അന്ന് മഴയുടെ ഇരമ്പലിന്റെ കൂടെ സന്ധ്യയും കടന്ന് വന്നിരുന്നു. ഇടതുപക്ഷം ഹൃദയപക്ഷമായതിന്റെ ആഘോഷ ആരവത്തിലായിരുന്നു അന്നത്തെ സന്ധ്യ.. ജോലിക്കിടയിൽ കിട്ടിയ ഒഴിവു ഒരു ചായയോടും സമൂസ യോടും കൂടി ആഘോഷിക്കാനായിരുന്നു അന്ന് ഞാൻ ആ ചായക്കടയിൽ എത്തിയത്.. തണുപ്പു നിറഞ്ഞ അന്തരീക്ഷത്തിന്റെ സുഖം ആസ്വദിച്ചു ചായ മെത്തിക്കുടിക്കുമ്പോൾ രണ്ട് കണ്ണുകളെയും ചാരപ്രവൃത്തിക്കായി 4 പാടും അയച്ചു. അവ തിരിച്ചു വന്നത് ഒരു കുളിർമ്മയുള്ള ഒരു സന്ദേശവുമായിട്ടായിരുന്നു.. എന്റെ നേർ എതിർ വശത്തായി വാലിട്ടെഴുതിയ കണ്ണുകളോടുകൂടിയ നീണ്ട മുടിയുള്ള മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി നിൽപ്പുണ്ട് എന്നതായിരുന്നു ആ കിംവദന്തി... ഞാൻ കൂടുതൽ സന്ദേശങ്ങൾക്കായി അവയെ വീണ്ടും അങ്ങോട്ടയച്ചു.. മുഖത്താകെ ഒരു ഉത്കണ്ഠ ഉണ്ട്... ആരെയോ എന്തിനെയോ കാത്തിരിക്കും പോലെ ആയിരുന്നു അവ... ആ താമര മിഴികൾ ഒരു വശത്തുള്ള വഴിയിലേക്ക് പല പ്രാവശ്യം കേന്ദ്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.... അതു വഴിയാകും കാത്തിരിക്കുന്നയാൾ ആഗമിക്കുന്നത്.. കാത്തിരിക്കുന്നയാൾ വരുമോ ഇല്ലയോ എന്ന ഉത്കണ്ഠ ഭയത്തിന് വഴിമാറിയത് ഒരു തെരുവു നായയുടെ രൂപത്തിലായിരുന്നു.. സാധാരണ തെരുവുനായകൾ ആക്രമിക്കാൻ തിരഞ്ഞെടുക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്നുള്ളതിന്റെ പൊരുൾ എനിക്കിനിയും മനസ്സിലായിട്ടില്ല.. ഞാൻ അവിടെയും അപകടം മണത്തു... ആ നായ ആ പെൺകുട്ടിയെ കടിക്കാൻ തക്കം പാർത്തു വട്ടമിട്ടു തുടങ്ങിയിട്ടുണ്ട് ... ഞാൻ ചായ ഗ്ലാസ് മേശപ്പുറത്ത് വച്ച് കാലുകൾ ചലിപ്പിച്ച് കുതിക്കാൻ തയ്യാറായി.. നായയുടെ മുൻപിൽ വട്ടം കറങ്ങുന്ന ആ കുട്ടിയുടെ പരിഭ്രാന്തിയും ആ നായയുടെ ഉദേശ്യവും മനസ്സിലാക്കിയ വേറൊരു മഹാത്മാവ് ആ നായയെ വിരട്ടി ഓടിച്ചു.അതു കണ്ടതോടെ എന്റെ കാലുകൾ നിശ്ചലമായി കൈ സ്ളോമോഷനിൽ ചായയിലേക്ക് തിരികെ എത്തി. എന്റെ ചായയുടെ അളവ് കൂട്ടനായി ദൈവം മുകളിൽ നിന്നെറിഞ്ഞ വെള്ളം ഒരെണ്ണം എന്റെ മുഖത്തും അടുത്തത് ചായയിലുമായി പതിച്ചു... അതോടെ ആ കുട്ടിയുടെ മുഖത്തെ ഭാവം ഉത്കണ്o യിൽ നിന്നും ആശങ്കയിലേക്കും ആ നായ കൊട്ടേഷൻ ടീമുമായി തിരിച്ചു വരുമോ എന്ന ഭയത്തിലേക്ക് വഴി മാറി. മുന്നിലെ ചായക്കട കണ്ട അവൾ മഴയിൽ നിന്നും നായയിൽ നിന്നും രക്ഷ നേടാൻ റോഡ് മുറിച്ച് കടന്ന് അങ്ങോട്ടേക്ക് വന്നു ഒരു ചായക്ക് പറഞ്ഞ് പേഴ്സിൽ നിന്നും 10 രൂപ മാത്രമെടുക്കുന്നത് കണ്ടപ്പോൾ തിരിച്ചു പോകാൻ കാശില്ലാത്തത് കൊണ്ടാണോ ആ ഉത്കണ്ഠ എന്നു ഞാൻ സംശയിച്ചു ... ശമ്പളം കിട്ടിയ സമയമായതിനാൽ ധനവാനായ ഞാൻ ആ കുട്ടിക്ക് കാശ് കൊടുക്കണോ എന്നു വരെ ആലോചിച്ചു. വേണ്ട സഹായമെന്തെങ്കിലും വേണമെങ്കിൽ ഇങ്ങോട്ടു ചോദിക്കട്ടെ എന്നായി മനസ്സിലെ ചിന്ത. എന്റെ ചായ എതാണ്ട് തീരാറായി.. ചായയുടെ അളവ് കൂട്ടാനായി എത്തിയ മഴ അതു കണ്ട് നാണിച്ചു താഴേക്ക് പെയ്തിറങ്ങി. .ചായക്കടയ്ക്കപ്പുറത്തെ ചെറു മരത്തിന്റെ ചായ് വിലേക്ക് മഴ നനയാതെ ഞാൻ മാറി നിന്നു.. എന്റെ മനസ്സിൽ ലഢു പൊട്ടിച്ചു കൊണ്ട് ആ കുട്ടിയും മരത്തിന്റെ ചുവട്ടിലേക്ക് കയറി നിന്നു... അതോടെ സദാചാരക്കണ്ണുകൾ എല്ലാം ഞങ്ങളുടെ മേലേക്ക് ഇഴയാൻ തുടങ്ങിയിരുന്നു.. മഴയുടെ തുടക്ക പ്രഹരത്തെ തടയാൻ ആ മരത്തിനു കഴിഞ്ഞെങ്കിലും അടുത്തുവന്ന പൊട്ടിപ്പുറപ്പാടിനെ തടയാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആ പാവം മരത്തിനു കഴിഞ്ഞില്ല... അപരിചിതയായ പെൺകുട്ടിയോട് സംസാരിക്കുമ്പേൾ അബലനായി പോകുന്ന ഞാൻ ആവുന്നത്ര ധൈര്യം സംഭരിച്ച് ചോദിച്ചു ... " എച്ചൂസ് മി.. സോറി.. എക്സ്ക്യൂസ് മീ .എന്തെങ്കിലും ഹെൽപ്പ് വേണോ..ഫോൺ വല്ലതും വിളിക്കാൻ ആവശ്യമുണ്ടോ ". വേണ്ട നബർ അറിയിച്ച മുഖത്ത് നിഴലിച്ച അതേ ഉത്കണ്ഠയിൽ ഒരു ചിരി പടർത്താൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.. "വേണ്ട നമ്പർ അറിയില്ല " മുഖത്ത് വന്ന ചളിപ്പ് വെളിയിൽ കാട്ടാതെ ഞാൻ ഒരു പരാജയപ്പെട്ടവനെപ്പോലെ ok പറഞ്ഞു തിരിഞ്ഞു.. മഴ തകർക്കുകയാണ് ഭയാനകമാം വിധം.. ഞാൻ ആദ്യമേ ഒരു സുരക്ഷിത സ്ഥലമാണ് തിരഞ്ഞെടുത്തത്.. അവൻ ആ മരത്തിലൂടെ ഊർന്നു വരുന്ന തുള്ളികളെല്ലാം തന്നിലേക്കാവാഹിക്കുകയായിരുന്നു.. അത് കണ്ടുസങ്കടം തോന്നിയ ഒരു ചേട്ടൻ "വേണേൽ ഓട്ടോയിൽ കയറി ഇരുന്നോ മോളേ " എന്നു പറയുന്നത് കേട്ടു.. ചെറിയ അഭിമാനത്തോടെ ഞാൻ ചിന്തിച്ചു.. നമ്മുടെ ആൾക്കാർ സദാചാരക്കാരാണെങ്കിലും സഹായ മനസ്ഥിതി ഉള്ളവരാണെന്ന്.. എന്നാൽ അവൾ ആ സായവും നിരസിക്കുകയുണ്ടായി .. ആരുടെയും സഹായം സ്വീകരിക്കത്ത കൂട്ടത്തിലാണ് അവൾ എന്നു എനിക്ക് തോന്നി. എങ്കിലും ആശ്വാസത്തിന്റെ കണിക അവളുടെ കണ്ണുകളിൽ കണ്ടു. ഈ സമയം എന്റെ മനസ്സിലെ കുരുട്ടു ബുദ്ധിക്കാരൻ ഉണർന്നു.. ആരെയാ കാത്ത് നിൽക്കുകയാണെന്ന് ഉറപ്പാണ് എന്നാൽ നമ്പർ അറിയില്ല എന്നും പറയുന്നു. അപ്പോൾ ഇത് തീർച്ചയായും ഫെയ്സ് ബുക്ക് സൗഹൃദം തന്നെയായിരിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു .. ഞാനൊഴിഞ്ഞു കൊടുത്ത സ്ഥലത്തിൽ സുരക്ഷിത യായി നിൽക്കുന്ന അവൾക്കരുകിലേക്ക് ഞാൻ നീങ്ങി. എന്നിട്ട് പതിയെ മന്ത്രിച്ചു.. ഫെയ്സ്ബുക്ക് എന്തെങ്കിലും ഓപ്പൺ ചെയ്യാനാണെങ്കിൽ കണക്ടിവിറ്റി ഷെയർ ചെയ്ത് തരാം .. അതു കേട്ടതും അവൾ പന്തം കണ്ട പെരിച്ചാഴിയെപ്പോലെ എന്റെ മുഖത്തേക്ക് നോക്കി.. അതുകൊണ്ട് മാത്രം ഞാൻ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു.. നെറ്റ് കണക്ഷൻ ഷെയർ ചെയ്ത് തന്നാൽ ഫെയ്സ്ബുക്ക് ഉപയോഗിച്ച് കാത്തിരിക്കുന്ന ആളെ കോൺടാക്റ്റ് ചെയ്യാലോ?.. "എടാ മണ്ടൻ കൊണാപ്പി" എന്നവൾ മനസ്സിൽവിളിച്ചെന്ന് മുഖത്തിൽ വ്യക്തമായിരുന്നു. അവൾ പറഞ്ഞു എന്റെ ഫോൺ സ്വിച്ച് ഓഫ് ആയിപ്പോയി അതാ നമ്പർ ഒന്നും എടുക്കാൻ പറ്റാത്തത്.. എന്റെ മുഖത്തെ വളിപ്പ് മനസ്സിലായിട്ടോ എന്തോ മഴ ആർത്തു ചിരിച്ചു പൊട്ടിപ്പൊട്ടി പെയ്യാൻ തുടങ്ങി.. എന്റെ ചമ്മൽ കാണിക്കാനായി കൂട്ടുകാരനായ കാറ്റിനെയും കൂട്ടികൊണ്ടു വന്നു ആ ദ്രോഹി .കാറ്റിനും ചിരി സഹിക്കാൻ പറ്റാതായപ്പോൾ ഉള്ള അവസ്ഥ പിന്നെ പറയണ്ടല്ലോ.. ഞങ്ങൾ 2 പേരും നനഞ്ഞു കുളിച്ചു. ആ പാവം മരത്തിനും ഞങ്ങളെ സഹായിക്കൻ പറ്റാതായി. .എന്റെ മനസ്സിലെ സ്വാർത്ഥൻ ഉണർന്നു കഴിഞ്ഞിരുന്നു.. ഞാൻ പതിയെ ഒറ്റയക്കു ചായക്കടയുടെ ടാർപ്പോളിൻ ചായവിലേക്ക് മാറ്റി .. എന്നിട്ട് അവിടെ നിന്ന് അവളെ നോക്കി കൊഞ്ഞനം കുത്തി അതു കണ്ട മഴയ ക്ക് ദേഷ്യം വന്നിട്ടാകണം ഉടനെ ഒരു മിന്നലിനെ എന്റെ നേർക്ക് പറഞ്ഞയച്ചു. ഞാൻ പണ്ട് കളരിയൊക്കെ പഠിച്ചതു കൊണ്ടാകണം ഓതിരം അടിച്ചു ഒഴിഞ്ഞുമാറി .. ചെവിയുടെ സൈസ് വഴി സ്ലോ മോഷനിൽ പോകുന്നത് കണ്ട ഞാൻ രജനികാന്ത് സ്റ്റൈലിൽ ഒരു ചിരി ചിരിച്ചു.അതിനു മുമ്പ് ഭൂമിയെ രണ്ടായി പിളർക്കും എന്ന രീതിയിൽ ഒരു ഇടി.. എന്റെ പാതി ജീവൻ പറന്ന് വേറെ എതോ ഗ്രഹത്തിലെത്തി.ഉള്ള ജീവൻ വച്ച് ചുറ്റും നോക്കിയപ്പോൾ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ചുറ്റുമുള്ള അണ്ണൻമാർ ഘനഗംഭീരത്തിൽ നിൽക്കുന്നു.. നമ്മുടെ കഥാനായിക ഇരു കൈകൾ കൊണ്ടും പറ്റുമെന്നുണ്ടായിരുന്നെങ്കിൽ കാലുകൾ കൊണ്ടും ചെവി പൊത്തി പിടിച്ച് അടുത്ത ഇടിയെയും പ്രതീക്ഷിച്ചു നിൽക്കുകയാണ്. ഞാനും ഉടനെ അണ്ണൻമാരെപ്പോലെ മുഖത്ത് ധൈര്യം വരുത്തി കൂട്ടി ഇടിച്ചു കൊണ്ടിരുന്ന മുട്ടിനെ ശരിയാക്കി ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ നിൽക്കാൻ തുടങ്ങി.. ഇനി അണ്ണൻമാരും ഇങ്ങനെ തന്നെയാണോ എന്ന് സംശയിക്കാതിരുന്നില്ല....
എന്റെ മുഖത്തെ ധൈര്യം കണ്ടിട്ടാണോ അതോ മഴയെ പേടിച്ചാണോ എന്നറിയില്ല അവൾ എന്റെ അടുത്തേക്ക് വരുവാൻ തുടങ്ങി. വന്നപ്പാടെ എന്റെ മുഖത്ത് പോലും നോക്കാതെ എന്റെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന എള്ളോളം സ്ഥലം വാടയ്ക്കെടുത്തു എന്ന തരത്തിൽ കയറി നിൽപ്പായി'.. അതു എന്നിലുള്ള വിശ്വാസം കൊണ്ടാണ് എന്ന് എനിക്ക് വെളിപാടുണ്ടായി .. ആ വിശ്വാസം നല്ലതല്ല.. ഞാൻ അത്ര നല്ല കുട്ടിയല്ല എന്നവളെ ബോധ്യപ്പെടുത്താനായി ഞാൻ എന്നോ ഉപേക്ഷിച്ചിരുന്ന രാജാവിന്റെ പുകച്ചുരുളുകളെ എന്നിലേക്കാവാഹിക്കാനായി ഞാൽ ആ ചായക്കടയിലെ ചേട്ടന് 12 രൂപ നീട്ടിക്കൊടുത്തു.. (Smoking is Injurious to Health ) .എന്റെ മനസ്സ് വായിക്കുവാൻ കഴിഞ്ഞ ആ ചേട്ടൻ ഒരു സിഗരറ്റ് എന്നിലേക്ക് നീട്ടി.ആ മഴ നനയാതെ അത് കത്തിച്ചു വലിക്കുവാൻ ആരംഭിച്ചു.. കൂടുതൽ വലിക്കുവാൻ സാധിക്കുന്നില്ല .ഞാൻ പ്രണയിക്കുന്ന സുന്ദരിക്കുട്ടിയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. ആ നിമിഷം തന്നെ ശരീരത്തിലെ മഴവെള്ളം സിഗരറ്റിനെയും പുൽകിക്കെടുത്തിയിരുന്നു.. എന്റെ മനസ്സിന് അപ്പോളാവശ്യം സിഗരറ്റിന്റെ ലഹരിയായിരുന്നില്ല.. ദുശ്ശീലങ്ങൾ ഉള്ള ആർക്കും മറ്റൊരാളെ സഹായിക്കാൻ കഴിയും എന്നും ദുശ്ശീലമില്ലായ്മയാണ് ഒരാളെ നല്ലവനായി പരിഗണിക്കേണ്ടത് എന്ന മാനദണ്ഡം അവളുടെ മനസ്സിൽ നിന്നെങ്കിലും ഉടച്ചു കളയണമെന്ന് എന്നിക്ക് തോന്നി...
ഞാൻ അവിടെ വന്നിട്ടും മഴ നനഞ്ഞു തുടങ്ങിയിട്ടും അവൾക്ക് കാവൽ എന്നവണ്ണം ആ നിൽപ്പു തുടങ്ങിയിട്ടു ഏകദേശം 2 മണിക്കൂറിലധികമായിരുന്നു.. അവളുടെ കണ്ണിലെ പ്രതീക്ഷ കൈവിടുന്നതോടൊപ്പം മഴയുടെ ശമനവും ഞാൻ കണ്ടു. അവൾ പതിയെ റോഡിലേക്കിറങ്ങി.. എന്റെ മനസ്സ് വീണ്ടും ആശങ്കിച്ചു കൈയിൽ പൈസ ഉണ്ടാകുമോ?.. അവൾ തിരിഞ്ഞു നോക്കാതെ ആ റോഡിലൂടെ ഒഴുകുന്ന വെള്ളപ്പാച്ചിലിന്റെ ഏറ്റവും ശോഷണീയമായ ഭാഗത്തു കൂടി അതിനെ ചാടിക്കടന്നു റോഡ് മുറിച്ചു കടന്ന് കൊണ്ട് പേഴ്സിൽ തപ്പുന്നു.. ആ ഇരുട്ടിലും ഞാൻ വ്യക്തമായി കണ്ടു. അതൊരു താക്കോൽ ആയിരുന്നു.. അവൾ ധൃതിയിൽ വണ്ടിക്കുള്ളിൽ നിന്നും ഹെൽമറ്റും അണിഞ്ഞ് കണ്ണ് നേർവശത്തേക്ക് പായിച്ച് അത്യാവശ്യം വേഗതയിൽ ഓടിച്ചു അകന്നു.. ഞാൻ എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന ഉത്തരം മനസാക്ഷി നൽകിക്കഴിഞ്ഞിരുന്നു.
അവിടെ അതാ സദാചാര മൂളലുകൾ.. "ആ അവൾ പോയല്ലോ, ഇതിനെയൊക്കെ ആരാണോ അഴിച്ചു വിട്ടേക്കുന്നത്.നേരം പാതിരാവായതു പോലും അവൾ അറിഞ്ഞിട്ടില്ല" കൂടെ നിന്ന ഒരു സദാചാരക്കാരൻ എന്നെ ചൂണ്ടിിപ്പറഞ്ഞു " ഞാൻ കരുതി ഈ പയ്യന്റെ കൂടെ വന്നതാകാമെന്ന് 'ഞാൻ ഒന്നുമല്ല എന്ന ഭാവത്തിൽ അയാളെ ഞാൻ നോക്കി .. അപ്പോൾ എനിക്ക് മനസ്സിലായി അവൾ തിരിഞ്ഞു നോക്കാതിരുന്നതിന്റെയും നന്ദി വാക്കുകൾ പൊഴിക്കാത്തതിന്റെയും അർത്ഥം... ഞാൻ അതർഹിക്കുന്നില്ല എന്നു എനിക്കറിയാം എന്റെ കടമ മാത്രമായിരുന്നു അത് .. ഈ ലോകവും രാത്രിയും എല്ലാം സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് എന്തുകൊണ്ട് ഇവർക്കു മനസ്സിലക്കുന്ന ചോദ്യത്തിനൊപ്പം ഞാൻ നടന്നു .ഇന്നലെ മുഖപുസ്തകത്തിലെഴുതിയ വാക്കുകൾ മനസ്സിലേക്ക് ഓടി വന്നു.
"എന്റെ കണ്ണു മുന്നിലോ എനിക്കു പ്രതികരിക്കാൻ കഴിയുന്ന ദൂരത്തിലോ ഒരു പെൺകുട്ടി ഒരിക്കലും പീഡിപ്പിക്കപ്പെടില്ല"
അതിന്റെ ചാരിതാർത്ഥ്യത്തിൽ ഞാൻ നടന്നു കൊണ്ടേ ഇരുന്നു..
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക