Slider

രാച്ചി'

0
Image may contain: 3 people, people smiling, selfie, closeup and outdoor

വീട്ടിൽ നിന്നും ഓഫിസിലേക്കുള്ള യാത്ര അല്പം നീളമേറിയതായിരുന്നു... ഒരിക്കലും ബസിലിരുന്ന് അനു ഉറങ്ങാറില്ല.. ഓരോന്നൊക്കെ ആലോചിച്ചു, പുറത്തെ കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കും....കൂടുതലും വരും ദിവസങ്ങളിലേക്കുള്ള കാര്യങ്ങൾ ആകും ആലോചിക്കുക. ഓരോന്നൊക്കെ ആലോചിച്ച കൂട്ടത്തിൽ പെട്ടന്ന് ഒരു മുഖം ചാട്ടുളി പോലെ മനസിൽ മിന്നി.....
രാച്ചി........
അച്ഛൻ, അമ്മ, അനിയൻ.... ഇതാണ് അവളുടെ കുടുംബം... അവളുടെ ലോകം. ഇല്ല ഒരാൾ കൂടി ഉണ്ടായിരുന്നു..... രാച്ചി.....
രാധ എന്നാണ് പേര്. അച്ഛന്റെ മൂത്ത സഹോദരിയാണ്. വിവാഹം കഴിച്ചിട്ടില്ല.... അവരുടെ ഒപ്പമാണ് താമസം. ജീവിതത്തിൽ ഒരിക്കലും അച്ഛനമ്മമാർ, കൂടപ്പിറപ്പുകൾ, ഇവരൊക്കെ നമ്മളെ വിട്ടുപോകുമെന്നു ഒരിക്കലും നാം ചിന്തിക്കുന്നില്ല. അതുപോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് രാച്ചി...
ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് പാവം രാച്ചി...... നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു കുഞ്ഞനിയൻ ജനിക്കുന്നത്. അതു മറ്റാരും അല്ല അനുവിന്റെ അച്ഛൻ ആണ്. പഠിത്തം അതോടെ അവസാനിച്ചു... 'കുഞ്ഞിനെ നോക്കാൻ ആള് വേണം, നീ ഇനി പഠിക്കാൻ ഒന്നും പോകണ്ട. ഞാനും കൂടി പണിക്ക് പോയാൽ മാത്രമേ കുടുംബം പുലരു. അച്ഛനു ശാന്തിപ്പണി ചെയ്തു കിട്ടുന്നത് എന്തിനു തികയും'... ഇതായിരുന്നു അച്ഛമ്മയുടെ തീരുമാനം. അങ്ങനെ ആ പത്താമത്തെ വയസിൽ രാച്ചി അമ്മയായി.... കുഞ്ഞനിയൻ വലുതായി, സ്കൂളിൽ പോകാറായപ്പോ രാച്ചി അച്ഛമ്മയുടെ കൂടെ കയർ പിരിക്കാൻ പോയിത്തുടങ്ങി... കിട്ടുന്നതിൽ ഒരു ഓഹരി മിച്ചം വെച്ചു. എന്നിട്ടും അതു തന്റെ ആവശ്യങ്ങൾക് ഉപയോഗിക്കാതെ, ഇളയത്തുങ്ങൾക്കു വേണ്ടി ചിലവാക്കി. ഇളയ അനുജത്തിയെ ടൈപ്പ് പഠിക്കാൻ ചേർത്തു... അതിനുള്ള ചിലവൊക്കെ രാച്ചി നോക്കി.....
വിവാഹപ്രായയപ്പോൾ ആലോചനകൾ വന്നു തുടങ്ങി... അങ്ങനെ ഒരു ആലോചന വന്നു... പെണ്ണുകാണാൻ ഒരുങ്ങി നിന്നു.... എന്താണ് സംഭവിച്ചത് എന്നറിയില്ല.... വിവാഹം ഉറപ്പിച്ചത് രാച്ചിയുടെ മൂത്ത സഹോദരിക്ക് ആയിരുന്നു. ചേച്ചി നിൽകുമ്പോൾ അനിയത്തിയെ തരില്ല എന്ന അച്ഛമ്മയുടെ വാധമാണോ അതിനു കാരണം.....??? അതും അറിയില്ല. പിന്നീട് പക്ഷേ ആലോചനകൾ വരാതെ ആയി.... രാച്ചിയുടെ അനിയത്തി ടൈപ്പ് പാസായി. Psc വഴി നിയമനം കിട്ടി.... അങ്ങനെ ആ വിവാഹവും കഴിഞ്ഞു...
ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു രാച്ചിക്ക്. പിന്നീട് അതു മാറിയോ അതോ മാറിയതുപോലെ അഭിനയിച്ചോ...??? അറിയില്ല. അനിയന്മാരുടെ വിവാഹം കഴിഞ്ഞു. അവർക്ക് കുടുംബം കുട്ടികൾ ഒക്കെ ആയി....
തനിക്കൊരു കുടുംബം ഇല്ലാത്തതോ... കുട്ടികൾ ഇല്ലാത്തതോ രാച്ചി ആലോചിച്ചില്ല... അനിയന്മാർക്കും അനിയത്തിക്കും അവരുടെ കുട്ടികൾക്കും വേണ്ടി ജീവിക്കാൻ തുടങ്ങി....
ഓഫിസിൽ നിന്നു വരാൻ അല്പം വൈകിയാൽ വഴിയിൽ നോക്കിനിൽക്കുന്ന രാച്ചിയുടെ മുഖം അനുവിന്റെ മനസ്സിൽ മിന്നിമാഞ്ഞു.... അനുവിന് എന്തെങ്കിലും അസുഖം വരുമ്പോൾ ഡോക്ടറെ കാണാൻ ദ്രിതിപിടിക്കുന്നത് രാച്ചി ആയിരുന്നു.... എന്നിട്ട് കൂടെ വരുകയും ചെയ്യും. എന്നാലേ ആൾക്ക് സമാധാനം ആകു.... ജോലി കിട്ടിയ ആദ്യ ശമ്പളത്തിന്റെ ഒരു ഓഹരി വെച്ച് അനു ആദ്യം ഒരു തഴപ്പായ വാങ്ങി. അതു മറ്റാർക്കും അല്ല രാച്ചിക് ആയിരുന്നു.... "ഞങ്ങൾ പഴയ ആളുകൾ ആണ്, ഞങ്ങൾക്കൊക്കെ നിലത്തുകിടന്നാലേ ഉറക്കം വരൂ..." ഇങ്ങനെ ആയിരുന്നു പറയാറുള്ളത്.
പ്രായാധിക്യത്തിന്റെ രോഗപീഡകൾ ഉണ്ടായിരുന്നു രാച്ചിക്ക്. പക്ഷേ അതൊന്നും കാര്യമാക്കാതെ ഓരോന്നും ചെയ്തും എടുത്തും നടന്നു. പക്ഷേ പെട്ടന്ന് ഒരു ദിവസം വല്ലാതെ വയ്യാതെ ആയി. ആശുപതിവാസം തീരെ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു രാച്ചി. പക്ഷേ എല്ലാവരും നിർബന്ധിച് ആശുപത്രിയിൽ കിടത്തി. സത്യത്തിൽ അത്രയ്ക്ക് വയ്യാതെ ആയിപോയിരുന്നു, എന്നിട്ടും എനിക്കൊരു കുഴപ്പമില്ല എന്ന രീതിയിൽ ആയിരുന്നു രാച്ചി. മരുന്നിന്റെ കാഠിന്യമോ എന്തോ, രണ്ടാമത്തെ ദിവസം മുതൽ ആൾ ആകെ അവശത ആയി. കണ്ടുനിൽക്കാൻ അല്പം പ്രയാസം ഉള്ള ഒരു കാഴ്ച ആയിരുന്നു അത്.
അവസാനം രോഗം സ്ഥിരീകരിച്ചു....
കാൻസർ.....
ESR കൌണ്ട് കൂടികൊണ്ട് ഇരിക്കുന്നു. ഹോസ്പിറ്റലിൽ കിടന്നിട് കാര്യമില്ലെന്നു മനസിലായതോടെ വീട്ടിലേക് കൊണ്ടുപോയ്ക്കോളാൻ പറഞ്ഞു ഡോക്ടർ. ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല. അപ്പോഴും അനുവിന് വിശ്വാസം ഉണ്ടായിരുന്നു രാച്ചിക്ക് ഒന്നും സംഭവിക്കില്ല.
രണ്ടുമൂന്നു ദിവസത്തിനുളിൽ സ്ഥിതി ആകെ വഷളായി.... എല്ലാവരും രാച്ചിയുടെ കട്ടിലിനരികിൽ കൂടി ഇരിക്കുന്നു..... ചിറ്റ ഇരുന്നു കരയുകയാണ്... "ചേച്ചി.... ചേച്ചി.... " എന്ന് ഇടയ്കിടയ്ക് പതിഞ്ഞ ശബ്ദം കേൾക്കാം. രാച്ചി കണ്ണ് തുറക്കുനില്ല എത്ര വിളിച്ചിട്ടും.... പെട്ടന്നു ഒന്ന് കണ്ണുതുറന്നു എല്ലാവരെയും നോക്കി. ചുറ്റും കണ്ണോടിച്ചു.... പെട്ടന്ന് ആ ശരീരം നിശ്ചലമായി.... അപ്പോഴും അനുവിനു വിശ്വാസം ആയില്ല, രാച്ചി..... രാച്ചി.... രാച്ചി പോയോ???? കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് അവൾ അറിഞ്ഞില്ല....രാച്ചിയെപ്പറ്റി ചെറുപ്പം മുതൽ നല്ലതും ചീത്തയുമായ എല്ലാ ഓർമകളും മനസ്സിൽ തെളിഞ്ഞു..... ' തനിക്കു ഒന്നര വയസു പ്രായമുള്ള സമയത്തു, കുളത്തിൽ വീണു മുങ്ങിയപ്പോ ചാടി ജീവൻ രക്ഷിച്ച എന്റെ രാച്ചി... ശാസിച്ചും കളിച്ചും ചിരിച്ചും ദേഷ്യപ്പെട്ടുo ഒപ്പം ഉണ്ടായിരുന്ന ആൾ... വെളുപിനെ എണീറ്റു പഠിക്കാൻ ഇരിക്കുമ്പോൾ കൂട്ടിരുന്ന ആൾ.... വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അത്. ഇനി അങ്ങനെ ഒരാൾ കൂടെ ഇല്ല എന്നോർത്തപ്പോ....... മനസ്സിൽ ഒരു മരവിപ്പ് ആയിരുന്നു. ഒന്നും അറിയാത്ത അവസ്ഥ......
ശമ്പളം കിട്ടി ആദ്യത്തെ ഓണത്തിന് അനു രാച്ചിക്ക് ഒരു സാരി വാങ്ങികൊടുത്തിരുന്നു... ഓണപ്പുടവ... അത് വാങ്ങിയപ്പോൾ രാച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... ഒരു മകളെപ്പോലെ തന്നെയാണ് അവളെ കണ്ടിരുന്നത് രാച്ചി. വേഗം ആ സാരി ഉടുത്തു അവളെ കാണിച്ചു, എന്നിട്ട് പറഞ്ഞ ഒരു വാചകം അവൾ ആ നിമിഷം ഓർത്തുപോയി.... " ചിലപ്പോൾ ഇത് ഉടുത്തു കാണിക്കാൻ യോഗം ഇലത്തായിപോയാലോ..അതാ ഇപ്പൊത്തന്നെ ഉടുത്തതു." ചില സ്നേഹങ്ങൾ പ്രകടിപ്പിക്കാൻ ആവില്ല, അനുഭവിച്ചാലും മനസിലാവില്ല, പക്ഷേ നഷ്ടപെട്ടുകഴിയുമ്പോ മനസിന്റെ താളം ചില്ലപോ തെറ്റിപ്പോകും....
ഒരു ചെറിയ നൊമ്പരത്തോടെ അല്ലാതെ ആരും രാച്ചിയെ ഓർക്കാറില്ല.......തന്ന സ്നേഹം മുഴുവൻ തിരിച്ചു കൊടുക്കാനും പറ്റിയില്ല....വല്ലാത്ത നഷ്ടബോധം തോന്നാറുണ്ട് പല സാഹചര്യങ്ങളിലും...ഒരു നിമിഷം അടുത്ത് 
ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോയിട്ടുണ്ട്

By: Remya Nikhil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo