Slider

നീയെന്നെ പ്രണയിക്കുമ്പോൾ

0

അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ സ്നേഹത്തിന്റെ ഭാഷ
കാറ്റിനു വെളിപ്പെടുത്തുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ പറവകളുടെ
ചിറകുകളിൽ
സ്വാതന്ത്ര്യം ധ്യാനിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഭൂമിയോടൊപ്പം
പ്രപഞ്ചാത്മാവിനെ
വരൾച്ചകളിൽ
സ്വപ്നം കാണുന്ന
ആത്മാവിന്
കൂട്ടിരിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ മേഘങ്ങളോട്
വിത്തുകളുടെ
സ്വപ്നങ്ങളെ കുറിച്ചോർമ്മിപ്പിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ കടലിറങ്ങി പോയ മരുഭൂമിയിലെ
ശംഖിനോട് ജലതുള്ളികളെ
സ്വപ്നം കാണാൻ
പഠിപ്പിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഭൂമിയെ ചുംബിക്കാൻ
കഴിയാത്ത സൂര്യന്റെ ദുഃഖത്തിൽ
വെന്തുരുകുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ തേനീച്ചകളോടൊപ്പം
ജീവിതത്തിന്റെ
രഹസ്യമുള്ള രസം തേടി
പൂക്കളുടെ
ഹ്യദയത്തിൽ
ജനിമൃതികളുടെ
മധുരം നുണയുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാനാകാശവും
ഭൂമിയും ഒരു കൈകുമ്പിളിൽ കോരി കടലിൽ
കോരി നിറക്കുകയായിരുന്നു
അപ്പാൾ നീയെന്നെ പ്രണയിക്കുമ്പോൾ
ഞാൻ പ്രപഞ്ചത്തിന്റെ ഭാഷയിൽ
അവസാനത്തെ
രഹസ്യത്തെ
ഒരുറുമ്പിനോടൊപ്പം
പങ്കിട്ടെടുക്കുകയായിരുന്നു
അപ്പോൾ, നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ,രാത്രിയുടെ
അവസാനത്തെ
ഇരുട്ടിന്റെ തരിയെ
പ്രഭാതത്തിലേക്ക്
ഉലയിലിട്ട്
ഊതി കാച്ചുകയായിരുന്നു.
അപ്പോൾ, നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഏകാന്തതകളെ
കീഴടക്കി
മൗനത്തെ
സൂര്യനും
കടലിനുമിടയിൽ വച്ച്
ആത്മാവിൽ
ഏറ്റ് വാങ്ങുകയായിരുന്നു.
-ആഗ-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo