Slider

അനാഥൻ

0


എടാ ഫൈസലെ എണീറ്റെ....
തിന്നാനും ഉറങ്ങാനും മാത്രം കൊള്ളാം..
വേഗം കടേൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങി വാടാ ...
അമ്മായിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അവൻ കണ്ണ് തുറന്നത്...
സ്കൂൾ അവധിയായതു് കൊണ്ടു് മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്ന ഫൈസൽ ചാടിയെഴുന്നേറ്റു...
അല്ലെങ്കിൽ ഇനി അമ്മായീടെ വഴക്ക് കേൾക്കേണ്ടി വരും..
പെട്ടെന്ന് അവൻ കടയിൽ പോകാൻ റെഡിയായി അമ്മായിടെ മുന്നിലെത്തി..
ഓഹ് ഇന്നലെ പുന്നാര ഉമ്മ വിളിച്ച് എന്തു് പറഞ്ഞു?
അമ്മായിടെ പരിഹാസ വാക്കുകൾ കേട്ട് അവന്റെ കുഞ്ഞു ഹൃദയം വേദനിച്ചു...
ഉമ്മേം അനിയന്മാരും സുഖായിരിക്കുന്നു..
എന്നെ കാണാൻ കൊതിയാവുന്നൂന്നു്.....
ഓഹ് .. പിന്നേ.. നിന്നെ കാണാതെ അവൾ ഉണ്ണാതേം ഉറങ്ങാതേം കിടക്കേല്ലെ..
കട്ടൻ ചായ വെച്ച് നീട്ടി കൊണ്ട് അമ്മായി മുഖം കോട്ടി...
വേഗം ഇതും കുടിച്ച് ഈ സാധനങ്ങൾ വാങ്ങി വാ ..
സഞ്ചിയും ലിസ്റ്റും എടുത്തു് വെച്ച് കൊണ്ടു് അമ്മായി പറഞ്ഞു..
പറ്റ് ഒരാഴ്ചക്കള്ളിൽ തീർക്കാന്ന് അബ്ദുല്ലക്കാനോടു് പറയ്..
അവൻ സഞ്ചിയുമെടുത്ത് കടയിലേക്ക് നടന്നു...
കുറെ നടക്കണം അബ്ദുല്ലക്കാടെ പലചരക്ക് കടയിലേക്ക്..
നടക്കുമ്പോൾ മുഴുവൻ അവന്റെ ചിന്ത ഉമ്മയെ കുറിച്ചായിരുന്നു...
വാപ്പ ഉപേക്ഷിച്ച തന്നെ കുഞ്ഞു പ്രായത്തിൽ തന്നെ അനാഥനാക്കി സ്വന്തം സുഖം തേടി പോയ ഉമ്മ...
അവന്റെ ഓർമകൾ കുറെ വർഷങ്ങൾക്ക് പിന്നിലേക്ക് പറന്നു...
ഓർമ വെച്ച് തുടങ്ങിയ നാളിൽ ഒരു ദിവസം ഉമ്മ പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്...
മോനേ നാളെ മുതൽ മോൻ വല്ല്യുമ്മാടെ അടുത്ത് കെടക്കണോട്ടൊ .
അതെന്താ ഉമ്മാ ...
ഉമ്മ എവ്ടെ പോവാ ?
ഉമ്മ നാളെ മുതൽ വേറൊരു വീട്ടിലാ ..
അതും പറഞ്ഞ് ഉമ്മ കെട്ടിപിടിച്ച് കുറെ കരഞ്ഞു.
പിറ്റെന്ന് കുറെ ആളുകൾ വീട്ടിൽ വന്നു. പള്ളീലെ മുസ്ലിയാരും അയൽക്കാരും ഒക്കെ ഉണ്ടായിരുന്നു...
വീട്ടിൽ അന്ന് നെയ്ച്ചോറും ഇറച്ചീം ഉണ്ടാക്കി...
ഒരാളെ കാണിച്ച് ഉമ്മ പറഞ്ഞു. ഇതാണ് ഇനി മുതൽ മോന്റെ വാപ്പിച്ചി .
അയാൾ തന്റെ കവിളിൽ നുളളിയിട്ട് ചോദിച്ചു.
മോന്റെ പേരെന്താ? ഫൈസൽ ..
കുറെ കഴിഞ്ഞ് അയാളുടെ കൂടെ നല്ല ഉടുപ്പൊക്കെ ഇട്ട് ഉമ്മ കാറിൽ കേറി പോയി.
പോകുമ്പോൾ ഉമ്മ കുറെ കരഞ്ഞു.. അതു് കണ്ടപ്പോൾ താനും കരഞ്ഞു.. ഉമ്മ പോണ്ടാന്നും പറഞ്ഞു് കുറെ പിടിച്ച് വലിച്ച് നോക്കി.. വല്ലുമ്മ വന്ന് തന്നെ എടുത്ത് കൊണ്ടു് പോയി മിഠായി തന്നു.
അന്ന് മുതൽ താൻ വല്ലുമ്മാടെ കൂടെയാണ് കിടന്നത്...
ഉമ്മയെ ചോദിച്ച് കുറെ കരഞ്ഞു...
അന്ന് തനിക്കൊന്നും മനസ്സിലായില്ല.
തിരിച്ചറിവിന്റെ പ്രായത്തിലാണ് എല്ലാം മനസ്സിലായത്...
ഉമ്മാനെ ഒരു ഗൾഫ് കാരൻ കല്യാണം കഴിച്ച് കൊണ്ടു പോയതാണെന്ന്..
പിന്നെ വല്ലപ്പോഴും ഉമ്മ തനിക്ക് പലഹാരങ്ങളൊക്കെ ആയി വരും...
വഴിയരികിലെ ബിവറേജിലെ തിരക്കും ബഹളവും അവന്റെ ചിന്തകളെ മുറിച്ചു.
രാവിലെ തന്നെ കള്ളു് കുടിക്കാൻ വെയിലത്ത് ക്യൂ നിൽകുന്നവർ...
അതിൽ വെറുപ്പോടെ താൻ ഇതു് വരെ കണ്ടിട്ടില്ലാത്ത തന്റെ ബാപ്പയുടെ മുഖം തിരഞ്ഞു...
ഇത് പോലൊരു മദ്യപാനിയായിരുന്നത്രെ തന്റെ ബാപ്പ .. ഉമ്മാടെ സ്വർണമൊക്കെ വിറ്റ് കള്ള് കുടിച്ച് , ഉമ്മിച്ചിയെ ഉപേക്ഷിക്കുമ്പോൾ ഉമ്മ പൂർണ ഗർഭിണിയായിരുന്നു...
അവന് അവിടെ നിൽക്കുന്ന എല്ലാവരോടും വെറുപ്പ് തോന്നി. ബിവറേജ് ഷോപ്പിനോടും, അതിന്റെ മുതലാളിയായ സർക്കാരിനോടും...
അവിടെ നിൽക്കുന്ന പലരുടെയും മക്കൾ തന്നെ പോലെ അനാഥരായിട്ടുണ്ടാകും..
തനിക്ക് പന്ത്രണ്ട് വയസ്സായിട്ടും ഇതേ വരെ തന്റെ മുഖം പോലും കാണാൻ വരാത്ത ക്രൂരൻ...
ഒരിക്കൽ മദ്യപിച്ച് വഴിയിൽ കിടന്നയാളെ ആരും കാണാതെ താൻ കല്ലെറിഞ്ഞതു് അവൻ ഓർത്തു ..
താൻ കല്ലെറിഞ്ഞതു് തന്നോടും ഉമ്മാനോടും ക്രൂരത കാട്ടിയ വാപ്പാനെയാണെന്ന് അവൻ സങ്കൽപ്പിച്ചു..
നീയെന്താ രാവിലെ കിനാവു് കാണേണോ ?
സഞ്ചിയും പിടിച്ച് നിൽക്കുന്ന തന്നെ കണ്ട് അബ്ദുല്ലക്ക ചോദിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്..
ലിസ്റ്റ് കൊടുത്തു. ലിസ്റ്റ് നോക്കി അബ്ദുല്ലക്ക പറഞ്ഞു. മോനെ കഴിഞ്ഞ മാസത്തെ പൈസ കിട്ടില്ലല്ലൊ...
അടുത്താഴ്ച തരാന്ന് പറഞ്ഞു.
ഉം.
ഇതു് കുറെ ഉണ്ടല്ലൊ. നീയെങ്ങിനേ ഇത്രേം സാധനങ്ങൾ കൊണ്ട് പോകാ ?
ഒരു ചാക്കിൽ കെട്ടി തന്നാ മതി.. ഞാൻ തലയിൽ വെച്ച് കൊണ്ടൊയ്ക്കോളാം...
അബ്ദുല്ലക്ക അവനെ സഹതാപത്തോടെ നോക്കി.
ഉമ്മ വിളിക്കാറുണ്ടോ മോനെ ? നാട്ടിൽ വരുന്നുണ്ടോ?
ഉം. ഇന്നലെ വിളിച്ചിരുന്നു.
അനിയന്മാരെ രണ്ടു പേരെം സ്കൂളിലാക്കിയതിനാൽ ഉടനെ വരാൻ പറ്റില്ലെന്ന് ..
സാധനങ്ങൾ ചാക്കിൽ കെട്ടി അബ്ദുല്ലക്ക അവനെറ തലയിൽ വെച്ച് കൊടുത്തു.
നല്ല കനമുണ്ടു്.
അവൻ വീണ്ടും മുറിഞ്ഞു് പോയ ഓർമകളിലേക്ക് തിരിച്ച് പോയി.
ഇടക്ക് ഉമ്മിച്ചി വരുമ്പോൾ പെരുന്നാളായിരുന്നു, തനിക്ക്. അതിനിടക്ക് തനിക്ക് രണ്ട് അനുജൻ മാർ കൂടി ഉണ്ടായി. അവരോട് തനിക്ക് അസൂയ തോന്നി. വാപ്പയും ഉമ്മയും ഉള്ള ഭാഗ്യവാൻമാർ..
സ്കൂളിൽ അച്ഛന്റെയും അമ്മയുടെയും കൂടെ പാരന്റ്സ് മീറ്റിംഗിന് വരുന്ന കുട്ടികളോടും തനിക്ക് അസൂയ തോന്നിയിരുന്നു...
വാഹനഅപകടത്തിൽ അച്ഛനും അമ്മയും മരിച്ച ദീപുവായിരുന്നു തന്റെ ബെസ്റ്റ് ഫ്രണ്ട്.
തങ്ങൾ പരസ്പരം വേദനകൾ പങ്ക് വെച്ചു...
അവനെ കുറിച്ചോർത്തപ്പോൾ താൻ ഭാഗ്യവാനാണെന്ന് തോന്നി..
തന്റെ ബാപ്പയും ഉമ്മയും ജീവിച്ചിരിപ്പുണ്ടല്ലൊ...
ഒരു ദിവസം അനിയൻ മാരുമായി ഉമ്മ വന്നപ്പോൾ പറഞ്ഞു , ഉമ്മയും അനിയന്മാരും ഗൾഫിലേക്ക് പോകുന്നെന്ന്..
അതോടെ വല്ലപ്പോഴും ഒരിക്കൽ കണ്ടിരുന്ന ഉമ്മാനെയും പൂർണമായും തനിക്ക് നഷ്ടമായി. ഇടക്ക് ഒരു ഫോൺ കോൾ ... ആരെങ്കിലും വരുമ്പോൾ പുത്തൻ ഉടുപ്പുകൾ...
വല്ലുപ്പാക്കും വല്ലുമ്മാക്കും വയ്യാതായി.
മാമാടെയും അമ്മായിടെയും കാരുണ്യത്തിലാണ് ഇന്ന് തന്റെ ജീവിതം..
ഭുമിയിലെ അനേകം അനാഥരിൽ ഒരുവനായി....
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo