നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം


അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
അതിരേതുമില്ലാതെ അഴലേതുമിയലാതെ
അതു ശുദ്ധഹൃദയത്തിൻ ആത്മദാഹം.
വിരിയുന്ന പൂവിന്റെ കരളിൽ തുടിക്കുന്ന
സ്നിഗ്ദവർണ്ണങ്ങളിൽ തെളിയുന്ന ശോഭയായ്
ഒരു കിളിപ്പാട്ടിന്റെ ഈണത്തിലലിയുന്ന
മുഗ്ദഭാവങ്ങളിൽ കിനിയും മധുരമായ്
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
ഓരോ കണത്തിലും ഓരോ ക്ഷണത്തിലും
ഓരോ അണുവിലും ഓരോ തൃണത്തിലും
ദേശകാലങ്ങളിൽ രൂപഭാവങ്ങളിൽ
സ്മൃതിയിൽ സംസ്ക്കാരങ്ങൾ
പൂവിട്ട തീർത്ഥങ്ങൾ ഒഴുകുന്നിടങ്ങളിൽ
എന്നും എവിടേയും ഇന്നുമെപ്പോഴുമേ
അതിരേതുമില്ലാതെ അഴലേതുമിയലാതെ
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മദാഹം.
അന്നമില്ലാതെ പൊരിയും വയറിലും
അക്ഷരമില്ലാതുഴറും മിഴിയിലും
ആരോരുമില്ലാതെ കേഴും മനസ്സിലും
ആശ്രിത ഭാവം തളർത്തും അഹത്തിലും
അക്ഷയം അവിരാമമൊഴുകും പ്രവാഹമായ്
അതു ശുദ്ധഹൃദയത്തിൻ ആത്മദാഹം
അതിരു തിരിച്ചു പഠിപ്പിച്ചു രണ്ടായി
തമ്മിലുരച്ചു തീപ്പൊരി പാറിച്ചു
കൊണ്ടും കൊടുത്തും കൊന്നും
കൊലപ്പെട്ടുമെന്നും പൊലിയും
ജനിതക ശാസ്ത്രത്തിൻ ജീവിത രഥ്യയിൽ
എവിടെയോ കൈവിട്ടു പോയ ബന്ധങ്ങളിൽ
എന്നോ മുറിവേറ്റ ഹൃദ്സിരാശാഖിയിൽ
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
ആഴിതന്നാഴത്തിൽ ആകാശനീലയിൽ
ആത്മബന്ധങ്ങളിൽ തേടുന്നു നിന്നെ ഞാൻ
വെറുമൊരു കൗമാര സ്വപ്നത്തിൽ മുളയിട്ട
ഇഷ്ടമല്ലാ പ്രണയം അറിയുക.
കാമിതാക്കൾ തന്നാശകൾ പൂവിട്ട
പൊൻകിനാവിനും പേരല്ല പ്രണയം
ഓരോ മിഴിയിലും തെളിയുന്ന ദീപമായ്
അപരനായുള്ളിലയരുന്ന സ്പന്ദമായ്
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
ഒരു മതിൽ കെട്ടാൽ മറച്ചു വച്ചു പിന്നെ
പൂജയാമൊരു മുറയാലെ തളച്ചിട്ടു നിത്യവും
അകമേ തുടിക്കുന്ന അഖിലാണ്ഡ ബ്രഹ്മമാം
പ്രണയക്കടലിനെ അറിയാതെ പോയതും
അറിവുകേടായതും ,
ഉള്ളിൽ വസിപ്പവനന്യൻ അയിത്തമായ്
പേറുന്ന ഭാണ്ഡത്തിൻ ഉള്ളിലുറങ്ങുന്ന
കനലറിയാതെ കുളിരാൽ വിറക്കയും
കഴിവുകേടിൻ നുകം ചുമലിൽ വഹിക്കയും
കുതറാനറിയാതെ ഇരുൾകനം പേറിയും
കാലങ്ങൾ താണ്ടുന്നു നീചവ്യാമോഹങ്ങളെങ്കിലും
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
രാപ്പാടി പാടുന്ന രാത്രി ഗീതങ്ങളിൽ
പുലർകാലമേയെത്തി തുയിലുണർത്തും
കുയിൽ പാടുമീണങ്ങളിൽ
നറുതേൻ പുരട്ടിയും
ഒരു പകൽ ചൂടിൽ കരിയും തളിരിലും
ഒരു കുളിർ കാറ്റിൻ തലോടലായ് മാറിയും
ഒരു ഗതകാലമുയർത്തും സ്മൃതികൾക്കുമപ്പുറം
ഉറവെയടുക്കും കനിവിൻ പ്രവാഹമായ് അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
ഒരു വാക്കിലല്ലാ ഒരു നോക്കിലല്ല
ഒരുപാടു നോവുള്ള പ്രണയം
കളിവാക്കിലല്ല ചിരി മാത്രമല്ല
കണ്ണീരിനുപ്പുള്ള പ്രണയം
ഇടറും മനസ്സിനു കൂടുകൂട്ടാനൊരു
ചില്ലയായ് ഹൃദയം നീട്ടുന്ന ഹൃദയം
ഇടമറ്റു കേഴുവോർക്ക് അകമേ വസിക്കുവാൻ
ഹൃദയം പിളർത്തുന്ന ഹൃദയം.
പതിനാറു വയസ്സിന്റെ മോഹച്ചിറകുകൾ
പറന്നുയരാൻ വെമ്പുമതിരെഴാവാനല്ല
അതിരു കെട്ടിപ്പഴമ അകമേ നിറക്കുന്ന
അറിവു കേടിൻ കറ കഴുകിയൊഴുകുന്നു
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
നിൻ കുറ്റമേൽക്കാൻ തന്നോടു തന്നെയും
നീതി കാട്ടാത്തൊരു സ്നേഹത്തിന്ധത
അപ്പം മുറിക്കുന്ന ലാഘവത്തോടെ തൻ
ദേഹം മുറിച്ചു വിമ്പുന്ന മേശയീൽ
മുന്തിരിച്ചാറയ് പ്രാണൻ നുരയുന്ന
പാന പാത്രത്തിന്റെ വറ്റാത്ത ഓർമ്മയിൽ
തിരുവിലാപ്പാടിൽ ഉയിരാമുറവകൾ
ഇന്നിലേക്കായി ചുരത്തുന്ന പ്രേമമായ്
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
കാത്തിരിക്കുന്നു ......
പൊരിയും കുരലൊരു നീർകണം
കയ്യിലുണ്ടോ സഖേ കണ്ണുനീരെങ്കിലും
കത്തുന്ന ഹൃദയം കെടുത്തുവാൻ
ഒരു ചുടു നെടുവീർപ്പെങ്കിലും നിൻ കയ്യിൽ
തെരുവിൽ വിശപ്പിന്റെ യീയണക്കാൻ
കയ്യിലുരുട്ടിയോരൊരു പിടിയന്നവും
കരുതിവയ്ക്കാം.......
നമുക്കവിരാമമൊഴുകുന്ന
പുഴയൊന്നു ഹൃദയത്തിൽ .
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം
അതിരേതുമില്ലാതെ അഴലേതുമിയലാതെ
അതു ശുദ്ധഹൃദയത്തിൻ ആത്മദാഹം.
അവിരാമമൊഴുകുന്നു പുഴയൊന്നു ഹൃദയത്തിൽ
അതു ശുദ്ധഹൃദയത്തിൻ ആത്മഭാവം.
By: 
Martin Palakkappillil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot