നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"വസന്തത്തെ കുറിച്ച് ഒരോർമ്മ "


സൂര്യന്റെ ചൂടേറ്റ് വാടി തളർന്ന പകൽ സന്ധ്യയെ പുൽകാൻ തുടങ്ങിയിരിക്കുന്നു. ചൂട് കാറ്റ് മാത്രം ക്ഷീണമില്ലാതെ വീശിക്കൊണ്ടിരുന്നു.....
പ്രതീക്ഷയോടെയാണ് കർക്കിടം വന്നത് പക്ഷേ മഴ മാത്രം വന്നില്ല.
പക്ഷികളും ചെറു മൃഗങ്ങളും ചത്തൊടുങ്ങി വയലുകൾ വറ്റിവരണ്ടു കർഷകർ പൂജാധികർമ്മങ്ങളുമായി ഓടിനടന്നു .....
കുട്ടിക്കാലത്ത് ഇറ വെള്ളത്തിൽ
ഉണ്ടാക്കി വിട്ട
എത്രയെത്ര കളിവഞ്ചികളെ തകർത്ത് എറിഞ്ഞു ആ പെരുമഴ. അന്ന് ആ മഴയെ
ദേഷ്യത്തോട് നോക്കി പറഞ്ഞു
"കുറ്റിയറ്റ മഴ"
മഴയെ ശപിച്ചു.
മഴ അതൊന്നും കേട്ട ഭാവം
നടിച്ചില്ല പിന്നെയും പെയ്തു
ശക്തമായി .
" മഴ വന്നു പാടം നിറഞ്ഞു കഴായി കെട്ടെടാ
പഴനിമലെ "
എന്നു പറഞ്ഞ് ആളുകൾ ഓടി നടന്നു.
പാടത്തും ചെറു തോടുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു പരൽമീനുകൾ ഓടിക്കളിച്ചു തവള കരഞ്ഞു
ഞാറുപാകലും കളപറിയുമായി ആളുകൾ വല്ലികുടയുമായി പാടത്ത് നിറഞ്ഞു.....
ആ പെരുമഴയത്ത് കമ്പിളി പുതപ്പിനുള്ളിൽ മുത്തിയമ്മയുടെ അടുത്തിരുന്ന് കഥ കേട്ടു. അഹംങ്കാരിയായ മണ്ണാങ്കട്ടയുടെയും സല്സ്വഭാവിയായ കരിയിലയുടെയും കഥ...
പാടവരമ്പത്തൂ കൂടി സ്ക്കുളിലേക്ക് പോകുമ്പോൾ അമ്മ ഓർമ്മിപ്പിക്കും
" കുടയെടുത്തോ മഴ പെയ്യും ഇന്ന് പതിനെട്ടാം പെരുക്കമാണ് "
തിരിച്ച് വന്ന് കുടയെടുത്ത് ഓടി പോകുമ്പോൾ വെറുതെ ഓർത്തും പത്തിനെട്ടാം പെരുക്കത്തെ കുറച്ച് പതിനെട്ട് വെയിലും പതിനെട്ടു മഴയും
വരുന്ന ദിവസമാണ്
സുഹൃത്തുക്കളോടൊത്ത് ക്ലാസിലിരുന്ന് എണ്ണിയിട്ടുണ്ട്. പുറത്ത് മഴയും വെയിലും വരുന്നത് പക്ഷേ ശിവദാസൻ മാഷിന്റെ അടിക്കൊണ്ടത് മാത്രം മിച്ചം കർക്കിടക മാസത്തിലെ ആ കുസൃതിയെ ഇന്നുവരെ എണ്ണി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.
മഴയിൽ കുതിർന്ന് കിടന്ന ആ സ്ക്കൂൾ മൈതാനത്തിലേക്ക് ആദിത്യൻ ഇടയ്ക്കിടെ ചെങ്കതിർ വീശി കൊണ്ടിരിന്നു
അത് കണ്ടിരുന്ന കുട്ടികൾ ഉറക്കെ പാടി
" വെയിലും മഴയും കുറുക്കാമാച്ചന്റെ കല്യാണം"
പലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പൂ തുമ്പിപ്പോലെ കുട്ടികൾ ഓടി നടന്നു ...
ചംക്രാന്തി നാളിൽ മൈലാഞ്ചി കൈയിൽ ഇട്ട് .
തേക്കിന്റെ ഇല കൊണ്ട് രണ്ടു കൈയും മൂടിക്കെട്ടി കിടന്നുറങ്ങും.
നേരം പുലർന്ന് കൈയ് കഴുകി അടുപ്പിന്റെ ചെറുചൂടിൽ കൈയ് ഉണങ്ങാൻ വയ്ക്കുമ്പോൾ അനിയൻ മാരോടു പറയും
" നിങ്ങളുടെ കൈയേക്കാളും ചുവന്നത് എന്റെ കൈയാണ് "
ഒരു പ്രഭാതത്തിൽ മുത്തശ്ശിയും അമ്മായും മുളം കൂട്ടത്തിൽ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ കുട്ടികൾ ആകാംക്ഷയോട് തിരക്കി
"എന്താണ് നോക്കുന്നത് "
" കല്ലൻ മുള പൂത്തു അതിന്റെ ആയുസ്
ഒടിങ്ങി കഴിഞ്ഞു "
മുത്തിയമ്മ പറഞ്ഞപ്പോൾ ഞങ്ങളുടെ
കുഞ്ഞ് കണ്ണുകൾ നിറഞ്ഞു....
വർഷങ്ങളായി വിട്ട്മുറ്റത്ത് നിറഞ്ഞ് നിന്ന
പരുവകൂട്ടങ്ങൾ മരിക്കാൻ തുടങ്ങുന്നു അടുത്ത വേനലോട് അവ പൂർണ്ണമായി നശിക്കും...
ചെമ്പോത്ത് ചെറുകുരങ്ങ് ഓടി വാ
എന്നു പറഞ്ഞ് വിളിക്കുമ്പോൾ പരിവകൂട്ടത്തിൽ നിന്നും
പുറത്തേയ്ക്ക് തലയിട്ട് ചെമ്പോത്ത് കുറുകും അണ്ണാൻ കുഞ്ഞുങ്ങൾ മുളയിൽ ഓടി നടക്കുന്ന കാഴ്ച്ച എല്ലാം അസ്തമിച്ചു തുടങ്ങുന്നു....
കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആ കല്ലൻ മുളക്കൂട് നിറയെ പൂക്കൾ കൊണ്ട് മൂടി ...
മരിക്കുന്നതിന് മുമ്പ് മനുഷ്യരുടെ മുഖം സുന്ദരമായി ചുവക്കുന്ന
പോലെ തന്നെ വസന്തം കൈയൊഴിയുന്ന
നേരത്തും ആ മുളകൾ ചിരിച്ചുകൊണ്ടിരുന്നു
അമ്മായും മുത്തശ്ശിയും ആ പരിവകൂട്ടത്തിന്
താഴെയായി പ്ലാസ്റ്റിക്ക് ചാക്കുകൾ വിരിച്ചു
ആ പൂക്കൾ പൊട്ടി ചിതറുമ്പോൾ അരി മണികൾ താഴെ വീഴും പോലും അത് അരച്ച് ദോശ ഉണ്ടാക്കാം ....
ഒരു മനുഷ്യൻ എന്തിനൊക്കെ മുളയെ
ഉപയോഗിക്കുന്നു. പരമ്പ് കുട്ട മുറം വട്ടി ഒരു വീടിന് വേണ്ട എല്ലാ സാധനങ്ങളും
ഒടുക്കും മരിച്ചു കിടക്കുമ്പോൾ പാട കെട്ടാൻ വരെ എന്നിട്ടും തീരുന്നില്ല മനുഷ്യന്റെ ആർത്തി മുളയുടെ മരണത്തിന്റെ ശേഷിപ്പുകൾ കൂടെ ദോശയുണ്ടാക്കി കഴിക്കുന്നു ...
മനുഷ്യജീവിതത്തിൽ മനസു വെച്ചാൽ ചിലപ്പോൾ കാണാൻ സാധിക്കും നിലക്കുറിഞ്ഞി പൂക്കൂന്നതും നിശാഗന്ധി വിരിയുന്നതും ഒക്കെ പക്ഷേ കല്ലൻ മുള പൂക്കുന്നത് കാണാൻ കഴിയുന്നത് വളരെ വിരളമാണ് ...
വേദനയോടെ ആണെങ്കിലും കുട്ടിക്കാലത്ത് ഒരു തവണ ഞാൻ കണ്ടിട്ടുണ്ട്.....
ഇന്ന് കഥകൾ പറഞ്ഞു തരാൻ മുത്തിയമ്മയില്ല. ഓണതുമ്പിയില്ല ചിത്രശലഭങ്ങൾ ഇല്ല കർക്കിടകത്തിൽ മഴയില്ല പച്ച പട്ട് വിരിച്ചു നിന്ന പ്രകൃതി മരണപ്പെട്ടു പൊള്ളുന്ന വെയിൽ മാത്രം
മനുഷ്യൻ ചെയ്ത തിൻമകളുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല....
ആരുടെയൊക്കയോ നിലവിളി കേട്ട്
അമ്മായീ വിളിച്ച് പറഞ്ഞു
"കൊടും പാപി വരുന്നു"
അത് കേട്ട് ഞാൻ വേഗം വീടിന്റെ വെളിയിലേക്കിറങ്ങി....
ആളുകൾ എന്തിനെയോ കെട്ടിവലിച്ച് കൊണ്ടു വരുന്നു ശ്രദ്ധിച്ചപ്പോൾ മനസിലായി വൈക്കോൽ കൊണ്ട് പണിത സ്ത്രീരൂപം അതിന് ചുവന്ന കോടി പുതപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് വരുന്നു കൊടും പാപിയുടെ ശാപം കൊണ്ടാണ് മഴ പെയ്യാത്തത് ആ സ്ത്രീരൂപത്തെ കൊടും പാപിയായി സങ്കല്പിച്ച് അഗ്നിയിൽ ദഹിപ്പിച്ചാൽ മഴ പെയ്യുമെന്ന വിശ്വാസം നാട്ടിലെ പഴമക്കാരിൽ ഇന്നും നിലനിൽക്കുന്നു..
ആളുകൾ കുറു വടിയുമായ് ആ കോലത്ത് അടിക്കുകയും കുറെ പേർ കരയുകയും ചീത്ത വിളിക്കുകയും ചെയ്യുന്നു:
" അറ്റമുണ്ടേ കുറ്റിയറ്റവളേ
നീ ചത്തുപോടീ "
ആ കരച്ചിൽ കേട്ട് തലയ്ക്ക് കൈക്കൊടുത്തു ഞാൻ നിന്നു
മനുഷ്യന്റെ മരണാന്തര ചടങ്ങുകൾ ചെയ്യുന്നപോലെ ആളുകൾ ആ കൊടും പാപിയുടെ കോലം അഗ്നിയിൽ ദഹിപ്പിച്ചു. നാട്ടുകാർ പിരിഞ്ഞുപ്പോവുമ്പോൾ ആരൊക്കയോ പറയുന്നുണ്ടായിരുന്നു
" ഇന്നു രാത്രി മഴ പെയ്യും"
ഉത്തരേന്ത്യയിലെ എതോ ഒരു ഗ്രാമത്തിലാണോ നിൽക്കുന്നത് എന്നുവരെ എനിക്ക് തോന്നിപ്പോയി......
ഇരുട്ടിന്റെ കരിമ്പടം പ്രകൃതിയിൽ വന്ന് വീണു കരിമ്പനകളിൽ കാറ്റ് പിടിച്ചു ചൂട് പിടിച്ച് കിടന്ന ഭൂമിയുടെ മാറിലേക്ക് മഴ പെയ്തു വന്നു .
കൊടും പാപിയുടെ ശവദാഹം നടത്തിയതുകൊണ്ടാണോ എന്തോ എനിക്കറിയില്ല പക്ഷേ അന്ന് മഴ പെയ്തു
പൊത്തിൽ ഒളിച്ചിരുന്ന തവള കരഞ്ഞു തുടങ്ങി....
ആ രാത്രി കൈകോട്ടുമായി ആളുകളുടെ കൂട്ടത്തിൽ ഞാനും പാടത്തേക്കിറങ്ങി
ആരോ വിളിച്ചു പറഞ്ഞു
" മഴ വരുന്നു പാടം നിറഞ്ഞു കഴായി കെട്ടടാ പഴനിമലേ "
ആ പാടത്ത് ആഞ്ഞ് വെട്ടി ചാല് കീറി വെള്ളം തിരിച്ച് വിട്ടു ഓരോ വയലുകളിലും വെള്ളം നിറയുന്നത് സംത്യപ്തിയോടെ ഞാൻ നോക്കി നിന്നു..
വസന്തം പൂർണ്ണമായി കൈയൊഴിയാത്ത ഭൂമിയുടെ മാറിലൂടെ ദേശങ്ങളും ഭക്ഷകളുമില്ലാതെ മലയാളിയെന്നോ തമിഴനെന്നോ വേർതിരിവ് ഇല്ലാതെ ആ മഴവെള്ളം ഒഴുകി കൊണ്ടിരുന്നു........
*****************
മനു എണ്ണപ്പാടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot