Showing posts with label ആഗ. Show all posts
Showing posts with label ആഗ. Show all posts

അവർ അത് തന്നെ ചിന്തിക്കുന്നു

Image may contain: 1 person, beard and closeup

അവർ അത് തന്നെ ചിന്തിക്കുന്നു 
എന്തുകൊണ്ടയാൾ കവിതയെഴുതുന്നില്ല
അയാൾക്ക് ഭ്രാന്തായിരിക്കുമോ
ഞാനുമത് തന്നെ ചിന്തിക്കുന്നു
ആ ഭ്രാന്തൻ ഞാൻ തന്നെയാണോ
മറ്റൊരർത്ഥത്തിൽ
ജനിച്ചിട്ടില്ലാത്ത ഭാഷയിൽ
ഞനെന്ത് കൊണ്ടൊരു കവിതയെഴുതുന്നില്ല
ഇല ഇലയല്ലെന്നും
പൂക്കൾ പൂക്കളല്ലെന്നും
കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലെന്നും
സ്ത്രീകൾ സ്ത്രീകളല്ലെന്നും
പശു പശുവല്ലെന്നും
നീ ഞാനല്ലെന്നും
നിന്റെ രാജ്യം എന്റെയല്ലെന്നും
ഞാനെന്ത് കൊണ്ടെഴുതുന്നില്ല
മനുഷ്യനില്ലാത്ത
രാജ്യത്ത്
ഇരയായും വേട്ടക്കാരനേയും
ഈ തെരുവിൽ വന്നിരിക്കുക
മുഖത്തോടു മുഖം നോക്കുക
ഒരേ കണ്ണുകൾ മൂക്ക് ചുണ്ട്
ചെവികൾ കൈകാലുകൾ
നിങ്ങൾ കൊന്ന് കെട്ടിത്തൂക്കി പോകുമ്പോൾ
ഈ മരവും ശിഖരവും ഇലകളും
അത് തന്നെ പറയുന്നു
ഒരേ കണ്ണുകൾ മൂക്ക് ചുണ്ട്
ചെവികൾ കൈകാലുകൾ
എന്നിട്ടുമയാൾ എന്ത് കൊണ്ടാ
കവിതയെഴുതുന്നില്ല.

AAga

തോട്ടക്കാരൻ.

ഒറ്റക്കിരിക്കുമ്പോഴാണ്
ഓർമ്മകൾ
പുതിയ ഉടുപ്പണിഞ്ഞ്
പഴയ വാടമണവുമായി
പൊട്ടിപ്പൊളിഞ്ഞ വേലി
ചാടിക്കടന്ന്
തോട്ടത്തിലെത്തുക..
പണ്ടെന്നോ വിതക്കുമ്പോൾ
കൊഴിഞ്ഞ് പോയ
സൗഹൃദത്തിന്റെ വിത്തുകൾ
അപ്പോഴാണ് മുളച്ചുപൊന്തി
മരങ്ങളാവുക..
തരിശുനിലത്ത്
വേനലിൽ
മരങ്ങളങ്ങനെയുയരുമ്പോൾ
തോട്ടമൊരു കാടാകും..
മരിച്ചവരും
ജീവിച്ചിരിക്കുന്നവരും
കാടിറങ്ങി വരും
മരകൊമ്പുകളിൽ
ഊഞ്ഞാലുകെട്ടും..
ആടുന്നവർക്കെല്ലാം
തോട്ടക്കാരന്റെ
മുഖമാകും
തോട്ടക്കാരനപ്പോൾ
വിശപ്പും ദാഹവും തോന്നും
സ്വന്തം കണ്ണുകളെ
തൊട്ട് നോക്കും
അവിടെ പുഴയൊഴുകും..
പണ്ടേതോ മഴക്കാലത്ത്
നനഞ്ഞു വിറച്ച വാക്കുകൾ
പതുക്കെയിറങ്ങി വരും
കൂനിക്കൂടിയിരിക്കും
തോട്ടക്കാരനെ
ചുഴിഞ്ഞ് നോക്കും
പിറുപിറുത്ത്
കുന്ന് കയറി മറയും..
ഊഞ്ഞാലിലാടുന്നവർ
ആകാശങ്ങളിലേക്ക്
കയറിപ്പോകും
ചിലർ
മേഘങ്ങൾ കൂട്ടിയിടിച്ച് മരിക്കും
ചിലർ നക്ഷത്രങ്ങളിൽ
മുങ്ങി മരിക്കും
ചിലർ നിലാവിൽ നടന്ന് മറയും
തോട്ടത്തിലപ്പോൾ
ഏകാന്തത
പെറ്റുപെരുകും...
കറുത്ത മേഘങ്ങൾ
ഉരുണ്ട് കൂടി കരയാൻ തുടങ്ങും
തോട്ടക്കാരനു പനി പിടിക്കും
തോട്ടമാകെ ചൂട് പിടിക്കും
പച്ചിലകൾ കത്തും
പടി കടന്നുവന്ന
ഉടുപ്പുകളെല്ലാം
തോട്ടത്തിൽ
കത്തിയമരും...
.ആഗ..

സമർപ്പണം


എന്റെ  ഔസ്യത്ത്
രക്തവും ,വിയർപ്പും
ഉമിനീരുമാണ്..
നീ നഗ്നയായി
ഞാനെന്ന രാജ്യത്തിലേക്ക്
പ്രവേശിക്കുക..
യാഗാശ്വം കണക്കെ
എന്നിലൂടെ സഞ്ചരിക്കുക
എന്റെ നിഗൂഡതകളിലൂടെ
എന്റെ പർവ്വതങ്ങളിലൂടെ
എന്റെ വനങ്ങളിലൂടെ
എന്റെ ചെങ്കുത്തായ
മുനമ്പുകളിലൂടെ
ഒരേയൊരു രുചിയുള്ള
കടലാകുക...
നിന്റെ വിയർപ്പും
ഉമിനീരും കൊണ്ട്
നീ കണ്ടെത്തിയ ഇടങ്ങൾ
മുദ്രവെക്കുക
നിശ്വാസങ്ങളാൽ
തിരമാലയാവുക..
കടലിരമ്പും പോലെ
എന്റെ വയലുകൾ
ഉഴുതുമറിക്കുക
ഇനിയൊരു കർഷകനും
സ്വപ്നം കാണാനാവാത്ത വിധം
ഞാനെന്റെ പച്ചയുടുത്ത താരുണ്യം
നിനക്ക് തുറന്നുതരുന്നു..
..ആഗ.

സ്നേഹം


ഇനി നീ നിന്റെ
ദുഃഖങ്ങളെ
എനിക്ക് നേരെ
തിരിച്ചുവിടുക
ഞാൻ സ്നേഹം
കൊണ്ടു മാത്രം
അവയുടെ ദാഹമകറ്റട്ടെ..
ഇനി നീ നിന്റെ
ഏകാന്തതകളെ
മേഘത്തിന്
നൽകുക..
ഞാനെന്റെ
സന്തോഷം
കാറ്റിനു തിരിച്ചേൽപിക്കുന്നു
ഹ്യദയങ്ങളുടെ
സമാഗമം
കാറ്റും
മേഘവും..
ആകാശത്തിന്റെ
ചിറകുകൾ
സ്നേഹത്തെ
വാചാലമാക്കുന്നു..
ഈ കുളിര് കോരുന്ന മഴ
ഞാനും, നീയുമല്ലാതെ
പ്രണയമല്ലാതെ
മറ്റെന്താണ്...
....... ആഗ.

നിങ്ങൾ വായിക്കാനിരുന്ന കവിത


നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
വാക്കുകളതിന്റെ
ഒറ്റയടിപ്പാത പണിയുന്നു
ബോധാവബോധങളില്ലാതെ
ശബ്ദങളുടെ പകലുകളെ തിന്നു
പിറുപിറുക്കുന്നു..
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
ഒരു സ്ത്രീയും പുരുഷനും
വന്നിണചേരുന്നു
പ്രതീക്ഷകൾ
തിന്നുതീർക്കുന്ന
രാപകലുകളിലേക്ക്
കറുത്തു വെളുത്ത
പ്രപഞ്ചം കുടിക്കാൻ
ഇറങ്ങി നടക്കുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
കർഷകർ മണ്ണുമായും
തൊഴിലാളികൾ തൊഴിലുമായും
രതിയിലേർപ്പെടുന്നു
കുഞ്ഞുങ്ങളതിന്റെ പങ്ക്
ചോദിച്ചെത്തുന്നു
സ്ത്രീകളത് തുല്യതയിൽ
ഭാഗിക്കുന്നു
ജീവിതമതിന്റെ ഉപ്പ് കഞ്ഞി
നുണയുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
കാലം പെറ്റെഴുന്നേറ്റ
പെണ്ണിനെപോലെ
മുടിവാരി കെട്ടുന്നു
വേനൽപ്പെണ്ണ് ഭർതൃ
ഗേഹത്തിലേക്ക്
നടന്ന് പോകുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
പുതിയ മഴ ചാറുന്നു
കൊടുങ്കാറ്റ് വരുന്നു
ഇരയും വേട്ടക്കാരനും
മരണത്തിന് തൊട്ടുമുമ്പുള്ള
നിമിഷത്തിൽ വച്ചു
പശുവിന്റെ കണ്ണും
പട്ടിയുടെ ബോധവും
ജാതിയുടെ തോലും
പരസ്പ്പരം
വച്ചുമാറുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിലിപ്പോൾ
ചോരമണക്കുന്നു...
ആഗ.

കാണാം


കണ്ണാടി നോക്കുമ്പോൾ
തകർന്നടിഞ്ഞൊരു
നഗരം കാണാം
കറുത്ത പുല്ല്
പടർന്ന് കയറുന്ന
മലഞ്ചരിവുകളുള്ള
പാതകൾ കാണാം
വെളുത്ത രണ്ടാകാശങ്ങളുടെ
കറുത്ത രണ്ട് കടലുകളിൽ
ഇന്നലെ മുങ്ങി മരിച്ചവന്റെ
ചിത കത്തുന്നത് കാണാം
കടൽ കരയിൽ നിന്നൊരു
ഉപ്പു തുള്ളി
രണ്ട് ഗുഹകളുള്ള
കടൽ പാലത്തിനിരുപുറവും
ഒരേ സമയം
പുഴയായി താഴേക്കൊഴുകുന്നത്
കാണാം
കണ്ണാടി നോക്കുമ്പോൾ
കറുത്ത കാടിനുള്ളിൽ
വാക്കുകൾ ഒളിച്ചിരിക്കുന്നത്
കാണാം
മരങ്ങളില്ലാത്തൊരു
മരുഭൂവിൽ
പിശറൻ കാറ്റ്
മരണത്തോട്
മുഖം തിരിക്കുന്നത് കാണാം
By: Aaga

കണ്ണാടി നോക്കുമ്പോൾ.


കണ്ണാടി നോക്കുമ്പോൾ
തകർന്നടിഞ്ഞൊരു
നഗരം കാണാം
കറുത്ത പുല്ല്
പടർന്ന് കയറുന്ന
മലഞ്ചരിവുകളുള്ള
പാതകൾ കാണാം
വെളുത്ത രണ്ടാകാശങ്ങളുടെ
കറുത്ത രണ്ട് കടലുകളിൽ
ഇന്നലെ മുങ്ങി മരിച്ചവന്റെ
ചിത കത്തുന്നത് കാണാം
കടൽ കരയിൽ നിന്നൊരു
ഉപ്പു തുള്ളി
രണ്ട് ഗുഹകളുള്ള
കടൽ പാലത്തിനിരുപുറവും
ഒരേ സമയം
പുഴയായി താഴേക്കൊഴുകുന്നത്
കാണാം
കണ്ണാടി നോക്കുമ്പോൾ
കറുത്ത കാടിനുള്ളിൽ
വാക്കുകൾ ഒളിച്ചിരിക്കുന്നത്
കാണാം
മരങ്ങളില്ലാത്തൊരു
മരുഭൂവിൽ
പിശറൻ കാറ്റ്
മരണത്തോട്
മുഖം തിരിക്കുന്നത് കാണാം.
.ആഗ.

നീയെന്നെ പ്രണയിക്കുമ്പോൾ


അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ സ്നേഹത്തിന്റെ ഭാഷ
കാറ്റിനു വെളിപ്പെടുത്തുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ പറവകളുടെ
ചിറകുകളിൽ
സ്വാതന്ത്ര്യം ധ്യാനിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഭൂമിയോടൊപ്പം
പ്രപഞ്ചാത്മാവിനെ
വരൾച്ചകളിൽ
സ്വപ്നം കാണുന്ന
ആത്മാവിന്
കൂട്ടിരിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ മേഘങ്ങളോട്
വിത്തുകളുടെ
സ്വപ്നങ്ങളെ കുറിച്ചോർമ്മിപ്പിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ കടലിറങ്ങി പോയ മരുഭൂമിയിലെ
ശംഖിനോട് ജലതുള്ളികളെ
സ്വപ്നം കാണാൻ
പഠിപ്പിക്കുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഭൂമിയെ ചുംബിക്കാൻ
കഴിയാത്ത സൂര്യന്റെ ദുഃഖത്തിൽ
വെന്തുരുകുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ തേനീച്ചകളോടൊപ്പം
ജീവിതത്തിന്റെ
രഹസ്യമുള്ള രസം തേടി
പൂക്കളുടെ
ഹ്യദയത്തിൽ
ജനിമൃതികളുടെ
മധുരം നുണയുകയായിരുന്നു
അപ്പോൾ നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാനാകാശവും
ഭൂമിയും ഒരു കൈകുമ്പിളിൽ കോരി കടലിൽ
കോരി നിറക്കുകയായിരുന്നു
അപ്പാൾ നീയെന്നെ പ്രണയിക്കുമ്പോൾ
ഞാൻ പ്രപഞ്ചത്തിന്റെ ഭാഷയിൽ
അവസാനത്തെ
രഹസ്യത്തെ
ഒരുറുമ്പിനോടൊപ്പം
പങ്കിട്ടെടുക്കുകയായിരുന്നു
അപ്പോൾ, നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ,രാത്രിയുടെ
അവസാനത്തെ
ഇരുട്ടിന്റെ തരിയെ
പ്രഭാതത്തിലേക്ക്
ഉലയിലിട്ട്
ഊതി കാച്ചുകയായിരുന്നു.
അപ്പോൾ, നീയെന്നെ
പ്രണയിക്കുമ്പോൾ
ഞാൻ ഏകാന്തതകളെ
കീഴടക്കി
മൗനത്തെ
സൂര്യനും
കടലിനുമിടയിൽ വച്ച്
ആത്മാവിൽ
ഏറ്റ് വാങ്ങുകയായിരുന്നു.
-ആഗ-

കവിത


മിഴികളിൽ
വസന്തം വിരുന്നെത്തുകയും
വേനൽക്കാലത്തും
മഴ മാത്രമെന്ന്
കണ്ണിന്റെ ചൂണ്ട കൊളുത്തിൽ
ഹ്യദയം മധുരതരമായി
കീഴടങ്ങുമ്പോൾ
നാണത്തോടെ നാം കുറ്റസമ്മതം നടത്തി
സ്നേഹം മൗനത്തിലൂടെ
നമുക്കിടയിൽ
ഒരായിരം ചിറകുള്ള
വാക്കുകളെ
കണ്ടെടുത്തു
സഖീ ഇപ്പോൾ നാം
ജിഞ്ജാസയുടെ
രണ്ട് ചുണ്ടുകൾ
മാത്രമാണ്
അധരം വിറകൊള്ളുമ്പോൾ
നാം കണ്ടെടുക്കുന്നത്
ഉമിനീരിന്റെ
ഇളം ചൂടിൽ
പ്രണയത്തിന്റെ
അറ്റമില്ലാത്ത
അന്തർദാഹമാണ്
നാമിരുവരും
ചുംബിക്കുമ്പോൾമാത്രം
രണ്ട് ചിറകുകളാകുന്നു

By: 
ആഗ

കവിത


എന്നാൽ ഞാനിപ്പോൾ ചോദിക്കുന്നു
നിങ്ങൾ തട്ടി കളഞ്ഞ
എന്റെ അപ്പത്തിന്റെ രഹസ്യമെന്താണ്?
എവിടെ എന്റെ വയലുകൾ ?
ധാന്യങ്ങൾ പ്രതീക്ഷകൾ
മനുഷ്യരുടെ രാപ്പകലുകളുടെ സ്വപ്നങ്ങൾ,
ആശങ്കകളില്ലാത്ത
സ്നേഹത്തിന്റെ അഭിവാദ്യങ്ങൾ
കുഞ്ഞുങ്ങളുടെ പുഞ്ചിരികൾ
അമ്മമാരുടെ ആമോദങ്ങൾ
എന്റെ നഗരത്തിന്റെ വിയർപ്പുപ്പുകൾ ?
ഞങ്ങളുടെ കുട്ടികൾ
തോക്കിൻകുഴലിലെ ഇരുട്ടിലേക്ക്
പറിച്ചെറിയപ്പെടുന്നതിന് മുമ്പ്
പ്രഭാതങ്ങളിൽ പാടാറുണ്ടായിരുന്നു.
നിങ്ങൾ ബോംബെറിഞ്ഞ്
മരിക്കുകയോ അംഗഭംഗം
വരികയോ ചെയ്യുന്നതിന് മുൻപ്,
ഞങ്ങളുടെ സ്ത്രീകൾ
ഒരായിരം ചെടികളും
മോഹങളും നട്ടിരുന്നു.
അവരുടെ വീടുകളിൽ
എന്നും പുഞ്ചിരിച്ചിരുന്ന
കുഞ്ഞു കണ്ണുകൾ പോലെ,
പൂക്കളും കിളികളും മോഹങ്ങളും
വിരുന്ന് വന്നിരുന്നു.
അവരും ജീവിതത്തിൻ-
സ്വപ്നങ്ങൾ നെയ്തിരുന്നു.
നിങ്ങൾ വന്നെത്തി,
ഞങ്ങൾക്കന്യമായ
ഇരുട്ടിന്റെ ഭാഷയിൽ
നിങ്ങൾ രാജ്യമെന്നും
ദൈവമെന്നും പറയുന്നു.
വീടും നാടുമില്ലാതെ
പ്രിയപ്പെട്ടവരില്ലാതെ
ആർത്തനാദങ്ങളുടെ,
പ്രയാണങ്ങളുടെ,
തുടർക്കഥകളിൽ
ഒരായിരം തോക്കിൻ
കുഴലുകളിലൂടെ
ഞങളനാഥരാകുന്നു.
കര വിട്ടോടി
കടൽ കുടിച്ച്
മരിക്കുന്നവർ.
അതിർത്തികളിൽ
തടയപ്പെടുന്ന
മുദ്രവെക്കപ്പെടുന്ന രൂപങ്ങൾ.
മനുഷ്യനെന്ന് വിളിക്കപ്പെടാൻ
ഭാഗ്യം ലഭിക്കാതെ പോയവർ.
രോഗം കൊണ്ടും
പട്ടിണി കൊണ്ടും
അതിശൈത്യം കൊണ്ടും
പിന്നെയും പിന്നെയും
കൊല്ലപ്പെടുന്നവർ.
ഭൂമിയിലാകെ നിങ്ങൾ സമാധാനത്തെക്കുറിച്ചു
ഉച്ചത്തിൽ പറയുന്നു,
നിങ്ങൾ ഞങ്ങളെ
കൊന്നൊടുക്കുന്നു.
എന്നാൽ ഞാനിപ്പോൾ ചോദിക്കുന്നു,
നിങ്ങൾ തട്ടിക്കളഞ്ഞ
എന്റെ അപ്പത്തിന്റെ രഹസ്യമെന്താണ് ?
_ആഗ_

കവിത


നാമരികത്തിരിക്കുന്നു
ഒന്നുരിയാടാതെ..
നിഗൂഡമായകടൽ
പ്രതീക്ഷയുടെ നീലവാനം
സ്വപ്നങ്ങളുടെ
നിബിഢവനം
ആമോദത്തിന്റെ
പൂക്കൾ
തേനരുവികൾ...
നാമരികത്തിരിക്കുന്നു
ഒന്നുരിയാടാതെ..
യൗവ്വനത്തിലെ
രണ്ട് പച്ചിലകൾ
രണ്ട് പക്ഷികൾ
ഒരൊറ്റ തൂവൽ..
ആത്മാവിനാഴങ്ങളിൽ
നീയും, ഞാനും
പ്രപഞ്ചവും, പ്രണയവും
കണ്ണിൽ നിന്ന് കണ്ണിലേക്ക്
മൗനത്തിനുമപ്പുറം
നാമെന്ന വാചാലത...
നാമരികത്തിരിക്കുന്നു
ഒന്നുരിയാടാതെ...
....... ആഗ...

കവിത


ചിരിച്ച് കൊണ്ട് മുഖമുയർത്തുന്ന പൂവിനോട്
കാറ്റെടുത്തോടുന്ന
സുഗന്ധങളോട്
മണ്ണിന്റെ അരഞ്ഞാണത്തിൽ
പൊട്ടിച്ചിരിക്കുന്ന
മഴത്തുള്ളികളോട്
ആകാശങളെ ഛായം പൂശുന്ന മാന്ത്രികതയോട്
പൂമലകളിൽ ചൂളമടിച്ച്
രമിക്കുന്ന മേഘത്തോപ്പുകളോട്
നക്ഷത്രങ്ങൾ കണ്ണ് ചിമ്മിയ പൂനിലാവുടലിനോട്
അസ്തമയത്തിൽ
കടലിലേക്കൂളിയിട്ട
ചെഞ്ചോരയോട്
പ്രഭാത ഹ്യദയം
ചിറകടിച്ചുയർന്ന
പറവകളുടെ സ്വാതന്ത്ര്യത്തോട്
പ്രിയപ്പെട്ടവളെ
പ്രപഞ്ച സ്പന്ദനത്തോടൊപ്പം
ഏകാന്തതകളിൽ
ആത്മാവ് ദാഹിക്കുന്നു...
സമരമെന്നത്
മറ്റൊന്നിനുമേകാതെ
നിന്നിലലിയാനാണ്
നിന്നിൽ മാത്രം....
...... ആഗ...

കവിത

നിന്റെഅനന്തതയിൽ
ഹ്യദയമൊന്നാകെ
അനാഥമാകുന്നു...
ഞാനൊരു കടലാണ്
നിഗൂഡത നിമിഷങ്ങളുടെ
ചിപ്പിയിൽ നിന്ന്
പവിഴപ്പുറ്റിന്റെ
മൗനത്തിൽ
നങ്കൂരമിട്ടത്...
കപ്പൽചേതത്തിൽ
മരിച്ച നാവികന്റെ
മുടങ്ങി പോയ
യാത്രയിൽ
ചുഴിയിൽ,
ശ്വാസമില്ലാതെ
നിശ്ശബ്ധമായി
അസ്തമയസൂര്യനോടൊപ്പം
കടലിൽ മുങ്ങി മരിച്ചത്‌,
മരണത്തിന് തൊട്ട് മുമ്പ്
കരയുടെ ഇരുളിൽ നിന്ന് കടലിന്റെ ബോധത്തിലേക്ക്
ഒരു ചിപ്പിയിലൊതുങ്ങുന്ന
മറ്റൊരു കടലായി
പരിണമിച്ചത്...
By: 
ആഗ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo