നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കള്ളന്റെ മകൻ ( ചെറുകഥ):


കള്ളന്റെ മകൻ ( ചെറുകഥ):
*****************************
"അച്ഛൻ പോയിട്ട് മാസം ഒന്നര കഴിഞ്ഞു.മൂപ്പര് കൊണ്ടച്ചീനെ ഇത്തിരി കാശും സാധനോം ഉണ്ടായിരുന്നോണ്ട് ഇത്രേം നാള് വല്ല്യ ബുദ്ധിമുട്ടില്ലാതങ്ങ് കഴിഞ്ഞു.ഇനിവിടെ ഒരു മണി അര്യൂല്ല ഒര് സാധനോംല്ല. നീയിങ്ങനെ കുത്തിരിഞ്ഞാ എന്താ ചെയ്യ്യാ.. രണ്ട് മൂന്ന് ദെവസായില്ലേ നിന്നോട്ട് ഞാൻ പറീന്ന്... പണിയൊന്നും അറീണ്ട നീ എവിടേലും പോയി ചോദിക്കി... എന്തെങ്കിലും പണി കിട്ടാണ്ട്ക്ക്യേല... നിന്റെ ഇളയ്റ്റിങ്ങളില്ലേ മൂന്നെണ്ണം. അയ്റേറ്യക്ക് വല്ലോം വെച്ച്ണ്ടാക്കി കൊട്ക്കണ്ടേ...?"
അമ്മയുടെ വാക്കുകൾ സൂചിക്കുത്തുകളായി കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. എവിടെപ്പോയി ചോദിക്കും? ഒരു പണീം അറീല്ല. പഠിത്തോംല്ല. അച്ഛൻ ഒരു കള്ളനായിരുന്നോണ്ട് മൂന്നാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. മറ്റു കുട്ടികളൊന്നും കള്ളന്റെ മകനെ കൂട്ടത്തിൽ കൂട്ടിയില്ല. അവരുടെ പരിഹാസങ്ങളിൽ പിടിച്ചു നിൽക്കാനും കഴിഞ്ഞില്ല. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലും മടിച്ചു.
അങ്ങാടിയിലെ ഹമീദ് ക്കയുടെ പലചരക്കുകടയിൽ നിന്ന് വല്ല സാധനങ്ങളോ,സുധാകരേട്ടന്റെ പച്ചക്കറിക്കടയിൽ നിന്നും എന്തെങ്കിലുമോ, മീൻകാരൻ അതൃമാൻക്കയോട് മീനോ അച്ഛൻ കാശ് തന്നയച്ചാൽ പോയി വാങ്ങി വരും. അങ്ങാടിയിലും വഴിയിലും സംശയത്തിന്റെ കണ്ണുകളും പരിഹാസത്തിന്റെ വാക്കുകളും പിന്തുടർന്നു.
വയസ്സ് ഇരുപതായെങ്കിലും വീടും വീട്ടുകാരും അങ്ങാടിയും ഹമീദ്ക്കയും സുധാകരേട്ടനും അതൃമാൻക്കയുമല്ലാതെ ലോകത്തെക്കുറിച്ചോ ആളുകളെക്കുറിച്ചോ ഒന്നുമറിയില്ല. പത്ത് വർഷം മുമ്പ് മൂന്ന് വട്ടം ടൗണിൽ പോയിട്ടുണ്ട്.മെഡിക്കൽ കോളേജിൽ അമ്മയുടെ പ്രസവങ്ങൾക്ക്. എനിക്കിളയത് മൂന്നും പെൺകുട്ടികളാണ്. ഞാനുണ്ടായി ആറു വർഷം കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത പെങ്ങളുണ്ടായത്.പിന്നെ രണ്ട് പേരും വേഗം വേഗമുണ്ടായി.
വരാന്തയിൽ നിന്നും എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. എന്ത് ചെയ്യണമെന്നറിയാതെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കുന്നിന്റെ മുകളിലാണ് വീടുള്ളത്. നോക്കിയാൽ കാണുന്നിടത്തൊന്നും മറ്റ് വീടുകളില്ല.
തൊട്ടടുത്ത പെങ്ങൾ വരാന്തയിലിരുന്ന് കട്ടൻ ചായ കുടിക്കുന്നു. മറ്റ് രണ്ട് പേരും പുറകിലെ മുറ്റത്ത് എന്തോ കളിയിലാണ്.പെങ്ങമ്മാരും സ്കൂളിലൊന്നും പോകാറില്ല. മറ്റ് കൂട്ടുകാരുമില്ല.
"അമ്മേ...ഞാനിതാ വരുന്നു... "
എന്തോ കാര്യം പിടികിട്ടിയെന്നോണം മുറ്റത്ത് നിന്നും വഴിയിലേക്കിറങ്ങി, കുന്നിറങ്ങി അങ്ങാടി ലക്ഷ്യമാക്കി നടന്നു.
ആദ്യം കയറിയത് ഹമീദ്ക്കയുടെ കടയിലേക്കാണ്.
"ഹമീദ്ക്കാ... വീട്ടിലെ അരീം സാധനോം തീർന്ന്... കൊറച്ച് സാധനം തരണം.. ഞാനെന്തെങ്കിലും പണി എടുത്തോളാം..."
"എനിക്കിപ്പോ നിന്നെക്കൊണ്ട് ഒരു പണീം ല്ലല്ലോ സന്തോഷാ... കടം തരാനാണെങ്കി എന്റേലിട്ട് സാധനോംല്ല.... കൊടുത്തതൊനും തന്നെ ആരും തരുന്നില്ല..."
"ഞാൻ പണി ചോദിച്ച് വന്നതാ.. ങ്ങള് എന്തേലും പണി വാങ്ങിത്തന്നാ മതി.. "
"എന്ത് പണി? നാട്ടിലൊന്നും ഇപ്പം ഒരു പണീംല്ല.. സന്തോഷാ... നീ വേറേടെങ്കിലും പോയി ചോദിക്കി...."
പിന്നെ കയറിയത് അടുത്ത് കണ്ട ഒരു ഹോട്ടലിലേക്കാണ്.
"എനിക്ക് ഒരു പണി വേണ്ടീനും.. എന്ത് പണിയായാലും എടുക്കും.. വൈന്നേരം പൊരേലേക്ക് അരീം സാധനോം വാങ്ങാനാ..."
"ഇവിടെ പണിയൊന്നും ഇല്ല... അല്ലെങ്കിലും നിനക്കൊക്കെ ആര് പണി തരാനാ.. എങ്ങിനാ വിശ്വസിക്ക്യാ..? കള്ളൻ കണാരന്റെ സന്തതിയല്ലേ... ഉം.. പോയ്ക്കോ..."
ഹോട്ടലുകാരൻ പുറത്തേക്ക് തള്ളി.
അങ്ങാടിയിലുള്ള എല്ലാ കടകളിലും മീൻകാരൻ അതൃമാൻക്കയോടും കണ്ടവരോടൊക്കെയും ചോദിച്ചു. എല്ലാടത്ത് നിന്നും എല്ലാവരും ആട്ടി. വെളിച്ചപ്പാട് ആരെയുമറിയില്ലെങ്കിലും വെളിച്ചപ്പാടിനെ എല്ലാവരുമറിയും എന്ന അവസ്ഥയായിരുന്നു. അവസാനം നിരാശനായി വീട്ടിലേക്ക് തന്നെ നടന്നു. കള്ളനായിരുന്ന അച്ഛനോട് ആദ്യമായി വെറുപ്പും പകയും തോന്നി.
വീട്ടിലേക്ക് കയറിയപ്പോ അമ്മ ചോദിച്ചു.
"എവിടെ... ങ്ങി... അരീം സാധനോം വാങ്ങീലേ...?"
"ആരും തന്നില്ല... കള്ളമ്മാര്ക്ക് ആരും ഒരു പണീം കൊടുക്കൂലാന്ന്... എവിടെങ്കിലും പോയി കക്കാൻ പറഞ്ഞു... "
ആരോടൊക്കെയോ ഉള്ള ദേഷ്യവും വാക്കുകൾക്കൊപ്പം പുറത്തേക്കൊഴുകി.
വിശപ്പും ക്ഷീണവും വല്ലാതെ തളർത്തിയിരുന്നു. വരാന്തയിലെ അരത്തിണ്ണയിലേക്ക് കയറിയിരുന്നു.
"അമ്മേ... വല്ലാണ്ട് പയിക്കിന്ന്... ഒരു ഗ്ലാസ് വെള്ളം... വേറൊന്നും ല്ലാലോ...ല്ലേ...?"
"അക്കണ്ടത്തില് ബാക്കിണ്ടായ്നെ രണ്ട് മെരട് പൂളയും പറിച്ച് പുഴുങ്ങി രാവിലെ നിന്റെ അനിയത്ത്യേക്ക് കൊട്ത്ത്... അയ്റ്റ്യേക്ക് തന്നെ പള്ളനെറഞ്ഞില്ല... നീ വരട്ടേന്നും പറഞ്ഞ് നിർത്തീരിക്ക്യാ... ഞാനവരെ... കട്ടിട്ടായിരുന്നേലും അച്ഛനുണ്ടായിരുന്നപ്പോ ഒന്നിനും ഒരു കൊറവും ഇല്ലായിരുന്ന്... പയിക്കിന്നീന്നും പറഞ്ഞ് മൂന്നെണ്ണം അത കുത്തിരിഞ്ഞ് മോങ്ങുന്ന... ഞാനെന്താ ചെയ്യാന്റെ ഭഗവാനേ... അച്ഛനെപ്പോലെ നീയൊരു കള്ളനായി പോകരുതേന്നായിരുന്നു ആഗ്രഹോം പ്രാർത്ഥനേം...അച്ഛന്റേം ആഗ്രഹം അതായിര്ന്ന്....പക്ഷേ ഈറ്റിങ്ങളെ ഈ കരച്ചില് കണ്ടിട്ട് എനിക്ക് സഹിക്കാമ്മേല...ഒരമ്മയും ഒരു മകനോടും പറയാൻ പാടില്ലാത്തതാ...ന്നാലും..ന്റെ... മോൻ എവിടേലും പോയി കട്ടിട്ടാണേലും...."
അമ്മയുടെ കണ്ണുകൾ നിറഞ്ഞു തൂവി.
"കൊറച്ച് കട്ടൻ ചായയുണ്ട് അടുക്കളേല്.. ഞാമ്പോയി എടുത്ത് കൊണ്ടത്തരം.."
അമ്മ കണ്ണുകൾ തുടച്ച് അകത്തേക്ക് പോയി.
അച്ഛൻ കള്ളനായ ചരിത്രമൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഒരു കളവ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അമ്മയെ കിട്ടിയതെന്നു പറഞ്ഞിട്ടുണ്ട്.
അന്ന് പുലർച്ചെ കളവ് കഴിഞ്ഞ് നാട്ടിലേക്കുള്ള ആദ്യ ബസ്സ് കയറാൻ ബസ് സ്റ്റാന്റിലേക്ക് വരവെ റെയിൽവേ ഗെയിറ്റ് കടക്കുമ്പോഴാണ് പാളത്തിൽ കിടക്കുന്ന അമ്മയെ കണ്ടതും കൂട്ടിക്കൊണ്ടുവന്നതും. എന്തിനായിരുന്നു അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നോ, അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളെക്കുറിച്ചോ ഒന്നും അച്ഛനും അമ്മയും പറഞ്ഞിട്ടില്ല.
ഒരിക്കലും അച്ഛൻ നാട്ടിൽ നിന്ന് കളവ് നടത്താറില്ലായിരുന്നു. ടൗണിൽ നിന്നായിരുന്നു കളവ്.ദിവസമൊന്നും കളവിന് പോകില്ല. മാസത്തിൽ ഒരു പ്രാവശ്യം മാത്രം. ഒരു ദിവസം രാവിലെ പോയാൽ പിറ്റേ ദിവസം രാവിലെ തിരിച്ചെത്തും. അന്ന് ഒരു മാസം അല്ലലില്ലാതെ ജീവിക്കാനുള്ള വകയുമായിട്ടാണ് വരിക. അത് തീരുമ്പോൾ അടുത്ത പോക്ക്.
മറ്റുള്ള ദിവസങ്ങളിലൊന്നും അച്ഛൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാറില്ലായിരുന്നു. അവസാനം കളവ് കഴിഞ്ഞ് വന്ന രാത്രി ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നെ ഉണർന്നില്ല.
അമ്മ കൊണ്ടുവന്ന കട്ടൻ ചായ ഒറ്റവലിക്ക് കുടിച്ച് മുറ്റത്തേക്കിറങ്ങി, വഴിയിലേക്കിറങ്ങി, കുന്നിറങ്ങി. കുറച്ച് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൈയ്യിൽ രണ്ട് മൂന്ന് പൂള മിരടും ഒരു നേന്ത്രക്കുലയും ഉണ്ടായിരുന്നു.
"ഇതെവിടുന്ന് കട്ടി...?"
അമ്മയുടെ ചോദ്യത്തിൽ സന്തോഷവും ഒപ്പം ദുഃഖവും കലർന്നിരുന്നു.
"താഴത്തെ ഒരു വയലീന്ന് പറിച്ചു... "
രാത്രി, പൂളയും കായയും പുഴുങ്ങിയത് വയറുനിറച്ചുണ്ട്, അച്ഛൻ കളവിന് പോകുമ്പോൾ അരയിൽ കരുതുമായിരുന്ന ഒരു കഠാരിയും, ഏത് പൂട്ടും തുറക്കാൻ അച്ഛൻ ഉപയോഗിക്കുന്ന ആ കമ്പിക്കുളത്തും അരയിലെടുത്ത് വെച്ച് വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങി, വഴിയിലേക്കിറങ്ങി, കുന്നിറങ്ങി.....
"""""""""""""""""""""""""""""""""""""""""""""
ഷാനവാസ്,എൻ. കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot