ഇന്നലെയായിരുന്നു നാണുമാഷിന്റെ അദ്ധ്യാപക ജീവിതത്തിലെ അവസാന ദിനം.
പതിവു പോലെ നാണുമാഷ് കൃത്യം ഒമ്പത് മണിക്ക് തന്നെ അന്നും സ്കൂളിലെത്തി.
കുട്ടികളെല്ലാം നാണുമാഷിന്റെ യാത്രയയപ്പ് ചടങ്ങുകൾ നടക്കുന്ന ഹാളിലായിരുന്നു...
എങ്കിലും നാണുമാഷ് നേരെ സ്വന്തം ക്ലാസ്സിലെത്തി. മാഷ് ഇരിക്കാറുളള കസേരയും മേശയും തുടച്ചു. ബോര്‍ഡിൽ ഇന്നലെ ആരോ ചോക്കു കൊണ്ട് എഴുതിയതൊക്കെ മായിച്ച് വൃത്തിയാക്കി.
നാണുമാഷിന്റെ ഉളളിൽ ഒരു കടലിരമ്പുന്നുണ്ടെങ്കിലും പുറമെ ശാന്തനായി കാണപ്പെട്ടു.
യാത്രയയപ്പ് ചടങ്ങുകൾ തുടങ്ങുന്നതുവരെ നാണുമാഷ് തന്റെ ക്ലാസ്സ് റൂമില്‍ത്തന്നെ ഒറ്റയ്ക്കിരുന്നു.
ഹെഡ് മാസ്റ്റര്‍ വന്ന് വിളിച്ചപ്പോള്‍ മാത്രമാണ് നാണുമാഷ് തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റത്.
ചടങ്ങില്‍ വിശിഷ്ടാതിഥികളെല്ലാം നാണുമാഷിന് സന്തോഷകരമായ ഒരു വിശ്രമ ജീവിതം ആശംസിക്കുകയും മാഷിന്റെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു .
ദീര്‍ഘനേരം വളരെ സരസമായി ക്ലാസെടുക്കാറുളള നാണുമാഷ് തന്റെ മറുപടി പ്രസംഗം ചുരുക്കം ചില വാക്കുകളില്‍ ഒതുക്കി .
നാണുമാഷിന്റെ കണ്ണുകള്‍ ചുവന്നതും ശബ്ദം ഇടറിയതും ആദ്യമായാണ് അദ്ധ്യാപകരും കുട്ടികളും അന്നവിടെ കണ്ടത്.
യാത്രയയപ്പ് ചടങ്ങുകൾ അവസാനിച്ച ശേഷം നാണുമാഷ് എല്ലാവരോടും യാത്ര പറഞ്ഞ് സ്കൂളിന്റെ പടികളിറങ്ങി...
ഇടവഴിയിലൂടെ നടന്നകലുമ്പോൾ അവസാനമായി ഒന്ന് പിൻതിരിഞ്ഞ് നോക്കാന്‍ നാണുമാഷിന്റെ മനസ്സ് വെമ്പി...
നീണ്ട മുപ്പതു വര്‍ഷം ...
പിൻതിരിഞ്ഞു നോക്കിയാല്‍ ചിന്തകള്‍ കഴിഞ്ഞ മുപ്പത് വര്‍ഷം പിറകോട്ട് പോകും.. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ മാഷ് നടന്നു ..
ഇടവഴി കഴിഞ്ഞ് സംഘാടകരുടെ കാറിൽ കയറിയിട്ടും നാണുമാഷ് ആരോടും സംസാരിച്ചില്ല... വീടെത്തുന്നതുവരെ മാഷ് കാറിന്റെ സീറ്റില്‍ കണ്ണടച്ച് ചാരിയിരുന്നു..
പിറ്റേന്ന് രാവിലെ കൃത്യം അഞ്ചു മണിക്കു തന്നെ മാഷിന്റെ ടൈംപീസിലെ അലാറം ശബ്ദിച്ചു...
പതിവു പോലെ മാഷ് തന്റെ ഇടതു കൈ കൊണ്ട് അലാറം ഒാഫ് ചെയ്ത് വീണ്ടും ഒന്ന് നീണ്ട് നിവർന്ന് കിടന്നു....
ദൂരെ ശിവന്റെ അമ്പലത്തിലെ പ്രഭാത കീർത്തനങ്ങൾ അടച്ചിട്ട ജനലിനിടയിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.
നാണുമാഷ് പ്രാര്‍ത്ഥനാ ശ്ലോകങ്ങളുരുവിട്ടുകൊണ്ട് കിടക്കയില്‍ നിന്നും എഴുന്നേൽക്കാൻ തുടങ്ങി .
പെട്ടെന്നാണ് നാണുമാഷിന് ആ യാഥാര്‍ത്ഥ്യം ഒാർമ്മ വന്നത്..
ഇന്നുമുതൽ നാണുമാഷ് അദ്ധ്യാപകനല്ല എന്ന സത്യം ....!!
ഇന്നലെ മാഷ് അവസാനമായി സ്കൂളിൽ ചെന്നതും യാത്രയയപ്പിൽ പങ്കെടുത്തതുമെല്ലാം ഒാർമ്മയിൽ തെളിഞ്ഞു .
കിടന്നുകൊണ്ടു തന്നെ നാണുമാഷ് മുറിയിലെ ആൾക്കണ്ണാടിക്കരികിലുളള മേശപ്പറത്തേക്ക് നോക്കി .
അവിടെ .... ഇന്നലെ യാത്രയയപ്പ് വേളയിൽ അണിയിച്ച പൂമാല....
അത് വാടിക്കരിഞ്ഞിട്ടുണ്ടായിരുന്നു.......
അത് വാടിക്കരിഞ്ഞിട്ടുണ്ടായിരുന്നു.......
പുലര്‍കാലത്തെ മഞ്ഞിൻ തണുപ്പിന് കാഠിന്യം കൂടിയതുപോലെ നാണു മാഷിന് തോന്നി .
നാണുമാഷ് തന്റെ വെളുത്ത കമ്പളിപ്പുതപ്പ് വലിച്ചെടുത്ത് മേലാസകലം മൂടിപ്പുതച്ച് ഒന്നുകൂടി ചുരുണ്ട് കിടന്നു..
അപ്പോള്‍ പ്രഭാത സൂര്യന്റെ മഞ്ഞ വെളിച്ചം വാതില്‍ പഴുതിലൂടെയിറങ്ങി തറയില്‍ നീളന്‍ കോലങ്ങളെഴുതുന്നുണ്ടായിരുന്നു...
Manfred Pramod.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക