നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓർമ്മകൾക്ക് മരണമില്ല.


കണ്ണീരണിഞ്ഞുകൊണ്ടണയുന്നു
കലിതുള്ളി പെയ്യുമൊരു കർക്കടകം
കണ്ണീരിന്നുമുണങ്ങിയിട്ടില്ല
കരളിലെരിയുമൊരു താത വിയോഗം.
കട്ടിക്കണ്ണട കട്ടി മീശ, പാതി നരച്ച മുടിയും ,
കരളിലെന്നും സ്നേഹത്തിൻനാളമാണേ .
കാലചക്രം തിരിഞ്ഞതെത്ര വേഗത്തിൽ
കാലനറുത്തെടുത്തതെന്റെ ജീവൻ .
കർക്കടകപ്പുലരിയിലൊരു വാവു വരവായ്
കറുക, ചന്ദനം, ദര്ഭ ,നാക്കിലയൊരുക്കട്ടേ.
കറ മാറ്റിയെടുക്കണം വെള്ളോട്ടു കിണ്ടി
കളം മയക്കാനിത്തിരി ചാണകവും.
കണ്ണീർപ്പെയ്ത്തിനിടയിലന്നങ്ങു -
കണ്ണടച്ചൊഴുക്കിയൊരസ്ഥിക്കഷണം
കരിമേഘകൂട്ടങ്ങളും അന്നങ്ങു കണ്ണുനീർ തൂവി
കണ്ടുനിന്ന കണ്ണിലും നീർപൊടിഞ്ഞു.
* കങ്കന്റെ ഹുങ്കിനെ പിടിച്ചുകെട്ടാനാവില്ല
കടവിലീറനുടലുമായന്നു തേങ്ങി
കടവുൾ കനിഞ്ഞെങ്കിലിന്നുമാ കൈകൾ
* കങ്കാണിയായെൻ ഇടംവലം കാക്കില്ലേ .
കല്ലെടുത്തൊരടുപ്പൊരുക്കട്ടേ
കണ്ണീരിൽ മുക്കി കഴുകട്ടെ കുത്തരി
കത്തിച്ചു വെയ്ക്കട്ടേ നിലവിളക്കും
കളത്തിലൊരുക്കട്ടേ നാക്കിലയും.
കാക്കയായിന്നച്ഛൻ കരയുന്നു
കറുകനാമ്പെൻ കൈയിൽ വിറയ്ക്കുന്നു
കണ്ണീരുപ്പു ചേർത്തൊരുരുള ഞാൻ
കാലനെ ശപിച്ചൊന്നു നല്കിടട്ടേ .
കാലചക്രമുരുണ്ടിട്ടാണ്ടേഴായ്
കദന ഭാരമായിന്നുമുണ്ടാസ്നേഹ സ്വരങ്ങൾ .
കാലമേ വേദന മാത്രം നല്കാന്നെന്തിനു തന്നു
കലിയിലൊരു മർത്യ വേഷം ?
കർക്കിടകം തുടികൊട്ടി പെയ്യുമീ വേളയിൽ
കിളിമകൾ പാടിയ പാട്ടന്നച്ഛനേറ്റു പാടി
കൺമുന്നിലിന്നുമന്നു ചൊല്ലിയ വാക്കുകൾ
കിളി പാടി "ജാതനാകിൽ വരും സുഖ ദുഃഖവും "
* കങ്കൻ = കാലൻ
കങ്കാണി = മേൽനോട്ടക്കാരൻ
................ #ലിജീഷ് പള്ളിക്കര............

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot