Slider

=ഇനിയൊരു മടക്കമില്ല പെണ്ണെ നിന്നിലേക്കും മറ്റൊരു പ്രണയത്തിലേക്കും=

0

=ഇനിയൊരു മടക്കമില്ല പെണ്ണെ നിന്നിലേക്കും മറ്റൊരു പ്രണയത്തിലേക്കും=
.
ഈ കണ്ണും കരളുമൊക്കെ ഓരോരുത്തര് ചോദിക്കും .കൊടുക്കാറില്ല . പണ്ട് കരളു കൊടുത്തവൾ ഇന്നുമെന്നെ മാറി നിന്ന് നോക്കുന്നുണ്ട് .പണ്ട് അവൾക്ക് നഷ്ടപ്പെട്ട എന്റെ പ്രണയം ഞാൻ മറ്റാർക്കെങ്കിലും പകുത്തു നൽകുന്നുണ്ടോ എന്നറിയാൻ .ഇല്ല പെണ്ണെ നിന്നെ ഇറക്കിവിട്ട ഹൃദയത്തിന്റെ വാതിൽ ഞാൻ ഓർമ്മകൾ കത്തിച്ചു കരിച്ചു കളഞ്ഞിട്ടുണ്ട്, ഉറക്കമില്ലാത്ത രാത്രികളിലെ ദീർഘ നിശ്വാസങ്ങളിൽ ഒരു വിങ്ങലോടു കൂടി ഹൃദയം കരിഞ്ഞൊരു ഗന്ധം എന്നെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട് .നീയല്ലാതെ ഒരു പെണ്ണ് ജീവിതത്തിൽ ഇല്ല എന്നൊരു കള്ളം ഞാൻ പറയുന്നില്ല .നിനക്കുണ്ടായിരുന്ന സ്ഥാനം ഭദ്രമാണ് .ബാക്കിയുള്ളത് ഇനിയുള്ളവർ പങ്കിട്ടെടുക്കട്ടെ ..
.
ഇനിയൊരു മടക്കമില്ലെന്നു അവൾ പറഞ്ഞു നടന്നപ്പോ നഷ്ടപ്പെട്ടത് ഒരു സഹൃദമാണ് . പ്രണയത്തിലേക്ക് വഴി തെളിക്കാൻ എളുപ്പമുള്ള സൗഹൃദങ്ങളിൽ നിന്ന് ഞാൻ ഒളിച്ചോടാറാണ് പതിവ് .എനിക്ക് ഭയം എന്നെത്തന്നെയാണ് .ഇനിയൊരു പെണ്ണിന് ആശ കൊടുത്തു വഞ്ചിക്കാൻ മാത്രം ഞാൻ എന്ന വ്യക്തയിലെ വില്ലൻ വളർന്നിട്ടില്ല ..
.
ഒരിക്കൽ കരളു കൊടുത്തവളെ മറന്നു തുടങ്ങാൻ പോലും വർഷങ്ങളായിട്ടും എനിക്ക് കഴിഞ്ഞിട്ടില്ല . ഭൂമിയിലെ ഏറ്റവും മോശം സ്ത്രീയുടെ വേഷം ഞാൻ എന്റെ ചിന്തകളിൽ അവൾക്ക് കൊടുത്തുനോക്കാറുണ്ട് . ആ വേഷത്തിലും അവളെ പോലെ ഒരു പെണ്ണിനെ വെറുക്കാൻ കഴിയാത്തിടത്താണ് എന്റെ പ്രണയത്തിന്റെ -എന്റെ പരാജയം ,
.
പലവട്ടം അവളു പറഞ്ഞതാണ് ഇതുനടക്കില്ല ഇതുനടക്കില്ല . നിനക്ക് എന്നേക്കാൾ നല്ലൊരുവളെ ദൈവം കൂട്ടുത്തരുമെന്നു .കേട്ടില്ല ഈ ശാപ ജന്മം..എല്ലാ വേദനകളിൽ നിന്നും ഒരു ഒട്ടിച്ചോട്ടമായിരുന്നു അവളുടെ സാമിപ്യങ്ങൾ . നേടിയെടുക്കാമെന്ന വിശ്വാസത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോയപ്പോൾ അവിടെയും കഥകൾ മാറ്റിയെഴുതി ദൈവം പരീക്ഷിച്ചു . സ്വപ്നം കണ്ട പെണ്ണിനേക്കാൾ വലിയ കടമകൾ ദൈവത്തിന്റെ തിരക്കഥയിൽ ആടാൻ വിധിച്ചപ്പോൾ യാത്ര പറഞ്ഞിറങ്ങേണ്ടി വന്നു ..
.
അവളന്നും എന്നോട് പറഞ്ഞു നിനക്ക് എന്നേക്കാൾ നല്ലതൊന്നു വരും .ഇത്രയും നാൾ ഞാൻ നിന്നെ കൊതിച്ചിരുന്നില്ല ഈ തിരിച്ചു പോക്കിൽ ഇനിയൊരു മടക്കമില്ലെന്നോർക്കുമ്പോൾ ഇത്രയും നാൾ നീ നൽകിയ -ഞാൻ കണ്ടില്ലെന്നു നടിച്ചിരുന്ന നിന്റെ പ്രണയം എന്റെ ഉള്ളു പൊള്ളിക്കുന്നു.. ചെയ്തു തീർക്കാനുള്ള കടമകളിലേക്കാണ് നിന്റെ യാത്ര .അതിലെനിക്ക് സന്തോഷമേ ഉള്ളു ..നിനക്കു വന്നതിനേക്കാൾ നന്മകൾ വരാനിരിക്കുന്നെ ഉള്ളു . ഒരു സൗഹൃദത്തിന്റെ പേരുമായി ഈ ബന്ധം തുടരരുത് . എന്റെ മനസ്സിൽ നീ ഇപ്പോഴും എന്നെ ഇഷ്ടമാണെന്നു പറയുന്നുണ്ട് . ഞാൻ അത് കണ്ടില്ലെന്നു നടിക്കുന്ന ക്രൂരയായ ഒരു കാമുകിയായി തന്നെ തുടരട്ടെ ..
.
വാക്കുകൾക്ക് എനിക്കൊരിക്കലൂം ദാരിദ്ര്യം വന്നിട്ടില്ല .എന്നിട്ടുപോലും അവളുടെ മുൻപിൽ ഞാൻ ഒരു മറുപടിക്ക് വേണ്ടി അലഞ്ഞു . പുറത്തു വരാൻ മടിയുള്ള വാക്കുകൾ കണ്ണുനീരായി ഒഴുകാൻ തുടങ്ങിയപ്പോ ഞാനും തിരിഞ്ഞു നടന്നു ...
ഇനിയൊരു മടക്കമില്ല പെണ്ണെ നിന്നിലേക്കും മറ്റൊരു പ്രണയത്തിലേക്കും .......
കണ്ണീരു കൊണ്ട് ഞാൻ പറഞ്ഞത് അവൾക്ക് വായിക്കാൻ കഴിയും ..അവൾക്കു മാത്രമേ അത് വായിക്കാൻ കഴിയു ...
ജീവിതവും കടമകളും വില്ലൻ വേഷം കെട്ടിയാടിയ എന്റെ സ്വപ്നങ്ങളിൽ ഈ കണ്ണുകളടയും വരെ -
ഇനിയൊരു മടക്കമില്ല പെണ്ണെ നിന്നിലേക്കും മറ്റൊരു പ്രണയത്തിലേക്കും .......
- അൻവർ മൂക്കുതല -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo