നടന്ന് നടന്ന് രണ്ടു മൂന്ന് ചെരുപ്പ് തേഞ്ഞിട്ടാണ് മനസ്സിന് ഒത്തിണങ്ങിയ ഒരു പെണ്ണിനെ കിട്ടിയത്... രണ്ടു വീട്ടുകാർക്കും ഇഷ്ടമായി .. പക്ഷെ പെണ്ണിന് ഒരു ഡിമാൻഡ് ഉണ്ട് എന്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡും അവൾക്ക് കൊടുക്കണം .. പെണ്ണ് തിരഞ്ഞു തിരഞ്ഞു മൂക്കിൽ പല്ല് വന്നവന്റെ സങ്കടം നിങ്ങൾക്ക് മൻസിലാകുമോ..?.. എന്തായാലും വേണ്ടില്ല ഞാൻ അതങ്ങട് സമ്മതിച്ചു.. പിന്നെ എല്ലാം ശടപെടാ എന്നായിരുന്നു.. വിവാഹവും കഴിഞ്ഞു ലീവും തീർന്നു.. തിരിച്ചു പോകാൻ നേരത്ത് നിറകണ്ണുകളോടെ വന്ന് അവളെന്റെ പാസ് വേർഡ് ചോദിച്ച ഓർമ്മയും നെഞ്ചിലേറ്റി പ്രവാസ ലോകത്തേക്ക് മടങ്ങി..
ഉണ്ണിയേട്ടാ ആ പെണ്ണ് എതാണ് '...? ഉണ്ണിയേട്ടന് ഇന്നലെ മെസ്സേജ് അയച്ചത്..!!
എന്ന് പറഞ്ഞു അവളുടെ വാട്സ് ആപ്പ് മെസേജും സ്ക്രീൻ ഷോട്ടും കൂടി കണ്ടാണ് ഉറക്കം ഉണർന്നത്.. ദൈവമേ ഇനി ഇന്ന് ഇതിന്റെ പേരിൽ ആകും പുകില്... എന്നും ഇങ്ങനെ എന്തേലും കൊണ്ട് വരും...
എഴുതുന്ന ഗ്രൂപ്പ് വഴി പരിചയപ്പെട്ടതാണ്... ഇടക്ക് മെസേജ് അയക്കും എന്ന് പറഞ്ഞു ഞാൻ സ്കൂട്ടായി..
ഇനി അവൾക്കുള്ള മറുപടി ഞാൻ കൊടുത്തോളം അവള് ശൃംഗരിക്കാൻ വന്നിരിക്കുന്നു. എന്ന് പറഞ്ഞു ഒരു പുച്ഛത്തിന്റെ സ്മൈലിയും ഇട്ട് അവൾ പോയി...
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾക്ക് അടുത്ത സംശയം..
ഉണ്ണിയേട്ടാ....
സുഖിപ്പിക്കുന്ന ഉണ്ണിയേട്ടാ വിളിയിൽ തന്നെ അറിയാം എന്തോ കാര്യസാധ്യത്തിനാണ് എന്ന്...
എന്തോ.. ഞാൻ നീട്ടി മൂളി...
അതെ ..അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
ചോദിക്ക്...
അല്ലേൽ വേണ്ട.. ഒന്നുമില്ല... (നമ്മൾ ആണുങ്ങളെ ചക്രവ്യൂഹത്തിൽ വീഴ്ത്താൻ ഉള്ള പെൺ വർഗ്ഗത്തിന്റെ സ്ഥിരം യുദ്ധമുറ.. )
പറ പെണ്ണെ കളിക്കാതെ എന്താ കാര്യം..? ( എല്ലാ പുരുഷ കേസരിയെ പോലെ ഞാനും ആ മുറയിൽ വീണു പോയി)
ഉണ്ണിയേട്ടാ അതെ ഈ വാട്സ് ആപ്പ് അക്കൗണ്ട് രണ്ടു മൊബൈലുമായി ലിങ്ക് ചെയ്യാൻ കഴിയുമോ... ?
ചോദ്യം കേട്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി.. എനിക്കുള്ള എട്ടിന്റെ പണിയാണെന്ന്.. സത്യത്തിൽ അവൾക്ക് എന്റെ അക്കൗണ്ടിൽ ആരൊക്കെ എന്തൊക്കെ മെസേജ് അയക്കുന്നു എന്ന് അറിയണം... എന്നാലും എനിക്ക് ഒന്നും മനസിലാകാത്ത പോലെ ഞാൻ പറഞ്ഞു എനിക്ക് നിന്നെ വിശ്വാസമാണെന്ന്... പാവം ഞാൻ, ഭാര്യയെ അത്ര വിശ്വാസമുള്ള ഭർത്താവായിമാറി..
മറുപടിയായി കണ്ണിൽ ലവ് ഉള്ള ഇമോജി പ്രതീക്ഷിച്ച എന്റെ പ്രതീക്ഷയുടെ ട്രേഡ് സെൻററിലേക്ക് ജെറ്റ് വിമാനം ഇടിച്ചു കയറ്റിയ പോലെ മുഖം ചുവപ്പിച്ച ഇമോജിയാണ് അവൾ അയച്ചത്...
ഞാൻ തടിതപ്പിയതാണ് എന്ന് അവൾക്ക് മനസിലായിരിക്കുന്നു.. പഴയ പോലെ അല്ല പെൺകുട്ടികൾ ഇപ്പോൾ ആണിനെക്കാളും മുകളിൽ ആണ് എന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി...
കളിക്കല്ലേ ഉണ്ണിയേട്ടാ.. എനിക്ക് ഉണ്ണിയേട്ടന്റെ അക്കൗണ്ടിലെ മെസേജ് കാണണം... അതിനാണ്..
അയ്യോ അതായിരുന്നോ.. സോറി ട്ടോ.. എനിക്ക് മനസിലായില്ല... നീ ഒന്ന് അന്വേഷിക്ക് എന്റെ അറിവിൽ അങ്ങനെ ലിങ്ക് ചെയ്യാമോ എന്ന സംഭവം ഇല്ല...
എന്ന് പറഞ്ഞു ഞാൻ തടി തപ്പി.....
പൊന്ന് ആൻഡ്രോയിഡ് മുത്തപ്പാ ചതിക്കല്ലേ... അങ്ങനെ വല്ല ആപ്പും കണ്ടു പിടിച്ചാൽ ഞങ്ങൾ പാവം ഭർത്താക്കന്മാമാർ കുഴയുമല്ലോ.. ഇനി ഉണ്ടെങ്കിൽ തന്നെ ആരും പറഞ്ഞു കൊടുക്കല്ലേ എന്ന് മനസ്സിൽ ആശിച്ചു...
അങ്ങനെ ചെറിയ പരിഭവങ്ങളും പിണക്കങ്ങളും കുശുമ്പുകളും നിറഞ്ഞ ജീവിതം പതുക്കെ പതുക്കെ തള്ളി നീങ്ങി അടുത്ത അവധിക്കാലമായി...
നാല്പത് ദിവസത്തെ അവധിക്ക് നാട്ടിൽ വന്ന് രണ്ടു ദിവസമേ ആയുള്ളൂ.. ടോയ്‌ലറ്റിൽ പോകാൻ എഴുന്നേറ്റപ്പോൾ അവൾ നല്ല ഉറക്കം... ലൈറ്റിട്ട് പാവത്തിനെ ഉണർത്തണ്ടല്ലോ.. എന്ന് എന്നിലെ സ്നേഹനിധിയായ ഭർത്താവ് ഒന്ന് ഓർമ്മിപ്പിച്ചു... തലയോണയുടെ അടിയിൽ നിന്നും മൊബൈൽ എടുത്തു അതിന്റെ ഡിസ്‌പ്ലേ ലൈറ്റിൽ ഞാൻ ടോയ്‌ലറ്റ് ലക്ഷ്യമാക്കി നടന്നു..
വീട്ടിൽ വോഡാഫോണിന്റെ നെറ്റ് വർക്ക് വളരെ കുറവാണ്.. കാറ്റ് അടിച്ചാൽ മാത്രം നെറ്റ് വർക്ക് കിട്ടൂ... ടോയ് ലറ്റിൽ കയറിയതും വോഡാഫോണിന്റെ സർവീസ് പ്രൊവൈഡർ മുന്നേ എപ്പോഴോ അയച്ച ഫുൾ ടോൾക്ക് ടൈം ഓഫറിന്റെ ഒരു മെസേജ് എന്റെ ഇൻബോക്സിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്.. ഈ വോഡഫോൺകാര് ഇങ്ങനെ പ്രവാസി ലീവിന് വന്നാൽ ഉടനെ ഫുൾ ടോക്ക് ടൈം മെസേജ് തരുന്നത്.. എങ്ങനെയാ ഇത് അറിയുന്നത് എന്ന് ഞാൻ എന്നോട് തന്നെ സംശയം ചോദിച്ചു... ആ മെസേജും ഡിലീറ്റ് ചെയ്തു ഞാൻ പുറത്തേക്കിറങ്ങി... വാതിൽ തുറന്നതും ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്ന അവൾ.. കണ്ണിലെ രൗദ്രഭാവം കണ്ട് എനിക്ക് ഒന്നും മനസിലായില്ല...
കള്ളനെ പോലെ എന്നെ ഉണർത്താതെ ടോയ്‌ലറ്റിൽ കയറിയപ്പോഴേ എനിക്ക് തോന്നിയത് ആണ് എതോ പെണ്ണിന് മെസേജ് അയക്കാനാണെന്ന്.. ഇത് പറഞ്ഞു മുഴുവിപ്പിച്ചതും കൂടെ കരച്ചിലും തുടങ്ങി.. വീട്ടിലെ എല്ലാവരും ഉണർന്നു എന്റെ മിസ്റ്റർ പെർഫെക്റ്റ് എന്ന ഇമേജ് കപ്പലിൽ കയറി അയ്യോ അല്ല അത് വിമാനത്തിൽ തന്നെ കയറി... എത്ര പറഞ്ഞിട്ടും പെണ്ണ് കേൾക്കുന്നില്ല..
ഞാൻ കേട്ടതാണ് മെസേജ് വരുന്ന ശബ്ദം .. സത്യം പറ ആരാണ് അവൾ...!!
അവൾ ഈ ചോദ്യത്തിൽ തന്നെ നിൽപ്പാണ്... എന്താ പറയാ.. എട്ടിന്റെ പണി സർവീസ് പ്രവൈഡർ തന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...
പല അനുരഞ്ജന ചർച്ചകളും പൊളിഞ്ഞു.. ഇനി എന്നോട് മിണ്ടാൻ വന്നാൽ ഞാൻ വീട്ടിൽ പോകും എന്ന ഭീഷണിയായി.. അവളുടെ വീട്ടിൽ അറിഞ്ഞാലുള്ള എന്റെ മാനത്തിന്റെ കാര്യമോർത്ത് ഞാൻ പിന്നീട് അതിന് മുതിർന്നില്ല...
ചങ്കരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പറഞ്ഞ പോലെയായി എന്റെ അവസ്ഥ.. ഞാൻ കട്ടിലിലും അവള് താഴെയുമായി ദിവസങ്ങൾ കടന്നു പോയി...
തിരിച്ചു പോകാൻ പെട്ടി കെട്ടുമ്പോഴാണ് മുതലക്കണ്ണീരോടെ അവൾ വന്നത്.. ഉണ്ണിയേട്ടാ എന്നോട് ക്ഷമിക്ക് ഞാൻ ഇപ്പോഴാണ് ഇത് വായിച്ചത് എന്ന് പറഞ്ഞ് അവൾ ഡയറി എനിക്ക് തന്നു.. ഇനി അടുത്ത ലീവ് സ്വപ്നവും കണ്ട് മനസ്സിൽ സർവീസ് പ്രവൈഡറിനെ നാല് തെറിയും വിളിച്ച് ഞാനിന്ന് വിമാനം കയറി....
Sajith_Vasudevan(ഉണ്ണി...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക