തിലും.
മരിക്കുകയാണെങ്കിൽ ജൂതമണ്ണിൽ മരിക്കണമെന്നേ അബ്ബയ്ക്ക് ഇപ്പോൾ മോഹമുള്ളൂ,
എല്ലാവരും പോയി ഇനിയീ നഗരത്തിലുള്ള ഏക ജൂത കുടുംബമാണ് ഞങ്ങളുടേത്.
അബ്ബയുടെ കണ്ണിൽ ഒറ്റപ്പെടൽ തന്നെയാണ്. ആകെയുള്ള മകളെ വിവാഹം ചെയ്തുകൊടുക്കാൻ ഒരു ജൂതകുടുംബം പോലുമില്ല ഈ നാട്ടിൽ. ഒന്ന് പ്രാര്ഥിക്കനോ മരിച്ചാൽ അടക്കം ചെയ്യാനോ ഒരു പള്ളി പോലുമില്ല.
ശരിക്കും വംശീയതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നത് ഒറ്റപ്പെടലിന്റെ ഇരുട്ട് മൂടുമ്പോഴാണ്.
ബന്ധുക്കളൊക്കെയും ഇസ്രായേലിൽ എത്തിയിരിക്കുന്നു. ആകെക്കൂടെയുള്ള വീടും അഞ്ചുസെന്റു സ്ഥലവും വിറ്റാൽ തന്നെ ഒരാൾക്കുള്ള വിസയ്ക്കും ടിക്കറ്റിനും പൗരത്വ സർട്ടിഫിക്കറ്റ്നും തികയില്ലെന്നു അബ്ബയ്ക്കറിയാം.
അനുജന്മാർ പോകുന്നതിനു മുൻപ് അബ്ബാ ഒരുപാട് സഹായം ചോദിച്ചു പോയിരുന്നു , പക്ഷെ അബ്ബ ചെയ്തുകൊടുത്തതൊക്കെ അവരെന്നേ മറവിയുടെ ചതുപ്പിൽ തള്ളിയിരുന്നു.
പുറത്തു ചാറ്റൽ മഴ പൊടിയുന്നുണ്ടായിരുന്നു.
പതുക്കെ ഇടനാഴിയിൽ നിന്നും റൂമിലേക്ക് കയറി.
കണ്ണ് ഈറനണിഞ്ഞിരിക്കുന്നു. ഒന്ന് മനസ്സ് തുറക്കാൻ പോലും ആരുമില്ല, ദാവീന പോയതിൽ പിന്നെ ആകെയുള്ള കൂട്ട് ഷെൽഫിലെ പുസ്തകങ്ങൾ മാത്രമാണ്.
അവൾ ഒരുപാട് വേദനിച്ചിരുന്നു പോകുമ്പോൾ,
അബ്ബയുടെ അനുജന്റെ മകളെന്നെതിനേക്കാളുപരി എന്നെ എറ്റവും മനസ്സിലാക്കിയ കൂട്ടുകാരി, ചെറുപ്പം തൊട്ടേ ഒരേ ക്ലാസ്സിലായതുകൊണ്ടായിരിക്കാം അവളറിയാതെ ഒരു രഹസ്യം പോലുമില്ലായിരുന്നു തനിക്കു,
ആദ്യപ്രണയം അവളോട് പറഞ്ഞപ്പോൾ വിലക്കിയതും കണ്ണ് നിറച്ചു കൊണ്ട് അവൾ പറഞ്ഞത് ഇന്നും മായാതെ മനസ്സിലുണ്ട്
' അൻസാറൊരു മുസല്മാനാണ് അവന്റെ കൂട്ടർക്ക് നമ്മളോട് വെറുപ്പാണ് , ഇതറിഞ്ഞാൽ ചിലപ്പോൾ നിന്നെയവർ ഇല്ലാതെയാകും , നീയില്ലാതെയായാൽ പിന്നെ എനിക്കാരുമുണ്ടാവില്ല ലാമിയാ '
പാവം അവളുടെ നിഷ്കളങ്കമായ കണ്ണീരിനു മുന്നിൽ അൻസാർ തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞതൊന്നും പറഞ്ഞില്ല.
പക്ഷേ പിന്നീടതു അറിഞ്ഞപ്പോഴും എന്റെ കണ്ണ് നിറയുന്നത് സഹിക്കാൻ കഴിയാഞ്ഞിട്ടാവും അവളൊന്നും പറയാഞ്ഞതും.
പ്രായമായ ഉമ്മയെയും കൊണ്ട് ഈ നഗരം വിടാൻ അൻസാർ നിർബന്ധിതനാകുകയാരുന്നു , ജ്യേഷ്ടന്റെ അടിപിടി കേസുകളും അന്ന്വേഷിച്ചു വാടകവീട്ടിൽ പോലീസുകാർ നിത്യ സന്ദർശകരായപ്പോൾ അവരിറക്കി വിടുകയാരുന്നു ,
അവസാനമായി കടൽപ്പാലത്തിനരികെ അൻസാറിനെ കാണാൻ പോയപ്പോഴും ദാവീനയാരുന്നു കൂട്ട് വന്നത്.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
' ലാമിയ, മതത്തിന്റെ ചട്ടക്കൂടുകൾ പേടിച്ചൊന്നുമല്ല ഞാൻ നിന്നെ കൂടെ കൂട്ടാത്തത് എന്റെയീ പട്ടിണിയിലേക്ക് നിന്നെയും കൂടി വലിച്ചിഴക്കാൻ എന്നെ കൊണ്ടാവില്ല. '
' അൻസാർ ഞാൻ പ്രണയിച്ചത് നിന്നെയാണ്, ഏതു പട്ടിണിയിലും നിന്റെ കൂടെ നില്ക്കാൻ ഞാൻ തയ്യാറുമാണ് '
' അതു മാത്രമല്ല ലാമിയാ നീയും കൂടി നഷ്ടപെട്ടാൽ നിന്റെ അബ്ബയ്ക്കതു താങ്ങാനാവില്ല, ആ പാവത്തിന്റെ ജീവിതം പരാജയങ്ങളുടെ ഒരു വലിയ കണക്കു പുസ്തകമാണ് അതിൽ നീയുമൊരേടാവണ്ടാ '
' അൻസാർ നിന്റെ പ്രണയമാണ് എന്നെ ഇന്നും ജീവിപ്പിക്കുന്നതു, അതില്ലാതെയായാൽ...'
' ഇല്ല ലാമിയാ എന്റെ പ്രണയം നിന്നിൽ ഉള്ളടുത്തോളം നീയുമുണ്ടാകും , കാത്തിരിക്കുമെങ്കിൽ ഞാൻ വരും "
കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു പക്ഷെ വിധി തോൽപ്പിക്കാൻ കല്പിച്ചിറങ്ങുമ്പോൾ തടയാൻ കെല്പുള്ളവരാല്ലോ മനുഷ്യർ,
ജ്യേഷ്ഠന്റെ പേരിലുള്ള കൊലക്കുറ്റത്തിന്റെ തെളിവുകൾ അൻസാറിന്റെ മേൽ ചാർത്തി പോലീസ് കേസ് പെട്ടന്നവസാനിപ്പിച്ചതും ജീവപര്യന്തത്തിനു അവൻ തടവിലായതും ഒരു ദു:സ്വപ്നം പോലെ കഴിഞ്ഞിരിക്കുന്നു ...
അതെ എന്നിലെ പ്രണയം കൊടുത്ത വാക്കാണത് കാത്തിരിക്കാം ലാമിയയിൽ ജീവനവശേഷിക്കും വരെ,
വർഷങ്ങൾ കൊഴിഞ്ഞുപോയതും ഈ ഏകാന്തതയിൽ ഞാൻ മാത്രമായതും വിധിയുടെ വേദിക തന്നെയാണു ,
ഓർമകൾ മാത്രമാണ് തന്നെ ജീവിപ്പിക്കുന്നതു ,
ഒരായുഷ്കാലം മുഴുവൻ ഓർക്കാനുള്ളത് അൻസാർ സമ്മാനിച്ചിരുന്നു ,
സുരഭിലമായ യൗവ്വനം അവനുമുന്നിൽ സമർപ്പിച്ചപ്പോഴും പശ്ചാത്തപിച്ചിരുന്നില്ല , അവന്റെ നെഞ്ചിലെ ചൂടിന് ഒരു സുരക്ഷയുണ്ടായിരുന്നു.
ഒരു ജൂതപ്പെണ്ണിനെ ആ മുസൽമാൻ വേൾക്കുമ്പോൾ കാറ്റിനും പറയാനുണ്ടായിരുന്നത് പ്രണയത്തിന്റെ നനുത്ത കുളിരുള്ള സുഗന്ധത്തെ കുറിച്ചായിരുന്നു.
അവിടെ മതത്തിന്റെ ഉയർത്തിക്കെട്ടിയ കൂർത്ത വേലിക്കെട്ടുകളുടെ വിലക്കോ യാഥാസ്ഥികതയുടെ ചൂണ്ടു വിരലോ ആയിരുന്നില്ല, തീഷ്ണമായ പ്രണയം മാത്രമായിരുന്നു....
മധുരമുള്ള ഓർമ്മകൾ കാത്തിരിപ്പിന്റെ ദൈര്ഘ്യം കുറയ്ക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് ,
ഏഴ് വർഷങ്ങൾ കൊഴിഞ്ഞതും ഓരോ ശിശിരവും വസന്തവും തന്റെ കാത്തിരിപ്പിന്റെ വാടിയ ഇലകൾ പൊഴിച്ച് കൊണ്ടായിരുന്നു.
കാത്തിരിപ്പു അവനിലും പ്രണയത്തിന്റെ തണുത്ത മഞ്ഞുത്തുള്ളികൾ പൊഴിച്ചിരിക്കാം അല്ലാതെ ജീവപര്യന്തം ഏഴു വർഷമായി ചുരുങ്ങാനുള്ള നല്ലനടപ്പു അവനിൽ കാത്തിരിപ്പെന്ന സത്യമായി പരിണമിച്ചതെങ്ങെനെയാണ്‌ ...
ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു ,
ഏകാന്തതയ്ക്കു ഇപ്പോഴും ഇരുട്ടിന്റെ പ്രതീതിയായാണ്. ഈ ഇരുട്ടിൽ , ഒറ്റപ്പെടലിൽ ഞാൻ തനിച്ചല്ലെന്ന തോന്നൽ ഇനി അധിക നാളുണ്ടാവില്ലല്ലോ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അൻസാർ പുറത്തിറങ്ങും.....
പുറത്തു മഴ ശക്തിയായി പെയ്തു തുടങ്ങി, ജനലിൽ കൂടി പുറത്തു മതില്കെട്ടിൽ മഴ തുള്ളിക്കൊരു കുടമായി പെയ്യുന്നതുകാണാം ,
കുറച്ചകലെ കടലിൽ തിരകളാഞ്ഞടിക്കുന്നതും മഴയുടെ മർമരത്തിനിടയിൽ പതിയെ കേൾക്കാം..
മുഖത്ത് തണുത്ത കാറ്റു വീശിയപ്പോൾ അറിയാതെ മയക്കത്തിൽ വീണുപോയിരുന്നു ...
നേരം പുലരുന്നതേയുള്ളൂ , ഇമയ്ക്കിതെന്തു പറ്റി കാലത്ത് ഡോക്ടറുടെ വീട്ടിൽ ജോലിക്കു പോകണമെന്ന് പറഞ്ഞിരുന്നുവല്ലോ പാവം ഉറങ്ങിപ്പോയി കാണും ,
' ഇമാ എഴുനേൽക്കു ഇന്ന് ഡോക്റ്ററുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞതല്ലേ , ഇമാ... ഇമ "
ഇമായെഴുനേറ്റില്ല, ശരീരം തണുത്തു തുടങ്ങിയിരിക്കുന്നു. മനസ്സിലെവിടെയോ ഒരു കൊള്ളിയാൻ പാഞ്ഞു പോയതറിഞ്ഞു. കൊടുങ്കാറ്റും പേമാരിയും മനസ്സിൽ ആഞ്ഞടിച്ചു..
ഈ വലിയ നഗരത്തിൽ അബ്ബായെയും തന്നെയും തനിച്ചാക്കി ഇമ ദീർഘനിദ്രയെ പുൽകിയിരിക്കുന്നു.
വാക്കുകൾ പുറത്തേക്കു വരുന്നില്ല , യാഥാർഥ്യം മനസ്സിലാക്കാൻ ഏറെ സമയമെടുത്തു ഒരു തരം മരവിപ്പായിരുന്നു.
കണ്ണിൽ ജലാംശം വറ്റിയതാണോ അതോ വികാരമെന്തെന്നു തിരിച്ചറിയാത്ത ഭ്രാന്തമായ അവസ്ഥയോ.
ഇരുട്ടിന്റെ തളങ്ങളിൽ ഇമയുടെ പരിഭവങ്ങൾ മാത്രമായിരുന്നു ഉയർന്നിരുന്നത് , ഇനിയതുമില്ല.. പലപ്പോഴും താനുറങ്ങിയാലും ഇമ കട്ടിലിൽ കാൽക്കൽ വന്നിരിക്കുമായിരുന്നു ഏറെനേരം തന്നെ നോക്കിയിരുന്നു നിർവികാരതയോടെ ഇമ പോകുമായിരുന്നു, തന്നെയോർത്തു ഒരുപാട് വേദനിച്ചിരുന്നു പാവം...
വീട്ടിൽ ആളുകൾ കൂടുന്നതും ഇമയുടെ ശരീരം ഇടനാഴിയിൽ കിടത്തിയതുമെല്ലാം എന്തോ പാവക്കൂത്തുപോലെ മുന്നിൽ ആടാൻ തുടങ്ങി...
ചടങ്ങുകളും ആളും ആരവവുമൊടുങ്ങി.
പതിയെ ആ വീട്ടിൽ ഞാനും അബ്ബയും മാത്രമായി.
മരവിപ്പിൽ നിന്നുമുണർന്നതും അബ്ബയെ കുറിച്ചോർത്തു കഴിഞ്ഞ രണ്ടു ദിവസമായി പാവം ഒന്നും കഴിച്ചു കാണില്ല.
ഇടനാഴിയിൽ അബ്ബ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കയ്യിൽ സ്ഥിരം സഹചാരി മൗത് ഓർഗണും.
" അബ്ബാ വല്ലതും കഴിക്കു , രണ്ടു ദിവസമെങ്കിലും ആയില്ലേ വലതു കഴിച്ചിട്ട് , വാ ഞാൻ കഞ്ഞിയുണ്ടാക്കാം "
അബ്ബ ഒന്നും മിണ്ടിയില്ല. മറുപടിക്കു കാത്തു നിന്നില്ല കഞ്ഞിയുണ്ടാക്കി അബ്ബയുടെ അടുത്ത് വച്ചു ,
" ലാമിയ എനിക്ക് കൈ പൊങ്ങുന്നില്ല , എനിക്ക് വായിൽ വച്ചു തരാമോ " ഇടറിയ ശബ്ദത്തിൽ അബ്ബ ചോദിച്ചു.
സ്പൂണിൽ അബ്ബയ്ക്കു വായിൽ വച്ച് കൊടുത്തു , ഒരു കൊച്ചു കുഞ്ഞിനെയെന്നോണം അബ്ബാ അത് കുടിച്ചു...
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു , അബ്ബ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി പതിയെ അബ്ബ ജീവിതത്തിലേക്ക് മടങ്ങി വരുന്നുണ്ടെന്നു തോന്നി.
കാലവർഷം ശക്തിയാർജ്ജിച്ചിരിക്കുന്നു ഇടിയും മിന്നലും മഴയുടെ താളമാർന്ന സ്വരത്തിൽ പെയ്തുകൊണ്ടിരുന്നു.
പുറത്തു ശക്തിയായി കാറ്റു വീശുന്നുണ്ട് , ഇരുട്ടും കാറ്റും ഇടയ്ക്കുള്ള മിന്നലേറും രാത്രിയെ ശരിക്കും ഭീകരമാക്കി,
ജനാലയടച്ചു വരാന്തയിൽ മുറിയിലേക്ക് വന്നു. പതിവില്ലാതെ അബ്ബ തന്റെ മുറിയിൽ വന്നു .
അബ്ബ മുറിയിലെ മേശയ്ക്കരിക്കായി കസേരയിൽ ഇരുന്നു.
" ലാമിയ നിന്റെ ഇമ സത്യത്തിൽ എന്നെ വെറുത്തു കാണും അല്ലേ ..? "
" എന്താ അബ്ബായിതു വേണ്ടാത്തതൊന്നും ആലോചിക്കാതെ "
" ഇല്ല ലാമിയാ സത്യമായിരിക്കും അവൾ ആഗ്രഹിച്ച ജീവിതം എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല , എല്ലാ സൗഭാഗ്യങ്ങളിക്കിടയിൽ നിന്നും അവളെ ഈ അവസ്ഥയിൽ എത്തിച്ചതും ഞാനല്ലേ "
" ഇമ അബ്ബയെ ഒരുപാട് സ്നേഹിച്ചിരുന്നു , എല്ലാം നമ്മുടെ വിധിയാണ് "
" അല്ല ലാമിയ വിധിയല്ല ഞാൻ ക്ഷണിച്ചു വരുത്തിയ ദൗർഭാഗ്യമാണു , എന്റെ തെറ്റുകളുടെ ശിക്ഷ , ഞാൻ തെറ്റുകാരനാണ് നിന്റെ ഇമയോട് , നിന്നോട് ..."
" അതൊക്കെ മറക്കൂ അബ്ബാ "
" ഇല്ല കുഞ്ഞേ നിന്നോട് ഞാൻ ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണ് , നിന്റെ ജീവിതം നശിപ്പിച്ചത് ഞാനാണ് , നിന്റെ മാത്രമല്ല ആ ചെറുപ്പക്കാരന്റെ , ആരോരുമില്ലാതെ മരിച്ച അവന്റെ ഉമ്മയുടെ എല്ലാവരുടേം ശാപമാണ് എന്റെ ഈ വിധി "
" അബ്ബാ......."
" സത്യമാണ് ലാമിയ അൻസാറിന്റെ ജീവിതം നശിപ്പിച്ചത് ഞാൻ തന്നെയാരുന്നു , പണത്തിന്റെയും പ്രതാപത്തിന്റെയും തിളപ്പിൽ കൊലക്കുറ്റത്തിന് തെളിവുകൾ അവന്റെ തലയില ചാർത്തുക എനിക്കന്നു പ്രയാസമുണ്ടായിരുന്നില്ല, ഏതച്ചനെയും പോലെ ഞാനും സ്വാർത്ഥനാകുകയാരുന്നു മകൾക്കു വേണ്ടി "
" പക്ഷേ വിധി എന്നെ തോൽപിച്ചു , ഞാൻ മൂലം നിന്റെ ജീവിതം നശിച്ചു, ആ ചെറുപ്പക്കാരന്റെ ജീവിതം നശിച്ചു , അവന്റെ അമ്മയുടെ ശാപം കാരണമാവാം നിന്റെ ഇമയുടെയും ജീവിതം നശിച്ചു '
' നിന്നിൽ ഞാൻ നിന്റെ ഇമയെ കാണുന്നു , എനിക്ക് മാപ്പ് തരൂ ലാമിയാ " അബ്ബ എന്റെ കാലിൽ വീഴുകയാരുന്നു ...
" അബ്ബാ ... വേണ്ട അബ്ബാ, .. എന്നെ ഇനിയും വേദനിപ്പിക്കല്ലേ..."
" ഏതൊരു അച്ഛനും ചെയ്യുന്നതേ അബ്ബായും ചെയ്തുള്ളൂ പക്ഷെ അൻസാർ എന്നും അബ്ബയുടെ പക്ഷത്തു നിന്നായിരുന്നു ചിന്തിച്ചത്"
" എനിക്ക് ഒന്നിനും മറുപടിയില്ല ലാമിയാ , എന്റെ തെറ്റുകൾ ആണ് ഞാനീ അനുഭവിക്കുന്നതു "
" എന്നോട് പൊറുക്കൂ ലാമിയ"
അബ്ബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി പശ്ചാത്താപം ആ നീരൊഴുക്കിൽ അലയടിച്ചു...
' നോക്കൂ ലാമിയ , ഞാനും നിന്നെ തനിച്ചാക്കും ഒരുനാൾ നിന്റെ ഇമയുടെ അടുത്തേക്ക് ഞാനും യാത്ര പറയാതെ പോയേക്കാം, നിന്നെ ഓർത്തു മാത്രമാണ് എനിക്ക് വേദന കുഞ്ഞേ '
' അബ്ബാ.....' ആദ്യമായി അബ്ബയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു പോയി..
കരങ്ങൾ പുണർന്നു കൊണ്ട് അബ്ബാ പറഞ്ഞു
' അവൻ വരുന്നുണ്ടെന്നറിഞ്ഞു, ഇനിയൊരു തടസ്സമാവാൻ അബ്ബയുണ്ടാവില്ല എന്റെ കുഞ്ഞു ജീവിക്കണം, നിന്റെ മാഞ്ഞുപോയ ചിരികൾ തിരിച്ചെത്തുന്നത് കാണാൻ അബ്ബ നിൽക്കുന്നില്ല '
' ഞാനിറങ്ങുകയാണ് ലാമിയ നിന്റെ ഇമയെ പോലെ കർമങ്ങളില്ലാതെ അടക്കം ചെയ്യപ്പെടാൻ എനിക്കാവില്ല, ജൂതമണ്ണിൽ മരിക്കുക എന്നത് ഇന്നൊരു സ്വപ്നം മാത്രമാണ്, കർമ്മങ്ങളെങ്കിലും ചെയ്യുപ്പെടുന്നിടത്തേക്കു പോകുകയാണെന്നു ഞാൻ '
' നീ തനിച്ചാകില്ലെന്ന ഉറപ്പുണ്ട് എനിക്ക്. അൻസാറൊരു ആണാണ്, ഞാൻ കണ്ടതിൽ വച്ചേറ്റവും ചങ്കുറപ്പുള്ള ആണ് മതത്തിന്റെ സ്വാർത്ഥമായ കൂരമ്പുകൾക്കു അവൻ നിന്നെ വിട്ടുകൊടുക്കില്ല, ഞാനിറങ്ങുന്നു ലാമിയ യാത്ര പറയാൻ നീയല്ലാതെ എനിക്കാരുമില്ല '
ഇടറിയ ശബ്ദത്തിൽ അബ്ബ പറഞ്ഞു പിന്നീടതൊരു വിതുമ്പലായി.
ഈ നഗരത്തിൽ അബ്ബയെന്നും തനിച്ചായിരുന്നു വേണ്ടപെട്ടവരെല്ലാം ഇസ്രായേലിലേക്ക് കടൽ കടപ്പോൾ അബ്ബ ഇവിടെ തനിച്ചായി, അബ്ബയുടെ കണ്ണിൽ ഈ മണ്ണിൽ അബ്ബയൊരു അഭയാർഥിയാണ്. ഒറ്റപ്പെട്ട അഭയാർത്ഥി.
കയ്യിലൊരു ഭാണ്ഡവുമായി പടിയിറങ്ങുന്ന അബ്ബയെ നിറകണ്ണുകളോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു..
പുറത്തെ ചാറ്റൽമഴ പേമാരിയായിരിക്കുന്നു , കാറ്റിൽ മരച്ചില്ലകൾ ആടിയുലഞ്ഞു. മിന്നലിന്റെ പ്രകാശത്തിൽ ആകാശം നേർത്ത നിഴലായി തോന്നി...
മഴയുടെ ശീല്കാരത്തോടെ നേരം പുലർന്നു. വൈകുന്നേരം കടൽപ്പാലത്തിനു സമീപം എത്താനായിരുന്നു അൻസാറിന്റെ എഴുത്തിൽ.
ഇനിയീ നഗരത്തിൽ കഴിയുക അപകടമാണെന്ന് എഴുതിയിരുന്നു. ഒരു ജൂതപ്പെണ്ണിനെയും കെട്ടി നിന്നെയീ നാട്ടിൽ കഴിയാൻ അനുവദിക്കില്ലെന്ന മതമേലാളന്മാരുടെ ഭീഷണിയെ ഭയന്നല്ല, ഇനിയെങ്കിലും നമുക്ക് ജീവിക്കണം വറ്റിയ നീർത്തടങ്ങൾ പോലെയായിരുന്നു നമ്മുടെ ജീവിതം, പെയ്തുതീരാത്തതു വേദനകൾ മാത്രമായിരിക്കുന്നു,
ലാമിയാ ഇനിയും നിന്നെയീ കണ്ണീരിനു വിട്ടുകൊടുക്കില്ല , നീ ഒറ്റയ്ക്കല്ല...
അൻസാറിന്റെ എഴുത്ത് പലകുറി വായിച്ചു.
പ്രത്യേകിച്ച് എടുക്കാനൊന്നുമില്ല. കുറച്ചു വസ്ത്രങ്ങളും ഇമയുടെയും അബ്ബയുടെയും പഴയ ചില ഫോട്ടോകളും,
വീട് താഴിട്ടു വെളിയിലേക്കിറങ്ങി മഴ പൊടിയുന്നുണ്ടായിരുന്നു. കടൽ പതിവിലേറെ ക്ഷോഭിച്ചു കൊണ്ട് തീരത്തേക്ക് ആഞ്ഞടിച്ചു.
കടലിൽ ദൂരെ കാർമേഘങ്ങൾ മറ്റൊരു മഴക്കുള്ള കോപ്പുകൂട്ടുന്നുണ്ടായിരുന്നു.
തീരം വിജനമായിരുന്നു. ചാറ്റൽ മഴ ശക്തിയായിരിക്കുന്നു. കടൽപ്പാലത്തിനടുത്തുള്ള പഴയ അടച്ചിട്ട കടമുറിയുടെ അരികിൽ കയറിനിന്നു.
ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. മഴയില കുതിർന്നു കൊണ്ട് അൻസാർ നടന്നു വരുന്നു..
വല്ലാതെ മാറിയിരിക്കുന്നു അൻസാർ , ഏഴുവർഷങ്ങൾ അവനിൽ യൗവനത്തിന്റെ ശേഷിപ്പുകൾ തീരെയില്ലാതാക്കിയിക്കാം, അവന്റെ വശ്യമായ കണ്ണുകൾക്ക് ചുറ്റും ഇന്ന് കറുപ്പ് പടർന്നിരിക്കുന്നു. ഇടതൂർന്ന മുടിയേറിയും കൊഴിഞ്ഞിരിന്നു. ദൃഢഗാത്രനായ അൻസാറിന്നു ഭൂതകാലത്തിന്റെ വെറുമൊരു നിഴലായിരിക്കുന്നു.
മഴയിൽ കുതിർന്നു കൊണ്ട് അൻസാർ പതിയെ കടവരാന്തയിലേക്കു വേച്ചുകൊണ്ട് കയറി...
അവന്റെ കണ്ണുകൾ നിറഞ്ഞതാണോ അതോ മഴയിൽ കുതിർന്നതാണോ...
' ലാമിയാ....'
' അൻസാർ , നിനക്കിതെന്തു പറ്റി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു '
' ലാമിയാ ഈയൊരു നിമിഷത്തിനു വേണ്ടി മാത്രമായിരുന്നു ഏഴു വർഷങ്ങൾ ഞാൻ തള്ളി നീക്കിയത് തന്നെ, എനിക്കവ ഏഴു പതിറ്റാണ്ടുകളായിരുന്നു '
' ലാമിയാ പ്രിയപ്പെട്ടവളെ, എന്റെ കാത്തിരിപ്പിനെ വിധി വീണ്ടും ചതിച്ചല്ലോ ...! "
പറഞ്ഞു തീർക്കാനാവാതെ അൻസാർ തന്റെ കയ്യിലേക്ക് വീണു , വാരിപുണനു കൊണ്ട് അവനെ മടിയിൽ വച്ചപ്പോഴാണ് ചുടുചോരയുടെ നനവറിഞ്ഞത് , മഴയുടെ കൂടെ അവന്റെ ചുടുചോര ഒലിച്ചിറങ്ങി വയറ്റിൽ കെട്ടിയ തുണി മാറ്റിയതും ചോര ഒരു പ്രവാഹം കണക്കെ ഒഴുകി.
' അൻസാർ ......'
' ലാമിയാ നിന്നെ ഞാൻ വീണ്ടും നിരാശപെടുത്തിയല്ലോ പെണ്ണേ ....'
അവന്റെ കണ്ണുകൾ തളർന്നു കൊണ്ടിരുന്നു.
തന്റെ കരങ്ങൾ മുറുകെ പിടിച്ചിരുന്നു അവൻ. പതുക്കെ അവയ്ക്ക് ശക്തിയില്ലാതെയായി.
മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.
തീരത്തെ ചെറുമരങ്ങൾ കാറ്റിൽ ആടിയുലഞ്ഞു.
കടൽ എന്നെത്തേക്കാളും ശക്തിയായി ആഞ്ഞടിച്ചു. തിരകൾ ഏതോ പ്രണയകാവ്യത്തിനായി കാത്തിരുന്ന പുസ്തകതാളു പോലെ തീരത്തേക്ക് കുതിച്ചു കയറാൻ ഒരുങ്ങുന്നു....!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo