Slider

അവൾ ഗൗരി

0
Image may contain: 1 person, beard and closeup

====(0)===
"ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സിൽ നിന്ന് "
ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു.
മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി.
" കുട്ടികൾക്കിത്രയും അഹങ്കാരമോ?"
അംബിക ടീച്ചർ അവളുടെ കയ്യിൽ നിന്ന് ചൂരൽ പിടിച്ചു വാങ്ങി തുടയുടെ ഇരു വശങ്ങളിലും മാറി മാറി അടിച്ചു. ആ വടി നെടുകനെ പിളർന്നു തുടങ്ങിയിട്ടും അവർ അടി നിർത്തിയില്ല. മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അവളെ മുന്നോട്ട് ആഞ്ഞു തള്ളി. ബ്ലാക്ക്ബോർഡിന്റെ മൂലയിലിടിച്ച് അവളുടെ നെറ്റി പൊട്ടി ചോരയൊഴുകാൻ തുടങ്ങി.
" ഗെറ്റ് ഔട്ട് ദി ക്ലാസ്സ്. "
ആ കോരി ചൊരിയുന്ന മഴയത്തു അംബിക ടീച്ചർ അവളെ പിടിച്ചു ക്‌ളാസ്സിന് പുറത്തേയ്ക്കു തള്ളി. വരാന്തയ്ക്കു മുന്നിലെ ചെളിവെള്ളത്തിലേയ്ക്ക് മുഖം കുത്തി വീണ അവൾ വേച്ചു വേച്ചു എഴുന്നേറ്റു ഗെയ്റ്റിന് പുറത്തേയ്ക്കു നടന്നു . കൈ ഡ്രസ്സ് ചെയ്യാൻ പ്രിൻസിപ്പൽ മാലതി ടീച്ചറിനെ സ്റ്റാഫ് റൂമിലേയ്ക്ക് പറഞ്ഞു വിട്ടു.
" എന്തായിരുന്നു പ്രശ്നം? "
ക്ലാസ്സ് ലീഡർ റസിയയോട് കാര്യം തിരക്കി.
"അത്... അത്...ടീച്ചർ .... "
റസിയ മിനിട്ടുകൾക്ക് മുൻപ് താൻ കൂടി സാക്ഷിയായ അശുഭ സംഭവങ്ങളെ ഓർത്തെടുക്കുകയായിരുന്നു.
============
"എല്ലാവരും അസൈൻമെന്റ് കൊണ്ട് വന്നു വെക്കൂ. ? "
ടേബിളിൽ ചാരി നിന്നുകൊണ്ട് മാലതി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
അവൾ തന്റെ അസൈന്മെന്റുമായി എഴുന്നേറ്റപ്പോൾ മാലതി ടീച്ചർ വിലക്കി.
" ക്‌ളാസിൽ തന്നെ മര്യാദക്ക് വരാത്ത നീ
എന്തെഴുതാനാടീ ? "
വിവാഹം കഴിഞ്ഞു പത്തുകൊല്ലം ആയിട്ടും ടീച്ചർക്ക് കുട്ടികളില്ല. അനാഥാലയത്തിൽ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു വളർത്തുന്നത് തന്നെ ഭർത്താവിന്റെ വീട്ടുകാരുടെ നിർബന്ധം മൂലമാണ് എന്ന് സ്‌കൂളിൽ പാട്ടാണ്. നേരാം വണ്ണം നടക്കാൻ പോലും പ്രയാസപ്പെടുന്ന ഇവർ എന്തിനാണ് ഈ ടീച്ചർ പണി തന്നെ ഏറ്റെടുത്തു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിയ്ക്കുന്നു.
" അല്ലെങ്കിൽ തന്നെ നീ എന്തെഴുതാനാ.
നിനക്ക് എഴുതാൻ പറ്റുന്ന വിഷയമേ അല്ലല്ലോ.
നീ അവിടെ തന്നെ ഇരിയ്ക്ക്. "
മാലതി ടീച്ചറുടെ പരിഹാസം അവളുടെ സർവ നിയന്ത്രണവും നഷ്ടപ്പെടുത്തി. ഒരു ഭ്രാന്തിയെ പോലെ ഗൗരി ബഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു.
" നിങ്ങളെന്നെ പഠിപ്പിക്കണ്ട...
എനിക്ക്... എനിക്കിനി
പഠിക്കണ്ട....... "
അലറിക്കരഞ്ഞുകൊണ്ട് അവൾ ചുരുട്ടിയെറിഞ്ഞ അസൈൻമെന്റ് മാലതി ടീച്ചറുടെ മുഖത്തു തന്നെ ചെന്ന് പതിയ്ച്ചു. ടേബിളിലിരുന്ന ചൂരൽ എടുത്തുകൊണ്ടു അവൾക്ക് നേരെ ആഞ്ഞടുത്തു ടീച്ചർ. നിവർത്തിപ്പിടിച്ച ഉള്ളം കയ്യിൽ ചുവന്ന പാടുകൾ വീഴ്ത്തികൊണ്ടു നിർദ്ദാക്ഷിണ്യം വീണ്ടും വീണ്ടും അടിച്ച വടിയിൽ അവൾ കടന്നു പിടിച്ചു. നീറുന്ന കൈ കൊണ്ട് വടിയിൽ ആഞ്ഞു വലിച്ചു. ഒരുകാലിന് ബലക്കുറവുള്ള ടീച്ചറുടെ ഉള്ളം കയ്യിൽ മുറിപ്പാടുകൾ തീർത്തുകൊണ്ടു ആ വടി അവളുടെ കയ്യിലിരുന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും ചോര താഴേയ്ക്കൊഴുകാൻ തുടങ്ങി.
===========
"നീ എന്താലോചിക്കുവാ.. പറയൂ കുട്ടീ... എന്താണ് സംഭവിച്ചത്? അവൾ ഇത്രയും വയലന്റ് ആകാൻ എന്താണ് കാരണം "
"അറിയില്ല ടീച്ചർ ...പക്ഷെ... "
" എന്താണ് പക്ഷെ... പറയൂ കുട്ടീ... "
ടീച്ചർ അത് ഇന്നലെ മാലതി ടീച്ചർ ഒരു അസൈൻമെന്റ് തന്നിരുന്നു." മദേഴ്‌സ് ഡേ "
എന്നതായിരുന്നു സബ്ജക്ട്. അവൾ എഴുതിയത് ടീച്ചർ റിസീവ് ചെയ്തിട്ടില്ല.
" എന്തുകൊണ്ട് റിസീവ് ചെയ്തില്ല ? "
" അറിയില്ല ടീച്ചർ . .. മാത്രമല്ല അച്ഛനും അമ്മയും ആരെന്നറിയാത്ത നീ എന്തെഴുതാനാണ് എന്ന് മാലതി ടീച്ചർ അവളോട് ചോദിക്കുന്നുണ്ടായിരുന്നു. "
" ഉം "
ആരൊക്കെയോ വരുന്നത് കണ്ട് അംബിക ടീച്ചർ
വരാന്തയിലേക്ക് പോയി.
" ടീച്ചറെ....
ഒരു കുട്ടി ബസിനു വട്ടം ചാടീട്ടുണ്ട്‌...
നെഞ്ചത്തൂടെ....ബസ്സ്..."
മുഴുമിക്കാനാവാതെ പറഞ്ഞു നിർത്തിയ വാക്കുകൾ കോരിച്ചൊരിയുന്ന മഴയിൽ അലിഞ്ഞില്ലാതായി. അസ്വസ്ഥമായ മനസുമായി അംബിക ടീച്ചർ സ്റ്റാഫ്‌റൂമിലേയ്ക്ക് നടന്നു.
" ആ കൊച്ചു മനഃപൂർവം ചെയ്തതാന്ന
കണ്ടുനിന്നവർ പറേണെ "
അവരിൽ ആരോ പറയുന്നത് വാതിക്കൽ നിന്നിരുന്ന റസിയ കേട്ടു. കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവൾക്ക്‌. ആരും ശ്രദ്ധിയ്ക്കാതെ ക്ലാസ്സ് മുറിയുടെമൂലയിൽ ചുരുണ്ടുകിടക്കുന്ന കടലാസ് കഷ്ണം അവൾ കുനിഞ്ഞെടുത്തു . അതെ, ഗൗരിയുടെ അസൈൻമെന്റ്.
വിറങ്ങലിയ്ക്കുന്ന കൈകളിലിരുന്ന ചിന്നിച്ചിതറിയ ആ അക്ഷരങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അവൾക്ക് തോന്നി.
അല്ല തന്നെ മാത്രമല്ല ഈ സമൂഹത്തെ മുഴുവൻ നോക്കി ആ തുണ്ടുകടലാസു അട്ടഹസിക്കുകയാണ്. അതെ, അത് രക്ത വർണ്ണം തൂകി അവിടെ മുഴുവൻ പരന്നൊഴുകുകയാണ്.
" എന്താണ് കയ്യിൽ ? "
മാലതി ടീച്ചർ തൊട്ടുമുന്നിൽ !!.
" അ.. അത്..ഒന്നുമില്ല ടീച്ചർ.. "
കയ്യിലിരുന്ന ആ കടലാസ് അവൾ പിന്നിലൊളിപ്പിച്ചു ...
" ഉം.. ആരോടും ഒന്നും പറയാൻ നിക്കണ്ട, മനസ്സിലായോ പറഞ്ഞത് നിനക്ക് ? "
അവരുടെ രൂക്ഷമായ നോട്ടത്തെ താങ്ങുവാനുള്ള ശക്തി അവൾക്കില്ലായിരുന്നു.
================
" എല്ലാ ബെഡുകളും ഫിൽ ആണ്
പുതിയ രെജിസ്ട്രേഷൻ തത്കാലം വേണ്ട എന്നാണു ഫാദർ പറഞ്ഞിട്ടുള്ളത്. "
രജിസ്റ്റർ ബുക്ക് നിവർത്തി കാണിച്ചുകൊണ്ട്
റസിയ പറഞ്ഞു.
" സോറി അങ്ങനെ പറയരുത്. ഇത് നാലാമത്തെ സ്ഥലമാണ് ഞങ്ങൾ കയറിയിറങ്ങുന്നത്. എങ്ങനെയെങ്കിലും ഒന്ന് അക്‌സെപ്റ്റ് ചെയ്യണം
വേറെ നിവർത്തിയില്ലാത്തതു കൊണ്ടാണ്. "
കൂടെ നിൽക്കുന്ന ഭർത്താവിനെ മറികടന്ന്
ആ യുവതി പറഞ്ഞു..
" ബെഡ് സ്പേസ് തന്നെ വേണമെന്നില്ല.
താഴെയാണെങ്കിലും കിടന്നോളും അമ്മ "
കുനിഞ്ഞു നിൽക്കുന്ന ഭർത്താവിനെ പിന്നിലൂടെ തോണ്ടിക്കൊണ്ടു അവർ വീണ്ടും അപേക്ഷിയ്ക്കുകയാണ്. ഇതുപോലുള്ള കാഴ്ചകൾ കണ്ടുമടുത്തത് കൊണ്ടാവും റസിയക്ക്
പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല. എന്തേ ഈ സമൂഹം ഇങ്ങനെയായി പോയി.? മാതാ പിതാക്കളെ വേണ്ടാത്ത മക്കൾ..പണ്ട് ഗൗരി മനസ്സിൽ കോറിയിട്ട ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി.. ഒരു വിരോധാഭാസം പോലെ അവസാനിപ്പിച്ച പഠിത്തം. മാനസിക നില തെറ്റി ഒടുവിൽ വീടുവിട്ടിറങ്ങിയ തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഫാദർ ഡാനിയേൽ..
കാലം ഒരുപാട് കഴിഞ്ഞിരിയ്ക്കുന്നു.
" എസ്ക്യൂസ്മീ പ്ലീസ് ഹെല്പ് അസ് "
ആ യുവതിയുടെ ശബ്ദമാണ് അവളെ ഭൂതകാലത്തിന്റെ അശുഭ ചിന്തകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്. ഇവിടെയും പുറത്താക്കപ്പെട്ടാൽ കാറിലിരിയ്ക്കുന്ന സ്ത്രീയെ
ഇനി ഒരുപക്ഷെ അവർ വിഷം കൊടുത്ത് കൊന്നേക്കാം. അതുകൊണ്ടു ഉപേക്ഷിയ്ക്കാൻ തോന്നിയില്ല റസിയക്ക്.
" ശരി അമ്മയെ വിളിച്ചുകൊണ്ടു വരൂ "
റസിയയുടെ മറുപടി കേൾക്കേണ്ട താമസം
ആ യുവതി കാറിനടുത്തേക്ക് ഓടി.
" അമ്മയുടെ പേര് പറയൂ.. "
രജിസ്റ്റർ ബുക്ക് തുറന്നുകൊണ്ടു റസിയ അവിടെ നിന്നിരുന്ന അയാളോട് ചോദിച്ചു.
" മാലതി "
അയാൾ മറുപടി പറഞ്ഞു.
ഒരു നടുക്കത്തോടെ തലയുയർത്തി നോക്കിയ റസിയ കണ്ടു. ഒരു ചെറിയ ഭാണ്ഡക്കെട്ടും നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ട് എന്തിയേന്തി നടന്നുവരുന്ന ആ വൃദ്ധയെ...
കാലം പിന്നോട്ട് പോകുന്നു...
ഗൗരിയുടെ അലറിയുള്ള കരച്ചിൽ അവിടെ മുഴുവൻ പ്രധിധ്വനിയ്ക്കുന്ന പോലെ അവൾക്കു തോന്നി....കാലങ്ങളായി രജിസ്റ്റർ ബുക്കിന്റെ ഉള്ളിൽ സൂക്ഷിച്ച ഗൗരിയുടെ അസൈൻമെന്റിനു വേണ്ടി അവൾ പേജുകൾ മറിച്ചു..ഫാനിന്റെ കാറ്റത്തു പറന്നുയർന്ന ആ തുണ്ടുകടലാസ് മുന്നിലെ സീറ്റിലിരുന്ന അയാളുടെ നെഞ്ചത്ത് പോയിരുന്നു. അയാൾ അത് നിവർത്തി നോക്കി.
""മദേഴ്‌സ് ഡേ :
അഗതി മന്ദിരങ്ങളിൽ കുമിഞ്ഞു കൂടുന്ന അമ്മമാർക്ക് വേണ്ടി വർഷത്തിലൊരിയ്ക്കൽ ഓർമ്മപുതുക്കാനുള്ളതാണോ മദേഴ്‌സ് ഡേ എന്നെനിയ്ക്കറിയില്ല. ഒന്ന് മാത്രം അറിയാം..
അനാഥ മന്ദിരത്തിന്റെ വാതിൽക്കൽ ഉപേക്ഷിച്ചുപോയ എന്റെ അമ്മയോടെനിക്ക് പരാതിയില്ല...എനിക്ക് വളരണം എന്നെപോലെ ഉപേക്ഷിയ്ക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി..
ആവശ്യം കഴിയുമ്പോൾ ചവച്ചു തുപ്പുന്ന അമ്മമാർക്ക് വേണ്ടി....
ഗൗരി - സ്റ്റാൻഡേർഡ് Vll.. """"
അയാൾക്ക് ഒന്നും മനസ്സിലായില്ല. ആ കടലാസ് കഷ്ണം അയാൾ റസിയയെ ഏല്പിച്ചു. അവൾ അത് ഭദ്രമായി രെജിസ്റ്റർ ബുക്കിൽ അടച്ചുവെച്ച് കയറി വന്ന അഗതിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിനായി അകത്തേയ്ക്കു പോയി .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo