Slider

യാത്രയായി

0


അമ്മക്ക് ഒത്തിരി വേദന സമ്മാനിച്ചാണ് ഞാൻ പിറന്ന് വീണത്... ആദ്യം അമ്മയുടെ മുഖമാണ് കണ്ടത് അമ്മ കരയുന്നതുണ്ടാകും ഞാനും കുറെ കരഞ്ഞു... പിന്നെ അമ്മയുടെ മുഖത്ത് ശരിക്ക് ഒന്ന് നോക്കിയപ്പോൾ കണ്ണീരിന്റെ കൂടെ മുഖത്തെ സന്തോഷം കൂടി കണ്ടപ്പോൾ ഞാൻ ആദ്യമായി ചിരിച്ചു... പിന്നെ കുറെ നേരം ആ മാറോടു ചേർന്ന് ഞാൻ കിടന്നു....
അവിടെ നിന്നും ഒരു വെള്ള ഉടുപ്പിട്ട ചേച്ചി എന്നെയും അമ്മയെയും പുറത്തേക്ക് കൊണ്ട് വന്നു... പുറത്ത് വന്നതും പലരും എന്നെ എടുത്തു കൊഞ്ചിച്ചു.. ചിലർ എന്റെ കവിളിൽ നുള്ളി.. എനിക്ക് വേദനിച്ചെങ്കിലും അവരുടെ മുഖത്തെ സന്തോഷം കാരണം ആ വേദന ഞാൻ പുറത്ത് കാണിച്ചില്ല...
അച്ഛയുടെ കയ്യിൽ എന്നെ ആദ്യം കൊടുത്തപ്പോൾ വിറ കയ്യുകളോടെ ആണ് വാങ്ങിയത്... കരുതലോടെയാണ് എടുത്തത്.. ഞാൻ ആ കണ്ണിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.. അന്ന് അച്ഛ എല്ലാവര്ക്കും ലഡു മധുരമായി വിളമ്പി... എല്ലാവരും ലഡു തിന്നുന്നത് കണ്ടപ്പോൾ എനിക്ക് കൊതി തോന്നി, വായിൽ വെള്ളം വന്നു ... പക്ഷെ എനിക്ക് ഒരു കഷ്ണം പോലും ആരും തന്നില്ല....!! ഒത്തിരി സങ്കടം വന്നു, ഞാൻ അലമുറയിട്ട് കരഞ്ഞു... അപ്പോഴാണ് അമ്മ അമ്മിഞ്ഞപ്പാല് തന്നത്.. ആ രുചിയുടെ മുന്നിൽ ഞാൻ ലഡു കണ്ടതു പോലും മറന്നു പോയിരുന്നു...
ആശുപത്രിയിലെ മരുന്നിന്റെ മണം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു.. എന്നാലും അമ്മയുടെ മാറോടു ചേർന്നുള്ള ഉറക്കത്തിൽ ഞാൻ ആ മണം പോലും മറന്നു...
പിന്നെ രാത്രിയിൽ വെളിച്ചമില്ലാതെ അയാൽ എനിക്ക് പേടി ആയിരുന്നു... ഞാൻ ഒത്തിരി കരയുമായിരുന്നു... അപ്പോൾ അമ്മയും അച്ഛമ്മയും വെളിച്ചം വരുത്തി എനിക്ക് കൂട്ടായിരുന്നു. കരച്ചിൽ നിർത്താതാകുമ്പോ വെള്ള ഉടുപ്പിട്ട ചേച്ചി എനിക്കെന്തോ തുള്ളിമരുന്നു തന്നിരുന്നു.'' അപ്പോൾ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീഴും.''. അന്ന് ആരോ എന്നെ കാണാൻ വന്നപ്പോൾ അമ്മ പറഞ്ഞത് ഞാൻ കേട്ടു ചെക്കൻ വി കൃ തിയാണെന്ന്... രാത്രി ഒരു പോള കണ്ണടക്കാൻ സമ്മതിക്കില്ലെന്ന്...
അന്നാണ് എനിക്ക് മനസിലായത് ഞാൻ കാരണം എന്റെ അമ്മയും അമ്മമ്മയും ഉറങ്ങാറില്ലെന്നത്.. അന്ന് മുതൽ ഞാൻ നല്ല കുട്ടിയായി.. പകൽ ഉറങ്ങാറുള്ള ഞാൻ ഉറങ്ങാതെയായി... രാത്രി അവരുടെ കൂടെ താരാട്ടുപാട്ടിന്റെ ഈണത്തിൽ ഇരുട്ടിലും ഉറങ്ങാൻ പഠിച്ചു... എന്റെ അമ്മയുടെ കൂടെ കിടക്കുമ്പോൾ ഞാൻ എന്തിനാ ഇരുട്ടിനെ പേടിക്കുന്നത്...
അന്ന് ആദ്യമായി എന്റെ ശരീരത്തിൽ ഒരു സൂചി കുത്തി... ഞാൻ ഒത്തിരി കരഞ്ഞു.. അമ്മയെയും അച്ഛയെയും അമ്മമ്മയെയും വെള്ള ഉടുപ്പിട്ട ആ ചേച്ചിയെയും ഒത്തിരി വഴക്ക് പറഞ്ഞു.. പിന്നെ ആരോ പറയുന്നത് കേട്ടു സൂചി കുത്തിയത് എനിക്ക് വാവു വരാതിരിക്കാനാണെന്ന്... അന്ന് ഒത്തിരി സങ്കടം തോന്നി അവരെ വഴക്ക് പറഞ്ഞതിന്... പിന്നീട് എന്നെ സൂചി കുത്തിയപ്പോൾ ഞാൻ കരഞ്ഞങ്കിലും ആരെയും വഴക്ക് പറഞ്ഞതില്ല....
ഓരോ ദിവസം ചെല്ലുന്തോറും കണ്ണുകൾ കൂടുതൽ തെളിഞ്ഞു വരുന്നതായി എനിക്കനുഭവപ്പെട്ടു...
ചിറ്റയേയും അപ്പച്ചിയെയും അമ്മാവനെയും കണ്ട് ഞാൻ ഒരു പാട് ചിരിച്ചു.'' അവരെന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു.. '' ഞാൻ എന്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു '' അവർ അത് കണ്ട് ചിരിക്കുന്നത് എനിക്കേറെ സന്തോഷം നൽകി...
ഞാൻ അമ്മയുടെ വീട്ടിൽ ആണെന്ന് ആരോ പറയുന്നത് കേട്ടു ... ആശുപത്രിയിലെ മടുപ്പിക്കുന്ന മരുന്നിന്റെ മണം എനിക്കന്യമായെന്നത് ഞാൻ പതിയെ തിരിച്ചറിഞ്ഞു...
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വാവ കുളിച്ച് ഭംഗിയായല്ലോ എന്നാരോ പറയുന്നത് കേട്ടു .. 'കണ്ണിൽ പോയ ആ പതയുള്ള സാധനം സോപ്പ് ആണെന്ന് ഞാനറിഞ്ഞു ....
ഒച്ച നന്നാവാൻ പച്ചിലമരുന്നും ശരീരത്തിന് എണ്ണയും ഇട്ട് ' കണ്ണെഴുതി പൊട്ട്തൊടുവിച്ച് കളിപ്പിച്ചും ചിരിപ്പിച്ചും കളിപ്പാട്ടങ്ങൾ കാണിച്ചു കൊഞ്ചിച്ച് എല്ലാവരും എന്നെ പൊന്നുപോലെ നോക്കി...
അരയിൽ അരഞ്ഞാണവും കാലിൽ തളകിലുക്കവും എന്നെ ഏറെ ഭംഗിയാക്കി എന്ന് ചിറ്റപറയുന്നത് കേട്ടു:
ഇടക്കിടക്കെ വാക്സിനേഷൻ എന്ന പേരിൽ വെള്ള ഉടുപ്പിട്ട ചേച്ചിമാർ സുചി വച്ച് ഓരോ കുത്തൊക്കെ തരുമായിരുന്നു.' കുറച്ച് കരഞ്ഞതിനു ശേഷം ഞാൻ പതിയെ മയങ്ങും:
ഞാൻ പായിൽ കിടന്ന് പതിയെ ചെരിഞ്ഞു ..കമിഴ്ന്ന് നീന്തി കളിച്ചു.'' അപ്പോഴൊക്കെയും അമ്മയുടെ മുഖത്ത് കണ്ട സന്തോഷം വീണ്ടും വീണ്ടും കമിഴ്ന്ന് നീന്തി കളിക്കാൻ എന്നെ പ്രേരിപ്പിച്ചു .. കളിമടുക്കുമ്പോൾ ഞാൻ ചിണുങ്ങി കരഞ്ഞു.. അപ്പോഴൊക്കെയും അമ്മ എന്നെ എടുത്തു കൊണ്ടുപോയി എന്തൊക്കെയോ കാണിച്ചു തന്ന് കരച്ചിൽ നിർത്തിപ്പിക്കും''
കുറെ ദിവസം കഴിഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും സങ്കടം നിഴലിച്ചത് ഞാൻ ശ്രദ്ധിച്ചു.. തൊണ്ണൂറായില്ലേ അച്ഛയുടെ വീട്ടിലേക്ക് പോകാറായി .... അടുത്ത ഞായറാഴ്ച പോകും.. അമ്മമ്മ അയൽപക്കത്തെ ചേച്ചിയോട് സങ്കടത്തോടെ പറയുന്നത് കേട്ടപ്പോഴാണ് എനിക്ക് സങ്കടത്തിന്റെ കാരണം പിടികിട്ടിയത്..എല്ലാവരും എന്നെ ഏറെ കൊഞ്ചിച്ചു.'' സ്നേഹിച്ചു.
എന്നെ കൊണ്ടു പോകാൻ അച്ഛച്ഛനും അച്ഛമ്മയും ബന്ധുക്കളും എത്തി - ..
അങ്ങനെ ഒരു തേങ്ങലോടെ അവരെന്നെ പുതിയ ഒരു ലോകത്തേക്ക് യാത്രയാക്കി..
വിഷമത്തോടെയാണെങ്കിലും പുത്തൻ പ്രതീക്ഷകളുമായി ഞാനും അവരുടെ കൂടെ യാത്രയായി...
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo