പ്രേതത്തെ കണ്ടിട്ടുണ്ടോ ?? ഉണ്ടോന്നു ചോദിച്ചാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരു അഞ്ചു വർഷങ്ങൾക്കു മുൻപ്. ഒരു വൈകുന്നേരം സുഹൃത്തുക്കളുമായുള്ള ചർച്ചക്കിടയിൽ പ്രേതം വന്നു ചാടി. പിന്നെ ഊഹിക്കാമല്ലോ, എല്ലാവർക്കും പറയാൻ എവിടുന്നൊക്കെയോ കേട്ട ഒരുപാട് കഥകൾ ഉണ്ടായിരുന്നു. പല അനുഭവങ്ങളും കെട്ടുകഥകളും ഒക്കെ. വൈകിട്ട് വീട്ടിൽ എത്തി ഒരു 7 മണി ഒക്കെ കഴിഞ്ഞപ്പോൾ അപ്പൻ എന്നെ വീണ്ടും കടക്ക് പറഞ്ഞയച്ചു. ഏലക്കാട്ടിൽ കൂടെ ഒറ്റക്ക് വേണം യാത്ര ചെയ്യാൻ. ആൾതാമസം തീരെ കുറവുള്ള വഴിയാണ്. പോകാൻ ഇറങ്ങിയപ്പോൾ തന്നെ മനസ്സിൽ പേടി തോന്നി തുടങ്ങിയിരുന്നു. വലിയ കുഴപ്പം ഇല്ലാതെ കടയിൽ എത്തി. തിരിച്ചു വരുമ്പോൾ പേടിയുടെ കാഠിന്യം കൂടി കൂടി വന്നു. നല്ല കട്ടി കൂടിയ ഇരുട്ടും ചീവീടുകളുടെ കരച്ചിലും പിന്നെ പേടിയുള്ള സമയങ്ങളിൽ മാത്രം നമുക്ക് കേൾക്കാൻ സാധിക്കുന്ന മറ്റെന്തോക്കെയോ അപശബ്ദങ്ങളും സ്വാഭാവികമായ അവസ്ഥയിൽ നിന്നും എന്റെ മനസിനെ മാറ്റി നടത്തി. പേടി മാറാൻ വേണ്ടി ഉറക്കെ പാട്ടുകൾ പാടി ഞാൻ കാലു വലിച്ചു വച്ച് മുന്നോട്ടു നടന്നു. മെയിൻ റോഡ് കഴിഞ്ഞു മൺറോഡ്, അത് കഴിഞ്ഞു ഏലക്കാട്ടിൽ കൂടിയുള്ള ഒരു ചെറിയ ഇടവഴി കയറി വേണം എനിക്ക് വീട്ടിലേക്ക് പോകാൻ. കൈയിൽ ആകെയുള്ള വെളിച്ചം മൊബൈൽ ഫോണിൻറെ ടോർച് ആണ് (Nokia 1100). ഓരോ പതിനഞ്ചു സെക്കൻഡ് കഴിയുമ്പോളും ഈ ഫോണിലെ ടോർച് ഓഫ് ആകും. പിന്നീട് വീണ്ടും ഓൺ ആക്കണം. അങ്ങനെ മൺറോഡിൽ നിന്നും ഇടവഴിയിലേക്ക് കയറുന്നതിനു ഒരു മുപ്പതു മീറ്റർ മുൻപേ ഞാൻ ആ കാഴ്ച കണ്ടു. ഇടവഴിയുടെ തുടക്കത്തിൽ ഒരു വെള്ള വസ്ത്രധാരി നിൽക്കുന്നു. ഞാൻ ആ രൂപത്തിന് നേരെ ടോർച് അടിച്ചു നോക്കിയപ്പോളേക്കും കൈയിൽ വെട്ടം നിന്നു. വീണ്ടും ടോർച് ഓൺ ആക്കി നോക്കിയപ്പോൾ ആ രൂപം അവിടെ കാണാൻ ഇല്ല. പതിനഞ്ചു സെക്കൻഡ് കഴിഞ്ഞു വെട്ടം വീണ്ടും നിന്നു. അത് കഴിഞ്ഞു ഞാൻ വീണ്ടും ടോർച് ഓൺ ആക്കി നോക്കിയപ്പോൾ ആ രൂപം അതാ അവിടെ നിൽക്കുന്നു. എൻറെ ഹൃദയമിപ്പോൾ ഇടിച്ചു തകർന്നു ഇങ്ങു പോരുമെന്നു തോന്നി, വിറക്കുന്ന കാലുകളോടെ ഞാൻ മുന്നോട്ടു നടന്നു. വീട്ടിൽ പോകാൻ വേറെ വഴി ഇല്ല. ഒരിക്കൽ കൂടി ടോർച് ഓഫ് ആയി ഓൺ ആയപ്പോളേക്കും ആ വെള്ള വസ്ത്രധാരി അപ്രത്യക്ഷമായിരുന്നു. ഞാൻ നടന്നു ഇടവഴിയുടെ തുടക്കത്തിൽ എത്തി വെളിച്ചം വഴിയിലേക്ക് അടിച്ചതും അതാ നിൽക്കുന്നു ആ രൂപം അവിടെ. പെട്ടെന്ന് തന്നെ എന്തോ ഒരു ശബ്ദം വച്ചുകൊണ്ട് ആ രൂപം എൻറെ നേരെ വരുന്നതായി എനിക്ക് തോന്നി. അടുത്തെത്തുന്നതിനു മുന്നേ അത് നിലത്തു വീണു. നല്ല മദ്യത്തിൻറെ മണം. ഒരു നിമിഷത്തിന്റെ പത്തിലൊരംശത്തിൽ എനിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി. അല്ലെങ്കിൽ ഒരു പക്ഷെ എൻറെ മാനസിക നില തെറ്റിയേനെ.
സംഭവം ഇങ്ങനെയാണ്. വീടിനടുത്തുള്ള തമിഴ്കാരൻ ആയിരുന്നു ആ വെള്ള വസ്ത്രധാരി. ആശാൻ വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ടു ആരുടെയോ കല്യാണത്തിന് പോയി വരുന്ന വഴിയാണ്. കല്യാണത്തിന് പോയതാണല്ലോ, അപ്പൊ എന്തായാലും കുറച്ചു മിനുങ്ങണമല്ലോ, ആശാൻ മദ്യത്തിൽ കുറച്ചങ്ങു മിനുങ്ങി. മൺറോഡിൽ നിന്നും ഇടവഴിയിലേക്കുള്ള പടികൾ അള്ളിപ്പിടിച്ചു കയറി ഒരു ചെറിയ മരത്തിൽ പിടിച്ചു അവിടെ നിവർന്നു നിൽക്കുമ്പോളെക്കും ആശാന്റെ മുണ്ടിന്റെ മടികുത്തു അഴിഞ്ഞു താഴെ വീഴും. അത് നേരെയാക്കാൻ കൈ വിടുമ്പോൾ ഇദ്ദേഹം താഴെ വീഴും. പിന്നെയും മരത്തിൽ പിടിച്ചു നിവർന്നു നിൽക്കും കൈവിട്ടു താഴെ വീഴും. ഇത് തന്നെ കളി. ഈ സംഭവത്തിനും എൻറെ ഫോണിലെ വെളിച്ചം കെടുന്നതിനും കൃത്യമായ ടൈമിംഗ് ആണ്. അതാണ് ഒരിക്കൽ കാണുകയും പിന്നെ കാണാതാവുകയും ചെയ്തുകൊണ്ടിരുന്ന ആ രൂപം. പിന്നെ ആ പ്രേതത്തിനെ നടക്കാൻ സഹായിച്ചു വീട്ടിൽ എത്തിച്ച ശേഷമാണ് ഞാൻ അന്ന് എൻറെ വീട്ടിലേക്ക് പോയത്.
By: Fredin Abraham