Slider

അപ്പുക്കുട്ടൻ പഠിപ്പിച്ചത്

0

പുതുമകൾ കണ്ടെത്താൻ ശ്രമിക്കാത്തതിൽ നിന്നും ഉടലെടുത്ത വിരസതയോടും നിർവികാരതയോടും കൂടി ആയിരുന്നു അന്നത്തെ എന്റെ യാത്ര.കൺമുന്നിൽ വന്നു പോകുന്നതൊന്നും ഉൾക്കണ്ണു കൊണ്ട് കാണാൻ സാധിക്കാത്തതിന്റെ ദേഷ്യവും വിഷമവും വളരെ കാര്യമായിത്തന്നെ എന്നെ ബാധിച്ചു തുടങ്ങിയിരുന്നു. അപ്പോളാണ് കുറച്ചു നേരമായി എന്റെ മുൻപിലത്തെ സീറ്റിൽ കളിച്ചു തിമിർക്കുന്ന കൊച്ചു മിടുക്കൻ എന്റെ ശ്രദ്ധയാകർഷിച്ചത്. അപ്പുക്കുട്ടൻ! ഏകദേശം മൂന്നു വയസു പ്രായം. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ എങ്ങോട്ടോ ഉള്ള യാത്രയിലാണ് ആശാൻ.
ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ അവൻ ആഘോഷിക്കുന്നു. മഴക്ക് ശേഷം പാറയിടുക്കിലൂടെ ഒഴുകുന്ന വെള്ളവും വഴിയിലേക്കു ചാഞ്ഞു നിൽക്കുന്ന പൂവാകമരത്തിലെ ചുവന്ന പൂക്കളും അവനെ ആവേശഭരിതനാക്കുന്നു. അതന്താ…? ഇതെന്താ…? അവന്റെ ചോദ്യങ്ങൾക്കവസാനം ഇല്ല. അവക്കു മുൻപിൽ ആ അപ്പൂപ്പനും അമ്മൂമ്മയും സർവവിജ്ഞാനകോശങ്ങൾ ആയി. അവൻ അവന്റെ കളികളും സംശയങ്ങളും തുടർന്നു കൊണ്ടേയിരുന്നു.
പണ്ടൊരിക്കൽ പ്രിയ കൂട്ടുകാരി ഫോണിൽ എനിക്കയച്ച ഒരു സന്ദേശമാണ് പെട്ടെന്ന് മനസിൽ ഓടിയെത്തിയത്.
” ഒരിക്കൽ ഈ ഭൂമിയിലെ നമ്മുടെ ഹീറോ സ്വന്തം അച്ഛനായിരുന്നു; ആ തോളിൽ ഇരിക്കുമ്പോഴായിരുന്നു ഞാൻ ഏറ്റവും അഹങ്കരിച്ചിരുന്നത്, അന്ന് ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം ഹോം വർക്ക് ചെയ്യുക ആയിരുന്നു, നേരത്തെ കിടന്ന് താമസിച്ചുണരുന്നത് ശീലമായിരുന്നു, വരച്ചു വച്ച തത്തയുടെ ചുണ്ടിന് ചുവന്ന നിറം കൊടുക്കണോ മഞ്ഞനിറം കൊടുക്കണോ എന്നതായിരുന്നു ഏറ്റവും വലിയ ആശയക്കുഴപ്പം, ബസിൽ കയറുമ്പോൾ സൈഡിലെ സീറ്റ് തന്നെ കിട്ടണേ എന്നതായിരുന്നു പ്രാർത്ഥന,- ആ കാലം കഴിഞ്ഞു പോയി.എന്നിരുന്നാലും ആ നാലു വയസുകാരൻ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും മായാതിരിക്കട്ടെ”
ഞാൻ അപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു എന്റെ മുന്നിലെ അപ്പുക്കുട്ടനും കൂട്ടുകാരി പണ്ടയച്ച ആ സന്ദേശവും. എന്റെ ഉള്ളിലെ കുട്ടിത്തം നിറഞ്ഞ കൗതുകങ്ങളെ എന്തൊക്കെയോ കാരണങ്ങളാൽ കുറച്ചു നാളായി ഉണരാൻ ഞാൻ സമ്മതിച്ചില്ല. ഉണർന്നുവന്നപ്പോഴും ഞാൻ വകവച്ചില്ല. പിന്നെ അവ ഉണരാതായി.
ആ യാത്രക്കു ശേഷം ഒരു പുനർവിചിന്തനത്തിനു ഞാൻ തയാറായിരിക്കുന്നു. ഞാൻ വീണ്ടും കുട്ടിയാവാൻ തുടങ്ങിയിരിക്കുന്നു. ചുറ്റുപാടുകളിലേക്ക് എന്റെ ഉൾക്കണ്ണ് തുറന്നിരിക്കുന്നു. എന്റെ വിരസതയും നിർവികാരതയും മാറിത്തുടങ്ങിയിരിക്കുന്നു.
ഒരു കാര്യം കൂടി പറയട്ടെ, ഞാനല്ല പൗലോ കൊയ്ലോ പറഞ്ഞതാണ്.
നമ്മുടെ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.അത് തിരിച്ചറിഞ്ഞ് ജീവിക്കാൻ ശ്രമിച്ചാൽ ജീവിതം ഒരു ഉത്സവമായി മാറും. വലിയ ഒരു ഉത്സവം


By: 
Fredin Abraham
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo