Showing posts with label MohammedAshraf‎. Show all posts
Showing posts with label MohammedAshraf‎. Show all posts

വേശ്യയുടെ അച്ഛൻ


വേശ്യയുടെ അച്ഛൻ
തുന്നിക്കെട്ടി പായയിൽ പൊതി ഞ്ഞു ഉമ്മറ കോലായിൽ കിടത്തിയ ആ വൃദ്ധമുഖത്തേക്ക് അവൾ ഒന്ന്എത്തി നോക്കി...വര്ഷങ്ങളായി നോക്കിയിട്ടില്ലാത്ത ആ അച്ഛന്റെ മുഖത്തേക്ക്..
റോഡിൽ നിന്നുംകുന്നിൻ ചെരിവിലേക്കുള്ള ആ ഒറ്റ വരി വഴിയുടെ ഇടതു ഭാഗത്തെ കുറ്റിക്കാടുകൾ നിറഞ്ഞ ആ വെള്ളക്കെട്ടിലായിരുന്നു ആ ശരീരം പൊങ്ങി കിടന്നിരുന്നത്....
ആർക്കും അതൊരു വിഷയമായിരുന്നില്ല... .ശരീരം പാതി ചത്ത ഒരു വൃദ്ധൻ ..ഒരു നാടൻ വേശ്യയുടെ അച്ഛൻ..അത്രമാത്രമാണിന്നു അയാൾ ആ നാട്ടുകാർക്ക്.....
ആരോ ആ കുന്നിൻ ചെരുവിലെ ഓലപ്പുരയിൽ എത്തി
അന്വേഷിച്ചപ്പോൾ മാത്രമാണ് അയാളെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു എന്ന് നാട്ടുകാർ പോലും അറിഞ്ഞത്.
..
ഗോപാലൻ ആശാരി..പതിവ് പോലെ ഇന്നലെയും അയാൾ തന്റെ തളർന്നു പോയ ഇടത്തെ കാൽ വലിച്ച് കൊണ്ട് അങ്ങാടിയിലെ ചായപ്പീടികയിലെ ബെഞ്ചിൽ വന്നിരുന്നു. ചാത്തുകൊടുത്ത അരച്ചായ കുടിച്ച് തീർന്നിട്ടും ഇരിപ്പു തുടർന്നപ്പോൾ ആരോ പരിഹാസ ചിരിയോടെ പറഞ്ഞു...
"ചാത്തൂ......നിന്റെ പറ്റു പയിസ നാളെ കിട്ടും....ആശാരിന്റെ വീട്ടിൽ ആരോ വന്നിട്ടുണ്ട്...അതാ ആശാരി അങ്ങോട്ട് പോകാത്തത്.".
അതൊരു അങ്ങാടിപ്പാട്ട് ആണ് ...ഗോപാലൻ ആശാരി ചാതൂന്റെ പീടികയിലെ ബെഞ്ചിൽ ഉച്ചവരെ ഇരുന്നാൽ വീട്ടിൽ മോളുടെ ഏതോ പറ്റു കാര് വന്നിട്ടുണ്ട്.....അവര് പോകുന്നവരെ അയാൾ അവിടെ ഇരിക്കും...പിറ്റേ ദിവസം വന്നു ചാത്തൂന്റെ ചായപ്പടികയിലെ കണക്കു തീർക്കും.
ദൂര ദേശത്ത് പോലും പോയി വീടുകൾക്കും കിണറിനും സ്ഥാനം കണ്ട ഗോപാലൻ ആശാരി സ്വന്തം വീടിനു സ്ഥലം കണ്ടത് ആ കുന്നിൻ ചെരിവിലായിരുന്നു.ആ ഓലപ്പുരയിലേക്കു ഇടവഴിയിൽനിന്നും കയറി പോകാൻ കല്ലുകൾ പാകി വഴിയുണ്ടാക്കിയത് അയാൾ തന്നെ. എത്രയോ പേർ അയാളെ അന്വേഷിച്ച് വന്നിരുന്ന ആ വഴിയിൽഇന്ന് പുല്ലുകൾ നിറഞ്ഞിരിക്കുന്നു.
ആ വഴി യിലൂടെ ആരും വരാതായപ്പോഴാണ് തെക്കു ഭാഗത്തെ കുറ്റിക്കാടുകൾക്കിടയിലൂടെആ കുടിലിലേക്ക് ഒരു വഴിഉണ്ടായതും.
ആ കുറ്റിക്കാടുകൾക്കിടയിൽ ഒരനക്കം ഉണ്ടായാൽ അയാൾ പതുക്കെ ദ്രവിച്ച് തുടങ്ങിയ തൂണ് ചാരി വച്ച ഊന്നു വടിയെടുത്ത് മുറ്റത്തേക്കിറങ്ങും .
തന്റെ പാതി ചത്ത ഇടത്തെ കാൽ വലിച്ച് കൊണ്ട് പൂപ്പൽ പിടിച്ച പടവുകളിറങ്ങിപ്പോകും.
അതൊരു രക്ഷപ്പെടൽ ആണ്.തന്റെ മകളുടെ ശരീരം തേടി എത്തുന്നവരുടെ പരിഹാസ നോട്ടത്തിൽ നിന്നും ഉള്ള ഒരു അച്ഛന്റെ രക്ഷപ്പെടൽ.ഇന്നലെയും അയാൾ അങ്ങനെ ഇറങ്ങിയതാണ്.
രണ്ടു മൂന്നു കൊല്ലം മുൻപ് അപ്രതീക്ഷിതമായി ഒരു രാത്രിയിൽ ഒരു ഭാഗം തളർന്നു പോയ പ്പോഴാണ് ആ വീട്ടിലെ മൂന്ന് വയറുകൾ എരിഞ്ഞു തുടങ്ങിയത്. .മാനസിക വിഭ്രാന്തിയുള്ള അനിയൻ കാലിയായ അടുക്കള പാത്രം എറിഞ്ഞു ഉടച്ചപ്പോഴാണ് സഞ്ചിയുമായി പല ചരക്കു കടയിൽ അവൾ ആദ്യമായി പോയതും, തിരിച്ചു സഞ്ചി നിറയെ സാധനങ്ങളുമായിവന്നതും.
അന്ന് രാത്രി ആദ്യമായി ആ വീട്ടിലേക്കു കുറ്റിക്കാടുകൾക്കിടയി ലൂടെ ഒരു വഴി ഉണ്ടായി
..ആ വഴിയിലൂടെ വന്നത് ആ പല ചരക്കു കടക്കാരനും.
.പിറ്റേ ദിവസം പാതി ചത്ത അച്ഛന്റെ കയ്യിലേക്ക് ഒരു അഞ്ചു രൂപ നോട്ടു വച്ച് കൊടുത്തപ്പോൾ അവർ പരസ്പരം നോക്കിയിരുന്നില്ല.
പിന്നീട് ഒരിക്കലും അച്ഛന്റെ കയ്യിൽ മുഷിഞ്ഞ നോട്ടുകൾ വച്ച് കൊടുത്തപ്പോപ്പോൾ അവർ പരസ്പരം മുഖം കണ്ടിരുന്നില്ല..!!

അക്ഷര വഴികൾ


ഹേ…വിശക്കുന്ന മനുഷ്യാ... പുസ്തകം കയ്യിലെടുക്കൂ..അതൊരു ആയുധമാണ്"..ഏതു മഹാൻറെ വാക്കുകൾ എന്നറിയില്ല ...ഞാൻ കേട്ടത് കെ .ഇ.എൻ മൂന്നു അക്ഷരങ്ങളാൽ അറിയപ്പെടുന്ന പ്രസിദ്ധ
എഴുത്തുകാരനും കമ്മ്യൂണിസ്റ്റു സഹയാത്രികനുമായ എന്റെ പ്രീഡിഗ്രീ മലയാളം അധ്യാപകനിൽ നിന്ന് തന്നെ.
അറിവ് ഏറ്റവും കുറഞ്ഞത് വിശപ്പ ടക്കാനുള്ള
ആയുധം തന്നെ...ഒപ്പം കലാലയ ജീവിതം മറക്കാൻ പറ്റാത്ത അനുഭവങ്ങളും ..
"പ്രിയ വിദ്യാർഥി വിദ്യാർഥിനീ സുഹൃത്തുക്കളെ , നാം ജീവിതത്തിന്റെ ഒരു പറിച്ച് നടലിന്റെ ഘട്ടത്തിലാണ്
..ഏതാനും ദിവസങ്ങൽക്കകം നാം ഈ കലാലയത്തിന്റെ പടി ഇറങ്ങുകയാണ്..ഒപ്പം ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ ..നമ്മളിൽ മഹാ ഭൂരി പക്ഷവും ജീവിതത്തിൽ ഇനി ഒരിക്കലും വിദ്യാർഥി, വിദ്യാർഥിനികൾ
എന്ന് സംബോധന ചെയ്യപ്പെടുകയില്ല" . അതൊരു വേദനിപ്പിക്കുന്ന സത്യമായിരുന്നു..
എന്ജിനീയറിംഗ് കോളേജിന്റെ പടിയിറങ്ങുന്ന കാലത്ത് ഞങ്ങൾ സഹപാഠികൾ അവസാനമായി ഒത്തു ചേർന്നപ്പോൾ എന്റെ തന്നെയായ വാക്കുകൾ ...
ഞാൻ എന്റെ ഓർമ്മകളിലൂടെ ഒന്ന് തിരിഞ്ഞു നടക്കുന്നു.നിങ്ങളും കൂട്ടിനുണ്ടാകും എന്ന പ്രതീക്ഷയോടെ ....ഒന്നാം ക്ലാസ്സിൽ അടുത്ത കൂട്ടുകാരൻ എന്റെ അയൽ വാസി തന്നെ ആയിരുന്നു ..അത് കൊണ്ട് തന്നെയാകാം ഇന്നും അവന്റെ പൊട്ടിയ സ്ലേറ്റു ക്ലാസ്സിലൂടെ ഓടിക്കളിക്കുന്നതിനിടക്ക് ആരോ ബാക്കി കൂടെ ചവിട്ടിപ്പൊട്ടിച്ചപ്പോൾ അവന്റെ കരച്ചിൽ എന്റെ മനസ്സിൽ ഒരു ചിത്രമായി കിടക്കുന്നത് .. ഒപ്പം ആ സ്ലേറ്റിൽ എഴുതിയ "തറ" യും "പറ" യും മായ്ച്ച്ചിരുന്ന മഷി തണ്ടുകൾ ഒരു ഓര്മ്മ ചിത്രമായി അവശേഷിക്കുന്നതും. ...ഞങ്ങൾ പുസ്തക താളിനിടയിൽ വച്ച മയിൽ പീലി യുടെ കുഞ്ഞിനെ ഞാൻ ഇന്നും കാത്തിരിക്കുന്നു.......
..
കുന്നിൻ പുറത്തെ റബ്ബർ മരങ്ങൾ ക്കിടയിലൂടെ സ്കൂളിലേക്ക് പോയിരുന്ന ഞങ്ങൾ പെറുക്കി സൂക്ഷിച്ചിരുന്ന റബർ കുരു ഇന്നും മന്സസ്സിന്റെ കീശയിൽ അതെ പോലെ കിടക്കുന്നു....
.ഒപ്പം അടുത്ത്തിരിക്കുന്നവൻ ഒന്ന് എണീറ്റ് ഇരിക്കുമ്പോൾ ബെഞ്ചിൽ അവന്റെ സീറ്റിൽ പെൻസിൽ കുത്തി പിടിക്കുന്ന ഇഷ്ട്ട വിനോദവും!!
അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ ആദ്യത്തെ പറിച്ചു നടൽ ..പുതിയ
സ്കൂൾ ..പുതിയ അന്തരീക്ഷം ..പുതിയ കൂട്ടുകാർ .രണ്ടു കിലോ മീറ്റർ നടത്തവും പിന്നെ ചെങ്കുത്തായ ഒരു മല കയറ്റവും...വഴിയരികിലെ പറമ്പിൽ നിന്നും പറിച്ചുതിന്ന ചാമ്പങ്ങയും .സ്കൂൾ മുറ്റത്തെ മരത്തിൽ നിന്നും എറിഞ്ഞു വീഴ്ത്തിയ നെല്ലിക്കയുടെ പുളിയും മധുരവും !!
.ഞങ്ങളിൽ പലർക്കും നിക്കറിൽ നിന്നും മുണ്ടിലേക്ക് ഒരു സ്ഥാനകയറ്റം... കൂട്ട് കാരികളുടെപാവാടയുടെ നീളം മുട്ടിനു താഴേക്കിറങ്ങിയപ്പോൾ അവർക്ക് ഒരു പുതിയനാണവും .. "ബച്ചൻ കട്ട്" ലേക്ക് മുടി നീട്ടി വളര്ത്തിയ ഞങ്ങൾ കണ്ണാടിക്കു മുൻപിൽ കൂടുതൽ സമയവും.....
കോണിപ്പടികൾ കയറ്റം തുടർന്നു . ഉയരത്തിലുള്ള ഹൈസ്കൂൾ ക്ലാസ് മുറികളിലേക്ക് ... ഒപ്പം ആണ് കുട്ടികളും പെണ്കുട്ടികളും വെവ്വേറെ ക്ലാസിലേക്കും...
ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം മുഖക്കുരുവും , ഏറ്റവും വലിയ പ്രതീക്ഷ മൂക്കിനു താഴെ കിളിർത്തു വരുന്ന മീശയുമായി മാറി .
.ഒപ്പം ഞങ്ങളിൽ പലരിലും സമര, രാഷ്ട്രീയ വീര്യവും .. പൂട്ടി കിടന്നിരുന്ന ഗ്വാളിയാർ റയോണ്സു തുറക്കാൻ വേണ്ടി ഞങ്ങൾ പഠിപ്പു മുടക്കി !!..
ക്ലാസ്സിൽ "നഷ്ട്ടപെട്ട" ആ സുന്ദര കാഴ്ച്ചകൾ ഞങ്ങൾ വഴിയിലും, മൈതാനത്തെ വാക മരചോട്ടിലും , വാട്ടർ ടാപ്പിനു . അടുത്തും ആസ്വദിച്ചു . ..ഒപ്പം "ആ കണ്ണ് കളുടെ “തിരിഞ്ഞു നോട്ടവും..
എസ് എസ് എൽ സി എന്ന വേലി ചാടിക്കടന്നപ്പോൾ വീണ്ടും ഒരു പടി ഇറക്കം ..കുന്നിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് നഗരത്തിലെ കോളേജുകൾ ..വഴിയിൽ ശോഭിക്കാതെ പോയവർ"പാരലെലിലെക്കും . ".... ഞാൻ എത്തിപ്പെട്ടതു "മലബാറിലെ അലിഗർ" ലേക്ക് തന്നെ ...വീട് വിട്ടുള്ള ആദ്യ ജീവിതം..സ്വന്തം കാലിൽ നില്ക്കാനുള്ള ആദ്യ പരിശീലനം.. "പ്രീഡിഗ്രീ".
കൂട്ടിനുണ്ട് ഒരു കൂട്ടം നല്ല ഓർമ്മകൾ അവിടെയും ...സെക്കണ്ട് ഷോ കാണാനുള്ള നടത്തം ..വരിയായ് നിന്ന് ഫറോക്ക് പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് കൂട്ടമായ് "ഒന്ന് സാധിച്ചത്".. മാർച്ചു മാസത്തിൽ കക്കോവ് റോഡിലെ കുഴൽ കിണറിനരികിൽ നിന്ന് കുളിച്ച്ച്ചത്.ക്യാമ്പസിലെ തെങ്ങിലെ കരിക്കും .. "വിശ്വ വിഖ്യാത കള്ളൻ" ശോബ് രാജിന് അഭിവാദ്യം അർപ്പിച്ചു പ്രകടനം നടത്തിയതും.
എന്ട്രൻസ് എന്ന കടമ്പ ചാടി കടന്നപ്പോൾ വീണ്ടും ഒരു പറിച്ചു നടൽ..കരിമ്പനകളുടെയും , വേലകളുടെയും വിഖ്യാതമായ കൽപ്പാത്തി തേരിന്റെയും നാട്ടിലെ ധോണി മലയുടെ താഴ്വാരത്തെക്ക് ..കൊങ്ങപ്പാടത്തെ കള്ള് ഷാപ്പിനു പിറകിൽ
വാടക വീട്ടിലെ "ആദ്യരാത്രിയിൽ" സിവിൽ എന്ജിനീയറിംഗ് പഠിക്കാൻ വന്നവരെ തീപ്പെട്ടി കമ്പ് കൊണ്ട് മുറിയുടെ അളവ് എടുക്കാൻ പഠിപ്പിച്ച "ചേട്ടൻ" മാർ .ഇലട്രിക്കൽ പഠിക്കാൻ വന്നവരെ പോസ്റ്റിൽ കയറാൻ പഠിപ്പിച്ച വർ...റെയിൽവേ കോളനി ...വാസുപിള്ളയും , കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ "നിനക്കും പക്കത്ത് ആണോ ഊണ്" എന്ന് ചോദിപ്പിക്കുന്ന വാസുപിള്ളയുടെ ഊണും , മോര് കറിയും....ബൽക്കീസ് തിയേറ്ററും , ഹോസ്റെലും , ക്യാന്റീനും , മിൽക്ക് ബൂത്തും ,റീ ഡിംഗ് റൂമിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലെ ചിത്ര മാലയും ,ചിത്ര ഗീതവും ..............അപൂർണ്ണമാണിത്
പതിനാറു വർഷത്തെ അക്ഷര വഴിയിൽ കൂട്ട് കാരായി മാറിയ പലരുമുണ്ട്.... അവർക്ക് പൂർണ്ണമാക്കാം...
..
എങ്കിലും ഒരു ആഗ്രഹം ..ഒരിക്കൽ കൂടി ആ പൊട്ടിയ സ്ലേറ്റും, മുറിഞ്ഞ പെന്സിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ ...ഒരിക്കൽ കൂടി സ്കൂൾ മൈതാനത്ത്
പന്ത് കളിച്ചിരുന്നപ്പോൾ അരികിലൂടെ പോയ പാവാടക്കാരികളുടെ ദേഹത്തേക്ക് "അറിയാതെ "പന്തെറിയാനുള്ള സ്വാതന്ത്ര്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 
By: 

കുഞ്ഞോളാ


ആരാ വിളിച്ചേ......?
"കുഞ്ഞോളാ" ...
ഓൾ എപ്പോളാ വര്വാ?... ?
..മറുപടി ഒരു നിശ്ശബ്ദത മാത്ര മാ യപ്പോൾ കട്ടിലിൽ കിടന്നു കൊണ്ട് "അയാൾ തന്നെ പറഞ്ഞു..
"അപ്പൊ ഓളും വരൂല അല്ലെ?".."ഞാ വിചാരിച്ചെ രാവിലെ ഞാൻ പോകുമ്പോ ഓൾ എങ്കിലും കാണും ന്നാ"...
"ഹും..ഓളുടെ കാറ് നന്നാക്കാൻ കൊടുത്തു" .
..."അപ്പൊ..മൂന്നാളും വരില്ല"...
ഹും...."മൂന്നാളും ഒന്ന് തന്ന്യാ ചോതിക്കുന്നെ"
..."ഇങ്ങള് ആർക്കാ..എന്തിനാ ഇനിയും പോണേ??"
.....പത്തു നാല്പ്പത്തഞ്ചു കൊല്ലായില്ലേ ഇങ്ങള് ഇങ്ങന വന്നും പോയും ഇരിക്കുന്നു...പിന്നെയും ഈ വയസ്സ് കാലത്ത്..ആ മരുഭൂമീലേക്ക്
ആയിശാക്കും ഓളെ പുയ്യാപ്ലക്കും കുറച്ചിൽ ആണോലെ ഇങ്ങള് ഇങ്ങനെ വയസ്സാൻ കാലത്ത് പോകുന്നെ.. .ഞാൻ പറയാഞ്ഞിട്ടാ ഇങ്ങള് പോകുന്നെ എന്നാ ഓള് പറേന്നെ...അല്ലെങ്കിലും ഓല് മൂന്നാളും
പറയുന്നത് സത്യല്ലേ?...എന്തിനാ ഈ വയസ്സുകാലത്ത് ഇങ്ങള് ഇനിയും അങ്ങോട്ട് പോണേ..?
അതൊന്നും അനക്ക് അറിയൂല......
ഇങ്ങള് എപ്പോ ചോതിച്ച്ചാലും അത് തന്യാ പറയുന്നേ.."അനക്കൊന്നും അര്യൂല..ന്നു" ..എന്താ ഇത്ര അറിയാന്? ..ഇങ്ങക്കെന്താ ആടെ വേറെ ഓളും കുട്ട്യേളും ഉണ്ടോ?
..ആ ചോദ്യത്തിനു ആ ചെറു വെട്ടത്തിൽ തൊലി തൂങ്ങിയ മുഖത്തു നിന്നും വന്നത് ഒരു ചെറു ചിരി മാത്രം..............................................
"അനക്ക് ഓര്മ്മ ഉണ്ടോ ഞാൻ ആദ്യം പോയ ആ ദിവസം" ...? നിന്നെ കെട്ടി കൊണ്ട് വന്നു പതിനേഴാം ദിവസം ..അന്ന് എനിക്ക് പത്തൊമ്പതു വയസ്സും..അനക്ക് പതിനാലും ..
ഞാൻ കൊച്ചീലു പാസ്പോർട്ട്എടുക്കാൻ പോയപ്പോൾ മീശ വരച്ചാ പോയെ..എന്നിട്ടും ആ ഓഫീസർക്ക് സംശയായ്നു ..എനിക്ക് ഇരുപ ത്തൊന്നു ആയോന്ന് ...പിന്നെ ഒരു നൂറു ഉറുപ്പികയും കൂടി വച്ചു കൊടുത്തപ്പോഴാ ആ സംശയം അയാള്ക്ക് മാറിയെ.....
ഹും...അന്നത്തൊരു കാലം ..പോകുന്നതിന്റെ തലേ ദിവസം ഇവിടെ എന്തൊരു ബഹളായിരുന്നു ...അളിയനും ..പെങ്ങൻ മാരും കുടുംബക്കാരും, നാട്ട്കാർ മുഴുവൻ...എന്നെ ഒരു ജീപ്പില് തീവണ്ടി ആപ്പീസില് കൊണ്ട് പോയി ..തീവണ്ടി നീങ്ങി തുടങ്ങിയപ്പോൾ എന്റെ ഖല്ബില് കത്തിയ തീ...അത് ശെരിക്കും ഒരു "തീവണ്ടി "തന്നെ ആയിരുന്നു...എന്റെ നെഞ്ചിലെ തീ കൊണ്ട് ഓടിയ വണ്ടി....
ഒന്നര മാസാ ഞാൻ ബോംബെല് പച്ച വെള്ളം കുടിച്ചു കിടന്നെ.....അയാള് ആ കഥ ഓർമ്മിച്ചു കൊണ്ടിരുന്നു..
ഹും ...ഇങ്ങള് ആ പണ്ടത്തെ കഥ പറഞ്ഞൊണ്ടിരുന്നൊ..?..അതൊക്കെ കഴിഞ്ഞില്ലേ...ഇങ്ങക്ക് സുബഹിക്ക് പോകണ്ട തല്ലേ? . അയാള് കഥ തുടർന്നപ്പോൾ അവർ അത് മൂളി കേട്ട് കൊണ്ടിരുന്നു..എപ്പോഴോ ആ മൂളൽ
നേർത്തു നേർത്തു വന്നു..ഒപ്പം അയാളുടെ ശബ്ദവും....അവർ ഉറക്കത്തിലേക്ക് ..വഴുതിയിരിക്കുന്നു.......
ഞാൻ ആ കഥ തുടരാം.........................................................................................................................................എഴുപതുകളിൽ ആണ് അയാളും മരുഭൂയിലേക്ക് അറബി പ്പൊന്നു തേടി പോയത്..
.."ബോംബെ അബൂബക്കർക്ക" കൊണ്ട് വന്ന തിളങ്ങുന്ന ആ "ഗൾഫു മുണ്ട്" കണ്ടപ്പോഴാ ണ് അയാൾക്കും ഗൾഫു മോഹം ഉദിച്ചത്..അബൂബക്കര്ക്ക കൊണ്ട് വന്ന "റോത്ത് മാൻസ്" സിഗരറ്റിന്റെ മണവും, ആ ഉയരം കൂടിയ "ഗൾഫു ചെരുപ്പും" അയാളിലെ മോഹം വളർത്തി.
വിസപ്പണം കണ്ടെത്തുവാനുള്ള പിടി വള്ളി ആയിരുന്നുപത്തൊമ്പതാം വയസ്സിലെ കല്യാണം .സ്ത്രീധനത്തുകയും അവളുടെ "കാതിലെതും കഴുത്ത്തിലെതും" കൂടി ചെർന്ന പ്പോൾ വിസക്കുള്ള പണമായി മാറി.. ബോംബയിലെ എജന്ടു വഴി അബൂബര്ക്ക വിസ ശെരി യാ ക്കാ മെന്നും ഏറ്റു
. .അങ്ങനെ ആണ് അയാള് ആ "തീവണ്ടിയിൽ" കയറിയത്..
നീണ്ട അഞ്ചു വര്ഷത്തിനു ശേഷം "ഗൾഫു കാരൻ" ആയി ആദ്യത്തെ ഒരു തിരിച്ചു വരവ് .അതിനിടയിൽ പലതും പഠിച്ചു.അക്ഷരങ്ങൾ കൂട്ടി വായിക്കാൻതുടങ്ങിയപ്പോൾ സ്കൂൾ നിർത്തിയ ആൾ അറബി നാട്ടിൽ നിന്നും ഹിന്ദി പഠിച്ചു ....,ഗ്രാമത്തിലേക്ക് എപ്പോഴെങ്കിലും വരുന്ന ജീപ്പിനു പുറകിൽ "തൂങ്ങി "മാത്രം പരിച യമുള്ള യാൾ വാഹനത്തിന്റെ വളയം പിടിച്ചു.. ..അറബി നാട് നല്കിയ പുതിയ അറിവുകൾ... റോത്ത്മാന്സു സിഗരെറ്റും , അത്തറും ,സ്പ്രേകളും, ഉടുപ്പുകളും, ടെർലിൻ തുണികളും, ജപ്പാൻ ലുങ്കികളും ,അളിയൻ മാര്ക്കുള്ള വാച്ചുകളും കുത്തി നിറച്ച പെട്ടിയും ഒപ്പം " പറയുന്നത് കേട്ട് തിരിച്ചു പറയുന്ന" ടേപ്പ്റിക്കാർഡേർ " "റേഡിയോയുമായുള്ള ആദ്യ വരവും ബോംബെ വഴി...ആ വലിയ പെട്ടി വച്ചു കെട്ടിയ ഒരു അംബാസ്സെഡാർ കണ്ടപ്പോൾ അയാളുടെ ഗ്രാമം അത്ഭുതം കൂറി.. .
അയാളുടെ ഓരോ വരവുംപോക്കും വീട്ടുകാർക്കും നാടുകാർക്കും ഉത്സവങ്ങൾ ആയിമാറിയപ്പോൾ അയാളെ പോലെ ആയിരങ്ങൾ അതേ വഴി തിരഞ്ഞെടുത്തു .....അവരുടെ പൊലിമയിൽ നാടും നാട്ടുകാരും മാറി..ഓലപ്പുരകൾ കൊണ്ക്രീട്ടു കെട്ടിടങ്ങൾക്ക് വഴിമാറി.
സമയം നോക്കാൻ അറിയാത്ത അവരുടെ വാപ്പ പത്രാസിനു"പാലം റാഡോ " വാച്ചു കൾ കെട്ടി..അവരുടെ വിയർപ്പിൽ കല്യാണവീടുകളിൽ "വിഭവങ്ങളുടെ "പെരുമഴ പെയ്തു..അവർ അവരുടെ ഭാര്യമാര്ക്കും അവർ തിരിച്ചും അയച്ചിരുന്ന കണ്ണ് നീരിന്റെ ഉപ്പുകലര്ന്ന കത്തുകൾ "കത്ത് പാട്ടുകൾ" ആയി മാറി..
ചിതൽ അരിച്ച മേല്ക്കൂര ഉണ്ടായിരുന്ന നാട്ടിലെ പള്ളികൾ മാർബിൾ വീച്ച സൌധങ്ങൾ ആയി മാറി.
നാല്പ്പത് വർഷത്തിനിടയിലെ ഏഴോ എട്ടോ മാസ "ദാമ്പത്യ"ത്തിൽ അയാളുടെ ചോരയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ഓരോ വരവിലും ഉമ്മയുടെ അടുത്ത് കിടക്കുന്ന ആ "അപരിചിതനോടുള്ള" ഭയം മാറി വരുമ്പോഴേക്കും അയാള് കണ്ണ് നീരുമായി വീണ്ടും പടി ഇറങ്ങി .........................
.അയാളുടെ ചോര നീരാ യ് ഒഴികി കൊണ്ടിരുന്നപ്പോൾ മക്കളും ,പേരമക്കളും ,നാടും സമ്പന്നതയിലേക്ക് കുറിച്ചു .. തളർന്ന മസിലുകളും ചുക്കി ചുളുങ്ങിയ തൊലിയും എല്ലുകളിൽ നിന്നും തൂങ്ങി ആടുംപോഴും അയാള് തിരിച്ചു പോയി കൊണ്ടിരിക്കുന്നു...യാത്ര യാക്കാൻ നാടും , നാട്ടുകാരുമില്ലാതെ... "തിരക്കുള്ള മക്കൾ" പോലും എത്തിപ്പെടാതെ................................................................................................................................................................................................................................................................................................................
മോനെ....നീ ഏതാ?...നിനക്കെങ്ങനെ എന്റെ കഥയറിയാം?.
..ഓ..ആ .ചോദ്യം കേട്ടില്ലേ?...ആ ഉപൂപ്പ ഉറങ്ങിയില്ല എന്ന് തോനുന്നു...
.എന്റെ ഉപ്പുപ്പാ... ഇരുപത്തി അഞ്ചു കൊല്ലം അത്ര ചെറുതല്ല..ഈ മരുഭൂമിയിൽ..ഞാനും കണ്ടിരിക്കുന്നു എത്രയോ ഉപ്പുപ്പമാരെ ..ഈന്തപ്പഴം പഴുക്കുന്ന ചൂടിൽ വെന്തുപോയവരെ.!.ഇന്നും ഉരുകി ഒലിച്ചു കൊണ്ടിരിക്ക്കുന്നവരെ !..!!!.
അഷ്‌റഫ്

വയൽ


"ഇത് നമ്മുടെ വയലായിരുന്നു .."..അവധിക്കു വന്ന അയാൾ പോകുന്ന വഴിയെ നാട്ടിൻ പുറത്തെ റോഡിൽ കാറ് നിർത്തി ആ ആ വയലിലേക്കു ഒന്ന് നോക്കികൊണ്ട് മക്കളോട് പറഞ്ഞു . ഒരിറ്റു തെളി നീരിനായി കാത്തിരിക്കുന്ന ആ വയലിലേക്കു നോക്കി കൊണ്ട് ..
ആ വയൽ ഇന്ന് അയാൾക്ക്‌ ഒരു വികാരമാണ് .തന്റെ ബാല്യ കാല ഓർമ്മകളും , ചിന്തകളും കൂടിച്ചേർന്ന അനിർവ്വചനീയ മായ ഒരു വികാരം. വർഷങ്ങൾക്കു മുൻപേ "ആട് ജീവിതത്തിന്റെ" നാട്ടിലേക്ക് പറിച്ചു നടപ്പെട്ട അയാൾക്ക്‌ ..
കാലം ഇന്ന് തന്റെ പിതാവിന്റെ തലയിലെ വെള്ളി നാരുകൾ അയാളിലേക്ക് മാറ്റി വരച്ചിരിക്കുന്നു.ആ വെള്ളി നാരുകൾ അയാളുടെ ചിന്തകളെയും മാറ്റി മറിച്ചിരിക്കുന്നു...
ആ വയലിനു ഒരു കഥയുണ്ട്.. ഒരു പഴങ്കഥ ...പണ്ട് പണ്ട് ഒരു പത്തു മുപ്പതു കൊല്ലം മുൻപുള്ള കഥ ......കേരള നാട്ടിൽ നെല്ല് വിളഞ്ഞിരുന്ന , വയലുകളിൽ പച്ച തത്തകൾ വിരുന്നു വന്നിരുന്ന , കുട്ടികൾ തോട്ടിൽ കുളിക്കാൻ പോയിരുന്ന , കുട്ടി കുറുമ്പൻമാർ മാവിന് കല്ലെറിഞ്ഞിരുന്ന , കണ്ണി മാങ്ങ ഉപ്പു കൂട്ടി തിന്നിരുന്ന ,അവധിക്കാലത്ത് പന്തൽ കെട്ടിയും , പന്തും കളിച്ചിരുന്ന , വയലിലെ തോട്ടിൽ പരൽ മീനുകൾ ഉണ്ടായിരുന്ന കാലത്തെ കഥ...
സ്കൂൾ അടക്കുമ്പോൾ ആണ് അവൻ ഒന്ന്ഉമ്മ വീട്ടിൽ താമസിക്കാൻ പോകുക ..അപ്പോഴാണ്‌ ബാപ്പയുടെ കട്ടായം "പറ്റില്ല.. വയലിൽ വെള്ളം തിരിക്കാൻ പോകണം".. അതിനു കൂട്ട് വരണം.
.കുറച്ചു ദൂരെയുള്ള ഉമ്മ വീട് അവന്റെ "സ്വാതന്ത്ര്യത്തിനെ പറുദീസ " തന്നെ .വീടിനടുത്തെ തോട്ടിൽ കുളിക്കാം ..തോർത്ത് മുണ്ട് കൊണ്ട് പരൽ മീനുകളെ പിടിച്ചു കളിക്കാം ..ഒപ്പം ഉമ്മറത്തെ കോലായിലെ പത്തായ പുറത്ത് ഉറങ്ങാം. ..രാത്രിയിലെ ആ കിടപ്പിൽ മുറ്റത്തെ നിലാവ് ...മാവിൽ നിന്നും കണ്ണി മാങ്ങ പൊട്ടി വീഴുന്ന ശബ്ദം.മുറ്റത്തെ മരത്തിനു മുകളിലെ മൂങ്ങയുടെ ശബ്ദം....പറമ്പിലെ കുളത്തിലെ ആമ്പൽ പൂവ്..തോട്ടിലൂടെ വെള്ളം ഒലിക്കുന്ന കിലു കിലു ശബ്ദം...വയലിൽ നിന്നുള്ള തണുത്ത കാറ്റും..ഒപ്പം പകൽ നേരത്ത് കുളത്തിൽ ചൂണ്ടയിടലും ..
ഇതെല്ലം മുടങ്ങുന്നത് ആ അനന്തൻ നായര് കാരണം ..അങ്ങനെ അവൻ അനന്തൻ നായരെ തൻറെ ശത്രു ആയി പ്രഖ്യാപിച്ചു .... അവന്റെ ഉറക്കം കളഞ്ഞ ബാല്യകാല സങ്കല്പ്പ ശത്രു!!!.അദ്ദേഹം ആയിരുന്നല്ലോ അവരുടെ വയലിലേക്കു വരുന്ന വെള്ളം വരമ്പ് തുളച്ചു അയാളുടെ വയലിലേക്കു തിരിച്ചു വിട്ടിരുന്നത്!..
.വേനൽ കാലം ആകുമ്പോൾ കനാൽ തുറക്കും. വിണ്ടു കീറിയ
വയലിലെ നെൽ ചെടികൾ ആ ജീവ ജലത്തിനായി കാത്തു നില്ക്കും ..തോട്ടിലൂടെ ഒലിച്ചു വരുന്ന തെളിനീരിനായി..വെള്ളം ഒഴുകി വരുന്ന വഴിയിലെ വയലുകാർ ഓരോരുത്തർ ആയി തോടിന്റെ വരമ്പിനു തുളയുണ്ടാക്കി വെള്ളം തന്റെ വയലിലേക്കു തിരച്ചു വിടാൻ മത്സരിക്കും..അതാണ് അവന്റെ ഉറക്കം കളഞ്ഞതും..എല്ലാവരും ഉറങ്ങുമ്പോൾ ബാപ്പയും അവനും വെള്ളം "കക്കാൻ" ഇറങ്ങും.അനന്തൻ നായര് അവരുടെ വയലിലേക്കു ഉള്ള വരമ്പിലെ തുള ചെളി വാരി അടച്ച്ച്ചു വെള്ളം അദ്ദേഹത്തിന്റെ വയലിലേക്കു കടത്തികൊണ്ടു പോകും അത് കൊണ്ട് വയലിൽ വെള്ളം നിറയുന്നത് വരെ കാവൽ തന്നെ ശരണം!!..
.
തലയിൽ തോർത്ത് കൊണ്ട് ഒരു കെട്ടും, ഒരു കയ്യിൽ ടോർച്ചും.ഒപ്പം മറ്റേകയ്യിൽ ഒരു വടിയുംആയി പോകുന്ന പിതാവിന്റെ പുറകിൽ .ഉറക്ക ചുവടുമായി അവനും..."ഈ ബാപ്പാക്ക് വേറെ പണി ഒന്നുമില്ലേ" എന്ന് മനസ്സിലും..
ആകെ ഉള്ളത് എഴുപതു സെന്റു വയൽ..മൂന്ന് മാസം കഴിക്കാനുള്ള അരി പോലും കിട്ടില്ല ..അല്ലെങ്കിലും "നല്ല വെളുത്ത" അരി പീടികയിൽ കിട്ടുമ്പോൾ ആ "തവിടിന്റെ നിറമുള്ള" നുറുങ്ങിയ അരിയുടെ ചോറും കഞ്ഞിയും ആർക്കു വേണം ?.
അത് മാത്രമോ? ആാ നെല്ല് ഒന്ന് മൂത്ത് കൊയ്തെടുക്കാൻ ആയാലോ? വീട്ടിൽ ആകെ ബഹളം..മുറ്റം നന്നാകണം.കൊയ്തു കൊണ്ട് വന്നാൽ ഒരു ആഴ്ച്ച്ചത്തെക്ക് തിരക്ക് തന്നെ.അത് മെതിക്കുന്നവർ, ഉണക്കുന്നവർ .അതിനു കാക്ക യും കോഴിയും തിന്നാതെ നോക്കാൻ കാവലും..ഒപ്പം നെല്ലിന്റെ പൊടിയുടെ ചൊറിച്ചിലും..
എങ്കിലും ആ തോട്ടിലെ പരൽ മീനുകളെ അവനു ഇഷ്ട്ടമായിരുന്നു ഒഴുക്കിന് എതിരിൽ നീന്താൻ ശ്രെമിക്കുന്ന
പരൽ മീനുകൾ !!!.. ഒപ്പം വയലിലേക്കു എത്തുന്ന വെള്ളം.. പതുക്കെ ഒഴുകി ഓരോ നെൽചെടിയുടെയും അടുത്ത് എത്തുമ്പോൾ അത് നോക്കി നിൽക്കുമ്പോൾ ഉള്ള അനുഭൂതി.... ഓരോ ചെടിയുടെയുംഅടി ഭാഗത്ത് ആ ചെറിയ ഒഴുക്കിന്റെ ആദ്യ ഭാഗം മുട്ടുമ്പോൾ ചെടി ഒന്ന് ചെറുതായി ഇളകും.ഒപ്പം "ആ ചെടിക്ക് ആശ്വാസമായി" എന്ന് തോന്നും.വയലിൽ വെള്ളം നിറയുമ്പോൾ അറിയാതെ മനസ്സും നിറയും..
കാലം പതുക്കെ മാറി ..തോട്ടിലെ വെള്ളത്തിന്റെ നിറവും മാറി തുടങ്ങി ..കാലിൽ ചെറിയ മുറിവുണ്ടെങ്കിൽ ബാപ്പ പറഞ്ഞു തുടങ്ങി "വേണ്ട ആ വെള്ളത്തിൽ മരുന്നടിച്ച്ചതിന്റെ അംശ മുണ്ടാകും" ..പരൽ മീനുകൾ പതുക്കെ അപ്രത്യക്ഷമായി... ഒപ്പം അടുത്തുള്ള വയലുകളിൽ വാഴ വച്ചു തുടങ്ങി , ചിലതിൽ കപ്പയും ..ചിലതിൽ കവുങ്ങും ചിലതിൽ തെങ്ങിൻ തൈകളും.എന്തിനു അയാളുടെ "ബാല്യകാല ശത്രു" പോലും തെങ്ങിൻ തൈ വച്ചു .ഒപ്പം അവരുടെ വയൽ തരിശു ഭൂമിയും..കന്നുപൂട്ടിയിരുന്ന പലരും അതിനെ പതുക്കെവിറ്റു തുടങ്ങി
.വയലിൽ പണിക്കു വന്നിരുന്ന പലരും കെട്ടിടം പണിക്കു പോയി തുടങ്ങി ..
ജോലി തേടി ഷെയ്ക്ക്മാരുടെ, ഈന്തപനയുടെ , ഒട്ടകങ്ങളുടെയും
നാട്ടിലേക്ക്ചേക്കേറാൻ തീരുമാനിച്ചപ്പോൾ ആദ്യ പ്രതി സന്ധി വിസയുടെ പണം തന്നെ....അങ്ങനെ ബാപ്പ യും അവനും ചേർന്ന് ആ തീരുമാനം എടുത്തു .."ആ തരിശു തന്നെ വിൽക്കുക"..തന്നെ തവിട് നിറത്തിലുള്ള ചോറ് തീറ്റിയ , തന്റെ ഉറക്കം കളഞ്ഞ , തന്റെ ഉമ്മ വീട്ടിലേക്കുള്ള യാത്ര തടഞ്ഞ ആ ഭൂമി തന്നെ.....
തുകയുമായി ബ്രോക്കർ കുറുപ്പ് വന്നപ്പോൾ , അത് വാങ്ങിയപ്പോൾ ബാപ്പയുടെ കണ്ണിലെ ചെറിയ നനവ്‌ അവൻ അങ്ങനെ അവഗണിച്ചു.
ഇന്ന് അയാൾ സൂപ്പർമാർക്കെറ്റിൽ അരി തിരയുന്നു.
"തവിട് നിറമുള്ള പാലക്കാടൻ മട്ട " . എന്തോ ,ഏതോ കലക്കി ഉണ്ടാക്കിയ നിറം ആ അതെന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെ..ഒരു പ്രായശ്ചിത്തം പോലെ ..പനി പിടിച്ചു കിടന്നപ്പോൾ കിട്ടിയ തവിട് നിറമുള്ള പൊടിയരി കഞ്ഞിയെ ഓർത്തു കൊണ്ട് ..തനിക്കു ഇന്നും അന്നം തരുന്ന തന്റേതു അല്ലാത്ത ആ വയലിനെ ഓർത്തു കൊണ്ട്..കാലം തലയിൽ വെള്ളി വരകൾ വരച്ചു തുടങ്ങിയപ്പോൾ ഉണ്ടായ തിരിച്ചറിവ്.

By: 

മഴ


മഴ പെയ്തു കൊണ്ടിരുന്നു .. ഈറനായ മുണ്ടും ബനിയനു മായി കേളു നായര് കാത്തു നില്ക്കുകയാണ്....ഓല മേഞ്ഞ കടയുടെ ഇറയത്തെ വെള്ളം ദേഹത്തേക്ക് വീഴാതിരിക്കാൻ അയാൾ ഒതുങ്ങി നിൽക്കുന്നു.
കടയുടെ മൂലയിലെ ഉപ്പു ചാക്കിന് അരികിൽ പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ നിന്നും മാറി അയാളുടെ കാത്തു നിൽപ്പ് എന്തിനെന്നുഞങ്ങൾക്കും അറിയാം ..........
പോക്ക് മഴയുടെ കാലമായതിനാൽ സന്ധ്യാ സമയത്ത് ഭൂമി പിളർന്നു പുറത്ത് വന്ന ഈയാം പാറ്റകൾ പെട്രോൾ മാക്സിനു ചുറ്റും പറന്നു ആത്മാഹുതി ചെയ്തു കൊണ്ടിരിക്കുന്നു.
"എന്താ കേളുനായരെ?..
.അയാളുടെ കാത്തു നിൽപ്പ് എന്തിനെന്ന്നു അറിയുമെങ്കിലും കടയുടെ വരാന്തയിലെ ബെഞ്ചിൽ വച്ച അരിച്ചാക്കുകൾ അകത്തേക്ക് എടുത്തു വയ്ക്കുന്നതിനിടയിൽ ബാപ്പയുടെ ചോദ്യം ..
"ഒന്നൂല്ല."..
അയാൾ കാത്തു നില്ക്കുകയാണ് കടയടക്കാൻ ..ആ ബെഞ്ചിൽ ഒന്ന് തല ചായ്ക്ക്യാൻ .....
"സെന്റു സെന്റായി വിറ്റു കുപ്പി കുപ്പിആയ് കുടിക്കും" അതായിരുന്നു "ഭയങ്കരം കേളു" എന്നറിയപ്പെട്ടിരുന്ന ആ കേളു നായരുടെ മുദ്രാവാക്യം ....
എന്റെ ജീവിത ത്തിൽ കേട്ടഏറ്റവും വിചിത്രം ആയ മുദ്രാവാക്യം ......"പോലീസ് വന്നാൽ മര്യാദ ,ഗുണ്ടകൾ വന്നാൽ കണ്ടോളാം " ചാരായം അകത്തു ചെന്നാൽ അദ്ദേഹം റോട്ടിലൂടെ പോകുമ്പോൾ ഇടയ്ക്കു ഒച്ചത്തിൽ വിളിച്ചു പറയും ..
ജനനം ഒരു സമ്പത്തുള്ള ഒരു നായര് തറവാട്ടിൽ. . വിവാഹം കഴിക്കാതെ , ജീവിത കാലം മുഴുവൻ മദ്യത്തിൽ മുങ്ങി നടന്നു ....... അന്ത്യം കടത്തിണ്ണയിലും!
. ..
"ഇങ്ങളെന്തിനാ കേള് നായരെ ഈ മഴയത്ത് പീടിക കോലായിൽ കിടക്കുന്നെ?..എന്റെ കൂടെ പോര് " അങ്ങേ കോലായിലെ പത്തായത്തിന്റെ മുകളിൽ കിടക്കാം"
..കടയടച്ചു വീട്ടിലേക്കു ഇറങ്ങുമ്പോൾ ഉപ്പയുടെ വക ഒരു ക്ഷണം .
അന്നുമുതൽ വർഷങ്ങളോളം എന്നും കടയടച്ചു വരുമ്പോൾ ഒരു നിഴൽ പോലെ കേള് നായെർ പുറകെ വന്നു കൊണ്ടിരുന്നു...ഉമ്മ കൊടുക്കുന്ന ചോറും തിന്നു പത്തായത്തിന്റെ മുകളിലെ പായയിൽ ചുരുണ്ട് കിടക്കാൻ..!
.പത്തായത്തിന്റെ മൂലയിലെ കുറുങ്ങി പ്പൂച്ച ക്കും
കുട്ടികൾക്കും കൂട്ടായിരുന്ന ആ കിടപ്പ്
അവസാനിപ്പിച്ച തും അദ്ദേഹം തന്നെ..."
"ഞാൻ ഇവിടെ കിടന്നു ചത്തു പോയാൽ നിങ്ങൾ ബുദ്ദിമുട്ടും "
ബാപ്പയും ഉമ്മയും ബന്ധു വീട്ടിൽ വിരുന്നു പോയ ഒരു രാത്രി ..ഉമ്മറത്തെ കോലായിലെ ഭിത്തിയിലെ തൂണും ചാരി മൗനിയായി ഇരിക്കുന്ന കേള് നായര്....
എന്നിലെ കുട്ടിത്തത്തിന്റെ കൌതുകം ഒരു ചോദ്യമായി ....."എന്തെ കേള് നായരെ നിങ്ങൾ ഇങ്ങനെ കുടിച്ചു തീർത്തു എല്ലാം? ..എന്തെ നിങ്ങൾ ഒരു കല്യാണംപോലും കഴിച്ചില്ല...?..
"എന്നോട് ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ചോതിക്കുന്നെ"...
"ആരും ചെറുപ്പത്തിൽ എന്നോട് ഈ ചോദ്യം ചോ തിച്ചില്ല അത് കൊണ്ട് തന്നെ."
"നാടിനെ വിറപ്പിച്ചിരുന്ന" .."നാട്ടുകാരെ വിറപ്പിച്ചിരുന്ന" "ഭയങ്കരം കേളു"നായരുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണ് നീര് കണ്ടപ്പോൾ ഞാൻ കോലായിൽ തൂക്കിയിരുന്ന
മണ്ണെണ്ണ വിളക്കിലേക്ക് നോക്കി.......
ആ വിളക്കിന്റെ അരണ്ട വെളിച്ചത്തിനു ചുറ്റും അപ്പോഴും ഈയാംപാറ്റകൾ നൃത്തം ചെയ്തു കൊണ്ടിരുന്നു.....
..................................
അവയിൽ പലതും ചിറകു കരിഞ്ഞു വീണു കൊണ്ടിരിക്കുമ്പോഴും !!!

 

ചട്ടമ്പി നാരാണി..



"നാരാണിക്കു പിന്നെയും ഇളകി എന്ന തോന്നുന്നേ.... ഒച്ചയും ബഹളവും ഉണ്ടാക്കി അതാ വരുന്നു".......
.."പുളിച്ച ചീത്തയാ വിളിച്ച് പറയുന്നേ.......കാണുന്നവനെ ഒക്കെ ..@#%%$%^^^.. മോനെ....എന്ന വിളി".
ആണ്ടിയുടെ ചായപ്പീടികയിൽ ഇരുന്നോണ്ട് "ചെണ്ട ഗോപാലൻ" പറഞ്ഞു...
കേട്ട പാതി കേൾക്കാത്ത പാതി അമ്മദ് കുടിച്ചോണ്ടിരുന്ന ചായയും പുട്ടും ഇട്ടോണ്ട് പീടികയുടെ അകത്തേക്ക് ഓടി.
ആ ഓട്ടം, കണ്ടു ചായക്കടയിൽ കൂട്ട ചിരി.........
നാരാണിയുടെ വരവ് അങ്ങനെയാ....ഒന്നിനെ ഒക്കത്ത് വച്ച് ..മറ്റതിന്റെ
കയ്യും പിടിച്ചോണ്ട്..... കാണുന്നവനെ എല്ലാ തെറിയും പറയും.
പ്രകോപിപ്പിക്കാൻ ചില കുരുത്തം കേട്ട കുട്ടികള് മാറി നിന്ന് "ചട്ടമ്പി നാരാണീ "എന്നു വിളിക്കും .
നാട്ടിലെ പേര് കേട്ട ഭ്രാന്തന്മാരിൽ ഒരാളാണ് നാരാണി; മറ്റൊന്ന് ചെകുത്താൻ ശങ്കരൻ.
രണ്ടു പേർക്കും മാർച്ച്, ഏപ്രിൽ ആകുമ്പോ തുടങ്ങും . അത് ചൂട് കൂടുമ്പോൾ തുടങ്ങുന്നത്..കുറയാൻ മഴ പെയ്യണം..
നാരാണിക്കു സൂക്കേട് കുറഞ്ഞോ എന്നറിയാൻ നാട്ടിലെ "മാന്യന്മാർ" കാത്തിരിക്കും..ഓള് കുളിയും നനയും തുടങ്ങിയാൽ സൂക്കേട് കുറഞ്ഞെന്നു സാരം.....
പിന്നെ ,രാത്രിയിൽ,കനാലിനു അടുത്തെ പുറമ്പോക്കിലെ അവളുടെ ചെറ്റ യിലേക്ക് ടോർച്ചുകളുടെ വരവ് തുടങ്ങും.
"ഈ അമ്മദ്എത്ര കാലം ഇങ്ങനെ ഓടും.?...നാലഞ്ചു കൊല്ലായില്ലേ ഓൻ ഈ ഓട്ടം തുടങ്ങീട്ട്"
....മുൻപ് ഒരിക്കൽ ചീട്ടു കളിച്ചോണ്ടിരുന്ന അമ്മദിനെ നാരാ ണി ഒന്ന് പിടിച്ചു .
"അന്ന് ആ ചെക്കനെ ഓള് അവന്റെ തോളത്ത് ഇട്ടു കൊടുത്തു പറഞ്ഞതാ..
."@#$%^^&^ മോനെ.........
.ഇത് നിന്റേതാ....പയ്യിനെ പോറ്റി ജീവിച്ച എന്നെ പുല്ലരിയുമ്പോൾ നീയല്ലേ
അഞ്ചു ഉറുപ്പ്യ കാട്ടി കുറ്റിക്കാട്ടിൽ കൊണ്ട് പോയത്.....ഇതിനെ നീ തന്നെ പോറ്റിക്കോ"...
അന്നുമുതൽ നാട്ടുകാർ അത് തീ രുമാനിച്ചു ..അത് അമ്മതി ന്റെ തന്നെ...പിന്നത്തെ സംശയം ആ രണ്ടാമത്തേത് ആരുടെ എന്നതായി
................................................................................................................................................................................................................................................................................................................
എവിടുന്നോ വന്ന ഒരുത്തൻ കെട്ടിയിരുന്ന നാരാ ണിയുടെ ദാമ്പത്യം കുറച്ച് കാലമേ നിലനിന്നുള്ളു.....
അയാൾ അപസ്മാരം ഇളകി കനാലിൽ വീണു മരിച്ചതിൽ പിന്നെ അവളും വയസ്സായ അമ്മയും ഒറ്റക്കായി ..
ആയിടക്കാണ് അമ്മദ് ഓളെ അഞ്ചു രൂപകാട്ടി പ്രലോഭിപ്പിച്ചത് .
ആ പ്രലോഭനമാണ് അവളെ "നാട്ടുകാരുടെ നാരാ ണി" ആക്കിയതും, അവളുടെ വീട്ടിലേക്കു ടോർച്ചുകൾക്കു വഴികാട്ടിയതും..
പിന്നീട് ആ ടോർച്ചുകളിൽ ഏതോ ഒന്ന് സമ്മാനിച്ചതാണ് രണ്ടാമത്തേതിനെ..
.....................................................................................................................................................................................................................................................
അമ്മദ് ഓടിയത് ചായ പീടികയുടെ അടുക്കളയിലേക്ക് ..
..ആ ഓട്ടം നാരാണി കണ്ടോ എന്നറിയില്ല .
."ആ @#$%%^^ മോനെ ഞാൻ ഒരു ദിവസം പിടിക്കും..ഈ ചെക്കനെ ഓൻ പോറ്റണം."
ചായ പീടികയിലേക്കുഎത്തി നോക്കി കൊണ്ട് നാരാണി വിളിച്ച് പറഞ്ഞു...
" എനിക്ക് തോന്നുന്നത് ഇതൊക്കെ ഓള്ടെ അഭിനയാണെന്നാ...ചൂട് തുടങ്ങിയാൽ ഓൾക്ക് ചെറ്റേല് സ്വൈര്യായിറ്റു കിടക്കണം..അതിനുള്ള ഒരു അടവാ ഈ ഭ്രാന്ത്" .....
.കണ്ടോ..എന്ത് ഭ്രാന്തുവന്നാലും ആ കുട്ടികളുടെ കൈ ഓള് വിടൂല"..
ചെണ്ട ഗോപാലൻ തന്റെ അഭിപ്രായം വ്യക്തമാക്കി.
"അത് സത്യം ..എന്നാലും ആ ഒക്കത്ത് ഇരിക്കുന്നത് ആരുടേതാണ് പോലും...കുറച്ചുകൂടെ കഴിഞ്ഞാൽ മുഖം കണ്ടാൽ ഏതാണ്ട് തിരിച്ചറിയാം പറ്റുമായിരിക്കും ."
.തന്റെ "മുഖ ലക്ഷണം നോക്കി" ആളെ തിരിച്ചറിയാനുള്ള കഴിവ് വ്യക്തമാക്കി ആണ്ടിയും..
"അമ്മതെ ..ഓളങ്ങു പോയിക്ക് ...നീ ഇങ്ങു പോര്"....
ചായപ്പീടികളുടെ അടുക്കളയിൽ നിന്നും അമ്മദ് ശ്വാസം നേരെ വിട്ടു കൊണ്ട് ഇറങ്ങി വന്നു....
അപ്പോഴും നാരാണി റോട്ടിലൂടെകിഴക്കോട്ടുനടന്നു കൊണ്ടിരുന്നു ...
ഓരോ പീടികയുടെ മുന്നിൽ എത്തുമ്പോഴും രാത്രിയിൽ തന്റെ ചെറ്റയിൽ എത്തിയപല "ടോർച്ചുകളും" പകൽ വെളിച്ചത്തിൽ മുഖം തിരിക്കുന്നത് കണ്ടു കൊണ്ട്..!!.
തന്റെ "ഒക്കത്ത് ഇരുന്നു മൂക്കൊലിപ്പിക്കുന്ന "തിന്റെ മുഖം കാട്ടി അവരുടെ എല്ലാം നെഞ്ചിൽ തീ കോരി നിറച്ച് കൊണ്ട്...!!!!!

മരുഭൂമിയിലെ മഴക്കോള്


ട്രാഫിക് സിഗ്നൽ ചുവന്ന കണ്ണ് കൾ തുറന്നപ്പോൾ പുറകെ വന്ന അറബിയുടെ ഹോണ്‍ കേൾക്കാത്ത മട്ടിൽ എന്റെ കാലും ബ്രെയ്ക്കിൽ അമർന്നു ..അയാളുടെ മുഖത്തെ നീരസവും പിറു പിറു ക്കലും കണ്ണാടിയിൽ കണ്ടപ്പോൾ "ഇതൊരു പുതിയ സംഭവം അല്ലല്ലോ."എന്ന മട്ടിൽ..
..ഓഫിസിലെ , ഏഴു മണി കഴിഞ്ഞാൻ കലഹിക്കുന്ന ഫിംഗെർ പ്രിന്റു മെഷീൻ അലോസരപ്പെടുത്തി കൊണ്ടിരുന്നുവെ ങ്കിലും ഒന്ന് ചുറ്റിലും കണ്ണോടിക്കാനുള്ള അവസരം.
മാനം കറുത്ത് ഇരുണ്ടിരിക്കുന്നു...മരു ഭൂമിയിലൊരു മഴക്കോൾ!...തണുപ്പിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള നവംബറിലെ മഴ ... അറബിയുടെ ഭാഷയിൽ അല്ലാഹുവിന്റെ ഖുദ്രത്.! വർഷത്തിൽ , ചിലപ്പോൽ ആലിപ്പഴങ്ങളും ആയിവരുന്ന നാലോ അഞ്ചോ മഴ !അതിന്റെ വരവ് അറിയിച്ചു കൊണ്ട് കാറ്റും ..പൊടിയും ..!
.. മടക്കി വച്ച തണുപ്പ് വസ്ത്രങ്ങൾ തിരയാനുള്ള മുന്നറിയിപ്പ്. .. ഇനി രീതികൾ മാറും ,
കാഴ്ച്ചകൾ മാറും ..പുലർച്ചെ പൈതങ്ങളെ തുണിയിൽ പൊതിഞ്ഞു "ഡേ കെയറിലേക്ക് "ഓടുന്നവർ ..ക്ലിനിക്കുകളിലെ "അഡോൾ" ക്യൂവിന് നീളം കൂട്ടുന്നവർ
.പള്ളികളിലെ നമസ്ക്കാരത്തിനിടയിലെ ചുമയുടെ താളം തെറ്റിക്കുന്നവർ........
.റോഡിനു ഇരു വശത്തും നട്ടു പിടിപ്പിച്ച ,ഒട്ടും സൌന്ദര്യ മില്ലാത്ത കടു കട്ടിയുള്ള വിണ്ടു കീറിയ തൊലിയുമായി കാറ്റിൽ ഇളകി കൊണ്ടിരിക്കുന്ന മരങ്ങൾ .......
ഉറക്ക പായയിൽ നുന്നും ഉണര്ത്തി സ്കൂളിൽ കൊണ്ട് പോകുന്ന
തടിയൻപയ്യൻ അടുത്ത വണ്ടിയിൽ ഇരുന്നു ഒരു സാന്റു വിച്ച്
കടിച്ചു വലിച്ചു കൊണ്ടിരുന്നു. ഇടത്തെ കയ്യിലെ പെപ്സി ബോട്ടിൽ വായിലേക്ക് കമിഴ്ത്തി കൊണ്ടിരുന്ന അവൻ എന്റെ മുഖത്ത് നോക്കി ഒരു "ഹിന്ദിയെ" കണ്ട ചിരി ചിരിച്ചു.
.
പതിവ് കാഴ്ച്ചയായ മരുഭൂമിയിലെ ബെന്ഗാളി "കാക്ക" സിഗ്നലിനു അടുത്ത് തന്നെ പറ്റി കൂടി നില്ക്കുന്നു.ആരെങ്കിലും അരികിൽ വിളിച്ചു കൊടുക്കുന്ന നാണയ തുട്ടിനായി........
മലയാള നാട്ടിലെ പരിസരം വൃത്തിയാക്കുന്ന കാക്കയുടെ ബെന്ഗാളി ജന്മം!
.വിസ അടിക്കുന്നിടത്തെ ..ട്രാഫിക് ഡിപ്പാർട്ട് മെന്റിലെ "വാസ്ത" ..ആശുപത്രികളിൽ അവൻ മെഡിക്കൽ സർട്ടിഫിക്കറ്റു വാങ്ങി തരും...എങ്കിലും അവൻ നമുക്ക് "ബെന്ഗാളി "മാത്രം....
..
അടുത്ത ലൈനിലെ ടോയോട്ടയിൽ
മുഖത്ത് "ബിർള വാൾ കെയർ "പുട്ടി തേച്ചു വയസ്സ് കുറച്ച ഒരു ചട്ടക്കാരിയും കെട്ടിയോനും . അവരുടെ ചായം തേച്ച ചുണ്ടുകൾ നിർത്താതെചലിച്ചു കൊണ്ടേ ഇരിക്കുന്നുവെങ്കിലും,വളയം മുറുക്കെ പിടിച്ചിരിക്കുന്ന ഭര്ത്താവ് "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും"എന്ന മട്ടിലും!. ..ഇടയ്ക്ക് സഹി കെട്ടു ശബ്ദം പുറത്ത് വരാതിരിക്കാൻ എന്ന് തോന്നു മാറ് അയാൾ തന്റെ കഴുത്തിലെ "സായിപ്പിന്റെ കെട്ട്" വലിച്ചു മുറുക്കി കൊണ്ടിരുന്നു..
ചാറ്റൽ മഴ തുടങ്ങി..അത് അന്തരീക്ഷത്തിലെ പൊടിയെ ചളി രൂപത്തിൽ കാറിന്റെ ഗ്ലാസ്സിലേക്ക്‌ തേയ്ക്കുന്നു.ഇനി വാഹനങ്ങളുടെ മെല്ലെ പോക്ക് തുടങ്ങും ..ആത് ഓഫീസിലേക്കുള്ള ദൈർഖ്യവും ഒപ്പം കോപിക്കുന്ന ഫിംഗെർമെഷീനും ഓര്മ്മിപ്പിക്കുന്നു.എങ്കിലും തണുപ്പിന്റെ വരവ് വരുത്തുന്ന ചില മാറ്റങ്ങൾ ..അത് റോഡു വശങ്ങളെ കൃത്രിമമെങ്കിലും പൂ പായകൾ കൊണ്ട് പൊതിയും ..അൽപ്പ ജീവിത ദൈർഖ്യ മുള്ള പൂ പായകൾ..
എങ്കിലും എനിക്കിഷ്ട്ടം "മഴ കൊണ്ട് മാത്രം വിരിയുന്ന" മരുഭൂമിയിലെ കാട്ടു പൂക്കളെ .!അവയുടെ അതിജീവനത്തിന്റെ കഥകളെ ! !!

By: 
Mohammed Ashraf 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo