Slider

കുമ്പസാരം

0

വിയർപ്പുകണങ്ങൾ പൊടിഞ്ഞ ദേഹത്ത് ഈ കടൽ തീരം മണലു പുരട്ടിയിട്ടുണ്ട്. ഒഴുകിയും തഴുകിയും അകലുന്ന കാറ്റിന് രാക്ഷസ ഭാവമുണ്ടോ? അറിയില്ല. ചില്ലകളിൽ താണ്ഡവ നടനം ചവിട്ടുന്ന പോലെ.
ചുരുക്കട്ടെ, എനിക്ക് കുമ്പസരിക്കണം. ഇതെന്റെ ആവശ്യമാണ്. അതും ഈ മണൽ പരപ്പിൽ നിന്ന് തന്നെയാവണം. കാരണം ഇവിടെയാണ് ഞാനവസാനമായി അവളെ സന്ധിച്ചത്.
വിഷാദം അക്രമിച്ചു കീഴ്‌പ്പെടുത്തിയ മനസ്സിൽ നിന്ന് പിഴയേറ്റു പറഞ്ഞുള്ള വിലാപങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേ? ഈ കുമ്പസാരം രഹസ്യമാവരുത്. പരമ പരസ്യമായിരിക്കണം. നിങ്ങളും കേൾക്കണം. കാരണം ദൈവമില്ലാത്തവന്റെ ദൈവം നിങ്ങളാണ്.
വേപഥുക്കൾ നിറഞ്ഞ ഹൃദയമേതോ ഉന്മാദ ശിഖിരത്തിൽ തല തല്ലിച്ചത്തു.
ഇനി പ്രായശ്ചിത്തം. കൊടും പാതകം ചെയ്തവന്റെ പ്രായശ്ചിത്തം.
ഞാൻ ചെയ്ത തെറ്റ് എന്താണെന്നല്ലേ നിങ്ങൾ നെറ്റി ചുളിക്കുന്നത്. എനിക്കറിയാം. എന്നാൽ കേട്ടോളൂ. ഞാനൊരാളെ കൊന്നു. അതും ഒരു പെൺകുട്ടിയെ.
അവൾ ആരായിരുന്നു?
എന്റെ ശ്വാസോഛാസങ്ങളെ പോലും കീഴ്പ്പെടുത്തിയ സുന്ദരി. അത്രയെ എനിക്ക് പറയാനാവൂ. രതിയും കാമവും പ്രണയവും എല്ലാം കട്ടെടുത്ത പെണ്ണ്.
ആരാണധികം സ്നേഹിച്ചത്? ഞാനാവുമോ? അല്ല അവൾ തന്നെയാണ്. ഒരു നിമിഷത്തെ മൗനത്തെപോലും നിറകണ്ണുകളോടെ വരവേറ്റവൾ.. ഹോ എന്തൊരു പ്രണയമായിരുന്നു അവളുടേത്?
പിണങ്ങിയിട്ടില്ല അവളൊരിക്കലും. ചേർത്ത് പിടിച്ച് നടന്ന വഴികളിപ്പോൾ ശൂന്യമാണെന്നറിയുന്നു. എത്രയോ യാമങ്ങൾ ഒരേ ശരീരമായി നാം പുലരുവോളം ശയിച്ച ഓർമകളേ... എന്നെ ഭ്രാന്തനെന്ന് വിളിപ്പിക്കാൻ തന്നെയാണോ ഉള്ളിൽ കുടിയിരിക്കുന്നത്?
ഒടുവിലൊരു താലിച്ചെരടിന്റെ ബന്ധനം വേണമെന്നവൾ തന്നെയാണ് വാശി പിടിച്ചത്. എന്തിനായിരുന്നു അത്? മരിക്കാനുള്ള ധൃതി കൊണ്ടോ? ഇനിയും പുലരാത്ത അനേകം രാത്രികൾ എന്റെ മാറിൽ കിടന്ന് പ്രണയ പരവശയായി ചുംബനങ്ങൾ കൊണ്ട് പൊതിയാനോ? അതുമല്ല ലോകം തന്നെ നഷ്ടപ്പെട്ടാലും തന്നെ മാത്രം വിട്ടുകൊടുക്കില്ലെന്ന് സ്വാർത്ഥമായി വാശി പിടിച്ചു കരയാനോ?
ഉത്തരം കിട്ടാത്ത പ്രഹേളിക.
നിർബന്ധം സഹിക്കവയ്യാതായപ്പോഴാണ് ഞാനാ കൊടും കൈ ചെയ്തത്. അവളുടെ വീടിന്റെ പടികൾ കയറി അച്ച്ഛന്റ മുന്നിൽ കൈകൂപ്പി നിന്നത്.
''പ്ഫാ... പുല്ലേ...."
പിന്നെ പറഞ്ഞതെല്ലാം ക്രൂരമായ തെറികളായിരുന്നു. പിഴച്ചു പെറ്റവനല്ലേ? സഹിക്കുക തന്നെ.
അവൾ കരഞ്ഞു കാണണം. എന്റേതാവാൻ വാശി പിടിച്ചിരിക്കണം. ഒന്നാവാൻ അനുവദിക്കില്ലെന്ന് അദ്ധേഹവും ആണയിട്ടു കാണും. ശാഠ്യം അത് താവഴി കിട്ടിയ ഗുണമാണല്ലോ?
ഹും. താലി കിട്ടാത്തത് കൊണ്ടാവും അവൾ ഒരു മുഴം കയറ് കെട്ടി കഴുത്തിൽ. അണിയിക്കാൻ ഞാനില്ലാത്തതിനാൽ ഉത്തരത്തിന്റെ സഹായം തേടി.
വെള്ളത്തുണിയിൽ പൊതിഞ്ഞു കിടന്ന ചേതനയറ്റ മുഖത്തെ ചുംബിക്കാൻ മോഹിച്ചതാണ് ഞാൻ. പക്ഷെ അയാൾ അട്ടഹസിച്ചു. "നീയാണെന്റെ മോളെ കൊന്നത് !"
അതെ, ഞാൻ തന്നെ. അത്രമേൽ സ്നേഹിക്കരുതായിരുന്നു. നെഞ്ചോട് ചേർക്കരുതായിരുന്നു. പാപഭാരത്താൽ എന്റെ കണ്ണുകൾ കുഴിയിലമർന്നിരിക്കുന്നു. മുടിയും താടിയും നരച്ചു നീണ്ടിരിക്കുന്നു. ശരീരത്തിലെ രക്തമൂർന്ന് പോയിരിക്കുന്നു. നിങ്ങൾ പോലും എന്നെ ഭ്രാന്തനെന്നു വിളിക്കുന്നു.
എനിക്ക് കുമ്പസരിക്കണം. സിമന്റു ഭിത്തിയിൽ തലയടിച്ചു പൊട്ടി ഒലിക്കുന്ന ചോര സാക്ഷി ഞാൻ നിർവ്യാജം മാപ്പ് ചോദിച്ചിരിക്കുന്നു.
ബാദ്ഷ കാവുംപടി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo