
നിങ്ങടെ ഒടുക്കത്തെ മറവി ....മറിയ ചേട്ടത്തി ഇട്ടൂപേട്ടനെ പ്രാകി കൊല്ലുന്നു.
പാവം ഇട്ടൂപ്പേട്ടൻ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നു. നല്ല മിടുക്കൻ ചെത്ത് തൊഴിലാളി ആരുന്നു ഇട്ടൂപ്പേട്ടൻ.പക്ഷെ ഒരിക്കൽ തെങ്ങിന്റെ മണ്ടെന്നു വീണേ പിന്നെ അത്ര പോര. അത്യാവശ്യം കൂലി പണി ഒക്കെ ചെയ്ത് മാന്യമായി ജീവിക്കുന്നുണ്ടേലും അന്നത്തെ വീഴ്ചയിൽ പിന്നെ ഭയങ്കര മറവി ആണേ. മറിയ ചേടത്തി ചന്തക്കു പോകാൻ ചേട്ടന്റെ കൈയിൽ ലിസ്റ്റ് എഴുതി കൊടുക്കും. ചേട്ടൻ ആ ലിസ്റ്റ് എവിടേലും വെച്ച് മറക്കും. ചന്തയ്ക്ക് പോയി തിരികെ വീട്ടിൽ എത്തുമ്പോൾ വേണ്ടത് മറന്നു വേണ്ടാത്തത് മുഴുവൻ കൊണ്ടുവന്നെന് പറഞ്ഞു ചേട്ടത്തി അങ്ങേരെ പ്രാകി കൊല്ലും .പാവം ഇട്ടൂപ്പ് വീണ്ടും ചന്തക്കു പോകും. അങ്ങനെ ചന്ത പിരിയും വരെ തേരാ പാരാ ഇട്ടൂപ്പിനെ ഇട്ട് ചേട്ടത്തി ഓടിക്കും. ആ ഓട്ടം ഇന്ത്യയ്ക്ക് വേണ്ടി ഓടിയിരുന്നേൽ ചേട്ടൻ പണ്ടേ മെഡലും കൊണ്ട് വന്നേനെ. ഇതിപ്പോ ചേട്ടത്തി മടല് കൊണ്ട് അടിക്കാത്തതു ഭാഗ്യം. ചേട്ടത്തിടെ അപ്പച്ചന്റെ ആണ്ടിന് പോകാൻ ഒരുമാസം കൊണ്ട് ചേട്ടത്തി ഇട്ടൂപ്പേട്ടനോട് പറഞ്ഞോണ്ടിരിക്കുവാ.... അത് മറന്നതിനാണ് ഇപ്പോളത്തെ പ്രാക്. ഇട്ടൂപ്പേട്ടൻ അത് കേട്ട് തലകുനിച്ചു ഇരുന്നു.അടുക്കളയിൽ ചട്ടിയും കലവും പൊട്ടിത്തുടങ്ങിയപ്പോൾ വേഗംചെന്ന് കുളിച്ചു ഒരുങ്ങി പോയി ഓട്ടോവിളിച്ചുകൊണ്ട് വന്നു. ചേട്ടത്തിയേം കൂട്ടി തറവാട്ടിൽ എത്തിയപ്പോൾ കുടുംബ പ്രാർത്ഥനയും കുർബ്ബാനയും ഒക്കെ കഴിഞ്ഞു എല്ലാരും കഴിക്കാൻ പോകുന്ന നേരമായി. അളിയൻ ഉണ്ണാറായപ്പോൾ എത്തിയല്ലോ എന്ന കുഞ്ഞളിയന്റെ കമന്റിനെ ഒരു വളിച്ച ചിരികൊണ്ട് വരവ് വെച്ചു .പിന്നെ ഇട്ടൂപ്പേട്ടൻ കണ്ണും പൂട്ടി ഇരുന്ന് ബിരിയാണി തിന്നു ചേട്ടത്തിടെ പ്രാകിന് മറുപടി കൊടുത്തു. ആങ്ങളമാർ അളിയനെ പറയുന്നത് കേട്ടും ഇട്ടൂപ്പിന്റെ തീറ്റ കണ്ടും ഏട്ടത്തി പല്ലിറുമ്മി. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഏട്ടത്തി ഇട്ടൂപ്പേട്ടന്റെ മറവി കാരണം ഉണ്ടായ ഓരോ സംഭവങ്ങളും എണ്ണി എണ്ണി പറഞ്ഞു കണ്ണീരൊലിപ്പിച്ചു.ഇതൊക്കെ ആണേലും രണ്ടു പേരും ചക്കരയും ഈച്ചയും പോലെ നല്ല സ്നേഹത്തിലാണ്. അങ്ങനെ ഇരിക്കെ ഇട്ടൂപ്പിനു ഒരു ഫോൺ വന്നു. ഇട്ടൂപ്പിന്റെ ബാല്യകാല സുഹൃത്തും മുൻ കോ. ചെത്ത് തൊഴിലാളിയും ആയ വാസു പട്ടാളത്തിൽ നിന്നും ലീവിന് വരുന്നു. അവരുടെ ചെത്ത് യൂണിയൻ തൊഴിലാളികൾക്കു വാസൂന്റെ വക മിലിറ്ററി സാധനത്തിന്റെ ഒരു പാർട്ടി ജൂലൈ 30ആം തീയതി പൊതു പഞ്ചായത്തു ഷാപ്പിൽ വച്ച് നടത്തുന്നു. ഇട്ടൂപ്പിന്റെ സാനിധ്യം അവിടെ ഉണ്ടാകണം എന്ന് വാസു പ്രേത്യേകം പറഞ്ഞേൽപ്പിച്ചു.ഫോൺ വിളി ശ്രദ്ധിച്ചു നിന്ന മറിയ ചേടത്തി ഫോൺ വെച്ച ഉടനെ ഇട്ടൂപേട്ടനോട് കാര്യം അന്വേഷിച്ചു. മിലിട്ടറി സാധനം കൊണ്ട് വാസു വരുന്ന കാര്യം പറഞ്ഞപ്പോൾ ചേട്ടത്തിടെ മുഖം ചുളിഞ്ഞു. ഇട്ടൂപ്പേട്ടൻ മദ്യപിക്കുന്നത് മാത്രം ഏട്ടത്തിക്ക് സഹിക്കില്ല. എന്നാൽ തടയാൻ മാർഗ്ഗവും ഇല്ല. പിന്നെ ആണ് ഏട്ടത്തി ഇട്ടൂപ്പിന്റെ മറവി രോഗത്തെക്കുറിച്ചു ഓർത്തത്. ഇതും മറന്ന് പോകും എന്ന് ഏട്ടത്തി സമാധാനിച്ചു.
അങ്ങനെ മറന്നും പിണങ്ങിയും തല്ലുകൂടിയും ഇണങ്ങിയും ദിവസങ്ങൾ പോയി.ജൂലൈ 30എത്തി. വൈകിട്ട് കൃത്യം അഞ്ചു മുപ്പതിന് ഇട്ടൂപ്പ് കുളിച്ചു കുട്ടപ്പനായി. ഖദർ ജൂബയും വെള്ള മുണ്ടും ധരിച്ചു കുടയും ആയി ഇറങ്ങുന്ന ഇട്ടൂപ്പിനെ കണ്ട് ചേട്ടത്തി പുറകെ വിളിച്ചു ...അതേ ...ഇതെങ്ങോട്ടാ???
ഹ ...മറിയേ നീ മറന്നോ .... ഇന്നു വാസു ഞങ്ങൾ യൂണിയൻകാർക്ക് മിലിട്ടറി ഇറക്കുന്ന ദിവസം അല്ലെ ....ഇതും പറഞ്ഞു ഇട്ടൂപ്പ് മറുപടിക്ക് കാക്കാതെ കുടയും കുത്തി നടന്നു ...
തുറന്ന വാ അടക്കാൻ കഴിയാതെ അന്തം വിട്ട് മറിയാച്ചേട്ടത്തി താടിക്കു കൈയും കൊടുത്ത് നടവാതുക്കൽ തന്നെ ഇരുന്നുപോയി....
വാൽകഷ്ണം: വേണ്ടത് മറന്നാലും വേണ്ടാത്തത് ഇട്ടൂപ്പ് മറകൂല്ല
😃
രേഖ കുറുപ്പ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക