Slider

- ജൂതപ്പെണ്ണ് -

0
 - ജൂതപ്പെണ്ണ് -
' ഏതു സമയവും ഇതും തൂക്കിയിരുന്നാൽ അടുപ്പു പുകയില്ല, എന്തെങ്കിലും ജോലിക്കു പോവാൻ പറഞ്ഞാൽ ദുരഭിമാനമല്ലേ '
അബ്ബ വരാന്തയിൽ മൗത്ത് ഓർഗണും പിടിച്ചിരിക്കയാരുന്നു.
' ഇമായൊന്നു മിണ്ടാണ്ടിരിക്കാവോ അബ്ബയെ ഇങ്ങനെ കുറ്റപെടുത്തിയാൽ വീട്ടിലേക്കുള്ള അരിയെത്തുമോ..? '
' എന്നാൽ നീ പോയി വാങ്ങി വാ അരിയും പലചരക്കും , കാശില്ലാതെ സാധനം തരാൻ എന്റെ ബന്ധുക്കളുടെ കടയൊന്നുമില്ല അവിടെ '
ഇമ (മമ്മ) ശരിക്കും ഉള്ളിൽ തട്ടിയാണ് പറഞ്ഞത് ,
ശരിയാണ് മമ്മയെവിടെയെങ്കിലും വീട്ടുജോലിക്കു പോയി കിട്ടുന്നത് കൊണ്ടാണ് കുറച്ചു കാലമായി ചെലവ് നടന്നോണ്ടിരുന്നത്.
മമ്മയ്ക്കും വയ്യാണ്ടായിരിക്കുന്നു. ആരായാലും പറഞ്ഞു പോകും പണ്ടെങ്ങോ വലിയ പ്രമാണിയായിരുന്നതിന്റെ ദുരഭിമാനമാണ് അബ്ബയ്ക്കിന്നും ആരോടും തന്റെ ബുദ്ധിമുട്ടു പറയാറില്ല ആരുടേം കീഴിൽ ജോലി ചെയ്യാനും ലജ്ജയാണ് പാവത്തിന്,
ഒരു കാലത്ത് ഈ നഗരത്തിലെ പല പ്രമാണിമാരും അബ്ബയെ ആശ്രയിച്ചിരുന്നവരായിരുന്നു.
പുതിയ തലമുറയിലെ കച്ചവടത്തിലെ ചതികൾ വശമില്ലാത്തതിനാൽ അബ്ബയൊരു പരാജയമായി, കച്ചവടത്തിലും ജീവിതത്തിലും.
മരിക്കുകയാണെങ്കിൽ ജൂതമണ്ണിൽ മരിക്കണമെന്നേ അബ്ബയ്ക്ക് ഇപ്പോൾ മോഹമുള്ളൂ,
എല്ലാവരും പോയി ഇനിയീ നഗരത്തിലുള്ള ഏക ജൂത കുടുംബമാണ് ഞങ്ങളുടേത്.
അബ്ബയുടെ കണ്ണിൽ ഒറ്റപ്പെടൽ തന്നെയാണ്. ആകെയുള്ള മകളെ വിവാഹം ചെയ്തുകൊടുക്കാൻ ഒരു ജൂതകുടുംബം പോലുമില്ല ഈ നാട്ടിൽ. ഒന്ന് പ്രാര്ഥിക്കനോ മരിച്ചാൽ അടക്കം ചെയ്യാനോ ഒരു പള്ളി പോലുമില്ല.
ശരിക്കും വംശീയതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നത് ഒറ്റപ്പെടലിന്റെ ഇരുട്ട് മൂടുമ്പോഴാണ്.
ബന്ധുക്കളൊക്കെയും ഇസ്രായേലിൽ എത്തിയിരിക്കുന്നു. ആകെക്കൂടെയുള്ള വീടും അഞ്ചുസെന്റു സ്ഥലവും വിറ്റാൽ തന്നെ ഒരാൾക്കുള്ള വിസയ്ക്കും ടിക്കറ്റിനും പൗരത്വ സർട്ടിഫിക്കറ്റ്നും തികയില്ലെന്നു അബ്ബയ്ക്കറിയാം.
അനുജന്മാർ പോകുന്നതിനു മുൻപ് അബ്ബാ ഒരുപാട് സഹായം ചോദിച്ചു പോയിരുന്നു , പക്ഷെ അബ്ബ ചെയ്തുകൊടുത്തതൊക്കെ അവരെന്നേ മറവിയുടെ ചതുപ്പിൽ തള്ളിയിരുന്നു.
പുറത്തു ചാറ്റൽ മഴ പൊടിയുന്നുണ്ടായിരുന്നു.
പതുക്കെ ഇടനാഴിയിൽ നിന്നും റൂമിലേക്ക് കയറി.
കണ്ണ് ഈറനണിഞ്ഞിരിക്കുന്നു. ഒന്ന് മനസ്സ് തുറക്കാൻ പോലും ആരുമില്ല, ദാവീന പോയതിൽ പിന്നെ ആകെയുള്ള കൂട്ട് ഷെൽഫിലെ പുസ്തകങ്ങൾ മാത്രമാണ്.
അവൾ ഒരുപാട് വേദനിച്ചിരുന്നു പോകുമ്പോൾ,
അബ്ബയുടെ അനുജന്റെ മകളെന്നെതിനേക്കാളുപരി എന്നെ എറ്റവും മനസ്സിലാക്കിയ കൂട്ടുകാരി, ചെറുപ്പം തൊട്ടേ ഒരേ ക്ലാസ്സിലായതുകൊണ്ടായിരിക്കാം അവളറിയാതെ ഒരു രഹസ്യം പോലുമില്ലായിരുന്നു തനിക്കു,
ആദ്യപ്രണയം അവളോട് പറഞ്ഞപ്പോൾ വിലക്കിയതും കണ്ണ് നിറച്ചു കൊണ്ട് അവൾ പറഞ്ഞത് ഇന്നും മായാതെ മനസ്സിലുണ്ട്
' അൻസാറൊരു മുസല്മാനാണ് അവന്റെ കൂട്ടർക്ക് നമ്മളോട് വെറുപ്പാണ് , ഇതറിഞ്ഞാൽ ചിലപ്പോൾ നിന്നെയവർ ഇല്ലാതെയാകും , നീയില്ലാതെയായാൽ പിന്നെ എനിക്കാരുമുണ്ടാവില്ല ലാമിയാ '
പാവം അവളുടെ നിഷ്കളങ്കമായ കണ്ണീരിനു മുന്നിൽ അൻസാർ തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞതൊന്നും പറഞ്ഞില്ല.
പക്ഷേ പിന്നീടതു അറിഞ്ഞപ്പോഴും എന്റെ കണ്ണ് നിറയുന്നത് സഹിക്കാൻ കഴിയാഞ്ഞിട്ടാവും അവളൊന്നും പറയാഞ്ഞതും.
പ്രായമായ ഉമ്മയെയും കൊണ്ട് ഈ നഗരം വിടാൻ അൻസാർ നിർബന്ധിതനാകുകയാരുന്നു , ജ്യേഷ്ടന്റെ അടിപിടി കേസുകളും അന്ന്വേഷിച്ചു വാടകവീട്ടിൽ പോലീസുകാർ നിത്യ സന്ദർശകരായപ്പോൾ അവരിറക്കി വിടുകയാരുന്നു ,
അവസാനമായി കടൽപ്പാലത്തിനരികെ അൻസാറിനെ കാണാൻ പോയപ്പോഴും ദാവീനയാരുന്നു കൂട്ട് വന്നത്.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
' ലാമിയ, മതത്തിന്റെ ചട്ടക്കൂടുകൾ പേടിച്ചൊന്നുമല്ല ഞാൻ നിന്നെ കൂടെ കൂട്ടാത്തത് എന്റെയീ പട്ടിണിയിലേക്ക് നിന്നെയും കൂടി വലിച്ചിഴക്കാൻ എന്നെ കൊണ്ടാവില്ല. '
' അൻസാർ ഞാൻ പ്രണയിച്ചത് നിന്നെയാണ്, ഏതു പട്ടിണിയിലും നിന്റെ കൂടെ നില്ക്കാൻ ഞാൻ തയ്യാറുമാണ് '
' അതു മാത്രമല്ല ലാമിയാ നീയും കൂടി നഷ്ടപെട്ടാൽ നിന്റെ അബ്ബയ്ക്കതു താങ്ങാനാവില്ല, ആ പാവത്തിന്റെ ജീവിതം പരാജയങ്ങളുടെ ഒരു വലിയ കണക്കു പുസ്തകമാണ് അതിൽ നീയുമൊരേടാവണ്ടാ '
' അൻസാർ നിന്റെ പ്രണയമാണ് എന്നെ ഇന്നും ജീവിപ്പിക്കുന്നതു, അതില്ലാതെയായാൽ...'
' ഇല്ല ലാമിയാ എന്റെ പ്രണയം നിന്നിൽ ഉള്ളടുത്തോളം നീയുമുണ്ടാകും , കാത്തിരിക്കുമെങ്കിൽ ഞാൻ വരും "
കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു പക്ഷെ വിധി തോൽപ്പിക്കാൻ കല്പിച്ചിറങ്ങുമ്പോൾ തടയാൻ കെല്പുള്ളവരാല്ലോ മനുഷ്യർ,
ജ്യേഷ്ഠന്റെ പേരിലുള്ള കൊലക്കുറ്റത്തിന്റെ തെളിവുകൾ അൻസാറിന്റെ മേൽ ചാർത്തി പോലീസ് കേസ് പെട്ടന്നവസാനിപ്പിച്ചതും ജീവപര്യന്തത്തിനു അവൻ തടവിലായതും ഒരു ദു:സ്വപ്നം പോലെ കഴിഞ്ഞിരിക്കുന്നു ...
അതെ എന്നിലെ പ്രണയം കൊടുത്ത വാക്കാണത് കാത്തിരിക്കാം ലാമിയയിൽ ജീവനവശേഷിക്കും വരെ,
വർഷങ്ങൾ കൊഴിഞ്ഞുപോയതും ഈ ഏകാന്തതയിൽ ഞാൻ മാത്രമായതും വിധിയുടെ വേദിക തന്നെയാണു ,
ഓർമകൾ മാത്രമാണ് തന്നെ ജീവിപ്പിക്കുന്നതു ,
ഒരായുഷ്കാലം മുഴുവൻ ഓർക്കാനുള്ളത് അൻസാർ സമ്മാനിച്ചിരുന്നു ,
സുരഭിലമായ യൗവ്വനം അവനുമുന്നിൽ സമർപ്പിച്ചപ്പോഴും പശ്ചാത്തപിച്ചിരുന്നില്ല , അവന്റെ നെഞ്ചിലെ ചൂടിന് ഒരു സുരക്ഷയുണ്ടായിരുന്നു.
ഒരു ജൂതപ്പെണ്ണിനെ ആ മുസൽമാൻ വേൾക്കുമ്പോൾ കാറ്റിനും പറയാനുണ്ടായിരുന്നത് പ്രണയത്തിന്റെ നനുത്ത കുളിരുള്ള സുഗന്ധത്തെ കുറിച്ചായിരുന്നു.
അവിടെ മതത്തിന്റെ ഉയർത്തിക്കെട്ടിയ കൂർത്ത വേലിക്കെട്ടുകളുടെ വിലക്കോ യാഥാസ്ഥികതയുടെ ചൂണ്ടു വിരലോ ആയിരുന്നില്ല, തീഷ്ണമായ പ്രണയം മാത്രമായിരുന്നു....
മധുരമുള്ള ഓർമ്മകൾ കാത്തിരിപ്പിന്റെ ദൈര്ഘ്യം കുറയ്ക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് ,
ഏഴ് വർഷങ്ങൾ കൊഴിഞ്ഞതും ഓരോ ശിശിരവും വസന്തവും തന്റെ കാത്തിരിപ്പിന്റെ വാടിയ ഇലകൾ പൊഴിച്ച് കൊണ്ടായിരുന്നു.
കാത്തിരിപ്പു അവനിലും പ്രണയത്തിന്റെ തണുത്ത മഞ്ഞുത്തുള്ളികൾ പൊഴിച്ചിരിക്കാം അല്ലാതെ ജീവപര്യന്തം ഏഴു വർഷമായി ചുരുങ്ങാനുള്ള നല്ലനടപ്പു അവനിൽ കാത്തിരിപ്പെന്ന സത്യമായി പരിണമിച്ചതെങ്ങെനെയാണ്‌ ...
ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു ,
ഏകാന്തതയ്ക്കു ഇപ്പോഴും ഇരുട്ടിന്റെ പ്രതീതിയായാണ്. ഈ ഇരുട്ടിൽ , ഒറ്റപ്പെടലിൽ ഞാൻ തനിച്ചല്ലെന്ന തോന്നൽ ഇനി അധിക നാളുണ്ടാവില്ലല്ലോ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അൻസാർ പുറത്തിറങ്ങും.....
പുറത്തു മഴ ശക്തിയായി പെയ്തു തുടങ്ങി, ജനലിൽ കൂടി പുറത്തു മതില്കെട്ടിൽ മഴ തുള്ളിക്കൊരു കുടമായി പെയ്യുന്നതുകാണാം ,
കുറച്ചകലെ കടലിൽ തിരകളാഞ്ഞടിക്കുന്നതും മഴയുടെ മർമരത്തിനിടയിൽ പതിയെ കേൾക്കാം..
മുഖത്ത് തണുത്ത കാറ്റു വീശിയപ്പോൾ അറിയാതെ മയക്കത്തിൽ വീണുപോയിരുന്നു ...
നേരം പുലരുന്നതേയുള്ളൂ , ഇമയ്ക്കിതെന്തു പറ്റി കാലത്ത് ഡോക്ടറുടെ വീട്ടിൽ ജോലിക്കു പോകണമെന്ന് പറഞ്ഞിരുന്നുവല്ലോ പാവം ഉറങ്ങിപ്പോയി കാണും ,
' ഇമാ എഴുനേൽക്കു ഇന്ന് ഡോക്റ്ററുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞതല്ലേ , ഇമാ... ഇമ "
ഇമായെഴുനേറ്റില്ല, ശരീരം തണുത്തു തുടങ്ങിയിരിക്കുന്നു. മനസ്സിലെവിടെയോ ഒരു കൊള്ളിയാൻ പാഞ്ഞു പോയതറിഞ്ഞു. കൊടുങ്കാറ്റും പേമാരിയും മനസ്സിൽ ആഞ്ഞടിച്ചു..
ഈ വലിയ നഗരത്തിൽ അബ്ബായെയും തന്നെയും തനിച്ചാക്കി ഇമ ദീർഘനിദ്രയെ പുൽകിയിരിക്കുന്നു.
വാക്കുകൾ പുറത്തേക്കു വരുന്നില്ല , യാഥാർഥ്യം മനസ്സിലാക്കാൻ ഏറെ സമയമെടുത്തു ഒരു തരം മരവിപ്പായിരുന്നു.
കണ്ണിൽ ജലാംശം വറ്റിയതാണോ അതോ വികാരമെന്തെന്നു തിരിച്ചറിയാത്ത ഭ്രാന്തമായ അവസ്ഥയോ.
ഇരുട്ടിന്റെ തളങ്ങളിൽ ഇമയുടെ പരിഭവങ്ങൾ മാത്രമായിരുന്നു ഉയർന്നിരുന്നത് , ഇനിയതുമില്ല.. പലപ്പോഴും താനുറങ്ങിയാലും ഇമ കട്ടിലിൽ കാൽക്കൽ വന്നിരിക്കുമായിരുന്നു ഏറെനേരം തന്നെ നോക്കിയിരുന്നു നിർവികാരതയോടെ ഇമ പോകുമായിരുന്നു, തന്നെയോർത്തു ഒരുപാട് വേദനിച്ചിരുന്നു പാവം...
വീട്ടിൽ ആളുകൾ കൂടുന്നതും ഇമയുടെ ശരീരം ഇടനാഴിയിൽ കിടത്തിയതുമെല്ലാം എന്തോ പാവക്കൂത്തുപോലെ മുന്നിൽ ആടാൻ തുടങ്ങി...
ചടങ്ങുകളും ആളും ആരവവുമൊടുങ്ങി.
പതിയെ ആ വീട്ടിൽ ഞാനും അബ്ബയും മാത്രമായി.
മരവിപ്പിൽ നിന്നുമുണർന്നതും അബ്ബയെ കുറിച്ചോർത്തു കഴിഞ്ഞ രണ്ടു ദിവസമായി പാവം ഒന്നും കഴിച്ചു കാണില്ല.
ഇടനാഴിയിൽ അബ്ബ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കയ്യിൽ സ്ഥിരം സഹചാരി മൗത് ഓർഗണും.
" അബ്ബാ വല്ലതും കഴിക്കു , രണ്ടു ദിവസമെങ്കിലും ആയില്ലേ വലതു കഴിച്ചിട്ട് , വാ ഞാൻ കഞ്ഞിയുണ്ടാക്കാം "
അബ്ബ ഒന്നും മിണ്ടിയില്ല. മറുപടിക്കു കാത്തു നിന്നില്ല കഞ്ഞിയുണ്ടാക്കി അബ്ബയുടെ അടുത്ത് വച്ചു ,
" ലാമിയ എനിക്ക് കൈ പൊങ്ങുന്നില്ല , എനിക്ക് വായിൽ വച്ചു തരാമോ " ഇടറിയ ശബ്ദത്തിൽ അബ്ബ ചോദിച്ചു.
സ്പൂണിൽ അബ്ബയ്ക്കു വായിൽ വച്ച് കൊടുത്തു , ഒരു കൊച്ചു കുഞ്ഞിനെയെന്നോണം അബ്ബാ അത് കുടിച്ചു...
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു , അബ്ബ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി പതിയെ അബ്ബ ജീവിതത്തിലേക്ക് മടങ്ങി വരുന്നുണ്ടെന്നു തോന്നി.
കാലവർഷം ശക്തിയാർജ്ജിച്ചിരിക്കുന്നു ഇടിയും മിന്നലും മഴയുടെ താളമാർന്ന സ്വരത്തിൽ പെയ്തുകൊണ്ടിരുന്നു.
പുറത്തു ശക്തിയായി കാറ്റു വീശുന്നുണ്ട് , ഇരുട്ടും കാറ്റും ഇടയ്ക്കുള്ള മിന്നലേറും രാത്രിയെ ശരിക്കും ഭീകരമാക്കി,
ജനാലയടച്ചു വരാന്തയിൽ മുറിയിലേക്ക് വന്നു. പതിവില്ലാതെ അബ്ബ തന്റെ മുറിയിൽ വന്നു .
അബ്ബ മുറിയിലെ മേശയ്ക്കരിക്കായി കസേരയിൽ ഇരുന്നു.
" ലാമിയ നിന്റെ ഇമ സത്യത്തിൽ എന്നെ വെറുത്തു കാണും അല്ലേ ..? "
" എന്താ അബ്ബായിതു വേണ്ടാത്തതൊന്നും ആലോചിക്കാതെ "
" ഇല്ല ലാമിയാ സത്യമായിരിക്കും അവൾ ആഗ്രഹിച്ച ജീവിതം എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല , എല്ലാ സൗഭാഗ്യങ്ങളിക്കിടയിൽ നിന്നും അവളെ ഈ അവസ്ഥയിൽ എത്തിച്ചതും ഞാനല്ലേ "
" ഇമ അബ്ബയെ ഒരുപാട് സ്നേഹിച്ചിരുന്നു , എല്ലാം നമ്മുടെ വിധിയാണ് "
" അല്ല ലാമിയ വിധിയല്ല ഞാൻ ക്ഷണിച്ചു വരുത്തിയ ദൗർഭാഗ്യമാണു , എന്റെ തെറ്റുകളുടെ ശിക്ഷ , ഞാൻ തെറ്റുകാരനാണ് നിന്റെ ഇമയോട് , നിന്നോട് ..."
" അതൊക്കെ മറക്കൂ അബ്ബാ "
" ഇല്ല കുഞ്ഞേ നിന്നോട് ഞാൻ ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണ് , നിന്റെ ജീവിതം നശിപ്പിച്ചത് ഞാനാണ് , നിന്റെ മാത്രമല്ല ആ ചെറുപ്പക്കാരന്റെ , ആരോരുമില്ലാതെ മരിച്ച അവന്റെ ഉമ്മയുടെ എല്ലാവരുടേം ശാപമാണ് എന്റെ ഈ വിധി "
" അബ്ബാ......."
" സത്യമാണ് ലാമിയ അൻസാറിന്റെ ജീവിതം നശിപ്പിച്ചത് ഞാൻ തന്നെയാരുന്നു , പണത്തിന്റെയും പ്രതാപത്തിന്റെയും തിളപ്പിൽ കൊലക്കുറ്റത്തിന് തെളിവുകൾ അവന്റെ തലയില ചാർത്തുക എനിക്കന്നു പ്രയാസമുണ്ടായിരുന്നില്ല, ഏതച്ചനെയും പോലെ ഞാനും സ്വാർത്ഥനാകുകയാരുന്നു മകൾക്കു വേണ്ടി "
" പക്ഷേ വിധി എന്നെ തോൽപിച്ചു , ഞാൻ മൂലം നിന്റെ ജീവിതം നശിച്ചു, ആ ചെറുപ്പക്കാരന്റെ ജീവിതം നശിച്ചു , അവന്റെ അമ്മയുടെ ശാപം കാരണമാവാം നിന്റെ ഇമയുടെയും ജീവിതം നശിച്ചു '
' നിന്നിൽ ഞാൻ നിന്റെ ഇമയെ കാണുന്നു , എനിക്ക് മാപ്പ് തരൂ ലാമിയാ " അബ്ബ എന്റെ കാലിൽ വീഴുകയാരുന്നു ...
" അബ്ബാ ... വേണ്ട അബ്ബാ, .. എന്നെ ഇനിയും വേദനിപ്പിക്കല്ലേ..."
" ഏതൊരു അച്ഛനും ചെയ്യുന്നതേ അബ്ബായും ചെയ്തുള്ളൂ പക്ഷെ അൻസാർ എന്നും അബ്ബയുടെ പക്ഷത്തു നിന്നായിരുന്നു ചിന്തിച്ചത്"
" എനിക്ക് ഒന്നിനും മറുപടിയില്ല ലാമിയാ , എന്റെ തെറ്റുകൾ ആണ് ഞാനീ അനുഭവിക്കുന്നതു "
" എന്നോട് പൊറുക്കൂ ലാമിയ"
അബ്ബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി പശ്ചാത്താപം ആ നീരൊഴുക്കിൽ അലയടിച്ചു...
' നോക്കൂ ലാമിയ , ഞാനും നിന്നെ തനിച്ചാക്കും ഒരുനാൾ നിന്റെ ഇമയുടെ അടുത്തേക്ക് ഞാനും യാത്ര പറയാതെ പോയേക്കാം, നിന്നെ ഓർത്തു മാത്രമാണ് എനിക്ക് വേദന കുഞ്ഞേ '
' അബ്ബാ.....' ആദ്യമായി അബ്ബയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു പോയി..
കരങ്ങൾ പുണർന്നു കൊണ്ട് അബ്ബാ പറഞ്ഞു
' അവൻ വരുന്നുണ്ടെന്നറിഞ്ഞു, ഇനിയൊരു തടസ്സമാവാൻ അബ്ബയുണ്ടാവില്ല എന്റെ കുഞ്ഞു ജീവിക്കണം, നിന്റെ മാഞ്ഞുപോയ ചിരികൾ തിരിച്ചെത്തുന്നത് കാണാൻ അബ്ബ നിൽക്കുന്നില്ല '
' ഞാനിറങ്ങുകയാണ് ലാമിയ നിന്റെ ഇമയെ പോലെ കർമങ്ങളില്ലാതെ അടക്കം ചെയ്യപ്പെടാൻ എനിക്കാവില്ല, ജൂതമണ്ണിൽ മരിക്കുക എന്നത് ഇന്നൊരു സ്വപ്നം മാത്രമാണ്, കർമ്മങ്ങളെങ്കിലും ചെയ്യുപ്പെടുന്നിടത്തേക്കു പോകുകയാണെന്നു ഞാൻ '
' നീ തനിച്ചാകില്ലെന്ന ഉറപ്പുണ്ട് എനിക്ക്. അൻസാറൊരു ആണാണ്, ഞാൻ കണ്ടതിൽ വച്ചേറ്റവും ചങ്കുറപ്പുള്ള ആണ് മതത്തിന്റെ സ്വാർത്ഥമായ കൂരമ്പുകൾക്കു അവൻ നിന്നെ വിട്ടുകൊടുക്കില്ല, ഞാനിറങ്ങുന്നു ലാമിയ യാത്ര പറയാൻ നീയല്ലാതെ എനിക്കാരുമില്ല '
ഇടറിയ ശബ്ദത്തിൽ അബ്ബ പറഞ്ഞു പിന്നീടതൊരു വിതുമ്പലായി.
ഈ നഗരത്തിൽ അബ്ബയെന്നും തനിച്ചായിരുന്നു വേണ്ടപെട്ടവരെല്ലാം ഇസ്രായേലിലേക്ക് കടൽ കടപ്പോൾ അബ്ബ ഇവിടെ തനിച്ചായി, അബ്ബയുടെ കണ്ണിൽ ഈ മണ്ണിൽ അബ്ബയൊരു അഭയാർഥിയാണ്. ഒറ്റപ്പെട്ട അഭയാർത്ഥി.
കയ്യിലൊരു ഭാണ്ഡവുമായി പടിയിറങ്ങുന്ന അബ്ബയെ നിറകണ്ണുകളോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു..
പുറത്തെ ചാറ്റൽമഴ പേമാരിയായിരിക്കുന്നു , കാറ്റിൽ മരച്ചില്ലകൾ ആടിയുലഞ്ഞു. മിന്നലിന്റെ പ്രകാശത്തിൽ ആകാശം നേർത്ത നിഴലായി തോന്നി...
മഴയുടെ ശീല്കാരത്തോടെ നേരം പുലർന്നു. വൈകുന്നേരം കടൽപ്പാലത്തിനു സമീപം എത്താനായിരുന്നു അൻസാറിന്റെ എഴുത്തിൽ.
ഇനിയീ നഗരത്തിൽ കഴിയുക അപകടമാണെന്ന് എഴുതിയിരുന്നു. ഒരു ജൂതപ്പെണ്ണിനെയും കെട്ടി നിന്നെയീ നാട്ടിൽ കഴിയാൻ അനുവദിക്കില്ലെന്ന മതമേലാളന്മാരുടെ ഭീഷണിയെ ഭയന്നല്ല, ഇനിയെങ്കിലും നമുക്ക് ജീവിക്കണം വറ്റിയ നീർത്തടങ്ങൾ പോലെയായിരുന്നു നമ്മുടെ ജീവിതം, പെയ്തുതീരാത്തതു വേദനകൾ മാത്രമായിരിക്കുന്നു,
ലാമിയാ ഇനിയും നിന്നെയീ കണ്ണീരിനു വിട്ടുകൊടുക്കില്ല , നീ ഒറ്റയ്ക്കല്ല...
അൻസാറിന്റെ എഴുത്ത് പലകുറി വായിച്ചു.
പ്രത്യേകിച്ച് എടുക്കാനൊന്നുമില്ല. കുറച്ചു വസ്ത്രങ്ങളും ഇമയുടെയും അബ്ബയുടെയും പഴയ ചില ഫോട്ടോകളും,
വീട് താഴിട്ടു വെളിയിലേക്കിറങ്ങി മഴ പൊടിയുന്നുണ്ടായിരുന്നു. കടൽ പതിവിലേറെ ക്ഷോഭിച്ചു കൊണ്ട് തീരത്തേക്ക് ആഞ്ഞടിച്ചു.
കടലിൽ ദൂരെ കാർമേഘങ്ങൾ മറ്റൊരു മഴക്കുള്ള കോപ്പുകൂട്ടുന്നുണ്ടായിരുന്നു.
തീരം വിജനമായിരുന്നു. ചാറ്റൽ മഴ ശക്തിയായിരിക്കുന്നു. കടൽപ്പാലത്തിനടുത്തുള്ള പഴയ അടച്ചിട്ട കടമുറിയുടെ അരികിൽ കയറിനിന്നു.
ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. മഴയില കുതിർന്നു കൊണ്ട് അൻസാർ നടന്നു വരുന്നു..
വല്ലാതെ മാറിയിരിക്കുന്നു അൻസാർ , ഏഴുവർഷങ്ങൾ അവനിൽ യൗവനത്തിന്റെ ശേഷിപ്പുകൾ തീരെയില്ലാതാക്കിയിക്കാം, അവന്റെ വശ്യമായ കണ്ണുകൾക്ക് ചുറ്റും ഇന്ന് കറുപ്പ് പടർന്നിരിക്കുന്നു. ഇടതൂർന്ന മുടിയേറിയും കൊഴിഞ്ഞിരിന്നു. ദൃഢഗാത്രനായ അൻസാറിന്നു ഭൂതകാലത്തിന്റെ വെറുമൊരു നിഴലായിരിക്കുന്നു.
മഴയിൽ കുതിർന്നു കൊണ്ട് അൻസാർ പതിയെ കടവരാന്തയിലേക്കു വേച്ചുകൊണ്ട് കയറി...
അവന്റെ കണ്ണുകൾ നിറഞ്ഞതാണോ അതോ മഴയിൽ കുതിർന്നതാണോ...
' ലാമിയാ....'
' അൻസാർ , നിനക്കിതെന്തു പറ്റി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു '
' ലാമിയാ ഈയൊരു നിമിഷത്തിനു വേണ്ടി മാത്രമായിരുന്നു ഏഴു വർഷങ്ങൾ ഞാൻ തള്ളി നീക്കിയത് തന്നെ, എനിക്കവ ഏഴു പതിറ്റാണ്ടുകളായിരുന്നു '
' ലാമിയാ പ്രിയപ്പെട്ടവളെ, എന്റെ കാത്തിരിപ്പിനെ വിധി വീണ്ടും ചതിച്ചല്ലോ ...! "
പറഞ്ഞു തീർക്കാനാവാതെ അൻസാർ തന്റെ കയ്യിലേക്ക് വീണു , വാരിപുണനു കൊണ്ട് അവനെ മടിയിൽ വച്ചപ്പോഴാണ് ചുടുചോരയുടെ നനവറിഞ്ഞത് , മഴയുടെ കൂടെ അവന്റെ ചുടുചോര ഒലിച്ചിറങ്ങി വയറ്റിൽ കെട്ടിയ തുണി മാറ്റിയതും ചോര ഒരു പ്രവാഹം കണക്കെ ഒഴുകി.
' അൻസാർ ......'
' ലാമിയാ നിന്നെ ഞാൻ വീണ്ടും നിരാശപെടുത്തിയല്ലോ പെണ്ണേ ....'
അവന്റെ കണ്ണുകൾ തളർന്നു കൊണ്ടിരുന്നു.
തന്റെ കരങ്ങൾ മുറുകെ പിടിച്ചിരുന്നു അവൻ. പതുക്കെ അവയ്ക്ക് ശക്തിയില്ലാതെയായി.
മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.
തീരത്തെ ചെറുമരങ്ങൾ കാറ്റിൽ ആടിയുലഞ്ഞു.
കടൽ എന്നെത്തേക്കാളും ശക്തിയായി ആഞ്ഞടിച്ചു. തിരകൾ ഏതോ പ്രണയകാവ്യത്തിനായി കാത്തിരുന്ന പുസ്തകതാളു പോലെ തീരത്തേക്ക് കുതിച്ചു കയറാൻ ഒരുങ്ങുന്നു....!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo