നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാരം പേറുന്നവൾ (ഭാര്യ)


അടുക്കളയിൽ ധൃതിപ്പെട്ട് ഓരോ ജോലിയും തീർത്ത് കൊണ്ടിരിക്കെയാണ് മോൻ എഴുന്നേറ്റ് കരഞ്ഞത് .. പച്ചക്കറിത്തൊട്ടി താഴേക്കെറിഞ്ഞു അവൾ ബെഡ് റൂമിലേക്കോടി
മോന് ഒൻപത് മാസമായി.. ഒരിക്കൽ അവൻ ഇഴഞ്ഞു് കട്ടിലിൽ നിന്ന് വീണതാണ്..
ഓടി ചെന്നപ്പോഴേക്കും തടയായി വെച്ചിരുന്ന തലയണയൊക്കെ തട്ടി തെറിപ്പിച്ച് കട്ടിലിന്റെ തലക്കൽ എത്തിയിരുന്നു..
അവൻ ഉറങ്ങുമ്പോളാണ് കിച്ചണിലെ ജോലികൾ ചെയ്യുന്നത്..
ഇന്ന് അവൻ നേരത്തെ എഴുന്നേറ്റു.
ഇന്നലെ മുതൽ നേരിയ പനിയുണ്ട്.
ജോലി തിർത്ത് ഡോക്ടറുടെ അടുത്ത് കൊണ്ടു പോണം.
അമ്മയെ കണ്ടപാടെ കരച്ചിൽ നിർത്തി അവൻ മോണകാട്ടി ചിരിച്ചു.
അവൾ മോനെ വാരിയെടുത്ത് ഉമ്മ വെച്ച് കിച്ചണിലേക്കോടി..
അമ്മേടെ ചക്കരക്കുട്ടാ
ഇവിടിരുന്ന് കളിക്കെട്ടാ..
മോനെബേബി വാക്കറിലിരുത്തി പച്ചക്കറി അരിയാൻ തുടങ്ങി.
വാടക വീട്ടിൽ നിന്ന് സ്വന്തമായി ഒരു കൂരയുണ്ടാക്കി മാറിയിട്ട് കുറച്ച് ദിവസമേ ആയുള്ളു..
അത് കൊണ്ട് ഒന്നും ഒരു സെറ്റായിട്ടില്ല..
അത്യാവശ്യം ഒരു മുറിയും അടുക്കളയും ബാത്റൂമും ഉപയോഗിക്കാവുന്ന വിധത്തിലാക്കി..
പണി പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ വേണം..
പെട്ടെന്ന് അവളുടെ മൊബൈൽ ശബ്ദിച്ചു.
ചേട്ടനായിരിക്കും. ഹൊ ഈ ചേട്ടനെക്കൊണ്ട് തോറ്റു..
ഇന്റർനെറ്റ് ഒരു ശല്യമാണിപ്പോൾ..
വാട്സ് ആപ് കോൾ ഫ്രീ ആയത് കൊണ്ടു് ഓരോ മണിക്കൂറിലും വിളിച്ച് കൊണ്ടിരിക്കും..
ഫോൺ എടുത്തില്ലെങ്കിൽ പിന്നെ പിണക്കമായി..
പിന്നെ അത്യാവശ്യത്തിന് പോലും വിളിക്കില്ല..
ഇവിടെ ബാക്കിയുള്ളോർ ചേട്ടനെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണെന്നാണ്‌ വിചാരം..
അവൾ എണീറ്റ് പോയി ഫോണെടുത്തു..
എടീ കുഞ്ഞിനെങ്ങിനെയുണ്ട്?
ചെറുതായി പനിയുണ്ട് ചേട്ടാ ..
ഞാൻ നല്ല തിരക്ക് പിടിച്ച പണിയിലാണ്.
മക്കൾ ഉച്ചക്ക് സ്കൂളിന്ന് വരും..
അവർക്ക് പരിക്ഷയാണ്..
ചോറും കറിയും റെഡിയാക്കിയിട്ട് വേണം കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ..
മക്കൾ വരുമ്പോഴേക്ക് തിരിച്ചെത്തേം വേണം..
ചേട്ടൻ ഉച്ചകഴിഞ്ഞ് വിളിക്കെട്ടൊ..
മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു..
അല്ലെങ്കിൽ ഇന്നലെ പറഞ്ഞത് തന്നെ ഇന്നും പറഞ്ഞു് കൊണ്ടേ ഇരിക്കും..
അവൾ വേഗം പണി ഒതുക്കി കുഞ്ഞിനെ റെഡിയാക്കി വീട് പൂട്ടി..
പത്ത് മിനിട്ട് നടന്നാൽ ഓട്ടോ സ്റ്റാന്റിലെത്താം..
അയലത്തെ ചേച്ചിയോട്‌ വിവരം പറഞ്ഞു് ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു..
ഓഹ്, മോൾടെ കഷ്oപ്പാടു് എന്നാ തീരുന്നെ ..
ഷാജിയോട് നാട്ടിൽ വന്ന് വല്ല പണീം നോക്കി ജീവിക്കാൻ പറയ് മോളെ..
ചേച്ചി വർഷങ്ങളായി പറയുന്ന പല്ലവി ആവർത്തിച്ചു..
കേൾക്കാൻ നിന്നാൽ നിർത്താതെ പറഞ്ഞു് കൊണ്ടേ ഇരിക്കും..
ചേച്ചിമാത്രമല്ല തന്റെ അമ്മയും ചേട്ടന്റെ മാതാപിതാക്കളും അനിയനും ഒക്കെ ഇപ്പോൾ പറയുന്നത് ഇത് തന്നെയാണ്..
നാട്ടിൽ ഒരു പണിക്കും പോകാതെ ചുളിയാത്ത ഷർട്ടും മുണ്ടും ഉടുത്ത് കൂട്ടുകാരോടൊപ്പം അടിച്ച് പൊളിച്ച് നടന്നപ്പോൾ താൻ നിർബന്ധിച്ചാണ് ചേട്ടനെ ഒരു സെയിൽസ് മാന്റെ വിസയിൽ ഗൾഫിൽ പറഞ്ഞയച്ചത്..
അന്ന് സൂരജിന് ഒരു വയസ്സ് ആയിരുന്നു..
അച്ഛനും അമ്മയും അനിയനും ചേച്ചിയും അടങ്ങുന്നതായിരുന്നു, ചേട്ടന്റെ കുടുംബം..
ചേച്ചിയെ വിവാഹം ചെയ്തയച്ചിരുന്നു..
അനിയൻ കൂലിപ്പണിക്ക് പോയിട്ടായിരുന്നു അന്ന് വീട് കഴിഞ്ഞിരുന്നത്.. കൂട്ടുകാരോടൊപ്പം കവലയിൽ ചിലവഴിക്കലാണ് ചേട്ടന്റെ പ്രധാന ജോലി..
വീട്ടുകാര്യത്തിൽ തീരെ ഉത്തരവാദിത്തമില്ലാത്ത പ്രകൃതം..
അവസാനം തന്റെ അമ്മയാണ് ഇങ്ങിനെ ഒരു ബുദ്ധി ഉപദേശിച്ച് തന്നത്..
കുറെ പറഞ്ഞതിന് ശേഷമാണ് പോകാൻ സമ്മതിച്ചത്..
അമ്മയുടെ ഒരു പരിചയക്കാരൻ മുഖേന വിസ ശരിയാക്കി..
പോകുമ്പോൾ തന്നോട് ഒരു ചെറിയ മുഷിപ്പ് ഉണ്ടായിരുന്നു..
ഗൾഫിൽ ചെന്ന് പുതിയ സൗഹൃദങ്ങൾ ആയപ്പോൾ പിന്നെ ഹാപ്പിയായി ..
ജോലിയും സുഖമായിരുന്നു..
പക്ഷെ കിട്ടുന്ന ശമ്പളം ഒന്നും മിച്ചം വെക്കാൻ അറിയില്ലായിരുന്നു..
വീട്ടിലേക്ക് വല്ലപ്പോഴും രണ്ടായിരമോ മുവായിരമോ അയക്കും..
അവിടെയും അടിച്ച് പൊളിച്ചുള്ള ജീവിതമാണെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്..
അവസാനം താൻ അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചാണ് അങ്ങിനെ ഒരു തീരുമാനമെടുത്തത്..
തറവാടിന്റെ അടുത്ത് തന്നെ ഒരു വീട് വാടകക്ക് എടുത്ത് താമസംമാറി..
ചേട്ടന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല..
രാത്രി അമ്മ കൂട്ടിന് വന്ന് കിടക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു..
വാടകയും ചിലവിനും കൂടി പതിനായിരം രൂപയെങ്കിലും വേണമെന്ന് പറഞ്ഞപ്പോഴും ഉടക്കി..
പിന്നെ നിവൃത്തിയില്ലാതെ മാസാമാസം പൈസ അയച്ചു തന്നു..
ഒട്ടും വൈകാതെ താൻ ഒരു ചിട്ടി കുടി.. മാസം ഒരു സംഖ്യ മിച്ചം വെച്ചു..
ചിട്ടി വട്ടമെത്തി കുറച്ച് പൈസ കിട്ടിയ സമയത്താണ് , അടുത്ത വീട്ടിലെ ചേച്ചി അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ പോണെന്ന് പറഞ്ഞത്..
അച്ചനോടും അമ്മയോടും അതെടുത്തെങ്കിലോ എന്ന് ആലോചിച്ചു..
പക്ഷെ വില കേട്ടപ്പോൾ ഞെട്ടി..
കയ്യിലുള്ളത് നാലിലൊന്ന് പോലുമില്ല..
അച്ഛനും അനുജനും ധൈര്യം തന്നു..
അച്ഛന്റെ ആധാരം പണയം വെച്ച് ഒരു കണക്കിന് അത് സ്വന്തമാക്കി..
എല്ലാം കഴിഞ്ഞാണ് അച്ഛൻ ചേട്ടനോട് വിവരം പറഞ്ഞത്..
അതും ചേട്ടന് ഇഷ്ടമായില്ല..
ബാങ്കിൽ മാസം അയ്യായിരം അടക്കണമെന്ന് താനാണ് പറഞ്ഞത്..
എന്നോട് ചോദിക്കാതെ എന്തിന് സ്ഥലം വാങ്ങിയെന്ന് പറഞ്ഞ് കുറെ ചൂടായി..
സാവകാശം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി..
രണ്ട് വർഷമായി പോയിട്ട്.. നാട്ടിൽ വന്ന് കൂട്ടുകാരോടൊത്ത് ആഘോഷിക്കാനുള്ള തിടുക്കമായിരുന്നു, ചേട്ടന് ..
താൻ പറഞ്ഞ് നാട്ടിൽവരവ് ആറ് മാസത്തേക്ക് നീട്ടി..
അതിനും പഴി തനിക്കായിരുന്നു..
സ്നേഹമില്ലാത്ത ഭാര്യയെന്നും മറ്റും..
എല്ലാം സഹിച്ചു, ക്ഷമിച്ചു..
ഓരോന്നോർത്ത് ഓട്ടോ സ്റ്റാന്റിലെത്തിയതറിഞ്ഞില്ല..
പരിചയമുള്ള തങ്കപ്പൻ ചേട്ടന്റെ വണ്ടിയിൽ കയറി..
തന്നോട് ഒരു മകളോടെന്ന പോലെയാണ് തങ്കപ്പൻ ചേട്ടന്റെ പെരുമാറ്റം..
എവിടേക്കാ മോളെ കാലത്തെ..
ചേട്ടാ ആ എബ്രഹാം ഡോക്ടറുടെ അടുത്ത് .. മോന് ചെറിയ പനി..
മോള് എന്നെ ഒന്ന് വിളിച്ചെങ്കിൽ ഞാൻ വീട്ടിലോട്ട് വരില്ലായിരുന്നോ?
ഓഹ് , കാലത്തെ കുറച്ച് നടക്കുന്നത് നല്ലതല്ലെ ചേട്ടാ..
ഉം ഉവ്വ ഉവ്വ . ഇരുപത് രൂപ ലാഭിക്കേം ചെയ്യാല്ലൊ.
ചേട്ടന് കാര്യം മനസ്സിലായി..
ഡോക്ടറുടെ അടുത്ത് നല്ല തിരക്കായിരുന്നു..
എന്നിട്ടും തങ്കപ്പൻ ചേട്ടൻ വെയ്റ്റ് ചെയ്തു..
ഡോക്ടർ മോനെ പരിശോധിച്ച് മരുന്ന് കുറിച്ച് തന്നു..
ഇനിയും പനി മാറിയില്ലെങ്കിൽ ബ്ലഡ്‌ ചെക്ക് ചെയ്യണമെന്ന് പറഞ്ഞു..
തങ്കപ്പൻചേട്ടൻ തന്നെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി..
തിരിച്ച് വീട്ടിൽ ആക്കി..
ചേട്ടാ പൈസ കാലിയായി. പിന്നെ എടുക്കാട്ടൊ..
അതിനെന്താ മോളെ ഞാൻ ചോദിച്ചില്ലല്ലൊ..
ഷാജി ഉടനെ വരുന്നുണ്ടോ മോളെ?
ഇല്ല ചേട്ടാ വീട് പണി ഇനിയും ബാക്കിയാണ്..
കുറച്ച് കുടി നിന്നിട്ട് വന്നാൽ മതീന്ന് ഞാൻ പറഞ്ഞു..
നീ മിടുക്കിയാ മോളെ ..
നിന്റെ ഒരാളുടെ പ്രയത്നമാണ് ഈ വീടെന്ന് ഞങ്ങൾക്കൊക്കെ അറിയാം..
നിറവയറുമായി ഓരോ കാര്യങ്ങൾക്ക് ഓടിയതും, കഠിനമായ ജോലികൾ ചെയ്യുന്നതുമൊക്കെ എനിക്കറിയാമല്ലൊ..
നിന്നെ ദൈവം കൈവിടില്ല..
അതെ ചേട്ടാ ആ ഒരു വിശ്വാസമാണ് എനിക്കും..
മക്കൾ വരാറായി ചേട്ടാ, എനിക്കിത്തിരി ജോലി കൂടിയുണ്ട്..
ശരി മോളെ..
സൂരജിന് ഇപ്പൊ പത്ത് വയസ്സായി..
അവൻ അഞ്ചാം ക്ലാസ്സിലായി..
രണ്ടര വർഷം കഴിഞ്ഞു് ചേട്ടൻ ആദ്യത്തെ ലീവിന് വന്നപ്പൊ ലഭിച്ചതാണ് ചിഞ്ചുമോൾ..
അവൾ രണ്ടാം ക്ലാസ്സിൽ..
മക്കൾ വളരുന്നതിനനുസരിച്ച് ചേട്ടന് കുറേശ്ശെ ഉത്തരവാദിത്തം വന്നിട്ടുണ്ടു്..
അവസാനം വന്ന് പോയിട്ട് ഒന്നര വർഷമായി..
കുഞ്ഞുവാവയെ കാണാൻ കൊതിയായിരിക്കുകയാണ്..
അമ്മ എപ്പോഴും പരിതപിക്കും.
നീ ക്ഷീണിച്ച് വല്ലാതായല്ലൊ..
നിന്റെ ജീവിതം ഇങ്ങിനെയായി പ്പോയല്ലൊ എന്നൊക്കെ ..
അമ്മക്കറിയില്ലല്ലൊ തന്നെപ്പോലെയോ അല്ലെങ്കിൽ തന്നെക്കാൾ കഷ്ഠപ്പെടുന്ന ആയിരക്കണക്കിന്ന് ഹതഭാഗ്യരുള്ള നാടാണിതെന്ന് ..
ദൈവം സൗന്ദര്യം കുറച്ച് മാത്രം തന്നത് കൊണ്ട് മറ്റ് ഗൾഫ് ഭാര്യമാരുടെ പ്രശ്നങ്ങളും തനിക്കില്ല..
അമ്മേ .. സ്കൂളിൽ നിന്ന് വന്ന ചിഞ്ചു മോളുടെ വിളി കേട്ട് അവൾ എല്ലാം മറന്ന് പുറത്തേക്ക്‌ ഓടി...
ബഷീർ വാണിയക്കാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot