Showing posts with label ബഷീർ വാണിയക്കാട്. Show all posts
Showing posts with label ബഷീർ വാണിയക്കാട്. Show all posts

മക്കളോടുള്ള മാതാപിതാക്കളുടെ സമീപനം


മാതാപിതാക്കൾക്ക് മക്കളോട് ചിലബാധ്യതകളും കടപ്പാടുകളും ഉണ്ടു്.
അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ച് കൊടുക്കുമ്പോളാണ് നമ്മൾ യഥാർത്ഥ രക്ഷിതാക്കളാകുന്നതു്.
കഴിയുന്നത്ര ന്യായമായ അവരുടെ ആവശ്യങ്ങളും ഇഷ്ഠങ്ങളും നിറവേറ്റികൊടുക്കുക എന്നത് ഒരു നല്ല രക്ഷിതാവിന്റെ കടമയാണ്. കഴിയാത്തതാണെങ്കിൽ ശാന്തമായി കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.
മത ധാർമിക ചിന്തകളും, സദാചാര ബോധവും, മാനുഷിക മൂല്യങ്ങളും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി നമ്മൾ അവർക്ക് മാതൃകയാകേണ്ടതുണ്ടു്.
അവരുമായി കൂട്ടുകാരെ പോലെ അടുത്തു ഇടപഴകിയാൽ സ്വന്തം ദുഃഖങ്ങളും സങ്കടങ്ങളും പങ്ക് വെക്കാൻ അവർ മറ്റുള്ളവരെ തേടി പോകുകയില്ല.
എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് വകവെച്ച് നൽകിയാൽ അവർ നമ്മുടെ ഉറ്റ സുഹൃത്തുക്കളായിരിക്കും, തീർച്ച.
ന്യായമായ ഏതൊരു പ്രശ്നത്തിലും നമ്മുടെ പിന്തുണ അവർക്ക് ഉറപ്പ് നൽകുകയും വേണം.
ഏതൊരു നല്ല കാര്യത്തിനും പ്രോൽസാഹനം നൽകുക,
വിജയങ്ങളിൽ ആത്മാർത്ഥമായി അഭിനന്ദിക്കുക,
മറ്റുള്ളവരുടെ മുൻപിൽ അവരെ കുറിച്ച് നല്ലത്പറയുക,
അവരെ കൂട്ടി പോകാൻ കഴിയുന്നിടത്തെല്ലാം കൊണ്ടു പോകുക,
സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുക,
അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക,
തിന്മയിൽ നിന്നും തെറ്റായ കൂട്ട് കെട്ടിൽ നിന്നും പിൻ തിരിപ്പിക്കുക,
അവരുടെ മുൻപിൽ വെച്ച് മാതാപിതാക്കൾ വഴക്ക് കൂടാതിരിക്കുക,
അയൽവാസികളോടും, സുഹൃത്തുക്കളോടും ജാതി മത ഭേദമന്യേ നല്ല രീതിയിൽ പെരുമാറാൻ ശീലിപ്പിക്കുക,
ബന്ധുക്കളോടും മുതിർന്നവരോടും വിനയം കാണിക്കാൻ പഠിപ്പിക്കുക,
അവശരും ആലംബഹീനരുമായ മനുഷ്യരോട് കാരുണ്യവും ദയയും ഉള്ളവരായി വളർത്തുക
എന്നിങ്ങിനെ ഒരു പാട് കാര്യങ്ങൾ മക്കൾക്ക് വേണ്ടി നാം ശ്രദ്ധിക്കേണ്ടതുണ്ടു് .
അതു പോലെ പന്നി, നായ്, പോത്ത്, തുടങ്ങി മൃഗങ്ങളുടെ പേരുകളിൽ വിളിച്ച് ആക്ഷേപിക്കാതിരിക്കുക,
പോയി തുലയ്, പോയി ചാക്, തുടങ്ങിയ ശാപവചനങ്ങൾ പറയാതിരിക്കുക,
മന്ദ ബുദ്ധി, വിഡ്ഢി, അനുസരണമില്ലാത്തവൻ, കള്ളൻ, നുണയൻ, പിശാച് തുടങ്ങിയ പ്രതിലോമകരമായ വാക്കുകൾ ഉപയോഗിച്ച് നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക,
മറ്റ് കുട്ടികളുമായി താരതമ്യം ചെയ്‌ത് അവരെ ഇകഴ്താതിരിക്കുക,
ഉപാധികൾ വെച്ച് സ്നേഹവും സമ്മാനങ്ങളും ഓഫർ ചെയ്യാതിരിക്കുക,
മനപ്പൂർവം തെറ്റായ വിവരങ്ങൾ ധരിപ്പിക്കാതിരിക്കുക,
അവരുടെ ന്യായമായ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും എതിര് നിൽകാതിരിക്കുക,
 കൊല്ലും, വെട്ടും, തല തല്ലി പൊളിക്കും തുടങ്ങിയ ഭീഷണികൾ മുഴക്കാതിരിക്കുക,
അവരുടെ രഹസ്യങ്ങൾ പുറത്തുപറഞ്ഞു് വിശ്വാസ വഞ്ച‌ന കാട്ടാതിരിക്കുക,
മതത്തിന്റെയും ജാതിയുടെയും പേരിൽ മറ്റ് മനുഷ്യരോട് വിദ്വേഷം പകർന്ന് കൊടുക്കാതിരിക്കുക
എന്നീ കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ടു്.
ഇത്തരം കാര്യങ്ങളിൽ നാം അവരെ ഉപദേശിക്കുന്നത് പോലെ, അവർക്ക് മാതൃക കാണിച്ചാൽ നമ്മുടെ മക്കൾ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഒരു മുതൽകൂട്ടായിരിക്കുമെന്നും, നമ്മുടെ പരലോക വിജയത്തിന് അവർ സഹായകരമായിരിക്കുമെന്നും നമുക്ക്‌ ഉറപ്പിക്കാം.
ദൈവം തുണക്കട്ടെ.
ബഷീർ പറവൂർ.

ആദ്യത്തെ ശമ്പളം



വൈറ്റിലയിലെ തിരക്കുള്ള സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ പത്ത് പന്ത്രണ്ടു് വയസ്സുള്ള ഒരു ബാലൻ ലോട്ടറി ടിക്കറ്റുമായി ഗ്ലാസ്സിൽ മുട്ടി വിളിച്ചു. അവന്റെ ദയനീയ മുഖം കണ്ടപ്പോൾ ഗ്ലാസ്സ് തുറക്കാതിരിക്കാൻ കഴിഞ്ഞില്ല. തുറന്ന പാടെ അവൻ പറഞ്ഞു. "ചേട്ടാ ഒരു കാരുണ്യ എടുക്കു".
ലോട്ടറി എടുക്കുന്ന പതിവില്ലാത്തത് കൊണ്ട് അവനോട് സ്നേഹത്തോടെ പറഞ്ഞു . " വേണ്ട മോനെ ടിക്കറ്റ് എടുക്കാറില്ല.. " പ്ലീസ് ചേട്ടാ " അവൻ വിടാൻ ഭാവമില്ല.
പോക്കറ്റിൽ നിന്ന് നൂറു് രൂപയെടുത്ത് അവന് നീട്ടിക്കൊണ്ട് പറഞ്ഞു.
" ടിക്കറ്റ് വേണ്ട ഈ പൈസ നീവെച്ചോ."
അവൻ പൈസ വാങ്ങി .
അപ്പോഴേക്ക് മുന്നിലെ വണ്ടികൾ നീങ്ങിത്തുടങ്ങിയിരുന്നു. അവൻ പെട്ടെന്ന് ടിക്കറ്റ് എന്റെ മടിയിലേക്കിട്ടിട്ട് പറഞ്ഞു "സോറി ചേട്ടാ വെറുതെ എനിക്ക് പൈസ വേണ്ടാ " അത് പറഞ്ഞതും അവൻ വേഗം ഓടി മാറി. തിരക്കിൽ വണ്ടി ഇഴഞ്ഞു നീങ്ങുമ്പോൾ കണ്ണാടിയിലൂടെ വീണ്ടും അവനെ നോക്കി.
നിറം മങ്ങിയ ചിന്തകൾ നാൽപത് വർഷം പിന്നിലേക്കോടി
1970 കളിലെ വറുതിയുടെ കാലഘട്ടം.
വീട്ടിലെ കഷ്ടപ്പാടിനും ദാരിദ്ര്യത്തിനും തനിക്ക് എന്ത് പരിഹാരം ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് പഠനം അവസാനിപ്പിച്ച് എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന തീരുമാനത്തിലെത്തുന്നത്.
പ്രശ്നം വീട്ടിലവതരിപ്പിച്ചു. പതിനാല് വയസ്സ് കാരനെ ജോലിക്കയക്കുന്നതിൽ വിഷമമുണ്ടെങ്കിലും വീട്ടിലെ യഥാർത്ഥ അവസ്ഥ ഓർത്ത് നെടുവീർപ്പിട്ടിരുന്ന
ഉമ്മാക്ക് സന്തോഷമായി. താഴെ മൂന്ന് അനുജൻമാരും മൂന്ന് സഹോദരികളും.
ബിസിനസ്സിലെ പരാജയം മൂലം ചെറിയ ഒരു കണക്കെഴുത്ത് ജോലി ചെയ്തിരുന്ന ഉപ്പ പക്ഷെ സമ്മതിച്ചില്ല. നിർബന്ധം കൂടിയപ്പോൾ ഒരു നിബന്ധന മുന്നോട്ട് വെച്ചു. സ്വന്തം ഇഷ്ഠത്താൽ പഠിപ്പ് അവസാനിപ്പിച്ച് ജോലിക്ക് പോകുകയാണെന്ന് എഴുതിത്തരണം.
എഴുതിക്കൊടുത്തില്ലെങ്കിലും പഠിക്കാൻ അയച്ചില്ലെന്ന് ഭാവിയിൽ കുറ്റപ്പെടുത്തുകയില്ലെന്ന് ഉപ്പാക്ക് വാക്ക് കൊടുത്തു.
അങ്ങിനെയാണ് ടൗണിലെ മൂത്താപ്പയുടെ സ്റ്റേഷനറി കടയിൽ ജോയിൻ ചെയ്യുന്നത്. അങ്ങിനെ പഠിച്ചും കളിച്ചും കഴിയേണ്ട ബാല്യം അതോടെ അവസാനിച്ചു. അല്ല ,ഞാൻ സ്വയം അവസാനിപ്പിച്ചു.
എന്നെ സംബന്ധിച്ചേടത്തോളം അത് ഒരു സർവകലാശാലയായിരുന്നു. അവിടെ പ്രിൻസിപ്രാളും അദ്ധ്യാപകരുമൊക്കെ നല്ല ക്ലാസ്സുകൾ തന്നു. എന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് അഞ്ച് വർഷക്കാലത്തെ ആ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു. ശരിക്കും ഒരു നാടൻ എം ബി എ.
രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി രാത്രി എട്ട് മണിയോടെ അവസാനിക്കും. സ്റ്റേഷനറി ക്കടയുടെ ഭാഗമായുള്ള സി ക്ലാസ്സ് കടയിലായിരുന്നു ആദ്യ പരിശീലനം.
അങ്ങിനെ ആദ്യ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു. തന്റെ ശമ്പളമറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സ് നിറയെ .മൂത്താപ്പ ചുളിവ് വീഴാത്ത ഒരു ഒറ്റ രൂപ നോട്ട് കയ്യിൽ തന്നു. ജീവിതത്തിലെ ആദ്യ വേതനം.
ഉമ്മയുടെ അടുത്ത് പറന്നെത്തി ആദ്യത്തെ തന്റെ വിയർപ്പിന്റെ വില ഉമ്മയെ ഏൽപിക്കാൻ മനസ്സ് വെമ്പി.ഉമ്മ ഉറങ്ങാതെ തന്നെ കാത്തിരിക്കുകയായിരുന്നു.
"ഉമ്മാ ഇതാ എന്റെ ആദ്യ ശമ്പളം " നോട്ട് നീട്ടിയ കയ്യിൽ പിടിച്ച് മാറോട് ചേർത്ത് ഉമ്മ തന്നെ വാരിപ്പുണർന്നു. "മോനെ" എന്ന് വിളിച്ച് തേങ്ങിയ ഉമ്മയുടെ ചൂടുള്ള കണ്ണീർ എന്റെ കവിളിൽ പതിച്ചു. രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ ഭാവമായിരുന്നു, അപ്പോൾ തന്റെ കുഞ്ഞു മനസ്സിൽ.
ബഷീർ വാണിയക്കാട്.

ഫ്രീ വിസ



ബായി സാബ് , ഇധർ കുച്ച് കാംകാ ചാൻസ് ഹെ ?
സഹോദരന് വേണ്ടി ജോലി അന്വേഷിച്ചെത്തിയ ബംഗാളിയാണ്..
ഇതിപ്പോൾ ബഹറൈനിലെ കടകളിൽ പതിവു് സംഭവമാണ്..
ദിവസം നാലഞ്ചു് ബംഗാളികളെങ്കിലും ജോലി തേടി കയറി ഇറങ്ങും..
മറ്റു് ഗൾഫ് നാടുകളിൽ ബംഗ്ലാദേശികൾക്ക് വിസ അനുവദിക്കാത്തത് കൊണ്ടു് ദിനേന നൂറു് കണക്കിന് ബംഗാളികളാണ് ബഹറൈനിൽ വന്നിറങ്ങുന്നത്..
നാട്ടിലെ വീടും പറമ്പും വിറ്റ് നാലും അഞ്ചും ലക്ഷം രൂപ കൊടുത്താണ് പലരും ഭാഗ്യം തേടി ഫ്രീ വിസയിൽ എത്തുന്നത്..
ഇത് എന്റെ അനുജനാണ്‌.. വന്നിട്ട് രണ്ട് മാസമായി.. ജോലി ഒന്നുമായിട്ടില്ല.. റൂമിന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങൾ തന്നെ ബുദ്ധിമുട്ടിലാണ്..
ഒരു പാർടൈം ജോലിയായാലും മതി..
ഞാൻ അവന്റെ കൂടെയുള്ള പയ്യനെ നോക്കി..
18-20 വയസ്സ് പ്രായം വരുന്ന വെളുത്ത് കൊലുന്നനെയുള്ള ഒരു പാവം...
മീശ പോലും മുളച്ചിട്ടില്ല.. കണ്ടപ്പോൾ സഹതാപം തോന്നി..
പക്ഷെ സഹായിക്കാൻ നിർവാഹമില്ല.. ഉള്ള സ്റ്റാഫ് തന്നെ കൂടുതലാണ്..
സോറി ബായ് , ഇധർ അബി ചാൻസ് നഹി..
എന്റെ മറുപടി കേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവരെ തിരികെ വിളിച്ച് നമ്പർ വാങ്ങി..
ചാൻസ് വന്നാൽ വിളിക്കാമെന്ന് പറഞ്ഞു.. നമ്പർ തന്ന് പ്രതിക്ഷയോടെ നന്ദി പറഞ്ഞു് അവർ അടുത്ത ഷോപ്പ് ലക്ഷ്യമാക്കി പുറത്തേക്കിറങ്ങി.
വൻകിട ഷോപ്പിംഗ് മാളുകളുടെ കടന്ന് കയറ്റത്തിൽ നടുവൊടിഞ്ഞിരിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് ഈ പാവങ്ങളെ സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ..
ആ പയ്യനെ കണ്ടപ്പോൾ ഓർമകൾ എൺപതുകളിലേക്ക് പറന്നു..
അക്കാലത്ത് ഇന്നത്തെ ബംഗാളികളുടെ അതേ അവസ്ഥയിലായിരുന്നു മലയാളികൾ..
ധാരാളം അവിദഗ്ദ തൊഴിലാളികൾ കെട്ട് താലി പണയം വെച്ചും വസ്തു വിറ്റും ഫ്രീ വിസയിൽ വന്നിറങ്ങി ജോലി അന്വേഷിച്ച് നടന്നിരുന്ന കാലം..
ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി എവിടെയെങ്കിലുമൊക്കെ കയറിപറ്റും..
അല്ലാത്തവർ മാസങ്ങളോളം ജോലി അന്വേഷിച്ച്‌ അലയും..
റുമിലുള്ളവർക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തും പാർട് ടൈം ജോലി ചെയ്തും കഴിഞ്ഞ് കൂടും ..
വലിയ ഒരു കുടുംബത്തിന്റെ ഭാരവും പേറി ഭാഗ്യം തേടി ഈ പവിഴ ദ്വീപിലെത്തുമ്പോൾ താനും ഇതേ കോലത്തിലായിരുന്നു..
ആകെ പഠിച്ച റഫ്രിജറേഷൻ & എയർ കണ്ടീഷൻ കോഴ്സിന്റെ അഹങ്കാരത്തിൽ, അമ്മാവൻ തരപ്പെടുത്തി തന്ന ഫ്രീ വിസയിലാണ്, ഒരാഴ്ചത്തെ ദുരിതപൂർണമായ ബോംബെ വാസത്തിന് ശേഷം , അന്ന് മലയാളികളുടെ സ്വപ്ന ഭൂമിയായ ഗൾഫിൽ വന്നിറങ്ങുന്നത്..
നല്ല ചൂട് കാലം..
രണ്ടു് sണ്ണിന്റെ എസി , ടെക്നീഷ്യനായ സർദാർജി ഒറ്റക്ക് പുറത്തേറ്റി പോകുന്ന കാഴ്ച കണ്ടപ്പോൾ തന്നെ, പഠിച്ച് വന്ന ജോലിയോടുള്ള മോഹം ഉപേക്ഷിച്ചു..
പിന്നെ എന്തു് ജോലി എന്ന ആശങ്കയായിരുന്നു..
അമ്മാവൻ അന്ന് സ്വന്തമായി റെസ്റ്റോറന്റ് നടത്തുകയാണ്..
തൽക്കാലം അവിടെ ജോലിക്ക് കയറാൻ പറഞ്ഞു..
നല്ലൊരു റിലേഷൻ മോശമാക്കേണ്ടെന്ന ചിന്തയിൽ ആ ഓഫർ നിരസിച്ചു..
അങ്ങിനെയാണ് അടുത്തുള്ള ഒരു ഇറാനിയുടെ കടയിൽ ചാൻസ് വന്നത്..
മറ്റ് പ്രവൃത്തി പരിചയവും ഉന്നത വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടു അതായിരിക്കും തനിക്ക് വിധിച്ചതെന്ന് സമാധാനിച്ചു. ക്ഷമിച്ചു. അന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച അതേ ഫീൽഡിലാണ് പിന്നീട് തനിക്ക് വിജയം ലഭിച്ചത്.
ക്ഷമയും സഹനവും കഠിനാദ്ധാനവുമാണ് വിജയത്തിന്റെ താക്കോൽ. ദൈവത്തിന് സ്തുതി..
60-70 ദിനാർ ആയിരുന്നു അന്ന് അവിദഗ്ദ തൊഴിലാളികളുടെ ശരാശരി ശമ്പളം..
നാട്ടിൽ വീട്ട് ചിലവിന് ആയിരം രൂപ അയക്കണമെങ്കിൽ 42 ദിനാർ വേണം..
(പക്ഷെ അന്ന് ആയിരം രൂപക്ക് നാട്ടിൽ ഒരു സെന്റ് സ്ഥലം കിട്ടുമായിരുന്നു.)
പിന്നെ റും വാടക ഭക്ഷണം മറ്റു് ചിലവുകല്ലൊം കഴിയുമ്പോൾ മിക്കവാറും സുഹൃത്തുക്കൾക്ക് കടക്കാരനായിരിക്കും..
നാട്ടിൽ എല്ലാ മാസവും ഡ്രാഫ്റ്റിനായി പോസ്റ്റ്മാനെയും കാത്തിരിക്കുന്ന വലിയ കുടുംബം..
വിവാഹം കഴിഞ്ഞ് ഉടനെ പോന്നത് കൊണ്ടുള്ള വിരഹ ദുഃഖവും മനോവിഷമവും വേറെ ..
ജോലി കഴിഞ്ഞാൽ റൂമിൽ പോയി കത്തെഴുത്താണ് പ്രധാന ജോലി..
കത്ത് അവിടെ കിട്ടി മറുപടി വരാൻ ആഴ്ചകൾ കാത്തിരിക്കണം..
ഫോൺ ചെയ്യണമെങ്കിൽ ഇവിടെ പബ്ളിക് ബൂത്തിലും നാട്ടിൽ അയൽ വീട്ടിലും ക്യു നിൽക്കണം..
ഒരു മിനിട്ട് സംസാരിക്കാൻ അന്ന് ഒരു ദിനാറിനടുത്ത് വേണം..
മൂന്ന് ദിനാറിന്റെ കാർഡ് വാങ്ങിയാൽ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്പോഴേക്ക് അത് തീർന്നിരിക്കും..
ലൈൻ കിട്ടാനാണെങ്കിൽ അഞ്ചാറ് പ്രാവശ്യം ഡയൽ ചെയ്യേണ്ടി വരും.. ബൂത്തിൽ ചൂട് കൊണ്ടു് പിന്നിൽ നിൽക്കുന്നവർ അക്ഷമരായി പിറുപിറുക്കും..
അതിൽ എല്ലാ രാജ്യക്കാരുമുണ്ടാകും.. മാസത്തിലൊരിക്കലൊക്കെയാണ് ഫോൺ വിളി..
അന്ന് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിവസമായിരിക്കും..
കത്ത് പാട്ടുകളും ശോകഗാനങ്ങളുമായി തലയിണ കണ്ണീരിൽ കുതിരുന്ന രാത്രികൾ.. അതിനിടക്ക് സഹമുറിയൻമാരുടെ നെടുവീർപ്പുകളും ഏങ്ങിക്കരച്ചിലുകളും സാധാരണം..
ആദ്യത്തെ നാട്ടിൽ പോക്ക് 28 മാസങ്ങൾക്ക് ശേഷമായിരുന്നു..
ആ മാസങ്ങൾ ഓരോന്നും ഓരോ വർഷം പോലെയാണ് കടന്ന് പോയത്.. കിട്ടാവുന്നവരോടൊക്കെ കടം വാങ്ങിയാണ് കുടുംബക്കാർക്കും ബന്ധുക്കൾക്കുമുള്ള പെട്ടികൾ കെട്ടിയത്..
 അന്നത്തെ പെട്ടി കെട്ട് ഫ്ലാറ്റിൽ ഒരു സംഭവം തന്നെയായിരിക്കും..
എല്ലാവർക്കും ചിലവ് ചെയ്യണം..
ആദ്യത്തെ യാത്രയും ബോംബെ വഴി തന്നെ..
എല്ലാവർക്കും എന്തെങ്കിലുമൊക്കെ കൊടുത്തെന്ന് വരുത്തി.. 120 കിലൊ രണ്ടു ദിവസം കൊണ്ടു് കാലിയായി.. പിന്നെ കിട്ടാത്തവരുടെയും, കിട്ടിയത് കുറഞ്ഞു് പോയവരുടെയും പരാതി പ്രളയം..
കുറച്ച് മനസ്സമാധാനവും സന്തോഷവും ആഗ്രഹിച്ച് നാട്ടിൽ ചെന്നപ്പോൾ ഉള്ള സമാധാനവും പോയ പ്രതീതി..
ഒരു കണക്കിന് നാല് മാസം കഴിച്ച് കൂട്ടി..
തിരിച്ച് വന്നപ്പോൾ കടം 1200 ദിനാർ..
ഉണ്ടായിരുന്ന ജോലിയും ഇല്ല..
പിന്നെ വീണ്ടും ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ.. വിസ അടിക്കാൻ സ്പോൺസർക്ക് 500 ദിനാർ കൊടുക്കണം..
ഹൊ , ഓർക്കാൻ തന്നെ പേടി തോന്നുന്ന ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും ഭൂതകാലം..
വെറുതെ പഴയ കഥ പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിച്ചോ?
അതാ മറ്റൊരു ബംഗാളി ..
ദയനീയത അവന്റെ മുഖത്ത് വായിക്കാം..
ഒരു പക്ഷെ അവനായിരിക്കും നാളത്തെ മറ്റൊരു യൂസുഫലി..
ഞാൻ അവനെ ഒന്ന് സമാധാനിപ്പിച്ച് പറഞ്ഞയക്കട്ടെ..
ബഷീർ വാണിയക്കാട്

ഭാരം പേറുന്നവൾ (ഭാര്യ)


അടുക്കളയിൽ ധൃതിപ്പെട്ട് ഓരോ ജോലിയും തീർത്ത് കൊണ്ടിരിക്കെയാണ് മോൻ എഴുന്നേറ്റ് കരഞ്ഞത് .. പച്ചക്കറിത്തൊട്ടി താഴേക്കെറിഞ്ഞു അവൾ ബെഡ് റൂമിലേക്കോടി
മോന് ഒൻപത് മാസമായി.. ഒരിക്കൽ അവൻ ഇഴഞ്ഞു് കട്ടിലിൽ നിന്ന് വീണതാണ്..
ഓടി ചെന്നപ്പോഴേക്കും തടയായി വെച്ചിരുന്ന തലയണയൊക്കെ തട്ടി തെറിപ്പിച്ച് കട്ടിലിന്റെ തലക്കൽ എത്തിയിരുന്നു..
അവൻ ഉറങ്ങുമ്പോളാണ് കിച്ചണിലെ ജോലികൾ ചെയ്യുന്നത്..
ഇന്ന് അവൻ നേരത്തെ എഴുന്നേറ്റു.
ഇന്നലെ മുതൽ നേരിയ പനിയുണ്ട്.
ജോലി തിർത്ത് ഡോക്ടറുടെ അടുത്ത് കൊണ്ടു പോണം.
അമ്മയെ കണ്ടപാടെ കരച്ചിൽ നിർത്തി അവൻ മോണകാട്ടി ചിരിച്ചു.
അവൾ മോനെ വാരിയെടുത്ത് ഉമ്മ വെച്ച് കിച്ചണിലേക്കോടി..
അമ്മേടെ ചക്കരക്കുട്ടാ
ഇവിടിരുന്ന് കളിക്കെട്ടാ..
മോനെബേബി വാക്കറിലിരുത്തി പച്ചക്കറി അരിയാൻ തുടങ്ങി.
വാടക വീട്ടിൽ നിന്ന് സ്വന്തമായി ഒരു കൂരയുണ്ടാക്കി മാറിയിട്ട് കുറച്ച് ദിവസമേ ആയുള്ളു..
അത് കൊണ്ട് ഒന്നും ഒരു സെറ്റായിട്ടില്ല..
അത്യാവശ്യം ഒരു മുറിയും അടുക്കളയും ബാത്റൂമും ഉപയോഗിക്കാവുന്ന വിധത്തിലാക്കി..
പണി പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ വേണം..
പെട്ടെന്ന് അവളുടെ മൊബൈൽ ശബ്ദിച്ചു.
ചേട്ടനായിരിക്കും. ഹൊ ഈ ചേട്ടനെക്കൊണ്ട് തോറ്റു..
ഇന്റർനെറ്റ് ഒരു ശല്യമാണിപ്പോൾ..
വാട്സ് ആപ് കോൾ ഫ്രീ ആയത് കൊണ്ടു് ഓരോ മണിക്കൂറിലും വിളിച്ച് കൊണ്ടിരിക്കും..
ഫോൺ എടുത്തില്ലെങ്കിൽ പിന്നെ പിണക്കമായി..
പിന്നെ അത്യാവശ്യത്തിന് പോലും വിളിക്കില്ല..
ഇവിടെ ബാക്കിയുള്ളോർ ചേട്ടനെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണെന്നാണ്‌ വിചാരം..
അവൾ എണീറ്റ് പോയി ഫോണെടുത്തു..
എടീ കുഞ്ഞിനെങ്ങിനെയുണ്ട്?
ചെറുതായി പനിയുണ്ട് ചേട്ടാ ..
ഞാൻ നല്ല തിരക്ക് പിടിച്ച പണിയിലാണ്.
മക്കൾ ഉച്ചക്ക് സ്കൂളിന്ന് വരും..
അവർക്ക് പരിക്ഷയാണ്..
ചോറും കറിയും റെഡിയാക്കിയിട്ട് വേണം കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ..
മക്കൾ വരുമ്പോഴേക്ക് തിരിച്ചെത്തേം വേണം..
ചേട്ടൻ ഉച്ചകഴിഞ്ഞ് വിളിക്കെട്ടൊ..
മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു..
അല്ലെങ്കിൽ ഇന്നലെ പറഞ്ഞത് തന്നെ ഇന്നും പറഞ്ഞു് കൊണ്ടേ ഇരിക്കും..
അവൾ വേഗം പണി ഒതുക്കി കുഞ്ഞിനെ റെഡിയാക്കി വീട് പൂട്ടി..
പത്ത് മിനിട്ട് നടന്നാൽ ഓട്ടോ സ്റ്റാന്റിലെത്താം..
അയലത്തെ ചേച്ചിയോട്‌ വിവരം പറഞ്ഞു് ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു..
ഓഹ്, മോൾടെ കഷ്oപ്പാടു് എന്നാ തീരുന്നെ ..
ഷാജിയോട് നാട്ടിൽ വന്ന് വല്ല പണീം നോക്കി ജീവിക്കാൻ പറയ് മോളെ..
ചേച്ചി വർഷങ്ങളായി പറയുന്ന പല്ലവി ആവർത്തിച്ചു..
കേൾക്കാൻ നിന്നാൽ നിർത്താതെ പറഞ്ഞു് കൊണ്ടേ ഇരിക്കും..
ചേച്ചിമാത്രമല്ല തന്റെ അമ്മയും ചേട്ടന്റെ മാതാപിതാക്കളും അനിയനും ഒക്കെ ഇപ്പോൾ പറയുന്നത് ഇത് തന്നെയാണ്..
നാട്ടിൽ ഒരു പണിക്കും പോകാതെ ചുളിയാത്ത ഷർട്ടും മുണ്ടും ഉടുത്ത് കൂട്ടുകാരോടൊപ്പം അടിച്ച് പൊളിച്ച് നടന്നപ്പോൾ താൻ നിർബന്ധിച്ചാണ് ചേട്ടനെ ഒരു സെയിൽസ് മാന്റെ വിസയിൽ ഗൾഫിൽ പറഞ്ഞയച്ചത്..
അന്ന് സൂരജിന് ഒരു വയസ്സ് ആയിരുന്നു..
അച്ഛനും അമ്മയും അനിയനും ചേച്ചിയും അടങ്ങുന്നതായിരുന്നു, ചേട്ടന്റെ കുടുംബം..
ചേച്ചിയെ വിവാഹം ചെയ്തയച്ചിരുന്നു..
അനിയൻ കൂലിപ്പണിക്ക് പോയിട്ടായിരുന്നു അന്ന് വീട് കഴിഞ്ഞിരുന്നത്.. കൂട്ടുകാരോടൊപ്പം കവലയിൽ ചിലവഴിക്കലാണ് ചേട്ടന്റെ പ്രധാന ജോലി..
വീട്ടുകാര്യത്തിൽ തീരെ ഉത്തരവാദിത്തമില്ലാത്ത പ്രകൃതം..
അവസാനം തന്റെ അമ്മയാണ് ഇങ്ങിനെ ഒരു ബുദ്ധി ഉപദേശിച്ച് തന്നത്..
കുറെ പറഞ്ഞതിന് ശേഷമാണ് പോകാൻ സമ്മതിച്ചത്..
അമ്മയുടെ ഒരു പരിചയക്കാരൻ മുഖേന വിസ ശരിയാക്കി..
പോകുമ്പോൾ തന്നോട് ഒരു ചെറിയ മുഷിപ്പ് ഉണ്ടായിരുന്നു..
ഗൾഫിൽ ചെന്ന് പുതിയ സൗഹൃദങ്ങൾ ആയപ്പോൾ പിന്നെ ഹാപ്പിയായി ..
ജോലിയും സുഖമായിരുന്നു..
പക്ഷെ കിട്ടുന്ന ശമ്പളം ഒന്നും മിച്ചം വെക്കാൻ അറിയില്ലായിരുന്നു..
വീട്ടിലേക്ക് വല്ലപ്പോഴും രണ്ടായിരമോ മുവായിരമോ അയക്കും..
അവിടെയും അടിച്ച് പൊളിച്ചുള്ള ജീവിതമാണെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്..
അവസാനം താൻ അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചാണ് അങ്ങിനെ ഒരു തീരുമാനമെടുത്തത്..
തറവാടിന്റെ അടുത്ത് തന്നെ ഒരു വീട് വാടകക്ക് എടുത്ത് താമസംമാറി..
ചേട്ടന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല..
രാത്രി അമ്മ കൂട്ടിന് വന്ന് കിടക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു..
വാടകയും ചിലവിനും കൂടി പതിനായിരം രൂപയെങ്കിലും വേണമെന്ന് പറഞ്ഞപ്പോഴും ഉടക്കി..
പിന്നെ നിവൃത്തിയില്ലാതെ മാസാമാസം പൈസ അയച്ചു തന്നു..
ഒട്ടും വൈകാതെ താൻ ഒരു ചിട്ടി കുടി.. മാസം ഒരു സംഖ്യ മിച്ചം വെച്ചു..
ചിട്ടി വട്ടമെത്തി കുറച്ച് പൈസ കിട്ടിയ സമയത്താണ് , അടുത്ത വീട്ടിലെ ചേച്ചി അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ പോണെന്ന് പറഞ്ഞത്..
അച്ചനോടും അമ്മയോടും അതെടുത്തെങ്കിലോ എന്ന് ആലോചിച്ചു..
പക്ഷെ വില കേട്ടപ്പോൾ ഞെട്ടി..
കയ്യിലുള്ളത് നാലിലൊന്ന് പോലുമില്ല..
അച്ഛനും അനുജനും ധൈര്യം തന്നു..
അച്ഛന്റെ ആധാരം പണയം വെച്ച് ഒരു കണക്കിന് അത് സ്വന്തമാക്കി..
എല്ലാം കഴിഞ്ഞാണ് അച്ഛൻ ചേട്ടനോട് വിവരം പറഞ്ഞത്..
അതും ചേട്ടന് ഇഷ്ടമായില്ല..
ബാങ്കിൽ മാസം അയ്യായിരം അടക്കണമെന്ന് താനാണ് പറഞ്ഞത്..
എന്നോട് ചോദിക്കാതെ എന്തിന് സ്ഥലം വാങ്ങിയെന്ന് പറഞ്ഞ് കുറെ ചൂടായി..
സാവകാശം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി..
രണ്ട് വർഷമായി പോയിട്ട്.. നാട്ടിൽ വന്ന് കൂട്ടുകാരോടൊത്ത് ആഘോഷിക്കാനുള്ള തിടുക്കമായിരുന്നു, ചേട്ടന് ..
താൻ പറഞ്ഞ് നാട്ടിൽവരവ് ആറ് മാസത്തേക്ക് നീട്ടി..
അതിനും പഴി തനിക്കായിരുന്നു..
സ്നേഹമില്ലാത്ത ഭാര്യയെന്നും മറ്റും..
എല്ലാം സഹിച്ചു, ക്ഷമിച്ചു..
ഓരോന്നോർത്ത് ഓട്ടോ സ്റ്റാന്റിലെത്തിയതറിഞ്ഞില്ല..
പരിചയമുള്ള തങ്കപ്പൻ ചേട്ടന്റെ വണ്ടിയിൽ കയറി..
തന്നോട് ഒരു മകളോടെന്ന പോലെയാണ് തങ്കപ്പൻ ചേട്ടന്റെ പെരുമാറ്റം..
എവിടേക്കാ മോളെ കാലത്തെ..
ചേട്ടാ ആ എബ്രഹാം ഡോക്ടറുടെ അടുത്ത് .. മോന് ചെറിയ പനി..
മോള് എന്നെ ഒന്ന് വിളിച്ചെങ്കിൽ ഞാൻ വീട്ടിലോട്ട് വരില്ലായിരുന്നോ?
ഓഹ് , കാലത്തെ കുറച്ച് നടക്കുന്നത് നല്ലതല്ലെ ചേട്ടാ..
ഉം ഉവ്വ ഉവ്വ . ഇരുപത് രൂപ ലാഭിക്കേം ചെയ്യാല്ലൊ.
ചേട്ടന് കാര്യം മനസ്സിലായി..
ഡോക്ടറുടെ അടുത്ത് നല്ല തിരക്കായിരുന്നു..
എന്നിട്ടും തങ്കപ്പൻ ചേട്ടൻ വെയ്റ്റ് ചെയ്തു..
ഡോക്ടർ മോനെ പരിശോധിച്ച് മരുന്ന് കുറിച്ച് തന്നു..
ഇനിയും പനി മാറിയില്ലെങ്കിൽ ബ്ലഡ്‌ ചെക്ക് ചെയ്യണമെന്ന് പറഞ്ഞു..
തങ്കപ്പൻചേട്ടൻ തന്നെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി..
തിരിച്ച് വീട്ടിൽ ആക്കി..
ചേട്ടാ പൈസ കാലിയായി. പിന്നെ എടുക്കാട്ടൊ..
അതിനെന്താ മോളെ ഞാൻ ചോദിച്ചില്ലല്ലൊ..
ഷാജി ഉടനെ വരുന്നുണ്ടോ മോളെ?
ഇല്ല ചേട്ടാ വീട് പണി ഇനിയും ബാക്കിയാണ്..
കുറച്ച് കുടി നിന്നിട്ട് വന്നാൽ മതീന്ന് ഞാൻ പറഞ്ഞു..
നീ മിടുക്കിയാ മോളെ ..
നിന്റെ ഒരാളുടെ പ്രയത്നമാണ് ഈ വീടെന്ന് ഞങ്ങൾക്കൊക്കെ അറിയാം..
നിറവയറുമായി ഓരോ കാര്യങ്ങൾക്ക് ഓടിയതും, കഠിനമായ ജോലികൾ ചെയ്യുന്നതുമൊക്കെ എനിക്കറിയാമല്ലൊ..
നിന്നെ ദൈവം കൈവിടില്ല..
അതെ ചേട്ടാ ആ ഒരു വിശ്വാസമാണ് എനിക്കും..
മക്കൾ വരാറായി ചേട്ടാ, എനിക്കിത്തിരി ജോലി കൂടിയുണ്ട്..
ശരി മോളെ..
സൂരജിന് ഇപ്പൊ പത്ത് വയസ്സായി..
അവൻ അഞ്ചാം ക്ലാസ്സിലായി..
രണ്ടര വർഷം കഴിഞ്ഞു് ചേട്ടൻ ആദ്യത്തെ ലീവിന് വന്നപ്പൊ ലഭിച്ചതാണ് ചിഞ്ചുമോൾ..
അവൾ രണ്ടാം ക്ലാസ്സിൽ..
മക്കൾ വളരുന്നതിനനുസരിച്ച് ചേട്ടന് കുറേശ്ശെ ഉത്തരവാദിത്തം വന്നിട്ടുണ്ടു്..
അവസാനം വന്ന് പോയിട്ട് ഒന്നര വർഷമായി..
കുഞ്ഞുവാവയെ കാണാൻ കൊതിയായിരിക്കുകയാണ്..
അമ്മ എപ്പോഴും പരിതപിക്കും.
നീ ക്ഷീണിച്ച് വല്ലാതായല്ലൊ..
നിന്റെ ജീവിതം ഇങ്ങിനെയായി പ്പോയല്ലൊ എന്നൊക്കെ ..
അമ്മക്കറിയില്ലല്ലൊ തന്നെപ്പോലെയോ അല്ലെങ്കിൽ തന്നെക്കാൾ കഷ്ഠപ്പെടുന്ന ആയിരക്കണക്കിന്ന് ഹതഭാഗ്യരുള്ള നാടാണിതെന്ന് ..
ദൈവം സൗന്ദര്യം കുറച്ച് മാത്രം തന്നത് കൊണ്ട് മറ്റ് ഗൾഫ് ഭാര്യമാരുടെ പ്രശ്നങ്ങളും തനിക്കില്ല..
അമ്മേ .. സ്കൂളിൽ നിന്ന് വന്ന ചിഞ്ചു മോളുടെ വിളി കേട്ട് അവൾ എല്ലാം മറന്ന് പുറത്തേക്ക്‌ ഓടി...
ബഷീർ വാണിയക്കാട്

കണ്ണീരാറ്റിലെ തോണി


"കുടുംബത്തെ മറന്ന് ഗൾഫിൽ വഴിവിട്ട് ജീവിക്കുന്നവർക്ക് സമർപ്പിക്കുന്നു."
മൊബൈൽ പലവട്ടമായി നിർത്താതെ ശബ്ദിക്കുന്നു. മക്കളെ സ്കൂളിലയക്കാനുള്ള തിരക്കിലായിരുന്നു , രജനി..
രാജുവേട്ടനോടും പരിചയമുള്ളവരോടൊക്കെ പറഞ്ഞിട്ടുള്ളതാണ് ഈ ടൈമിൽ വിളിക്കരുതെന്ന്. അതിരാവിലെ എഴുന്നേറ്റാൽ പിടിപ്പത് ജോലിയുണ്ടു്. പത്ത് മണി കഴിയാതെ ഒന്ന് നടു നിവർത്താൻ കഴിയില്ല. രോഗിയായ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും താൻ തന്നെ നോക്കണം.
" അമ്മേ എന്റെ സോക്സ് കാണണില്ല " മോളെ ഡ്രസ്സ് ചെയ്യിക്കുന്നതിനിടക്ക് രാഹുൽ വിളിച്ച് പറഞ്ഞു. ചെക്കൻ വളർന്നിട്ടും സ്വയം റെഡിയായി സ്കൂളിൽ പോകാൻ ഇപ്പോഴും അറിയില്ല. "അവിടെയെങ്ങാൻ നോക്ക് രാഹുൽ " ഇപ്പൊ ബസ് വരും. ഞാൻ ലഞ്ച് ബോക്സ് റെഡിയാക്കട്ടെ. "ഇന്നെന്താ അമ്മെ കറി ? " രാജി മോൾ പിന്നാലെ വന്ന് ചോദിച്ചു.
"കറിയൊന്നും ഇല്ല മോളെ , കാബേജ് ഉലത്തും പപ്പടവും ഉണ്ടു്. അത് കൂട്ടി ചോറ് തിന്നണോട്ടൊ." വീണ്ടും ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നു. ഇതാരാണാവോ കാലത്തെ. ശല്യം. പുറത്ത് സ്കൂൾ ബസ് ഹോണടിക്കുന്നു. അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി. മോളെയും കൂട്ടി വേഗം ഇറങ്ങുന്നതിനിടക്ക് ഉറക്കെ വിളിച്ചു. "രാഹുൽ വേഗം ഇറങ്ങ്"
മോൾ ബസ്സിൽ കേറിയിട്ടും രാഹുലിനെ കാണുന്നില്ല.. ഡ്രൈവറോട് ഒരു മിനിട്ടെന്നും പറഞ്ഞ് അവൾ വീണ്ടും വീട്ടിലേക്കോടി. രാഹുൽ അപ്പോഴും സോക്സ് നോക്കി നടക്കുകയാണ്. " അമ്മേ ഒരെണ്ണം കിട്ടിയില്ല."
അവൾ കുനിഞ്ഞ് കട്ടിലിനടിയിൽ നോക്കി." "എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും. ദാ കിടക്കുന്നു". അവൾ സോക്സ് ഇട്ട് കൊടുത്ത് മോനെ പറഞ്ഞ് വിട്ടു. ദേഷ്യത്തോടെ ഫോൺ എടുത്ത് നോക്കി. അയ്യോ ചേട്ടനാണല്ലൊ. ഇതെന്താ പതിവില്ലാതെ , ഈ സമയത്ത്‌ നിർത്താതെ.
അവൾ പെട്ടെന്ന് ഫോണെടുത്തു.
ഫോണെടുക്കാത്ത ദേഷ്യത്തിന് പച്ച തെറിയോടെയാണ് തുടങ്ങിയത്. "എടീ ഞാൻ എയർപോർട്ടിലാണ്. വൈകിട്ട് ആറ് മണിക്ക് കൊച്ചിയിൽ എത്തും. ഗോപനോടു് പറ്റുമെങ്കിൽ ഒന്ന് വരാൻ പറയ്. ഇല്ലെങ്കിൽ ഞാനങ്ങ് എത്തിയേക്കാം ".
" അയ്യോ ചേട്ടാ എന്ത് പറ്റി? ഒരു മുന്നറിയിപ്പും ഇല്ലാതെ ?
ഇന്നലെ രാത്രി വിളിച്ചപ്പോളും പറഞ്ഞില്ലല്ലൊ"
"അതൊക്കെ ഞാൻ വരുമ്പൊ പറയാം" പെട്ടെന്ന് കാൾ കട്ട് ചെയ്തു.
അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. എന്തോ പ്രശ്നമുണ്ടു്. അബൂക്കാനെ വിളിച്ചാൽ കാര്യങ്ങൾ അറിയാം.
രജനി ഉമ്മറത്ത് പോയിരുന്ന് അബുക്കാക്ക് മിസ്സ് കാൾ ചെയ്തു. അപ്പൊ തന്നെ അബുക്ക തിരിച്ച് വിളിച്ചു.
"മോളെ ഞാൻ ഇപ്പൊ രാജുവിനെ എയർപോർട്ടിൽ വിട്ട് കമ്പനിയിൽ എത്തിയുള്ളു. കുറച്ച് കഴിഞ്ഞ് നിന്നെ വിളിക്കാമെന്ന് കരുതി"
"എന്താ അബുക്കാ രാജുവേട്ടൻ വീണ്ടും എന്തെങ്കിലും പ്രശ്നം?
" അതെ മോളെ , നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.
കമ്പനി അവനെ ക്യാൻസൽ ചെയ്ത് കയറ്റി വിട്ടു. ഞാൻ കുറച്ച് കഴിഞ്ഞു് വിളിക്കാം. കുറച്ച് തിരക്കിലാണ്."
ഇടിവെട്ടേറ്റ പോലെ അവൾ തരിച്ചിരുന്ന് പോയി. എല്ലാ പ്രതീക്ഷയും അസ്തമിച്ച പോലെ.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
പാവപ്പെട്ട കുടുംബത്തിലെ അച്ചനില്ലാത്ത മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു താൻ .അമ്മ കൂലിവേല ചെയ്താണ് തങ്ങളെ പഠിപ്പിച്ചത്. നഴ്സിംഗ് പാസ്സായി അടുത്തുള്ള ആശുപത്രിയിൽ മുവായിരം രൂപാ വേതനത്തിന് ജോലിക്ക് കയറിയ ഉടനെയാണ് പരിചയക്കാരനായ ബ്രോക്കർ ഒരു കല്യാണാലോചനയുമായി അമ്മയെ സമീപിച്ചത്.
പയ്യൻ ഗൾഫിൽ ഡ്രൈവറാണ് .
സ്ത്രീധനം ഒന്നും വേണ്ട. പിന്നെ അമ്മക്ക് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. താൻ ഒരുപാട് എതിർത്തു. അമ്മക്കും അനിയത്തിമാർക്കും താങ്ങായി കുറച്ച് നാൾ ജോലി ചെയ്തിട്ട് മതി വിവാഹമെന്ന് പറഞ്ഞു.
പക്ഷെ അമ്മയുടെ ന്യായങ്ങൾ മറ്റു പലതുമായിരുന്നു. "മോളെ ഗൾഫിലുള്ള പയ്യനാ. ചിലപ്പൊ നിനക്ക് ഒരു ജോലി കിട്ടി അവിടെ പോയാൽ നമ്മുടെ കുടുംബം രക്ഷപെടും. നഴ്സ് മാർക്കൊക്കെ അവിടെ നല്ല ശമ്പളമല്ലെ . അപ്പോൾ നീ ഞങ്ങളെ മറക്കാതിരുന്നാൽ മതി." അമ്മയുടെയും അനിയത്തിമാരുടെയും നിർബന്ധത്തിന് താൻ വഴങ്ങി.
ലളിതമായ വിവാഹം . ചേട്ടനും ഒരു സഹോദരിയും അച്ഛനും അമ്മയും. സഹോദരിയുടെ വിവാഹം കഴിഞ്ഞു.
ആദ്യരാത്രി തന്നെ തന്റെ പ്രതീക്ഷകളെല്ലാം തകർന്ന അനുഭവമാണ് ഉണ്ടായത്.
കൂട്ടുകാർ കൂടി മദ്യപിച്ച് വെളിവില്ലാതെയാണ് മുറിയിലേക്ക് വന്നത്.
ആദ്യരാത്രിയെ കുറിച്ചുള്ള സ്വപ്നങ്ങളുമായി മണിയറയിൽ കാത്തിരുന്ന തനിക്ക് അതൊരു കാളരാത്രിയായിരുന്നു.
എന്തായാലും പിറ്റെന്ന് ബോധം വരുമ്പോൾ സംസാരിക്കാമെന്ന് കരുതി ഒരു വിധം നേരം വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റ് കിച്ചണിൽ ചെന്ന തന്നെ അമ്മയും നാത്തൂനും സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.
"അവൻ നാലു് കാലിലാണ് വന്നതല്ലെ മോളെ. ഞങ്ങളെയൊന്നും അനുസരിക്കില്ല , മോള് വേണം ഇനി അവനെ നേരെയാക്കാൻ."
അവൾക്ക് കാര്യങ്ങൾ ഏതാണ്ടു് ബോധ്യമായി. തന്റെ ഭർത്താവു് മുഴുക്കുടിയനാണ്. വീടിന് അയാളൊരു ബാധ്യതയാണ്.
അവൾക്ക് സങ്കടം സഹിക്കാനായില്ല. തന്റെ കുടുംബം നശിച്ചതും മദ്യപാനിയായ അച്ഛൻ കാരണമായിരുന്നു. അമ്മയും ഞങ്ങൾ മക്കളും ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല.
നിവൃത്തിയില്ലാതെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. "ഈ കാലമാടൻ ഒന്ന് ചത്ത് കിട്ടിയെങ്കിൽ എനിക്ക് എന്റെ മക്കളെ എങ്ങിനെയെങ്കിലും വളർത്താമായിരുന്നു." അമ്മയുടെ ശാപം ഫലിച്ചു. കുടിച്ച് കുടിച്ച് റോഡിൽ കിടന്ന് അച്ഛൻ മരിച്ചു.
ഇപ്പോഴിതാ തനിക്കും തന്റെ അമ്മയുടെ വിധി. അവൾ വാവിട്ട് നിലവിളിച്ചു. അമ്മയും നാത്തൂനും തന്നെ സമാധാനിപ്പിച്ചു. അവൻ നല്ലവനാണ്. കൂട്ടുകാരാണ് അവനെ ചീത്തയാക്കുന്നത്.
മോൾ വിചാരിച്ചാൽ അവൻ നേരെയാകും.
മുഖം കഴുകി അമ്മ തന്ന ചായയുമായി അവൾ മുറിയിലേക്ക് ചെന്നു. അപ്പോഴും ബോധം കെട്ടുറങ്ങുകയായിരുന്ന അവനെ അവൾ തോണ്ടി വിളിച്ചു.
തെല്ലൊരു ജാള്യതയോടെ എഴുന്നേറ്റ് അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
"കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാണ് "
അവൾ ശക്തി സംഭരിച്ച് കൊണ്ട് പറഞ്ഞു . " കഴിഞ്ഞത് കഴിഞ്ഞു. ഇത് പതിവാക്കാനാണ് ഉദ്ദേശമെങ്കിൽ എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്.
അവൻ എഴുന്നേറ്റ് അവളുടെ തലയിൽ കൈ വെച്ച് പറഞ്ഞു.
"ഇനി ഇത് ആവർത്തിക്കില്ല. ഞാൻ കുടി നിർത്തി."
അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ ഉള്ളം നിറഞ്ഞു. "ചേട്ടാ " വിതുമ്പലോടെ അവൾ അവന്റെ മാറിൽ തല ചായ്ച്ചു..
പിന്നീടുള്ള ദിവസങ്ങൾ ആഹ്ളാദകരമായിരുന്നു. താൻ ജോലിക്ക് പോകേണ്ടെന്നും ആവശ്യമുള്ള പൈസ അയക്കാമെന്നും പറഞ്ഞതനുസരിച്ച് ജോലി വേണ്ടെന്ന് വെച്ചു.
അവധി കഴിഞ്ഞ് പോകാനുള്ള ദിവസമായി. അവൾക്ക് ഒരു പാട് വാഗ്ദാനങ്ങൾ നൽകി അയാൾ യാത്രയായി.
ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് താൻ ഒരമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത അറിഞ്ഞത്. രാജു അതറിഞ്ഞ് സന്തോഷം കൊണ്ടു് തുള്ളിച്ചാടി. കൂട്ടുകാർ സന്തോഷം പങ്ക് വെക്കാൻ പാർട്ടി ചോദിച്ചു. കൂട്ടുകാർ കൂടി ആ സന്തോഷം അയാളും ആഘോഷിച്ചു.
അത് മറ്റൊരു തുടക്കമായിരുന്നു.
ആദ്യമൊക്കെ കൃത്യമായി ചിലവിന് ആവശ്യമുള്ള പൈസ അയച്ചിരുന്നയാൾ പിന്നെ പിന്നെ ചെറിയ സംഖ്യ മാത്രം അയച്ചു.
അപ്പോഴേക്കും തനിക്കൊരു മകൻ ജനിച്ചിരുന്നു. പ്രസവച്ചിലവിനും മറ്റുമായി തന്റെ അമ്മ വീണ്ടും കൂടുതൽ വീടുകളിൽ ജോലിക്ക് പോയി.
മോന് കുഞ്ഞുടുപ്പുകളുമായി വന്ന രാജുവിന്റെ കൂടെ ജോലി ചെയ്യുന്ന അബുക്ക പറഞ്ഞാണ് അവൾ ഞെട്ടിക്കുന്ന ആ വിവരങ്ങൾ അറിഞ്ഞത്.
തന്റെ ഭർത്താവിന് ഇപ്പോൾ മദ്യപാനം കൂടാതെ, കൂട്ടിന് ഏതോ തമിഴത്തിയും ഉണ്ടത്രെ. കിട്ടുന്ന ശമ്പളത്തിന് പുറമെ പലിശ മാഫിയക്കാർക്ക് പാസ്സ്പോർട്ട് പണയം വെച്ച് വലിയ കടവും വരുത്തി വെച്ചിട്ടുണ്ടു്. "നിങ്ങളെ ഈ വിവരം അറിയിച്ചില്ലെങ്കിൽ എനിക്ക് സമാധാനമുണ്ടാകില്ല. ആദ്യമൊക്കെ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ അവന് ഇഷ്ഠമായിരുന്നു. ഇപ്പോൾ വ്യക്തമായ അകലം പാലിക്കുന്നതിന്റെ കാരണം, നാട്ടിൽ വളർന്ന് വരുന്ന വർഗീയ ചിന്തകളാണോ എന്ന് എനിക്ക് സംശയമുണ്ട്. അവന്റെ സൗഹൃദം ഇപ്പോൾ അത്തരക്കാരുമായാണ്."
അബുക്ക പറഞ്ഞ് നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ദയവു ചെയ്ത് നിങ്ങൾ പെട്ടെന്ന് പ്രതികരിക്കരുതെന്നും അത് ഞാനുമായി കൂടുതൽ അകലാൻ ഇടവരുമെന്നു കൂടി അബുക്ക പറഞ്ഞു. ഇതെല്ലാം കേട്ട് അച്ഛനും അമ്മയും നിർവികാരരായി തമ്മിൽ തമ്മിൽ നോക്കുന്നുണ്ടായിരുന്നു.
അബുക്കയുടെ നമ്പർ വാങ്ങുകയും ഇടക്ക് വിളിക്കണമെന്നും പറഞ്ഞപ്പോൾ പിതൃവാത്സല്യത്തോടെ അദ്ദേഹം തന്റെ നെറുകയിൽ തലോടി. അച്ഛന് കുറച്ച് പൈസയും കൊടുത്താണ് അദ്ദേഹം ഇറങ്ങിയത്.
കുറച്ച് ദിവസം കഴിഞ്ഞു് ബൈക്കിൽ രണ്ടു പേർ വീട്ടിൽ വന്നു. രാജുവിന്റെ വീടല്ലെ എന്ന് ചോദിച്ചപ്പോൾ ചേട്ടന്റെ കൂട്ടുകാരാകും എന്നാണ് കരുതിയത്. പക്ഷെ അത് തങ്ങളുടെ മേൽ പതിച്ച മറ്റൊരു ആഘാതമായിരുന്നു. രാജു പത്തുലക്ഷം രൂപ തങ്ങൾക്ക് തരാനുണ്ടെന്നും ,രാജുവിന്റെ പാസ്സ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്നും ഒരു മാസത്തിനുള്ളിൽ പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ രാജു ജീവനോടെ നാട്ടിലെത്തില്ലെന്നും , പൈസ റെഡിയാക്കി വിളിക്കാനും പറഞ്ഞു് നമ്പർ തന്ന് അവർ പോയി.
പിന്നാലെ അമ്മ ബോധ രഹിതയായി നിലം പതിച്ചു. താൻ ഓടി പോയി കുറച്ച് വെള്ളം കൊണ്ടുവന്ന് മുഖത്ത് തളിച്ചു. ബോധം തെളിഞ്ഞ അമ്മ കരച്ചിൽ തുടങ്ങി. വീട് വിറ്റിട്ടായാലും എന്റെ കുഞ്ഞിനെ രക്ഷിക്കെന്ന് പറഞ്ഞു് അച്ഛന്റെ കാലു പിടിച്ചു.
അവസാനം എട്ട് സെന്റ് വസ്തുവിലുള്ള ,വീടും അഞ്ച് സെന്റും വിൽക്കാൻ തീരുമാനിച്ചു. പരിചയമുള്ള ഒരാൾ എടുക്കാമെന്നും, ബാക്കി യുള്ള മൂന്ന് സെൻറിൽ ഒരു വീട് വെച്ച് മാറാൻ ഉള്ള സമയം തരാമെന്നും സമ്മതിച്ചു.
കാര്യങ്ങൾ താൻ ചേട്ടനെ വിളിച്ച് പറഞ്ഞെങ്കിലും നിർവികാരമായി മൂളിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ബാധ്യത ഒഴിവായി പാസ്സ്പോർട്ട് കിട്ടിയ ഉടനെ മോനെ കാണാൻ നാട്ടിൽ വന്നു.
പക്ഷെ താൻ യാത്രയയച്ച ചേട്ടനായിരുന്നില്ല അത് . കണ്ടാൽ പോലും തിരിച്ചറിയാത്ത തരത്തിൽ ക്ഷീണിച്ചും അവശനായും വന്ന മകനെ കെട്ടിപ്പുണർന്ന് അമ്മ കുറെ കരഞ്ഞു. അവിഹിതമായി വികാരങ്ങൾ ശമിപ്പിച്ച് വന്നതിനാലാവാം തന്നെ തീരെ പരിഗണിച്ചില്ല.. മനസ്സിൽ വെറുപ്പ് കട്ടപിടിച്ചതിനാൽ താനും അധികം അടുപ്പം കാണിച്ചില്ല.. കുഞ്ഞിനെ താലോലിച്ച് പുറത്ത് പോയ ആൾ മടങ്ങി വന്നത് ആടിയാടി ആയിരുന്നു.. തന്റെ ജീവിതം കട്ടപ്പൊകയായെന്ന് അതോടെ അവൾക്കുറപ്പായി..
രണ്ട് മാസങ്ങൾക്ക് ശേഷം മടങ്ങിപ്പോകുമ്പോൾ മദ്യപിച്ച് ഒരു നാൾ ബലമായി തന്നെ പ്രാപിച്ചതിന്റെ വിത്ത് ഉദരത്തിൽ കിളിർത്ത് തുടങ്ങിയിരുന്നു..
ഒരു ജീവൻ തച്ചുടക്കാനുള്ള മനോധൈര്യമില്ലാത്തതിനാൽ അവൾ ഒരു പെൺ കുഞ്ഞിന്റെ കുടി അമ്മയായി..
അതിനിടക്ക് രോഗിയും വൃദ്ധനുമായ അച്ഛന്റെ ശ്രമഫലമായി ഒരു ചെറിയ വീട് പകുതി പണി തീർത്ത് അങ്ങോട് മാറി. പ്രാരാബ്ദവും ദാരിദ്ര്യവും എല്ലാം സഹിച്ചു, മക്കൾക്ക് വേണ്ടി ജീവിച്ചു.. അച്ഛന്റെയും അബുക്കായുടെയും നിർബന്ധം മൂലം എല്ലാ മാസവും ഒരു ചെറിയ സംഖ്യ അയച്ച് തന്നത്കൊണ്ടു് മക്കളെ നന്നായി പഠിപ്പിക്കുകയായിരുന്നു..
മൊബൈൽ റിംഗ് ചെയ്തപ്പോളാണ് അവൾക്ക് പരിസരബോധമുണ്ടായത്.
അബു ക്കയാണ്‌. അവൾ ആകാംക്ഷയോടെ ഫോൺ അറ്റന്റ് ചെയ്തു.
"അബുക്കാ എന്നാണുണ്ടായത് "?
എടുത്ത പാടെ അവൾ ചോദിച്ചു.
"മോൾക്കറിയാമല്ലൊ മദ്യപിച്ച് ജോലിക്ക് വരുന്നതിന്റെ പേരിൽ പലവട്ടം കമ്പനി താക്കീത് കൊടുത്തതാണ്. പക്ഷെ രാജു ഒന്നും മുഖവിലക്കെടുത്തില്ല..
ഇന്നലെ രാത്രി മദ്യപിച്ച് കമ്പനി വണ്ടി ഒരു ആക്സിഡൻറ് ഉണ്ടാക്കി. ഞാൻ കാല് പിടിച്ച് പറഞ്ഞത് കൊണ്ടു് മാനേജർ ഇടപെട്ട്, ജയിലിൽ ആക്കാതെ ഉടനെ കയറ്റി വിട്ടതാണ്..
മോളെ അവൻ അവിടെ എന്തെങ്കിലും ജോലി ചെയ്ത് മക്കളോടൊപ്പം ജീവിക്കട്ടെ.
ചിലപ്പോ ഒരു മാറ്റമുണ്ടായാലോ."
അവൾ ഒന്നും പറഞ്ഞില്ല..
ആ മനസ്സ് വായിച്ചത് കൊണ്ടാകാം അബുക്ക ഫോൺ കട്ട് ചെയ്തു..
"എന്ത് പറ്റി മോളെ നീ കുറെ നേരമായല്ലൊ ഇങ്ങിനെ ഇരിക്കുന്നു" അമ്മയാണ്.
" അമ്മേടെ മോനെ വിസ ക്യാൻസൽ ചെയ്ത് കമ്പനി കേറ്റി വിട്ടു. വൈകിട്ട് ഇങ്ങെത്തും."
"അയ്യോ ഭഗവതീ ചതിച്ചോ "
ഇനി മക്കളെ പഠിപ്പിക്കാനും വീട്ട് ചിലവിനും താൻ മുന്നിട്ടിറങ്ങിയേ തീരൂ എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു..
തന്റെ അമ്മയുടെ ഗതി തന്നെയാണ് വിധി തനിക്കും കാത്ത് വെച്ചിട്ടുള്ളത്..
ആത്മഹത്യ ഒന്നിനും പരിഹാരമല്ലാത്തത് കൊണ്ടു് ജീവിതത്തെ ധീരമായി നേരിടാൻ തന്നെ അവൾ ഉറച്ചു..
ബഷീർ വാണിയക്കാട്

"വഞ്ചന"യുടെ ബാക്കിപത്രം



രണ്ടു് ദിവസമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. ഇന്നെങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമെന്ന് കരുതി പലരോടും കൈ നീട്ടിയെങ്കിലും ഒരാൾ പോലും പത്ത് രൂപ തരുന്നില്ലല്ലൊ എന്നോർത്തപ്പോൾ അയാൾക്ക്‌ വിശപ്പിനെക്കാളുപരി സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും കൈ നീട്ടി വരുന്നവർക്ക് എന്തെങ്കിലും കൊടുക്കുന്ന പതിവ് തനിക്കും ഇല്ലായിരുന്നല്ലൊ..
ഇത് പോലെ പലരും മുൻപ് തന്റെ മുന്നിൽ വന്ന് യാചിച്ചിട്ടുണ്ടു്. അന്ന് അവരൊക്കെ തന്റെ കണ്ണിൽ കള്ളൻമാരും തെണ്ടികളുമായിരുന്നു..
ലക്ഷങ്ങൾ കൊണ്ടു് അമ്മാനമാടിയിരുന്ന താൻ കാരുണ്യ പ്രവർത്തനങ്ങൾക്കോ സാധുക്കൾക്കോ പത്ത് രൂപ പോലും നൽകാതെ എല്ലാം മക്കൾക്ക് വേണ്ടി സ്വരുക്കൂട്ടുകയായിരുന്നു.. പണം സമ്പാദിക്കാൻ വേണ്ടി ദൈവത്തിന്ന് നിരക്കാത്ത പലതും ചെയ്തു.. അതിന്റെയൊക്കെ ശിക്ഷയാണ് ഇന്ന് അനുഭവിക്കുന്നത്. എത്ര പെട്ടെന്നാണ് ലക്ഷാധിപതിയായിരുന്ന താൻ ഒന്നുമില്ലാത്തവനായി തീർന്നത്..
കുറെ വർഷങ്ങൾക്ക് പിന്നിലെ തന്റെ സുവർണ കാലം അയാൾ ഓർത്തു.
എത്ര സന്തോഷകരമായിരുന്നു അന്നത്തെ ജീവിതം. കേരളക്കരയിൽ ഗൾഫിന്റെ മാസ്മരിക സുഗന്ധം ആഞ്ഞടിച്ചിരുന്ന കാലം. ഗ്രാമത്തിലെ പലരും പെട്രൊ ഡോളറുമായി നാട്ടിൽ വന്ന് വിലസുന്നത് കണ്ടപ്പോഴാണ് തനിക്കും അങ്ങിനെ ഒരു മോഹം ഉദിച്ചത്. പിന്നെ താമസിച്ചില്ല. ഗൾഫിലേക്ക് ആളെ കയറ്റി വിട്ടിരുന്ന ഒരു ഏജന്റിനെ സമീപിച്ചു. ഒരു ബക്കാലയിലെ സെയിൽസ്മാന്റെ വിസയിലാണ് ഗൾഫിൽ എത്തിപെട്ടത്‌. അറബി നടത്തുന്ന സ്ഥാപനത്തിൽ. മാനേജർ തന്റെ തന്നെ നാട്ടുകാരനും.. ന്യായമായ ശമ്പളം ലഭിച്ചെങ്കിലും തന്റെ ചിന്ത മുഴുവൻ മുതലാളിയുടെ അമിത ലാഭത്തെക്കുറിച്ചായിരുന്നു.
പെട്ടെന്ന് മാനേജർക്ക് നാട്ടിൽ പോകേണ്ട അത്യാവശ്യം വന്നപ്പോൾ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം അറബി തന്നെഏൽപിച്ചത്, മാനേജരുടെ ശുപാർശയിലായിരുന്നു..
താൽകാലികമായി ആ കസേരയിലിരുന്നപ്പോൾ, ഇതെങ്ങിനെ സ്ഥിരമാക്കാമെന്നായി ചിന്ത മുഴുവൻ..
അങ്ങിനെ ആലോചിച്ചിരിക്കെയാണ് ഒരു ദിവസം ബിസിനസ്സ് കാര്യങ്ങളുടെ കൂട്ടത്തിൽ അറബി മാനേജറുടെ വിശേഷങ്ങൾ ചോദിച്ചത്. പെട്ടെന്നാണ് തന്റെ കുബുദ്ധി പ്രവർത്തിച്ചത്.. മാനേജർ ലക്ഷക്കണക്കിന് രൂപയുടെ ഒരു പ്രോപ്പർട്ടി വാങ്ങിയെന്നും, അതിന്റെ രജിസ്ട്രഷന് വേണ്ടി നാട്ടിൽ പോയതാണെന്നും തനിക്ക് അറിയാവുന്ന പോലെയൊക്കെ അറബിയെ ധരിപ്പിച്ചു..
പിന്നെയുള്ള ദിവസങ്ങളിൽ അറബിയെ സോപ്പിടാൻ പരമാവധി ശ്രമിച്ചു..
ഒട്ടും വൈകാതെ താൻ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു.. മാനേജറുടെ വിസ കാൻസലാക്കുകയും തന്നെ ആ പദവിയിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു..
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . മൂന്ന് നാലു് വർഷം കൊണ്ടു് അറബിയുടെ കച്ചവടം പൂട്ടിക്കൊടുത്തു.
അപ്പോഴേക്കും സ്വന്തമായി ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും താൻ പൂർത്തിയാക്കിയിരുന്നു..
ഒരു കൊച്ചു പയ്യൻ അൻപത് രൂപ നീട്ടി അപ്പുപ്പാ എന്ന് വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. അയാൾ ആർത്തിയോടെ ആ നോട്ട് വാങ്ങി ആ പയ്യനെ തൊഴുതു. അവൻ ചിരിച്ച് കൊണ്ടു് ഓടിപ്പോയി നിർത്തിയിട്ടിരുന്ന ഒരു കാറിൽ കയറി. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. റോഡരികിൽ ഇരുന്ന തന്റെ ദൈന്യത കണ്ടിട്ടാകണം ആ കുഞ്ഞു് ,കാർ നിർത്തിച്ച് തനിക്ക് പൈസയുമായി ഓടി വന്നത്.. ഇത് പോലെ മക്കളെ വളർത്തിയിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നെന്ന് നിരാശയോടെ അയാൾ ഓർത്തു.
പൈസ ലഭിച്ചപ്പോൾ വിശപ്പ് അസഹനീയമായത് പോലെ .. വേഗം അടുത്ത് കണ്ട ഹോട്ടലിലേക്ക് നടന്നു. കാലുകൾ വേച്ച് പോകുന്നു. വീണ് പോകുമോ എന്ന് അയാൾ ഭയപ്പെട്ടു . ഹോട്ടലിലേക്ക് കയറാൻ തുടങ്ങിയതും ഒരാൾ തടഞ്ഞു്, അനിഷ്ഠത്തോടെ എന്ത് വേണമെന്ന് ചോദിച്ചു. തന്റെ മുഷിഞ്ഞു് നാറിയ വേഷമാണു് കാരണമെന്നയാൾ ഊഹിച്ചു. "ഊണ് കഴിക്കാനാണ് ".
"ഇവിടെ ഇരുന്ന് കഴിക്കാൻപറ്റില്ല " വേണമെങ്കിൽ പൊതിഞ്ഞ് തരാം. നിവൃത്തിയില്ലാതെ ഒരു പൊതി ചോറും വാങ്ങി റോഡിലെ തണൽ മരത്തിന്റെ ചോട്ടിലിരുന്ന് ഊണ് കഴിച്ചു..
പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു. കൈ കഴുകി, ആ കുഞ്ഞിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു.
മുറിഞ്ഞ ചിന്തകൾക്ക് വീണ്ടും ജീവൻ വെച്ചു.
അറബിയെ ചതിച്ചുണ്ടാക്കിയ പണം കൊണ്ടു് നല്ലൊരു സൂപ്പർ മാർക്കറ്റ് തുറന്നു. മുന്തിയ വാഹനം വാങ്ങി.. ഭാര്യയെ കൊണ്ടുവന്നു.. നാട്ടിൽ വസ്തുക്കൾ വാങ്ങിക്കൂട്ടി. അതിനിടയിൽ തനിക്ക് രണ്ടുമക്കളുണ്ടായി. മൂത്തത് പെണ്ണും പിന്നെ ഒരു മോനും. രാജകീയമായിരുന്നു അക്കാലത്തെ ജീവിതം .. മക്കൾ +2 വിനും പത്തിലും പഠിക്കുമ്പോളാണ് തന്റെ ശനിദശ ആരംഭിക്കുന്നത്‌. ഭാര്യക്ക് കാൻസർ ആയിട്ടായിരുന്നു അതിന്റെ തുടക്കം. നാട്ടിൽ കൊണ്ടുപോയി ഒരു പാട് ചികിത്സകൾ നടത്തിയെങ്കിലും അവൾ അവസാനം ഞങ്ങളെ വിട്ട് പിരിഞ്ഞു..
കുറച്ച് നാളുകൾക്ക് ശേഷം പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് താൻ മറ്റൊരു വിവാഹം കഴിച്ചത്. പക്ഷെ അത് തന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു.. ഒരു വിധത്തിലും മക്കളുമായി പൊരുത്തപ്പെട്ട് പോകുന്ന സ്വഭാവമായിരുന്നില്ല അവൾക്ക്.. എന്നും പ്രശ്നങ്ങളും അടിപിടിയും.
അവസാനം അതിന് ഒരു പരിഹാരമാകുമെന്ന് കരുതിയാണ് മകളെ പെട്ടെന്ന് വിവാഹം ചെയ്തയച്ചത്..
പക്ഷെ അതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. തന്റെ സ്വത്ത് മുഴുവൻ ഭാര്യ അടിച്ചെടുക്കുമെന്ന് മക്കളും, മക്കൾ തന്നെ തെരുവിലാക്കുമെന്ന് ഭാര്യയും ഭയപ്പെട്ടു. അവരുടെ യുദ്ധത്തിൽ തന്റെ മനസ്സമാധാനവും ഗൾഫിലെ ബിസ്സിനസ്സും എല്ലാം നഷ്ഠമായി..
അവസാനം മക്കളുടെ നിർബന്ധത്തിന് വഴങ്ങി ഭാര്യയെ ഒഴിവാക്കി.. പക്ഷെ അവൾ ലക്ഷങ്ങൾ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.. അതിൽ നിന്ന് രക്ഷപ്പെടാൻ മക്കളും മരുമകനും ഉപദേശിച്ച് തന്ന ബുദ്ധി മൂലമാണ് താൻ ഇന്ന് തെരുവിലായത്..
തന്റെ വീടും ,സ്വത്ത് മുഴുവനും മരുമകന്റെ പേരിൽ എഴുതി വെച്ചു.. മകനെയും അവൻ വശത്താക്കി.
കേസിന് ഒരു പൈസ പോലും ചിലവാക്കാൻ അവർ തയ്യാറായില്ല..
അച്ഛന് സ്വത്തൊന്നുമില്ലെന്ന് കോടതിക്ക് ബോദ്ധ്യ പ്പെടണമെങ്കിൽ അച്ഛൻ തെരുവിൽ തന്നെ കഴിയണമെന്ന് അവർ വിധിയെഴുതിയപ്പോളാണ് ,താൻ മറ്റൊരാളെ ചതിച്ച് നേടിയത് മുഴുവൻ തനിക്ക് നഷ്ടമായെന്ന യാഥാർത്ഥ്യം അയാൾക്കു് ബോദ്ധ്യപ്പെട്ടത്..
ബഷീർ വാണിയക്കാട്.

പരീക്ഷ (ണം)



പത്താം ക്ലാസ്സ് പരീക്ഷാഹാളിൽ ഇരുന്ന് ശ്രീക്കുട്ടി തേങ്ങിക്കരഞ്ഞു.
കണ്ണീർ വീണ് കുതിർന്ന ചോദ്യപേപ്പറിലെ അക്ഷരങ്ങൾക്ക് പകരം അവൾ കാണുന്നത് വീടിന്റെ ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയ പ്രിയപ്പെട്ട അച്ഛന്റെ രൂപം. ദൈവമെ, ഇത് എന്തൊരു പരീക്ഷണം.
ഒരു കുട്ടിക്കും തന്റെ ഈ ഗതി വരുത്തല്ലെ എന്ന് അവൾ പ്രാർത്ഥിക്കുകയായിരുന്നു.
ഇന്ന് SSLC പരീക്ഷ ആരംഭിക്കുകയാണ്.
പതിവ് പോലെ വെളുപ്പിന് എണീറ്റ് പഠിച്ചതെല്ലാം ഒന്ന് കൂടി മനസ്സിൽ പാകപ്പെടുത്തുകയായിരുന്നു.
പെട്ടെന്നാണ് അച്ഛന്റെ റൂമിൽ നിന്ന് അമ്മയുടെ കരച്ചിലിന്റെ ശബ്ദം കേട്ടത്.
ഓടി മുറിയിലേക്ക് ചെന്ന താൻ കണ്ടത് അച്ഛന്റെ നെഞ്ചു് തിരുമ്മി കൊടുത്ത് കൊണ്ട് കരയുന്ന അമ്മ യെയാണ്.
"മോളെ പെട്ടെന്ന് കൊച്ഛച്ചനെ വിളിച്ച് കൊണ്ടു വാ .അച്ഛന് വയ്യ."
"അയ്യൊ അച്ഛാ, എന്ത് പറ്റി "
അച്ഛൻ ദയനീയമായി തന്നെ നോക്കി പറഞ്ഞു. " ഒന്നുമില്ല മോളു. ഒരു നെഞ്ച് വേദന.ചിലപ്പൊ ഗ്യാസിന്റെ ആയിരിക്കും."
ഇരുട്ടിനെ വകവെക്കാതെ പരിഭ്രമത്തോടെ അവൾ അടുത്ത് താമസിക്കുന്ന കൊച്ഛച്ഛന്റെ വീട്ടിലേക്കോടി.
അവിടെ ആരും എഴുന്നേറ്റ ലക്ഷണമില്ല. കോളിംഗ് ബെൽ നിർത്താതെ അടിച്ചു.
വാതിൽ തുറന്ന പാടെ അവൾ കരഞ്ഞു് കൊണ്ടു് വിവരം പറഞ്ഞു.. മോൾ പൊയ്ക്കോ , കൊച്ഛച്ചൻ ഇതാ എത്തി.
കൊച്ചച്ഛൻ കാറുമെടുത്താണ് വീട്ടിലേക്ക് വന്നത്. ഉടനെ അച്ഛനും അമ്മയും കൂടി ഹോസ്പിപിറ്റലിലേക്ക് പോയി.
കാറിൽ കേറുമ്പോഴും നെഞ്ച് പൊത്തി പിടിച്ച് അച്ഛൻ പറഞ്ഞത് ഇപ്പാഴും കാതിലുണ്ട്.
"മോളെ ശ്രീ അച്ഛന് ഒന്നുമില്ലടാ, അച്ഛനെ അഡ്മിറ്റ് ചെയ്താലും മോൾ ടൈമിന് പോയി നന്നായി എക്സാം എഴുതെട്ടോ. അച്ഛന്റെ കാര്യമോർത്തിരുന്ന് പഠിച്ചത് എഴുതാതിരിക്കരുതെട്ടൊ"
അച്ഛന്റെ കരം ഗ്രഹിച്ച് കരഞ്ഞു കൊണ്ടു് അവൾ പറഞ്ഞു.
" ശരി അച്ഛാ "
അവൾ വേഗം പോയി അനുക്കുട്ടിയെ വിളിച്ചെഴുന്നേൽപിച്ചു.
അവൾ ഉറക്കച്ചടവോടെ കണ്ണും തിരുമ്മി എഴുന്നേറ്റ് ചിണുങ്ങിക്കൊണ്ടു് ചോദിച്ചു. "എന്താ ചേച്ചീ "
"മോളെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി.
നീ കയ്യും മുഖവും കഴുകി വാ. നമുക്ക് പൂജാമുറിയിൽ പോയി പ്രാർത്ഥിക്കാം."
ചേച്ചിയുടെ കരഞ്ഞ മുഖം കണ്ടപ്പോൾ അനുക്കുട്ടിയും കരയാൻ തുടങ്ങി.
സമയം ഏറെയായി. ഹോസ്പിറ്റലിൽ നിന്ന് വിവരമൊന്നുമില്ല.
പുസ്തകം തുറന്ന് വെച്ചെങ്കിലും അവളുടെ മനസ്സ് മുഴുവൻ ഹോസ്പിറ്റലിലായിരുന്നു.
തലേ രാത്രി കണ്ട ദുഃസ്വപ്നം വരാൻ പോകുന്ന ദുരന്തത്തിന്റേ തായിരുന്നോ എന്ന് അവൾ ഭയന്നു.
അവൾ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. എടുക്കുന്നില്ല. അപ്പോഴേക്കും കുഞ്ഞമ്മയും വന്നു. കൊച്ഛച്ഛനെ വിളിച്ചിട്ടും എടുക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി.
"ഒന്നുമുണ്ടാകില്ല മോളെ. പേടിക്കണ്ട. നമുക്ക് കുറച്ച് കൂടി നോക്കാം." കുഞ്ഞമ്മ അവളെ സമാധാനിപ്പിച്ചു.
അയൽക്കാർ ഓരോരുത്തരായി വരാൻ തുടങ്ങിയപ്പോൾ അവൾക്ക് അപകടം മണത്തു.
എല്ലാവരുടെയും മുഖത്ത് ദുഃഖം.
അടുത്ത് താമസിക്കുന്ന മെമ്പർ ദാസൻ ചേട്ടൻ വന്ന് മോൾ പരീക്ഷക്ക് പോകാൻ റെഡിയാകാൻ പറഞ്ഞു.
"ഇല്ല. അച്ഛൻ വരാതെ ഞാൻ പോകില്ല." അവൾ തീർത്ത് പറഞ്ഞു.
പലരും കൂടി നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
കുറച്ച് കഴിഞ്ഞു ഒരു ആംബുലൻസ് വീട്ടിലേക്ക് വന്നു.
അവളും പിന്നാലെ അനുക്കുട്ടിയും അച്ഛാ എന്ന് വിളിച്ച് കരഞ്ഞു് കൊണ്ടു് പുറത്തേക്കോടി..
ഒരു നിമിഷം. ആരൊക്കെയോ ചേർന്ന് വെള്ള പുതപ്പിച്ച അച്ഛന്റെ ബോഡി പുറത്തേക്കെടുക്കുന്നു.
പിന്നെ അവൾക്കൊന്നും ഓർമയില്ല.
മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് കണ്ണ് തുറന്നത്.
കുറെപ്പേരുണ്ട് തന്റെ ചുറ്റും. അവൾ അച്ഛാ എന്ന് വിളിച്ച് ചാടി എഴുന്നേറ്റു. പൂമുഖത്ത് കോടി പുതപ്പിച്ച് തന്റെ എല്ലാമെല്ലാമായ അച്ഛൻ.. അവൾ അലമുറയിട്ട് കരഞ്ഞ് കൊണ്ടു് അച്ഛന്റെ മുഖത്ത് തുരു തുരെ ഉമ്മ വെച്ചു.
ആരൊക്കെയോ ചേർന്ന് തന്നെ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി. കരഞ്ഞു് തളർന്ന് കിടക്കുന്ന അമ്മ അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത് അനുക്കുട്ടിയുമുണ്ടു്.
"മോളെ " തന്റെ തലയിൽ തലോടി കൊണ്ടു് മുന്നിൽ ഹെഡ്‌ മാസ്റ്റർ സലിം സാർ..
"വരാനുള്ളത് വന്നു. മോൾ വേഗം റെഡിയാക് . നമുക്ക് എക്സാം എഴുതി വേഗം തിരിച്ച് വരാം "
"സർ , എനിക്ക് കഴിയില്ല . എന്റെ അച്ഛൻ " അവൾ മുഴുമിക്കാതെ വിങ്ങിപ്പൊട്ടി.
പിന്നാലെ മെമ്പറും കൊച്ഛച്ഛനും.
എല്ലാവരും പറയുന്നത് ഒന്ന് തന്നെ.
"മോളെ നീ പഠിച്ച് നല്ല നിലയിലെത്താൻ ഏറ്റവും ആഗ്രഹിച്ചത് അച്ഛനല്ലെ . അച്ഛൻ ഇറങ്ങിയപ്പോൾ പോലും പറഞ്ഞത് നീ മറന്നോ? "
അമ്മയുടെ ഗദ്ഗദത്തോടെയുള്ള വാക്കുകൾ.
അതെ , ഒരിക്കൽ അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ടു്. " നീ മൂത്ത കുട്ടിയാണ് . എനിക്ക് ശേഷം അമ്മയെയും അനുക്കുട്ടിയെയും നോക്കേണ്ടത് നീയാണ്."
മരണം മുൻകൂട്ടി കണ്ട് പറഞ്ഞ പോലെ.
എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സ്കൂളിലേക്ക് തന്നെ കൊണ്ടുവന്നത്..
"ശ്രീ ക്കുട്ടീ " ടീച്ചറുടെ വിളി കേട്ടാണ് താൻ ചിന്തയിൽ നിന്നുണർന്നത്.
ചുറ്റുമുള്ളവർ സഹതാപത്തോടെ തന്നെ തന്നെ നോക്കുന്നു.
"മോളെ കഴിയുന്ന പോലെ വേഗം എഴുത്. നീ ചെന്നിട്ട് വേണം അച്ഛനെ " ...
ടീച്ചർ മുഴുമിപ്പിക്കാതെ പറഞ്ഞു.
അതെ . വേഗം പരീക്ഷ എഴുതി, വിട്ടിലെത്തണം. അമ്മയെയും അനുക്കുട്ടിയെയും ആശ്വസിപ്പിക്കണം. താൻ തളരാൻ പാടില്ല.
തന്റെ പ്രിയപ്പെട്ട അച്ഛന് അന്ത്യ ചുംബനം നൽകി യാത്രയാക്കണം.
അവൾ കണ്ണ് തുടച്ച് എല്ലാം മറന്ന്
ക്വസ്റ്റിൻ പേപ്പറിലേക്ക് കണ്ണോടിച്ചു.
ബഷീർ വാണിയക്കാട്

ഫ്രീ ലിഫ്റ്റ്‌


"സ്കൂളിൽ പോകുന്ന ചെറിയ മക്കളുള്ള രക്ഷിതാക്കൾക്ക്‌ സമർപ്പിക്കുന്നു.".
ബോധം വന്ന് കണ്ണ് തുറന്ന ജിതിൻ ,താൻ എവിടെയാണെന്നറിയാതെ ചുറ്റും പകച്ച് നോക്കി. ചാടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തന്റെ കാലുകളും കൈകളും ബന്ധിച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായത്. ശരീരം മുഴുവൻ ഇടിച്ച് നുറുക്കിയ വേദന. അവൻ ഉറക്കെ കരയാൻ ശ്രമിച്ചു.. ശബ്ദം പുറത്ത് വരുന്നില്ല.. തന്റെ വായും മൂടിക്കെട്ടിയിരിക്കുന്നു.
ദൈവമെ , താൻ എവിടെയാണ് ?
നിറഞ്ഞ കണ്ണുകളോടെ കിടന്ന കിടപ്പിൽ തലയുയർത്തി അവൻ ചുറ്റും നോക്കി.
ഗോഡൗൺ പോലുള്ള ഒരു വലിയ ഹാളിൽ താൻ തനിച്ച്. മങ്ങിയ പ്രകാശത്തിൽ അവൻ കണ്ടു, തന്റെ അരികിലൂടെ ഓടുന്ന എലികളെ ..
അവൻ ഒരിക്കൽ കൂടി അലറി കരയാൻ ശ്രമിച്ചു. വികൃതമായ ഒരു ശബ്ദം മാത്രമെ പുറത്ത് വന്നുള്ളു.. അവൻ തന്റെ വസ്ത്രത്തിലേക്ക് നോക്കി.
സ്കൂൾ യൂണിഫോം.. " അയ്യോ "
ഒരു ഞെട്ടലോടെ രാവിലത്തെ സംഭവങ്ങൾ അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു.
"ജിതിൻ നേരമെത്രയായെന്നറിയോ എഴുന്നേൽക് മോനെ"
അമ്മ അടുത്ത് വന്നിരുന്ന് അവനെ കുലുക്കി വിളിച്ചു. നെറുകയിൽ ഒരുമ്മ തന്നു.
അവൻ ഉണർന്നിട്ടും ഉറക്കം നടിച്ച് കിടന്നു. വീണ്ടും വീണ്ടും അമ്മയുടെ ചുംബനങ്ങൾ ക്ക് കാതോർത്ത്..
"ഇന്ന് വെള്ളിയാഴ്ചയാണ്. സ്കൂളിൽ നിന്ന് വന്നിട്ട് അച്ഛൻ 'ലുലു' വിൽ കൊണ്ടു പോകും".
അമ്മ എന്നും അങ്ങിനെയാണ്. തന്നെ ഉമ്മ വെച്ച് ഉമ്മ വെച്ച് ഉണർത്തും. അമ്മയുടെ മുടിയിലെ കാച്ചെണ്ണയുടെയും ഷാമ്പുവിന്റെയും സുഗന്ധം അവൻ ആവാഹിച്ചെടുക്കും.
തന്റെ അമ്മയുടെ മാത്രം സുഗന്ധം.
വെളുപ്പിന് എഴുന്നേറ്റ് എല്ലാ ജോലിയും കഴിഞ്ഞു കുളിയും കഴിഞ്ഞാണ് അമ്മ തന്നെ വിളിച്ചുണർത്തുന്നത്‌..
താൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയാൽ പിന്നെ ബെഡ് കോഫിയുമായി അച്ഛനെ വിളിച്ചുണർത്തും .
ഒരു ദിവസം സോപ്പ് തീർന്നെന്ന് പറയാൻ താൻ അമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച..
താനും അച്ഛനും അമ്മയും നാണിച്ച് പോയി..
താൻ ഓടി പുറത്തിറങ്ങി.
അമ്മയുടെ ആ സുഗന്ധം അച്ഛനും വളരെ ഇഷ്oമായിരിക്കും..
സോപ്പുമായി ബാത്റൂമിൽ വന്ന അമ്മയുടെ മുഖത്ത് ഒരു ചമ്മൽ.
അച്ഛനും അമ്മക്കും ആണും പെണ്ണുമായി താൻ മാത്രമെ ഉള്ളു.
അതിന്റെ ലാളന കഞ്ഞുന്നാളിലേ തനിക്ക് ലഭിക്കുന്നുണ്ടു്..
നാലാം ക്ലാസ്സ് വരെ സ്കൂൾ ബസ്സിലാണ് താൻ സ്കൂളിൽ പോയിരുന്നത്..
അഞ്ചാം ക്ലാസ്സിലായപ്പോൾ തന്റെ നിർബന്ധം മൂലമാണ് ബസ്സ് ഒഴിവാക്കിയത്. ഒന്നര കിലോമീറ്റർ ദൂരമെ യുള്ളു, സ്കൂളിലേക്ക്. കൂട്ടുകാരും കൂടി റോഡിലെ കാഴ്ചകൾ കണ്ടു് നടന്ന് പോകുക വളരെ രസകരമായിരുന്നു..
അതിനിടക്ക് വരുന്ന ഇരുചക്ര വാഹനങ്ങളൊക്കെ കൈ കാണിക്കലും നിറുത്തുന്ന വാഹനങ്ങളിൽ ആദ്യം ഓടി എത്തുന്നവർ കയറിപ്പോകലും പതിവായിരുന്നു..
ചിലർ നിർത്താറില്ല.
ബുള്ളറ്റിൽ കയറാൻ ജിതിന് വളരെ ഇഷ്ട്ടമായിരുന്നു. അത് കൊണ്ടു് തന്നെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടുാൽ മാത്രമെ അവൻ ലിഫ്റ്റ് ചോദിക്കൂ.
ഒരു ദിവസം ബുള്ളറ്റ് നിർത്താതെ പോയ ഒരു ചേട്ടൻ പിന്നെ ഒരിക്കൽ നിർത്തി കയറ്റിയപ്പോൾ കാരണം പറഞ്ഞു.
"മോനെ റോഡിൽ മുഴുവൻ CCTV കാമറയാണ്. കുട്ടികളെ കാണാതാകുന്ന കാലമാണ്. മോനെങ്ങാൻ മിസ്സായാൽ ചേട്ടൻ അഴിയെണ്ണേണ്ടി വരും "
ഇന്ന് രാവിലെ കളിയും തമാശയുമായി നടക്കുന്നതിനിടെ പെട്ടെന്ന് സുനിൽ ഒരു ഫോർചുണർ ജീപ്പിന് കൈകാണിച്ചു. കുറച്ച് മുന്നോട്ട് പോയി വണ്ടി നിർത്തി.
ഞങ്ങൾ അഞ്ചാറ് പേരുണ്ടായിരുന്നു. കുട്ടുകാർ അഞ്ച് പേരും കയറിക്കഴിഞ്ഞപ്പോൾ എനിക്ക് സ്ഥലമില്ല.. ഞാൻ ഒറ്റക്കാകുന്ന വിഷമത്തിൽ സുനിൽ ഇറങ്ങാൻ തുനിഞ്ഞെങ്കിലും , ഡ്രൈവർ വണ്ടി വിട്ടു..
താൻ മുന്നോട്ട് നടക്കാൻ തുടങ്ങുപ്പോഴേക്ക് ഒരു ജിപ്പ് വന്ന് അടുത്ത് നിർത്തി..
പിന്നിലെ ഡോർ തുറന്ന് ഒരാൾ കയറിക്കോളാൻ പറഞ്ഞു..
ഒറ്റക്ക് കയറാൻ ഭയമുണ്ടായെങ്കിലും ധൈര്യം സംഭരിച്ച് കയറി..
മുൻ സീറ്റിൽ ഡ്രൈവറും പിൻസീറ്റിൽ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്..
അതിൽ ഒരാൾ പറഞ്ഞു, "മോൻ നടുക്കിരുന്നോ. അങ്കിൾ ഇവിടെ അടുത്ത് ഇറങ്ങും "
താൻ മറ്റൊന്നും ചിന്തിക്കാതെ നടുക്കിരുന്നു..
നല്ല സൗണ്ടിൽ തമിഴ് പാട്ട് ഇട്ടിട്ടുണ്ടു്. വിൻഡൊ ഗ്ലാസ്സ് മുഴുവൻ ഡാർക് കൂൾഫിലിം ഒട്ടിച്ചിരിക്കുന്നു... നല്ല ചൂടിൽ നിന്ന് കയറിയത് കൊണ്ടു് എ സി യുടെ തണുപ്പിൽ നല്ല സുഖം തോന്നി.
ദൂരെ നിന്നേ സ്കൂളിന് മുന്നിൽ ഫോർച്ചുണറിൽ നിന്ന് തന്റെ കൂട്ടുകാർ ഇറങ്ങുന്നത് കാണാമായിരുന്നു..
അതാണ് സ്കൂൾ , അവിടെ നിർത്തിക്കോ. ജിതിൻ ഡ്രൈവറെ നോക്കി പറഞ്ഞു..
ഒക്കെ ,എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടി സ്ലോ ചെയ്തു..
സ്കൂളിന് മുന്നിലെത്തി, ഹമ്പ് കടന്നതും വണ്ടി പെട്ടെന്ന് സ്പീഡിൽ പാഞ്ഞു..
"തന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി ".
വണ്ടി നിർത്താൻ പറഞ്ഞു് ചാടി എഴുന്നേറ്റ തന്നെ ഒരാൾ പിടിച്ചിരുത്തിയതും മറ്റെയാൾ ഒരു തുണികൊണ്ട് വായും മൂക്കും പൊത്തിയതും മാത്രം ഓർമയുണ്ടു്..പിന്നെ കണ്ണ് തുറന്നത് ഇപ്പോളാണ്..
കുട്ടികളെ തട്ടികൊണ്ടു് പോകുന്ന സംഘത്തെ കുറിച്ച് അമ്മ പറയാറുള്ള കഥകൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു..
അവന്റെ കുഞ്ഞു മനസ്സും ശരീരവും ഭയം കൊണ്ടു് കിടുകിടാ വിറച്ചു..
തന്റെ പ്രിയപ്പെട്ട അച്ഛനും പുന്നാര അമ്മയും തന്നെ കാണാതെ നെഞ്ച് പൊട്ടിക്കരയുന്ന രംഗം അവൻ സങ്കൽപിച്ചു..
ലാൻഡ് ഫോൺ റിംഗ് ചെയ്തപ്പോൾ ദിവ്യ ഓടി വന്ന് ഫോണെടുത്തു. സ്കൂളിൽ നിന്ന് ശരത് സാർ ആണ്..
"മാഡം, ജിതിൻ സ്കൂളിലെത്തിയിട്ടില്ല. കൂട്ടുകാർ പറഞ്ഞു, അവരോടൊപ്പം ഉണ്ടായിരുന്നെന്ന്. അതാണ് വിളിച്ചത് ".
അവളുടെ തലയിൽ ഒരു വണ്ടു് മൂളി.. വിറക്കുന്ന കൈകളോടെ അവൾ മനോജിനെ വിളിച്ചു..
"അപ്പോളേക്ക് അവൾ കരഞ്ഞു് തുടങ്ങിയിരുന്നു.
"ചേട്ടാ , നമ്മുടെ മോൻ"
അവൾക്ക് വാക്കുകൾ മുഴുമിക്കാനായില്ല..
"ദിവ്യേ, ദിവ്യേ " . മറുപടിയില്ല.
അയാൾ വേഗം കാറുമെടുത്ത് ഓഫീസിൽ നിന്നിറങ്ങി..
ഡ്രൈവ് ചെയ്യുമ്പോൾ ശരീരവും കൈയും വിറക്കുന്നുണ്ടായിരുന്നു.
വീട്ടിൽ , സ്കൂളിൽ , റോഡിൽ, പോലീസ് സ്റ്റേഷനിൽ , കിണറ്റിൽ, റെയിൽവെ ട്രാക്കിൽ, അമ്പലക്കുളത്തിൽ.
മനോജും കൂട്ടുകാരും പോലീസും ഓടാനും അന്വേഷിക്കാനും ഇനി സ്ഥലം ബാക്കിയില്ല..
"കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് ഒരു കുരുന്ന് കൂടി..
"കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുക ".
ബഷീർ വാണിയക്കാട്

ആദ്യരാത്രി


"അകാലത്തിൽ പൊലിഞ്ഞു് പോയ പ്രിയ സുഹൃത്തിന്‌ ആത്മശാന്തി നേർന്ന് കൊണ്ട് പ്രാർത്ഥനയോടെ "
രാത്രി നമസ്കാരം കഴിഞ്ഞ് സുഹൈൽ രക്ഷിതാവിനോട് കൈകളുയർത്തി പ്രാർത്ഥിച്ചു..
ഇന്ന് തന്റെ ആദ്യ രാത്രിയാണ്.. ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ മറക്കാനാകാത്ത രാത്രി.. എന്നാൽ തനിക്കിതു് നൊമ്പരത്തിനെറയും കണ്ണീരിന്റെയും രാത്രിയാണ്..
തനിക്ക് മാത്രമല്ല താൻ മിന്ന് കെട്ടിയ പെണ്ണിനും..
നാഥാ ... ഞങ്ങൾക്ക് സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യണേ...
പുറത്ത് ശക്തിയായ മഴയും ഇടിമിന്നലും.. സുഹൈലിന്റെ ഹൃദയത്തിൽ അതിനെക്കാൾ ശക്തിയായ കാറ്റും കോളുമാണ്.. വരാനിരിക്കുന്ന നിമിഷങ്ങളെ എങ്ങിനെ അഭിമുഖീകരിക്കുമെന്നറിയാതെ സുഹൈൽ നീറുകയാണ്..
അവന്റെ ഓർമകൾ ഒരു വർഷം പിന്നിലേക്ക് ഊളിയിട്ടു..
ജേഷ്oൻ ഫാസിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതു്, തന്നെ വിവാഹം കഴിപ്പിക്കാൻ കൂടിയായിരുന്നു..
ഉമ്മയും ജേഷ്ഠന്മാരും ജേഷ്ഠത്തിയും സഹോദരിയും അളിയനുമൊക്കെ തനിക്ക് വേണ്ടി പെണ്ണന്വേഷിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി ആ ദുരന്തം തന്റെ കുടുംബത്തിൽ ഒരു ഇടിത്തിയായി വന്ന് ഭവിച്ചതു്.
അന്ന് വീട്ടിൽ എല്ലാവരുമുണ്ടായിരുന്നു.. ഫാസിൽ വന്നതിന് ശേഷം എല്ലാവരും കൂടി കൂടിയതാണ്.. കളിയും തമാശയുമൊക്കെയായി മറക്കാനാകാത്ത ഒരു ദിവസം.. ഫാസിലിന്റെ പൊന്നുമോൻ റയ്യാനായിരുന്നു അന്ന് താരം.. വാപ്പ കൊണ്ടുവന്ന പുത്തനുടുപ്പും കളിക്കോപ്പുമൊക്കെയായി അവൻ എല്ലാവരുടെയും ഹൃദയം കവർന്നു.. വാപ്പ ഗൾഫിലായിരുന്നപ്പോൾ താനായിരുന്നു അവനെല്ലാം.. ചാച്ച യെന്ന് വിളിച്ച് എപ്പോഴും തന്റെ പിന്നാലെയുണ്ടാകും.. വാപ്പയുടെ കുറവ് അവനെ താൻ അറിയിച്ചിരുന്നില്ല..
ചെറുപ്പത്തിലെ വാപ്പ മരിച്ച തന്റെ കുടുംബത്തെ ഒരു കരക്കെത്തിച്ചതു് ഫാസിലിന്റെ കഠിന പ്രയത്നമാണ്.. എന്നും കുടുംബത്തിന് ഒരു ഭാരമായിരുന്ന മൂത്ത ജ്യേഷ്ഠൻമാരെ പോലെ ആയിരുന്നില്ല ഫാസിൽ..
അത് കൊണ്ടു് തന്നെ അവൻ ഉമ്മാക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു... സഹോദരിയെ വിവാഹം ചെയ്തയച്ചതും തന്നെ പഠിപ്പിച്ച് ഒരു നിലയിലാക്കിയതുമെല്ലാം തന്റെ പ്രിയ സഹോദരനാണ്..
ഇപ്പോഴിതാ , അനുജന് നല്ലൊരു വധുവിനെ കണ്ട് പിടിച്ച് വിവാഹം നടത്താൻ കൂടിയാണ് ഈ വരവു്..
ഫാസിലിന്റെ ഭാര്യ ഹസീന ക്ക് താൻ, ഒരു കൂടപ്പിറപ്പിനെ പോലെയാണ്..
തനിക്ക് നല്ലൊരു കുട്ടിയെ തേടിപ്പിടിക്കാൻ ഇത്തയാണ് മുൻകയ്യെടുക്കുന്നത് ..
എല്ലാവരും കൂടി ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഫാസിലിന് ഒരു സുഹൃത്തിന്റെ ഫോൺ കോൾ... വന്നിട്ട് കൂട്ടുകാരെയൊന്നും കണ്ടിട്ടില്ല.. അനുജന്റെ ബൈക്കിന്റെ ചാവിയും വാങ്ങി അവൻ പുറത്തേക്കിറങ്ങി..
ബിരിയാണി കഴിച്ച ക്ഷീണം കൊണ്ട് താൻ ഒന്ന് മയങ്ങിപ്പോയി..
ഉമ്മറത്ത് നിന്ന് കൂട്ട നിലവിളി കേട്ടാണ് സുഹൈൽ പുറത്തേക്ക് ഓടിവന്നതു്..
ഒന്നും മനസ്സിലായില്ല.. ഉമ്മ ബോധംകെട്ട് തറയിൽ വീണ് കിടക്കുന്നു.. ഇത്ത ഒരു പ്രതിമ കണക്കെ നിശ്ചലയായി നിൽക്കുന്നുണ്ട്.. വേഗം ഓടി വന്ന് ഉമ്മാനെ എടുത്ത് അകത്തു് കിടത്തി.. ഉമ്മാക്ക് എന്തോ സംഭവിച്ചെന്നാണ് ആദ്യം കരുതിയതു്.. ജ്യേഷ്ഠത്തിമാരും സഹോദരിയും അലമുറയിട്ട് കരയുന്നു..
അളിയനാണ് കാര്യം പറഞ്ഞത്.. ഇട റോഡിൽ നിന്ന് ശ്രദ്ധിക്കാതെ മെയിൻ റോഡിലേക്കിറങ്ങിയ ഫാസിലിനെ ഒരു ലോറി ഇടിച്ച് തെറിപ്പിച്ചു.. നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയത്രെ..
സുഹൈലിന്റെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു.. വേഗം ഷർട്ട് എടുത്തിട്ട് അളിയനും കുടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
അക്ഷമയുടെ നിമിഷങ്ങൾ..
അവന്റെ നാവും ഹൃദയവും പ്രാർത്ഥനാ നിരതമായി...
സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി വലിയൊരു ജനക്കൂട്ടം.. എല്ലാവരുടെയും മുഖങ്ങളിൽ മ്ലാനത.. സുഹൃത്ത് പ്രകാശ് തന്നെക്കണ്ട് ഓടി വന്നു.. എടാ ഫാസിലിക്ക പോയെടാ.. ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.. താൻ ആകെ തളർന്ന് പോയി.. ഈ ഭൂമിയിൽ ഒറ്റപ്പെട്ട് പോയ പോലെ ..കണ്ണിൽ ഇരുട്ട് നിറയുന്നു..
നാട്ടിലും ഗൾഫിലും വലിയ സുഹൃത് വലയമുണ്ടായിരുന്നു, ഫാസിലിന്.. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത പ്രകൃതം .. സദാ പുഞ്ചിരിക്കുന്ന മുഖം..
എല്ലാവർക്കും നൊമ്പരം സമ്മാനിച്ച് അവൻ പറന്നകന്നു...
ഉമ്മ ആ വീഴ്ചയോടെ സമനില തെറ്റിയ പോലെയായി.. വാപ്പയുടെ സ്ഥാനത്ത് നിന്ന് ഒരു കുടുംബം കൈ പിടിച്ചുയർത്തിയ പൊന്നുമോൻ നഷ്ഠപ്പെട്ടത് ഉൾകൊള്ളാൻ ആ മാതൃഹൃദയത്തിനായില്ല.. ആറു് മാസത്തിനുള്ളിൽ ഞങ്ങൾക്ക് തീരാനൊമ്പരമായി മറ്റൊരു വേർപാടും.. പ്രിയപ്പെട്ട ഉമ്മ..
ഇത്തായുടെയും റയാൻ മോന്റെയും വേദന തന്റെയും വേദനയായി..
ഒരു ദിവസം അളിയൻ അത്യാവശ്യമായി നേരിൽ കാണണമെന്ന് പറഞ്ഞു വിളിച്ചു..
ആകാംക്ഷയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയതു്..
കുറച്ച് മൗനം പാലിച്ചതിന് ശേഷം മുഖവുരയില്ലാതെ അളിയൻ പറഞ്ഞു... സുഹൈൽ നിനക്ക് എന്തു് കൊണ്ടു് ഹസീനയെ വിവാഹം കഴിച്ച് കൂടാ?
അങ്ങിനെയെങ്കിൽ ഫാസിലിനോടും അവന്റെ മോനോടും നിനക്ക് ചെയ്യാവുന്ന ഏറ്റവും പുണ്യകരമായ പ്രവർത്തിയായിരിക്കും അത്..
ആ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചിരിക്കുമ്പോൾ സഹോദരി അടുത്ത് വന്ന് പറഞ്ഞു. നീ നല്ലോണം ആലോചിച്ച് സാവധാനം തീരുമാനിച്ചാൽ മതി. ഹസീന നല്ല കുട്ടിയല്ലെ മോനെ. റയാനും അനാഥനാവില്ല.. നിന്നെ റയാൻ മോന് ജീവനാ..
വീട്ടിലേക്കുള്ള യാത്രയിൽ തന്റെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു.. അളിയനും പെങ്ങളും പറഞ്ഞത് ശരിയാണ്. ജ്യേഷ്ഠന് വേണ്ടി എന്തു് ത്യാഗം സഹിക്കാനും താൻ തയ്യാറാണ്.. എന്നാലും ഇത്തയെ ഒരു ഭാര്യയുടെ സ്ഥാനത്ത് സങ്കൽപിക്കാനേ കഴിയുന്നില്ല.. അവസാനം അവൻ ഒരു തീരുമാനത്തിലെത്തി.. ഇത്താക്ക് നൂറ് ശതമാനം സമ്മതമാണെങ്കിൽ മാത്രം..
ആദ്യമൊന്നും ഇത്ത വഴങ്ങിയില്ല.. സഹോദരിയുടെ മാസങ്ങൾ നീണ്ട ശ്രമഫലമായാണ് അവസാനം അവർ സമ്മതം മൂളിയതു് .. കഴിഞ്ഞ ഏതാനും മാസങ്ങൾ തീർത്തും അന്യരെ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം. ഇത്ത തന്നിൽ നിന്നും ഒരു പാട് അകലം പാലിച്ചു.. അവസാനം ഇതായിരിക്കും റബ്ബിന്റെ വിധി...
അങ്ങിനെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നായിരുന്നു, ഞങ്ങളുടെ നിക്കാഹ് ..
സമയം പത്ത് മണി കഴിഞ്ഞു. മുസല്ല മടക്കി വെച്ച് സുഹൈൽ എഴുന്നേറ്റു. മനസ്സിന് അൽപം കരുത്ത് ലഭിച്ച പോലെ .. തന്റെ അതേ മാനസികാവസ്ഥയിലായിരിക്കും ഇത്തയും..
അല്ല , അവൻ സ്വയം തിരുത്തി.. ഹസീന .....
ഇന്ന് മുതൽ അവൾ തനിക്ക് ഇത്തയല്ല , ഭാര്യയാണ്...
ബഷീർ വാണിയക്കാട്

ഞാൻ മരിച്ചിട്ടില്ല..



വെന്റിലേറ്ററിലെ തണുപ്പ് സഹിക്കാൻ കഴിയുന്നില്ല...
ചേട്ടനും തന്റെ പൊന്നോമനകളായ രാഹുലും രാജി മോളും തന്റെ അടുത്തു് നിന്ന് കണ്ണീർ വാർക്കുന്നതും കരയുന്നതും താൻ അറിയുന്നുണ്ട്...
അമ്മാവൻ വന്ന് അവരെ സമാധാനിപ്പിക്കുന്നതു് താൻ കേൾക്കുന്നുണ്ട്...
അവർ പോയപ്പോൾ നഴ്സ് വന്ന് വീണ്ടും തന്റെ മുഖത്തേക്ക് തുണി വലിച്ചിട്ടു...
വേണ്ടപ്പെട്ടവർ ഓരോരുത്തരായി വന്ന് തന്നെ കണ്ട് കണ്ണീർ വാർത്ത് പോകുന്നു...
എങ്ങനെയാണ് താൻ ഇവരെ ഒന്ന് അറിയിക്കുക , താൻ മരിച്ചിട്ടില്ലെന്ന് ...
രാവിലെ ഡോക്ടർ തന്റെ കണ്ണുകൾ അടക്കുന്നതു് വരെ തനിക്കെല്ലാം കാണാമായിരുന്നു...
ശേഷം കൂടെ നിന്ന സിസ്റ്റർ മാരോട് തന്റെ മരണം പ്രഖ്യാപിച്ചപ്പോൾ ഒന്ന് ആർത്തലച്ച് കരയണമെന്ന് തോന്നി..
ഒന്ന് എഴുന്നേറ്റ് ഓടണമെന്ന് തോന്നി..
പക്ഷെ തനിക്ക് ഒന്നിനും കഴിയുന്നില്ലല്ലൊ..
ഡോക്ടർ അടച്ച കണ്ണുകൾ തുറക്കാൻ പോലും കഴിയുന്നില്ലല്ലൊ ദൈവമെ.
ഹാർട്ട് ബീറ്റ് പൂർണമായും നിന്നെന്നും, വേണ്ടപ്പെട്ടവരെ തന്റെ റൂമിലേക്ക് അയക്കാൻ ഡോക്ടർ നഴ്സി നോട് പറഞ്ഞതും താൻ കേട്ടു...
എന്താണ് തനിക്ക് സംഭവിച്ചതു്? യഥാർത്ഥത്തിൽ താൻ മരിച്ചോ?
മരിച്ചെങ്കിൽ താൻ എങ്ങിനെയാണ് ഇവരുടെ സംസാരമൊക്കെ കേൾക്കുന്നതു്?
തന്റെ പൊന്നുമക്കളുടെ സാമീപ്യം അറിയുന്നതു്?
അവൾ തനിക്കറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു ...
പതിവ് പോലെ ഇന്നലെ വെളുപ്പിന് എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് ജോലി എല്ലാം തീർത്ത്, മക്കളെ സ്കൂളിൽ അയച്ച്, ചേട്ടന്റെ ഡ്രസ്സ് അയൺ ചെയ്ത് കഴിഞ്ഞപ്പോഴേക്ക് സ്കൂളിൽ പോകാൻ ലേറ്റ് ആയിരുന്നു...
അമ്മക്ക് വേണ്ട കഷായവും മരുന്നുമൊക്കെ എടുത്ത് വെച്ചു...
നിന്ന് കൊണ്ട് തന്നെ ഒരിറക്ക് തണുത്ത ചായ കുടിച്ച് വേഗം ഇറങ്ങി.
ഹെൽമെറ്റ് എടുത്ത് ധരിച്ചു..
മഴ പെയ്ത് തണുത്ത് ഇരുന്നതിനാൽ ടു വീലർ സ്റ്റാർട്ടാകാൻ അൽപം വൈകി..
ചേട്ടാ ഞാനിറങ്ങുന്നു...
മറുപടിക്ക് കാക്കാതെ വേഗം പുറപ്പെട്ടു..
ചെറിയ ചാറ്റൽ മഴയുണ്ട്‌.
റെയിൻ കോട്ട് ഇടാനും മാറ്റാനുമൊക്കെ യുള്ള മടിയോർത്ത് വേണ്ടെന്ന് വെച്ചു..
രാത്രി പെയ്ത മഴയുടെ തണുപ്പ് അവളുടെ ശരീരത്തിൽ കുളിര് കോരി.
പതിനഞ്ചു് മിനിട്ട് ദൂരമെയുള്ളു സ്കൂളിലേക്ക്..
ചാറ്റൽ മഴയിൽ റോഡ്‌ നനഞ്ഞു് കിടന്നതു് കൊണ്ട് വളരെ സൂക്ഷിച്ചാണ് വണ്ടി ഓടിച്ചതു്.
സ്പീഡ് കൂടുമ്പോൾ അമ്മയുടെയും ചേട്ടന്റെയും മുന്നറിയിപ്പ് ഓർമ വരും.
എന്നും പത്രത്തിൽ ആക്സിഡന്റ് വാർത്തയേയുള്ളു.
പിന്നിൽ കാതടപ്പിക്കുന്ന ഹോൺ കേട്ട്
അവൾ റോഡിന്റെ സൈഡിലേക്ക് ഒതുക്കാൻ തുനിഞ്ഞതും ശക്തിയായി പിന്നിൽ എന്തോ വന്നിടിച്ചു..
അമ്മേ എന്ന അലർച്ചയോടെ താൻ അന്തരീക്ഷത്തിലൂടെ പറന്നത് മാത്രം ഓർമയുണ്ടു്..
പിന്നെ ബോധം വന്നപ്പോൾ താൻ വെന്റിലേറ്ററിലാണെന്ന് തിരിച്ചറിഞ്ഞു..
നഴ്സ്മാരുടെ സംസാരത്തിൽ നിന്നാണ് തന്റെ ടു വീലറിൽ പിന്നിൽ നിന്ന് സ്പീഡിൽ വന്ന ടിപ്പർ ലോറി ഇടിച്ചെന്നും, അപകടത്തിൽ കഴുത്തിലെ ഒരു ഞരമ്പിന് സാരമായ പരിക്കുണ്ടെന്നും ഒക്കെ അറിയുന്നത് ..
അവരുടെ സംസാരത്തിൽ നിന്ന് ഞെട്ടിക്കുന്ന ഒരു യാഥാർത്ഥ്യം കൂടി തനിക്ക് മനസ്സിലായി.
തനിക്ക് ബോധം വന്നതും താൻ അവരെ കാണുന്നതും ഒന്നും അവർ അറിയുന്നില്ല.
വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണെന്നും അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കാനും പറഞ്ഞതനുസരിച്ച് തനിക്ക് വേണ്ടപ്പെട്ടവർ മുഴുവൻ ഹോസ്പിറ്റലിൽ ഉണ്ടെന്നും അവൾ മനസ്സിലാക്കി.
ഇന്ന് തന്നെ പോസ്റ്റ് മാർട്ടം നടത്താനുള്ള തയാറെടുപ്പുകൾ നടക്കുന്നു.
തന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ചെവിയിലേക്ക് ഒലിച്ചിറങ്ങിയത് അവളറിഞ്ഞു.
ഈശ്വരാ ആരെങ്കിലും തന്റെ മുഖത്ത് നിന്ന് ഈ തുണി ഒന്ന് മാറ്റിയിരുന്നെങ്കിൽ ..
ഒലിച്ചിറങ്ങിയ ആ കണ്ണീർ ആരെങ്കിലുമൊന്ന് കണ്ടിരുന്നെങ്കിൽ..
ഒരു കാൽ പെരുമാറ്റത്തിന് കൊതിച്ച് അവൾ നെഞ്ചുരുകി പ്രാർത്ഥിച്ചു..
തന്റെ പൊന്നു മക്കളെ കുറിച്ചോർത്തപ്പോൾ അവളുടെ അടഞ്ഞ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ ചാലൊഴുകി..
ആരൊക്കെയോ തന്റെ അടുത്തേക്ക് വരുന്നത് അവൾ അറിഞ്ഞു.
തന്റെ ബോഡി പോസ്റ്റ് മാർട്ടത്തിന് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പാണെന്ന് അവൾക്ക് മനസ്സിലായി.
ആരോ തന്റെ മുഖത്ത് നിന്ന് തുണി മാറ്റി..
മൈ ഗോഡ്... ഒരു പുരുഷ ശബ്ദം.
ഡോക്ടർ ഡോക്ടർ എന്ന് വിളിച്ച് കൊണ്ടു് അയാൾ ഓടുന്നത് താനറിഞ്ഞു..
തന്റെ കണ്ണിൽ നിന്നിറ്റിയ ചുടുകണ്ണീർ അയാൾ കണ്ടെന്ന് അവൾക്ക് മനസ്സിലായി .
അവൾ ദൈവത്തെ സ്തുതിച്ചു..
ധൃതിയിൽ നഴ്സ്മാരും ഡോക്ടറും തന്റെ അടുത്തെത്തി.
ഡോക്ടർ തന്റെ നാഡി പരിശോധിച്ചു..
അദ്ദേഹവും അറിയാതെ ദൈവത്തെ വിളിച്ചു.
അദ്ദേഹം തന്റെ കണ്ണുകൾ തുറന്നു.
താൻ വീണ്ടും എല്ലാവരെയും കണ്ടു..
അങ്ങിനെ മണിക്കൂറുകൾ നീണ്ട മരണത്തിന് ശേഷം താൻ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് അവളറിഞ്ഞു.
അടുത്ത മരണത്തിന് കാതോർത്തിട്ടോ എന്തോ അവളുടെ കണ്ണകൾ വീണ്ടും നിറഞ്ഞൊഴുകി... 😭😭
ബഷീർ വാണിയക്കാട്

അനാഥൻ



എടാ ഫൈസലെ എണീറ്റെ....
തിന്നാനും ഉറങ്ങാനും മാത്രം കൊള്ളാം..
വേഗം കടേൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങി വാടാ ...
അമ്മായിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അവൻ കണ്ണ് തുറന്നത്...
സ്കൂൾ അവധിയായതു് കൊണ്ടു് മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്ന ഫൈസൽ ചാടിയെഴുന്നേറ്റു...
അല്ലെങ്കിൽ ഇനി അമ്മായീടെ വഴക്ക് കേൾക്കേണ്ടി വരും..
പെട്ടെന്ന് അവൻ കടയിൽ പോകാൻ റെഡിയായി അമ്മായിടെ മുന്നിലെത്തി..
ഓഹ് ഇന്നലെ പുന്നാര ഉമ്മ വിളിച്ച് എന്തു് പറഞ്ഞു?
അമ്മായിടെ പരിഹാസ വാക്കുകൾ കേട്ട് അവന്റെ കുഞ്ഞു ഹൃദയം വേദനിച്ചു...
ഉമ്മേം അനിയന്മാരും സുഖായിരിക്കുന്നു..
എന്നെ കാണാൻ കൊതിയാവുന്നൂന്നു്.....
ഓഹ് .. പിന്നേ.. നിന്നെ കാണാതെ അവൾ ഉണ്ണാതേം ഉറങ്ങാതേം കിടക്കേല്ലെ..
കട്ടൻ ചായ വെച്ച് നീട്ടി കൊണ്ട് അമ്മായി മുഖം കോട്ടി...
വേഗം ഇതും കുടിച്ച് ഈ സാധനങ്ങൾ വാങ്ങി വാ ..
സഞ്ചിയും ലിസ്റ്റും എടുത്തു് വെച്ച് കൊണ്ടു് അമ്മായി പറഞ്ഞു..
പറ്റ് ഒരാഴ്ചക്കള്ളിൽ തീർക്കാന്ന് അബ്ദുല്ലക്കാനോടു് പറയ്..
അവൻ സഞ്ചിയുമെടുത്ത് കടയിലേക്ക് നടന്നു...
കുറെ നടക്കണം അബ്ദുല്ലക്കാടെ പലചരക്ക് കടയിലേക്ക്..
നടക്കുമ്പോൾ മുഴുവൻ അവന്റെ ചിന്ത ഉമ്മയെ കുറിച്ചായിരുന്നു...
വാപ്പ ഉപേക്ഷിച്ച തന്നെ കുഞ്ഞു പ്രായത്തിൽ തന്നെ അനാഥനാക്കി സ്വന്തം സുഖം തേടി പോയ ഉമ്മ...
അവന്റെ ഓർമകൾ കുറെ വർഷങ്ങൾക്ക് പിന്നിലേക്ക് പറന്നു...
ഓർമ വെച്ച് തുടങ്ങിയ നാളിൽ ഒരു ദിവസം ഉമ്മ പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്...
മോനേ നാളെ മുതൽ മോൻ വല്ല്യുമ്മാടെ അടുത്ത് കെടക്കണോട്ടൊ .
അതെന്താ ഉമ്മാ ...
ഉമ്മ എവ്ടെ പോവാ ?
ഉമ്മ നാളെ മുതൽ വേറൊരു വീട്ടിലാ ..
അതും പറഞ്ഞ് ഉമ്മ കെട്ടിപിടിച്ച് കുറെ കരഞ്ഞു.
പിറ്റെന്ന് കുറെ ആളുകൾ വീട്ടിൽ വന്നു. പള്ളീലെ മുസ്ലിയാരും അയൽക്കാരും ഒക്കെ ഉണ്ടായിരുന്നു...
വീട്ടിൽ അന്ന് നെയ്ച്ചോറും ഇറച്ചീം ഉണ്ടാക്കി...
ഒരാളെ കാണിച്ച് ഉമ്മ പറഞ്ഞു. ഇതാണ് ഇനി മുതൽ മോന്റെ വാപ്പിച്ചി .
അയാൾ തന്റെ കവിളിൽ നുളളിയിട്ട് ചോദിച്ചു.
മോന്റെ പേരെന്താ? ഫൈസൽ ..
കുറെ കഴിഞ്ഞ് അയാളുടെ കൂടെ നല്ല ഉടുപ്പൊക്കെ ഇട്ട് ഉമ്മ കാറിൽ കേറി പോയി.
പോകുമ്പോൾ ഉമ്മ കുറെ കരഞ്ഞു.. അതു് കണ്ടപ്പോൾ താനും കരഞ്ഞു.. ഉമ്മ പോണ്ടാന്നും പറഞ്ഞു് കുറെ പിടിച്ച് വലിച്ച് നോക്കി.. വല്ലുമ്മ വന്ന് തന്നെ എടുത്ത് കൊണ്ടു് പോയി മിഠായി തന്നു.
അന്ന് മുതൽ താൻ വല്ലുമ്മാടെ കൂടെയാണ് കിടന്നത്...
ഉമ്മയെ ചോദിച്ച് കുറെ കരഞ്ഞു...
അന്ന് തനിക്കൊന്നും മനസ്സിലായില്ല.
തിരിച്ചറിവിന്റെ പ്രായത്തിലാണ് എല്ലാം മനസ്സിലായത്...
ഉമ്മാനെ ഒരു ഗൾഫ് കാരൻ കല്യാണം കഴിച്ച് കൊണ്ടു പോയതാണെന്ന്..
പിന്നെ വല്ലപ്പോഴും ഉമ്മ തനിക്ക് പലഹാരങ്ങളൊക്കെ ആയി വരും...
വഴിയരികിലെ ബിവറേജിലെ തിരക്കും ബഹളവും അവന്റെ ചിന്തകളെ മുറിച്ചു.
രാവിലെ തന്നെ കള്ളു് കുടിക്കാൻ വെയിലത്ത് ക്യൂ നിൽകുന്നവർ...
അതിൽ വെറുപ്പോടെ താൻ ഇതു് വരെ കണ്ടിട്ടില്ലാത്ത തന്റെ ബാപ്പയുടെ മുഖം തിരഞ്ഞു...
ഇത് പോലൊരു മദ്യപാനിയായിരുന്നത്രെ തന്റെ ബാപ്പ .. ഉമ്മാടെ സ്വർണമൊക്കെ വിറ്റ് കള്ള് കുടിച്ച് , ഉമ്മിച്ചിയെ ഉപേക്ഷിക്കുമ്പോൾ ഉമ്മ പൂർണ ഗർഭിണിയായിരുന്നു...
അവന് അവിടെ നിൽക്കുന്ന എല്ലാവരോടും വെറുപ്പ് തോന്നി. ബിവറേജ് ഷോപ്പിനോടും, അതിന്റെ മുതലാളിയായ സർക്കാരിനോടും...
അവിടെ നിൽക്കുന്ന പലരുടെയും മക്കൾ തന്നെ പോലെ അനാഥരായിട്ടുണ്ടാകും..
തനിക്ക് പന്ത്രണ്ട് വയസ്സായിട്ടും ഇതേ വരെ തന്റെ മുഖം പോലും കാണാൻ വരാത്ത ക്രൂരൻ...
ഒരിക്കൽ മദ്യപിച്ച് വഴിയിൽ കിടന്നയാളെ ആരും കാണാതെ താൻ കല്ലെറിഞ്ഞതു് അവൻ ഓർത്തു ..
താൻ കല്ലെറിഞ്ഞതു് തന്നോടും ഉമ്മാനോടും ക്രൂരത കാട്ടിയ വാപ്പാനെയാണെന്ന് അവൻ സങ്കൽപ്പിച്ചു..
നീയെന്താ രാവിലെ കിനാവു് കാണേണോ ?
സഞ്ചിയും പിടിച്ച് നിൽക്കുന്ന തന്നെ കണ്ട് അബ്ദുല്ലക്ക ചോദിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്..
ലിസ്റ്റ് കൊടുത്തു. ലിസ്റ്റ് നോക്കി അബ്ദുല്ലക്ക പറഞ്ഞു. മോനെ കഴിഞ്ഞ മാസത്തെ പൈസ കിട്ടില്ലല്ലൊ...
അടുത്താഴ്ച തരാന്ന് പറഞ്ഞു.
ഉം.
ഇതു് കുറെ ഉണ്ടല്ലൊ. നീയെങ്ങിനേ ഇത്രേം സാധനങ്ങൾ കൊണ്ട് പോകാ ?
ഒരു ചാക്കിൽ കെട്ടി തന്നാ മതി.. ഞാൻ തലയിൽ വെച്ച് കൊണ്ടൊയ്ക്കോളാം...
അബ്ദുല്ലക്ക അവനെ സഹതാപത്തോടെ നോക്കി.
ഉമ്മ വിളിക്കാറുണ്ടോ മോനെ ? നാട്ടിൽ വരുന്നുണ്ടോ?
ഉം. ഇന്നലെ വിളിച്ചിരുന്നു.
അനിയന്മാരെ രണ്ടു പേരെം സ്കൂളിലാക്കിയതിനാൽ ഉടനെ വരാൻ പറ്റില്ലെന്ന് ..
സാധനങ്ങൾ ചാക്കിൽ കെട്ടി അബ്ദുല്ലക്ക അവനെറ തലയിൽ വെച്ച് കൊടുത്തു.
നല്ല കനമുണ്ടു്.
അവൻ വീണ്ടും മുറിഞ്ഞു് പോയ ഓർമകളിലേക്ക് തിരിച്ച് പോയി.
ഇടക്ക് ഉമ്മിച്ചി വരുമ്പോൾ പെരുന്നാളായിരുന്നു, തനിക്ക്. അതിനിടക്ക് തനിക്ക് രണ്ട് അനുജൻ മാർ കൂടി ഉണ്ടായി. അവരോട് തനിക്ക് അസൂയ തോന്നി. വാപ്പയും ഉമ്മയും ഉള്ള ഭാഗ്യവാൻമാർ..
സ്കൂളിൽ അച്ഛന്റെയും അമ്മയുടെയും കൂടെ പാരന്റ്സ് മീറ്റിംഗിന് വരുന്ന കുട്ടികളോടും തനിക്ക് അസൂയ തോന്നിയിരുന്നു...
വാഹനഅപകടത്തിൽ അച്ഛനും അമ്മയും മരിച്ച ദീപുവായിരുന്നു തന്റെ ബെസ്റ്റ് ഫ്രണ്ട്.
തങ്ങൾ പരസ്പരം വേദനകൾ പങ്ക് വെച്ചു...
അവനെ കുറിച്ചോർത്തപ്പോൾ താൻ ഭാഗ്യവാനാണെന്ന് തോന്നി..
തന്റെ ബാപ്പയും ഉമ്മയും ജീവിച്ചിരിപ്പുണ്ടല്ലൊ...
ഒരു ദിവസം അനിയൻ മാരുമായി ഉമ്മ വന്നപ്പോൾ പറഞ്ഞു , ഉമ്മയും അനിയന്മാരും ഗൾഫിലേക്ക് പോകുന്നെന്ന്..
അതോടെ വല്ലപ്പോഴും ഒരിക്കൽ കണ്ടിരുന്ന ഉമ്മാനെയും പൂർണമായും തനിക്ക് നഷ്ടമായി. ഇടക്ക് ഒരു ഫോൺ കോൾ ... ആരെങ്കിലും വരുമ്പോൾ പുത്തൻ ഉടുപ്പുകൾ...
വല്ലുപ്പാക്കും വല്ലുമ്മാക്കും വയ്യാതായി.
മാമാടെയും അമ്മായിടെയും കാരുണ്യത്തിലാണ് ഇന്ന് തന്റെ ജീവിതം..
ഭുമിയിലെ അനേകം അനാഥരിൽ ഒരുവനായി....
ബഷീർ വാണിയക്കാട്

പെൺകരുത്ത്


മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ തന്റെ വിവാഹം നടക്കേണ്ട വീടാണ്.
പക്ഷെ ഇപ്പോൾ ഇതൊരു മരണവീട് പോലെ ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു.
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
ഇന്ന് തന്റെ പ്രതിശ്രുത വരന്റെ കോൾ വന്നപ്പോൾ അത് സാധാരണ വിളിക്കാറുള്ള ഒരു ഫോൺ കോൾ ആയി മാത്രമെ കരുതിയുള്ളു.
പതിവ് പോലെ കുറെ മധുര വർത്ത മാനങ്ങൾക്ക് ശേഷമാണ് ഫോൺ ഡാഡിക്ക് കൊടുക്കാൻ പറഞ്ഞത്.
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഫോൺ ഡാഡിക്ക് കൊടുത്ത് താൻ മെഹന്തി ഇടാൻ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി.
കുട്ടുകാരികളെ യാത്രയാക്കാൻ മമ്മിയെ അന്വേഷിച്ചപ്പോളാണ്, വിഷമിച്ചിരിക്കുന്ന ഡാഡിയെയും മമ്മിയെയും കണ്ടത്.
തന്നെക്കണ്ടപ്പോൾ രണ്ട് പേരും സന്തോഷം അഭിനയിക്കാൻ ഒരു പാഴ്ശ്രമം നടത്തുന്നത് തനിക്ക് മനസ്സിലായി.
മമ്മി യാന്ത്രികമായി തന്റെ കൂട്ടുകാരികളെ യാത്രയാക്കി.
മമ്മീ , എന്താ എന്നിൽ നിന്ന് നിങ്ങൾ ഒളിക്കുന്നതു്? പരുഷമായിരുന്നു തന്റെ സ്വരം. ഒഴിഞ്ഞു് മാറാൻ ശ്രമിച്ചെങ്കിലും താൻ വിട്ടില്ല. അവസാനം ഡാഡി വിഷമത്തോടെ കാര്യം പറഞ്ഞു.
മോളെ നമ്മുടെ ടൗണിലെ കെട്ടിടം കല്യാണത്തിന് മുൻപ് ടോമിടെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്ന് .എന്നാലെ വിവാഹം നടക്കു എന്നാണ് അവർ പറയുന്നത്. എന്തായാലും ഞാൻ ഇപ്പൊ തന്നെ ആ എഴുത്ത് കാരൻ രാമകൃഷ്ണനെ കാണട്ടെ . എന്നായാലും ഡാഡിക്കുള്ളതെല്ലാം നിങ്ങൾക്കുള്ളതല്ലെ ?
ഡാഡീ... അവൾ ഇടിവെട്ടേറ്റ പോലെ ഏതാനും നിമിഷം അങ്ങിനെ നിന്നു പോയി.
സമനില വീണ്ടെടുത്ത അവൾ ചോദിച്ചു. ടോമിയാണോ ഡാഡിയോട് ഇതു് പറഞ്ഞതു് ?
അവന്റെ അഭിപ്രായം ആയിരിക്കില്ല മോളെ ,
എന്നാലും..... ഇല്ലെങ്കിൽ ഈ വിവാഹം നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഡാഡി തകർന്ന് പോയി മോളെ ...
ഇത്രയും എത്തിയിട്ട് പെട്ടെന്ന് അങ്ങിനെ പറഞ്ഞപ്പൊ ..........
അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുകൊണ്ടു് അവൾ തന്റെ മുറിയിക്കോടി .ഉണങ്ങാത്ത മൈലാഞ്ചി കൈകളോടെ ബെഡ്ഡിൽ കമിഴ്ന്ന് വീണു.
ഏതാനും മണിക്കൂർ മുൻപ് വരെ ജീവിതത്തിന്റെ വർണാഭമാർന്ന ചിത്രങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന ടോമി.....
അവൾക്ക് വിശ്വസിക്കാനാവുന്നില്ല. മാസങ്ങൾക്ക് മുൻപ് ഉറപ്പിച്ച് വെച്ച വിവാഹമാണ്. ഭാവി ജീവിതത്തെ കുറിച്ച് ഇനി ചർച്ച ചെയ്യാൻ ഒന്നും ബാക്കിയില്ല. മണിക്കൂറുകളോളം തങ്ങൾ ഫോണിൽ സംസാരിക്കുമ്പോൾ അമ്മ പറയും, ഇപ്പോഴത്തെ പിള്ളേർക്ക് വിവാഹം കഴിഞ്ഞാൽ ഒന്നും സംസാരിക്കാനുണ്ടാവില്ല.
എന്തെല്ലാം സ്വപ്നങ്ങൾ പങ്ക് വെച്ചു. എന്നിട്ടിപ്പൊ.....
ഡാഡി പത്ത് മുപ്പത് വർഷം ഗൾഫിൽ കിടന്ന് അദ്ധ്വാനിച്ചതിന്റെ ബാക്കി പത്രമാണ് ടൗണിലെ ആ കെട്ടിടം.
ഡാഡിയും മമ്മിയും പലപ്പോഴും പറഞ്ഞു് കേട്ടിട്ടുണ്ട്. അവസാന കാലത്ത് ജീവിക്കാനുള്ള ഏക വരുമാനം ആ കെട്ടിടത്തിന്റെ വാടക മാത്രമെ കാണൂ എന്ന്.
അതിലാണ് ടോമി കണ്ണ് വെച്ചിരിക്കുന്നത്. തന്നെയുമല്ല അത് തന്റെ ചേട്ടനും കൂടി അവകാശപ്പെട്ടതാണ്.
ഇതു് ഒരിക്കലും അനുവദിച്ച് കൂടാ.
അവൾ ഒരു ഉറച്ച തീരുമാനത്തോടെ എഴുന്നേറ്റു. കൈയും മുഖവും കഴുകി.
മിനിട്ടുകൾക്കുള്ളിൽ തന്നിൽ വന്ന മാറ്റം അവൾ കണ്ണാടിയിൽ കണ്ടു.
ഫോണെടുത്ത് ടോമിയെ വിളിച്ചു. റിംഗ് തീർന്നിട്ടും ഫോൺ എടുക്കാതായപ്പോൾ അവൾ വീണ്ടും ഡയൽ ചെയ്തു.
അങ്ങേ തലക്കൽ ടോമിയുടെ അപ്പൻ.
ഫോൺ ഒന്ന് ടോമിക്ക് കൊടുക്ക് .
അവളുടെ ശബ്ദത്തിലെ ആജ്ഞാശക്തി അയാൾ തിരിച്ചറിഞ്ഞെന്ന് തോന്നി.
പെട്ടെന്ന് ഫോൺ ടോമിക്ക് കൊടുത്തു.
ടോമീ ഡാഡിയോട് എന്താ പറഞ്ഞതു്?
അതു് അതു്
ടോമിയുടെ ആ പരുങ്ങൽ തനിക്ക് അപരിചിതമായിരുന്നു.
പറഞ്ഞത് ടോമിയുടെ അഭിപ്രായമാണോ അതോ അപ്പന്റേതോ ?
ഞങ്ങൾ രണ്ടു് പേരുടേയും അഭിപ്രായമാണ്.
അപ്പന്റെ മുന്നിൽ നിന്നുള്ള ഭീരുവായ ഒരു മകന്റെ വിറങ്ങലിച്ച ശബ്ദം അവൾ കേട്ടു .
ഇല്ലെങ്കിൽ ഈ വിവാഹം നടക്കില്ല?
ഇല്ല.
എന്നാൽ കേട്ടോളൂ ,എന്റെ ഡാഡി കഷ്ഠപ്പെട്ട് സമ്പാദിച്ച , എന്റെ സഹോദരനും കുടി അവകാശപ്പെട്ട പ്രോപ്പർട്ടി ചുളുവിൽ അടിച്ചെടുക്കാമെന്ന നിങ്ങൾ അപ്പന്റെയും മോന്റെയും ആഗ്രഹം നടക്കാൻ പോണില്ല.
ഇനി എന്തു് തന്നെ ആയാലും നിന്റെ ഭാര്യയാകാൻ ഞാനും ഒരുക്കമല്ല.
ടോമിയുടെ മറുപടിക്ക് കാക്കാതെ അവൾ കോൾ കട്ട് ചെയ്തു.
തിരിഞ്ഞ് നോക്കിയതു് അന്ധാളിച്ച് നിൽക്കുന്ന സാഡിയുടെയും മമ്മിയുടെയും മുഖത്തായിരുന്നു.
മോളെ .....
ഡാഡി അമ്പരപ്പോടെ അവളെ വിളിച്ചു.
നീ എന്തു് അവിവേകമാണ് ഈ ചെയ്തത്?
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയിട്ട് നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?
നമ്മൾ ഒന്നും ഇല്ലാത്തവരല്ല ല്ലൊ മോളെ.
ആളുകൾ പലതും പറയും.
ഡാഡിയുടെ പിശുക്ക് കൊണ്ടു് വിവാഹം ഒഴിഞ്ഞെന്നേ ബന്ധുക്കൾ വരെ പറയൂ.
ഡാഡി ഒന്ന് കൊണ്ടും വിഷമിക്കണ്ട. വേണ്ടപ്പെട്ടവരെയൊക്കെ ഡാഡി വിളിച്ച് വരുത്ത്.
ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.
സ്ത്രീയെ വിൽപന ചരക്കാക്കുന്ന ടോമിമാരെ ഒരു പാഠം പഠിപ്പിച്ചേ തീരൂ.
ഡാഡി ഒരു വക്കീലിനെ കണ്ടു് അവർക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യ്.
വിവാഹം മുടങ്ങിയെന്ന് കാണിച്ച് നാളത്തെ പത്രത്തിൽ ഒരു പരസ്യവും കൊടുക്ക് .
മകളുടെ ഉറച്ച തീരുമാനവുംഭാവമാറ്റവും കണ്ട് ആ മാതാ പിതാക്കൾ തരിച്ച് നിന്ന് പോയി.
ബഷീർ വാണിയക്കാട്

സ്വർഗപുത്രി - കഥ



ഒരു വശത്തു് സ്വർഗ പൂന്തോപ്പുകളിലൂടെ ഒഴുകുന്ന സുന്ദരമായ അരുവികൾ .....
മറു വശത്ത് കണ്ണഞ്ചിപ്പിക്കുന്ന ഉദ്യാനങ്ങൾ.....
മനോഹരമായ ആട്ടു കട്ടിലുകളിൽ ഇരുന്ന് സൊറ പറയുന്ന സ്വർഗീയ വാസികൾ .....
സ്വർണത്തളികയിൽ മുന്തിയ ഇനം പഴങ്ങളും ലഹരി ബാധിക്കാത്ത മദ്യചഷകങ്ങളുമായി രാജകുമാരൻമാരെ പോലെ തോന്നിക്കുന്ന പരിചാരകർ......
ഭുമിയിൽ കണ്ടിട്ടില്ലാത്ത വിധം സുന്ദരികളും സുന്ദരൻമാരുമായ സ്വർഗീയ സ്ത്രീകളും പുരുഷൻമാരും......
ദൈവ ദാസൻമാർക്ക് സ്വാഗതമോതി കടന്ന് പോകുന്ന ദൈവത്തിന്റെ മാലാഖമാർ.....
അവൾ തന്റെ പ്രിയതമനോടൊപ്പം സ്വർഗീയ കാഴ്ചകൾ കണ്ട് നടക്കുകയാണ്..
ഭുമിയിൽ തങ്ങൾക്ക് നഷ്ഠമായ മൂന്ന് പിഞ്ചു് മക്കളോടൊപ്പം..
തന്റെ മകൾ അൽഫിയയെ അവൾ കൊതിയോടെ നോക്കി. ആര് കണ്ടാലും വാരി പുണരാൻ കൊതിക്കുന്ന കൊച്ചു സുന്ദരി. ഭൂമിയിൽ മൂന്ന് വർഷം മാത്രം തങ്ങളോടൊപ്പം കഴിഞ്ഞു്, കണ്ടു കൊതി തീരും മുൻപെ സ്വർഗത്തിലേക്ക് പറന്ന് പോന്ന തന്റെ പൊന്നുമോൾ.
തങ്ങളുടെ സ്വർഗ പ്രവേശനത്തിന് വഴിയൊരുക്കിയ തന്റെ പൊന്നുമക്കളെ നോക്കി അവൾ അല്ലാഹു വിനെ സ്തുതിച്ചു.
തന്നെ ദുഃഖപുത്രിയെന്ന് വിളിച്ച് തന്നോട് സഹതാപം കാണിച്ച തന്റെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആശിച്ചു..
മോളെ , മോളെ എളീമ്മ തട്ടി വിളിച്ചപ്പോഴാണ്, താൻ സ്വപ്ന ലോകത്തായിരുന്നെന്ന് അവൾക്ക് ബോധ്യമായത്.
കരഞ്ഞു് വിങ്ങിയ കണ്ണുകളുമായി മുന്നിൽ ഉമ്മ. വാപ്പ മരിച്ചത് മുതൽ തുടങ്ങിയതാണ് ഉമ്മയുടെ നിലക്കാത്ത കണ്ണീർ പ്രവാഹം. അതിന് കാരണക്കാരി ഭാഗ്യഹീനയായ താനാണല്ലൊ എന്നോർത്തപ്പോൾ സങ്കടം താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
വീട്ടിൽ നിറയെ ആളുകൾ. എല്ലാ മുഖങ്ങളിലും സങ്കടക്കണ്ണീർ. എല്ലാവരും തന്നെയോർത്ത് ഏറെ ദുഃഖിക്കുണ്ടെന്ന് അവരുടെ മുഖങ്ങൾ വിളിച്ച് പറയുന്നു. എല്ലാവരുടെയും സഹതാപനോട്ടം തന്നിലാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കുന്ന സാധുവായ തനിക്ക് ഈ ഗതി വന്നതിലാണ് എല്ലാവർക്കും ദുഃഖം.
മൂന്ന് വയസ്സ് കാരിയായ അൽഫിയയെ അവസാനമായി ഒരു നോക്ക് കാണാൻ തിരക്ക് കൂട്ടുന്ന ബന്ധുക്കളും നാട്ടുകാരും . മാമ പറയുന്നത് കേട്ടു, ളുഹറിന് മുൻപ് മയ്യിത്ത് മറമാടണം. അകലെ നിന്നു വരുന്ന ഇക്കാക്കയെയും നാത്തൂനെയും കാത്തു് നിൽക്കാൻ കഴിയില്ലത്രെ.
മോളെ നമ്മുടെ അൽഫി പോകുകയാണ്. അവസാനമായി അവളെ യാത്രയാക്ക്.
ഉമ്മയുടെ വാക്കുകൾ തൊണ്ട കഴിയിൽ കുരുങ്ങി . അടുത്തിരുന്നവർ കൂടി തന്നെ താങ്ങിയെടുത്തു് ഹാളിലേക്ക് കൊണ്ടുപോയി.
വെള്ളത്തുണിയിൽ ഒരു 'കൊതുമ്പ് ' പൊതിഞ്ഞ് വെച്ചതു് പോലെ മേശപ്പുറത്ത് അന്ത്യയാത്രക്കൊരുങ്ങി തന്റെ പൊന്നുമോൾ. തേജസ്സാർന്ന അവളുടെ മുഖത്ത് തുരുതുരെ ഉമ്മ നൽകിയത് മാത്രം ഓർമയുണ്ടു്.
ഉണർന്നപ്പോൾ എല്ലവരുമുണ്ടു് ചുറ്റിലും . അർദ്ധ മയക്കത്തിൽ ചിലരുടെ വാക്കുകൾ അവൾക്ക് അവ്യക്തമായി കേൾക്കാം. ഒരു സ്ത്രീക്കും തന്റെ വിധി വെക്കല്ലെ എന്ന് ഒരു അയൽക്കാരി. മൂന്ന് പ്രസവിച്ചിട്ടും ഒന്നിനെ പോലും ലഭിക്കാത്ത ദുഃഖപുത്രിയെന്ന് തന്റെ കൂട്ടുകാരികൾ. അല്ലാഹു എന്തിനാണ് ഈ പാവം പെണ്ണിനെ ഇങ്ങിനെ പരീക്ഷിക്കുന്നതു്.
തന്നോടുള്ള സഹതാപ വർത്തമാനങ്ങൾക്കിടയിൽ തനിക്ക് ഓർമ വന്നത്, മരണവാർത്തയറിഞ്ഞ് ആദ്യം എത്തിയ തന്റെ അമ്മായിയുടെ വാക്കുകളാണ്. "മോളെ മക്കൾ അല്ലാഹു വിന്റെ വരദാനമാണ്. അവന് അത് തിരിച്ചെടുക്കാനും അവകാശമുണ്ടു്. അല്ലാഹുവിൽ ഭരമേൽപിച്ച് ക്ഷമ കൈക്കൊള്ളുക." നിന്റെ പൊന്നുമക്കൾ സ്വർഗത്തിൽ നിങ്ങളെയും കാത്ത് ഇരിക്കും. നിഷ്കളങ്കയായ നിനക്ക് അവരുടെ പ്രാർത്ഥന മൂലം സ്വർഗം ലഭിക്കും. തനിക്ക് സമാധാനവും ക്ഷമയും നൽകിയ വാക്കുകൾ.
കൂടപ്പിറപ്പുകൾ ഉമ്മയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഉമ്മയാണ് ആഴ്ചകളായി തനിക്കും അൽഫി മോൾക്കും ആശുപത്രി വരാന്തകളിൽ പ്രാർത്ഥനയോടെ, നിറകണ്ണകളോടെ ഉറക്കമിളച്ചതു്. ഒരു പക്ഷെ തന്നെക്കാൾ വേദനിച്ചതു്.
പള്ളിയിലേക്ക് പോയവർ തിരിച്ച് വന്ന് കൊണ്ടിരിക്കുന്നു. വന്നവർ വന്നവർ തന്റെ മുറിയിൽ വന്ന് എത്തി നോക്കി പോകുന്നു. എല്ലാ മുഖങ്ങളിലും കണ്ണീർ പാടുകൾ. തന്റെ എല്ലാ മെല്ലാമായ ഇക്കയാണ് മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് പള്ളിയിലേക്ക് കൊണ്ടുപോയതത്രെ. തന്റെ മൂന്ന് മക്കളെയും നെഞ്ചിലേറ്റി കൊണ്ടുപോയി ഒരേ പള്ളിപ്പറമ്പിലെ ഖബറിൽ വെച്ച ഇക്കയുടെ വേദന മറ്റുള്ളവരുടെ മുൻപിൽ അദ്ദേഹം ഉള്ളിലൊതുക്കുകയാണ്. അൽഫിയുടെ മരണം ഡോക്ടർമാർ പ്രവചിച്ചപ്പോൾ, തന്നെ സമാധാനിപ്പിച്ച ഇക്കയുടെ വിഷമം താൻ കണ്ടതാണ്.
പരസ്പരം സമാധാനിപ്പിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും.
ജനിച്ച ഉടനെ ആയത് കൊണ്ട് ആദ്യ രണ്ട് മരണങ്ങളിൽ പടച്ചവൻ ക്ഷമയും സഹനവും തന്നു.
പക്ഷെ ഇതു് .............
അവളുടെ ഓർമകൾ പിന്നിലേക്ക് പറന്നു.
വാപ്പയും ഉമ്മയും ഇക്കാമാരും കുടിയ സന്തുഷ്ട കുടുംബം. ഇക്കമാർ പഠിക്കാൻ മിടുക്കൻമാരായിരുന്നു. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്ന് സ്വപ്നം കണ്ട വാപ്പയുടെ ആഗ്രഹം സഫലമാക്കാൻ തനിക്ക് കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയില്ലെന്ന് മനസ്സിലാക്കിയ വാപ്പ തന്നെ കെട്ടിച്ചയക്കാൻ തീരുമാനിച്ചു. ഉമ്മയുടെയും സഹോദരൻമാരുടെയും അഭിപ്രായവും അതായിരുന്നു. അങ്ങിനെ വലിയ നിലയിലൊന്നുമല്ലെങ്കിലും തനിക്ക് ചേർന്ന ഒരു പയ്യനെ വാപ്പ തന്നെ കണ്ട് പിടിച്ചു. വിവാഹം എത്രയും വേഗം നടത്താൻ തിരക്ക് വാപ്പാക്കായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
സ്നേഹ സമ്പന്നനായിരുന്നു ഇക്ക. ചുരുങ്ങിയ നാളുകളേ കുടുംബത്തിലെ സന്തോഷം നിലനിന്നുള്ളു.
വാപ്പാക്ക് ഒരു പനി വന്നു. കാര്യമാക്കാതെ ജോലിക്ക് പോയി. തീരെ വയ്യാതായപ്പോളാണ് ആശുപത്രിയിൽ പോയത്. പക്ഷെ വൈകിപ്പോയിരുന്നു.
അതോടെ ഉമ്മയുടെ ദുഃഖങ്ങൾക്ക് തുടക്കമായി. വിദ്യാ സമ്പന്നരായ ഇക്കാമാർക്ക് ജോലിയായത് ഉമ്മാക്ക് അല്പം ആശ്വാസമായി.
അതിന് ശേഷമാണ് തന്നിലൂടെ ഉമ്മ വീണ്ടും പരീക്ഷിക്കപ്പെടുന്നത്. ഒരുകുഞ്ഞിനെ താലോലിക്കാൻ കാത്തിരുന്ന തന്റെ ആദ്യത്തെയും രണ്ടാമത്തെയും അരുമകൾ ജനിച്ച് അധികം വൈകാതെ യാത്രയായി. ഒരുപാട് പ്രാർത്ഥനകൾക്കും ചികിത്സക്കും ശേഷം കിട്ടിയതാണ് അൽഫിയയെ. നാലഞ്ചു് മാസം വരെയെ ആ സന്തോഷം നീണ്ടു നിന്നുള്ളു.
ഭിന്നശേഷിയുള്ള കുട്ടിയാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം. ഒരു പാട് കരഞ്ഞു.
എന്തും സഹിച്ച് അവളെ ചികിത്സിക്കാൻ തീരുമാനിച്ചു. കുഞ്ഞിപെങ്ങൾക്ക് വേണ്ടി എഞ്ചിനിയർമാരായ ഇക്കാക്കമാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നാട്ടുകാരുടെ അഭിപ്രായപ്രകാരം ഉമ്മ മുൻകയ്യെടുത്ത് പലയിടങ്ങളിലും താമസിച്ച് ചികിത്സകൾ നടത്തി നോക്കി. പക്ഷെ അല്ലാഹു വിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
അമ്മായിയുടെ വാക്കുകൾ അവൾക്ക് വീണ്ടും ജീവിക്കാനുള്ള പ്രതീക്ഷയേകി.
ഇനിയും അല്ലാഹു ഉദ്ദേശിക്കുന്ന പരീക്ഷണങ്ങൾ നേരിടാൻ അവൾ മാനസികമായി തയ്യാറെടുക്കുകയായിരുന്നു. സ്വർഗത്തിൽ വെച്ച് തന്റെ പിഞ്ചോമനകളെ വാരിപ്പുണരാനും ഉമ്മകൾ കൊണ്ടു് പൊതിയാനും അവൾ കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo