Slider

കവിത

0

ചെഞ്ചോര കുരച്ചുതുപ്പി കടലാഴത്തിൽ
കരയിലൊരു തരുണി തല കുമ്പിട്ടും
കരിമേഘക്കൂട്ടം മറച്ച ചന്ദ്രക്കലപോൽ
കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണൊരാ വദനവും
അഴലുപേറിയവളുഴറുന്ന നേരം
കരുണാകടാക്ഷത്താലൊരാളരികിൽ
മൃദുമന്ദഹാസത്താലെളിമയായ് ചൊല്ലി
തവ മിഴികളെന്തിത്ര നനയുവാൻ ?
പല്ലവാംഗി തൻമുഖമന്നേരം തെല്ലുയർത്തി
പുലർകാല തൃണത്തിലെ തുഷാരബിന്ദു പോലെ
അക്കണ്ണിൽ കൂമ്പിയൊരശ്രു സ്ഫടിക ഗോളമായ്
അയ്യോ! ഞെട്ടറ്റു വീണതു ഭൂമിതൻമാറിൽ
ധൈര്യമാർന്നൊന്നു കഥിച്ചീടിൽ
ഇക്ഷണം തീരുമെന്നാകുല ചിന്തകൾ
വന്നുവോ പിഴയെങ്ങാൻ ചൊല്ലു നീ പാരമാശു -
വിളറിക്കിടക്കുന്നതെന്തിന്നു നിന്മുഖം ?
കഷ്ടകാലമീ ദുരിതജീവിതം ഓതിനിൻ
ലോലഹൃദയത്തിലെൻ വേദന പകരണോ?
പാരിലോടിയൊരു പത്തുമൊരെട്ടും വത്സരം
ആഴുമാർത്തിതൻ കടലിലാഴ്ത്തി കാലവും
പാടുമാൺകുയിൽ പിരിഞ്ഞു പോയോ ?
കാലമെന്ന വേടനമ്പെയ്ത് കൊന്നുവോ ?
എന്തെന്നോതുവാനിന്നെന്തു പ്രയാസം
ചോരനല്ലെന്നറിക നീ ദു:ഖക്കെട്ടറുക്കുക .
കെട്ടിനിർത്തിയ തടപൊട്ടിയൊലിച്ചപോല-
ക്കൊച്ചുപെൺകൊടിമിഴി ദുഃഖസാഗരമായി
ആശനിഷ്ഫലമായെന്നു മാത്രമറിയുക
എൻ പ്രാണനാഥ ദേഹിയുണ്ടിന്നു സ്വർഗ്ഗത്തിൽ .
പേർത്തുപേർത്താശുകഥിച്ചീടിലടരില്ലിനി -
യവളുടെ ഹൃദയത്തിൽ നിന്നൊരു വാക്കു പോലും
പതിയെയടിവെച്ചാമണലുഞ്ഞെരിച്ചമർത്തി
തപിക്കുമാമാനസത്തിനേകാന്തതയേറെയോഗ്യം
എന്ന ചിന്തയാലയാൾ നടന്നു നീങ്ങി........
#ലിജീഷ് പള്ളിക്കര .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo