മുറ്റത്ത് മുഗ്ദ്ധയായി വിരിഞ്ഞപ്പോഴും മുക്കുറ്റിപ്പൂ മടിച്ചു നിന്നു. പൂക്കൂടയുമായി കുട്ടികളൊന്നും ഇപ്പോള്‍ എത്താറില്ല.
ചാണകം മെഴുകിയ പൂത്തറയിലെ നെടുനായകസ്ഥാനവും ഇപ്പോഴില്ല. ശ്രീപാര്‍വ്വതിയുടെ മൂക്കുത്തിയെന്നോ, ദശപുഷ്പങ്ങളിലെ മംഗല്യപ്പൂവെന്നോ ആരും ഉപമ പറയാറുമില്ല. വേലിയ്ക്കല്‍ വിരിഞ്ഞു നില്‍ക്കുന്ന കാക്കപ്പൂവിന്റെ കടുംനിറം പോലും തന്റേതിനേക്കാള്‍ മെച്ചമല്ലേ? ലോറികളില്‍ അയല്‍നാടുകളില്‍ നിന്നെത്തി റോഡരികില്‍ കൂമ്പാരമായി കിടക്കുന്ന പലതരം ഹൈബ്രിഡ് പൂക്കള്‍. കണ്ണഞ്ചിപ്പിയ്ക്കുന്ന വര്‍ണ്ണപ്പൊലിമ. കളം നിറയ്ക്കാനെന്തെളുപ്പം!
ദിവസം മുഴുവന്‍ മങ്ങാതെ വാടാതിരിയ്ക്കുകയും ചെയ്യും. ഇളംകാറ്റിലുലയുമ്പോള്‍ മുക്കുറ്റിപ്പൂവിനു കുളിരു തോന്നി.കുഞ്ഞിതളുകള്‍ മലര്‍ക്കെ തുറന്നു പിടിച്ച് നിസ്സംഗതയോടെ നിന്നു. ആരുടെ കണ്ണിലും പെടാതെ...
എല്ലാം കണ്ടുകൊണ്ട്.............................
ആത്മഗതം..........................
പതിനാലുസെക്കന്റല്ല,
ഒരുസെക്കന്റ് മാവേലിത്തമ്പുരാന്റെ വാത്സല്യദൃഷ്ടിയൊന്ന് പതിഞ്ഞെങ്കില്‍!!
By: രാധ സുകുമാരന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക