By: Nair Unnikrishnan
നേരം പാതിരയോടടുക്കുന്നു .അച്ഛമ്മക്ക് രോഗം കലശലായി . അച്ഛൻ ഇനിയും എത്തിയിട്ടില്ല. ഞാനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത് . . അടുത്തെങ്ങും മറ്റു വീടുകളില്ല ..വടക്കു ഭാഗത്തെ വേലി അല്പം പൊളിച്ചു വെച്ചിട്ടുണ്ട് . അത് വഴി നൂഴ്ന്നിറങ്ങി വിജനമായ പറമ്പിലൂടെ അൽപ ദൂരം നടന്നാൽ മനക്കലേക്കെത്താം.
അമ്മ പറഞ്ഞതനുസരിച്ച് ഞാൻ മനക്കലേക്കു ഓടി. കയ്യിലൊരു ചൂട്ടു കറ്റ മാത്രം . മനയുടെ ചുറ്റും നടന്ന് കുറേനേരം വിളിച്ചു നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല .
" ഉണ്ണീ , അവിടെയാരുമില്ല , അവർ മുത്തച്ഛന്റെ ശ്രാദ്ധത്തിനു പോയിരിക്കയാണ് . ആ റോഡിന് അപ്പുറത്ത് കൊച്ചു നാരായണന്റെ വീടുണ്ട് . അവിടെ ആളുകൾ കാണും . വേഗം പൊക്കോളൂ " പറമ്പിൽ നിന്ന് ഒരു സ്ത്രീ ശബ്ദം പറയുന്നതു കേട്ടു ഞാനൊന്നു പതറി . എങ്കിലും അച്ഛമ്മയുടെ കാര്യമോർത്തപ്പോൾ കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ വേഗം നടന്നു .
ആ സ്ഥലത്തു ഞങ്ങൾ വരുത്തരാണ് . അച്ഛന് ട്രാൻസ്ഫർ കിട്ടി രണ്ടു ദിവസം മുൻപാണ് പുതിയ വാടക വീട്ടിലേക്ക് എത്തിയത് . റയിൽവെയിലാണ് അച്ഛന്റെ ജോലി . ഓര്മ വച്ച നാൾ മുതൽ ഞങ്ങൾ വടക്കേ ഇന്ത്യയിൽ തന്നെയാണ് താമസം . അച്ഛൻ കണ്ടമാനം മദ്യപിക്കും . മറ്റുള്ളവരോട് വഴക്കുണ്ടാക്കുകയും ചെയ്യും . ഇക്കാരണത്താൽ, കുഗ്രാമങ്ങളിൽ തന്നെയായി എപ്പോഴും പോസ്റ്റിങ്ങ് . ഇതാദ്യമായി കേരളത്തിലേക്ക് വരാൻ കഴിഞ്ഞതിൽ ഞാൻ ഭയങ്കര ത്രില്ലിലായിരുന്നു .അമ്മയെപ്പോഴും പറയുന്ന നമ്മുടെ സ്വന്തം നാട് . അതൊന്നു കാണാനും അടുത്തറിയാനും എന്നും അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
ആളുകളെ കൂട്ടി വീട്ടിലെത്തിയപ്പോഴേക്കും അച്ഛമ്മയുടെ മരണം സംഭവിച്ചിരുന്നു . അച്ഛൻ എത്തിയിട്ടുണ്ട് . കുടിച്ചു ബോധം തീരെയില്ല .
അച്ഛമ്മയുടെ മരണാനന്തരകർമ്മങ്ങൾ ഒക്കെ കഴിഞ്ഞിട്ടൊരു ദിവസം ആ സ്ത്രീ ശബ്ദത്തെ പറ്റി എനിക്ക് വീണ്ടും ഓർമ്മ വന്നു . ആരായിരിക്കും അത് ? ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി. പാതിരയായപ്പോൾ ഞാൻ അടുക്കള വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങി, മനക്കലേക്കു നടന്നു...
ചെറിയച്ഛൻ കൊണ്ടുവന്ന പെൻ ടോർച്ചു മാത്രം കൂട്ടിന് ...
തെങ്ങും കവുങ്ങും കശുമാവും പൂവരശും നിറഞ്ഞ ആ വലിയ പറമ്പിലൂടെ ശ്രദ്ധയോടെ കാലുകൾ വച്ചു മുന്നോട്ടു നീങ്ങി. എത്തിപ്പെട്ടത് ഒരു വലിയ മരത്തിന്റെ മുന്നിൽ . പെട്ടെന്ന് കാലുകളിൽ വല്ലാത്ത നനവ് .. ടോർച്ചടിച്ചു നോക്കിയപ്പോൾ കുറെ വെളുത്ത പൂക്കൾ കൂട്ടിയിട്ടിരിക്കുന്നു . അതിന്മേലാണ് എന്റെ നിൽപ്പ് വലതു കാൽ പുറകോട്ടു വച്ചപ്പോൾ പുറകിൽ നിന്നും, അന്ന് കേട്ട അതേ ശബ്ദം ..
."ഉണ്ണീ അതെന്റെയാണ് കേട്ടൊ" ...
"എന്നെ മനസ്സിലായോ ഉണ്ണീ, ......വരൂ നമുക്കവിടെ ഇരിക്കാം", അല്പമകലെ ചമത മരത്തിന്റെ വലിയ ഇലകൾ നിലത്തു വിരിച്ചു വച്ചിരിക്കുന്നു. ഒന്നും പറയാനാകാതെ ഞാനും ഒപ്പമിരുന്നു. സ്നേഹം പൊതിഞ്ഞ ചിരി അപ്പോൾ ഞാൻ വ്യക്തമായി കണ്ടു . മരിച്ചു പോയ വല്യേച്ചിയെ പോലെ .
"എവിടെയാ വീട്, പേരെന്താ " ? എന്റെ ചോദ്യങ്ങൾക്കു ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി .
"എന്നെ കണ്ടിട്ട് പേടി വരുന്നില്ലേ"..ഇല്ലെന്നു ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
"എന്റെ പേര്, ...... അതറിയണ്ടാട്ടോ, വീട് ..... വലിയ മരം നിൽക്കുന്ന മനയുടെ നേരെ വിരൽ ചൂണ്ടിക്കാട്ടി;
ആ മുഖത്ത് വീണ്ടും ചിരി പരന്നു.
മലയാളം കുരച്ചു കുറച്ചു പറയുന്ന എനിക്ക് നാട്ടിലെ പുതിയ സ്കൂളിലും കൂട്ടുകാർ കുറവായിരുന്നു . സിലബസ്സിനാകട്ടെ നല്ല വ്യത്യാസവും ഉണ്ട് . പത്താം തരത്തിന്റെ പാഠ ഭാഗങ്ങൾ അങ്ങിനെ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അച്ഛന്റെ ബെൽറ്റ് വച്ച് കിട്ടുന്ന അടി ഓർക്കുമ്പോൾ രാത്രി മുഴുവൻ പഠിക്കാൻ ഉപയോഗിക്കും. രാവിലെ അച്ഛൻ പോയിക്കഴിഞ്ഞേ എഴുന്നേൽക്കൂ.......ആ മുഖം; അത്രയും കുറച്ചു കണ്ടാൽ മതിയല്ലോ.
കൂട്ടുകാർ അധികമില്ലാത്ത എനിക്ക് ഒരാശ്വാസമായിത്തീർന്നു പുതിയ കൂട്ട് . മിക്ക ദിവസങ്ങളിലും രാത്രിയിൽ പഠിച്ചു തീരുമ്പോൾ , ബുക്ക് മടക്കി വെച്ച് ഞാൻ ആ ചമതയുടെ അരികിലെത്തും. എന്നെയും കാത്ത് അവരവിടെയുണ്ടാകും.
"തനിക്ക് പകല് വന്നൂടെ , രാത്രി ആരെങ്കിലും കണ്ടാൽ വഴക്കു പറയില്ലേ?"...എനിക്ക് ചിലപ്പോൾ അരിശം വരും
"അതെങ്ങെനെയാ ഉണ്ണ്യേ ...പകലല്ലേ ആളുകൾ കാണുക . .പിന്നെ ..... നമ്പൂര്യച്ചൻ കണ്ടാൽ കഴിഞ്ഞു കാര്യം ".....അവരുടെ മുഖത്ത് വിഷാദം നിറഞ്ഞു .
പേര് ഞാൻ പിന്നീട് ചോദിച്ചുമില്ല. അവർ എന്നോട് പറഞ്ഞതുമില്ല .
പുരാണ കഥകൾ, സംസ്‌കൃത ശ്ലോകങ്ങൾ ..അങ്ങനെ പോയി അവരുടെ വിനോദങ്ങൾ. എനിക്ക് പാടുവാനുണ്ടായിരുന്നത് നിലത്തടിച്ചാൽ മാത്രം പാടുന്ന റേഡിയോയിൽ നിന്ന് കിട്ടുന്ന വിശേഷങ്ങളായിരുന്നു. പിന്നെ സ്കൂളിലെ കാര്യങ്ങളും,വീട്ടിലെ വിഷമങ്ങളും.......
മൂന്നാം യാമം കഴിയാറാവുമ്പോൾ ഞങ്ങൾ വിട പറയും ...
പിന്നെ മറ്റൊരു ദിവസം.
കൂടിക്കാഴ്ചകൾക്കു ഇടവേളകൾ കൂടിയാൽ അവർ നന്നായി പരിഭവിക്കും. അത് കണ്ടിരിക്കാൻ എനിക്കും ആവുമായിരുന്നില്ല.
ഒരിക്കൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കവേ, എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട്, അതു വരെ കാണാത്ത ഭാവത്തോടെ അവർ പറഞ്ഞു, " എന്റെ ഗന്ധർവനാണ് നീ, പോരുന്നോ എൻറെയൊപ്പം ?"..
"ഗന്ധർവനോ, അതെന്താണ് ...ആ വാക്ക് അന്നാദ്യമായി കേൾക്കുകയായിരുന്നു...
വീണ്ടും ചിരി .............
എനിക്ക് അത്ഭുതം തോന്നിയ കാര്യം മറ്റൊന്നായിരുന്നു . ആ സമയങ്ങളിൽ ഒരിക്കൽ പോലും മഴ പെയ്തിരുന്നില്ല ........
അന്തരീക്ഷം ഞങ്ങൾക്ക് വേണ്ടി തയാറായി മാറി നിൽക്കുന്ന പോലെ ......
കൂടാതെ ഇത്രയധികം ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഞങ്ങൾ കാണുന്നതും, സംസാരിക്കുന്നതും ആരും അറിഞ്ഞിരുന്നുമില്ല ......
പത്താം ക്ലാസ്സിലെ വർഷ പരീക്ഷ നടക്കുന്ന സമയം . ദിവസങ്ങളോളം എനിക്ക് അവിടെ പോവാൻ കഴിഞ്ഞില്ല . ഇടയ്ക്കിടെ ഓർമ്മ വരുമെങ്കിലും പോകാനുള്ള സാഹചര്യം ഉണ്ടായില്ല . അതി രാവിലെ എന്നെ എഴുന്നേൽപ്പിക്കുക എന്നത് അച്ഛനെയും അമ്മയെയും സംബന്ധിച്ചടത്തോളം ഏറെ ശ്രമകരമായിരുന്നു. അതിനാൽ രണ്ടുപേരും എന്റെ മുറിയിൽ തന്നെയാണ് കിടന്നിരുന്നത്.
അന്നൊരിക്കൽ, ഒരു രാത്രിയിൽ, പഠിച്ചു കൊണ്ടിരിക്കുമ്പോൾ, എന്റെ മുന്നിലുള്ള ജനാല തനിയെ തുറന്നു വന്നു. ശക്തമായ കാറ്റും മഴയും . വെട്ടി വീഴുന്ന കൊള്ളിയാനുകളുടെ വെള്ളി വെളിച്ചത്തിൽ ജനാലയ്ക്കു പുറത്ത് ഞാൻ കണ്ടു. വിഷാദം മുട്ടി നിൽക്കുന്ന മുഖം . വേഷമാകെ നനഞ്ഞിരിക്കുന്നു .
"ഉണ്ണി വരണില്യേ ,"....മുഖം കണ്ടപ്പോൾ എനിക്കും വിഷമമായി . പുസ്തകം അടച്ചു വെച്ചു വാതിൽ തുറക്കാനായി എഴുന്നേറ്റു .
" ആയ് ..നീയിവിടെ നിക്കുവാ ? മൂധേവി ..അശ്രീകരം " ...
മനയ്ക്കലെ വല്യ നമ്പൂരിയച്ഛന്റെ ശബ്ദം പോലെ തോന്നി. പിന്നെ കുറെ മന്ത്രോച്ചാരണങ്ങളും കേട്ടു . ജനാലയിലൂടെ ആ മുഖത്തിന്റെ ദയനീയ ഭാവം കണ്ടു ..... പെട്ടെന്നോടിച്ചെന്നു വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി നോക്കി .
മഴയുമില്ല , ഇടിയുമില്ല .....
കടുത്ത നിശ്ശബ്ദത മാത്രം.
അച്ഛനും അമ്മയും ഉണരുമോ എന്ന് പേടിച്ച് വേഗം ഞാൻ അകത്തു കയറി. രണ്ടാളും സ്തംഭനം വന്ന പോലെ കിടന്നുറങ്ങുന്നു .
കണ്ടത് സ്വപ്നമാണോ ...
ആകെ സംഭ്രമത്തിലായി ഞാനും .
പിറ്റേന്ന് സ്കൂളിലേക്ക് നടന്നു പോകുമ്പോൾ മനക്കൽ ഭയങ്കര ആൾക്കൂട്ടം . ചെവി വട്ടം പിടിച്ചപ്പോൾ പലതും അറിഞ്ഞു . വൃദ്ധനായി കിടപ്പായിരുന്ന നമ്പൂര്യച്ചൻ അർദ്ധരാത്രി പെട്ടെന്നെഴുന്നേറ്റു വാതിൽ തുറന്നു പുറത്തേക്കു പോയത്രേ . പിന്നെ കണ്ടത് രാവിലെ വികൃത ജഡമായി കുളത്തിൽ കിടക്കുന്നതാണ് . അദ്ദേഹം വശപ്പെടുത്തി വച്ചിരുന്ന യക്ഷിയാവാം അത് ചെയ്തെതെന്ന് പലരും അടക്കം പറയുന്നുണ്ടായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ഏതോ ഭയങ്കര ഹോമം അവിടെ നടക്കുന്നു എന്നും കേട്ടു .
വർഷ പരീക്ഷ കഴിഞ്ഞ ശേഷം ഞാൻ പകലും രാത്രിയുമൊക്കെ ആ പറമ്പിൽ അലഞ്ഞു നടന്നു. ഉണങ്ങിയ ചമതയിലകൾ ചെറു കാറ്റിലൂടെ എന്റെ ഒപ്പം കൂടി .
ആ വലിയ മരത്തിൽ ചുവപ്പു പട്ടു ചുറ്റിയ ആണി അന്നൊന്നും എന്റെ കണ്ണിൽ പെട്ടിരുന്നില്ല. എപ്പോഴൊക്കെയാ ആ പട്ടു തൂവാല എന്നെ മാടി വിളിച്ചിരുന്നോ ?
അറിയില്ല
ഏറെ നാളുകൾക്കിപ്പുറം, ഒരിക്കൽ വിദേശത്തു നിന്ന് വീട്ടിൽ അവധിക്കു വന്നപ്പോൾ, മന പൊളിക്കുന്ന ആളുകൾ എത്തിയത് കണ്ടു ഞാനവിടേക്കു ചെന്നു . വല്യ നമ്പൂരിയച്ചന്റെ സന്തതി പരമ്പരയിൽ അവസാനത്തെ ആൾ, മന വിറ്റു പോവുകയാണത്രെ ....
പ്രതാപങ്ങൾ എല്ലാം കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഒടുങ്ങിയിരുന്നു.
പൊളിഞ്ഞു വീഴാൻ ബാക്കിയുള്ള ചില ചുവരുകളിലെ ജനാലകൾ എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു.
ചുറ്റുവട്ടം നടന്നു കാണുമ്പോൾ വിഷമം കൺകോണുകളിലെത്തി. അടർന്നു വീഴുന്നിടത്ത് ആ വെളുത്ത പൂക്കൾ ഞാൻ തിരഞ്ഞു .
പൊളിച്ചു മാറ്റിയ കഷ്ണങ്ങൾക്കിടയിൽ എന്റെ കണ്ണുകൾ എന്തൊക്കെയോ തേടിക്കൊണ്ടേയിരുന്നു ......
തിരികെ വീട്ടിലെത്തുമ്പോൾ ഭാര്യയുടെ ശകാരം . "എപ്പോ നാട്ടിൽ വന്നാലും മനയിലെ മരത്തിന്റെ മൂട്ടിൽ
പോയി നിൽക്കണമല്ലേ .....എന്നാൽപ്പിന്നെ നിങ്ങള്ക്ക് ആ മനയങ്ങു വാങ്ങിക്കൂടാരുന്നോ "
പ്രതീക്ഷകൾ അവസാനിക്കുന്നില്ല.......
By: Nair Unnikrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക