Slider

മനസ്സ്.

0

ഒരു തവണ കൂടി വിളിക്കണമെന്ന് തോന്നി.. ഒരു പക്ഷേ അവസാനമായിട്ട്.. മറുവശത്ത് ബെൽ അടിഞ്ഞു തീരുന്നത് വരെ പ്രതീക്ഷ ഉണ്ടായിരുന്നു. ശേഷം കോൺടാക്സ് തുറന്ന് ആ നമ്പർ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ഫോൺ അലസമായി എങ്ങോട്ടോ വലിച്ചെറിഞ്ഞു. തണുത്ത ബിയറിന്റെ ലഹരി സിരകളിൽ നുരഞ്ഞ് തുടങ്ങിയിരുന്നു.
താഴെ ഇരമ്പുന്ന നഗരത്തേക്കാൾ എന്നെ ആകർഷിച്ചത് ശാന്തമായ ആകാശവും ഇരുട്ടുമാണ്.
കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോഴായിരുന്നു അവളെ കണ്ട് മുട്ടിയത്. കവിത പോലൊരു പെൺകുട്ടി. അവളുടെ എഴുത്തിലെ മനോഹാരിത വല്ലാതെ ആകർഷിച്ചെന്ന് പറയാം. തിരികെ മരു നാട്ടിലെത്തിയപ്പോഴും മനസ്സിൽ പതിഞ്ഞ ചിത്രം മിഴിവോടെ നിന്നു.ഫേസ് ബുക്കിലൂടെയായിരുന്നു പിന്നീട് ആശയങ്ങൾ പങ്ക് വെച്ചത്. എന്നെ എഴുത്ത് തുടങ്ങാൻ പ്രേരിപ്പിച്ച ഘടകവും ആ സാനിധ്യം തന്നെയെന്ന് നിസംശയം പറയാം.
പ്രണയം ചിലപ്പോൾ നനുത്ത മഞ്ഞ് പോലെയാണ് മറ്റ് ചിലപ്പോൾ ചാറ്റൽ മഴ പോലെയും പിന്നെ അത് ആളിപ്പടരുന്ന കാട്ട് തീ പോലെയും ആവുന്നു.പരസ്പരം ഇഷ്ടം എപ്പോഴാണ് തുറന്ന് പറഞ്ഞതെന്ന് ഓർമ്മയില്ല. പ്രണയകാലത്തിനിടയിൽ പെട്ടെന്നൊരുനാൾ മെസേജുകളും ഫോൺ കാളുകളും നിലച്ചു. ഒരു പാട് ചോദിച്ചപ്പോൾ പേപ്പറിൽ സ്വന്തം കൈപ്പടയാൽ എഴുതിയ ഒരു കുറിപ്പ് മാത്രം കിട്ടി.
അവളുടെ കുടുംബത്തിലെ ഒരു പെൺകുട്ടി ഫേസ് ബുക്ക് പ്രണയത്തിൽ പെട്ട് വലിയ കുഴപ്പമായെന്നും.. ഇനി പഴയ പോലെ സംസാരിക്കാൻ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. നമ്മുടേത് വെറുമൊരു ഫേസ് ബുക്ക് പ്രണയമായിരുന്നോ എന്ന എന്റെ ചോദ്യത്തിന് മറുപടി തരാൻ ആരും ഉണ്ടായിരുന്നില്ല! പക്ഷേ.. വീട്ടുകാരെ വിട്ട് ആലോചിച്ച് എല്ലാവർക്കും സമ്മതമാണേൽ നടക്കും എന്നവൾ പറഞ്ഞു വെച്ചത് വലിയ പ്രതീക്ഷയായി.
പിന്നീട് വീട്ടിൽ അറിയിക്കാനായിരുന്നു തിടുക്കം. അന്വേഷിച്ചപ്പോൾ അവളുടെ കുടുംബത്തെ പറ്റി ചില പോരായ്മകൾ പറഞ്ഞെങ്കിലും എന്റെ ഇഷ്ടത്തിന് ആരും എതിരായിരുന്നില്ല. അവരവളെ കാണാൻ പോകുന്നതിന്റെ തലേ ദിവസം ഞാൻ ഉറങ്ങിയിട്ടില്ല. എങ്കിലും നാട്ടിൽ നിന്ന് വന്ന പ്രതികരണങ്ങൾ നിരാശ ഉണർത്തുന്നതായിരുന്നു. അവൾ അവരെ കാണാൻ തയാറായില്ല പോലും.ഉമ്മയും ഇത്തമാരും പ്രശ്നമല്ലായിരുന്നു. ഉപ്പയുടെ ചോദ്യത്തിന് മുന്നിൽ അപമാനം കൊണ്ടെന്റെ തല കുനിഞ്ഞു.
കാരണമറിയാൻ പല വഴിക്കും ശ്രമിച്ച് നോക്കി. നിരാശ ആയിരുന്നു ഫലം. ഫേസ് ബുക്കിൽ സജീവമായ അവളുടെ ഓരോ എഴുത്തുകളും എന്നെ നോക്കി കൊഞ്ഞനം കുത്തി. എന്റെ മെസേജുകൾ മാത്രം വായിക്കാതെ അനാഥമായി കിടന്നു.ഒരിക്കൽ നോക്കിയപ്പോൾ ഫേസ് ബുക്കിൽ എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലായി.പിന്നീടറിഞ്ഞു അവളുടെ വിവാഹം ഉറപ്പിച്ചുവെന്ന്.
ഒന്ന് പറഞ്ഞിട്ട് പോവാമായിരുന്നില്ലേ എന്ന ചോദ്യം പലപ്പോഴും മനസ്സിനെ മുറിപ്പെടുത്തിയിട്ടുണ്ട്.ഒരിക്കൽ ഒരു സുഹൃത്ത് അയച്ച് തന്ന കവിത ഓർമ്മയുണ്ട്.
"ഞങ്ങൾ പ്രണയിച്ചിരുന്നു...
അവളുടെ പ്രണയം പല്ലി വാൽ പോലായിരുന്നു..
എനേറെത് ചിത്ര ശലഭത്തിന്റെ ചിറക് പോലെയും...
വാൽ മുറിഞ്ഞ പല്ലിക്ക് ഒരു നാൾ പുതിയ വാൽ മുളച്ചു....
ചിറക് നഷ്ടപ്പെട്ട ചിത്ര ശലഭം മണ്ണിലടിഞ്ഞ്
പോയി....!!"
ചിറക് നഷ്ടപ്പെട്ട ചിത്ര ശലഭം തന്നെയായി മാറിയിരുന്നു ഞാൻ... ചിലപ്പോൾ അവൾക്ക്
ന്യായമായ കാരണങ്ങൾ എന്തെങ്കിലും ഉണ്ടാവാം... അതറിയാത്തതാണല്ലോ ഇന്നെനെറ മനസ്സിനെ വേദനിപ്പിക്കുന്നത്.
ഒരു തവണ കൂടി വിളിക്കണമെന്ന് തോന്നി.. ഒരു പക്ഷേ അവസാനമായിട്ട്.. മറുവശത്ത് ബെൽ അടിഞ്ഞു തീരുന്നത് വരെ പ്രതീക്ഷ ഉണ്ടായിരുന്നു. ശേഷം.......................

By: Younis mohammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo