നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്ധതയുടെ ഒറ്റപ്പെടൽ -


എനിക്കൊരു കൊഞ്ഞനുജത്തി പിറന്നു .
കഴിഞ്ഞ പതിനഞ്ചു ദിവസമായി ഉമ്മ ആശുപത്രിയിൽ ആയിരുന്നു .
ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് ഉമ്മയെയും കുഞ്ഞുവാവയെയും ഉപ്പയും വലിയുമ്മയും വീട്ടിൽ കൊണ്ട് വന്നു
കുഞ്ഞു മോൾ വന്നത് മുതലേ കരയുകയാണ് .
"കുഞ്ഞിന് വല്ല വയറു വേദനയും ഉണ്ടാവും " വലിയുമ്മ അഭിപ്രായം പറഞ്ഞു .
" അമ്മിഞ്ഞ പാലിൽ വയമ്പ് ചാലിച്ച് കൊടുത്തോക്കു "
അവളുടെ കരച്ചിൽ കേട്ട് ഞാൻ ഉമ്മയുടെ അരികിൽ അവളെ തൊട്ടു തലോടി ഇരുന്നു .
കുഞ്ഞിളം വിരലുകള്കൊടു അവളെന്റെ വിരൽ പിടിച്ചു കുടഞ്ഞു കരഞ്ഞു കൊണ്ടിരുന്നു
ഉമ്മ മരുന്ന് കൊടുത്തപ്പോൾ അവളുടെ കരച്ചിൽ മാറി .
അവൾ പുഞ്ചിരിച്ചുവെത്രെ , അതെനിക്ക് കാണാനായില്ല .
ബന്ധുക്കളും അയൽക്കാരും മോളെ കാണാൻ വന്നു .
വന്നവർ അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചത് ഞാൻ കേട്ടു .
ഉമ്മയെപ്പോലെയാണത്രെ അവളെ കാണാൻ ...
നീണ്ട കണ്ണുകളും ചന്തമുള്ള മൂക്കും ഭംഗിയുള്ള ചുണ്ടുകളും ,
കാണാൻ വന്നവർ പറഞ്ഞു കൊണ്ടിരുന്നു .
വന്നവർ അവൾക്കു നല്ല നിറങ്ങളിൽ ഉള്ള ഉടുപ്പുകളും
സമ്മാനങ്ങളും കൊണ്ട് വന്നു . ഉമ്മ അവ നോക്കി "ഈ പച്ചയുടുപ്പു നല്ല ചേലുണ്ട് " എന്ന് പറഞ്ഞു .
അമ്മയി കൊടുത്ത നീല കളർ ഉടുപ്പ് വലുപ്പം കൂടുതൽ ആണെത്രേ .
ഉമ്മയെല്ലാം വേർതിരിക്കുന്നത് നിറങ്ങളും വലുപ്പവും ഒക്കെ കണക്കാക്കിയാണ് .
സലീനയും യാസിറും സ്കൂൾ വിട്ടു ഉമ്മറത്തെത്തിയ ഒച്ച കേൾക്കുന്നുണ്ട് .
സലീന സ്കൂളിൽ ഒന്നാം ക്ലാസ്സിലും , യാസിർ രണ്ടാം ക്ലസ്സിലുമാണ് പഠിക്കുന്നത് .
ഇത്താത്തയെ അവർക്കു ജീവനാണ് .
"ഇത്തതാ " അവർ ഓടിയെത്തി സ്കൂളിലെ വിശേഷങ്ങൾ പറയാൻ ...
ഇത്താത്തയെ കൂട്ടി അവർ ഉമ്മയുടെ റൂമിൽ പോയി കുഞ്ഞു വാവയുടെ അടുത്തിരുന്നു വിശേഷങ്ങൾ പറഞ്ഞൂ .
"സ്കൂളിൽ അക്ഷരങ്ങൾ പഠിക്കണം , അതൊക്കെ ടീച്ചർ ബ്ലാക്ക് ബോര്ഡില് എഴുതിയാണ് പഠിപ്പിക്കുന്നത് .
ബ്ലാക്ക് ബോർഡ് കറുത്ത് പരന്നിട്ടാണ് . അതിൽ എഴുതുന്ന ചോക്ക് വെളുത്തിട്ടാണ്" . എന്നൊക്കെ സലീന പറഞ്ഞു കൊടുത്തു .
യാസിർ എഴുതിക്കൊണ്ടിരിക്കെ ഒരു കഥ വായിച്ചു തന്നു ഇന്ന് ടീച്ചർ പഠിപ്പിച്ചതാണെത്രെ .ടീച്ചർ ഇന്ന് റോസ് ഫ്ലവറിന്റെ ചിത്രമുള്ള നീല സാരിയാണെത്രെ ഉടുത്ത്ത .
ഉപ്പ രാത്രി വന്നപ്പോൾ ഞാൻ ഉറങ്ങാതെ ഉമ്മയുടെ മുറിയിൽ ഉണ്ടായിരുന്നു .
വാവയുടെ വിവരങ്ങൾ തിരക്കി ശേഷം ഉപ്പ അടുക്കളയിൽ പോയി സ്വന്തമായി ആഹാരം വിളമ്പി കഴിച്ചു .
ഉപ്പ പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്ത് പോയി ഇരുന്നു .
അടുത്ത് ചെന്ന് മടിയിൽ ചാരി നിന്ന് ഉപ്പയോട്‌ ഞാൻ പറഞ്ഞു ," ഉപ്പാ , നിക്കും പഠിക്കണം ."
ഉപ്പയെന്റെ തലയിലും പുറത്തുമെല്ലാം തലോടി, നെടുവീർപ്പിടുകയല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല .
വിഷമമായോ എന്ന് കരുതി ഞാൻ വിഷയം മാറ്റി വാവ മോളെ പറ്റി സംസാരിച്ചു .
പിറ്റേന്ന് ഉപ്പ ,ജോലിക്കു പോകുന്ന ഉപ്പയുടെ മുതലാളിയുടെ മകൻ അരുൺ മാഷോട് എന്റെ കാര്യം സംസാരിച്ചു .
വൈകിട്ട് ജോലി കഴിഞ്ഞു ഉപ്പയോടൊപ്പം മാഷും വീട്ടിൽ വന്നു . എന്നെ കാണാനാണെത്രെ വന്നത് .
ഞാൻ ഉമ്മറത്ത് പോയി ഉപ്പയെ ചാരി നിന്നു . മാഷ് പഠിക്കണമെന്ന എന്റെ ആഗ്രഹം സാധിപ്പിച്ചു തരാൻ വേണ്ടതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞു . അദ്ദേഹം എന്റെ കൈ പിടിച്ചു വീടിനു താഴെയുള്ള റോഡിലൂടെ നടന്നു . എന്റെ സംസാരം കേൾക്കാൻ ...എന്നോട് സംസാരിക്കാൻ .
എനിക്ക് പഠിക്കാനാവുമെന്നും , വലിയ ഉയരങ്ങളിലെത്താൻ കഴിയുമെന്നും മാഷ് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ മിഴികൾ നിറഞ്ഞു .
വീട്ടിൽ എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാറില്ല ,യാസിറിനും സലീനക്കുമൊപ്പം അവരെപ്പോലെ കളിയ്ക്കാൻ സാധിക്കാറില്ല . വീട്ടീന്ന് പുറത്തേക്കു പോകാനും കഴിയാറില്ല .എന്നെ പറഞ്ഞു മനസ്സിലാക്കി തരാനുള്ള വിഷമം കൊണ്ടാവും ആരും എന്നോട് സംസാരിക്കാൻ മിനക്കെടാറില്ല .മാഷുടെ കൂടെയുള്ള ആ നടത്തം എനിക്ക് തന്ന സന്തോഷത്തിനും പ്രതീക്ഷക്കും അതിരില്ലായിരുന്നു .
മാഷെ എനിക്ക് ഒത്തിരി ഇഷ്ടമായി , ഇങ്ങനെയൊക്കെ സ്നേഹ സമ്പന്നരാവുമോ സലീനയുടെയും , യാസിറിന്റെയും ടീച്ചർമാർ ?...പഠിക്കാൻ പോകാൻ എന്റെ മനസ്സ് ദൃതി കൂട്ടി .
പിന്നീട് ഒരാഴ്ച കഴിഞ്ഞു ഒരു ഞായറാഴ്ച വൈകിട്ട് അരുൺ മാഷ് വീട്ടിൽ വന്നു .
ഉപ്പ അന്ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നു . മാഷ് ഉമ്മറപ്പടിയിൽ വന്നു വിളിച്ചു ,
ഉപ്പ പുറത്തേക്കു വന്നു മാഷുമായി ഒരുപാടു നേരം സംസാരിച്ചു .
പിന്നീട് എന്നെ വിളിച്ചു് , " മാഷെ " എന്ന് വിളിച്ചു ഞാൻ അവരുടെ അടുത്തേക്ക് ചെന്നു .
എന്റെ കൈകളിൽ സ്നേഹത്തോടെ മുറുകെ പിടിച്ചു മാഷ് പറഞ്ഞു .
" കുട്ട്യേ , മാഷ് പഠിക്കാൻ പോകാനുള്ള എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട്‌ "
" പോവാൻ റെഡി ആവണം ട്ടോ "
സന്തോഷം കൊണ്ട് ഞാൻ മാഷെ കെട്ടി പിടിച്ചു കരഞ്ഞു .
എന്റെ ഉപ്പയുടെ സ്വരവും ഇടറിയിരുന്നു .
" ഇക്കാ: , വരുന്ന വ്യാഴാഴ്ച്ച നമുക്ക് അവിടെ പോയി ചേരണം "
അത് പറഞ്ഞു സ്നേഹത്തോടെ എന്റെ പുറത്തു തട്ടി മാഷ് തിരികെ പോയി .
ഉപ്പ എന്നെ മടിയിൽ ചേർത്തിരുത്തി തടവിയും ഉമ്മവെച്ചും കുറെ നേരം അവിടെ ഇരുന്നു .
ഞാൻ സ്കൂളിനെ കുറിച്ചും കൂടെ പഠിക്കാനെത്തുന്ന കുട്ടികളെ കുറിച്ചും അധ്യാപകരെ കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നു . അനുജനും അനുജത്തിയും പറഞ്ഞപ്പോൾ മനസ്സിലാക്കിയതാണ് എന്റെ സങ്കല്പത്തിലെ സ്കൂൾ. അവിടെ കുട്ടികൾ എല്ലാവരും കളിക്കുമെത്രെ . ഓട്ടവും ചാട്ടവും , കള്ളനും പോലീസും , കണ്ണ് പൊത്തിക്കളിയുമൊക്കെ . എന്റെ ഹൃദയം എനിക്ക് മുമ്പേ സ്കൂളിൽ സഞ്ചരിച്ചു . എനിക്കിതിനൊക്കെ കഴിയുമോ എന്ന് എന്റെ കുഞ്ഞു മനസ്സ് ആശങ്കപ്പെട്ടു .
വ്യാഴാഴ്ച രാവിലെ തന്നെ മാഷ് വന്നു . ഉപ്പയുടെ കൈ പിടിച്ചു ഞാന് സന്തോഷത്തോടെയും തെല്ലൊരു പേടിയോടെയും ഉമ്മയോടും വെല്ലിമ്മയോടും അനുഗ്രഹം വാങ്ങി സ്കൂളിയ്ക്കു പോയി. വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് സ്കൂളിലെ അധ്യാപകരും മറ്റുകുട്ടികളും വരവേറ്റത് .
'കണ്ണുകാണാതെ ഈ ലോകത്തു ഞാൻ മാത്രമേ ഉള്ളോ" എന്ന എന്റെ ധാരണ തിരുത്തുന്നതായിരുന്നു ആ അന്ധ വിദ്യാലയത്തിലെ അനുഭവം . ഉമ്മയെയെയും വീടും വിട്ടു ആദ്യമായാണ് ഞാൻ താമസിച്ചത് . രാത്രി ആയപ്പോൾ ഉമ്മയെ കാണാതെ ഞാൻ കരഞ്ഞു .ആദ്യത്തെ ദിവസങ്ങൾ വിഷമം നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് അവിടത്തെ സാഹചര്യങ്ങളോട് തീർത്തും ഇണങ്ങി ചേർന്നു.
കുത്തുകൾ ഉപയോഗിച്ച് എഴുതാനും വായിക്കാനും കഴിയുന്ന ബ്രെയിൻ ലിപിയിലാണ് പഠിച്ചത് .
കാഴ്ചവൈകല്യം പഠനത്തിനൊ , കളികൾക്കോ തടസ്സമാകില്ലെന്നു എന്റെ കുഞ്ഞു മനസ്സിന് ബോധ്യപ്പെട്ടു .
എല്ലാ കല കായിക വിനോദങ്ങളിലും ഞാൻ പങ്കാളി ആയി .
അന്ധതയുടെ ഇരുളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ വെളിച്ചം എന്നെ മോചിപ്പിച്ചു .ഏകാന്തതയുടെ നിരാശയിൽ നിന്ന് സ്നേഹ സൗഹൃദങ്ങളുടെ വിഹായസ്സിലേക്കു എന്റെ മനസ്സ് ഉയർന്നു . പടിപടിയായി ആയി ഉയർന്ന വിദ്യാഭ്യാസം നേടി . അന്ധരായ , അല്ലെങ്കിൽ ഭിന്ന ശേഷിയുള്ള ആളുകളുടെ കഴിവ് പൊതുസമൂഹം അംഗീകരിക്കാൻ മടികാണിക്കുന്നു . അന്ധരായ ആളുകൾക്ക് ഒന്നും സാധിക്കില്ല എന്ന ധാരണ .
ജോലിയിൽ പ്രവേശിച്ചു , അധ്യാപകനായി .
അന്ധനായ എനിക്ക് എങ്ങനെ പഠിപ്പിക്കാനാവും ?!
സഹ അദ്ധ്യാപകർക്കും , രക്ഷിതാക്കൾക്കും ഉൾക്കൊള്ളാനായില്ല
കടന്ന വഴികളിലെ ആശങ്കകൾ പോലെ തന്നെ ആയിരുന്നു അവയൊക്കെയും .എന്റെ ജോലി വളരെ വിജയപ്രദമായി നിർവ്വഹിക്കാൻ എനിക്ക് കഴിഞ്ഞു . സഹ പ്രവർത്തകരുടെയും , രക്ഷകര്താക്കളുടെയും.
അഭിനന്ദനം പിടിച്ചു പറ്റാൻ സാധിച്ചു .
സ്കൂളിൽ ഒരിക്കലും തനിച്ചു നടക്കാൻ എനിക്കാവാറില്ല .
എന്റെ കൈവിരൽ പിടിച്ചു കൂടെ നടക്കാൻ കുട്ടികൾ കൂട്ടുണ്ടാവും .
അതിന്നു കുട്ടികൾ മത്സരിക്കും . ഒരു മൂന്നാം ക്ലാസ്സുകാരി മോൾ എന്റെ വലതു കൈ മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കി വെച്ചു .
എന്നെ കൈ പിടിച്ചു കൊണ്ട് പോകാൻ അവൾ സമയം തെറ്റാതെ ആദ്യമെത്തും . അവളെന്നോട് ഒരുപാടു കാര്യങ്ങൾ ചോദിച്ചറിയും . അവളുടെ വിശേഷങ്ങൾ ഒക്കെ പറയും . എന്നെ സന്തോഷിപ്പിക്കാനെന്നോണം കിണുങ്ങി,കിണുങ്ങി ചിരിക്കും .എനിക്ക് കാഴ്ചയില്ലാത്തതിൽ അവൾക്കു വല്ലാത്ത വിഷമമുണ്ടെന്നു ഒരിക്കൽ അവൾ എന്നോട് പറഞ്ഞു . "മാഷേ , മാഷിന് ഈ ചിന്നൂനെ കാണണം ന്നു അഗ്രഹല്ലേ " ഒരിക്കൽ അവൾ ചോദിച്ചു .
"ന്റെ മുഖം കാണാന് ", "ഞങ്ങളെയൊക്കെ കാണാന് ". അവളോട് എന്ത് ഉത്തരം പറയും .
''ചിന്നൂ , മാഷ് എല്ലാരേം കാണുന്നുണ്ട് ,ട്ടോ "
അടുത്ത ദിവസം അവൾ സ്കൂളിന്റെ നടവഴിയിൽ കാത്തു നില്പുണ്ടായിരുന്നു .
"മാഷെ , മാഷെ കണ്ണിന്നു കാഴ്ച്ച കിട്ടാൻ ഞാൻ ഇന്നലെ മുഴുവൻ പ്രാർത്ഥിച്ചു .ഇനിയെന്നും പ്രാർത്ഥിക്കും "
കാഴ്ച കിട്ടൂം ട്ടോ " കളങ്കമില്ലാത്ത കുഞ്ഞു മനസ്സിന്റെ പ്രാർത്ഥന .
ജന്മനായുള്ള ഈ അന്ധത മാറില്ലെന്ന് അവളോടെങ്ങനെ പറയും .

by: 
Abdul Rasheed Karani

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot