Showing posts with label Rekha Kurup. Show all posts
Showing posts with label Rekha Kurup. Show all posts

ജന്മം

Image may contain: 1 person, selfie, closeup and indoor
അഞ്ജനാ അരുൺ..... അഞ്ജനാ അരുൺ....
നേഴ്സ് ഉറക്കെ വിളിച്ചു.... പിന്നെ ചുവരിലേക്കു തല ചാരി കണ്ണടച്ചിരുന്ന അഞ്ജുവിന്റെ അരികിലേക്കെത്തി, ചുമലിൽ തട്ടി ചോദിച്ചു.... കുട്ടിയാണോ അഞ്ജന അരുൺ....... വെളുത്ത സാരി ഉടുത്ത ആസ്സ്പത്രയിയിലെ ആ മാലാഖയെ തലയുയർത്തി നോക്കി അവൾ അതേ എന്ന് തലയാട്ടി സമ്മതിച്ചു. കുട്ടി വാ.. ഡോക്ടർ കാത്തിരിക്കുന്നു.... പൂർണ്ണ ഗർഭിണി ആയ അവൾ പതുക്കെ ബഞ്ചിന്റെ കൈവരിയിൽ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു..... അവൾ വീണു പോകുമെന്ന് തോന്നിയത് കൊണ്ടാവും ആ മാലാഖ കൈകൾ അവൾക്കു താങ്ങായി....
ദാ ഇവിടെ ഇരുന്നോളു.... ഡോക്ടർക്കു മുന്നിലെ കസേര നീക്കിയിട്ടു അവർ പറഞ്ഞു.
പുഞ്ചിരിയോടെ നോക്കുന്ന ഡോക്ടറെനോക്കി ചിരിക്കാൻ ആവാതെ അഞ്ജന പതറി. തനിച്ചാണോ വന്നേ എന്ന ചോദ്യം കേട്ടില്ല എന്ന് നടിക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ വിട്ടില്ല.... അമ്മ കാന്റീനിൽ പോയതാ.... സമയം ഏറെ ആയോണ്ട്..... അവൾ പറഞ്ഞു തീരും മുന്നേ പ്രതീക്ഷിച്ച ചോദ്യം വന്നു....
എവിടെ കുട്ടീടെ ഭർത്താവ്? ആദ്യത്തെകണ്മണി പിറക്കാൻ പോകുന്ന നേരത്തും ഭാര്യയെ അമ്മയ്‌ക്കൊപ്പം വിട്ടു കക്ഷി ജോലിക്ക് പോയോ ?!
ഭർത്താവ്... അരുൺ... അരുൺ... ആ ചോദ്യം അവളെ പൊള്ളുന്ന ഓർമകളിലേക്ക് വലിച്ചു കൊണ്ടു പോയി. ഒരുത്തരത്തിനായി പതറിയ അവളുടെ കണ്ണുകൾ വാതിൽ കടന്നു വന്ന അമ്മയുടെ കണ്ണിൽ ഉടക്കി.ഇരുവരുടെയും മിഴികൾ നിറഞ്ഞു തുളുമ്പി.
ഏഴുവർഷം പ്രണയിച്ചു ഇനി ഈ ആത്മാക്കളെ തമ്മിൽ പിരിക്കാൻ ആവില്ല എന്ന് വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി വിവാഹിതരായവരാണ് അരുണും അഞ്ജനയും. അവരുടെ സ്നേഹത്തിന്റെ മുന്നിൽ രണ്ടു കുടുംബക്കാരും അടിയറവു പറഞ്ഞു.
അരുൺ ഒരു ആഡ് ഫിലിം കമ്പനിയിൽ ജോലി ചെയ്യുന്നു.... സ്വന്തം കമ്പനി എന്നത് അവന്റെ വലിയ സ്വപ്നം.... സബ്സ്റ്റിട്യൂട് അദ്ധ്യാപികയായി ജോലി ചെയ്യുന്ന അഞ്ജന ഗായിക ആവുക എന്ന സ്വപ്നം യാത്രാർഥ്യം ആകാൻ പരിശ്രമിക്കുന്നു..... ഇവരുടെ സ്നേഹത്തിനും സ്വപ്നത്തിനും തണലായി രണ്ടുപേരുടെയും കുടുംബങ്ങളും ഇവർക്കൊപ്പം ഉണ്ട്..... അവരുടെ സ്നേഹം അഗാതമായപ്പോൾ അവരുടെ പ്രേമമരത്തിലൊരു മൊട്ടു കൂടി വന്നു..... അമ്മയാവാൻ പോകുന്നു എന്ന വാർത്ത അഞ്ജു അരുണിനെ അറിയിച്ചപ്പോൾ അവൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് പറഞ്ഞു അഞ്ജുവിനെ വാരിയെടുത്തുമ്മവെച്ചു .... അവനും അവളോട്‌ പറയാൻ ഒരു വാർത്ത ഉണ്ടായിരുന്നു.... സ്വന്തം കമ്പനി എന്ന അവന്റെ സ്വപ്നം പൂവണിയാൻ പോകുന്നു....
പിന്നെയുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു.......
രണ്ടു മാസം കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച.... അഞ്ജുവിനു ചെക്ക്‌ അപ്പ്‌ നടത്തേണ്ട ദിവസം..... അന്ന് തന്നെ അരുണിന്റെ ആദ്യം വർക്കിന്റെ ചർച്ച, പ്രസന്റേഷൻ ഒക്കെ ഷെഡ്യൂൾ ചെയ്തിരിക്കുന്നെ......
രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയ അരുണിനെ അവൾ ആശ്വസിപ്പിച്ചു.. സാരമില്ല അരുണേട്ടാ.... കുഞ്ഞേച്ചിയേം കൂട്ടി ഞാൻ പോയ്കോളാം.... ഇതു ഒരു ചെക്ക്‌ അപ്പ് അല്ലെ..... നമ്മുടെ കുഞ്ഞാവ പുറത്തു വരാൻ റെഡി ആകുമ്പോൾ അരുണേട്ടൻ എന്റെ അടുത്ത് ഉണ്ടായാൽ മതി....
അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു നിരാശ നിറഞ്ഞ പുഞ്ചിരിയോടെ അരുൺ യാത്രയായി.....
ഓഫീസിലെ തിരക്കിനിടയിൽ അരുൺ വാച്ചിൽ നോക്കി.... സമയം 11:30ആയിട്ടുള്ളു..... ഇനി ഒരു മണിക്കൂർ എടുക്കും മീറ്റിംഗ് തുടങ്ങാൻ...... അരുൺ മാനേജർ മുരളിയെ വിളിച്ചു.... മുരളി... ഞാൻ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരും.... അഞ്ജു പോകുന്ന ഹോസ്പിറ്റൽ ഇവിടുന്നു 3 കിലോമീറ്ററെ ഉള്ളു.... ഞാൻ പോയിട്ടുടനെ വരാടാ....... അരുണിന്റെ സ്വഭാവം അറിയാവുന്ന മുരളി എതിരു പറഞ്ഞില്ല...... നിമിഷങ്ങൾകകം അരുണിന്റെ കാറ് തിരക്കേറിയ മെയിൻ റോഡിലേക്ക് ഇറങ്ങി കഴിഞ്ഞു......
ഓർക്കാപ്പുറത്തു തന്നെ കണ്ടു സന്തോഷിക്കുന്ന അഞ്ജു മാത്രമായിരുന്നു അവന്റെ മനസ്സിൽ..... ഒരു നിമിഷത്തിന്റെ അശ്രദ്ധ...... നിറം മാറിയ ട്രാഫിക് ലൈറ്റ് കാണാതെ അവൻ വണ്ടി മുന്നോട്ടെടുത്തു..... സിഗ്നൽ കിട്ടി വന്ന ബസ് അവന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു ഒരു ഞരക്കത്തോടെ നിന്നു......
കാറിൽ നിന്നും പുറത്തെടുക്കുമ്പോൾ അരുണിന് ബോധമുണ്ടായിരുന്നില്ല. പുറമെ പരുക്കുകൾ കുറവായിരുന്നു..... ചോര വാർന്നു പോകാൻ പാകത്തിന് മുറിവുകൾ ഒന്നും ഇല്ല..... വേഗം ആശുപത്രിയിൽ എത്തിക്കാം....കൂടി നിന്നവരിൽ ചിലർ മുൻകൈ എടുത്തു അരുണിനെ ആശുപത്രിയിൽ എത്തിച്ചു..
ഓ പി യിൽ നിന്നും കുഞ്ഞേച്ചിയുടെ കൂടെ പുറത്തേക്കിറങ്ങിയപ്പോളാണ് അഞ്ജു ആ കാഴ്ച്ച കണ്ടത്...... കുറേപേർ ചേർന്ന് ഒരാളെ താങ്ങിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കൊണ്ടു പോകുന്നു.......... ദയനീയമായ ആ കാഴ്ച്ചയിൽ താഴേക്കു തൂങ്ങിയ കൈ അവളുടെ കണ്ണിൽ പതിഞ്ഞു....... രുദ്രാക്ഷം കെട്ടിയ ചെയിൻ..... അതിൽ തൂങ്ങി ആടുന്ന ഓം ".....അരുണേട്ടാ........ കുഞ്ഞേച്ചിക്കു തടയാൻ കഴിയും മുൻപേ അവൾ അകത്തേക്കോടി.....ബോധമില്ലാതെ ടേബിളിൽ കിടക്കുന്ന അരുണിനെ അവൾ കുലുക്കി വിളിച്ചു.........
കണ്ണിൽ ഇരുട്ട് പറക്കുന്നതും ദേഹം തളരുന്നതും അറിയാതെ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.... ഒരു നിമിഷം കുഞ്ഞേച്ചിക്കും ഒന്നും മനസിലായില്ല.....
ആരൊക്കെയോ അഞ്ജുവിനെ കട്ടിലിൽ കിടത്തി....... കണ്ണു തുറന്നു അരുണിനെ അന്വേഷിച്ചപ്പോൾ കുഞ്ഞേച്ചി പറഞ്ഞു പേടിക്കാൻ ഒന്നുമില്ല അഞ്ജു.....അവനെ പരിശോധിക്കാൻ കൊണ്ടുപോയതാണ്........ബോധം വന്നിട്ടില്ല....... വേറെ ഒന്നും ഇല്ല....... വണ്ടി ഒന്നു തട്ടിതാ....... നീ ഇങ്ങനെ കരഞ്ഞു ബഹളം കൂട്ടാതെ........
പാതി മറഞ്ഞ ബോധത്തിൽ അവൾക്കതൊന്നും ആശ്വാസമായി തോന്നിയില്ല.........
ഏറെ നേരം കഴിഞ്ഞു ഡോക്ടർമാർ വന്നു. കുഞ്ഞേച്ചി അറിയിച്ചിട്ട് അരുണിന്റേയും അഞ്ചുവിന്റെയും വീട്ടുകാരും കുഞ്ഞേച്ചിയുടെ ഭർത്താവ് മോഹനും എത്തി..... ഉത്കണ്ഠയോടെ ഓരോ മുഖവും ഡോക്ടർമാർ എന്തു പറയുമെന്ന് കാതോർത്തു നിന്നു..............മൂകതയ്ക്കു വിരാമമിട്ടു അവർ ആ വാർത്ത പറഞ്ഞു....... അപകടത്തിന്റെ ആഘാതം അരുണിന്റെ തലച്ചോറിൽ അമിതമായ രക്തസ്രാവം ഉണ്ടാക്കിയിട്ടുണ്ട്..... അരുണിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ പ്രയാസമാണ്.............. അരുൺ ഇപ്പോൾ ജീവിക്കുന്നത് മെഷീന്റെ സഹായത്തോടെയാണ്.......... അരുണിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു.
ഭൂമി പിളർന്നു ഒരാഗത ഗർത്തത്തിലേക്ക് വീണത് പോലെ തോന്നി അഞ്ജുവിനു....... ഈ ദുസ്വപ്നത്തിൽ നിന്നും ഒന്നുണർന്നുവെങ്കിൽ എന്നവൾ ആശിച്ചു............... പിന്നെ അവൾ ഒന്നുറക്കെ പൊട്ടി കരഞ്ഞു........
കണ്ടു നിന്നവർക്ക് പോലും ഹൃദയം നിലച്ചു പോകുന്ന തേങ്ങൽ..........
അരുണിനെ കൊണ്ടുവന്നിട്ട് 14മണിക്കൂർ പിന്നിട്ടു കഴിഞ്ഞു........ഡോക്ടർസ് അഞ്ജുവുമായി ചർച്ചകൾ തുടങ്ങിയിട്ടും ഏറെ നേരമായി.........അഞ്ജു ഒരു തീരുമാനത്തിൽ എത്തിച്ചേരണം........ അരുണിനെ ഈ ബന്ധനത്തിൽ നിന്നും മോചിപ്പിക്കണം......... ഒപ്പം ചെയ്യാൻ പറ്റുന്നത് ഒരു പുണ്യകർമ്മം കൂടിയാണ്. മോൾ എന്ത് തീരുമാനിച്ചാലും മോൾടെ തീരുമാനം ഞങ്ങൾ ശരി വെയ്ക്കും....അരുണിന്റെ അച്ഛനും അമ്മയും അവളെ ചേർത്തു പിടിച്ചു പറഞ്ഞു.... മാറി മാറി വരുന്ന ചോദ്യങ്ങൾ..... അഭിപ്രായങ്ങൾ...ആവശ്യം ......അഞ്ജുവിനെ അത് വല്ലാതെ നോവിച്ചു.....ഒടുവിൽ വികാരങ്ങളുടെ വടംവലിയിലും അവൾ ഒരു തീരുമാനത്തിലെത്തി. തന്റെ മറുപടി കാത്തു നിന്നവരെ അവൾ അവളുടെ തീരുമാനം അറിയിച്ചു.
അരുണേട്ടനെ യാത്രആക്കാൻ എനിക്ക് സമ്മതമാണ്......... കണ്ണീരിൽ ചാലിച്ചു ഡോക്ടർ കാട്ടിയ കടലാസുകളിൽ ഓക്കെ അവൾ ഒപ്പിട്ടു........ അരുണിന് അവസാന ചുംബനം നൽകി മുറി വിട്ടിറങ്ങുബോൾ ഡോക്ടർ പറഞ്ഞ വാചകം അവളുടെ കാതിൽ മുഴങ്ങി കേട്ടു....... അരുൺ പുനർജ്ജനിക്കും.....
അഞ്ജുവിന്റെ കഴിഞ്ഞു പോയ 7മാസത്തെ കുറിച്ച് പറഞ്ഞു അരുണിന്റെ അമ്മ കണ്ണു തുടച്ചു.....
അഞ്ജുവിനെ പ്രസവത്തിനായി അഡ്മിറ്റാക്കി. പരിശോധന
യിൽ സാധാരണ പ്രസവം നടക്കാൻ പ്രയാസം ആണെന്ന് കണ്ടപ്പോൾ പിറ്റേന്ന് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു.
പിറ്റേന്ന് ഓപ്പറേഷൻ റൂമിലേക്ക്‌ കൊണ്ടുപോകാൻ ആളു വന്നപ്പോൾ യാത്ര ചോദിക്കും പോലെ അവൾ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു. പേടിക്കാൻ ഒന്നുമില്ല മോളെ.......... അമ്മയും മറ്റെല്ലാരും ഇവിടെ തന്നെ ഉണ്ട്......മോളു പോയി കുഞ്ഞുവാവയെം കൊണ്ടു വാ.....
കുറച്ചു മണിക്കൂറുകൾ കടന്നു പോയി... ഏറെ നാളുകൾ കൂടി നന്നായി ഉറങ്ങിയ അഞ്ജു മെല്ലെ കണ്ണു തുറന്നു.........പുഞ്ചിരി നിറഞ്ഞ മുഖത്തോടെ എല്ലാരും ഉണ്ട്.......... തന്നോട് ചേർന്ന് തന്റെ ചൂട് പറ്റി കിടക്കുന്ന കുഞ്ഞുവാവ......... ആൺ കുട്ടിയാണ്.... കുഞ്ഞേച്ചി പറഞ്ഞു..............ചുറ്റും ഉള്ളവരിലൂടെ കണ്ണോടിച്ചപ്പോൾ പരിചയമില്ലാത്ത ചില മുഖങ്ങൾ അവളുടെ കണ്ണിൽ ഉടക്കി......... ഇവരൊക്കെ? അവൾ കുഞ്ഞേച്ചിയോടായി തിരക്കി.
ഞാൻ സഹദേവൻ....... കൂട്ടത്തിൽ അല്പം പ്രായം കൂടിയ ആൾ മുന്നോട്ടു വന്നു........ മോൾടെ ഭർത്താവ് ദാനം തന്ന വൃക്ക കൊണ്ടു ജീവൻ തിരിച്ചു പിടിച്ച ഒരാൾ.
ഞാൻ റഫീഖ്........എനിക്കാണ് ഇങ്ങള് മറ്റേ വൃക്ക ദാനം തന്നത്..
ഞാൻ സോഫിയ....എനിക്ക് കിട്ടിയത് അദ്ദേഹത്തിന്റെ കരളാണ്. പിന്നെ കടന്നു വന്ന ചെറുപ്പകാരനിൽ അഞ്ജു കണ്ടു.... അരുണിന്റെ തിളങ്ങുന്ന കണ്ണുകൾ....കൂപ്പു കൈയുമായി നിൽക്കുന്ന ആറു പേരെ കണ്ടു അവൾ സന്തോഷിച്ചു. ഒടുവിൽ അഞ്ജുവിന്റെ അരികിലെത്തിയത് 17വയസുള്ള ഒരു പെൺകുട്ടി ആണ്. അഞ്ജുവിന്റെ അരികിൽ എത്തി അവൾ സ്വന്തം കൈ അഞ്ജുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. അഞ്ജു അവളുടെ കൈത്തണ്ടയിൽ വിരലുകൾ അമർത്തി........ ചേച്ചീ ഞാൻ അരുണിമ.......എനിക്കാണ്..........അരുണിമ പറയാൻ പോകുന്നത് അഞ്ജുവിന്റെ
വിരലുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു......... അവളുടെ നാഡിയിലെ സ്പന്ദനം തന്റെ അരുണേട്ടന്റെ ഹൃദയത്തിന്റെ ആണെന്ന് അവൾ തിരിച്ചറിഞ്ഞു........ ഡോക്ടർ പറഞ്ഞത് പോലെ അരുണേട്ടൻ പുനർജ്ജനിച്ചു.......... ഒപ്പം ആറുപേർക്ക് പുനർജ്ജന്മവും നൽകി. അവൾ തന്റെ മകന്റെ കവിളിൽ ആ കൈ ചേർത്തു പിടിച്ചു മന്ത്രിച്ചു.. മോന്റെ അച്ഛൻ ഇവിടെ ഉണ്ട്.
ശുഭം

ഇട്ടൂപ്പ്കഥകൾ


Image may contain: 1 person, selfie, closeup and indoor
നിങ്ങടെ ഒടുക്കത്തെ മറവി ....മറിയ ചേട്ടത്തി ഇട്ടൂപേട്ടനെ പ്രാകി കൊല്ലുന്നു.
പാവം ഇട്ടൂപ്പേട്ടൻ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നു. നല്ല മിടുക്കൻ ചെത്ത് തൊഴിലാളി ആരുന്നു ഇട്ടൂപ്പേട്ടൻ.പക്ഷെ ഒരിക്കൽ തെങ്ങിന്റെ മണ്ടെന്നു വീണേ പിന്നെ അത്ര പോര. അത്യാവശ്യം കൂലി പണി ഒക്കെ ചെയ്ത് മാന്യമായി ജീവിക്കുന്നുണ്ടേലും അന്നത്തെ വീഴ്ചയിൽ പിന്നെ ഭയങ്കര മറവി ആണേ. മറിയ ചേടത്തി ചന്തക്കു പോകാൻ ചേട്ടന്റെ കൈയിൽ ലിസ്റ്റ് എഴുതി കൊടുക്കും. ചേട്ടൻ ആ ലിസ്റ്റ് എവിടേലും വെച്ച് മറക്കും. ചന്തയ്ക്ക് പോയി തിരികെ വീട്ടിൽ എത്തുമ്പോൾ വേണ്ടത് മറന്നു വേണ്ടാത്തത് മുഴുവൻ കൊണ്ടുവന്നെന് പറഞ്ഞു ചേട്ടത്തി അങ്ങേരെ പ്രാകി കൊല്ലും .പാവം ഇട്ടൂപ്പ് വീണ്ടും ചന്തക്കു പോകും. അങ്ങനെ ചന്ത പിരിയും വരെ തേരാ പാരാ ഇട്ടൂപ്പിനെ ഇട്ട് ചേട്ടത്തി ഓടിക്കും. ആ ഓട്ടം ഇന്ത്യയ്ക്ക് വേണ്ടി ഓടിയിരുന്നേൽ ചേട്ടൻ പണ്ടേ മെഡലും കൊണ്ട് വന്നേനെ. ഇതിപ്പോ ചേട്ടത്തി മടല് കൊണ്ട് അടിക്കാത്തതു ഭാഗ്യം. ചേട്ടത്തിടെ അപ്പച്ചന്റെ ആണ്ടിന് പോകാൻ ഒരുമാസം കൊണ്ട് ചേട്ടത്തി ഇട്ടൂപ്പേട്ടനോട് പറഞ്ഞോണ്ടിരിക്കുവാ.... അത് മറന്നതിനാണ് ഇപ്പോളത്തെ പ്രാക്‌. ഇട്ടൂപ്പേട്ടൻ അത് കേട്ട് തലകുനിച്ചു ഇരുന്നു.അടുക്കളയിൽ ചട്ടിയും കലവും പൊട്ടിത്തുടങ്ങിയപ്പോൾ വേഗംചെന്ന് കുളിച്ചു ഒരുങ്ങി പോയി ഓട്ടോവിളിച്ചുകൊണ്ട് വന്നു. ചേട്ടത്തിയേം കൂട്ടി തറവാട്ടിൽ എത്തിയപ്പോൾ കുടുംബ പ്രാർത്ഥനയും കുർബ്ബാനയും ഒക്കെ കഴിഞ്ഞു എല്ലാരും കഴിക്കാൻ പോകുന്ന നേരമായി. അളിയൻ ഉണ്ണാറായപ്പോൾ എത്തിയല്ലോ എന്ന കുഞ്ഞളിയന്റെ കമന്റിനെ ഒരു വളിച്ച ചിരികൊണ്ട് വരവ് വെച്ചു .പിന്നെ ഇട്ടൂപ്പേട്ടൻ കണ്ണും പൂട്ടി ഇരുന്ന് ബിരിയാണി തിന്നു ചേട്ടത്തിടെ പ്രാകിന് മറുപടി കൊടുത്തു. ആങ്ങളമാർ അളിയനെ പറയുന്നത് കേട്ടും ഇട്ടൂപ്പിന്റെ തീറ്റ കണ്ടും ഏട്ടത്തി പല്ലിറുമ്മി. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഏട്ടത്തി ഇട്ടൂപ്പേട്ടന്റെ മറവി കാരണം ഉണ്ടായ ഓരോ സംഭവങ്ങളും എണ്ണി എണ്ണി പറഞ്ഞു കണ്ണീരൊലിപ്പിച്ചു.
ഇതൊക്കെ ആണേലും രണ്ടു പേരും ചക്കരയും ഈച്ചയും പോലെ നല്ല സ്നേഹത്തിലാണ്. അങ്ങനെ ഇരിക്കെ ഇട്ടൂപ്പിനു ഒരു ഫോൺ വന്നു. ഇട്ടൂപ്പിന്റെ ബാല്യകാല സുഹൃത്തും മുൻ കോ. ചെത്ത് തൊഴിലാളിയും ആയ വാസു പട്ടാളത്തിൽ നിന്നും ലീവിന് വരുന്നു. അവരുടെ ചെത്ത് യൂണിയൻ തൊഴിലാളികൾക്കു വാസൂന്റെ വക മിലിറ്ററി സാധനത്തിന്റെ ഒരു പാർട്ടി ജൂലൈ 30ആം തീയതി പൊതു പഞ്ചായത്തു ഷാപ്പിൽ വച്ച് നടത്തുന്നു. ഇട്ടൂപ്പിന്റെ സാനിധ്യം അവിടെ ഉണ്ടാകണം എന്ന് വാസു പ്രേത്യേകം പറഞ്ഞേൽപ്പിച്ചു.ഫോൺ വിളി ശ്രദ്ധിച്ചു നിന്ന മറിയ ചേടത്തി ഫോൺ വെച്ച ഉടനെ ഇട്ടൂപേട്ടനോട് കാര്യം അന്വേഷിച്ചു. മിലിട്ടറി സാധനം കൊണ്ട് വാസു വരുന്ന കാര്യം പറഞ്ഞപ്പോൾ ചേട്ടത്തിടെ മുഖം ചുളിഞ്ഞു. ഇട്ടൂപ്പേട്ടൻ മദ്യപിക്കുന്നത് മാത്രം ഏട്ടത്തിക്ക് സഹിക്കില്ല. എന്നാൽ തടയാൻ മാർഗ്ഗവും ഇല്ല. പിന്നെ ആണ് ഏട്ടത്തി ഇട്ടൂപ്പിന്റെ മറവി രോഗത്തെക്കുറിച്ചു ഓർത്തത്. ഇതും മറന്ന് പോകും എന്ന് ഏട്ടത്തി സമാധാനിച്ചു.
അങ്ങനെ മറന്നും പിണങ്ങിയും തല്ലുകൂടിയും ഇണങ്ങിയും ദിവസങ്ങൾ പോയി.ജൂലൈ 30എത്തി. വൈകിട്ട് കൃത്യം അഞ്ചു മുപ്പതിന് ഇട്ടൂപ്പ് കുളിച്ചു കുട്ടപ്പനായി. ഖദർ ജൂബയും വെള്ള മുണ്ടും ധരിച്ചു കുടയും ആയി ഇറങ്ങുന്ന ഇട്ടൂപ്പിനെ കണ്ട് ചേട്ടത്തി പുറകെ വിളിച്ചു ...അതേ ...ഇതെങ്ങോട്ടാ???
ഹ ...മറിയേ നീ മറന്നോ .... ഇന്നു വാസു ഞങ്ങൾ യൂണിയൻകാർക്ക് മിലിട്ടറി ഇറക്കുന്ന ദിവസം അല്ലെ ....ഇതും പറഞ്ഞു ഇട്ടൂപ്പ് മറുപടിക്ക് കാക്കാതെ കുടയും കുത്തി നടന്നു ...
തുറന്ന വാ അടക്കാൻ കഴിയാതെ അന്തം വിട്ട് മറിയാച്ചേട്ടത്തി താടിക്കു കൈയും കൊടുത്ത് നടവാതുക്കൽ തന്നെ ഇരുന്നുപോയി....
വാൽകഷ്ണം: വേണ്ടത് മറന്നാലും വേണ്ടാത്തത് ഇട്ടൂപ്പ് മറകൂല്ല😃
രേഖ കുറുപ്പ്

ആത്മാവ്......


ആത്മാവ്......
മോളെ... ദേ ബാഗെടുത്തു വെള്ളത്തിൽ വെച്ചേ.... മോളേ.... കേട്ടില്ലേ അമ്മ പറേണേ, കുഞ്ഞേ കാലെടുത്തു ഷൂസിലിട്ടു വേഗം വാ...
എടീ... എന്നെ ഇങ്ങനെ നോക്കി മിഴികാണ്ട് വാ... ബസ് ഇവിടെ നിന്നോ... സ്റ്റോപ്പ്‌ അങ്ങ് പോകും....
ഹി ഹി ഹിഹി.... ഈ അമ്മക്ക് ഇതെന്താ.... ഇപ്പൊ എന്താണ് പറഞ്ഞേ..... ചിരി അമർത്തി മാളു ചോദിച്ചു...
എന്നും രാവിലെ പതിവുള്ള അവളുടെ ജല്പനങ്ങൾ ഇന്ന്‌ പരസ്പരം ബന്ധമില്ലാത്തതാണെന്ന് മാളൂന് തിരിച്ചറിയാൻ കഴിഞ്ഞില്ല.... എന്നാൽ അമ്മയെ നോക്കി മറ്റ് രണ്ട് കുഞ്ഞു കണ്ണുകൾ ചോദിക്കുന്നു.... അമ്മ ഇതെന്താ ഈ പറയണെന്ന്...... അമ്മയ്ക്കെന്താ പറ്റിയെ ? ഇതൊന്നും ശ്രദ്ധിക്കാതെ വാ തോരാതെ ഇങ്ങനെ ഓരോന്നു പുലമ്പി അവൾ തന്നെ മോളെ ഒരുക്കി എന്നിട്ട് അവളേം കൂട്ടി ബസ്സ് സ്റ്റോപ്പിലേക്ക് പോയി....
കൂടെ ഇളയ ആളും ഉണ്ട്..... ഇതും പതിവ് കാര്യം തന്നെ.... മാളൂനെ വിടാൻ പോകുമ്പോളും തിരികെ കൊണ്ടുവരാൻ പോകുമ്പോളും അമ്മുവും കൂടെ കൂടും.... ആ കുഞ്ഞു കയ്യിൽ അമ്മ നഷ്ടപെടാതിരിക്കാനുള്ള വെമ്പൽ കൊണ്ടു പിടി വല്ലാണ്ട് മുറുക്കിട്ടുണ്ട്..... മാളു തുള്ളി തുള്ളി അമ്മയേക്കാൾ നാലടി മുന്നിൽ ആണ്‌ നടത്തം...... വീട് മുതൽ ബസ്സ് സ്റ്റോപ്പ്‌ വരെ മാളൂനെ ഒപ്പം നിർത്താൻ ഉള്ള തത്രപാടിലാണ് അവൾ ... കൂടെ നിൽക്കില്ല എന്നു കണ്ടപ്പോൾ ചെറിയ കുഞ്ഞിനെ ഒക്കത്തെടുത്തു മാളൂന്റെ ഒപ്പം എത്താൻ ഓട്ടം തുടങ്ങി .. പിന്നെ അവളോട്‌ കുട്ടികൾ അമ്മമാരുടെ കൂടെ കൈപിടിച്ച് നടക്കണം, ഒറ്റയ്ക്ക് നടക്കുന്നത് വല്യ കുട്ടി ആയിട്ട് മതി, തുടങ്ങിയ ഉപദേശങ്ങളും പറഞ്ഞു ..... കണ്ണും മുന്നിൽ നിന്നും കോഴികുഞ്ഞിനെ റാഞ്ചുന്ന തന്ത്ര ശാലിയായ പരുന്തിന്റെ കഥ എന്നും കേട്ടു കേട്ട് മാളു ഇപ്പോൾ കഥ അമ്മയോട് പറഞ്ഞു തുടങ്ങി.....
ബസ്സ് വന്നത് കണ്ടു കഥ മുഴുമിക്കാതെ മാളു ഓടി ബസ്സിൽ കേറി സ്കൂളിലേക്ക് പോയി..... അന്ന് രാവിലത്തെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞു ഇളയ ആളെയും കൂട്ടി അവൾ തിരികെ വീട്ടിലേക്കു നടന്നു ......
ചായ പാത്രം കഴുകി പാലും വെള്ളവും പാകത്തിനെടുത്തു തിളയ്ക്കാൻ വെച്ചു... പ്രാതൽ എന്തുണ്ടാക്കും എന്നോർത്ത് തേയില എടുത്തു വെള്ളത്തിൽ ചേർത്ത് ഇളക്കികൊണ്ടു നിന്നപ്പോൾ അവൾക്ക് കണ്ണിൽ ഇരുട്ട് പടരുന്നതുപോലെ തോന്നി.... ശരീരം ഭാരം കുറഞ്ഞു കുറഞ്ഞു ഒരു പഞ്ഞികെട്ടായതുപോലെ.... നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പു കണങ്ങളെ സാരി തലപ്പ് കൊണ്ടു ഒപ്പിയെടുക്കും മുന്നേ അവളുടെ ശരീരം താങ്ങു പോയ മരം പോലെ നിലംപതിച്ചു....
അമ്മേ...... അമ്മേ.... മോൾടെ വിളി കേൾക്കാം.... ഈശ്വരാ എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ലല്ലോ.... ചായ ഇപ്പോൾ തിളച്ചു തൂവും...... മോളെ... അച്ഛനെ വിളിക്കൂ... അമ്മ വീണു, എണീക്കാൻ പറ്റുന്നില്ല എന്നു പറയൂ..... ഏട്ടാ... ഏട്ടാ.... ഇത്ര ഒച്ചയെടുത്തു വിളിച്ചിട്ടും ആരും കേൾകുന്നില്ലല്ലോ... ഇരുട്ടിന്റെ മറവിലേക്കവൾ വഴുതി പോയി.......
അമ്മേ... എണീക്കമ്മേ... ചലനമറ്റു കിടക്കുന്ന അവളെ കുലുക്കി വിളിക്കാൻ അമ്മു ആവതു ശ്രമിച്ചു... പിന്നെ അവൾ ഫോൺ എടുത്തു ആദ്യം കണ്ട നമ്പറിൽ ഞെക്കി..... ഹലോ എന്ന മറുവശത്തെ ശബ്ദം കേട്ട് ആ കുഞ്ഞു മുഖം വിടർന്നു... അച്ഛാ.. അമ്മ വീണു....അമ്മ കണ്ണു തുറക്കുന്നില്ല.... വേഗം വാ അച്ഛാ... അമ്മുന് പേടിയാ..
കുഞ്ഞിന്റെ കരച്ചിലിൽ കേട്ടപ്പോഴേ ജഗന് മനസിലായി അരുതാത്തതെന്തോ സംഭവിച്ചെന്നു.... മോളെ ആശ്വസിപ്പിച്ചിട്ടു അയാൾ മാനേജരുടെ അനുവാദം വാങ്ങി വീട്ടിലേക്കോടി.... വഴിയിൽ തടസം വന്നതിനെ ഒക്കെ മനസാ ശപിച്ചു അയാൾ വണ്ടി വേഗത്തിൽ തന്നെ പായിച്ചു.....
ജഗൻ വീട്ടിലെത്തിയപ്പോൾ തറയിൽ ബോധമില്ലാതെ കിടക്കുന്ന ദേവിയെയും അവളുടെ അടുത്തിരുന്നു കരയുന്ന അമ്മുവിനേയുമാണ് കണ്ടത്.....
ദേവി.... ദേവി.... അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു കൊണ്ടയാൾ വിളിച്ചു.....
ജഗന്റെ വിളി കേൾക്കാം ദേവിക്ക്..... ഒന്ന് വീണതിന് ഏട്ടൻ ഇങ്ങനെ പേടിക്കണോ..... ഒന്ന് താങ്ങി പിടിച്ചാൽ ഞാൻ എഴുന്നേൽക്കും.... ദേ.. ആ പാല് മുഴുവൻ തിളച്ചു പോയല്ലോ.... പാത്രം കരിഞ്ഞു മണക്കുന്നു.... ഏട്ടൻ ആ കൈ ഒന്ന് നീട്ടി താ.... എനിക്കൊന്നും ഇല്ല... ഒന്ന് തലചുറ്റി വീണു...
പിന്നെ മാളു ഇനി എന്റെ കൈയ്യിൽ നിന്നും നല്ല തല്ലു കൊള്ളും കേട്ടോ...... ഏട്ടനറിയുവോ... ഇന്നും താമസിച്ചു പോകാൻ. അവൾ പരാതി പറഞ്ഞു തുടങ്ങി....
എന്നാൽ ജഗന്റെ ദേവിയ്ക്ക് അപ്പോളും ബോധം വന്നിട്ടില്ലായിരുന്നു.....
അവൻ ദേവിയെ എടുത്തു വണ്ടിയിൽ കിടത്തി ആശുപത്രിയിലേക്ക് പാഞ്ഞു. അമ്മയുടെ അടുത്തിരുന്നു അമ്മു വിങ്ങി പൊട്ടുന്നു.....ദേവിക്ക് കേൾക്കാം ആ കരച്ചിൽ .... എന്റെ കുട്ടി എന്തിനാ കരയുന്നെ.... അമ്മ ഇപ്പൊ എണിറ്റു വന്നു മോൾക്ക്‌ അപ്പം ചുട്ടു തരാം..... വിശക്കുന്നു എന്റെ കുഞ്ഞിന് അല്ലേ..... ആശ്വാസവാ ക്കൊന്നും അമ്മു കേൾക്കുന്നില്ലേ......
ആശുപത്രിയിൽ എത്തിച്ച അവളെ ഡോക്ടർ വന്നു പരിശോധിച്ചു........ ഡോക്ടർന്റെ മുഖത്ത് നിരാശ നിഴൽ വിരിക്കുന്നതവൻ കണ്ടു....... സോറി ജഗൻ...... നിങ്ങളുടെ ഭാര്യ മരിച്ചിട്ടു മുപ്പതു മിനിറ്റിൽ അധികമായി.....
ഇയാൾ ആരാ...... എന്തൊക്കെയാണ് ഇയാൾ ജഗനോട് പറയുന്നത്...... ഞാൻ മരിച്ചെന്നോ? മരിച്ചെങ്കിൽ മോളു വിളിച്ചത് ഞാൻ എങ്ങനെ കേൾക്കും...... ജഗൻ വിളിച്ചപ്പോളും കേട്ടല്ലോ..... ഞാൻ ജഗനോടും മോളോടും സംസാരിച്ചല്ലോ......
ദേവി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ...... ഞാൻ മരിച്ചിട്ടില്ല....... ഞാൻ എല്ലാം കേൾക്കുന്നുണ്ട്..... എനിക്ക് കാണാം അമ്മു എന്നെ നോക്കി കരയുന്നു..... ജഗൻ..... എന്നെ ഒന്ന് എഴുനെല്പിച്ചിരുത്തൂ..... ആരൊക്കെയോ സംസാരിക്കുന്നു... മോൾടെ കരച്ചിൽ കേൾക്കാം......മെല്ലെ മെല്ലെ ആ കരച്ചിൽ ദൂരത്തേക്ക് മങ്ങിപോയി......
മൂകത നിറഞ്ഞ കുറച്ചു നിമിഷങ്ങൾ.......ആരോ അവളുടെ താടിയിൽ തുണി ചുറ്റി തലയിൽ കെട്ടി ഉറപ്പിച്ചു...... കൊള്ളാം ഞാൻ ഉച്ചത്തിൽ കൂവിയതിനു തന്ന ശിക്ഷയാവും....... ദേവി ഓർത്തു...... തന്റെ കാൽ വിരലുകൾ തമ്മിൽ കൂട്ടി കെട്ടുന്നു...... ഇതെന്താ ഇവർ ചെയ്യുന്നേ.... ജഗൻ എങ്ങോട്ട് പോയി.....അമ്മു പേടിച്ചു പോയിക്കാണും.. എന്റെ കുട്ടിക്ക് വിശക്കുന്നില്ലേ..... തുണികൊണ്ടു ഇവരെന്റെ മുഖവും മൂടിയല്ലോ....... ഇവിടെ എന്താണ് ഒരു പ്ലാസ്റ്റിക്കിന്റെ ഗന്ധം........ ഞാൻ ഇപ്പോൾ കിടക്കുന്നതു പോളിത്തീൻ ബാഗിലാണോ? ഈ കുടുങ്ങി കുടുങ്ങി കര കര ശബ്ദം ഉണ്ടാക്കുന്ന ശകടത്തിൽ കേറി ഉള്ള യാത്ര എങ്ങോട്ടാണ്.......
ഒരു വാതിൽ തുറന്നുവോ....... ആരോ പറയുന്നു ആ കിടക്കുന്ന ബോഡിയുടെ അപ്പുറത്തേക്ക് തട്ടിക്കോളാൻ....... അസ്ഥി മരവിക്കുന്ന തണുപ്പ് എന്നിൽ അരിച്ചു കേറുന്നു...... ഈ തണുപ്പ് ഞാൻ കേടാകാതിരിക്കാനാല്ലേ........അവർക്ക് ഞാനിപ്പോൾ മരണപ്പെട്ടവൾ........ ആത്മാവ് മരവിക്കും മുന്നേ ഒന്ന് പറഞ്ഞോട്ടെ ജഗൻ...... മാളു..... അവളെ വിളിക്കാൻ ബസ്സ് സ്റ്റോപ്പിൽ പോകാൻ മറക്കരുതേ............
ശ്രീരേഖ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo